Wednesday, December 23, 2009

ഡിസംബര്‍

ഡിസംബറില്‍ പനി വരുന്നത്
വിശന്നിരിക്കുമ്പോള്‍
കുക്കിംഗ് ഗ്യാസ് തീരുന്നതുപോലെയാണ്
ഡിസംബറില്‍ നേരത്തെ ഉറങ്ങുന്നത്
ലോകസുന്ദരി മത്സരത്തിനു പോയിട്ട്
മത്സരം കാണാതെ ഉറങ്ങുന്നത് പോലെയാണ്
ഡിസംബറില്‍ മഞ്ഞുതുള്ളികള്‍ പുതച്ചു
പത്രക്കാരന്‍ രാവിലെ വരുന്നത്
ഓര്‍മകള്‍ കബറില്‍ നിന്ന്
പേടിതോന്നിപ്പിക്കാതെ
ചിരിക്കുന്നതുപോലെയാണ്
ഡിസംബറില്‍ പഴ്സ് കാലിയാകുന്നത്
ഗ്ലാസില്‍ വെള്ളം നിറയുന്നതു പോലെയാണ്
ഡിസംബറില്‍ കരയുന്നത്
കണ്ണുനീരിന്‍റെ ഹോള്‍സെയില്‍ വില
മനസിലാക്കാത്തവരാണ്
ഡിസംബറില്‍ കവിത എഴുതുന്നത്
പത്രാധിപരുടെ സുഹൃത്തുക്കളാണ്;
എന്തെന്നാല്‍ ഡിസംബറില്‍ ഓണപ്പതിപ്പില്ലല്ലോ
ഡിസംബറില്‍ അവധിക്ക് വരുന്നത്
രണ്ട് വര്‍ഷങ്ങളെയും സ്നേഹിക്കാതെ
പടിപ്പുരയില്‍ നില്‍ക്കുന്നവരാണ്
ഡിസംബറില്‍ ഡാമിനെപ്പറ്റിയും
കോപ്പന്‍ ഹേഗനെപ്പറ്റിയും
ചര്‍ച്ചകള്‍ ചെയ്യുന്നത്
മൃത്യുഞ്ജയ ഹോമമാണ്
ഡിസംബറില്‍ വിരല്‍ത്തുമ്പ്
തണുത്തുപോകുന്നത്
അത് ചൂടാക്കാന്‍
ഉള്ളില്‍ മനുഷ്യരക്തമില്ലാതിരുന്നിട്ടാണ്
ഡിസംബറില്‍ പകലനെയും
അനോണി മാഷിനെയും കാപ്പിലാനെയും
ഹരീഷ് തൊടുപുഴയെയും
പേടിസ്വപ്നത്തില്‍ കാണുന്നത്
ശുഭസൂചനയാണ്
ഡിസംബറില്‍ ബ്ലോഗെഴുതിപ്പോകുന്നത്
ഉറക്ക ഗുളിക കഴിച്ചതു കൊണ്ടാണ്
ഡിസംബറില്‍ കള്ളക്കള്ളപ്പവും പനങ്കള്ളിന്‍പാനിയും
കഴിക്കുന്നത്
ബേക്കറികള്‍ക്ക് ഗ്ലാമര്‍ കൂടിയതു കൊണ്ടാണ്
ഡിസംബറില്‍ യാത്രാ സൂചകമായി
കൈ വീശുന്നത്
വെറുതെ പോകുന്ന വര്‍ഷത്തിനെ പീഡിപ്പിക്കാന്‍
അതിന്‍റെ ശവക്കച്ച
അഴിച്ചു മാറ്റുന്നതിനാണ്

Wednesday, December 16, 2009

ക്രൗര്യസംക്രമണം(നിരൂപണം)

കാപ്പിലാന്‍ കവിതകളുടെ പാരസ്പര്യം അത്ഭുതാവഹം ആണ്. ഇന്ന് ഇവിടെ നിരൂപണ വിധേയമാക്കുന്നത് അദ്ദേഹത്തിന്‍റെ കണ്ണന്‍ തവി, ബലൂണ്‍ എന്നീ പുതുകവിതകള്‍. അടുത്തടുത്ത ദിവസങ്ങളില്‍ കവി മനസില്‍ നിന്ന് ഉതിര്‍ന്നു വീണ ഈ രണ്ട് കവിതകളും വായനക്കാരന്‍റെ മനസിലും വായനയിലും ആശയ മേഖലകള്‍കൊണ് കൊണ്ട് കോറുന്നു. ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേക്കുള്ള സംക്രമണം വായനയില്‍ തീ കോരിയിടുന്നു.

വളരെ അപ്രതീക്ഷിതമായി കവി രചിച്ച കണ്ണന്‍ തവി എന്ന കവിത 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വായിച്ച വായനക്കാരനെ ഒരിക്കല്‍ കൂടി ലാറ്റിനമേരിക്കയിലെ ഏതോ കുഗ്രാമത്തിലേക്ക് എന്നപോലെ കൊണ്ടു പോകുന്നു, നൈമിഷകതയുടെ വീഞ്ഞ് കുടിച്ച് അല്ലലുകള്‍ മായ്ക്കുന്ന ഗ്രാമീണര്‍ മറന്നു വെച്ച ഒരു പാവം തവിയെ അവിടെ വായനക്കാര്‍ കണ്ടെത്തുന്നു. പുറത്ത് നിര്‍ത്താതെ മറവിയുടെ മഴപെയ്യുന്ന ഏതോ ലാറ്റിനമേരിക്കന്‍ ഗ്രാമീണ ഭവനത്തിന്‍റെ അടുക്കള മൂലയില്‍ ആ തവി സ്വയം നഷ്ടപ്പെട്ട് കഴിയുകയാണ്. ആ തവി രുചി നോക്കിയ മഹാ വിഭവങ്ങള്‍, ആ തവി പ്രധാന വേഷമെടുത്തിരുന്ന വിരുന്നുകള്‍, ആ തവിയുടെ ഉപ്പിലും ചൂടിലും രോഗമകന്ന നാളുകള്‍, ആ തവി മാത്രം ഉപയോഗിച്ചിരുന്ന വിരലുകള്‍ എല്ലാമെല്ലാം വായനക്കാരന്‍റെ മനസിലേക്ക് കടന്നു വരുന്നുണ്ട്.

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ കേണല്‍ അറെലിയാനോ ബുവെന്ദയെപ്പോലെ' വായനക്കാരനും ഭൂതകാലത്തില്‍ നിന്നു കൊണ്ട് വര്‍ത്തമാന കാലത്തെപ്പറ്റി പ്രവചന രൂപമുള്ള വെളിപ്പാടുകള്‍ കാണുന്നുണ്ട്.
പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍

ഇന്ന് കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
ഇലകളില്‍ കോരി കഞ്ഞി കുടിച്ചിരുന്നവര്‍ തവികളെ സ്വപ്നം കണ്ടിരിക്കുമോ എന്ന് കവി സംശയിക്കുന്നുണ്ട്. ഇതു തന്നെയാണ് ഈ കവിതയുടെ ദാര്‍ശനിക തലം. പുരാതന ചരിത്രം സ്വപ്നം കണ്ടവയാണോ ഇന്ന് നമ്മുടെ സ്വന്തമായിരിക്കുന്നതെല്ലാമെന്ന ചോദ്യം കവി ഉന്നയിക്കുകയാണ്.
ആരോടും പരിഭവമില്ലാതെ പിണക്കം ഇല്ലാതെ
ആരോടും പരിഭവമില്ലാതെ പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട് ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌

ചെവിയില്ലാത്ത ഭിത്തിയോട് ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌ എന്ന വരികളില്‍ വായനക്കാരനുണ്ടാകുന്ന ആത്മനിന്ദ ഭയങ്കരമാണ്. ഒരു തവിയാണെങ്കില്‍ക്കൂടിയുംഗഹനമായ ചരിത്രം ഉറങ്ങുന്ന ഒന്നിനെ അവഗണിക്കുന്നതിനെ വായനക്കാരന്‍ ഇവിടെ ഭയക്കുന്നുണ്ട്. തവിയുടെ ഗദ്ഗദങ്ങള്‍ വന്നലക്കുന്ന ചെവിയില്ലാത്ത ഭിത്തി വായനക്കാരന്‍റെ ഹൃദയ ഭിത്തിയാകുന്നില്ലെങ്കിലേ അത്ഭുതപ്പെടാവൂ.
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍

വൃത്തത്തിലും നീളത്തിലും അര്‍ദ്ധവൃത്താകൃതിയിലും
അങ്ങനെ എത്രയോ തവികള്‍ ഇന്ന് സുലഭം
പ്രാചീന സ്വപ്നങ്ങള്‍ വെറും മിഥ്യാഭ്രമങ്ങള്‍ ആയി മാറിയതിനെ കവി ഇവിടെ വെറുക്കുന്നു. ഇല സ്വന്തമായിരുന്നവര്‍ കണ്ട സ്വപ്നം ഒരു പക്ഷേ പാവമൊരു കണ്ണന്‍ തവിയെ ആയിരിക്കാം. എന്നാല്‍ പരിണാമം വരുത്തിയതെല്ലാം ആ സ്വപ്നങ്ങള്‍ക്കുമപ്പുറം മരവിപ്പുകളുടേതാണെന്ന് കവി അറിയുന്നുണ്ട്. പല തവികള്‍ക്കും ഉള്ള് പൊള്ളയാണ്, പുറമേക്ക് സൗന്ദര്യം കലശലെങ്കിലും. ഉരുകുന്നവയും ആകൃതി നിയതമല്ലാത്തവയും ആയി അവ പ്രാചീന സ്വപ്നങ്ങളെ ഹനിക്കുകയാണ് ചെയ്തത്.
പ്രാചീനരുടെ സ്വപ്നത്തിന്‍റെ മൂര്‍ത്തീകരണമായ കണ്ണന്‍ തവിയെ അവര്‍ മറന്നു വച്ചതാണ് കവിയെ പ്രകോപിപ്പിക്കുന്നത്.. സ്വപ്നങ്ങളെ നാം ആത്മഹത്യക്ക് ഏല്പ്പിച്ച് കൊടുക്കരുത്. സ്വപ്നങ്ങള്‍ ഒരിക്കലും സ്വപ്നങ്ങളില്ലാത്തവയോട് വിലപിക്കേണ്ടതായി വന്നുകൂടരുത്.
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ കണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്

ആര് കേള്‍ക്കാനീ നെലോളികള്‍
വായനക്കാരും നിലവിളികളോടെ നില്‍ക്കുകയാണ്;
എന്നാല്‍ ഇവിടെ നിന്നാണ് കവിതയുടെ സംക്രമണം തുടങ്ങുന്നത്.


അതിന്‍റെ ചിഹനമെന്നോണം കണ്ണന്‍ തവി എന്ന കവിതയോട് പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത വിധം ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്ന, വാളൂരി നില്‍ക്കുന്ന രാജാവിന്‍റെ ചിത്രം സംസാരിച്ച് തുടങ്ങുന്നു. രാജാവിന്‍റെ വാള്‍ത്താരിയായാണ് കവിയുടെ അടുത്ത കവിത ബലൂണ്‍ നമുക്കു മീതെ ഉയര്‍ന്ന് പോകുന്നത്.ബലൂണിന്‍റെ ചരട് കയ്യിലുള്ള കുട്ടിയില്‍ കവി സന്നിവേശിക്കുകയാണ്. ആ കുട്ടിയുടെ മോഹമാണ് ഉയര്‍ന്ന് പറക്കുന്നത്. ആ ബലൂണീന്‍റെ നിറങ്ങളാണ് കുട്ടിയില്‍ ഭാവഭേദങ്ങള്‍ വരുത്തുന്നതും.
വിവിധ വര്‍ണ്ണങ്ങളുടെ നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ
വിഷം വമിക്കുന്ന നീര്‍ കുമിള

വര്‍ണങ്ങള്‍ക്കു പിന്നില്‍ നിന്ന് വിഷത്തിന്‍റെ നിറം കവിയും വായനക്കാരും തിരിച്ചറിയുകയാണ്. ഇവിടെ വായനക്കാര്‍ ഒരു പ്രത്യേക വിഭാഗമല്ല. അവര്‍ ഒന്നെങ്കില്‍ കവികളുമാണ്. അല്ലെങ്കില്‍ കവി കൂടി വായനക്കാരനായി മാറിയിരിക്കുന്നു. ഇങ്ങനെ ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ക്കെല്ലാം ബലൂണിന്‍റെ അഹംഭാവത്തെപ്പറ്റി മനസിലാവുന്നുള്ളൂ. ബലൂണിനു പിന്നാലെ ഓടുന്ന കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലുമുണ്ടാകാവുന്ന അതിന്‍റെ പതനം പ്രതീക്ഷിക്കുന്നുണ്ട്.
എത്ര ഉയരത്തില്‍ പറന്നാലും ഒരു മാത്ര കൊണ്ട് തീരും
നിന്‍റെ ഒടുങ്ങാത്ത പാച്ചില്‍ .
വര്‍ണ്ണങ്ങള്‍ എത്ര നീ ചാലിച്ച് തേച്ചാലും

ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ഉച്ഛ്വാസ വായുവുമായി
എത്ര ദൂരം കൂടി നീ പറക്കും ?

കണ്ണന്‍ തവി എന്ന കവിതയിലെ മറവിയിലേക്ക് ഇട്ടുപോയ തവി, ബലൂണ്‍ എന്ന കവിതയുടെ ഈ കാവ്യ സന്ദര്‍ഭത്തില്‍ കവിയുടെ കയ്യിലെ ഖഡ്ഗമായി രൂപാന്തരപ്പെടുന്നു. അഹംഭാവമേ, നീലാകാശം പോലെ നീ ഉയര്‍ന്നാലും നിലത്തിറങ്ങാതിരിക്കാനാവില്ല നിനക്ക് എന്ന വാക്കുകള്‍ വാള്‍ വീശലായി നമുക്ക് അനുഭവപ്പെടുകയാണ്.
നീ പോകുന്ന വഴിയില്‍ ഒരു മുള്ള് പോലും
കൊള്ളാതെ കാത്തു സൂക്ഷിക്കണേ
എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ട് .
വഴിയില്‍ എട്ടായി നീ പൊട്ടിത്തെറിച്ച
വാര്‍ത്ത ഞാന്‍ കാണാതിരിക്കട്ടെ.

ബലൂണ്‍ ചരട് കയ്യിലുള്ള കുട്ടിയുടെ പ്രാര്‍ഥനയല്ല ഇത്. ആകാശത്തോളം അഹംഭാവമുള്ള നമ്മുടെ പ്രാര്‍ഥനകളാണ്. കവിയുടെ ഖഡ്ഗം ഏറ്റതിന്‍റെ നീറ്റലില്‍ നിന്നാണ് നാം അങ്ങനെ പ്രാര്‍ഥിച്ചു പോകുന്നത്. നമ്മുടെ ഭാവങ്ങള്‍ മുള്ളീല്‍ തട്ടാതെയും വഴിയില്‍ ചിതറാതെയും കൊണ്ടു പോകുന്നതിനു വേണ്ടിയല്ലേ ജീവിതത്തിലെ ഭൂരിഭാഗവും ചെലവിടുന്നതെന്ന് നാമറിയുന്നു.
ദുഷ്ടനാനെങ്കിലും അത്രമേല്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവോ ?

ഉവ്വ് നമ്മള്‍, വായനക്കാര്‍ സ്വാര്‍ഥമായി സ്നേഹിക്കുന്നത് നമ്മുടെ മാത്രം ഭാവങ്ങളെയാണ്.

നൂല് പൊട്ടാതെ ഒടുവില്‍ നീ ഈ പടി കയറി വരുന്ന ഒരു നാള്‍
ചവിട്ടി പൊട്ടിക്കും നിന്നെ ഞാന്‍


സ്വാര്‍ഥതയുടെ അര്‍ഥതലങ്ങളെ ചവറ്റു കുട്ടയിലിടണമെന്ന് കവിക്ക് വാഞ്ഛയുണരുന്നു ഈ വരികളില്‍. കവിയുടെ വിചാരധാരയില്‍ ക്രൗര്യം കലരുകയാണ്. ദുശ്ശാസനന്‍റെ കുടല്‍ മാല എടുക്കുന്ന ഭീമന്‍റെ കഥകളിയലര്‍ച്ച പോലെ എന്തോ ഒന്ന് വായനക്കാരനില്‍ പ്രതിധ്വനിക്കുന്നുണ്ടീവിടെ; അഹംഭാവങ്ങള്‍ കുടലുപോലെ തുറിച്ചു തീരുകയാവാം.

Monday, December 14, 2009

ബസ് (നിരൂപണം)

ബ്ലോഗ് നിരൂപകനുള്ള അവാര്‍ഡ് നോമിനേഷന്‍ കിട്ട്യ സ്ഥിതിക്ക് എന്തിനെയെങ്കിലും നിരൂപിക്കണം എന്ന ശക്തിയായ പ്രചോദനം ഒരാഴ്ച ആയി എന്‍റെ ഉറക്കം കെടുത്തുകയായിരുന്നു.

ബ്ലോഗ് രംഗത്ത് ഇനിയും ശൈശവ ദശ പിന്നിടാത്ത നിരൂപണ ശാഖ വളരെയധികം പടര്‍ന്ന് പന്തലിക്കേണ്ട ആവശ്യകത ഉണ്ട്. അത് കണ്ടറിഞ്ഞ് നിങ്ങളെ ഓരോരുത്തെരെയും നിരൂപണത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു...

ബ്ലോഗ് കവിതാ രംഗത്തേക്ക് വലതുകാല്‍ വെച്ച് കയറിയ പിഷാരടി മാഷിന്‍റെ "$#^%$@##* ബസ്" എന്ന കവിതയെ ആണ് ഞാന്‍ ഇതാദ്യമായി നിരൂപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ആദ്യ പാദത്തില്‍ തന്നെ പിഷാരടി മാഷ് കവിതയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യുന്നതായിക്കാണാം. കവിത എന്ന ബസില്‍ കേരളത്തിലെ ഏതോ മെട്രോ സിറ്റിയിലെ പ്രധാന റോഡില്‍ യാത്ര ചെയ്തതിന്‍റെ ഓര്‍മയാണ് കവിയെ മലയാള ബ്ലോഗിന്‍റെ പാലേരി മാണിക്യമായ ഈ സവിശേഷ ശാഖയിലേക്ക് ഹഡാദാകര്ഷിച്ചതെന്ന് വേണം കരുതാന്‍.

മുന്‍ ഖണ്ഡികയില്‍ പറഞ്ഞതു പോലെ കാവ്യജീവിതം എന്ന ബസില്‍ കവി കയറിയിരിക്കുകയാണ്. അതിനാല്‍ കവി ഇരിക്കുന്നതിന്‍റെ മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഇരിക്കുന്നവര്‍ കാവ്യമേഖലയില്‍ പണ്ടേ സെന്‍റര്‍ ഫോര്വേഡ് കളിക്കുന്നതു ദര്‍ശിച്ച് പരിഭ്രാന്തനാകുന്നു.

