Friday, October 30, 2009

വെളുത്ത താഴ്വര - 4

കൊല്ലപ്പെട്ടിരിക്കുന്നത് ഒരു വൃദ്ധന്‍ !
അയാള്‍ ഞെട്ടിത്തെറിച്ചു. അപ്പോള്‍ അന്ന് താന്‍ കണ്ട സ്ത്രീ പ്രേതമോ, യക്ഷിയോ... വൃദ്ധനെ കൊലപ്പെടുത്തിയ ശേഷമാണോ ആ രുപം തന്‍റെ കാഴ്ചയിലെത്തിയത്. അതോ എല്ലാം ഒരു തോന്നലാണോ...

കൈപ്പടങ്ങള്‍ വിയര്‍ക്കുന്നത് അയാളറിഞ്ഞു. ഒരു പക്ഷേ ആ കൊലപാതക സന്ദര്‍ഭത്തിനു സാക്ഷിയായ വ്യക്തി താന്‍ മാത്രമാണെന്ന്...അല്ല, ഒരു കൊലപാതകമൊന്നും താന്‍ കണ്ടിട്ടില്ലല്ലോ, ഒരു പക്ഷേ ആ സമയത്ത് ആ സ്ഥലത്തു കൂടി കടന്നു പോകേണ്ടിവന്നു..അതിനടുത്തായി ഒരു സ്ത്രീരൂപത്തെ കണ്ടതായി തോന്നി. അത്രമാത്രം..

അടുത്ത ദിവസങ്ങളിലെ വാര്‍ത്തകളില്‍ എന്താണു പുറത്തു വരുന്നത് എന്നു നോക്കാം.. താന്‍ മാത്രമോ ഉടമ എന്ന് ഉറപ്പില്ലാത്ത ഒരു രഹസ്യം അയാളെ വലയം ചെയ്തു. അന്നു രാത്രി മുഴുവന്‍ അയാള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. മിക്കവാറും മറന്നു തുടങ്ങിയിരുന്ന വെളുത്ത താഴ്വരയിലെ ആ നിമിഷങ്ങള്‍ അയാളെ വീണ്ടും വീണ്ടും വേട്ടയാടി...

പിറ്റേന്നത്തെ പത്രത്തില്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതെപ്പറ്റി പെട്ടെന്ന് ആരോടെങ്കിലും സംസാരിക്കുന്നത് അബദ്ധമായിരിക്കുമെന്ന് അയാളുടെ മനസ് വിലക്കി. എങ്കിലും രണ്ടാഴച മുന്‍പ് കടന്നു പോയ ആ ഭയങ്കരമായ വൈകുന്നേരം അയാള്‍ക്ക് വളരെ പണിപ്പെട്ട് ഉള്ളീല്‍ അടക്കി വെയ്ക്കേണ്ട ഒന്നായി മാറുകയായിരുന്നു.

അന്നത്തെയും തലേന്നത്തെയും പത്രങ്ങള്‍ അയാള്‍ തേടിപ്പിടിച്ചു. തലേന്നത്തെ ചില പത്രങ്ങള്‍ക്കായി അയാള്‍ പബ്ലിക് ലൈബ്രറിയിലും സമയം ചെലവിട്ടു. പരിഭ്രാന്തമായ മനസോടെ പത്രങ്ങള്‍ അരിച്ചു പെറുക്കിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. ചില പത്രങ്ങള്‍ അതേ വാര്‍ത്ത തലേന്നു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റുള്ളവയില്‍ അന്നേ ദിവസമാണ് വാര്‍ത്ത വന്നത്.

അടുത്ത രണ്ട് ദിവസങ്ങളിലും പത്രങ്ങള്‍ അയാള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. അതിനാല്‍ അയാളുടെ മാനസിക പിരിമുറുക്കം ഒരളവു വരെ കുറഞ്ഞു. നാലാം ദിവസം രണ്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അയാളെ വീണ്ടും അസ്വസ്ഥതപെടുത്തി. ഒരു പത്രത്തില്‍, കൊല്ലപ്പെട്ട വൃദ്ധന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവിനെപ്പറ്റിയുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ആഴമേറിയ മുറിവ് ഏറ്റതിനാലാണ് അയാള്‍ മരണപ്പെട്ടതെന്നും വാര്‍ത്തയില്‍ എഴുതിയിരുന്നു. രണ്ടാമത്തെ പത്രത്തില്‍ വൃദ്ധനെപ്പറ്റി ഏതാനും വാക്കുകള്‍ ചേര്‍ത്തിരുന്നു; ഒപ്പം ഒരു ഫോട്ടോയും. അവിവാഹിതനായ, ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന ഒരു പക്ഷിശാസ്ത്രജ്ഞനായിരുന്നു വൃദ്ധനെന്നാണ് റിപ്പോര്‍ട്ട്. തെക്കെ ഇന്ത്യയില്‍ പ്രത്യേകമായി കാണാറുള്ള ചില പക്ഷികളെപ്പറ്റി അയാള്‍ ഒരു പുസ്തകവും രചിച്ചിരുന്നുവത്രെ. എന്നാല്‍ ഇടക്കാലത്ത് അദ്ദേഹം ഗവേഷണം നിര്‍ത്തി വെച്ച് പൊതുജീവിതത്തില്‍ നിന്നകന്ന് സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു പോലും. ഫോട്ടോ വളരെ ക്ഷീണിച്ചു പോയ കണ്ണുകളുള്ള ഒരു മധ്യവയസ്ക്കന്‍റേതായിരുന്നു.

വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ തന്‍റെ വിദൂര പരിചയത്തില്‍ പോലുമുള്ളവരുമായി സാമ്യമില്ലാത്തതാണെന്നയാള്‍ക്കറിയാമായിരുന്നു. ഫോട്ടോയിലുള്ള മനുഷ്യനെ താന്‍ ഒരിക്കലും കാണുകയോ അയാളെപ്പറ്റി കേള്‍ക്കുകയോ പോലുമുണ്ടായിട്ടില്ലെന്ന് തീര്‍ച്ച. തന്നെയല്ല പ്രത്യക്ഷത്തില്‍ തനിക്ക് എന്താണ് ഈ സംഭവവുമായി ബന്ധം. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം എന്നായിരുന്നല്ലോ ആദ്യ പത്രവാര്‍ത്ത. ആ ദിവസം തന്നെയാണോ താനും ആ സ്ഥലത്തു കൂടി കടന്നു പോയത് എന്നതിന് എന്താണ് തീര്‍ച്ച. അന്ന് ആ സ്ത്രീരൂപത്തെ കണ്ടതായി തോന്നിയതിനാലാണ് ഈ വാര്‍ത്ത പോലും ഇത്രയധികം തന്നെ പരിഭ്രമിപ്പിക്കുന്നത്.

