Thursday, October 27, 2011

പകമഞ്ഞ്

മഞ്ഞ് കാലങ്ങളെ ഞാനിപ്പോള്‍ വെറുക്കുന്നു;
എനിക്കിഷ്ടപ്പെട്ടതെല്ലാം പതിവായ് വന്നു മോഷ്ടിക്കും
മഞ്ഞുകാലത്തെ,
ഒന്നു വെടി പറഞ്ഞിരിക്കുമ്പോള്‍
കലുങ്കിടിച്ചു കളയുന്ന മഞ്ഞുകാലത്തെ,
കൊതിതീരുവോളമുറങ്ങാമെന്ന് ഉറയ്ക്കുമ്പോള്‍
തട്ടിയെണീല്പ്പിച്ച് ഉറക്കിടമില്ലെന്നു മൂളുന്ന
മഞ്ഞു കാലത്തെ,
നാലണ കൂട്ടിവെക്കാമെന്നു കിനാവുണ്ണുമ്മുന്‍പെ
പഴ്സിലെ ഓട്ടയിലൂടെയൂറിയിറങ്ങും
മഞ്ഞു കാലത്തെ,
ചിരികള്‍ എടുത്തുകൊണ്ടു പോയി
അകലങ്ങള്‍ക്ക് പണയം വയ്ക്കും മഞ്ഞുകാലത്തെ,
ആരാണെന്നറിയാത്തവരുടെ നിശ്വാസം
പുതച്ചു ചൊറിഞ്ഞുകടിച്ചിരിക്കാന്‍
പ്രേരിപ്പിക്കും മഞ്ഞുകാലത്തെ,
എല്ലാറ്റിലുമുപരി
എല്ലാവരോടും എന്നെ അവഗണിക്കാന്‍ പറഞ്ഞ്
അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നെ,
എന്നെ മാത്രം
തനിച്ചാക്കി രസിക്കും
മഞ്ഞു കാലത്തെ,
ചുമലില്‍ കൂരയുമായി നീങ്ങുന്ന ഒച്ചാവാന്‍
എന്നുമെന്നെ ശപിക്കുന്ന മഞ്ഞുകാലത്തെ...
ഞാനിപ്പോള്‍ വെറുക്കുന്നു;
മഞ്ഞുകാലങ്ങളെ ബലാല്‍ക്കാരം ചെയ്യുന്ന
സൂര്യന്‍ മാത്രമാണിനിയെനിക്കു തോഴന്‍;
'മഞ്ഞു കാലം നോല്‍ക്കുന്ന കുതിര'കളുടെ പുറത്ത്
തണുപ്പുടയാടകള്‍ വലിച്ചെറിയാനവന്‍ വരും.
മഞ്ഞു കാലങ്ങളുടെ ശവസീമകളില്‍
പൊട്ടിച്ചിരിച്ചുലാത്തുന്നുണ്ടാവുമന്നു
ഞാന്‍
എല്ലാ മഞ്ഞു കാലങ്ങളെയുംവെറുക്കുന്നുവെന്ന്
കാണായിടത്തെല്ലാം കോറാന്‍
ബാക്കിയാവും ഞാന്‍

Sunday, October 9, 2011

ആറല്‍

കുറച്ച് സമയം വെറുതെ ഇരിക്കണമെന്ന്,


അല്ലെങ്കില്‍

കിടക്കണമെന്ന്

ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്.

എന്നും, എപ്പോഴും

എന്തെങ്കിലും ചെയ്തു കൊണ്ട്

ഇരിക്കുന്നതാണോ ജീവിതം?

പരിചയമുള്ള എല്ലാവരും ചുറ്റിനുമിരുന്ന്

വര്‍ത്തമാനം പറഞ്ഞ്,

ഇഷ്ടമുള്ള ആഹാരം ഇടയ്ക്കിടെ

കഴിച്ചുകൊണ്ട്, അങ്ങനെ...

ആരും വിടചൊല്ലരുത്.

