Tuesday, December 10, 2013

കൊളീസിയം
--------------------
ജീവിതമേ, അറുപത്തിനാലു നീക്കങ്ങള്‍
മുന്‍പേര്‍ കണ്ട
നിന്‍ പടനീക്കങ്ങള്‍
അക്ഷൗഹിണികള്‍ ചക്രവ്യൂഹങ്ങള്‍
ഭേദിച്ചുഭേദിച്ചു കയറവേ
വീണ്ടും കോട്ടകൊത്തളങ്ങള്‍
തീര്‍ത്തുനിര്‍ത്തുന്ന കൗശലം
രാവുതോറും നീ തന്നെ  അടിച്ചൊരുക്കിത്തരുന്ന
പടച്ചട്ടയിന്മേല്‍ നിന്‍റെ തന്നെ ശരവര്‍ഷം
നിന്‍റെ ഋതുക്കള്‍ കൊണ്ടു തീര്‍ത്ത പരിചയില്‍
നിന്‍പരിഹാസത്തിന്‍ കുന്തമുനപ്പോറല്‍
കണ്ണു കാതു ത്വക്കും ശ്വാസവും കടം തന്ന്
നിനക്കെതിരെത്തന്നെ പോരിനിറക്കി
രസിക്കും ജീവിതമേ...
അനശ്വരമാമൊരു തേരോട്ടം കൊതിച്ച്
നിന്‍റെ ജ്വാലയില്‍തേയാതെ പാറാന്‍
ബാക്കിയുണ്ട്
എന്തോ ബാക്കിയുണ്ട്