അത്രയും ചിന്തിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് അല്പം ഉത്സാഹം വന്നു. പത്രത്തിലെ ഫോട്ടോയിലേക്ക് അയാള് സൂക്ഷിച്ചു നോക്കി. പാവം വൃദ്ധന്‍. അയാളുടെ ബന്ധുക്കളെപ്പറ്റിയൊന്നും പത്രങ്ങള്‍ പറയുന്നില്ല. വൃദ്ധന്‍റെ സ്ഥലമാകട്ടെ ഇവിടെ നിന്ന് രണ്ടു മൂന്നു ജില്ലകള്‍ക്കപ്പുറം. അന്വേഷിച്ച് പോകേണ്ട കാര്യമൊന്നുമില്ല. വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി തല പുകയ്ക്കണം...

രണ്ട് മൂന്നു ദിവസം അയാള്‍ ആ സംഭവങ്ങളെ മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതെപ്പറ്റി ഓര്‍മ വരുമ്പോഴെല്ലാം തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെപ്പറ്റി ആലോചിച്ച് സമയം കളയേണ്ടതില്ല എന്ന് അയാളുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അത് ശരിയായ ഒരു തീരുമാനമാണെന്ന് അയാള്‍ക്ക് തോന്നുകയും ചെയ്തു.

എന്നാല്‍ ആ മനുഷ്യന്‍റെ ഫോട്ടോയിലെ ക്ഷീണീതമായ കണ്ണുകള്‍ അയാളുടെ മനസില്‍ നിന്ന് മായാന്‍ മടിച്ചു. അതൊരു തീരാശല്യമായല്ലോ എന്ന് അയാള്‍ക്ക് ദേഷ്യം വന്നു തുടങ്ങി. ആരോടും പറയാനാവാത്ത, സത്യമോ മിഥ്യയോ എന്നു തീര്‍ച്ചയില്ലാത്ത ഒരു സംഭവം മനസില്‍ കൊണ്ടു നടക്കുക തന്നെ പ്രയാസമാണ്. അതിനു പുറമെയാണ് കൊലപാതകത്തിനിരയായ ഒരു മനുഷ്യനെ പറ്റി അയാളെ സംബന്ധിച്ചിടത്തോളം തികച്ചും അനാവശ്യമായ കൗതുകം. ചിലപ്പോഴൊക്കെ കുളി മൂറിയിലെ കണ്ണാടിയില്‍ അയാള്‍ സ്വന്തം മുഖം ശ്രദ്ധിച്ചു നോക്കിത്തുടങ്ങി. മദ്യപിച്ചു കൊണ്ട് ഈ സംഭവത്തെപ്പറ്റി ഇനി ആലോചിക്കുകയില്ല എന്ന് ഉറയ്ക്കാന്‍ അയാള്‍ ശ്രമിച്ചു. ആ നശിച്ച യാത്രയെ സ്വയം ശപിച്ചു. എന്നാല്‍ അയാളില്‍ ആ കൗതുകം ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരുന്നു.

ഒടുവില്‍ ആ കൗതുകം അയാളെ പബ്ലീക് ലൈബ്രറിയിലേക്കു തന്നെ വീണ്ടും വലിച്ചിഴ്ച്ചു. അധികം തിരയാതെ തന്നെ വൃദ്ധന്‍ എഴുതിയ പുസ്തകം അയാള്‍ക്ക് ലൈബ്രറിയില്‍ കണ്ടു കിട്ടി. ദശകങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നുവെങ്കിലും അത് ഏറെ പഴകിയിരുന്നില്ലെന്നു തോന്നി. പക്ഷിശാസ്ത്രം വായിക്കുവാന്‍ എത്രയാളുകള്‍ക്ക് താല്പര്യമുണ്ടാവുമെന്ന് അയാള്‍ ഊഹിച്ചു.

എഴുത്തുകാരനെപ്പറ്റി പരാമര്‍ശിക്കാറുള്ള പേജില്‍ വൃദ്ധന്‍റെ അല്പം കൂടി യുവത്വം ഉള്ള ചിത്രമുണ്ടായിരുന്നു. തുടര്ന്ന് അയാളുടെ വിദ്യാഭ്യാസത്തെപ്പറ്റി വിശദീകരണങ്ങള്‍. രണ്ടാമത്തെ പേജില്‍ പ്രശസ്തനായ ഒരു പ്രൊഫസര്‍ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഉള്ളടക്ക വിവരങ്ങള്‍. പുസ്തകം വാനമ്പാടിക്ക് സമര്‍പ്പിച്ചിരിക്കുന്നു. പക്ഷിശാസ്ത്രജ്ഞന്‍റെ പുസ്തകം വേറെ ആര്‍ക്ക് സമര്‍പ്പിക്കാന്‍. ആദ്യ അധ്യായമാണെങ്കില്‍ എതോ തരം കാക്കയെപ്പറ്റിയാണ്. പുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായം വായിക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ ഒരിക്കലും ഇഷ്ടം തോന്നിയിട്ടേയില്ല. അപ്പോഴേക്കും അയാള്‍ക്ക് മടുത്തു. ലൈബ്രറിയിലെ പുസ്തക അലമാരകളുടെ ഗന്ധം തനിക്ക് പിടിക്കുന്നില്ല എന്ന് തോന്നി. പിന്നീട് വായിക്കാമെന്ന് വിചാരിച്ചു കൊണ്ട് അയാള്‍ പുസ്തകം തിരികെ വച്ച് വേഗത്തില്‍ ലൈബ്രറി വിട്ടു.

തുടര്‍ന്നുള്ള കുറെ ദിവസങ്ങളില്‍ ജോലിത്തിരക്കു മൂലം അയാളും, എന്തുകൊണ്ടോ പത്രങ്ങളൂം ആ വാര്‍ത്ത മറന്നു കളഞ്ഞു.