നിങ്ങള്‍ വര്‍ത്തമാനം പറയൂ

ആഹാരം കഴിക്കൂ

ചിരിക്കൂ

സന്തോഷിക്കൂ

ജീവിതം അങ്ങുമിങ്ങുമെറിഞ്ഞു

ക്ഷീണിതനാക്കിയ ഞാന്‍

എല്ലാം കണ്ട്, കേട്ട്, അറിഞ്ഞ്

ഒട്ടു കിടന്നോട്ടെ

Friday, September 2, 2011

കപ്പല്‍ക്കാറ്റ്



ഞെരിയുന്ന  അണിയവും ഇളകുന്ന പലകകളും
അവ കോര്‍ത്ത ആണിമുള്ളുകളും
വഞ്ചിയില്‍ ഇരിക്കുന്നവരും ഒരു കയ്യിലും,
പായ് ചരടും പായ് മരവും മറുകയ്യിലും
ചേര്‍ത്തു പുണര്‍ന്ന്
ഏതോ കടലൊഴുക്കില്‍ ആണ്ട് പോകവെ,
പായകള്‍ പൊടിഞ്ഞു വീണതിന്‍  ചാമ്പല്‍ ഗന്ധം;
ഒരു ചെവിയില്‍ നിന്ന് മറു ചെവിയിലേക്ക്
അട്ടഹസിച്ച മിന്നലിന്‍റെ പച്ചമീന്‍ മണം.
പായകള്‍ അടര്‍ന്നു പോയ
പായമരത്തോട് ചേര്‍ന്ന്
ഇരു കൈകളാലും വാരിയെല്ലുകള്‍
ഇരു വശത്തേക്കും കീറിപ്പിളര്‍ന്ന്
ചോരയും മിടിപ്പും പ്രവഹിക്കുന്ന
നെഞ്ചേ, നിന്നിലേക്ക് ഈ കാറ്റുകളെ
ഏറ്റുവാങ്ങിക്കോട്ടെ.
ഈ കാറ്റുകളെ തടയാന്‍ ഇനി നീയും
ഞാനും മാത്രം ബാക്കി;
ഈ  കടല്പ്പതനത്തില്‍
ഞാനും നീയും മാത്രം ബാക്കി.
കാറ്റുകളുടെ മൂര്‍ച്ചയില്‍
ഈ നെഞ്ചൊന്നു
ശുദ്ധമായ്ക്കൊള്ളട്ടെ.
എല്ലാ അറകളിലെയും പകയും പോരും
കുരിപ്പും കരിയും കണ്ണീരും
ചോര്‍ത്തി  കൊണ്ട് പോകുന്ന കാറ്റുകള്‍.
വാരിയെല്ലുകളില്‍ കോര്‍ത്ത്
നിര്‍ത്തിയ പായയ്ക്ക്
ഇത്ര ബലമേറ്റാമോ?
അറിയില്ലറിഞ്ഞുണരുമ്പോഴേക്കും
എല്ലാവരും ബാക്കിയാവണം;
മറ്റെലാവരും ബാക്കിയാവണം

Tuesday, August 23, 2011

തേട്ടം


ഒരുത്തിയെ കല്യാണം ചെയ്തെടുക്കുക എന്നാല്‍
കാലമാപിനിയുടെ മധ്യത്തില്‍ ഓട്ടയിടുക എന്നാണ്;
ഇരുപതേ ഇരുപതിഞ്ച്,
അത് ജീവിതത്തിന്‍റെ ഈറന്‍ സ്വപ്നമാണ്.
പുകയുന്ന അടുപ്പുകള്‍ക്കിടയില്‍
ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട്
അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്.
എന്നിട്ടും,
അവളെ കാണാനില്ലവിടെയെങ്ങും.
സ്വപ്നം തട്ടിമറിച്ച് പാഞ്ഞ് പോയ ഒരു വികൃതി.
എല്ലാ വൈകുന്നേരങ്ങളിലും വേളിക്കായലില്‍ പോകാന്‍
തോന്നുന്നു, അവിടെ വെച്ചാണ് അവള്‍ ആദ്യമായി
ഒന്നുമോര്‍ക്കാതെ സ്പര്‍ശിച്ചത്;
അവളുടെ കാവ്യകേളികളില്‍ മൗനം ബിംബമായും
മോഹം കല്പ്പനയായും ചലനമേറ്റി നിന്നത്.
എല്ലാ തെരുക്കളിലും പരിഭ്രാന്തിയോടെ തിരഞ്ഞിട്ടും
അവളുടെ കാല്പ്പാദങ്ങള്‍ മാത്രം കാണാനില്ല;
അവളുടെ കുട, നട, പുടവ, ഒന്നുമൊന്നുമില്ല;
അവള്‍ എഴുതിയ മാസികകള്‍ എവിടെയും തൂങ്ങുന്നില്ല.
അവളെ കല്യാണം ചെയ്തിരിക്കുന്നത് ഞാനല്ല