രണ്ടാം പാദത്തില്‍ കവി ആധുനിക യുഗത്തിന്‍റെ മൂല്യച്യുതിയെപ്പറ്റി അതി വേഗം തന്നെ വിലപിക്കുകയാണ്.ബസിനുള്ളില്‍ വച്ച് നഗ്നരായ തമ്പുരാക്കന്മാര്‍ കൃതികള്‍ രചിക്കുന്നത് കണ്ട് ഹതാശനായ കവി ഫോട്ടോഷോപ്പും ഇലസ്റ്റ്രേറ്ററും തുറന്നു വരുമ്പോള്‍ എഴുതികാണിക്കുന്ന പരശ്ശതം പേരുകളില്‍ മലയാള ബ്ലോഗര്‍മാരുടെ പേരുകള്‍ പരതിപ്പോവുകയാണ്. മൂല്യങ്ങളെ ഫോട്ടോഷോപ്പിലിട്ട് നിറം പിടിപ്പിക്കുന്ന ആധുനികതയ്കെതിരെയുള്ള ഒന്നാന്തരം കവി ശബ്ദമാണിത്. ബസിലെ പ്രത്യേക കാവ്യ മേഖലയില്‍ വിരാജിക്കുന്നവരെ ഫോട്ടോഷോപ്പില്‍ കയറ്റി തുണി ഉടുപ്പിക്കണമോ എന്നാണ് കവിയുടെ വര്‍ണ്യത്തിലാശങ്ക.

തുടര്‍ന്ന് മെട്രോ സിറ്റിയിലെ റോഡുകളുടെ ശോചനീയാവസ്ഥ നിഴലിക്കുന്ന വരികളാണ് വരുന്നത്.
"ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും,
ചാഞ്ചാടിയുംതാളത്തിലും .."
ഈ താളത്തില്‍ ചാഞ്ചാടിയാടി ഉറങ്ങു നീ എന്ന് കവി തന്നിലെ കവിതയോട് പറയുന്നുണ്ട്. കൂടാതെ ബസിനുള്ളില്‍ സമയം കൊല്ലേണ്ടവര്‍ക്കായി ഒരു മിനി ബാര്‍ ഉള്ളതായും അതിലെ ടച്ചിംഗ്സ് തീരെ നിലവാരം കുറഞ്ഞതാണെന്നും കവിക്ക് തോന്നുന്നുണ്ട്.

തുടര്‍ന്ന് ബസിനുള്ളില്‍ നിന്ന് ഉയരുന്ന കവിതകള്‍ ബസിനു മുന്നിലേക്ക് നിവര്‍ന്നു വീഴുന്ന അത്ഭുത കാഴ്ച കവി നമുക്ക് കാട്ടിത്തരുന്നു. നീളമുള്ള കവിതകള്‍ പാകിയ റോഡാണ് മെട്രോ നിലവാരത്തിന് അനുയോജ്യമെന്ന് കവി നമ്മെ വിളീച്ചടിയിക്കുന്നുണ്ട്. ഇത് ബ്ലോഗില്‍ എല്ലാവരെയും കവികളാക്കുക എന്ന കാവ്യടൂറിസം സംബന്ധമായി പ്രധാനവുമാണ്. കൂടാതെ കവിതാലാപനത്തിന്‍റെ ഘോരമാധുരി ബസിന്‍റെ കടകട ശബ്ദത്തെ മായുന്ന നിലാവു പോലെ പരത്തിയില്ലാതാക്കിക്കളയുന്നുവെന്നും കവി വിവക്ഷിക്കുന്നു.

കീനു റീവ്സിന്‍റെ സ്പീഡ് (1) സിനിമയില്‍ കാണിക്കുന്നതു പോലെ ബസ് പെട്ടെന്ന് ഫ്ലൈ ഓവറിലൂടെ ആകാശത്തേക്കു പറന്ന് ബൂലോകത്തെ മൃദുല റോഡുകളിലൂടെ പായുന്നതായി കവിക്ക് അനുഭവപ്പെടുന്നു. ആ റോഡില്‍ വച്ച് ബസ് ഒരു 407 നെ ഓവര്‍ ടേക്ക് ചെയ്യുന്നതായും, ബസും 407-ഉം സമാന്തരമായി കുതിക്കുമ്പോള്‍ 407-നുള്ളിലുണ്ടായിരുന്ന കൊല്ലാന്‍ കൊണ്ടുപോവുകയായിരുന്ന കുഞ്ഞാടുകള്‍ ബസിന്‍റെ ജനാലകളിലൂടെ ബസിലേക്ക് പ്രാണരക്ഷാര്‍ഥം ചാടിക്കയറുന്നതായും നമുക്ക് അടുത്ത വരികളില്‍ കാണാം. അങ്ങനെ കശാപ്പുശാലയിലേക്കൂള്ള യാത്രയില്‍ നിന്ന് കുഞ്ഞാടുകള്‍ക്ക് വഴിതെറ്റിയതായി കവി വിലപിക്കുന്നു. ഇങ്ങനെ ചാടിക്കയറിയ കുഞ്ഞാടുകളാകട്ടെ തങ്ങളുടെ അല്പം മുന്‍പുള്ള ഭയങ്കര നില മറന്ന് ബസിലുണ്ടായിരുന്ന വിവിധ തരം യാത്രക്കാരെ പ്രത്യേക തരത്തില്‍ കരഞ്ഞ് അപമാനിക്കുന്നു. അപമാനം സഹിക്കവയ്യാതെ അനുവാചകര്‍ ഛര്‍ദ്ദിക്കുന്നുമുണ്ട്.

പെട്ടെന്ന് ബസ് ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുന്നു. എന്നാല്‍ താഴെ പതിക്കുന്നതിനു മുന്‍പേ തന്നെ നിയന്ത്രണം വീണ്ടെടുത്ത ബസ് കിണറ്റു ഭിത്തിയില്‍ വട്ടത്തില്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നതായും കവി പറയുന്നു. ഈ കിണറ്റിലെ തവളകളും ഉഗ്രമായ കാവ്യാനുശീലനമുള്ളവരായിരുന്നു. അവയുടെ അതി ഘോരമായ ആലാപനവും ബസിലെ കാവ്യാലാപനവും ഒരേ ദിശയില്‍ വന്നതിനാല്‍ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കും എന്ന സാമാന്യ തത്വം മൂലമാണ് ബസ് താഴെപ്പതിക്കാതെ രക്ഷപ്പെട്ടതെന്ന് ഇവിടെ പറയാതെ പറയുകയാണ് കവി.

കൃതികള്‍ മഹാകാവ്യങ്ങളായി കാലിക്കോ ബയണ്ടീട്ട് ഇറക്കുന്നതിനായി ബൂലോകരെ ആഹ്വാനം ചെയ്യുന്ന കവി, നാസാരന്ധ്രങ്ങളെ ബന്ധിച്ച് വരുന്ന ഒരാള്‍ കാവ്യോത്തമര്‍ക്ക് അവാര്‍ഡ് നല്‍കുന്നതായും സ്വപനം കാണുന്നു. ഇതോടെ ഉറങ്ങിപ്പോവുന്ന കവി താനറിയാതെ ബസിനുള്ളില്‍ നിന്നും, തദ്വാര കിണറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ച് പോകുന്നു. അദ്ദേഹം വന്ന് വീഴുന്നതാകട്ടെ, നേരത്തെ കിണറ്റിലെ ആലാപ് സഹിക്കാനാവാതെ മുന്‍പെന്നോ പീടഞ്ഞു കയറി രക്ഷപ്പെട്ടെന്ന് കരുതിയ നിരവധി തവളകള്‍ ചതഞ്ഞരഞ്ഞു കിടക്കുന്ന, കീണറോരത്തുള്ള ഒരു റയില്വേ ട്രാക്കിലും. അതിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് മെല്ലെ നടന്നു ചെല്ലുന്ന കവി അടുത്ത ബസിന്‍റെ സമയം ബസ് സ്റ്റോപ്പ് ഭിത്തിയില്‍ തിരയുന്നു.

കവിത ഇവിടെ

Tuesday, December 8, 2009

ഉണ്ണീയങ്ങാടീ ചരിതം

ഖണ്ഡം - 1

കറന്‍റുപോയനേരത്തുരചെയ്തച്ഛനും
പോയ് വരികയുണ്ണീയങ്ങാടിയോള-
മാവാം അപ്പുറമീ റിയാലിറ്റിക്കോപ്രായം
വാങ്ങണം രണ്ട് തണ്ണിമത്തന്‍ ഹാവൂ
വേനലിന്‍ പാരവശ്യം
അച്ഛനുരചെയ്തതിലമ്മക്കുമില്ലഭിപ്രായം
ഇരുട്ടിലെന്തിനി ചെയ്വൂ വിളിക്കാം ദൈവത്തിനെ
താതവചനത്തിനടിപണിഞ്ഞരുളും സല്പുത്രന്‍
അതു കേട്ടുണ്ണിയിറങ്ങെയിരുളിന്നിരുളാം പൂച്ച
വാമഭാഗേ ഗമിച്ചുകൊണ്ടലറിനാന്‍
ആ ഭാഷയുണ്ണിതന്‍ കൗതുക,മമ്മാവനുടെ
ഗ്രന്ഥപ്പുരയിലൊരുനാള്‍ ആരുമറിയാതെ പുക്കാന്‍
ഗ്രന്ഥമേറെക്കണ്ടതിലൊന്നിലിരുന്നാന്‍
കണ്ടാനൊരു സൂത്രഗ്രന്ഥമതിന്‍പേര്‍ മൃഗാവലി
ഉണ്ണിമനസില്‍ പതിഞ്ഞാ ഭാഷയതി-
ന്നുപകാരമായ്, കാകന്‍ ചൊല്ലുമുപകാരമായിടാം
മാര്‍ജ്ജാരാക്രന്ദനമുള്ളില്‍ വിറകൊണ്ടുണ്ണി നീങ്ങവെ
വിടപറയുന്നേരമുരിയാടാ മിത്രങ്ങളായ്
വെളിച്ചം കെട്ട വിളക്കു കാലുകള്‍

ഖണ്ഡം - 2

ഇറങ്ങേണമാളുണ്ണീയങ്ങാടിയിലെന്നാരവമുയരെ
ക്കറുത്തുപോയ കണ്ണടയിലൊന്നു തെരുപ്പിടിച്ചുയര്‍ന്നൂ
ഉണ്ണിയങ്ങാടിയോ, യിതു മാമക ജന്മദേശമല്ലീ
അതേയിറങ്ങു, നിങ്ങളിന്‍ സ്ഥാനമിവിടെയെന്നു
കിളി പരുഷം കൊഞ്ചവേയിറങ്ങി
നിന്നുണ്ണിയുണ്ണിയങ്ങാടിയില്‍
ദശപുഷ്പമായ്ക്കൊഴിഞ്ഞ സംവല്‍സസരക്കണക്കി
ലവിടെയുണ്ണീയേതോ മഹാപൂരുഷനായ്

ഖണ്ഡം - 3

നാടു മാറുമെന്നുള്ളു ചൊല്ലിയെങ്കിലും മാറി-
യിട്ടില്ലേതുമെന്നടുത്ത മുഖങ്ങള്‍ ചൊല്ലി
ജരാനരകള്‍ കൊണ്ടു കോലം വരച്ചു ചേര്‍ത്ത
ജീവിതങ്ങള്‍, മനസിലൊന്നൊന്നായുണ്ണിയുരച്ചു നോക്കവെ
യെത്തീ പ്രിയമിത്രം കണാരന്‍, അത്ഭുതാധീനനായ്
കണ്ണുനീരു കൊണ്ടുണ്ണിയെ തീര്ത്ഥശുദ്ധി ചൊല്ലി
യണക്കവേ കണാരനുടെ നെഞ്ചില്‍ നിന്നുയര്‍ന്ന രോദനത്തി-
ലഛന്‍ മാഞ്ഞു പോയതിലുണ്ണി മോഹാലസ്യനായ്

ഖണ്ഡം - 4

വൃക്ഷം മാരുതകരങ്ങളാല്‍ പൊതിയവേ-
യുണ്ണിതന്‍ മനം കുളിര്‍ന്നഛാ കാത്തുനിന്നുവോയെന്നെ
മമ പാതകം പൊറുത്തിടേണമങ്ങെരിഞ്ഞു തീര്‍ന്നപ്പൊഴു
മറിഞ്ഞില്ല ഞാന്‍, സമുദ്രമായൊഴുകിയെന്ന
രികിലെത്തിയെങ്കിലുമറിഞ്ഞില്ല ഞാന്‍.
വൃക്ഷഛായയാം കരവലയത്തിലമര്‍ന്നുണ്ണി നില്‍ക്കെ
യെത്തീ കൈവിട്ട മൗക്തികം മാറോടണച്ചമ്മയും.
കണ്ണീര്‍ വറ്റി നുറിഞ്ഞുപോയതാമാ-
മാതൃമുഖമതിന്‍ ത്വക്കും പ്രകാശിച്ചു
വര്‍ഷകാലാന്ത്യ രശ്മികള്‍ തന്‍ കാന്തി പോലെ
അമ്മക്കൊപ്പമുണ്ണീയെ യാത്രയാക്കവെ
മര്‍മ്മരം കൊണ്ടാ പിതൃവൃക്ഷം മന്ദഹാസമോതി

ഖണ്ഡം - 5

നമ്മളങ്ങാടിയെപ്പൊഴുതീയുണ്ണീയങ്ങാടിയെന്ന നാമധേയ-
മെന്നുണ്ണീയാരായവേ തേങ്ങീ കണാരനും
അന്നു രാവില്‍ത്തണ്ണീ മത്തന്‍ വാങ്ങാനയച്ച
നിന്നെ വിളിച്ചച്ഛന്‍ തളര്‍ന്നു വീഴവേ
നാടു നാടാകെത്തിരഞ്ഞോടവേ, നാളു നീങ്ങവേ
കാണ്മാനില്ല നിന്നെയെന്ന വിരഹത്തീയില്‍ ദഹിച്ചും
വിസമ്മതിച്ചാള്‍ അങ്ങാടിയൊരു പതിവ്രതയെന്നപോലെ
സ്മൃതിസിന്ദൂരം മായ്ക്കുന്നതിനുമപ്പുറമെടുത്തണിഞ്ഞാള-
വള്‍ നിന്‍ നാമമങ്ങിനെയങ്ങാടിയുണ്ണീയങ്ങാടിയായ്

ഖണ്ഡം - 6

മാതൃവാല്‍സല്യത്തിലൊരരുമശിശുവായുണ്ണയിരിക്കവേ
കണാരനുള്ളിലെരിഞ്ഞ ചോദ്യമന്നെങ്ങു മറഞ്ഞു നീ?
ഉണ്ണീ തന്‍ ദീര്‍ഘനിശ്വാസപ്പൊരുളായെത്തീ മാര്‍ജ്ജാര വാചി വീണ്ടും
അരുതു പോകരുതു നീയിതു മടങ്ങാ മുഹൂര്‍ത്ത
മെന്നന്നു മാര്‍ജ്ജാരന്‍ ചൊല്ലിയതവനെ വിട്ടകലുമിണയോടെങ്കിലു
മറിഞ്ഞിരുന്നു ഞാന, തെന്നുടെ സൂത്ര വാക്യമായ്-
പോകാന്‍ നിയതി നിശ്ചയിച്ച നാളില്‍ തടയേത്?
പാദപതനങ്ങള്‍ നിലക്കില്ല സൂര്യനും ചന്ദ്രനും യാത്രയിലെന്ന പോല്‍
നിയതിപ്രമാണം ശിരസിന്‍ പ്രകാശമായ് മേവിടുമ്പോള്‍.

ഖണ്ഡം - 7

മൗനങ്ങള്‍ വിറ്റുവാങ്ങുമങ്ങാടിയായ് നിറഞ്ഞുണ്ണി തന്‍ മുഖം
വിലപേശിയും വിട്ടു മാറിയും ഒത്തുമൊക്കാതെയും
കലമ്പിയും പുലമ്പിയും ശപിച്ചും ചിരിച്ചും
വെറുതേയങ്ങാടിക്കൂറ്റനായലഞ്ഞും മടുത്തും
കൊണ്ടും കൊടുത്തും മടിശ്ശീല നിറ്ച്ചുമൊഴിച്ചു-
മായുണ്ണിയങ്ങാടി നിറഞ്ഞു തുളുമ്പിയെത്തി
ച്ചോദ്യങ്ങളെയൊപ്പിയെടുത്തു നില്‍ക്കവേ-
യമ്മയെണീറ്റു, ണ്ണീ വരികയുണ്ണാനെന്നൊപ്പം.
മൗനമൊരു ചിലന്തിയായ്ക്കണാരനെക്കുരുക്കിയടുക്കവേ
പിടഞ്ഞും കിതച്ചും വയല്‍ വരമ്പുകടന്നും
കൈത്തോട്ടില്പ്പാദം നനച്ചും പാടത്തിനറ്റ-
ത്തു മുഖമൊളിക്കും സൂര്യനൊപ്പം
മടങ്ങുമപ്പക്ഷികളും ചോദിച്ചൂണ്ണീയെങ്ങൊളിഞ്ഞിരുന്നു നീ?

Thursday, December 3, 2009

ഉച്ചാടനം

ജലപാത്രവുമായ് മാറി നില്‍ക്ക നീ
നിന്നുടെ വാക്കും നോക്കുമിനിയെങ്ങള്‍ക്ക് വേണ്ട
നീയെന്തെന്തൊക്കെയായിരുന്നുവെങ്കിലും
ഇന്നു ഞങ്ങള്‍ നില്‍ക്കുന്ന ഭൂമിയില്‍ നീയില്ല
നിന്‍റെ ഗന്ധം പോലും ഞങ്ങളേല്‍ക്കില്ല
ദാഹജലം നിന്നില്‍ മാത്രമേയുള്ളൂവെങ്കില്‍
ഞങ്ങള്‍ മരുഭൂമിയില്‍ കല്ലുമാളിക പണിതിരിക്കും
നിന്നെപ്പറ്റിയോര്‍ക്കുന്നവരെ ഞങ്ങള്‍ പുഴയും കടത്തി വിടും
നിന്നെ നോക്കിച്ചിരിക്കുന്നവരെ കൊഞ്ഞനം കുത്താന്‍
രാപ്പാടികളെ ഉഴിഞ്ഞിടും
നിന്നെ ഒറ്റേണ്ടീ വന്നാലും ഞങ്ങള്‍ നിന്നെ ചുംബിക്കയില്ല
നിന്‍റെ വാക്കിനു മറുവാക്കായ് ഞങ്ങള്‍ പൂതമാടും
നീ പോവുന്നിടത്തെല്ലാം മുഖപ്പട്ട വെച്ചു കെട്ടും
നീയിരിക്കുന്നിടത്ത് സര്‍പ്പങ്ങളെ വളര്‍ത്തും
നീ നില്‍ക്കുന്ന ഭൂമിയുടെ കീഴില്‍ തീയിടും
നീ മാപ്പു ചൊല്ലിയാല്‍ സമുദ്രത്തോളം നടത്തും
നീ കരഞ്ഞാല്‍ അതു കണ്ട് സൂര്യനില്‍ രക്തം പകരും
നീ വെളിച്ചം കൊണ്ടു പോയാല്‍ ആയിരം സൂര്യന്മാരെ സൃഷ്ടിക്കും
നീ നോവുന്നതു കണ്ട് ഞങ്ങള്‍ കാരസ്ക്കരം ചേര്‍ത്ത വീഞ്ഞ് കഴിക്കും
ജന്മങ്ങള്‍ വ്യര്‍ഥമായാലും ഞങ്ങള്‍ക്കതു മതി
ശ്ലഥകാകളി വൃത്തത്തില്‍ രണ്ടാം പാദത്തിനന്ത്യത്തിലായ്
നിന്‍റെ ആത്മാവിനെ ബന്ധിച്ച് രഥവേഗം നടിക്കും
മണ്ണില്‍ പൂണ്ട ചക്രങ്ങളും വേഗം നടിക്കും
കര്‍ണശാപങ്ങള്‍ കൊണ്ട് തീര്‍ത്ത വരണമാല്യം
കാത്തിരുന്ന് വൃദ്ധയാവാന്‍ ദ്രൗപദി വീണ്ടും പിറക്കും
കരുണയില്ലാത്ത ചാപങ്ങളില്‍ നിന്ന് നുണപുരണ്ട അഗ്നി ഉതിരും
കുരുക്ഷേത്രത്തില്‍ ഞങ്ങള്‍ തന്നെയിരുപുറവും നില്‍ക്കും
സേനകളെ ഞങ്ങള്‍ ചതുരംഗത്തില്‍ ഒതുക്കും
ദൂരെയിരുന്ന് കാണുന്ന സഞ്ജയന്‍
അന്ന് ഞങ്ങളുടെ ആള്‍ തന്നെയായിരിക്കും
പുകയില്‍ ചുട്ട നിന്‍റെ ഇറച്ചി കൊണ്ട് അന്ന് സദ്യ നിറയും
നീ പോകുന്ന വഴിയെല്ലാം കിടങ്ങുകള്‍ വെയ്ക്കും
നിന്‍റെ ആത്മാവിലെ കൊളുത്ത്
അതില്‍ നിന്ന് വീണു പോയ ഉറക്കുപാട്ട് മരവിച്ച് കിടക്കും
കൊളൂത്തിന്നറ്റത്ത് തീപ്പിടിപ്പിച്ച് ഇടയ്ക്കിടെ ഓര്‍മ്മയെ
ഞങ്ങള്‍ ചുട്ടെടുക്കും
ഒടുവില്‍ ഞങ്ങള്‍ കിരീടത്തിനു കൈനീട്ടുമ്പോള്‍
വിരലുകളില്‍ മിന്നലേല്‍ക്കുമോ എന്ന് !