എന്നാല്‍ അധികം താമസിയാതെ അയാളുടെ സമനില തെറ്റിച്ചു കൊണ്ട് വീണ്ടുമൊരു പത്ര വാര്‍ത്ത പ്രത്യക്ഷെപ്പെട്ടു. മറ്റൊരു മൃതശരീരം കണ്ടെടുത്തിരിക്കുന്നു; അതേ സ്ഥലത്തു നിന്ന്. ഇത്തവണ പത്രത്തില്‍ വാര്‍ത്ത മുന്‍പേജിലേക്ക് വന്നിരുന്നു. കൂടാതെ ആ സ്ഥലത്തിന്‍റെ ഒരു വലിയ ചിത്രവും. അതു കണ്ടപ്പോള്‍ അയാള്‍ക്ക് തലചുറ്റി (തുടരും)

Thursday, October 29, 2009

വെളുത്ത താഴ്വര-3

രാത്രി ഒന്‍പതു മണിയോടെ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോഴേക്കും അയാള്‍ തീര്‍ത്തും അവശനായിരുന്നു. രാത്രി വൈകിയെങ്കിലും സുന്ദരേശന്‍ കാത്തിരിപ്പുണ്ടായിരുന്നു.


"എന്താണ് സര്‍, സുഖമില്ലേ, വൈകിയപ്പോള്‍ ഞാന്‍ ഒന്നു പരിഭ്രമിച്ചു"


"സാരമില്ല, ഇത്രയും സമയം വണ്ടിയോടിക്കുകയായിരുന്നില്ലേ"


നടന്ന കാര്യങ്ങള്‍ സുന്ദരേശനോട് പറയണമോ? ഇപ്പോള്‍ വേണ്ട. അവ ഓര്‍ത്തിട്ടു തന്നെ ഉള്‍ക്കിടിലമുയരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂര്‍ സ്വബോധമുണ്ടായിരുന്നുവോ എന്ന് അയാള്‍ക്ക് സംശയം തോന്നി. നല്ല വേഗത്തിലായിരിക്കണം ഓടിച്ചത്. റോഡില്‍ ഇറങ്ങാനിടയുള്ള ആനകളെപ്പറ്റിയോ റോഡിന്‍റെ അപകടകരമായ വീതിക്കുറവോ ഓര്‍ത്തതേയില്ല. അതുപോലെ ഭയന്നുപോയിരുന്നു. കഥകള്‍ യാഥാര്‍ഥ്യമായി നിന്ന് സ്വാഗതം ചെയ്യുന്നതു പോലെയുള്ള സ്ഥിതി. വീട്ടിലേക്ക് ഒന്നു ഫോണ്‍ ചെയ്ത് ഇവിടെ എത്തിയെന്ന് പറയാന്‍..


"സുന്ദരേശാ, ഒന്നു ഫോണ്‍ ചെയ്യണമായിരുന്നല്ലോ"


"സാര്‍, ഇവിടെ ഗസ്റ്റ് ഹൗസിലെ ഫോണ്‍ ഒരാഴ്ചയായി തകരാറിലാണ്. പിന്നെ അടുത്ത് ഫോണുള്ളത് അല്പം അകലെയുള്ള ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ്. അവിടെ ആളുണ്ടോ എന്ന് ഉറപ്പില്ല. സാറിനു നിര്ബ്ബന്ധമാണെങ്കില്‍.."


"വേണ്ട, ഇനി ഈ രാത്രിയില്‍ എങ്ങോട്ടും പോകാന്‍ വയ്യ"


"ശരി, എന്നാല്‍ നാളെ പുലര്‍ന്ന ശേഷം നമുക്ക് പോസ്റ്റോഫീസില്‍ നിന്ന് ട്റങ്ക് കോള്‍ ബുക്ക് ചെയ്യാം സര്‍. ഇവിടെ നിന്ന് അധിക ദൂരമില്ല. പത്തു മണിയാകണം എന്നേയുള്ളൂ."


"അതുമതി സുന്ദരേശാ.."


"സാര്‍, സാറിനുള്ള മുറിയില്‍ ഞാന്‍ ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ട്. കുളിക്കാനും മറ്റും അവിടെ സൗകര്യമുണ്ട്. സാറിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചു കൊള്ളൂ"


വസ്ത്രം മാറ്റുന്നതിനോ, കുളിക്കുന്നതിനോ അയാള്‍ക്ക് കഴിഞ്ഞില്ല. ധാരാളം വെള്ളം കുടിച്ചു. വിശപ്പ് തോന്നുന്നുമില്ല. രണ്ടാം നിലയിലെ മുറി ആയതിനാല്‍ ജനാലയിലൂടെ ഗസ്റ്റ് ഹൈസിനു മുന്നിലെ റോഡ് കാണാം. അവിടെ ഒരു കരിമ്പു ലോറി നില്‍ക്കുന്നുണ്ട്. അതിന്‍റെ ടയര്‍മാറ്റുന്നതിനു ശ്രമിക്കുന്ന ഡ്രൈവറെയും മറ്റും അവരുടെ കയ്യിലെ വിളക്കിന്‍റെ വെളിച്ചത്തില്‍ കാണാം. അത് ഒരു ആശ്വാസമായി അയാള്‍ക്ക് തോന്നി. മഞ്ഞിന്‍ പുതപ്പിനെക്കുറിച്ചുള്ള ഓര്‍മ വീണ്ടും അയാളില്‍ തികട്ടി വന്നു. ആ മഞ്ഞിന് എന്തോ ഒരു ഗന്ധമുണ്ടായിരുന്നുവോ. ഇപ്പോള്‍ അങ്ങനെ തോന്നുന്നു. ജനാലച്ചില്ലുകള്‍ക്കപ്പുറം കാറ്റ് വന്നലച്ചപ്പോള്‍ അയാള്‍ക്ക് അസ്വസ്ഥത തോന്നി. പഴകിയ കര്‍ട്ടന്‍ വലിച്ച് ജനാല മറച്ച ശേഷം മുറിയിലെ ലൈറ്റുകള്‍ അണയ്കാതെ അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. ആ സ്ത്രീരൂപത്തിന്‍റെ അവ്യക്ത മുഖം അയാളെ വീണ്ടും പിന്തുടര്ന്നു. പ്രേതമോ, യക്ഷിയോ, ഭൂതമോ? അതോ ജീവനുള്ള ഒരു സ്ത്രീ തന്നെയോ? അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് ഏതെങ്കിലും ആയുധമായിരുന്നുവോ, അതോ അങ്ങനെയൊന്ന് തന്‍റെ വെറും തോന്നലായിരുന്നുവോ? ഇതെല്ലാം തന്നെ വെറും തോന്നലാണോ? അതോ സത്യമോ? അയാള്‍ വീണ്ടും അസ്വസ്ഥനായി. രാവിലെ സുന്ദരേശനോട് സൂചിപ്പിക്കാം. ആ സ്ഥലത്തെപ്പറ്റി ഇത്തരം കഥകളെന്തെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ കേട്ടിട്ടുണ്ടാവാനിടയുണ്ട്. എന്തൊരപകടം പിടിച്ച സ്ഥലമാണത്. മൂടല്‍ മഞ്ഞില്‍ അത്രയും വീതി കുറഞ്ഞ റോഡില്‍ വാഹനം ഓടിക്കുവാന്‍ സ്ഥല പരിചയമുള്ളവര്‍ക്കു പോലും കഴിയുകയില്ല. ചിന്തിച്ച് സമയം പൊയ്ക്കൊണ്ടിരുന്നു. റോഡില്‍ കരിമ്പു ലോറി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം...