Saturday, April 9, 2011

ഗോവര്‍ധന്റെ യാത്രകള്‍

ഗോവര്‍ധന്റെ യാത്രകള്‍ വായിച്ചപ്പോള്‍ ഇത്രേം ദൂരം യാത്ര നടത്തണ്ടീ വരൂന്ന് ഓര്‍ത്തതേയില്ല. എന്നാ യാത്രയാരുന്നു. ഒരു ഗുണവുമില്ലാത്ത കൊണം കെട്ട യാത്രകള്‍. ചുമ്മാ കാശ് കളയാന്‍. ഇടക്ക് പോക്കറ്റില്‍ കൃത്യം വണ്ടിക്കൂലീ മാത്രായി ചില യാത്രകള്‍ തരപ്പെടും. എന്നാ സുഖമാ ആ യാത്ര. ഒരു ടെന്‍ഷനുമില്ല. മറ്റത് അതു പോകുമോ ഇതു പോകുമോ, ചെല്ലുമോ ചേരുമോ എന്നെല്ലാമുള്ള പയങ്കര ഏതാണ്ട്...കുന്തം.


മരുബൂമികള്‍ ഒണ്ടാകുന്നത് വായിച്ച കാലത്ത് കോട്ടേത്ത് മരുബൂമി വരുംന്ന് ഓര്‍ത്തിട്ടില്ല. എന്നാ ചൂടേര്‍ന്ന്. ചുട്ട കോഴി പറക്കില്ല, അതാ ചൂട്. ഹൊ വേറ്ത്ത് അളിഞ്ഞ് അളിയാ എന്ന് എല്ലാരേം വിളിച്ചു പോകും. കുടിച്ച വെള്ളം മൂത്രായി പോകാന്‍ ബാക്കി നിക്കില്ല. കെണറ്റി വെള്ളല്ല. കൊളം കുത്തി വെള്ളം അടിച്ച് കൊടുക്കുന്ന സൊയം തൊഴില്‍ പദ്ദതിക്കാര്‍ ചെങ്ങാതികള്‍ക്ക് വിളിച്ചാലു മിണ്ടാന്‍ നേരല്ല. രാത്രീലുറക്കം തദൈവ. കോട്ടയം കതകളില്‍ ആകെ ഒരു നേട്ടം ബീയെസ്സെന്നലിന്റെ മിനിറ്റിനു പത്ത് പൈസായെടെ സിമ്മ് എടുത്തതാ. പല വഹുപ്പില്‍ നാനൂറ് രൂപാ നെറഞ്ഞ് കിട്ടി. ഓരോ മണീക്കൂറ് വെച്ച് അടിച്ച് കീറിയാലും അഞ്ചു രൂപായെ പോകൂ. എന്നാ ലാഭം. വീട്ടില്‍ എല്ലാര്‍ക്കും ചിക്കന്‍ പോക്സ് അടിച്ച് അവരെ നോക്കി പ്രാന്തായ കൂട്ടുകാരനെ ഒരു മാസം രണ്ട് മണിക്കൂറ് വെച്ച് വണ്‍ ഷോട്ട് വിളിച്ചു രസിച്ചു. അങ്ങോര്‍ടെ പാര്യ ഒടുക്കം അങ്ങോരെ പുറത്താക്കുമെന്ന് ബീഷണി. രണ്ട് മണിക്കൂറ് വേറെ ഏതോ പെണ്ണുമായാണോ കത്തീന്ന് പുള്ളിക്കേരിക്കു സംശം.

എമ്പത്തേഴിനു ശേഷം വേള്‍ഡ് കപ്പ് കാണാതെ ഇരിക്കുക എന്ന ആദ്യ സംബവവും നടന്നു. വീട്ടിലെ ടീവി അടിച്ച് പോയിട്ടും ചുമ്മാ കേബിള്‍കാര്‍ക്ക് കാശടച്ച് കെടപ്പാര്‍ന്നു. പാക്കിസ്താനെതിരായ സെമി ബേറ്റിങ് കണ്‍റ്റു. ഫൈനല്‍ മുഴോന്‍ കാണാന്‍ പറ്റി. എല്ലാ ലോകകപ്പും ഇങ്ങനെ അങ്ങ് ജയിച്ചൂടേ...ഇനി ഐ പ്പീ യെല്ലാണ്..കാണാന്‍ പറ്റുമാവോ..

അങ്ങനെ വീണ്ടും വണ്ടി കേറി....

നല്ല പുതുപുത്തന്‍ തൃശ്ശൂര്‍ ഗെഡികളാ പുത്യ കമ്പനി. ഓര്‍ രഹസ്യായി നുമ്മനു പേര്‍ ഇട്ടിട്ടൊണ്ട് - അവതാറ് (ഇംഗ്ലിഷില്‍ അവറ്റാ..). ബ്ലോഗനാന്ന് പറഞ്ഞിട്ടില്ല. എങ്ങാനും പൊറത്താക്ക്യാലോ...രണ്ടാള്‍ക്കും ബ്ലോഗിന്റെ അസ്കിത അവശ്യം ഒണ്ടോന്നൊരു സംശം. രണ്ടും ഫേസ് ബുക്കിലാ കെടപ്പും കുളീം ഒറക്കോം മറ്റും....