Friday, October 30, 2009

വെളുത്ത താഴ്വര - 4

കൊല്ലപ്പെട്ടിരിക്കുന്നത് ഒരു വൃദ്ധന്‍ !
അയാള്‍ ഞെട്ടിത്തെറിച്ചു. അപ്പോള്‍ അന്ന് താന്‍ കണ്ട സ്ത്രീ പ്രേതമോ, യക്ഷിയോ... വൃദ്ധനെ കൊലപ്പെടുത്തിയ ശേഷമാണോ ആ രുപം തന്‍റെ കാഴ്ചയിലെത്തിയത്. അതോ എല്ലാം ഒരു തോന്നലാണോ...

കൈപ്പടങ്ങള്‍ വിയര്‍ക്കുന്നത് അയാളറിഞ്ഞു. ഒരു പക്ഷേ ആ കൊലപാതക സന്ദര്‍ഭത്തിനു സാക്ഷിയായ വ്യക്തി താന്‍ മാത്രമാണെന്ന്...അല്ല, ഒരു കൊലപാതകമൊന്നും താന്‍ കണ്ടിട്ടില്ലല്ലോ, ഒരു പക്ഷേ ആ സമയത്ത് ആ സ്ഥലത്തു കൂടി കടന്നു പോകേണ്ടിവന്നു..അതിനടുത്തായി ഒരു സ്ത്രീരൂപത്തെ കണ്ടതായി തോന്നി. അത്രമാത്രം..

അടുത്ത ദിവസങ്ങളിലെ വാര്‍ത്തകളില്‍ എന്താണു പുറത്തു വരുന്നത് എന്നു നോക്കാം.. താന്‍ മാത്രമോ ഉടമ എന്ന് ഉറപ്പില്ലാത്ത ഒരു രഹസ്യം അയാളെ വലയം ചെയ്തു. അന്നു രാത്രി മുഴുവന്‍ അയാള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. മിക്കവാറും മറന്നു തുടങ്ങിയിരുന്ന വെളുത്ത താഴ്വരയിലെ ആ നിമിഷങ്ങള്‍ അയാളെ വീണ്ടും വീണ്ടും വേട്ടയാടി...

പിറ്റേന്നത്തെ പത്രത്തില്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതെപ്പറ്റി പെട്ടെന്ന് ആരോടെങ്കിലും സംസാരിക്കുന്നത് അബദ്ധമായിരിക്കുമെന്ന് അയാളുടെ മനസ് വിലക്കി. എങ്കിലും രണ്ടാഴച മുന്‍പ് കടന്നു പോയ ആ ഭയങ്കരമായ വൈകുന്നേരം അയാള്‍ക്ക് വളരെ പണിപ്പെട്ട് ഉള്ളീല്‍ അടക്കി വെയ്ക്കേണ്ട ഒന്നായി മാറുകയായിരുന്നു.

അന്നത്തെയും തലേന്നത്തെയും പത്രങ്ങള്‍ അയാള്‍ തേടിപ്പിടിച്ചു. തലേന്നത്തെ ചില പത്രങ്ങള്‍ക്കായി അയാള്‍ പബ്ലിക് ലൈബ്രറിയിലും സമയം ചെലവിട്ടു. പരിഭ്രാന്തമായ മനസോടെ പത്രങ്ങള്‍ അരിച്ചു പെറുക്കിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. ചില പത്രങ്ങള്‍ അതേ വാര്‍ത്ത തലേന്നു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റുള്ളവയില്‍ അന്നേ ദിവസമാണ് വാര്‍ത്ത വന്നത്.

അടുത്ത രണ്ട് ദിവസങ്ങളിലും പത്രങ്ങള്‍ അയാള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. അതിനാല്‍ അയാളുടെ മാനസിക പിരിമുറുക്കം ഒരളവു വരെ കുറഞ്ഞു. നാലാം ദിവസം രണ്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അയാളെ വീണ്ടും അസ്വസ്ഥതപെടുത്തി. ഒരു പത്രത്തില്‍, കൊല്ലപ്പെട്ട വൃദ്ധന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവിനെപ്പറ്റിയുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ആഴമേറിയ മുറിവ് ഏറ്റതിനാലാണ് അയാള്‍ മരണപ്പെട്ടതെന്നും വാര്‍ത്തയില്‍ എഴുതിയിരുന്നു. രണ്ടാമത്തെ പത്രത്തില്‍ വൃദ്ധനെപ്പറ്റി ഏതാനും വാക്കുകള്‍ ചേര്‍ത്തിരുന്നു; ഒപ്പം ഒരു ഫോട്ടോയും. അവിവാഹിതനായ, ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന ഒരു പക്ഷിശാസ്ത്രജ്ഞനായിരുന്നു വൃദ്ധനെന്നാണ് റിപ്പോര്‍ട്ട്. തെക്കെ ഇന്ത്യയില്‍ പ്രത്യേകമായി കാണാറുള്ള ചില പക്ഷികളെപ്പറ്റി അയാള്‍ ഒരു പുസ്തകവും രചിച്ചിരുന്നുവത്രെ. എന്നാല്‍ ഇടക്കാലത്ത് അദ്ദേഹം ഗവേഷണം നിര്‍ത്തി വെച്ച് പൊതുജീവിതത്തില്‍ നിന്നകന്ന് സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു പോലും. ഫോട്ടോ വളരെ ക്ഷീണിച്ചു പോയ കണ്ണുകളുള്ള ഒരു മധ്യവയസ്ക്കന്‍റേതായിരുന്നു.

വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ തന്‍റെ വിദൂര പരിചയത്തില്‍ പോലുമുള്ളവരുമായി സാമ്യമില്ലാത്തതാണെന്നയാള്‍ക്കറിയാമായിരുന്നു. ഫോട്ടോയിലുള്ള മനുഷ്യനെ താന്‍ ഒരിക്കലും കാണുകയോ അയാളെപ്പറ്റി കേള്‍ക്കുകയോ പോലുമുണ്ടായിട്ടില്ലെന്ന് തീര്‍ച്ച. തന്നെയല്ല പ്രത്യക്ഷത്തില്‍ തനിക്ക് എന്താണ് ഈ സംഭവവുമായി ബന്ധം. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം എന്നായിരുന്നല്ലോ ആദ്യ പത്രവാര്‍ത്ത. ആ ദിവസം തന്നെയാണോ താനും ആ സ്ഥലത്തു കൂടി കടന്നു പോയത് എന്നതിന് എന്താണ് തീര്‍ച്ച. അന്ന് ആ സ്ത്രീരൂപത്തെ കണ്ടതായി തോന്നിയതിനാലാണ് ഈ വാര്‍ത്ത പോലും ഇത്രയധികം തന്നെ പരിഭ്രമിപ്പിക്കുന്നത്.

അത്രയും ചിന്തിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് അല്പം ഉത്സാഹം വന്നു. പത്രത്തിലെ ഫോട്ടോയിലേക്ക് അയാള് സൂക്ഷിച്ചു നോക്കി. പാവം വൃദ്ധന്‍. അയാളുടെ ബന്ധുക്കളെപ്പറ്റിയൊന്നും പത്രങ്ങള്‍ പറയുന്നില്ല. വൃദ്ധന്‍റെ സ്ഥലമാകട്ടെ ഇവിടെ നിന്ന് രണ്ടു മൂന്നു ജില്ലകള്‍ക്കപ്പുറം. അന്വേഷിച്ച് പോകേണ്ട കാര്യമൊന്നുമില്ല. വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി തല പുകയ്ക്കണം...

രണ്ട് മൂന്നു ദിവസം അയാള്‍ ആ സംഭവങ്ങളെ മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതെപ്പറ്റി ഓര്‍മ വരുമ്പോഴെല്ലാം തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെപ്പറ്റി ആലോചിച്ച് സമയം കളയേണ്ടതില്ല എന്ന് അയാളുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അത് ശരിയായ ഒരു തീരുമാനമാണെന്ന് അയാള്‍ക്ക് തോന്നുകയും ചെയ്തു.

എന്നാല്‍ ആ മനുഷ്യന്‍റെ ഫോട്ടോയിലെ ക്ഷീണീതമായ കണ്ണുകള്‍ അയാളുടെ മനസില്‍ നിന്ന് മായാന്‍ മടിച്ചു. അതൊരു തീരാശല്യമായല്ലോ എന്ന് അയാള്‍ക്ക് ദേഷ്യം വന്നു തുടങ്ങി. ആരോടും പറയാനാവാത്ത, സത്യമോ മിഥ്യയോ എന്നു തീര്‍ച്ചയില്ലാത്ത ഒരു സംഭവം മനസില്‍ കൊണ്ടു നടക്കുക തന്നെ പ്രയാസമാണ്. അതിനു പുറമെയാണ് കൊലപാതകത്തിനിരയായ ഒരു മനുഷ്യനെ പറ്റി അയാളെ സംബന്ധിച്ചിടത്തോളം തികച്ചും അനാവശ്യമായ കൗതുകം. ചിലപ്പോഴൊക്കെ കുളി മൂറിയിലെ കണ്ണാടിയില്‍ അയാള്‍ സ്വന്തം മുഖം ശ്രദ്ധിച്ചു നോക്കിത്തുടങ്ങി. മദ്യപിച്ചു കൊണ്ട് ഈ സംഭവത്തെപ്പറ്റി ഇനി ആലോചിക്കുകയില്ല എന്ന് ഉറയ്ക്കാന്‍ അയാള്‍ ശ്രമിച്ചു. ആ നശിച്ച യാത്രയെ സ്വയം ശപിച്ചു. എന്നാല്‍ അയാളില്‍ ആ കൗതുകം ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരുന്നു.

ഒടുവില്‍ ആ കൗതുകം അയാളെ പബ്ലീക് ലൈബ്രറിയിലേക്കു തന്നെ വീണ്ടും വലിച്ചിഴ്ച്ചു. അധികം തിരയാതെ തന്നെ വൃദ്ധന്‍ എഴുതിയ പുസ്തകം അയാള്‍ക്ക് ലൈബ്രറിയില്‍ കണ്ടു കിട്ടി. ദശകങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നുവെങ്കിലും അത് ഏറെ പഴകിയിരുന്നില്ലെന്നു തോന്നി. പക്ഷിശാസ്ത്രം വായിക്കുവാന്‍ എത്രയാളുകള്‍ക്ക് താല്പര്യമുണ്ടാവുമെന്ന് അയാള്‍ ഊഹിച്ചു.

എഴുത്തുകാരനെപ്പറ്റി പരാമര്‍ശിക്കാറുള്ള പേജില്‍ വൃദ്ധന്‍റെ അല്പം കൂടി യുവത്വം ഉള്ള ചിത്രമുണ്ടായിരുന്നു. തുടര്ന്ന് അയാളുടെ വിദ്യാഭ്യാസത്തെപ്പറ്റി വിശദീകരണങ്ങള്‍. രണ്ടാമത്തെ പേജില്‍ പ്രശസ്തനായ ഒരു പ്രൊഫസര്‍ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഉള്ളടക്ക വിവരങ്ങള്‍. പുസ്തകം വാനമ്പാടിക്ക് സമര്‍പ്പിച്ചിരിക്കുന്നു. പക്ഷിശാസ്ത്രജ്ഞന്‍റെ പുസ്തകം വേറെ ആര്‍ക്ക് സമര്‍പ്പിക്കാന്‍. ആദ്യ അധ്യായമാണെങ്കില്‍ എതോ തരം കാക്കയെപ്പറ്റിയാണ്. പുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായം വായിക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ ഒരിക്കലും ഇഷ്ടം തോന്നിയിട്ടേയില്ല. അപ്പോഴേക്കും അയാള്‍ക്ക് മടുത്തു. ലൈബ്രറിയിലെ പുസ്തക അലമാരകളുടെ ഗന്ധം തനിക്ക് പിടിക്കുന്നില്ല എന്ന് തോന്നി. പിന്നീട് വായിക്കാമെന്ന് വിചാരിച്ചു കൊണ്ട് അയാള്‍ പുസ്തകം തിരികെ വച്ച് വേഗത്തില്‍ ലൈബ്രറി വിട്ടു.

തുടര്‍ന്നുള്ള കുറെ ദിവസങ്ങളില്‍ ജോലിത്തിരക്കു മൂലം അയാളും, എന്തുകൊണ്ടോ പത്രങ്ങളൂം ആ വാര്‍ത്ത മറന്നു കളഞ്ഞു.

എന്നാല്‍ അധികം താമസിയാതെ അയാളുടെ സമനില തെറ്റിച്ചു കൊണ്ട് വീണ്ടുമൊരു പത്ര വാര്‍ത്ത പ്രത്യക്ഷെപ്പെട്ടു. മറ്റൊരു മൃതശരീരം കണ്ടെടുത്തിരിക്കുന്നു; അതേ സ്ഥലത്തു നിന്ന്. ഇത്തവണ പത്രത്തില്‍ വാര്‍ത്ത മുന്‍പേജിലേക്ക് വന്നിരുന്നു. കൂടാതെ ആ സ്ഥലത്തിന്‍റെ ഒരു വലിയ ചിത്രവും. അതു കണ്ടപ്പോള്‍ അയാള്‍ക്ക് തലചുറ്റി (തുടരും)

Thursday, October 29, 2009

വെളുത്ത താഴ്വര-3

രാത്രി ഒന്‍പതു മണിയോടെ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോഴേക്കും അയാള്‍ തീര്‍ത്തും അവശനായിരുന്നു. രാത്രി വൈകിയെങ്കിലും സുന്ദരേശന്‍ കാത്തിരിപ്പുണ്ടായിരുന്നു.


"എന്താണ് സര്‍, സുഖമില്ലേ, വൈകിയപ്പോള്‍ ഞാന്‍ ഒന്നു പരിഭ്രമിച്ചു"


"സാരമില്ല, ഇത്രയും സമയം വണ്ടിയോടിക്കുകയായിരുന്നില്ലേ"


നടന്ന കാര്യങ്ങള്‍ സുന്ദരേശനോട് പറയണമോ? ഇപ്പോള്‍ വേണ്ട. അവ ഓര്‍ത്തിട്ടു തന്നെ ഉള്‍ക്കിടിലമുയരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂര്‍ സ്വബോധമുണ്ടായിരുന്നുവോ എന്ന് അയാള്‍ക്ക് സംശയം തോന്നി. നല്ല വേഗത്തിലായിരിക്കണം ഓടിച്ചത്. റോഡില്‍ ഇറങ്ങാനിടയുള്ള ആനകളെപ്പറ്റിയോ റോഡിന്‍റെ അപകടകരമായ വീതിക്കുറവോ ഓര്‍ത്തതേയില്ല. അതുപോലെ ഭയന്നുപോയിരുന്നു. കഥകള്‍ യാഥാര്‍ഥ്യമായി നിന്ന് സ്വാഗതം ചെയ്യുന്നതു പോലെയുള്ള സ്ഥിതി. വീട്ടിലേക്ക് ഒന്നു ഫോണ്‍ ചെയ്ത് ഇവിടെ എത്തിയെന്ന് പറയാന്‍..


"സുന്ദരേശാ, ഒന്നു ഫോണ്‍ ചെയ്യണമായിരുന്നല്ലോ"


"സാര്‍, ഇവിടെ ഗസ്റ്റ് ഹൗസിലെ ഫോണ്‍ ഒരാഴ്ചയായി തകരാറിലാണ്. പിന്നെ അടുത്ത് ഫോണുള്ളത് അല്പം അകലെയുള്ള ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ്. അവിടെ ആളുണ്ടോ എന്ന് ഉറപ്പില്ല. സാറിനു നിര്ബ്ബന്ധമാണെങ്കില്‍.."


"വേണ്ട, ഇനി ഈ രാത്രിയില്‍ എങ്ങോട്ടും പോകാന്‍ വയ്യ"


"ശരി, എന്നാല്‍ നാളെ പുലര്‍ന്ന ശേഷം നമുക്ക് പോസ്റ്റോഫീസില്‍ നിന്ന് ട്റങ്ക് കോള്‍ ബുക്ക് ചെയ്യാം സര്‍. ഇവിടെ നിന്ന് അധിക ദൂരമില്ല. പത്തു മണിയാകണം എന്നേയുള്ളൂ."


"അതുമതി സുന്ദരേശാ.."


"സാര്‍, സാറിനുള്ള മുറിയില്‍ ഞാന്‍ ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ട്. കുളിക്കാനും മറ്റും അവിടെ സൗകര്യമുണ്ട്. സാറിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചു കൊള്ളൂ"


വസ്ത്രം മാറ്റുന്നതിനോ, കുളിക്കുന്നതിനോ അയാള്‍ക്ക് കഴിഞ്ഞില്ല. ധാരാളം വെള്ളം കുടിച്ചു. വിശപ്പ് തോന്നുന്നുമില്ല. രണ്ടാം നിലയിലെ മുറി ആയതിനാല്‍ ജനാലയിലൂടെ ഗസ്റ്റ് ഹൈസിനു മുന്നിലെ റോഡ് കാണാം. അവിടെ ഒരു കരിമ്പു ലോറി നില്‍ക്കുന്നുണ്ട്. അതിന്‍റെ ടയര്‍മാറ്റുന്നതിനു ശ്രമിക്കുന്ന ഡ്രൈവറെയും മറ്റും അവരുടെ കയ്യിലെ വിളക്കിന്‍റെ വെളിച്ചത്തില്‍ കാണാം. അത് ഒരു ആശ്വാസമായി അയാള്‍ക്ക് തോന്നി. മഞ്ഞിന്‍ പുതപ്പിനെക്കുറിച്ചുള്ള ഓര്‍മ വീണ്ടും അയാളില്‍ തികട്ടി വന്നു. ആ മഞ്ഞിന് എന്തോ ഒരു ഗന്ധമുണ്ടായിരുന്നുവോ. ഇപ്പോള്‍ അങ്ങനെ തോന്നുന്നു. ജനാലച്ചില്ലുകള്‍ക്കപ്പുറം കാറ്റ് വന്നലച്ചപ്പോള്‍ അയാള്‍ക്ക് അസ്വസ്ഥത തോന്നി. പഴകിയ കര്‍ട്ടന്‍ വലിച്ച് ജനാല മറച്ച ശേഷം മുറിയിലെ ലൈറ്റുകള്‍ അണയ്കാതെ അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. ആ സ്ത്രീരൂപത്തിന്‍റെ അവ്യക്ത മുഖം അയാളെ വീണ്ടും പിന്തുടര്ന്നു. പ്രേതമോ, യക്ഷിയോ, ഭൂതമോ? അതോ ജീവനുള്ള ഒരു സ്ത്രീ തന്നെയോ? അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് ഏതെങ്കിലും ആയുധമായിരുന്നുവോ, അതോ അങ്ങനെയൊന്ന് തന്‍റെ വെറും തോന്നലായിരുന്നുവോ? ഇതെല്ലാം തന്നെ വെറും തോന്നലാണോ? അതോ സത്യമോ? അയാള്‍ വീണ്ടും അസ്വസ്ഥനായി. രാവിലെ സുന്ദരേശനോട് സൂചിപ്പിക്കാം. ആ സ്ഥലത്തെപ്പറ്റി ഇത്തരം കഥകളെന്തെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ കേട്ടിട്ടുണ്ടാവാനിടയുണ്ട്. എന്തൊരപകടം പിടിച്ച സ്ഥലമാണത്. മൂടല്‍ മഞ്ഞില്‍ അത്രയും വീതി കുറഞ്ഞ റോഡില്‍ വാഹനം ഓടിക്കുവാന്‍ സ്ഥല പരിചയമുള്ളവര്‍ക്കു പോലും കഴിയുകയില്ല. ചിന്തിച്ച് സമയം പൊയ്ക്കൊണ്ടിരുന്നു. റോഡില്‍ കരിമ്പു ലോറി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം...