"സാര്‍, ആ സ്ഥലത്തെപ്പറ്റി എന്തു കൊണ്ടാണ് ചോദിക്കുന്നത്?"


പോസ്റ്റോഫീസില്‍ നിന്ന് ഫോണ്‍ ചെയ്ത് മടങ്ങുന്നതിനിടയില്‍ സൂചിപ്പിച്ചപ്പോള്‍ സുന്ദരേശന്‍റെ പ്രതികരണം ഒരു മറു ചോദ്യമായിരുന്നു. തലേന്ന് വൈകുന്നേരത്തെ അനുഭവത്തെപ്പറ്റി ഒന്നും വ്യക്തമാക്കാതെ സ്ഥലത്തെപ്പറ്റി അന്വേഷിക്കുക മാത്രമേ ചെയ്തുള്ളൂ. എല്ലാം തന്‍റെ വെറും തോന്നലാണെങ്കില്‍ ഇയാള്‍ എന്ത് വിചാരിക്കും.


"അത്, ഒരു അപകടം പിടിച്ച് സ്ഥലമല്ലേ, കൂടാതെ നല്ല മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നു"


"സാര്‍, ആ സ്ഥലം അപകടം ഉണ്ടാകാനിടയുള്ള വിജന പ്രദേശമാണ്. സത്യം. എന്നാല്‍ ഇതു വരെ അവിടെ ഒരു വാഹനാപകടം ഉണ്ടായതായി കേട്ടിട്ടില്ല. രാപകലില്ലാതെ കരിമ്പു ലോറികള്‍ സഞ്ചരിക്കുന്ന വഴിയാണല്ലോ. എന്തെങ്കിലും അപകടമുണ്ടായാല്‍ ഈ ടൗണില്‍ അതറിയാതിരിക്കില്ല. ആ സ്ഥലത്തു നിന്ന് ഇങ്ങോട്ടുള്ള ഇറക്കത്തിനിടയില്‍ ആനകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു ഭാഗമുണ്ട്. അവിടെ ആനകളെ മിക്കവാറും കാണാറുള്ളതായി ലോറി ഡ്രൈവര്‍മാര്‍ പറയാറുണ്ട്. അവ ലോറികളെ ആക്രമിക്കാറില്ല. അല്പം ക്ഷമയോടെ കാത്തു നിന്നാല്‍ കടന്ന് പൊയ്ക്കൊള്ളും. ആനകള്‍ ഉപദ്രവം ഉണ്ടാക്കിയതായും എന്‍റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയ്ത്തില്‍ ഒരിക്കലും കേട്ടിട്ടില്ല. പിന്നെ മലഞ്ചെരിവല്ലേ, മൂടല്‍ മഞ്ഞുണ്ടാകും"


സുന്ദരേശന്‍ പറഞ്ഞതു കേട്ടപ്പോള്‍ അയാള്‍ക്ക് ഒന്നു തീര്‍ച്ചയായി. മൂടല്‍ മഞ്ഞില്‍ അകപ്പെട്ടതിന്‍റെ വിഹ്വലതയില്‍ തനിക്കുണ്ടായ ഒരു തോന്നല്‍. അല്ലാതെ ആ വിജന സ്ഥലത്ത് ആരു വരാന്‍? അതും ഒരു സ്ത്രീ. അതൊന്നും സുന്ദരേശനോട് വിളമ്പാതിരുന്നത് നന്നായി.


ഒരാഴ്ച കഴിഞ്ഞ് ജോലി തീര്‍ത്ത് മടങ്ങിയത് പകല്‍ സമയത്തായിരുന്നു. റോഡില്‍ അയാളുടെ വാഹനത്തിനു മുന്‍പെ പല വണ്ടികളും പോകുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കരിമ്പിറക്കി വരുന്ന ലോറികളും എതിരെ വന്നു. ആ സ്ഥലമെത്തിയപ്പോള്‍ അയാള്‍ ഒന്നു ചെറുതായി പേടിക്കാതിരുന്നില്ല. ഉണ്ട്. ആ വലിയ പാറയും, വീതി കുറഞ്ഞ റോഡിനു നടുവില്‍ വച്ച് കയറ്റം അവസാനിക്കുന്നതും മറുവശത്തെ മലകളും വലിയ കാട്ടുമരങ്ങളും എല്ലാമുണ്ട്. മഞ്ഞിന്‍റെ പൊടി പോലും എങ്ങുമില്ല. എല്ലായിടത്തും നല്ല തെളിച്ചം. തന്‍റെ ഭയമോര്‍ത്ത് ഒരിക്കല്‍ കൂടി അയാളൂടെ ചുണ്ടില്‍ നേരിയ ചിരി തെളിഞ്ഞു.


ജോലിത്തിരക്കില്‍ ഒരാഴ്ചകൂടി കടന്നു പോയി.