ഇനീപ്പം എന്നാ കോട്ടേത്ത് പോണത്..മദുര മനോജ്ഞ കോട്ടയം..

Sunday, March 20, 2011

വദം, നിവാത കവച കാലകേയ..(കോട്ടയം കതകള്‍)

വദം, നിവാത കവച കാലകേയ..(കോട്ടയം കതകള്‍)

-----------------------------------------------------------


കേളികൊട്ട്:



അങ്ങനെ വ്യാഴവട്ടത്തിനു ശേഷം കോട്ടേത്ത് വന്നിറങ്ങി.



ആകെ സ്ഥല ജല വിഭ്രാന്തി. ച്ചാല്‍ പണ്ട് വെള്ളം ആയിരുന്നിടത്ത് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ്. പോരാത്തതിനു കുടിവെള്ളമോ കുഴിച്ചാല്‍ വെള്ളമോ കിട്ടാനില്ല. കവിയും ബ്ലോഗനുമായ മനോജ് കുറൂരോ മറ്റോ ചെണ്ട വായിച്ചിരുന്നെങ്കില്‍ കേളി കേമായേനെ. കുറൂനെ എങ്ങനെ അറിയുംന്നല്ലെ. ഒക്കേണ്ട്. പണ്ട് രണ്ടു പിള്ളേരു തമ്മില്‍ പറഞ്ഞതു പോലെ. ഒന്നാമന്‍ : ന്റെ ഡാഡിനു മമ്മൂട്ട്യേം മോഹന്‍ലാലിനേം അറിയാമല്ലോ. രണ്ടാമന്‍ : ന്റെ ഡാഡിനും അവരെ അറിയാം, പക്ഷെ അവര്‍ക്ക് പുള്ള്യേ അറീയില്ലല്ലോ (കടപ്പാട്)..



തിര നോട്ടം :



കുടചൂടി വായില്‍ നോക്കി നടന്നിട്ട് ഏല്‍ക്കുന്നില്ലാ.



ബെര്‍ളീ പരിണയം :



ശ്ശേ...അങ്ങനെയൊന്നൂല്ല..



ന്നാലും നുമ്മട ബ്ലോഹ് കുടുമ്മത്തിലെ ഒരാളല്ലേന്ന് ബിചാരിച്ച് ഓന്റെ ആസ്ഥാനത്ത് ചെന്ന് കേറി. കുട, വടി, കുട വയര്‍, മുണ്ട്, വരിക്കാട്ട് ബ്രദേഴ്സിന്റെ പച്ച പ്രിന്റുള്ള പ്ലാസ്റ്റിക്ക് കൂട് എന്നിത്യാദി ആടയാഭരണങ്ങളും സ്ഥാന ചിഹ്നങ്ങളും കണ്ടാവാം ഒരുവന്‍ കിടന്നു കൊണ്ട് പ്രവേശിച്ച് :

ആര്‍, കോന്‍?



നുമ്മന്‍ : അനോണിയാണേ...



അതു കേട്ടയുടന്‍ ഉച്ചക്ക് രണ്ട് മണിക്ക് എണീറ്റിരുന്ന് കാലത്തെ പത്രം വായിച്ച് തീര്‍ക്കുന്ന സെക്യൂരിച്ചന്‍ ഉവാച : സാധ്യമല്ല



നുമ്മന്‍ : എന്ത്



സെ: പോയിറ്റ് വാടൊ



നുമ്മന്‍ : ഓനെവിടെ ?



(സെ.യുടെ നെയിം പ്ലേറ്റില്‍...)



"ചെന്നായോ വിപിനേ ചെന്നായോ... "



സെ : ചെന്നായും കുഞ്ഞാടും ഒരുമിച്ചാടോ, പൊക്കോ വേഗം



നുമ്മന്‍ : അടിയന്‍ കല്പിച്ച് വിട



നഗര മധ്യത്തില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുമ്പോള്‍ ഏ സിയില്‍ ഇരുന്ന് ജലദോഷം പിടിച്ചുവെന്ന് അവകാശപ്പെടുന്ന ഒരുവനുമായി അഭിമുഖം തരായി. അവന്‍ എന്താടാ എന്ന് ആഗ്യം വാചികം. അപ്പഴാ ഓര്‍ത്തത്, അടുത്ത് ബുക്സില്‍ നുമ്മനും കവിയായ സാധനം കിടപ്പുണ്ടാകുമല്ലോ. ഒന്ന് നേദിക്കാം. ആളും പണ്ട് സാഹിത്യത്തിന്റെ അസുഖം പിടിപ്പെട്ട് മൂന്നാലു ലൈബ്രറി തിന്നിട്ടുണ്ട്.