"സാര്‍, ആ സ്ഥലത്തെപ്പറ്റി എന്തു കൊണ്ടാണ് ചോദിക്കുന്നത്?"


പോസ്റ്റോഫീസില്‍ നിന്ന് ഫോണ്‍ ചെയ്ത് മടങ്ങുന്നതിനിടയില്‍ സൂചിപ്പിച്ചപ്പോള്‍ സുന്ദരേശന്‍റെ പ്രതികരണം ഒരു മറു ചോദ്യമായിരുന്നു. തലേന്ന് വൈകുന്നേരത്തെ അനുഭവത്തെപ്പറ്റി ഒന്നും വ്യക്തമാക്കാതെ സ്ഥലത്തെപ്പറ്റി അന്വേഷിക്കുക മാത്രമേ ചെയ്തുള്ളൂ. എല്ലാം തന്‍റെ വെറും തോന്നലാണെങ്കില്‍ ഇയാള്‍ എന്ത് വിചാരിക്കും.


"അത്, ഒരു അപകടം പിടിച്ച് സ്ഥലമല്ലേ, കൂടാതെ നല്ല മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നു"


"സാര്‍, ആ സ്ഥലം അപകടം ഉണ്ടാകാനിടയുള്ള വിജന പ്രദേശമാണ്. സത്യം. എന്നാല്‍ ഇതു വരെ അവിടെ ഒരു വാഹനാപകടം ഉണ്ടായതായി കേട്ടിട്ടില്ല. രാപകലില്ലാതെ കരിമ്പു ലോറികള്‍ സഞ്ചരിക്കുന്ന വഴിയാണല്ലോ. എന്തെങ്കിലും അപകടമുണ്ടായാല്‍ ഈ ടൗണില്‍ അതറിയാതിരിക്കില്ല. ആ സ്ഥലത്തു നിന്ന് ഇങ്ങോട്ടുള്ള ഇറക്കത്തിനിടയില്‍ ആനകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു ഭാഗമുണ്ട്. അവിടെ ആനകളെ മിക്കവാറും കാണാറുള്ളതായി ലോറി ഡ്രൈവര്‍മാര്‍ പറയാറുണ്ട്. അവ ലോറികളെ ആക്രമിക്കാറില്ല. അല്പം ക്ഷമയോടെ കാത്തു നിന്നാല്‍ കടന്ന് പൊയ്ക്കൊള്ളും. ആനകള്‍ ഉപദ്രവം ഉണ്ടാക്കിയതായും എന്‍റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയ്ത്തില്‍ ഒരിക്കലും കേട്ടിട്ടില്ല. പിന്നെ മലഞ്ചെരിവല്ലേ, മൂടല്‍ മഞ്ഞുണ്ടാകും"


സുന്ദരേശന്‍ പറഞ്ഞതു കേട്ടപ്പോള്‍ അയാള്‍ക്ക് ഒന്നു തീര്‍ച്ചയായി. മൂടല്‍ മഞ്ഞില്‍ അകപ്പെട്ടതിന്‍റെ വിഹ്വലതയില്‍ തനിക്കുണ്ടായ ഒരു തോന്നല്‍. അല്ലാതെ ആ വിജന സ്ഥലത്ത് ആരു വരാന്‍? അതും ഒരു സ്ത്രീ. അതൊന്നും സുന്ദരേശനോട് വിളമ്പാതിരുന്നത് നന്നായി.


ഒരാഴ്ച കഴിഞ്ഞ് ജോലി തീര്‍ത്ത് മടങ്ങിയത് പകല്‍ സമയത്തായിരുന്നു. റോഡില്‍ അയാളുടെ വാഹനത്തിനു മുന്‍പെ പല വണ്ടികളും പോകുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കരിമ്പിറക്കി വരുന്ന ലോറികളും എതിരെ വന്നു. ആ സ്ഥലമെത്തിയപ്പോള്‍ അയാള്‍ ഒന്നു ചെറുതായി പേടിക്കാതിരുന്നില്ല. ഉണ്ട്. ആ വലിയ പാറയും, വീതി കുറഞ്ഞ റോഡിനു നടുവില്‍ വച്ച് കയറ്റം അവസാനിക്കുന്നതും മറുവശത്തെ മലകളും വലിയ കാട്ടുമരങ്ങളും എല്ലാമുണ്ട്. മഞ്ഞിന്‍റെ പൊടി പോലും എങ്ങുമില്ല. എല്ലായിടത്തും നല്ല തെളിച്ചം. തന്‍റെ ഭയമോര്‍ത്ത് ഒരിക്കല്‍ കൂടി അയാളൂടെ ചുണ്ടില്‍ നേരിയ ചിരി തെളിഞ്ഞു.


ജോലിത്തിരക്കില്‍ ഒരാഴ്ചകൂടി കടന്നു പോയി.


പത്രത്തിലൂടെ കണ്ണോടിക്കവെ ഒരു ചെറിയ വാര്‍ത്തയില്‍ അയാളുടെ കണ്ണുടക്കി. താന്‍ മൂടല്‍ മഞ്ഞിലകപ്പെട്ട അതേ സ്ഥലത്തു റോഡിനു വലതു വശത്തുള്ള കുഴിയില്‍ നിന്ന് രണ്ടാഴ്ച പഴക്കമുള്ള ഒരു ശവശരീരം കണ്ടെടുത്തത്രേ. റോഡ് ഇടിയാതെ കല്‍ക്കെട്ട് നിര്‍മിക്കാനെത്തിയ പണിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടാഴ്ച പഴക്കമുള്ള ശവശരിരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുള്ളതായി പോലീസ് അറിയിക്കുന്നുവെന്നാണ് വാര്‍ത്ത. മരിച്ചിരിക്കുന്നത്...?അയാള്‍ ഉദ്വേഗത്തോടെ ആ വാര്‍ത്തയിലൂടെ തിരഞ്ഞു. പത്രത്താള്‍ അയാളുടെ കയ്യിലിരുന്ന് വിറച്ചു (തുടരും)

Wednesday, October 28, 2009

വെളുത്ത താഴ്വര-2

മനസില്‍ ഉയര്‍ന്നു വന്ന ഭയം അവഗണിച്ചു കൊണ്ട് അയാള്‍ ജീപ്പ് മുന്‍പോട്ടെടുത്തു. കട്ടിയുള്ള മൂടല്‍ മഞ്ഞില്‍ വാഹനം നീങ്ങേണ്ട വഴി അവ്യക്തമാണെന്ന് അയാള്‍ ഓര്‍ത്തില്ല. എന്തായിരുന്നു, ആ രൂപം? അതു മാത്രമായിരുന്നു അയാളുടെ മനസില്‍. മിസ്റ്റ് ലൈറ്റിലും തെളിയാത്ത കടുപ്പം മഞ്ഞു കണങ്ങള്‍ക്കുണ്ടായിരുന്നു. അയാളില്‍ ഒരു നടുക്കം പടര്‍ന്നു. വാഹനം ഓടിക്കുന്നത് അപകടമാണെന്ന് അയാളുടെ ബുദ്ധി ഉപദേശിച്ചു. ഏതെങ്കിലും കാട്ടുജന്തു ആകാനാണ് വഴി. അത് അതിന്‍റെ വഴിക്ക് പോകട്ടെ. മഞ്ഞു നീങ്ങുന്നതു വരെ വാഹനത്തില്‍ തന്നെയിരിക്കാം. അയാള്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ വാഹനം റോഡിന്‍റെ നടുവില്‍ തന്നെ നിര്‍ത്തി. ഏതെങ്കിലും വണ്ടികള്‍ വന്നാല്‍..ഡ്രൈവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍..അയാളുടെ ഉള്ള് ഒന്നു കാളി. ഇത്രയും ശ്രദ്ധിച്ച് ഈ ദൂരമത്രയും ഓടിച്ചു വന്നിട്ട്, ഇവിടെ വച്ച്..വണ്ടി ഒതുക്കിയിടാനാണെങ്കില്‍ എങ്ങോട്ട് നീങ്ങും. മഞ്ഞിന് ഇപ്പോഴും നല്ല കടുപ്പം. ആ കാഴ്ചയിലേക്കു തന്നെ അയാളുടെ മനസ് മടങ്ങി വന്നു. 'ആ കാലുകള്‍ ഏതെങ്കിലും ഒരു മൃഗത്തിന്‍റേതായിരുന്നില്ല എന്നുറപ്പ്, അതൊരു മനുഷ്യനായിരുന്നു' അയാള്‍ സ്വയമറിയാതെ പിറുപിറുത്തു. അപ്പോള്‍ അയാള്‍ ഒന്നുകൂടി ഭയന്നു. ഭൂതപ്രേതാദികളൂടെ വിഹാര രംഗമായ കാട്ടുപാതകളെപ്പറ്റിയും മലഞ്ചെരിവുകളെപ്പറ്റിയും എന്തെല്ലാം കഥകള്‍ ആണ് കേട്ടിരിക്കുന്നത്. ഈ സ്ഥലം പരിചയമില്ലല്ലോ. ഒരു പക്ഷേ ഇവിടെയും അത്തരം കഥകള്‍ കുടിയിരിക്കുന്നുണ്ടാകാം. പക്ഷെ അഞ്ചുമണി മാത്രം കഴിഞ്ഞ ഈ സമയത്ത് പ്രേതങ്ങള്‍..പ്രേതങ്ങള്‍ സഞ്ചരിക്കുക അര്‍ധരാത്രിയിലാണെന്നല്ലേ കേട്ടിരിക്കുന്നത്. മഞ്ഞുപുതപ്പില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാത്ത ഈ മലഞ്ചെരിവില്‍ സമയത്തിനെന്തു പ്രാധാന്യം. ഇത് വിശദീകരിക്കാനാവാത്ത എന്തോ ഒന്നു തന്നെ. അയാള്‍ക്ക് കൈവിരലുകളില്‍ വിറയല്‍ അനുഭവപ്പെട്ടു. ഭയക്കാതിരിക്കാന്‍ താന്‍ വലിയ ഒരു ധീരനല്ലല്ലോ. അതും ഏകാന്തമായ ഈ കാട്ടുപ്രദേശത്ത മൂടല്‍മഞ്ഞില്‍ അകപ്പെട്ട് വഴിമനസിലാകാതെ കുഴങ്ങുമ്പോള്‍ ഇത്തരം ഒരു അനുഭവം കൂടി നേരിട്ടാല്‍ ആരും പതറുകയില്ലേ. അയാള്‍ പെട്ടെന്ന് ഒരു കാര്യം ശ്രദ്ധിച്ചു. മഞ്ഞിന്‍ പുതപ്പ് താഴെയുള്ള ഗര്‍ത്തത്തിലേക്ക് ഊര്‍ന്നു പോയിരിക്കുന്നു. ഭയത്തിന്‍റെയും ചിന്തകളുടെയും തിരത്തള്ളലില്‍ അയാള്‍ അത് ശ്രദ്ധിച്ചതേയില്ല. ജീപ്പ് നില്‍ക്കുന്നത് റോഡില്‍ നിന്ന് അല്പ്പം വലത്തേക്ക് മാറിയിട്ടാണ്. ഇപ്പോള്‍ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ മുന്‍പോട്ടുള്ള ഭാഗം വ്യക്തമായി കാണാം. ഇതും നീണ്ട ഒരു കയറ്റം തന്നെ എന്നാല്‍ റോഡ് മുന്‍പോട്ട് ചെന്നിട്ട് മധ്യഭാഗത്തു നിന്ന് താഴേക്ക് ഇറങ്ങുകയാണെന്ന് തോന്നുന്നു. പ്രകാശത്തില്‍ റോഡിന്‍റെ മധ്യം വരെയേ കാണാന്‍ കഴിയുന്നുള്ളൂ. അയാള്‍ ചുറ്റും നോക്കി. ലൈറ്റിന്‍റെ പരിധിയില്‍ കാണാവുന്നിടത്തെവിടെയും ഒരു ജീവിയുടെയും അനക്കമില്ല. ഏതോ ഒരു തോന്നലില്‍ താന്‍ ഭയപ്പെട്ടത് ഓര്‍ത്ത് അയാള്‍ക്ക് ചിരി വന്നു. വെറുതെ ഒരു ഭയം. അയാള്‍ ജീപ്പ് വീണ്ടും മുന്നോട്ട് ഓടിച്ചു. റോഡിന്‍റെ ഇരു വശത്തും ഗര്‍ത്തങ്ങളുള്ള പാലം പോലെ തോന്നിക്കുന്ന ഭാഗം. നേരത്തെ കണ്ടതു പോലെ തന്നെ റോഡിന്‍റെ മധ്യത്തില്‍ കയറ്റം അവസാനിക്കുകയും ഇറക്കം ആരംഭിക്കുകയുമാണ്. റോഡിന് നന്നെ വീതി കുറവ്. എതിരെ ഒരു വാഹനം വന്നാല്‍ സ്ഥലം പരിമിതമാണ്. കയറ്റം അവസാനിച്ചയുടന്‍ ഹഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു, റോഡ് പെട്ടെന്ന് വലതു ഭാഗത്തേക്ക് തിരിയുകയും കൂറ്റന്‍ ഒരു പാറയുടെ മറവിലേക്ക് പോവുകയുമാണ്. അപകടമുണ്ടാകാന്‍ വലിയ സാധ്യതയുള്ള സ്ഥലം. ഈ ഭാഗത്ത് വെച്ച് മൂടല്‍ മഞ്ഞ് പ്രത്യക്ഷ്പ്പെട്ടാല്‍ കഥ തീര്‍ന്നതു തന്നെ എന്നാലോചിച്ചു കൊണ്ട് വളരെ സൂക്ഷിച്ച് വാഹനം ഉരുട്ടി. റോഡ് തിരിഞ്ഞ് പാറയുടെ മറവിലേക്ക് വാഹനത്തിന്‍റെ പ്രകാശം വീണപ്പോള്‍ അയാള്‍ ഞെട്ടിത്തറിച്ചു പോയി. റോഡിന്‍റേ വലത് ഓരം ചേര്‍ന്ന് ഒരു സ്ത്രീ !!! അയാളില്‍ നിന്ന് മാഞ്ഞു തുടങ്ങിയിരുന്ന ഭയം നൂറിരട്ടിയായി മനസില്‍ മുഴങ്ങി. ജീപ്പ് മുന്നോട്ട് ഉരുളകയാണ്. സ്റ്റിയറിങ്ങില്‍ ഒരു പാവ കണക്കെ പിടിച്ചിരിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. മുടി അഴിച്ചിട്ടിരിക്കുന്നു. തവിട്ടു നിറമാര്‍ന്ന സാരി, അതോ മിസ്റ്റ് ലൈറ്റില്‍ അങ്ങനെ തോന്നിയതോ. അയാള്‍ ആ രൂപത്തെ ഉറ്റ് നോക്കി. ജീപ്പിന്‍റെ അതേ ദിശയില്‍ നീങ്ങുന്ന അത് തിരിഞ്ഞു നോക്കുന്നില്ല. ജീപ്പ് ഉരുണ്ട് അതിനു സമീപമെത്തി. അല്പം മുന്‍പ് താന്‍ മൂടല്‍ മഞ്ഞില്‍ കണ്ട കാലുകള്‍ !!! ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് യാന്ത്രികമായി സ്റ്റിയറിങ്ങില്‍ പിടിച്ചുകൊണ്ട് ഭയം തുടി കൊട്ടുന്ന മനസുമായി ആ രൂപത്തിനു തൊട്ടടുത്തു കൂടി കടന്നു പോകുമ്പോള്‍ അയാള്‍ അതിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ആ രൂപത്തിന്‍റെ മരവിച്ചതു പോലെയൂള്ള മുഖത്തിന്‍റെ പാതി ഭാഗം അയാള്‍ കണ്ടു. അതിന്‍റെ കണ്ണുകള്‍ ഇരുട്ടില്‍ വ്യക്തമല്ല. അത് ഇപ്പോഴും മുന്‍പോട്ട് നടക്കുകയാണ്. അയാള്‍ ഇരിക്കുന്ന ഡ്രൈവിങ് സീറ്റിന്‍റെ ഭാഗം നിമിഷങ്ങള്‍ കൊണ്ട് അതിനെ കടന്നു പോയി. സാവധാനം ജീപ്പു മുന്നോട്ട് ഉരുളുകയാണ്. ഉള്‍ക്കിടിലത്തോടെയെങ്കിലും അയാള്‍ക്ക് തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. ജീപ്പിനു പിന്നിലെ ചുവന്ന വെളിച്ചത്തില്‍ അവ്യക്തമെങ്കിലും ഭീകരമായിത്തീര്‍ന്ന ആ സ്ത്രീരൂപത്തെ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു. ഒപ്പം അത് വലതു കയ്യില്‍ പിടിച്ചിരിക്കുന്ന നീണ്ട കത്തി പോലെ തോന്നിക്കുന്ന എന്തോ ഒന്നും. ഒരലര്‍ച്ചയോടെ അയാള്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തി (തുടരും)