പത്രത്തിലൂടെ കണ്ണോടിക്കവെ ഒരു ചെറിയ വാര്‍ത്തയില്‍ അയാളുടെ കണ്ണുടക്കി. താന്‍ മൂടല്‍ മഞ്ഞിലകപ്പെട്ട അതേ സ്ഥലത്തു റോഡിനു വലതു വശത്തുള്ള കുഴിയില്‍ നിന്ന് രണ്ടാഴ്ച പഴക്കമുള്ള ഒരു ശവശരീരം കണ്ടെടുത്തത്രേ. റോഡ് ഇടിയാതെ കല്‍ക്കെട്ട് നിര്‍മിക്കാനെത്തിയ പണിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടാഴ്ച പഴക്കമുള്ള ശവശരിരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുള്ളതായി പോലീസ് അറിയിക്കുന്നുവെന്നാണ് വാര്‍ത്ത. മരിച്ചിരിക്കുന്നത്...?അയാള്‍ ഉദ്വേഗത്തോടെ ആ വാര്‍ത്തയിലൂടെ തിരഞ്ഞു. പത്രത്താള്‍ അയാളുടെ കയ്യിലിരുന്ന് വിറച്ചു (തുടരും)

Wednesday, October 28, 2009

വെളുത്ത താഴ്വര-2

മനസില്‍ ഉയര്‍ന്നു വന്ന ഭയം അവഗണിച്ചു കൊണ്ട് അയാള്‍ ജീപ്പ് മുന്‍പോട്ടെടുത്തു. കട്ടിയുള്ള മൂടല്‍ മഞ്ഞില്‍ വാഹനം നീങ്ങേണ്ട വഴി അവ്യക്തമാണെന്ന് അയാള്‍ ഓര്‍ത്തില്ല. എന്തായിരുന്നു, ആ രൂപം? അതു മാത്രമായിരുന്നു അയാളുടെ മനസില്‍. മിസ്റ്റ് ലൈറ്റിലും തെളിയാത്ത കടുപ്പം മഞ്ഞു കണങ്ങള്‍ക്കുണ്ടായിരുന്നു. അയാളില്‍ ഒരു നടുക്കം പടര്‍ന്നു. വാഹനം ഓടിക്കുന്നത് അപകടമാണെന്ന് അയാളുടെ ബുദ്ധി ഉപദേശിച്ചു. ഏതെങ്കിലും കാട്ടുജന്തു ആകാനാണ് വഴി. അത് അതിന്‍റെ വഴിക്ക് പോകട്ടെ. മഞ്ഞു നീങ്ങുന്നതു വരെ വാഹനത്തില്‍ തന്നെയിരിക്കാം. അയാള്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ വാഹനം റോഡിന്‍റെ നടുവില്‍ തന്നെ നിര്‍ത്തി. ഏതെങ്കിലും വണ്ടികള്‍ വന്നാല്‍..ഡ്രൈവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍..അയാളുടെ ഉള്ള് ഒന്നു കാളി. ഇത്രയും ശ്രദ്ധിച്ച് ഈ ദൂരമത്രയും ഓടിച്ചു വന്നിട്ട്, ഇവിടെ വച്ച്..വണ്ടി ഒതുക്കിയിടാനാണെങ്കില്‍ എങ്ങോട്ട് നീങ്ങും. മഞ്ഞിന് ഇപ്പോഴും നല്ല കടുപ്പം. ആ കാഴ്ചയിലേക്കു തന്നെ അയാളുടെ മനസ് മടങ്ങി വന്നു. 'ആ കാലുകള്‍ ഏതെങ്കിലും ഒരു മൃഗത്തിന്‍റേതായിരുന്നില്ല എന്നുറപ്പ്, അതൊരു മനുഷ്യനായിരുന്നു' അയാള്‍ സ്വയമറിയാതെ പിറുപിറുത്തു. അപ്പോള്‍ അയാള്‍ ഒന്നുകൂടി ഭയന്നു. ഭൂതപ്രേതാദികളൂടെ വിഹാര രംഗമായ കാട്ടുപാതകളെപ്പറ്റിയും മലഞ്ചെരിവുകളെപ്പറ്റിയും എന്തെല്ലാം കഥകള്‍ ആണ് കേട്ടിരിക്കുന്നത്. ഈ സ്ഥലം പരിചയമില്ലല്ലോ. ഒരു പക്ഷേ ഇവിടെയും അത്തരം കഥകള്‍ കുടിയിരിക്കുന്നുണ്ടാകാം. പക്ഷെ അഞ്ചുമണി മാത്രം കഴിഞ്ഞ ഈ സമയത്ത് പ്രേതങ്ങള്‍..പ്രേതങ്ങള്‍ സഞ്ചരിക്കുക അര്‍ധരാത്രിയിലാണെന്നല്ലേ കേട്ടിരിക്കുന്നത്. മഞ്ഞുപുതപ്പില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാത്ത ഈ മലഞ്ചെരിവില്‍ സമയത്തിനെന്തു പ്രാധാന്യം. ഇത് വിശദീകരിക്കാനാവാത്ത എന്തോ ഒന്നു തന്നെ. അയാള്‍ക്ക് കൈവിരലുകളില്‍ വിറയല്‍ അനുഭവപ്പെട്ടു. ഭയക്കാതിരിക്കാന്‍ താന്‍ വലിയ ഒരു ധീരനല്ലല്ലോ. അതും ഏകാന്തമായ ഈ കാട്ടുപ്രദേശത്ത മൂടല്‍മഞ്ഞില്‍ അകപ്പെട്ട് വഴിമനസിലാകാതെ കുഴങ്ങുമ്പോള്‍ ഇത്തരം ഒരു അനുഭവം കൂടി നേരിട്ടാല്‍ ആരും പതറുകയില്ലേ. അയാള്‍ പെട്ടെന്ന് ഒരു കാര്യം ശ്രദ്ധിച്ചു. മഞ്ഞിന്‍ പുതപ്പ് താഴെയുള്ള ഗര്‍ത്തത്തിലേക്ക് ഊര്‍ന്നു പോയിരിക്കുന്നു. ഭയത്തിന്‍റെയും ചിന്തകളുടെയും തിരത്തള്ളലില്‍ അയാള്‍ അത് ശ്രദ്ധിച്ചതേയില്ല. ജീപ്പ് നില്‍ക്കുന്നത് റോഡില്‍ നിന്ന് അല്പ്പം