നാലാമിടം :



സ്വപുത്രനെ ആദ്യമായി കാണുന്ന രോമാഞ്ചത്തോടെ ബുക്ക് ഷെല്‍ഫില്‍ നെടുപടാരം വീണു (കടപ്പാട്) പുസ്തകം പുല്‍കി.



വില്‍ക്കുന്ന ഗഡിയെ ലക്ഷ്യമാക്കി : " പാരം ദണ്ണം...എങ്ങനേണ്ട് സംബവം, പോക്കുണ്ടോ ?"



ഗഡി : സച്ചീടെയല്ലെ, പൊവാണ്ടെ പറ്റൂലല്ലോ



നുമ്മന്‍ : ബായിച്ചിട്ട് എങ്ങനെ, നുമ്മന്റെ ഒരു ഫ്രന്റും ഇതില്‍ താങ്ങീട്ട്ണ്ട്. (അതു നുമ്മന്‍ തന്നെയെന്ന് പറഞ്ഞാല്‍ ഗഡിയെങ്ങെനെ പ്രതികരിക്കുമെന്ന മൂത്രശങ്കയാല്‍)



ഗഡി : സത്യം പറയാലൊ, അവതാരിക ഒന്ന് മറിച്ച് നോക്കിര്‍ന്ന്, നേരല്യാന്നെ.



നേരം കളയാതെ പ്രതി ഒന്ന് വാങ്ങി മറ്റേ പ്രതിക്ക് എത്തിച്ച് കൊടുത്തു.



പുള്ളി : എന്താടാ ദ്?



നുമ്മന്‍ : അത് ഈ ബ്ലോഗ്, ബ്ലോഗെന്നൊക്കെ ഒരു സംബവം ഉണ്ടല്ലോ, അതിലു കെടന്നെഴുതുന്ന കൊറെ ആള്‍ക്കാരൊണ്ട്. അവരുടെയൊക്കെ കളക്റ്റ് ചെയ്തേക്കുവാ..തുറന്ന് വായിച്ചേ...



പുള്ളി : അതായത് നീയും എന്തൊക്കെയോ വേണ്ടാദീനം ഇതിലാക്കീട്ട്ണ്ട്, അതാ ഇതു ചുമന്നോടി വന്നതല്യോ



നുമ്മന്‍ : ആത്മസാക്ഷാത്കാരം



പുള്ളി : മുഴ്വോന്‍ നോക്കാന്‍ നേരമില്ല, ഏതാ കൃതി



നുമ്മന്‍ : (അങ്ങനെ പെട്ടെന്ന് സനോണിയാകാന്‍ പ്ലാനില്ല) നുമ്മള്‍ കൊറെക്കാലം സാഹിത്യം മൂത്ത് നടന്നതല്യോ, തന്നെത്താന്‍ കണ്ട് പിടീ, കൊല്ലാതെ കൊല്ലിക്കയല്ലീ രസമെടോ...



ചായക്കടകളോടുള്ള ഉദാര നയം :



പലതും കാണാതായിട്ടുണ്ട്. ബാക്കിയിലൊക്കെ വില വിവരം കണ്ടാല്‍ ഐ ട്ടീക്ക് അഡ്മിഷന്‍ തരാക്കി നാട് വിട്ട് കളയും.



തലമുറകളുടെ നൊസ്റ്റാള്‍ജിയ ആയ കോഫീ ഹവുസില്‍ ചേക്കേറിയപ്പോള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വിവരം. വിവേകം. കാപ്പി കുടിച്ചാല്‍ ചൂടേറും. ഇക്കോണമിക്ക് ചായ കുടിയില്‍ ചായ ഒഴിവാക്കി വട രണ്ടാക്ക്യാല്‍ പതിനഞ്ച് റുപ്യ പഥ്യം.



തുണി, കമ്പ്യൂട്ടറ് ഒക്കെ നല്ല വില. ചൂടുകാലമായതിനാല്‍ രാപ്പാടികളോടൊത്ത് പാടാന്‍ തുണി വേണ്ടെന്നാശ്വാസം.



