Monday, March 18, 2013

ഒരിക്കല്‍ക്കൂടി

കരുവേലകങ്ങളിലെ പാഴ്പൂവുകള്‍ കണ്ടിരിക്കെ
മെല്ലെ ചുംബിക്കാന്‍ ഒരു മുഖം ഇറങ്ങി വന്നു
പക്ഷികള്‍ കൂക്ക് വിളിക്കും മുന്‍പ്
കൂക്കു വിളിക്കാനായി ഒരു ചുണ്ടനങ്ങി

എന്നെന്നും സ്വയമൊറ്റുകൊടുത്തും
തള്ളിപ്പറഞ്ഞും പലായനം ചെയ്തും
രാപ്പകലുകളുടെ ചതുപ്പില്‍ നിന്ന് കൊണ്ടുവന്ന
ചെളി പുരട്ടി അറപ്പാക്കിയ,
സമാഗമത്തില്‍ നിത്യവിരഹത്തിന്‍റെ‍
ചിത്രത്തുന്നലുള്ള,
ഈ പരവതാനിയില്‍
നിന്‍റെ നെഞ്ഞിന്‍ ചൂടില്‍
ഒരിക്കല്‍ക്കൂടി മാത്രം
ആശ്വസിച്ചോട്ടെ

സമയം പോകുന്നുഅളകങ്ങളില്‍ പനീര്‍ക്കാറ്റ് ചുറ്റുമ്പോള്‍
കവിളീലൂടെ ഇളന്നീരൊഴുകുമ്പോള്‍
ചന്ദനം മണക്കുന്ന മയക്കത്തില്‍
പുല്‍മേടുകളുടെ ആരവത്തില്

എല്ലായിടത്തും സമയം ചോര്‍ന്ന് പോകുന്നു
അകന്നകന്ന് പോകുന്നു

ഉണ്ടാകേണ്ടതായിരുന്നു

ആരിലേക്കോ മടങ്ങിച്ചെല്ലാനുള്ള കാത്തിരിപ്പാണ്.

പ്രണയിക്കുന്നുവെന്ന് പറഞ്ഞറിയിക്കാതിരുന്ന പെണ്ണുങ്ങള്‍,
കാക്കത്തൊള്ളായിരം ചിത്രങ്ങള്‍ ലയിച്ച
ആര്‍ദ്രദ്രാവകം നിറച്ച് മനസിനെ പൊതിഞ്ഞ സ്തരം
ഉടക്കിവെച്ച നിലങ്ങള്‍, തുരുത്തുകള്‍,
അവയിലെ പഴമരങ്ങള്‍,
കാവല്‍ക്കാരില്ലാത്ത വെണ്ണീര്‍പ്പുരകള്‍,
മരിച്ചവര്‍ വെടിപറഞ്ഞു കിടക്കുന്ന മണ്‍കൂരകള്‍,
ആളൊഴിഞ്ഞ ഇടവഴികള്‍,
ത്വക്ക് വരണ്ടും കണ്ണു മൂടിയും
ഒട്ടുമറന്നും കേള്വിവറ്റിയുമുള്ള ശേഷിപ്പുകള്‍,
മുഖങ്ങള്‍ തനിയെ ചെളിനിറമാര്‍ന്നു പോകുന്ന
ഓര്‍മകള്‍,
എല്ലായിടങ്ങളിലും ഒഴിഞ്ഞു കിടക്കുന്നതായിക്കാണുന്ന
സ്വത്വവും, ശബ്ദവും സാന്നിധ്യവും

അവിടെയും, അവിടെയു,മവിടെയും ഉണ്ടാകേണ്ടതായിരുന്നു

പരാവര്‍ത്തനം

പുറത്തേക്കു വലിച്ചിട്ടിരുന്ന ശവം
പരിഹാസ്യമായ് ചുണ്ടനക്കി.
അതിന്‍റെ എന്തോ ഒന്ന് പറന്ന് പക്ഷിയായ്
മേല്പോട്ട്,
അതിന്‍റെ മറ്റെന്തോ ഒന്ന് തവിടാര്‍ന്ന ചിറകും
വെണ്‍കഴുത്തുമുള്ള രണ്ടാം പക്ഷിയായ്
അതിദ്രുതം പാറിയിങ്ങോട്ട്...
മൃദുലമായ ആ തൂവലുകള്‍ പൊടുന്നനെ
ഇരിപ്പിടം തേടിവന്നലച്ചതിന്‍റെ ഞെട്ടല്‍...
കയ്യിലവനെ പേറിക്കോയെന്ന് ആള്‍ക്കൂട്ടത്തിലൊരുത്തന്‍.
അവന്‍ ശരിയല്ല.
പോ ചെകുത്താനെയെന്ന് തെറിപ്പിച്ചു

മുടിയഴിച്ചിട്ട് മേശയില്‍ പുറന്തിരിഞ്ഞിരിക്കുന്നവളും
അത് തന്നെ...
നീയിവിടെ വേണ്ടായെന്ന അവളുടെ സീല്‍ക്കാരം
പോടീയെന്ന് തുട്ടിനു തുട്ടെറിഞ്ഞപ്പോഴും
അതേ ഭ്രമം...
ശവത്തിനു തിരിച്ചടങ്കലില്‍
തടവു വയ്ക്കാന്‍
ചേമ്പിതളുകള്‍ വേണമെന്ന കേള്‍വി....

ഉണരാതെ വയ്യ

ആയിരത്തിലൊരുവനെങ്കിലും

ആയിരത്തിലൊരുവനെങ്കിലും
ആ മുഖമുണ്ടാകണമെന്ന് പറയുന്നു.
പക്ഷെ
എല്ലാവരും മത്സരബുദ്ധിയോടെ ഒറ്റുകൊടുക്കുന്ന
ആ കണ്ണുകളെ
വീണ്ടും കാണാനായില്ല
ചതിയുടെ തിമിരം,
വിഷം തൂവിയ ചിരികള്‍,
മനസിലൊന്നും വാക്കിലൊന്നും,
എല്ലാ വൃത്തികേടുകളെയും പേറാറുള്ള
അഴുക്കു ചാലൊത്ത സിരകളില്‍
അത്യാര്‍ത്തി കലര്‍ന്നു നുരയ്ക്കുന്ന രക്തം,
കാണാനുള്ളതിവകളെ മാത്രം.
ആയിരത്തിലോ പതിനായിരത്തിലോ ആ മുഖമൂണ്ടാകണമെന്ന്
വീണ്ടും പറയുന്നു
പതിനായിരത്തിലല്ലെങ്കില്‍ ലക്ഷത്തിലൊരുവന്‍.
ഈ ഹ്രസ്വജീവിതത്തില്‍
ഒരു കോടി മുഖങ്ങളെയൊക്കെ കണ്ട് തീര്‍ക്കാന്‍ പറ്റുമോ
ഒന്നോടൊന്നൊക്കാതെ
വാര്‍പ്പിനു ശേഷം മൂശ തകര്‍ക്കപ്പെട്ടതോടെ
ചത്ത് ചീര്‍ത്ത ഏകാന്തമുഖങ്ങള്‍
എല്ലാം ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല
ഈ മുഖങ്ങളെല്ലാം മുഖമൂടികളാണെന്ന്
തോന്നുമ്പോള്‍
ആകാശത്തു നിന്ന് തലകുത്തി വീണ്‍ കുന്നിഞ്ചെരിവിലൂടെ
ഉരുണ്ടു പോകുന്ന\ സൂര്യനൊപ്പം
മറയുകയാണ്‍