വെളുത്ത താഴ്വര-1

സ്റ്റിയറിങ്ങില്‍ നിന്ന് വിരലുകള്‍ തെന്നിപ്പോകുമോ എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. വിരലുകള്‍ അത്രമാത്രം തണുത്തിരിക്കുന്നു. വളവുകള്‍ വരുമ്പോള്‍ സ്റ്റിയറിങ്ങ് തിരിക്കുവാന്‍ നന്നേ പാടുപെടേണ്ടി വരുന്നു. സന്ധ്യയായിക്കഴിഞ്ഞോ? വിരസമായ റോഡിലേക്ക് കണ്ണൂ നട്ടിരിക്കുന്നതിനിടയില്‍ സമയത്തെപ്പറ്റി അധികം ചിന്തിച്ചിരുന്നില്ല. വല്ലപ്പോഴും എതിരെ വരുന്ന കരിമ്പു കയറ്റിയ ലോറികള്‍ മാത്രമേ ആ വിരസത അകറ്റിയിരുന്നുള്ളൂ. അവയാകട്ടെ വളരെ നിരുപദ്രവകരമായി കഷ്ടപ്പെട്ട് ഇറക്കം ഇറങ്ങി വരികയായിരുന്നു. കഴിഞ്ഞ കുറെയേറെ സമയമായിട്ടും ഒരു വാഹനവും അയാളെ കടന്ന് പോയിട്ടുമില്ല. വാച്ചില്‍ നോക്കാന്‍ ഒന്ന് മടിച്ചു. ശ്രദ്ധ തെറ്റിയാല്‍ വാഹനങ്ങളില്ലാത്ത റോഡാണെങ്കിലും എപ്പോഴാണ് എതിരെ ഒരു വണ്ടി വരിക എന്ന് ആര്‍ക്കറിയാം? റോഡ് അല്പം നേരെയുള്ള സ്ഥലത്ത് വന്നപ്പോള്‍ കൈത്തണ്ട അല്പം ഒന്ന് വെട്ടിച്ചു. വാച്ചിന്‍റെ ചില്ലിനടിയില്‍ മഞ്ഞ് പോലെ അവ്യക്തത. അഞ്ചു മണി കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. റോഡിന്‍റെ ഒരു വശത്തുള്ള പാറകള്‍ക്കും അവയെ ചുറ്റി നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കും പെട്ടെന്ന് കറുത്ത നിറം വന്നിരിക്കുന്നു എന്ന് അയാള്‍ക്ക് മനസിലായി. അപ്പുറമുള്ള കാട്ടു മരങ്ങളുടെ തടികള്‍ക്ക് അല്പം നരച്ച നിറമുണ്ട്. ബാക്കിയൊക്കെ ഇരുട്ട് തന്നെ. ഇടതു വശത്തുള്ള അഗാധതയിലേക്ക് നോക്കാനുമായില്ല. ഓരോ വളവുകള്‍ തിരിയുമ്പോഴും അകലെയുള്ള മലകള്‍ ഓരോന്നായി ഇരുട്ടില്‍ മറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് വീണ്ടും വല്ലാത്ത വിരസത അനുഭവപ്പെട്ടു തുടങ്ങി. റോഡ് പെട്ടെന്ന് നീണ്ട കയറ്റങ്ങളിലേക്ക് പ്രവേശിച്ചു. കുറെ ദൂരം ഓടിയാലേ വളവ് വരുന്നുള്ളൂ. റോഡിന്‍റെ സ്ഥിതി കുറെക്കൂടി മോശമായിട്ടുമുണ്ട്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എപ്പോഴാണ് കരിമ്പു ലോറികള്‍ ഇറങ്ങിവരിക. ഇനി റോഡ് ഒരു വലിയ മലയുടെ ഉച്ചത്തില്‍ എത്തും പോലും. അവിടെ നിന്നുള്ള യാത്രയാണ് സൂക്ഷിക്കേണ്ടതായി കേട്ടിട്ടുള്ളത്. പകല്‍ സമയത്തു പോലും ആനകള്‍ വഴിയില്‍ ഇറങ്ങി വന്നേക്കും. നല്ല നീളത്തില്‍ റോഡ് കണ്ടപ്പോള്‍ അയാള്‍ക്ക് ഒരു നിമിഷം നിര്‍ത്തി ഒന്നു പുറത്തിറങ്ങിയാലോ എന്ന് തോന്നി. ഹെഡ് ലൈറ്റ് ഓഫ് ചെയ്യാതെ ആവുന്നത്ര സൈഡൊതുക്കി നിര്‍ത്തിയിട്ട് അയാള്‍ പുറത്തിറങ്ങി. മറു വശത്തുള്ള ചരിവിലെ മരച്ചില്ലകളിലേക്ക് കാറ്റ് വീശുമ്പോഴുള്ള ഉലയല്‍ ഇരമ്പം പോലെ കേള്‍ക്കാം. അതോ അടുത്തെവിടെയോ വെള്ളച്ചാട്ടമുണ്ടോ? പക്ഷെ ഇവിടേക്ക് ആ കാറ്റ് എത്തുന്നുമില്ല. അല്പം മാറി നിന്ന് അയാള്‍ വശത്തേക്ക് നോക്കി. കൂറ്റനൊരു പാറ ഇരുള്‍ പുതച്ച് ആകാശത്തേക്ക് കയറിപ്പോകുന്നതിനു ചുവട്ടിലാണ് നില്‍ക്കുന്നത്. ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തിനു ചുറ്റും ഇരുളിനു മറ്റൊരു നിറമാണ്. അടുത്തുള്ളതു പോലും കാഴ്ചയെ കബളിപ്പിക്കുന്നുണ്ട്. അധിക സമയം നില്‍ക്കാന്‍ തോന്നിയില്ല. എന്തോ ഒന്നു തികട്ടി വരുന്നതു പോലെ. മെല്ലെ മുന്നോട്ടു പോയി അതുപോലെ തന്നെയുള്ള നീണ്ട രണ്ട് കയറ്റങ്ങള്‍ കഴിഞ്ഞ് വലിയ ഒരു വളവെടുത്ത് ചെന്നത് വെണ്മയുടെ ഒരു വലിയ മേലാപ്പിനടിയിലേക്കാണ്. വണ്ടിയുടെ മഞ്ഞ വെളിച്ചം പോലും ആ വെണ്മ കടന്ന് പോകുന്നില്ല. അയാള്‍ പെട്ടെന്ന് വാഹനം നിര്‍ത്തി. നില്‍ക്കുന്നത് റോഡീലോ പുറത്തോ, കൂഴിയുടെ വക്കിലോ മരത്തിനു ചുവട്ടിലോ, പാറകള്‍ക്കടുത്തോ, ഒന്നും വ്യക്തമല്ല. വാഹനത്തിനു ചുറ്റും പരന്ന് നില്‍ക്കുന്ന വെണ്‍മയുടെ താഴ്വര. അതിന്‍റെ ശകലങ്ങള്‍ വണ്ടിക്കുള്ളീലേക്കും കടന്ന് അയാളെ സ്പര്‍ശിച്ചപ്പോള്‍ ഒട്ടൊരു അസുഖത്തോടെ അയാള്‍ ഇളകിയിരുന്നു. എവിടെയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഒരു രൂപവുമില്ല. ഹെഡ് ലൈറ്റ് അണച്ചാലോ? വാഹനം നിര്‍ത്താതെ ലൈറ്റ് കെടു‍ത്തിയയുടന്‍ അയാള്‍ ഞെട്ടിപ്പോയി. വാഹനത്തെ ചുറ്റി നില്‍ക്കുന്ന വെളുത്ത ഒരു പുതപ്പ്. അതിനുള്ളില്‍ ആകാശത്തോ ഭൂമിയിലോ എന്നറിയാതെ അയാളും വണ്ടിയും. ഇരുളിനുള്ളില്‍ ഈ വെണ്മ എവീടെ നിന്ന്? ചെവികള്‍ അടഞ്ഞതു പോലെ. ചിന്തകള്‍ ഒരു നിമിഷത്തേക്ക് പിടിച്ചു നിര്‍ത്തിയപ്പോള്‍ ആകാശത്ത് മേഘക്കൂട്ടങ്ങള്‍ക്കു മേല്‍ ഇരിക്കുകയാണെന്ന് തോന്നിപ്പോയി അയാള്‍ക്ക്. പുറത്തേക്കിറങ്ങി നോക്കിയാലോ? വേണ്ട, എപ്പോഴാണ് ഏതെങ്കിലും വണ്ടി കയറിയോ ഇറങ്ങിയോ വരിക എന്ന് രൂപമില്ല. വീണ്ടും ഹെഡ് ലൈറ്റ് തെളിയിച്ചു. അല്പ ദൂരം കാണാം. വലതു വശത്തായി എന്തോ ഒന്ന് അനങ്ങുന്നതു പോലെ. അയാള്‍ ഒന്ന് നടുങ്ങാതിരുന്നില്ല. ആന? മറ്റ് ഏതെങ്കിലും കാട്ടുമൃഗം? അതോ വേറെയും വാഹനങ്ങള്‍ ഈ വെണ്മയില്‍ ദിശതെറ്റി അടുത്തു നില്പ്പുണ്ടോ? വ്യക്തമല്ലെങ്കിലും അത് അത്രയും വലിയ രൂപമല്ല. അകന്നു പോവുകയാണെന്ന് തോന്നുന്നു. വാഹനമല്ല. ആനയുടെ വലിപ്പമില്ല. മറ്റ് കാട്ടുമൃഗങ്ങള്‍? അയാള്‍ ഒന്ന് ഹോണ്‍ മുഴക്കി. രൂപത്തിന്‍റെ ചലനത്തിനു വ്യത്യാസമില്ല. മൃഗങ്ങളാണെങ്കില്‍ ഹോണ്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കേണ്ടതല്ലേ? എഞ്ചിന്‍ നിര്‍ത്താത്ത സ്ഥിതിക്ക് അവ ഇത്രയും അടുത്തു വരാനുമിടയില്ല. റോഡിലോ പുറത്തോ വണ്ടി എന്നതു പോലും ഒരു നിമിഷത്തേക്ക് മറന്നു കൊണ്ട് അയാള്‍ വലതു വശത്തേക്ക് അല്പം ഒന്ന് വെട്ടിച്ചു. നിലം ചേര്‍ന്ന് ഒഴുകുന്ന വെളുത്ത മേലാപ്പിനടിയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാല്പ്പാദങ്ങള്‍ ഒരു മിന്നായം പോലെ അയാള്‍ കണ്ടു. മനുഷ്യനോ, മൃഗമോ? വെണ്മ ആ കാഴ്ചക്കും അയാള്‍ക്കുമിടയിലേക്ക് വീണ്ടും കയറി വന്നു നിറഞ്ഞു (തുടരും)

Sunday, October 11, 2009

... ... ...

സൂര്യപുരാതനം നിമിഷം തീരും അനിശം
മണല്‍ത്തിട്ടയില്‍ക്കിടന്നു മയങ്ങി;
ജലം വന്നുണര്‍ത്തി, 'പോകാം'.
ഗാന്ധാരം ദൃശ്യം രസം അധിക പാദം
ചായല്‍ക്കാറ്റില്‍ വിയര്‍പ്പാറ്റി;
വയല്‍ച്ചെളിയില്‍ സ്നാനം കാക്കും
അന്തിക്കൊക്കും കുറുകി, 'പോകാം'.

Thursday, October 1, 2009

കറുത്തപക്ഷത്തിലെ കൂജിതങ്ങള്‍

ദുഖങ്ങള്‍ക്കവധി പറഞ്ഞ്
വിലാപങ്ങളുടെ മേച്ചില്പ്പുറത്ത്
കണ്ണുകളെ വിട്ടുകൊടുത്ത് നില്‍ക്കുന്നു;
നഗ്നമാക്കിയിട്ടും മതിവരാതെ
ത്വക്കും മാംസവും അഴിച്ചെടുത്തിട്ടും
കൊതിയുടെ ജ്വാലയണയാതെ
മിടിക്കുമീ രക്തസഞ്ചിയില്‍ വിരല്‍കടത്തി
നീ പറയുമോ, എന്നെ സ്നേഹിക്കുന്നുവെന്ന്.
കായം ചുവയ്ക്കും മരണത്തെയെടുത്തെന്നില്‍
ചാര്‍ത്തുമോ വരണമാല്യമായ്.
കറുത്ത ശീലകള്‍ കഴുകി വെളുപ്പിക്കുവാന്‍
കറുത്ത രാത്രിമേല്‍ വെള്ള പൂശുവാന്‍;
കാറലെണ്ണത്തോണിയില്‍ കിടത്തുവാന്‍
കീടങ്ങള്‍ക്കൊപ്പമെന്നെ ദ്രവിപ്പിക്കുവാന്‍.
പറഞ്ഞു തീരാതെയല്ല,
കണ്ടു തീരാതെയല്ല.
എങ്കിലും നിന്‍ കാല്‍ച്ചുവട്ടില്‍
പറ്റിനിന്നൊരു മണല്‍ത്തരിയായ്
നിന്നെ നോവിക്കുവാന്‍, നോവോടെയെന്നെ
പുണരും നിന്‍ കരങ്ങളില്‍ തൊട്ടു നിലംപതിക്കാന്‍
പിന്നെ വരാതെയാവാന്‍...

Wednesday, August 5, 2009

നിലത്തെഴുത്തുകള്‍

"അടിച്ച് നിന്‍റെ തുട പൊളിച്ചുകളയും ഞാന്‍" ചിറ്റമ്മ ചീറി. നാളെ നടത്തിക്കളയുമെന്ന് എല്ലാവരും പേടിപ്പിക്കുന്ന നിലത്തെഴുത്ത് ജീവിതത്തിലെ ഭയങ്കരമായ സംഗതിയാണെന്ന് അന്ന് അറിയില്ലായിരുന്നു. പിറ്റേന്ന് ആശാന്‍ വരും എന്നൊക്കെയേ പിടി കിട്ടിയുള്ളൂ.

ആരാണീ ആശാന്‍? വിലങ്ങന്‍ തറ ആശാന്‍. മാളോരെ മുഴുവന്‍ നാരായത്തുമ്പില്‍ പിച്ചാന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ളത് വിലങ്ങന്‍ തറക്ക് മാത്രമാകുന്നു. ചിറ്റമ്മയുടെ തയ്യല്‍ മെഷീനു പുറത്തു നിന്ന് പൂക്കള്‍ തുന്നുന്ന കുന്ത്രാണ്ടം തട്ടിത്താഴെയിട്ട് ചവിട്ടി പുറത്തേക്ക് ഓടുമ്പോള്‍ "വിലങ്ങന്‍ തറയെക്കൊണ്ട് നിന്നെ ശരിയാക്കിക്കുന്നുണ്ട്" എന്ന് ചിറ്റമ്മ വീണ്ടും പറഞ്ഞപ്പോഴും ആരാണോ ഈ വല്യ വിലങ്ങന്‍ തറ എന്നേ തോന്നിയിട്ടുള്ളൂ.

കശുമാവിന്‍ ചുവട്ടില്‍ കൂട്ടിയിരുന്ന തരിമണലില്‍ നിന്ന് ഒരു മുറം നിറയെ മണലും കോരിയെടുത്ത് അതില്‍ കണ്ട ചരലുകളും മറ്റും മുത്തശ്ശി തിരഞ്ഞൊഴിവാക്കുന്നത് കണ്ടപ്പോഴാണ് ഉള്ളീല്‍ ഒരാന്തല്‍ പാഞ്ഞു പോയത്. വിലങ്ങന്‍ തറ വരുന്നു! ലോകത്തിന് എന്തോ സംഭവിക്കാന്‍ പോകുന്നു. ഈ വിലങ്ങന്‍ തറ എങ്ങനെയിരിക്കും?

വന്നെത്തുമ്പോഴേക്കും ധൈര്യമെല്ലാം ചോര്‍ന്ന് പോയിരുന്നു. ഉള്ളില്‍ ഒരു വിറ. വിലങ്ങന്‍ തറയെ കാണാന്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ഉച്ചതിരിയും വരെ ഹാജരാകാറില്ലാത്ത മുത്ത്ഛന്‍ മുതല്‍ അയലത്തെ 'വായാടി മറിയപ്പെങ്ങള്‍' വരെ. വിലങ്ങന്‍ തറയുടെ വരവറിയിച്ച് ആളുകള്‍ നിശ്ശബ്ദരാകുന്നു. രണ്ടാം മുണ്ട് അഴിക്കുന്നു. പിന്നോട്ട് മാറി നില്‍ക്കുന്നു. പെണ്ണുങ്ങള്‍ കുശുകുശുക്കുന്നു.

മല്പ്പിടുത്തത്തിലൂടെ അമ്മാവനു കീഴടങ്ങി മുത്തഛന്‍റെ മടിയിലേക്ക്. ഹൊ, ഇതാണോ ഈ വിലങ്ങന്‍ തറ. മുഖത്ത് കണ്ട ഭാവമില്ല. ഊം എന്നു മൂളുന്നുണ്ട്, മുത്തഛന്‍റെ വര്‍ത്തമാനത്തിനെല്ലാം.

മുത്തഛന്‍റെ കൈകളില്‍ അപ്പോഴേക്കും പേടിയുടെ പശവെച്ച് ഒട്ടിച്ച് വച്ചതിനാല്‍ നശിച്ച അമ്മാവന്‍ വീണ്ടും. ഇതാ വിലങ്ങന്‍ തറയുടെ മടിയില്‍. വിലങ്ങന്‍ തറയുടെ നേര്യത് തോളില്‍ നിന്ന് താഴെവീണത് അമ്മാവന്‍ എടുത്ത് പിടിച്ചിരിക്കുന്നു. വിലങ്ങന്‍ തറ നെറ്റിയില്‍ പതിച്ചിരിക്കുന്ന ചന്ദനത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഗന്ധം. നിലവീളക്ക് കത്തുന്നു. ചുറ്റുപാടും കൂടി നില്‍ക്കുന്നവരുടെ അനങ്ങുന്ന നിഴലുകള്‍ക്കിടയില്‍ വാതില്‍ പഴുതിലൂടെ പ്രകാശം. വിലങ്ങന്‍ തറ പിറുപിറുക്കുന്നു.

വീണ്ടും അമ്മാവന്‍. കൊടുത്തു ഒരു കടി വിരലില്‍. പൊട്ടിച്ചിരിയോടെ മുത്തച്ഛന്‍ സബ്സ്റ്റീറ്റ്യൂട്ടായി ഇറങ്ങി. എങ്ങനെയോ വായ തുറപ്പിച്ച്... നാവില്‍ സ്വര്‍ണത്തിന്‍റെ അരുചി. "ഹരി ശ്രീ.."

വിരല്‍ തേഞ്ഞു പോയ പോലെയായി. വിലങ്ങന്‍ തറ വിരല്‍ പിടിച്ച് പൊടി മണലില്‍ കുരുകുരാന്ന് ഉരച്ചു. ഇതാണോ, അ, ആ...

മൂന്നാം ദിവസം തന്നെ നാരായം തുടയില്‍ ക്രൂ എന്ന് കയറിയതോടെ വിലങ്ങന്‍ തറയെ ആരും കേള്‍ക്കാതെ അറിയാവുന്ന ചീത്തകള്‍ പറയാന്‍ എളുപ്പമായി. നാരായപ്പാട് നോക്കി ഗൂഡ്ഡമായി ആനന്ദിച്ച ചിറ്റയെ ചീത്ത പറഞ്ഞ് തല്ലും വാങ്ങി, ഓലകള്‍ എടുത്ത് എറിഞ്ഞതിന് മുത്തശ്ശി ആക്രമിക്കുകയും ചെയ്തു. വിലങ്ങന്‍ തറ ഒരു സംഭവം തന്നെ. എത്ര പേരാണ് ഒപ്പം.

ഇപ്പോള്‍ ആകാശത്ത് വെള്ളി മേഘങ്ങള്‍ കണ്ടൂ തുടങ്ങുമ്പോള്‍ പേടി വരും. വിലങ്ങന്‍ തറയുടെ പാറ്റ മണമുള്ള നേര്യതുകള്‍...

ആകാശത്ത് ഇരുന്ന് ഭര്‍ത്സിക്കുന്നുണ്ടാവും, വൃത്തിയായി എഴുതെടാ ബ്ലൊഗിലെന്ന്. ഓ, പിന്നേ, ഇതൊക്കെയേ കഴിയൂ.