മരച്ചീനി കിലോ ഇരുപത് ഇരുപത്തി രണ്ട് പോവും. ചെറിയ ഉള്ളി മുപ്പത്തി രണ്ടേയ്. വെള്ളുള്ളി, ചെറിയ ഉള്ളി എന്നിവ നാട്ടുംപുറത്തെ കടകളില്‍ വിരമിച്ചു. ചമ്മന്തിയിലും സവോള എന്ന ശാവാള അരയാതെ കിടന്നാല്‍ കടിക്കണം.



കാലാവസ്ഥ :



നല്ല ചൂട്, വിയര്‍ത്ത് ഒട്ടാം. കൊതുക് ആവശ്യത്തിന്. ഇന്നലെ രാത്രി സൂപ്പര്‍ മൂണിനു ഭൂമി കുലുങ്ങുമെന്ന് പേടിച്ച് പാലാക്കാരെ എല്ലാം അലെര്‍ട്ട് ചെയ്ത് കിടന്നുറങ്ങിയെങ്കിലും രാവിലെ ഒന്നും നടന്നിട്ടില്ലാന്ന് പുടികിട്ടി നേരെ ഇന്റേര്‍ നെറ്റിലേക്ക്.



ലോകകപ്പ് :



പഴയ് മൂപ്പൊന്നും പിള്ളേര്‍ക്കില്ല. ക്രിക്കറ്റ് നമ്മളെ പറ്റിച്ചാല്‍ എത്ര മുന്‍പേ നമ്മള്‍ പണി കൊടുത്തു കഴിഞ്ഞൂ എന്ന മട്ട്. ചര്‍ച്ചിക്കാനൊന്നും ആരുമില്ല. കണ്ട് മുട്ടിയ ഒന്നു രണ്ട് യുവതുര്‍ക്കികളോട് അയര്‍ ലന്‍ഡ്, സേവാഗ് എന്നൊക്കെ പറഞ്ഞ് ഗ്രൗണ്ടൊരുക്കാന്‍ നോക്കിയപ്പോള്‍ ജുറാസിക്ക് പാര്‍ക്ക് വീണ്ടും കണ്ട പോലെ കടുപ്പിച്ചൊരു നോട്ടം. മൊബൈലിലെ കൊഞ്ചലുകള്‍ക്കാണ് മാര്‍ക്കറ്റ്.



ബസില്‍ കിടന്ന് ക്രിക്കറ്റ് കളിക്കുന്ന ബ്ലോഗര്‍മ്മാരെ, നമ്മളൊക്കെ എക്സ്പീറിയായതറിയുക നിങ്ങള്‍.



(ബോട്ടം അപ്ലോഡ് ചെയ്യാന്‍ ഡിവൈസില്ല, വായനക്കാരേ (അതാര്‍?) മ്യാപ്പ്.



കലാശം, പത്തു മണിപ്പദം എന്നിവ തുടരും

Monday, February 21, 2011

ബ്ലോഗുജീവിതം

ആദ്യമായി അനോണി മാഷ്, പിഷാരടി മാഷ്, അനോണിമാസ്റ്റര്‍, അനോണി ചാത്തന്‍, അരൂപിക്കുട്ടന്‍, അനുരഞ്ജന വര്‍മ്മ, അനോണി ആന്റണി, ഉസ്മാനിക്ക എന്നിവര്‍ക്ക് വന്ദനങ്ങള്‍, പ്രണയങ്ങള്‍ (ഛേ, അതല്ല)..



കൂടാതെ ബ്ലോഗുജീവിതം എന്ന മഹാപ്രസ്ഥാനത്തിലെ മഹാന്മാക്കളായ എല്ലാവര്‍ക്കും കൂപ്പ് കൈ.