വലത്തേക്ക് മാറിയിട്ടാണ്. ഇപ്പോള്‍ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ മുന്‍പോട്ടുള്ള ഭാഗം വ്യക്തമായി കാണാം. ഇതും നീണ്ട ഒരു കയറ്റം തന്നെ എന്നാല്‍ റോഡ് മുന്‍പോട്ട് ചെന്നിട്ട് മധ്യഭാഗത്തു നിന്ന് താഴേക്ക് ഇറങ്ങുകയാണെന്ന് തോന്നുന്നു. പ്രകാശത്തില്‍ റോഡിന്‍റെ മധ്യം വരെയേ കാണാന്‍ കഴിയുന്നുള്ളൂ. അയാള്‍ ചുറ്റും നോക്കി. ലൈറ്റിന്‍റെ പരിധിയില്‍ കാണാവുന്നിടത്തെവിടെയും ഒരു ജീവിയുടെയും അനക്കമില്ല. ഏതോ ഒരു തോന്നലില്‍ താന്‍ ഭയപ്പെട്ടത് ഓര്‍ത്ത് അയാള്‍ക്ക് ചിരി വന്നു. വെറുതെ ഒരു ഭയം. അയാള്‍ ജീപ്പ് വീണ്ടും മുന്നോട്ട് ഓടിച്ചു. റോഡിന്‍റെ ഇരു വശത്തും ഗര്‍ത്തങ്ങളുള്ള പാലം പോലെ തോന്നിക്കുന്ന ഭാഗം. നേരത്തെ കണ്ടതു പോലെ തന്നെ റോഡിന്‍റെ മധ്യത്തില്‍ കയറ്റം അവസാനിക്കുകയും ഇറക്കം ആരംഭിക്കുകയുമാണ്. റോഡിന് നന്നെ വീതി കുറവ്. എതിരെ ഒരു വാഹനം വന്നാല്‍ സ്ഥലം പരിമിതമാണ്. കയറ്റം അവസാനിച്ചയുടന്‍ ഹഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു, റോഡ് പെട്ടെന്ന് വലതു ഭാഗത്തേക്ക് തിരിയുകയും കൂറ്റന്‍ ഒരു പാറയുടെ മറവിലേക്ക് പോവുകയുമാണ്. അപകടമുണ്ടാകാന്‍ വലിയ സാധ്യതയുള്ള സ്ഥലം. ഈ ഭാഗത്ത് വെച്ച് മൂടല്‍ മഞ്ഞ് പ്രത്യക്ഷ്പ്പെട്ടാല്‍ കഥ തീര്‍ന്നതു തന്നെ എന്നാലോചിച്ചു കൊണ്ട് വളരെ സൂക്ഷിച്ച് വാഹനം ഉരുട്ടി. റോഡ് തിരിഞ്ഞ് പാറയുടെ മറവിലേക്ക് വാഹനത്തിന്‍റെ പ്രകാശം വീണപ്പോള്‍ അയാള്‍ ഞെട്ടിത്തറിച്ചു പോയി. റോഡിന്‍റേ വലത് ഓരം ചേര്‍ന്ന് ഒരു സ്ത്രീ !!! അയാളില്‍ നിന്ന് മാഞ്ഞു തുടങ്ങിയിരുന്ന ഭയം നൂറിരട്ടിയായി മനസില്‍ മുഴങ്ങി. ജീപ്പ് മുന്നോട്ട് ഉരുളകയാണ്. സ്റ്റിയറിങ്ങില്‍ ഒരു പാവ കണക്കെ പിടിച്ചിരിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. മുടി അഴിച്ചിട്ടിരിക്കുന്നു. തവിട്ടു നിറമാര്‍ന്ന സാരി, അതോ മിസ്റ്റ് ലൈറ്റില്‍ അങ്ങനെ തോന്നിയതോ. അയാള്‍ ആ രൂപത്തെ ഉറ്റ് നോക്കി. ജീപ്പിന്‍റെ അതേ ദിശയില്‍ നീങ്ങുന്ന അത് തിരിഞ്ഞു നോക്കുന്നില്ല. ജീപ്പ് ഉരുണ്ട് അതിനു സമീപമെത്തി. അല്പം മുന്‍പ് താന്‍ മൂടല്‍ മഞ്ഞില്‍ കണ്ട കാലുകള്‍ !!! ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് യാന്ത്രികമായി സ്റ്റിയറിങ്ങില്‍ പിടിച്ചുകൊണ്ട് ഭയം തുടി കൊട്ടുന്ന മനസുമായി ആ രൂപത്തിനു തൊട്ടടുത്തു കൂടി കടന്നു പോകുമ്പോള്‍ അയാള്‍ അതിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ആ രൂപത്തിന്‍റെ മരവിച്ചതു പോലെയൂള്ള മുഖത്തിന്‍റെ പാതി ഭാഗം അയാള്‍ കണ്ടു. അതിന്‍റെ കണ്ണുകള്‍ ഇരുട്ടില്‍ വ്യക്തമല്ല. അത് ഇപ്പോഴും മുന്‍പോട്ട് നടക്കുകയാണ്. അയാള്‍ ഇരിക്കുന്ന ഡ്രൈവിങ് സീറ്റിന്‍റെ ഭാഗം നിമിഷങ്ങള്‍ കൊണ്ട് അതിനെ കടന്നു പോയി. സാവധാനം ജീപ്പു മുന്നോട്ട് ഉരുളുകയാണ്. ഉള്‍ക്കിടിലത്തോടെയെങ്കിലും അയാള്‍ക്ക് തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. ജീപ്പിനു പിന്നിലെ ചുവന്ന വെളിച്ചത്തില്‍ അവ്യക്തമെങ്കിലും ഭീകരമായിത്തീര്‍ന്ന ആ സ്ത്രീരൂപത്തെ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു. ഒപ്പം അത് വലതു കയ്യില്‍ പിടിച്ചിരിക്കുന്ന നീണ്ട കത്തി പോലെ തോന്നിക്കുന്ന എന്തോ ഒന്നും. ഒരലര്‍ച്ചയോടെ അയാള്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തി (തുടരും)