Sunday, July 12, 2009

പട്ടേലരും എന്‍റെ ചെറിയ ജീവിതവും

മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള മുഖംമൂടി എടുത്തു വെയ്ക്കുന്നതിനു മുന്‍പേ എനിക്കറിയാമായിരുന്നു, പട്ടേലരെ. അയ്യാള്‍ ഒന്നാന്തരം വെടിക്കാരനായിരുന്നു. വെടിപ്പെരുമ മിക്കവാറും കരകളിലും പരന്നിരുന്നു. വേട്ടക്കു പുറമേ, ആളുകള്‍ തല്ലി കൊല്ലാന്‍ പേടിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ വെടിവയ്ക്കല്‍, വെള്ളപ്പൊക്കക്കാലത്ത് വലിയ മീനുകളെ ഉന്നം പിടിച്ച് വെടിവെയ്ക്കല്‍, പറന്നുപോവുന്ന കടവാവലുകളെ വെടിവെച്ച് വീഴ്ത്തല്‍ ഒക്കെയും പട്ടേലര്‍ നടത്തിപ്പോന്നു. നാനാ ദേശങ്ങളിലും തെക്കും വെടിക്കാരായ പ്രശസ്തര്‍ അയ്യാളുടെ കൂട്ടുകാരുമായിരുന്നു. കഥ സക്കറിയ എഴുതിയത് എങ്ങനെ എന്ന് ഓര്‍ത്ത് പോയിട്ടുണ്ട്. ഒരു പക്ഷേ ദേശാടനങ്ങള്‍ക്കിടയില്‍ അയാളെ സക്കറിയ കണ്ടുമുട്ടിയിട്ടുണ്ടാവാം. അല്ലെങ്കില്‍ തിരിച്ച്. എന്തോ, കൂടുതല്‍ അറിയില്ല. പക്ഷേ സക്കറിയ എഴുതിയത് വായിക്കുന്നത് വരെ കാത്തിരിക്കേണ്ടീ വന്നു, അയ്യാള്‍ക്ക് ഭാസ്ക്കര പട്ടേലര്‍ എന്ന പേരു വിളീക്കാന്‍. അതുവരെ അയ്യാള്‍ എനിക്ക് വെറൂം പട്ടേലരായിരുന്നു.

പട്ടേലരുടെ തോക്ക് അത്താണിക്കല്ലിനരികിലെ വരിക്കപ്ലാവിന്‍ ചുവട്ടില്‍ ചാരി ഇരിക്കുന്നത് പല വട്ടം കണ്ടിട്ടുണ്ട്. പൊന്‍ കുന്തം ചാരുന്ന പ്ലാവിലാണോ പട്ടേലരെ മണ്‍ കുന്തം ചാരുന്നത് എന്ന് ചോദിക്കാനായി രണ്ടാം മുണ്ട് വീശിത്തെറുത്ത് അരയില്‍ ഉറപ്പിച്ച് നോക്കുമായിരുന്നു, വീട്ട് മുറ്റത്ത് നിന്നിട്ട്. പക്ഷേ അത് അരയിലുറച്ചതേയില്ല; ഞാനൊട്ട് ചോദിച്ചുമില്ല.

'ഇങ്ങടുത്ത് വാ കുട്ടീ' എന്നാണ് പട്ടേലര്‍ വിളിച്ചിരുന്നത്. അന്നേരം അയാളുടെ മുറുക്കാന്‍ പറ്റിപ്പിടിച്ച പുളിങ്കുരുപ്പല്ലുകളും ചിരിച്ചിരുന്നു. പിന്നീട് സിനിമയാക്കിയതില്‍ എട.. എന്നൊക്കെ മമ്മൂട്ടി വിളിച്ച് കേട്ടപ്പോള്‍ എനിക്ക് തോന്നി, ഹേയ് ഇത് പട്ടേലരാണോ? അല്ലേയല്ല. കഥയില്‍ നിന്ന് എന്‍റെ പട്ടേലര്‍ വളരെ മാറിയിട്ടായിരുന്നു. നല്ല ക്ലീന്‍ ഷേവ്വ് ചെയ്തിട്ടുള്ള ചതുര മുഖം. നിറഞ്ഞ പുരികം. പക്ഷേ കണ്ണൂകണ്ടാല്‍ വെടിവെച്ച് കൊല്ലുമെന്നേ തോന്നില്ല; അത്രയും ശാന്തം. തലയില്‍ നരച്ച ഒലിവ് ഗ്രീന്‍ നിറമുള്ള തൊപ്പി ഇരിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ട് ചാര നിറം. തോളില്‍ അതേ നിറമുള്ള നരച്ച സഞ്ചിയും. അതില്‍ വെടിക്കോപ്പുകളും, ചിലപ്പോഴൊക്കെ ജീവനറ്റു പോയ ജന്തുക്കളും ഉണ്ടായിരുന്നു.

പ്ലാവിന്‍ ചുവട്ടില്‍ തോക്ക് വെച്ചാല്‍ പട്ടേലര്‍ കൂടെ തൊപ്പിയും ഊരിവെയ്ക്കും. പിന്നീട് ഒരു പോക്കാണ് കുളത്തിലേക്ക്. പല്ല് തേച്ച് കുളി ഒക്കെ കഴിഞ്ഞു മടങ്ങും വരെ ഞാനിരിക്കണം, പ്ലാവിന്‍ ചുവട്ടില്‍. തോക്കിനു കാവലാണ്. തോക്കില്‍ നിറയുണ്ട്. അപ്പോളൊക്കെ ഞാന്‍ പേടിച്ചിരുന്നു, ഈ നശിച്ച തോക്കെങ്ങാനും തെന്നി മറിഞ്ഞ്... പ്ലാവിന്‍ ചുവടിന് അടുത്ത പാതയിലൂടെ പയ്യിനെയും തെളിച്ച് പോകുന്നവരെ ഞാന്‍ ഭീതിയോടെ നോക്കും. തോക്കെങ്ങാന്‍ കാറ്റടിച്ചോ മറ്റോ മറിഞ്ഞു വീണ്, വെടിയുതിര്‍ന്ന്...അതൊരു വലിയ ഭീതി തന്നെയായിരുന്നു. കടന്നു പോവുന്നത് കുട്ടികളാണെങ്കില്‍ തോക്ക് ചാരിയ ദിശ നോക്കിയിട്ട് മറു ഭാഗത്തു കൂടി പോകണമെന്ന് ഞാന്‍ വിളിച്ച് പറഞ്ഞിരുന്നു.

ചിലപ്പോള്‍ പട്ടേലര്‍ക്കൊപ്പം ശിങ്കിടികളില്‍ ആരെങ്കിലും കാണും. മിക്കവാറും സലി. ഗോപകുമാറിനെ പോലെ പട്ടേലരുടെ വെടിയൊച്ച കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തി നിലത്തിരിക്കുന്ന തരം ആളൊന്നുമല്ല സലി. സലിയെപ്പോലെ ഒരാളെ ഞാന്‍ കാണുന്നത് എത്രയോ വര്‍ഷം കഴിഞ്ഞ് അര്‍ജന്‍റീനെയെ തോല്പ്പിക്കാന്‍ കാമറൂണ്‍ ലോകകപ്പ് ഫുട്ബോള്‍ ടീമില്‍ വന്ന സിറീലെ മാക്കനാക്കിയെ ടി.വി.യില്‍ കണ്ട അന്നാണ്. പട്ടേലരുടെ ലൈസന്‍സുള്ള മൂന്നു കുഴലുകളില്‍ ഒന്ന് സദാ ഉഷാറുള്ള വെടിക്കാരന്‍ കൂടിയായ സലിയുടെ കയ്യിലായിരുന്നു. സലി പനങ്കള്ള് കുടീക്കുമായിരുന്നു. ഒരിക്കല്‍ വെടി സഞ്ചിയില്‍ നിന്ന് കുപ്പിയെടുത്ത് നീട്ടിയിട്ട്, നിനക്ക് വേണോ എന്ന് ചോദിച്ചതിനു പട്ടേലര്‍ സലിയെ ചീത്ത പറഞ്ഞു. അപ്പോള്‍ സലി ചിരിച്ചുകൊണ്ട് എനിക്ക് ഒരു സമ്മാനം തന്നു. വെടി സഞ്ചിക്കുള്ളില്‍ നിന്ന് ഒരു അണ്ണാന്‍ കുഞ്ഞ്. വാങ്ങാന്‍ മടീച്ചപ്പോള്‍ സലി പറഞ്ഞു, 'നീ വാങ്ങിക്കോ, പേടിക്കണ്ടാ അതിനു ജീവനില്ലാ' എന്ന്. നേരായിരുന്നു. ആ പാവം അണ്ണാന്‍ കുഞ്ഞിനു ജീവനില്ലായിരുന്നു. അതിന്‍റെ പള്ള നൂലുകൊണ്ട് തയ്ച്ചു വെച്ചിരുന്നു. ഉള്ളീല്‍ പഞ്ഞിയും ചകിരിയും നിറച്ചിരുന്നു. വായിലെ പല്ലുകളും കണ്ണൂം മറ്റും പശവെച്ച് നിര്‍ത്തിയിരുന്നു. മൃദു രോമങ്ങളുള്ള വാല്‍ ചുഴറ്റാതെ വടി പോലെ നീണ്ട് നിവര്‍ന്ന് നിന്നു. ഇഷ്ടമില്ലാതിരുന്നിട്ടും ഞാനാ അണ്ണാന്‍ കുഞ്ഞിനെ വാങ്ങി. അതിന്‍റെ വയറു ഭാഗം മൃദുവായിരുന്നു. പുറത്ത് പൗരാണികമായ മൂന്നു വരകള്‍. എന്തോ എനിക്ക് ആ സമ്മാനം ഇഷ്ടമായില്ല. അടുത്ത തവണ അവര്‍ വന്നപ്പോള്‍ ഞാന്‍ അത് തിരിച്ചു നല്‍കിയെങ്കിലും സലി അത് വാങ്ങിയില്ല. പകരം പറഞ്ഞു, 'നീ പട്ടേലരുടെ വീട്ടിലേക്ക് വാ, ഒരു മ്ലാവിന്‍ തല എടുത്ത് തരാം' എന്ന്.

ഓണക്കാലത്താണു ഞാന്‍ ആദ്യമായി പട്ടേലരുടെ വീട്ടില്‍ ചെല്ലുന്നത്. മുപ്പത്തിരണ്ട് കരിങ്കല്‍ പടികള്‍ കയറണമായിരുന്നു ആ വീട്ടിലേക്ക്. കരിങ്കല്ല് കീറിയെടൂത്ത് അടുക്കിയ പടികള്‍. പൂമുഖം പുറത്തു നിന്നേ കാണാമായിരുന്നു. പൂമുഖ ഭിത്തിയില്‍ മുഴുവന്‍ ആണിയടിച്ച് നിര്‍ത്തിയ മാന്‍ കൊമ്പുകള്‍ . അവ കണ്ടപ്പോള്‍ എന്തോ എനിക്ക് വല്ലാതെ തോന്നി.

'കുട്ടി എപ്പോള്‍ വന്നു', ചോദ്യം കേട്ട് നോക്കിയപ്പോളുണ്ട് തൊട്ടരികില്‍ പട്ടേലര്‍. കയ്യില്‍ കുഴല്‍.
'വാ, ഇവിടെ തൊടിയില്‍ എവിടെയോ ഒരു മുയല്‍ പതുങ്ങിയിരിപ്പുണ്ട്. നോക്കാം'

തൊടി നിറയെ കൃഷിയിറക്കിയിട്ടുണ്ടായിരുന്നു. പാവലും കോവലും കൂര്‍ക്കയും മഞ്ഞളും ഇഞ്ചിയും അവിടെ നിറഞ്ഞു നിന്ന് നല്ല പച്ച മണം വരുന്നുണ്ടായിരുന്നു. ആ പണകള്‍ക്കിടയിലൂടെ പട്ടേലര്‍ നീങ്ങി. അപ്പുറത്തെ തോട്ടത്തില്‍ വയറ വള്ളികള്‍ നിറഞ്ഞ് കാടുകയറീയിട്ടുണ്ടായിരുന്നു. പട്ടേലര്‍ കുനിഞ്ഞ് നിലത്തു നിന്ന് മുയലിന്‍റെ കാഷ്ടം എടുത്ത് കാട്ടിത്തന്നു. 'അധികം പഴകിയിട്ടില്ല' പട്ടേലര്‍ പിറുപിറുത്തു. മുയല്‍ കാഷ്ടം കാണുന്നതിനു വേണ്ടീ നിലത്ത് കുനിഞ്ഞു നോക്കി നിവര്‍ന്നപ്പോള്‍ വയറ വള്ളികള്‍ക്കിടയില്‍ പതുങ്ങുന്ന പട്ടേലര്‍. തിരിഞ്ഞു നോക്കി ചുണ്ടത്ത് വിരല്‍ ചേര്‍ത്ത് ശദ്ബമുണ്ടാക്കരുത് എന്ന് ആംഗ്യം കാട്ടി. പട്ടേലര്‍ മുയലിനെ കണ്ടുകാണൂം. ഓര്‍ക്കാപ്പുറത്ത് വെടിയുതിര്‍ന്നു. നോക്കുമ്പോള്‍ റേഷന്‍ കടയിലെ അരിച്ചാക്കിന്‍റെ നിറവും വലിപ്പവുമുള്ള ഒരു വലിയ മുയല് ഓരോ ചാട്ടത്തിനും പത്തു പതിനഞ്ച് അടി വീതം താണ്ടി കാടുകള്‍ക്കുള്ളിലേക്ക് മറയുന്നു. പട്ടേലര്‍ ഉറക്കെച്ചിരിച്ചു.

'കുട്ടി ഇത്രടം വന്നിട്ട് ഒരു വെടി കാട്ടിത്തരാനായില്ലല്ലോ' കല്പ്പടികള്‍ കയറിപ്പോവുമ്പോള്‍ പട്ടേലര്‍ പറഞ്ഞു. പിന്നെ അവിടെ നിന്ന് താഴെയുള്ള ഒരു തെങ്ങിന്‍ തലപ്പിലേക്ക് നോക്കി, 'ഒരു കാര്യം ചെയ്യൂ, പോയി ആ കുഴല്‍ എടുത്തുകൊണ്ട് വരൂ, തെങ്ങിനു മുകളില്‍ ഒരു വിദ്വാനുണ്ടെന്ന് തോന്നുന്നു' പട്ടേലര്‍ ചൂണ്ടിക്കാട്ടിയ വാതിലിനു നേരെ പൂമുഖവും കടന്ന് നടന്നപ്പോള്‍ ഞാന്‍ നിലത്തേക്കു തന്നെ നോക്കി. തല ഉയര്‍ത്തിയാല്‍ മാന്‍ കൊമ്പുകള്‍ കാണണം. മുറിക്കുള്ളില്‍ നന്നേ ഇരുട്ടായിരുന്നു. അല്പ സമയമെടുത്ത് മൂലയില്‍ ചാരിവെച്ചിരുന്ന കുഴല്‍ കണ്ട് പിടിച്ചു. നല്ല ഭാരം. പൊന്തിക്കാന്‍ രണ്ട് കയ്യും കൂട്ടി പിടിക്കേണ്ടീ വന്നു. ഇനി ഇതുകൊണ്ട് പട്ടേലര്‍ തെങ്ങിനു മീതെയുള്ള ഏതോ ജന്തുവിനെ..അത് മറ്റൊരു അണ്ണാന്‍ ആയിരിക്കുമോ?

തോക്കുമെടുത്ത് ഞാന്‍ പടികള്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ 'നില്‍ക്കവിടെ' എന്ന് പട്ടേലര്‍ ആക്രോശിച്ചു. അയ്യാള്‍ കയറി വന്ന് പൊടുന്നനെ തോക്ക് എന്‍റെ കയ്യില്‍ നിന്ന് വാങ്ങി. 'നിനക്ക് ഇത് എടുക്കാന്‍ കൂടി അറിയില്ല..' പട്ടേലര്‍ക്ക് ദേഷ്യം വന്നിരുന്നു. കാരണം, നിറയുള്ളപ്പോള്‍ സുരക്ഷിതമായി കുഴല്‍ എടുക്കേണ്ടതു പോലെ അല്ലാ പോലും ഞാന്‍ അത് എടുത്ത് കൊണ്ടൂവന്നത്. കുഴല്‍ നിലത്തേക്കോ ആകാശത്തേക്കോ അഭിമുഖമായി പിടിക്കണമായിരുന്നു. ഭാരം കൊണ്ട് ഞാനതെടുത്തത് മറ്റേതോ വിധത്തിലും.

തെങ്ങിന്‍ തലപ്പിലേക്ക് നോക്കി പട്ടേലര്‍ കുറെ സമയം ഉന്നം പിടിച്ച് ഒരു വെടി. കുറെ ചകിരിയും മറ്റും താഴേക്ക് വീണു.

'അതും പോയി' വെടി പിഴച്ചത് എന്‍റെ കയ്യിലിരുന്ന തോക്കില്‍ നിന്നാണെന്ന മട്ടില്‍ പട്ടേലര്‍ എന്നെ നോക്കി. എനിക്ക് കരച്ചില്‍ വന്നു. 'നീയ്യ് പൊയ്ക്കോ' പട്ടേലര്‍ മുരണ്ടു.

അതിനു ശേഷം പട്ടേലരുടെ അടുത്തു പോകാന്‍ എനിക്ക് വിമുഖത തോന്നിത്തുടങ്ങി. 'നിന്നെ ഇപ്പോ കാണാന്‍ ഇല്ലല്ലോ' കുറെക്കാലം കഴിഞ്ഞ് അങ്ങാടിയില്‍ വെച്ച് കണ്ടപ്പോള്‍ സലി ചോദിച്ചതിനു ഞാന്‍ മറുപടി പറഞ്ഞില്ല. 'പട്ടേലര്‍ക്ക് നല്ല സുഖമില്ല, നീ അത്രടം വരണുണ്ടോ' സലി ചോദിച്ചപ്പോഴും ഞാന്‍ മറുപടി പറഞ്ഞില്ല. കൂടെ പോയതുമില്ല.

പട്ടേലര്‍ മരിച്ചു കഴിഞ്ഞ് കുറെ നാള്‍ അയാളെ ഞാന്‍ സ്വപ്നത്തില്‍ കണ്ടുപോന്നു. എല്ലാ സ്വപ്നങ്ങളും ഒരു പോലെ തന്നെയായിരുന്നു: പട്ടേലര്‍ പുളീങ്കുരുപല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് കുഴല്‍ എണ്ണയിട്ട് മിനുക്കുന്നത്.