2008 മെയ് ജൂണില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഏതോ ഒരു ദിവസം ഇന്റര്‍നെറ്റില്‍ തപ്പിയ വഴിക്കാണ് മലയാള ബ്ലോഗ് എന്ന മഹാസംഭവം ഞാന്‍ കണ്ട് പിടിച്ച്ത് (അതെ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒന്നൊന്നര കണ്ട് പിടിത്തം തന്നെ ആയിരുന്നു ). അത് വരെ ബ്ലോഗ് എന്നൊക്കെ ഇംഗ്ലീഷില്‍ കണ്ടിട്ടുണ്ടെങ്കിലും ഷേക്സ്പീയര്‍ മുതല്‍ ഫിഗറുകള്‍ ധാരാളം എഴുതി നശിപ്പിച്ച ഒരു ഭാഷയില്‍ അനോട്ടേഷന്‍/എസ്സേ റൈറ്ററും കോമ്പസിഷന്‍ റൈറ്ററുമായ ഞാനും കൂടി കയറി വധിക്കുന്നതിലുള്ള ധാര്‍മിക ച്യുതി ഓര്‍ത്തിട്ടാവാം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. മോണീറ്ററില്‍ മല്യാളം കണ്ടപ്പോള്‍ അങ്ങനെയായിരുന്നില്ല. ആദ്യമായി ഗൂഗിളിന്റെ കുറെ സാധനങ്ങളായി കണ്ടത് കാക പികാക എന്നൊക്കെ ടൈറ്റില്‍ എഴുതിയ ഒരു ബ്ലോഗോ മറ്റോ ആണോ അത്, അതെ അതായിരുന്നൂന്നാണ് ഓര്‍മ്മ. അതിലൂടെ പലതിലേക്കും സംക്രമിച്ച് ബെര്‍ളി എഴുതിയിരുന്ന സംബവങ്ങള്‍ വായിച്ച് രോമാഞ്ചം കൊള്ളുകയും അതിലെ കമന്റുകളും ആ ലിങ്കുകളില്‍ പോയാല്‍ വായിക്കാന്‍ കിട്ടുന്ന വേറെയും ഒക്കെ കണ്ട് ഇത് കൊള്ളാമല്ലോ പരിപാടി എന്ന് തലക്ക് തട്ടുകയും ചെയ്തു.



അങ്ങനെ കുറെ ബ്ലോഗുകള്‍ വായിക്കുകയും കമന്റുകള്‍ വായിച്ഛ് അന്തം വിടുകയും ചെയ്തപ്പോള്‍ ഞാനും ഇതാ ഒരു മഹാ എഴുത്തുകാരന്‍ ആണെന്നും ഞാന്‍ കണ്ടമാനം എഴുതിക്കളയുമെന്നും എനിക്ക് തോന്നി. എന്നാല് ബ്ലോഗ്, അതെങ്ങനെ തുടങ്ങും എങ്ങനെ മല്യാളം ടൈപ്പും എന്നെല്ലാം ഉപരിഗവേഷണവും നടത്തി ഡോക്ട്റേറ്റ് എടുത്തു. ഇത് മറ്റ് ബ്ലോഗുകള്‍ വായിച്ചിട്ടാണെ, അല്ലാതെ ബ്ലോഗറിലെ ഹെല്പ് വായിച്ചാല്‍ എനിക്കിപ്പോഴും മനസിലാകുന്നില്ല.



ഞാന്‍ എഴുതിയ വങ്കത്തങ്ങള്‍ക്ക് ആരൊക്കെയോ വന്ന് കൊള്ളം സ്വാഗതം എഴുതൂ എന്നൊക്കെ കമന്റ് ദാനം ചെയ്തതോടെ ഞാന്‍ ഉഷാറായി. ആദ്യം എഴുതിയതൊന്നും ഇപ്പോള്‍ ബ്ലോഗിലില്ല. അതൊക്കെ പിന്നിട് വായിച്ചപ്പോള്‍ ഇത്രക്ക് സാംസ്കാരികാധപധികനോ ഞാന്‍ എന്ന് തോന്നി ഡിലീറ്റിക്കളഞ്ഞു. ഇപ്പോള്‍ ബ്ലോഗില്‍ കിടക്കുന്നതുമൊക്കെ ഒരു വഹയാ. എന്നാലും കിടക്കട്ടെ. മണീക്കൂറെത്രയാ ചീറ്റിയത്.