വെളുത്ത താഴ്വര-1

സ്റ്റിയറിങ്ങില്‍ നിന്ന് വിരലുകള്‍ തെന്നിപ്പോകുമോ എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. വിരലുകള്‍ അത്രമാത്രം തണുത്തിരിക്കുന്നു. വളവുകള്‍ വരുമ്പോള്‍ സ്റ്റിയറിങ്ങ് തിരിക്കുവാന്‍ നന്നേ പാടുപെടേണ്ടി വരുന്നു. സന്ധ്യയായിക്കഴിഞ്ഞോ? വിരസമായ റോഡിലേക്ക് കണ്ണൂ നട്ടിരിക്കുന്നതിനിടയില്‍ സമയത്തെപ്പറ്റി അധികം ചിന്തിച്ചിരുന്നില്ല. വല്ലപ്പോഴും എതിരെ വരുന്ന കരിമ്പു കയറ്റിയ ലോറികള്‍ മാത്രമേ ആ വിരസത അകറ്റിയിരുന്നുള്ളൂ. അവയാകട്ടെ വളരെ നിരുപദ്രവകരമായി കഷ്ടപ്പെട്ട് ഇറക്കം ഇറങ്ങി വരികയായിരുന്നു. കഴിഞ്ഞ കുറെയേറെ സമയമായിട്ടും ഒരു വാഹനവും അയാളെ കടന്ന് പോയിട്ടുമില്ല. വാച്ചില്‍ നോക്കാന്‍ ഒന്ന് മടിച്ചു. ശ്രദ്ധ തെറ്റിയാല്‍ വാഹനങ്ങളില്ലാത്ത റോഡാണെങ്കിലും എപ്പോഴാണ് എതിരെ ഒരു വണ്ടി വരിക എന്ന് ആര്‍ക്കറിയാം? റോഡ് അല്പം നേരെയുള്ള സ്ഥലത്ത് വന്നപ്പോള്‍ കൈത്തണ്ട അല്പം ഒന്ന് വെട്ടിച്ചു. വാച്ചിന്‍റെ ചില്ലിനടിയില്‍ മഞ്ഞ് പോലെ അവ്യക്തത. അഞ്ചു മണി കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. റോഡിന്‍റെ ഒരു വശത്തുള്ള പാറകള്‍ക്കും അവയെ ചുറ്റി നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കും പെട്ടെന്ന് കറുത്ത നിറം വന്നിരിക്കുന്നു എന്ന് അയാള്‍ക്ക് മനസിലായി. അപ്പുറമുള്ള കാട്ടു മരങ്ങളുടെ തടികള്‍ക്ക് അല്പം നരച്ച നിറമുണ്ട്. ബാക്കിയൊക്കെ ഇരുട്ട് തന്നെ. ഇടതു വശത്തുള്ള അഗാധതയിലേക്ക് നോക്കാനുമായില്ല. ഓരോ വളവുകള്‍ തിരിയുമ്പോഴും അകലെയുള്ള മലകള്‍ ഓരോന്നായി ഇരുട്ടില്‍ മറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് വീണ്ടും വല്ലാത്ത വിരസത അനുഭവപ്പെട്ടു തുടങ്ങി. റോഡ് പെട്ടെന്ന് നീണ്ട കയറ്റങ്ങളിലേക്ക് പ്രവേശിച്ചു. കുറെ ദൂരം ഓടിയാലേ വളവ് വരുന്നുള്ളൂ. റോഡിന്‍റെ സ്ഥിതി കുറെക്കൂടി മോശമായിട്ടുമുണ്ട്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എപ്പോഴാണ് കരിമ്പു ലോറികള്‍ ഇറങ്ങിവരിക. ഇനി റോഡ് ഒരു വലിയ മലയുടെ ഉച്ചത്തില്‍ എത്തും പോലും. അവിടെ നിന്നുള്ള യാത്രയാണ് സൂക്ഷിക്കേണ്ടതായി കേട്ടിട്ടുള്ളത്. പകല്‍ സമയത്തു പോലും ആനകള്‍ വഴിയില്‍ ഇറങ്ങി വന്നേക്കും. നല്ല നീളത്തില്‍ റോഡ് കണ്ടപ്പോള്‍ അയാള്‍ക്ക് ഒരു നിമിഷം നിര്‍ത്തി ഒന്നു പുറത്തിറങ്ങിയാലോ എന്ന് തോന്നി. ഹെഡ് ലൈറ്റ് ഓഫ് ചെയ്യാതെ ആവുന്നത്ര സൈഡൊതുക്കി നിര്‍ത്തിയിട്ട് അയാള്‍ പുറത്തിറങ്ങി. മറു വശത്തുള്ള ചരിവിലെ മരച്ചില്ലകളിലേക്ക് കാറ്റ് വീശുമ്പോഴുള്ള ഉലയല്‍ ഇരമ്പം പോലെ കേള്‍ക്കാം. അതോ അടുത്തെവിടെയോ വെള്ളച്ചാട്ടമുണ്ടോ? പക്ഷെ ഇവിടേക്ക് ആ കാറ്റ് എത്തുന്നുമില്ല. അല്പം മാറി നിന്ന് അയാള്‍ വശത്തേക്ക് നോക്കി. കൂറ്റനൊരു പാറ ഇരുള്‍ പുതച്ച് ആകാശത്തേക്ക് കയറിപ്പോകുന്നതിനു ചുവട്ടിലാണ് നില്‍ക്കുന്നത്. ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തിനു ചുറ്റും ഇരുളിനു മറ്റൊരു നിറമാണ്. അടുത്തുള്ളതു പോലും കാഴ്ചയെ കബളിപ്പിക്കുന്നുണ്ട്. അധിക സമയം നില്‍ക്കാന്‍ തോന്നിയില്ല. എന്തോ ഒന്നു തികട്ടി വരുന്നതു പോലെ. മെല്ലെ മുന്നോട്ടു പോയി അതുപോലെ തന്നെയുള്ള നീണ്ട രണ്ട് കയറ്റങ്ങള്‍ കഴിഞ്ഞ് വലിയ ഒരു വളവെടുത്ത് ചെന്നത് വെണ്മയുടെ ഒരു വലിയ മേലാപ്പിനടിയിലേക്കാണ്. വണ്ടിയുടെ മഞ്ഞ വെളിച്ചം പോലും ആ വെണ്മ കടന്ന് പോകുന്നില്ല. അയാള്‍ പെട്ടെന്ന് വാഹനം നിര്‍ത്തി. നില്‍ക്കുന്നത് റോഡീലോ പുറത്തോ, കൂഴിയുടെ വക്കിലോ മരത്തിനു ചുവട്ടിലോ, പാറകള്‍ക്കടുത്തോ, ഒന്നും വ്യക്തമല്ല. വാഹനത്തിനു ചുറ്റും പരന്ന് നില്‍ക്കുന്ന വെണ്‍മയുടെ താഴ്വര. അതിന്‍റെ ശകലങ്ങള്‍ വണ്ടിക്കുള്ളീലേക്കും കടന്ന് അയാളെ സ്പര്‍ശിച്ചപ്പോള്‍ ഒട്ടൊരു അസുഖത്തോടെ അയാള്‍ ഇളകിയിരുന്നു. എവിടെയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഒരു രൂപവുമില്ല. ഹെഡ് ലൈറ്റ് അണച്ചാലോ? വാഹനം നിര്‍ത്താതെ ലൈറ്റ് കെടു‍ത്തിയയുടന്‍ അയാള്‍ ഞെട്ടിപ്പോയി. വാഹനത്തെ ചുറ്റി നില്‍ക്കുന്ന വെളുത്ത ഒരു പുതപ്പ്. അതിനുള്ളില്‍ ആകാശത്തോ ഭൂമിയിലോ എന്നറിയാതെ അയാളും വണ്ടിയും. ഇരുളിനുള്ളില്‍ ഈ വെണ്മ എവീടെ നിന്ന്? ചെവികള്‍ അടഞ്ഞതു പോലെ. ചിന്തകള്‍ ഒരു നിമിഷത്തേക്ക് പിടിച്ചു നിര്‍ത്തിയപ്പോള്‍ ആകാശത്ത് മേഘക്കൂട്ടങ്ങള്‍ക്കു മേല്‍ ഇരിക്കുകയാണെന്ന് തോന്നിപ്പോയി അയാള്‍ക്ക്. പുറത്തേക്കിറങ്ങി നോക്കിയാലോ? വേണ്ട, എപ്പോഴാണ് ഏതെങ്കിലും വണ്ടി കയറിയോ ഇറങ്ങിയോ വരിക എന്ന് രൂപമില്ല. വീണ്ടും ഹെഡ് ലൈറ്റ് തെളിയിച്ചു. അല്പ ദൂരം കാണാം. വലതു വശത്തായി എന്തോ ഒന്ന് അനങ്ങുന്നതു പോലെ. അയാള്‍ ഒന്ന് നടുങ്ങാതിരുന്നില്ല. ആന? മറ്റ് ഏതെങ്കിലും കാട്ടുമൃഗം? അതോ വേറെയും വാഹനങ്ങള്‍ ഈ വെണ്മയില്‍ ദിശതെറ്റി അടുത്തു നില്പ്പുണ്ടോ? വ്യക്തമല്ലെങ്കിലും അത് അത്രയും വലിയ രൂപമല്ല. അകന്നു പോവുകയാണെന്ന് തോന്നുന്നു. വാഹനമല്ല. ആനയുടെ വലിപ്പമില്ല. മറ്റ് കാട്ടുമൃഗങ്ങള്‍? അയാള്‍ ഒന്ന് ഹോണ്‍ മുഴക്കി. രൂപത്തിന്‍റെ ചലനത്തിനു വ്യത്യാസമില്ല. മൃഗങ്ങളാണെങ്കില്‍ ഹോണ്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കേണ്ടതല്ലേ? എഞ്ചിന്‍ നിര്‍ത്താത്ത സ്ഥിതിക്ക് അവ ഇത്രയും അടുത്തു വരാനുമിടയില്ല. റോഡിലോ പുറത്തോ വണ്ടി എന്നതു പോലും ഒരു നിമിഷത്തേക്ക് മറന്നു കൊണ്ട് അയാള്‍ വലതു വശത്തേക്ക് അല്പം ഒന്ന് വെട്ടിച്ചു. നിലം ചേര്‍ന്ന് ഒഴുകുന്ന വെളുത്ത മേലാപ്പിനടിയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാല്പ്പാദങ്ങള്‍ ഒരു മിന്നായം പോലെ അയാള്‍ കണ്ടു. മനുഷ്യനോ, മൃഗമോ? വെണ്മ ആ കാഴ്ചക്കും അയാള്‍ക്കുമിടയിലേക്ക് വീണ്ടും കയറി വന്നു നിറഞ്ഞു (തുടരും)