Tuesday, June 9, 2009

മഴക്കാലം

ജനാലയിലൂടെ അമ്മ പുറത്തേക്ക് നോക്കി. എന്തൊരു മഴയാണ്. വെളുപ്പിന് എപ്പോഴോ മഴ തുടങ്ങിയതാണ്. നിലക്കാതെ പെയ്യുന്ന മഴയുടെ ഒരേ താളത്തിലുള്ള ശബ്ദം. വീടിനു മുകളില്‍ കെട്ടിനിന്ന് കുഴലുകളിലൂടെ മുറ്റത്തേക്ക് മഴവെള്ളം വന്നു വീഴുന്നതിന്‍റെ ഇരമ്പല്‍. മുറ്റം നിറയെ മഴവെള്ളം. ആ മഴവെള്ളത്തിലേക്ക് അലച്ച് വീഴുന്ന മഴത്തുള്ളികള്‍. മുറ്റത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളൂടെ ഇലകള്‍ മഴത്തുള്ളികളുടെ ശക്തിയില്‍ വിറകൊള്ളുന്നുണ്ട്. നല്ല തികഞ്ഞ മഴ. തൊടിയുടെ അങ്ങേയറ്റം വരെ കാണാനാവുന്നില്ല. അമ്മ കസേര ജനാലയരികിലേക്ക് വലിച്ചിട്ട് അതില്‍ ഇരുന്നു കൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി. ആകാശം ഇപ്പോഴും ഇരുണ്ടിട്ട് തന്നെയാണ്. ഇനിയും നിന്ന് പെയ്യും. മുറ്റത്താകെ വെള്ളം തളം കെട്ടിയല്ലോ. വലതു വശത്തെ ഓവ് ഇലകള്‍ വീണ് അടഞ്ഞുകാണും. മഴ ഒന്നു തുള്ളിയെടുത്തിരുന്നുവെങ്കില്‍ ആ ഇലകള്‍ പെറുക്കി ഓവ് തുറന്നു വയ്ക്കാമായിരുന്നു. മഴവെള്ളം നിറഞ്ഞ് കൂടു നഷ്ടപ്പെട്ട കുറെ ഉറുമ്പുകള്‍ ഭിത്തിയില്‍ക്കൂടി കയറിപ്പോവുന്നു. ഇനി ഇവ വീടിനുള്ളില് വന്ന് നിറയുമോ? സന്ധ്യയായാല്‍ കണ്ടുപിടിക്കാന്‍ പറ്റുകയില്ല. അമ്മ മെല്ല എണീറ്റ് വീടിന്‍റെ പിന്‍ഭാഗത്തുള്ള മുറീയിലെ പഴയ അലമാരയുടെ നേര്ക്ക് സാവധാനം നടന്നു. നടക്കുമ്പോള്‍ നടുവിനു ഒരു കടുപ്പം. തണുപ്പിന്‍റെയാണ്. എത്ര ദിവസമായി മഴ പെയ്യുന്നു. കാലില്‍ സോക്സും ചെരിപ്പും ഉണ്ടായിട്ടും തറയുടെ തണുപ്പില്‍ കാലുകള്‍ മരവിക്കുന്നതായി അമ്മക്ക് തോന്നി. കഴിഞ്ഞ വര്‍ഷം പനി വന്നതിനു ശേഷം ആകെ ഒരു ബലക്കുറവാണ്. അത് അമ്മക്ക് അറിയാം. പനിയോടുള്ള പോരാട്ടം അത്രമാത്രമായിരുന്നു. അയലത്തെല്ലാം പനിക്കാരായിരുന്നു. പകര്‍ച്ചവ്യാധി പോലെയായിരുന്നുവല്ലോ. അന്ന് അമ്മക്ക് പനിയുടെ തുടക്കം മാത്രമായിരുന്നതിനാല്‍ വാര്‍ഡില്‍ മറ്റു പനിക്കാരോടൊപ്പം കിടത്താതെ ഡോക്ടര്‍ തിരിച്ചയക്കുകയായിരുന്നു. അമ്മ വരെ നാളുകള്‍ക്ക് ശേഷമാണ് അന്ന് ഡോക്ടറെ കാണുന്നത്. പിന്നീട് മരുന്ന് മുഴുവന്‍ കഴിച്ചതിനു ശേഷവും എത്രമാസം നടക്കാന്‍ തന്നെ ബുദ്ധിമുട്ടി. ഇക്കൊല്ലവും പനി പടരുന്നതായി കേട്ടുവല്ലോ എന്നോര്‍ത്തുകൊണ്ട് അമ്മ അലമാര തുറന്നു. മുറിയില്‍ നല്ല ഇരുട്ട്. കറന്‍റില്ല. ഇനി പോയി വിളക്ക് കൊളുത്തിയോ, ടോര്‍ച്ച് എടുത്തിട്ടോ നോക്കാം. അല്ലെങ്കില്‍ വെറുതെ ഒന്ന് പരതി നോക്കാം. ഉറുമ്പ് വരാതെയിരിക്കാനുള്ള പൊടി കുറച്ച് ഒരു ടിന്നില്‍ ഇട്ട് വെച്ചിട്ടുണ്ടായിരുന്നു. കാണുന്നില്ല. അമ്മക്ക് മടുത്തു. അലമാരയുടെ പാളി ചാരി ജനാലക്ക് സമീപത്തെ കസേരയുടെ നേരെ നടന്നു. അപ്പോഴേക്കും കാറ്റടിച്ച് ജനാലപ്പാളി വന്നടഞ്ഞു. എവിടെയോ ഒരു തെങ്ങോല ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് നിലം പതിച്ചു. തണുപ്പ് മുഖത്തേക്ക് തട്ടിയപ്പോള്‍ അമ്മക്ക് വല്ലാതെ തോന്നി. എന്തെങ്കിലും കുടിച്ചാലോ? അല്പം ചൂട്കഞ്ഞി കടുക്മാങ്ങയിട്ട് കഴിച്ചിട്ട് അധികനേരമായില്ല. അമ്മ ക്ലോക്കിലേക്ക് നോക്കി. പതിനൊന്നായതേയുള്ളൂ. അമ്മ കസേരയില്‍ നിന്ന് എണീറ്റ് ജനാലപ്പാളി തള്ളിത്തുറന്ന് ഗേറ്റിലേക്ക് നോക്കി. മഴക്ക് ഒരു കുറവുമില്ല. ഗേറ്റിനപ്പുറത്ത് പാത വിജനം. മഴവെള്ളം വലിയ ഒരു ചാലെടുത്ത് റോഡു നിറഞ്ഞ് ഒഴുകുന്നു. കാറ്റില്‍ വീണ ഇലകള്‍ ആ ഒഴുക്കില്പ്പെട്ട് അവിടെയും ഇവിടെയും തട്ടി നീങ്ങിക്കൊണ്ടിരിക്കുന്നു. എന്തൊരു വലിപ്പമാണു മഴത്തുള്ളികള്‍ക്ക്. പുതപ്പിന്‍റെ തുമ്പുകൊണ്ട് അമ്മ മുഖം തുടച്ചു. മഴയും അമ്മയും മാത്രം ബാക്കിയായതായി അമ്മക്ക് തോന്നി.

Saturday, January 31, 2009

2014:ഭൂതകാലം...

ആ..പിന്നെ എന്നാ പറേന്നു, സുഖമല്യോ? കൊറെ പേരു തല്ലിക്കൂട്ടിയ പന്ന തോക്കുകളും വേറെ കൊറെപ്പേരു ഉരുട്ടിക്കൊണ്ടു വന്നിരിക്കുന്ന പഴഞ്ചന്‍ ടാങ്കുകളും ചുമ്മാ ആകാശം നോക്കി വെടിവെച്ചോണ്ടിരിക്കുന്ന ഇ വെളുപ്പിനെ ഒരു കട്ടങ്കാപ്പി തിളപ്പിക്കാന്നു വെച്ച് ഇടിപീടീന്നുള്ള പരിപാടീലാരുന്നു ഞാന്‍. ഒള്ളതു പറയാല്ലോ, നോക്കീങ്കണ്ടും നിന്നില്ലേല് ഇതിനെടേലെന്തവാ, എപ്പഴാ, എങ്ങനാന്നൊക്കെ ആര്‍ക്കും അറിയാമ്മേലാന്നങ്ങ് തോന്നുകാ ഒരഞ്ചാറ് കൊല്ലമ്മുമ്പത്തെ കാര്യങ്ങളോര്‍ക്കുമ്പം.

എന്‍റെ വീട്ടില്‍ ഇപ്പം നാലുമണിക്കട്ടന്‍ കാപ്പിയിട്ട് കുടിച്ചോണ്ടിരിപ്പുണ്ടാരിക്കുമെന്ന് ഞാം വിചാരിക്കുന്ന പാലാക്കാരി മറിയാമ്മേ ഞാനിനീം കാണുവോ, അവടെ കയ്യീന്ന് ഒരു പാത്രം കട്ടങ്കാപ്പി മേടിച്ച്, കടുപ്പം കൂടീന്നു വെറുതെ കുറ്റോം പറഞ്ഞ് അതിനവളെ ഒരു ചീത്തേം വിളിച്ച് കുടിക്കാമ്പറ്റുവോന്നൊക്കെ ഇപ്പഴും അറിയാമ്മേലാ. അല്ലെങ്കിപ്പിന്നെ, നാട്ടിപ്പോകാന്നോക്കിയിരുന്ന്, അതിനെടേ ഒത്തുവന്ന അനിയത്തി അച്ചാമ്മേടെ കല്യാണക്കാര്യോം പറഞ്ഞ്, ഒരവധി ഒത്തു വന്നപ്പം കിട്ടുവോ എനിക്കിങ്ങനെ ഒരു ഗ്രഹപ്പെഴ പോസ്റ്റിങ്, അതും ഇക്കാണുന്ന, ഒരു മനുഷേനു വേണ്ടാത്ത അന്‍റാര്‍ട്ടിക്കേലോട്ട്. നാട്ടിലെങ്ങാനുവാണെങ്കി അതെങ്കിലുവൊരു സമാധാനോണ്ടാരുന്നു. ഇതിപ്പ പണ്ടാരാണ്ട് പറഞ്ഞ പോലെ. ഇനി അച്ചാമ്മേടെ കൊച്ചിനെ മുക്കിനെങ്കിലും ഒന്നു ചെന്ന് കാണാമ്പറ്റുവോന്നാര്‍ക്കറിയാം. പറഞ്ഞോണ്ടിരുന്നപ്പ വെള്ളം തെളച്ചതറിഞ്ഞില്ലാ. പൊടിയിടട്ടെ.

വല്യ തണുപ്പൊന്നുമിപ്പ ഇവിടെയില്ലെങ്കിലും, വെളുപ്പ് കൂട്ടി ഒരു കട്ടങ്കാപ്പി കുടിക്കാമ്പറ്റുകാന്നു പറഞ്ഞാ അതൊരു സുഖന്തന്നെയാ. അതു പറഞ്ഞപ്പഴല്ലേ, ഒരു അഞ്ചു വര്‍ഷം മുമ്പാരുന്നേല് ഇവിടിങ്ങനെ അടുപ്പ് കൂട്ടാമ്പോയിട്ട് ഒരു മിനിറ്റ് പൊറത്തു നിക്കാമ്പറ്റുകേലാര്‍ന്നൂന്നല്ലെ, അപ്പറത്തെ ട്റഞ്ചില്‍ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് പറഞ്ഞത്. ഇവിടെല്ലാം ഭയങ്കര തണുപ്പാരുന്നൂ, മഞ്ഞു കട്ടികളടുങ്ങിക്കെടക്കുകാരുന്നൂന്നൊക്കെയല്ലേ അവമ്പറേന്നത്. അന്ന് ഇവിടെങ്ങും ആരും വരാറില്ലാരുന്നു. മഞ്ഞ് തൊളച്ച് മീമ്പിടിച്ച് കഴിക്കുന്നൊരു കൂട്ടരു മാത്രേള്ളാരുന്നൂ പോലും. പിന്നെ നല്ല വെള്ള രോമം കൊണ്ട് മഞ്ഞേതാ, രോമേതാന്നറിയാമ്പറ്റാത്ത കൊറേ കരടികളുണ്ടാരുന്നൂത്രെ. അക്കൂട്ടരൊക്കെ എവിടെയാ പോയെന്നാര്‍ക്കറിയാം. ചെലപ്പം ഓടിച്ചു വിട്ടതുമാരിക്കും. അത് കുഞ്ഞൂഞ്ഞ് രഹസ്യായിട്ട് പറഞ്ഞതാ. കുഞ്ഞൂഞ്ഞ് പറേന്നത് നേരാരിക്കും. പുള്ളി ഇച്ചിരെയൊക്കെ വെവരോള്ള കൂട്ടത്തിലാ.

കൊറേ നാളായി ലോകത്തൊള്ള കൊറേ തലതിരിഞ്ഞ ശാസ്ത്രഞ്ഞമ്മാരു പറേന്നൊണ്ടാര്‍ന്നൂ പോലും, കാര്യം കൊഴേകാ, അന്‍റാര്‍ട്ടിക്കേടെ മോളിലെങ്ങാണ്ടൊരു തൊള വീണീട്ടൊണ്ട്. അതുവഴി സൂര്യന്‍റെ ഏതാണ്ടെല്ലാം രശ്മികളു വരുന്നു. പിന്നെ ലോകത്തൊള്ള മൊത്തം ഏസീം ഫ്രിഡ്ജും കാറുമെല്ലാങ്കൂടെ പൊറത്തോട്ട് വിടുന്ന പൊക കാരണം ചൂട് കൂടി വരികാ. അന്‍റാര്‍ട്ടിക്കേലെ മഞ്ഞുരുകി കടലങ്ങ് പൊങ്ങൂന്നൊക്കെ. അന്ന് അതൊക്കെയാരാണ്ട് കേക്കുന്നോ? അല്ലേ, ഫ്രിഡ്ജും കാറും ഏസീമൊന്നുവില്ലാതെ ആരാണ്ട് ജീവിക്കാമ്പോണോ? മനുഷേരുടെ ഓരോരോ സൗകര്യത്തിനല്ലേന്നെ ഇങ്ങനോരോന്ന് കണ്ടുപിടിക്കുന്നെ. അതു കണ്ട് പിടിക്കുന്നതും കൊറേ ശാസ്ത്രഞ്ഞമ്മാര്. വേണ്ടാന്നു പറേന്നതു വേറെ കൊറെ ശാസ്ത്രഞ്ഞമ്മാര്. അതാ എനിക്കു പിടിക്കാത്തെ. എന്നാപ്പിന്നെ കണ്ട്പിടിക്കാതിരുന്നാപ്പോരേ? അതവമ്മാര് ചെയ്യുകേലാ. ഓരോ കുന്തങ്ങള് കണ്ട് പിടിച്ചിട്ട് ഓരോരോ കമ്പനികള്‍ക്ക് വിക്കാന്‍ കൊടുത്തേക്കും. അവമ്മാരത് മാക്സിമം വിക്കും. നമ്മള് മേടിക്കും. കൊള്ളാലോന്ന് ഓര്‍ത്തോണ്ടിരികുമ്പം കേക്കാം, ദേ, കയ്യിലിരിക്കുന്ന കുന്തം മഹാ കൊഴപ്പാ, അതു കാരണം ആകാശം ഇടീഞ്ഞുവീഴാമ്പോകുന്നൂന്ന്. അങ്ങനല്ലെ ആറേഴു കൊല്ലം മുമ്പ് നാട്ടിലെ പള്ളില്ലൂടമ്പിള്ളാരെല്ലാം മൊബയിലു ഫോണുങ്കൊണ്ട് നടന്നപ്പം കേട്ടത്. എന്നാ ഒരു പുകിലാരുന്നു അന്ന്. പിള്ളേരാകെ ദുഷിച്ചു പോകും, അതാ, ഇതാ, മറ്റേതാന്നൊക്കെ. അതെങ്ങനാ, അങ്ങനങ്ങ് കളയാമ്പറ്റുവോ, കാശുകൊടുത്ത് മേടിച്ചതല്ലേന്നല്ലെ അന്ന് എല്ലാരും ചോദിച്ചത്. എന്നിട്ടെന്നാ, അതെല്ലാങ്കൂടിയങ്ങ് കൊളമായി, ഒടുക്കം ഫോണേ നിരോധിച്ചപ്പഴത്തേക്കും ഒരുപാട് പിള്ളേര് വഴിതെറ്റിപ്പോയി പോലും.

അതു തന്നെ കാരണമാന്നാ കുഞ്ഞൂഞ്ഞ് പറേന്നത് ഇപ്പ ഞങ്ങളെല്ലാം ഇവിടെയീ അന്‍റാര്‍ട്ടിക്കേ വന്ന് കെടക്കണേന്ന്. ആരുമൊന്നും പറഞ്ഞപ്പ കേട്ടില്ല. ഇങ്ങനങ്ങ് പോട്ടെന്നുമ്പറഞ്ഞിരുന്നു. ഒടുക്കം നാട്ടിക്കെടക്കണ്ട ഞങ്ങക്ക് പണി. കുഞ്ഞൂഞ്ഞിനരിശം എത്ര നാളായി ശാസ്ത്രഞ്ഞമ്മാരു പറഞ്ഞോണ്ടിരുന്നതാ, ഭൂമീലെ ചൂടു കൂടി വരികാ, സൂക്ഷിക്കണേന്ന് എന്നിട്ടെവനെങ്കിലും കേട്ടോന്നൊള്ളതാ.

അങ്ങനിരിക്കുമ്പല്ലെ, 2008 ലു ലോക സാമ്പത്തിക മാന്ദ്യം തൊടങ്ങ്യേത്. അതെന്നാ ഒരു മഹാഗുലുമാലാരുന്നു. ഇപ്പഴും വല്ലതും തീര്‍ന്നോ അതിന്‍റെ ഒരു ഇത്. ഒള്ളോനെല്ലാം പണീല്ലാതായി. കമ്പനികളും ഗവണ്മേന്‍റുകളും കെടന്ന് നെട്ടോട്ടല്ലാരുന്നോന്നെ. അറിയാമ്മേലെ. പിന്നെ ഞങ്ങക്കൊക്കെ ഒരു ഗൊണം കൂടി, ലോകത്തൊള്ളവമ്മാരെല്ലാങ്കുടെ നടത്തിക്കോണ്ടിരുന്ന തമ്മിത്തല്ല് ഒട്ട് കൊറഞ്ഞൊതോണ്ട് ഒരാശ്വാസാരുന്നു. തിന്നാന്‍ വല്ലോം ഒണ്ടായിട്ട് വേണ്ടെ തമ്മിത്തല്ലാന്‍.

അതിനെടേ കടല് കേറി അങ്ങെങ്ങാണ്ട് ഒന്നു രണ്ട് ദ്വീപു കാണാതെ പോയേപ്പിന്നെയല്ലേ, എല്ലാര്‍ക്കും ഒരു ചൂട് ഒക്കെ വെച്ചത്. പഷേങ്കി അപ്പഴേക്കുമങ്ങ് താമസിച്ച് പോയില്യോ. കാലാവസ്ഥ കുന്തം മറിഞ്ഞ് നാട്ടിലൊക്കെ ഇപ്പ ഡിസംബറില്‍ പൂജ്യം ഡിഗ്രിയൊക്കെയല്ലേ. യൂറോപ്പ് കാരൊക്കെ ഇപ്പ മഞ്ഞ് കാണാന്‍ തമിഴ്നാട്ടിലല്ലേ ടൂറടിച്ച് വരണത്. അവരൊക്കെ കരച്ചിലാപോലും, അവിടത്തെ മഞ്ഞെല്ലാം നമ്മക്കു കിട്ടിന്നുമ്പറഞ്ഞ്. പോരാഞ്ഞ് ഏതാണ്ടൊക്കെ രാജ്യങ്ങടെ കൃഷി സ്തലോം മൊത്തം കരിഞ്ഞ് പോയി.

അങ്ങനെ തിന്നാനൊന്നുമില്ലാണ്ടായപ്പഴല്ലെ, എല്ലാരും വെടിക്കോപ്പ് മേടിച്ച് വെക്കാന്‍ ഒത്തിരിക്കാശ് എടുക്കുന്ന പരിപാടി വേണ്ടെന്ന് വച്ച് പഴേ തോക്കും, പഴേ ടാങ്കുമൊക്കെ പെയിന്‍റടിച്ചെറക്ക്യേത്. അതു കൊണ്ട് ബാക്കിയൊള്ളോന് ഒരു സമാധാനോണ്ട്. ഇവിടെയൊക്കെ കീടന്ന് എല്ലാവനും മേലോട്ട് ഒരുപാട് വെടിവിടുന്നൊണ്ടേലും ഒന്നും മേത്ത് കൊള്ളുകേല. ഇച്ചിരെ നോക്കീങ്കണ്ടും നിക്കണോന്നെള്ളൂ. അഞ്ചെട്ട് വര്‍ഷം മുന്‍പ് മേടിച്ചു കൂട്ടീരുന്ന പണ്ടാരമ്പിടിച്ച തോക്കൂം കുന്തോമെല്ലാം കിടന്ന് തുരുമ്പടിച്ചു പോട്ട്. എന്നാ ഒരങ്കലാപ്പാരുന്നു അന്ന്.