അങ്ങനെ ബ്ലോഗിന്റെ സുവര്‍ണ കാലത്തിലേക്ക് ഞാന്‍ കാല്‍ തെന്നി വീണു. ഉച്ചയൂണ് പോലും കഴിക്കാതെ ബ്ലോഗ് വായിച്ചും കമന്റ്ര് അടിച്ചും ചിരിച്ച് മണ്ണ് കപ്പി. അനോണികള്‍ എന്നൊരു വിഭാഗം ഉണ്ടെന്നും മറ്റും അന്നാണ് മനസിലായത്. ഞാന്‍ സ്വയം അങ്ങോട്ട് ചാഞ്ഞു. പൊതുവെ മഹാകള്ളനായ എനിക്ക് ഇതില്പ്പരം ഒരു സൗകര്യമുണ്ടോ? ബ്ലോഗില്‍ ഫോട്ടോയും ഫോണ്‍ നമപറും വേണമെന്നെല്ലാം പറഞ്ഞ് അക്കാലത്ത് ബെര്‍ളി ഒരു പോസ്റ്റെഴുതിയതിനു ഇപ്പോഴും അവനോട് കലിപ്പ് ഉണ്ട്. അവനും ഞാനും കോട്ടയത്ത് വരുന്ന നാള്‍ ഞങ്ങള്‍ ഒറ്റക്കൊന്ന് കാണും. അത് പോട്ടെ. സഗീറിന്റെ കവിതകള്‍, മറ്റ് വിവാദങ്ങള്‍, അനോണി മാഷിന്റെ നിര്‍ത്താന്‍ പറ്റാത്ത ചിരിപ്പോസ്റ്റുകള്‍, അനോണീ ആന്റെണിക്ക് വരുന്ന ആയിരം കമന്റ്, ബ്ലോഗ് കവികളൂടെ അടിപിടികള്‍, ഗ്രൂപ്പ് ബ്ലോഗിങ്ങ്, ബ്ലോഗര്‍മാരുടെ തമ്മിലടി, ബ്ലത്രപ്രവര്‍ത്തനം, മലപ്പുറം കത്തി, സൈക്കിള്‍ ചെയിന്‍, ഡൈനാമിറ്റ് എന്തൊക്കെയായിരുന്നു...പവനായി ശവമാകാതെ നോക്ക്യാ മതി.



ഇപ്പോഴും നടക്കാത്ത സ്വപനമാണ് ബ്ലോഗ് മീറ്റ്. അനോണിമിറ്റി എന്ന വെര്‍ജിനിറ്റി വീണു പോകാതെ ധീരധീരം കാത്ത് സൂക്ഷിക്കാനുള്ള കൊതി കൊണ്ട് മാത്രമല്ല, മീറ്റ് വരുമ്പോള്‍ എല്ലാം എനിക്ക് എതിരാണ്. ചരിത്രപ്രസിദ്ധമായ തിരുന്നാവായ മണല്പുറം..അല്ല ചെറായി മീറ്റില്‍ മറ്റൊരു ബ്ലോഗുണ്ടാക്കി ആ പേരില്‍ രഹ്സ്യമായി പങ്കെടുക്കാന്‍ അജണ്ട ഇട്ടെങ്കിലും തടസ്ങ്ങള്‍ മൂലവും ബ്ലോഗര്‍മാരുടെ ആറ് മാസം പ്രായമുള്ള പിള്ളേരു പോലും മീറ്റിനു കേമറ, ആക്ഷന്‍, കട്ട് പറയുമെന്ന് ഉറപ്പൂണ്ടെന്ന പേടിയിലും ഒന്നും നടന്നില്ല. ആ സ്വപ്നത്തിനു കിട്ടാത്ത മുന്തിരിങ്ങ പോലെ എന്നും പുളീ.



മീറ്റിലല്ലെങ്കിലും രണ്ട് മൂന്ന് കൊല കൊമ്പന്‍ ബ്ലോഗര്‍മാരെ കാണാന്‍ പറ്റീട്ടുണ്ട്. അവര്‍ക്ക് എന്നെ അറിയില്ല കേട്ടോ. അതിലൊരാള്‍ ഒരിക്കല്‍ മുന്നില്‍ വന്ന് ചാടീട്ട് എനിക്ക് ചിരി കണ്ട്റോള്‍ ചെയ്യാന്‍ പറ്റാതെ വന്നു. ആവശ്യമുള്ളതും ഇല്ലാത്തതും മണിക്കൂറ് കണക്കിന് ഇരുന്ന കുറെയേറെ ബ്ലോഗര്‍മാരുമായി ജി മെയിലില്‍ കിടന്ന് ചാറ്റി മറിഞ്ഞിട്ടും അതില്‍ ഒരു ബ്ലോഗറെയും ഫോണ്‍ ചെയ്യാത്ത പാപിയാണ് ഞാന്‍. എന്തോ എനിക്ക് പേടിയാണ്. ചിലരുടെ ഒക്കെ നമ്പര്‍ എനിക്കറിയാം. ഇനി എന്നാണു ഞാന്‍ വീളിക്കുക...



ഇനി ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റെഴുതുമോ, ബ്ലോഗിലേക്ക് വരുമോ....സാധ്യത തീരെയില്ല.



ജീവിതം കലങ്ങി മറിഞ്ഞ് ഒഴുകുമ്പോള്‍ എനിക്കിഷ്ടമല്ലാതെ.....വലിയ നഷ്ടബോധത്തോടെ ഒരു വിടവാങ്ങല്‍.



സകലലോക അനോണികളെ വീണ്ടും അഭിവാദ്യം ചെയ്ത് എന്റെ ബ്ലോഗ് മരിക്കുന്നു