Sunday, October 11, 2009

... ... ...

സൂര്യപുരാതനം നിമിഷം തീരും അനിശം
മണല്‍ത്തിട്ടയില്‍ക്കിടന്നു മയങ്ങി;
ജലം വന്നുണര്‍ത്തി, 'പോകാം'.
ഗാന്ധാരം ദൃശ്യം രസം അധിക പാദം
ചായല്‍ക്കാറ്റില്‍ വിയര്‍പ്പാറ്റി;
വയല്‍ച്ചെളിയില്‍ സ്നാനം കാക്കും
അന്തിക്കൊക്കും കുറുകി, 'പോകാം'.

Thursday, October 1, 2009

കറുത്തപക്ഷത്തിലെ കൂജിതങ്ങള്‍

ദുഖങ്ങള്‍ക്കവധി പറഞ്ഞ്
വിലാപങ്ങളുടെ മേച്ചില്പ്പുറത്ത്
കണ്ണുകളെ വിട്ടുകൊടുത്ത് നില്‍ക്കുന്നു;
നഗ്നമാക്കിയിട്ടും മതിവരാതെ
ത്വക്കും മാംസവും അഴിച്ചെടുത്തിട്ടും
കൊതിയുടെ ജ്വാലയണയാതെ
മിടിക്കുമീ രക്തസഞ്ചിയില്‍ വിരല്‍കടത്തി
നീ പറയുമോ, എന്നെ സ്നേഹിക്കുന്നുവെന്ന്.
കായം ചുവയ്ക്കും മരണത്തെയെടുത്തെന്നില്‍
ചാര്‍ത്തുമോ വരണമാല്യമായ്.
കറുത്ത ശീലകള്‍ കഴുകി വെളുപ്പിക്കുവാന്‍
കറുത്ത രാത്രിമേല്‍ വെള്ള പൂശുവാന്‍;
കാറലെണ്ണത്തോണിയില്‍ കിടത്തുവാന്‍
കീടങ്ങള്‍ക്കൊപ്പമെന്നെ ദ്രവിപ്പിക്കുവാന്‍.
പറഞ്ഞു തീരാതെയല്ല,
കണ്ടു തീരാതെയല്ല.
എങ്കിലും നിന്‍ കാല്‍ച്ചുവട്ടില്‍
പറ്റിനിന്നൊരു മണല്‍ത്തരിയായ്
നിന്നെ നോവിക്കുവാന്‍, നോവോടെയെന്നെ
പുണരും നിന്‍ കരങ്ങളില്‍ തൊട്ടു നിലംപതിക്കാന്‍
പിന്നെ വരാതെയാവാന്‍...