ആ, പിന്നെ എന്നാ പറയാനാ, ഇവിടെയീ അന്‍റാര്‍ട്ടിക്കാ ഇങ്ങനെ മഞ്ഞ് തെളിഞ്ഞ് ഇതിന്‍റടീല്‍ ഏതാണ്ട് നിധിയുണ്ടെന്നുമ്പറഞ്ഞ് എവമ്മാരെല്ലാങ്കുടെ ബഹളം നടത്തീല്ലാരുന്നെ എനിക്കിപ്പ അച്ചാമ്മേടെ കല്യാണത്തിനു പ്രധാനിയായി നാട്ടുകാരെയൊക്കെ ഒന്നമ്പരപ്പിക്കാരുന്നു. വരാനൊള്ളത് വഴീത്തങ്ങുവോ, ഐക്യരാഷ്ട്റ സമാധാന സേനേലോട്ട് എന്നേം കുഞ്ഞൂഞ്ഞിനേം എടുത്തപ്പഴേ അതും പോയി.

പിന്നെ ഒരു ഇതൊള്ളത് പഴേ പോലെ ആര്‍ക്കും യുദ്ധത്തിലൊന്നും ഇപ്പ വല്യ ഇന്‍ററസ്റ്റില്ലാന്നൊള്ളതാ. ഇവിടാണേലും നിധി തപ്പി വന്നോമ്മാരെല്ലാം മേലോട്ട് മാത്രേ വെടിവെക്കുന്നുള്ളൂന്നെ, അതും പരസ്പരം മേത്ത് കൊള്ളാത്ത ദൂരത്ത് നിന്നോണ്ടാ. നമ്മള്, പരിപാടി കൂടുതലു കൊളാകാതെ നോക്കി വെടി മേത്തു കൊള്ളാത്ത ദൂരത്ത് നിന്നാ മതി.

....അയ്യോ, ഞാന്‍ ബിസിയാകുവാ, തേണ്ട് കേണല്‍ ജറ്ണേല്‍ സിങ്ങ് വരുന്നു, പുള്ളിയാ ഞങ്ങടെ കമാന്‍ററ്. നല്ല മനുഷേനാ, അന്നാലും സ്റ്റ്രിക്റ്റാ. എന്നാ ഇനി ഇച്ചിരെ കഴിഞ്ഞിട്ട് കാണാം..ഓക്കെ...

Thursday, January 1, 2009

നെഹ്രൂപ്പാന്‍റെ ന്യൂ ഇയറ്

"1989" അന്നത്തെ ലാസ്റ്റ് ബസു നോക്കി സ്റ്റോപ്പില്‍ നില്‍ക്കുന്നതു കണ്ടിട്ടാണ് ഞങ്ങള്‍ കവലയില്‍ നിന്നു മടങ്ങിയത്. ഡിസംബര്‍ 31 ആയതിനാല്‍ നാട്ടില്‍ ഒരു തരപ്പെട്ട ആണുങ്ങളെല്ലാം നല്ല വെള്ളം ആണ്. ക്ലബ്ബിലെ എട്ടാം ക്ലാസുകാരന്‍ ഉണ്ണിയും, ആ വര്‍ഷം തന്നെ മാര്‍ച്ചിലും സെപ്റ്റംബറിലും പത്തില്‍ തോറ്റതില്പ്പിന്നെ പബ്ലിക് ലൈഫ് ഉപേക്ഷിച്ചിരുന്ന ജോണ്‍സനും വരെ രഹസ്യമായി കള്ള് കുടിച്ചിരുന്നു. ന്യൂ ഇയറല്ലേ. അടുത്ത കൊല്ലം നന്നായി പടിച്ചില്ലെങ്കില്‍ പത്തിലേക്കു കയറ്റില്ലാന്നു പറഞ്ഞാണ് ഉണ്ണി അടിച്ചത്. ജോണ്‍സണ്‍ പത്തിന്‍റെ ദു:ഖം മറക്കാനും,അടുത്ത മാര്‍ച്ചില്‍ ഒന്നൂടെ പയറ്റാനുള്ള ധൈര്യത്തിനുമായി. മിക്കപേരും ആഘോഷത്തില്‍ മതിമറന്ന് കവല നിറഞ്ഞങ്ങനെ പിമ്പിരിയായി നില്‍ക്കുകയാണപ്പോഴും.

വീടിന്‍റെ പടിവാതില്‍ കടന്നപ്പോള്‍ ഒരു ബഹളം കേട്ടു. അഛന്‍ ആരെയോ ഉച്ചത്തില്‍ വഴക്കു പറയുന്നു. അകത്തു ചെന്നപ്പോള്‍ അപൂര്‍വദൃശ്യമാണ് മുന്നില്‍. ചാരു കസേരയില്‍ കിടന്ന് കോപിക്കുന്ന അഛന്‍റെ മുമ്പില്‍ നെഹ്രൂപ്പാന്‍ വെറും നിലത്ത് മുട്ടുകുത്തി നില്‍ക്കുകയാണ്. തോര്‍ത്ത് കക്ഷത്തില്‍ ഇടുക്കിപ്പിടിച്ച്, രണ്ട് കൈകളും അഛനു നേരെ നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നെ കണ്ടതോടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നനഞ്ഞു.

"ഇല്ല, ഒറ്റപ്പൈസ ഞാന്‍ തരില്ല; ഇവിടെ എത്ര നേരം നിന്നാലും തരില്ല" അഛന്‍ അലറി. നെഹ്രൂപ്പാന് ഒരു മാറ്റവുമില്ല. അഛനെ ആരാധിക്കുന്നതുപോലെ അദ്ദേഹം കൈകള്‍ നീട്ടി മലര്‍ത്തി അതേ നില്പ്പ് തുടര്‍ന്നു. ഒച്ച വെയ്ക്കുന്നത് നിര്‍ത്തി അഛന്‍ കണ്ണൂകള്‍ അടച്ച് കസേരയിലേക്ക് ചാഞ്ഞു. അത് നെഹ്രൂപ്പാന് അറിയാം. അഛന്‍ കോപം തണുപ്പിക്കുകയാണ്. അത് നല്ല ഒരു ലക്ഷണമാണെന്ന് അറിയാവുന്ന നെഹ്രൂപ്പാന്‍ വെറും തറയിലേക്ക് കിടന്നു. കൈകള്‍ അഛന്‍റെ കാല്പാദത്തിനടുത്തേക്ക് നീട്ടിപ്പിടിച്ചു കൊണ്ട്. നെഹ്രൂപ്പാന് അഛന്‍റെ അനുകമ്പ പിടിച്ചുപറ്റുന്നതെങ്ങനെ എന്നറിയാം. എല്ലാ മാസവും ഒന്നാം തീയതി നെഹ്രൂപ്പാന്‍ ഇതു പോലെയുള്ള എന്തെങ്കിലും 'ഡ്രാമ' നടത്തുന്നതല്ലേ. കള്ളു കൂടിക്കാനാണെങ്കില്‍ നെഹ്രൂപ്പാന്‍ വായ തുറന്ന് പൈസ ചോദിക്കില്ല; കൈ നീട്ടുക മാത്രമേയുള്ളൂ.

"രാവിലെ വന്ന് അമ്പത് രൂപാ വാങ്ങിപ്പോയതല്ലേ" അമ്മ പറഞ്ഞു തുടങ്ങി നെഹ്രൂപ്പാന്‍റെ അന്നത്തെ പ്രകടന ചരിത്രം."വൈകിട്ട് ലീല ഇതു വഴി വന്നപ്പഴല്ലേ അറിഞ്ഞത്, അരി വാങ്ങാനാന്നുമ്പറഞ്ഞ് അഛനോട് വാങ്ങിയ പൈസ വീട്ടിലെത്തിയിട്ടില്ലെന്ന്. അതു കേട്ടപ്പോഴേ അഛന്‍ കലിതുള്ളിത്തുടങ്ങിയതാ. ദേ, സന്ധ്യയായപ്പോള്‍ വീണ്ടും വന്നിരിക്കുന്നു; പത്തുരൂപാ കൂടി വേണം പോലും; കള്ള് മതിയായിട്ടുണ്ടാവില്ല. ഇന്ന് ഇനി അഛന്‍ കൊടുക്കുമെന്ന് തോന്നുന്നില്ല"

നാലുമണിക്കു കുടിക്കേണ്ട കാപ്പി കൂടിച്ച് ചെല്ലുമ്പോഴും അഛനും നെഹ്രൂപ്പാനും അതേ കിടപ്പ്. ഇത്തവണ അഛനു കുലുക്കമില്ല എന്നു തോന്നി. നെഹ്രൂപ്പാന്‍ കരഞ്ഞു തുടങ്ങി. ശബ്ദമില്ലാതെ വിതുമ്പല്‍ മാത്രം. വെറും അഭിനയമാണ്. അല്ല, കണ്ണീരു വീഴുന്നുണ്ട്. ഇന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എന്തു വിദ്യയും നെഹ്രൂപ്പാന്‍ പ്രയോഗിക്കും. വേറെ എവിടെ നിന്നും പൈസ കിട്ടിയിരിക്കില്ല; അതാണ് അഛനെ അഭയം പ്രാപിച്ചത്. വിതുമ്പല്‍ കേട്ട് അമ്മ ഇപ്പുറത്തേക്ക് വന്നു.

"ഉം, ഉം, അവന്‍റെ ഓരോ സൂത്രങ്ങള്‍, ഒരു പൈസ എന്‍റെ കയ്യില്‍ നിന്ന് നോക്കണ്ടാ" അഛന്‍ കണ്ണുതുറക്കാതെ തന്നെ പറഞ്ഞു. നെഹ്രൂപ്പാന്‍റെ ചെറിയ രൂപം കുറച്ചുകൂടി ചുരുണ്ടു. മുഷിഞ്ഞ മൂണ്ട് മടക്കിക്കുത്തിയ പടിയാണ് കിടക്കുന്നത്. നെഹ്രൂപ്പാന്‍ അഛന് പലപ്പോഴും സഹായമാണ്. പറമ്പിലെ പണികള്‍ സ്ഥിരം പണിക്കാരെ കിട്ടാതായാല്‍ അഛന്‍ നെഹ്രൂപ്പാനെ ചെന്ന് കാണും. പൂള്ളി ഒരു വരവാണ്. പക്ഷെ മറ്റുള്ളവര്‍ ഒരാഴ്ച കൊണ്ട് തീര്‍ക്കുന്ന ജോലി രണ്ടാഴ്ച വേണം നെഹ്രൂപ്പാന്‍ തീര്‍ക്കണമെങ്കില്‍. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല. സംസാരം നന്നേ കുറവ്. എന്നു കണ്ടാലും ബ്രൗണ്‍ നിറമുള്ള മങ്ങിയ ഒരു മൂണ്ടും പഴയ തുവര്‍ത്തും വേഷം. ഷര്‍ട്ടിടാറില്ല. കള്ള് കുടിയാണ് ഇഷ്ടമുള്ള ഒരു ജോലി. അതിനു പറ്റിയ കുറെ കൂട്ടുകാരും ഉണ്ട്. എന്നു വെച്ച് ശല്യം ഒന്നുമില്ല. മൂന്നു പെണ്മക്കളെ സ്ക്കൂളില്‍ വിടുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ ലീല നോക്കിക്കൊള്ളണം. നെഹ്രൂപ്പാന്‍ ആ ഭാഗത്തേക്ക് അടുക്കില്ല. വല്ലപ്പോഴും അല്പം പൈസ കൊറ്റുത്താലായി. ലീല അഞ്ചാറ് റബര്‍ ഉള്ളത് വെട്ടി, പാലെടുത്ത്, ഷീറ്റാക്കിയും മറ്റും പിള്ളേരെ സ്ക്കൂളിലയക്കും. ലീല പോലും പുള്ളിയെപ്പറ്റി നെഹ്രൂപ്പാന് എന്നാണു പറയുക, അങ്ങനെ പറഞ്ഞാലേ ആളുകള്‍ തിരിച്ചറിയൂ. ആ പേര് പുള്ളിയുടെ വല്യപ്പന്‍ ഇട്ട വിളിപ്പേരാണ്. അങ്ങോര് പഴയ കോണ്‍ഗ്രസായിരുന്നു. ഒറിജിനല്‍ നെഹ്രുവിനെ കണ്ടിട്ടുണ്ട്. കൊച്ചുമകന് തന്‍റെ പേരിട്ടിട്ടുണ്ടെങ്കിലും വല്യപ്പന്‍ വാത്സല്യത്തോടെ നെഹ്രൂ എന്നും വിളിച്ചു. കാലക്രമേണ എല്ലാവരും വല്യപ്പന്‍റെ പേരായ നെഹ്രുവിന്‍റെ ശരിയായ പേര് വിളിക്കാതെയായി. നെഹ്രൂ പിന്നീട് നെഹ്രൂപ്പാനായി.

കുറച്ചു കഴിഞ്ഞപ്പോള്‍ നെഹ്രൂപ്പാന്‍ അതിവേഗത്തില്‍ പടി കടന്നുപോകുന്നതു കണ്ടു. അഛന്‍ പൈസ കൊടുത്തു കാണും. "എത്ര കൊടുത്തു"അമ്മ ചോദിച്ചു. "അഞ്ച്..നീ ചോറ് വിളമ്പ്.."അഛന് കോപമടങ്ങിയിട്ടില്ല.

പിറ്റേന്ന് പുതുവര്‍ഷ പ്രഭാതത്തിന്‍റെ സൗന്ദര്യം നുകര്‍ന്നൊക്കെ ഇരിക്കുമ്പോള്‍ ലീല പരിഭ്രമിച്ചുകൊണ്ട് പാഞ്ഞു വന്നു. നെഹ്രൂപ്പാന്‍ ഇന്നലെ രാത്രിയെന്നല്ല, ഇന്ന് ഇതുവരെപ്പോലും വീട്ടിലെത്തിയിട്ടില്ല. ഇവിടെ നിന്ന് എങ്ങോട്ട് പോയെന്നാണ് പറഞ്ഞത്? അഛന്‍ ഒട്ട് പരിഭ്രമിച്ചു. എങ്ങോട്ടെന്ന് ഞാന്‍ ചോദിച്ചില്ല. അഞ്ചു രൂപയേ കൊടുത്തുള്ളൂ. കള്ള് കൂടിച്ച് എവിടെയെങ്കിലും വീണുപോയോ? സ്ഥിരം കൂട്ടുകാരുടെ വീടുകളിലൊക്കെ അന്വേഷിച്ചാണ് ലീലയുടെ വരവ്. രാത്രി അവരുടെ ഒപ്പം ഉണ്ടായിരുന്നില്ല. പിന്നെ എവിടെപ്പോയി?

അഛന്‍ പെട്ടന്ന് ഷര്‍ട്ട് മാറി. ഒപ്പം ഞാനും കൂടി. നെഹ്രൂപ്പാനെ കാണുന്നില്ല. പുതുവര്‍ഷത്തിലെ സംഭ്രമകരമായ ആദ്യവാര്‍ത്ത. വഴിയില്‍ കണ്ടവരോടൊക്കെ അഛന്‍ നെഹ്രൂപ്പാനെപ്പറ്റി തിരക്കി. ആര്‍ക്കും ഒരു വിവരവുമില്ല. അഛന്‍റെ പരിഭ്രമം കൂടി വരുന്നുണ്ടായിരുന്നു. ഉദ്ദേശിച്ച പണം ലഭിക്കാത്തതു കൊണ്ട് വല്ല അബദ്ധത്തിലും ചെന്ന് ചാടിയോ എന്നാണ് അഛന്‍റെ ആധി. ഒടുവില്‍ മീന്‍ കൊണ്ടുവരുന്ന മണി നാട്ടിലെ ഗവണ്മെന്‍റ് ആശുപത്രിയുടെ അടുത്ത് നെഹ്രൂപ്പാനെ രാവിലെ കണ്ടതായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട് കുതിച്ചു.

ആശുപത്രി വാര്‍ഡില്‍ത്തന്നെ നെഹ്രൂപ്പാന്‍ ഉണ്ടായിരുന്നു. കിടക്കയില്‍ പനിച്ചുവിറച്ച് പഴയ കമ്പിളിയില്‍ പൊതിഞ്ഞ് നെഹ്രൂപ്പാന്‍റെ പ്രായമേറെയുള്ള അമ്മ. ജാള്യതയോടെ നെഹ്രൂപ്പാന്‍ സംഗതികള്‍ അഛനോട് പറഞ്ഞു. ഇന്നലെ രാവിലെ കുടിച്ച് കുന്തം മറിഞ്ഞപ്പോളാണ് അമ്മയോട് നെഹ്രൂപ്പാനു പതിവില്ലാതെ സ്നേഹം തോന്നിയത്. അല്പം അകലെ നെഹ്രൂപ്പാന്‍റെ അനുജന്‍റെ ഒപ്പമായിരുന്നു അമ്മ. അമ്മയ്ക്കു കൊടുക്കാന്‍ കരുപ്പെട്ടി ശര്‍ക്കരയും വാങ്ങി നെഹ്രൂപ്പാന്‍ ചെല്ലുമ്പോള്‍, തന്നെ അന്വേഷിച്ച് ഇറങ്ങുന്ന അനുജനെ ആണ് കണ്ടത്. അമ്മക്ക് പനി. അനുജന്‍റെ അമ്മായിയമ്മ പെട്ടെന്ന് മരിച്ചതറിയിക്കാന്‍ വന്നവര്‍ അയാളുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യവിട്ടിലേക്ക് പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. നെഹ്രൂപ്പാനോട് വിവരം പറഞ്ഞ് അമ്മയെ നോക്കണമെന്നു ഏല്പിച്ച് അനുജനും ഭാര്യവീട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. നെഹ്രൂപ്പാന്‍ തക്ക സമയത്ത് എത്തി. സന്ധ്യയോടെ മടങ്ങി വരാമെന്ന് പറഞ്ഞ് അനുജന്‍ വേഗത്തില്‍ പോയി. അല്പം കഴിഞ്ഞതോടെ അമ്മക്കു പനി കൂടുകയും ചെയ്തു. നെഹ്രൂപ്പാന്‍ ചുക്കു കാപ്പി ഇട്ടു കൊടുത്ത് കാത്തിരുന്നെങ്കിലും പനി കുറഞ്ഞില്ല. സന്ധ്യയായിട്ടും അനുജനെ കാണാതെ വന്നപ്പോള്‍ അമ്മയെ ഏടുത്ത് നെഹ്രൂപ്പാന്‍ ഗവ്ണ്മെന്‍റ് ആശുപത്രിയില്‍ കൊണ്ടുവന്നു. ഭാഗ്യത്തിന് ആശുപത്രിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. ഡോക്ടര്‍ കുടിച്ച് മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ കയ്യില്‍ പൈസ ഇല്ലെന്ന് കണ്ട നെഹ്രൂപ്പാന്‍ നേരെ അഛനെ അഭയം പ്രാപിച്ചു. ഭാര്യ ലീലയോട് വിവരം പറയാനൊന്നും വെപ്രാളത്തില്‍ പറ്റിയില്ല.

"എന്നിട്ട് അമ്മ ആശുപത്രിയിലാണെന്ന് എന്താ എന്നോട് പറയാതിരുന്നത്?" അഛന്‍ നെഹ്രൂപ്പാന്‍റെ ചെവി കളിയായി തിരുമ്മിക്കൊണ്ട് ചോദിച്ചു.

"അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഒരിക്കലും അതു വിശ്വസിക്കാതെ എന്നെ ഓടിച്ചേനെ" നെഹ്രൂപ്പാന്‍ നിഷ്കളങ്കമായി പറഞ്ഞു.