Tuesday, June 9, 2009

മഴക്കാലം

ജനാലയിലൂടെ അമ്മ പുറത്തേക്ക് നോക്കി. എന്തൊരു മഴയാണ്. വെളുപ്പിന് എപ്പോഴോ മഴ തുടങ്ങിയതാണ്. നിലക്കാതെ പെയ്യുന്ന മഴയുടെ ഒരേ താളത്തിലുള്ള ശബ്ദം. വീടിനു മുകളില്‍ കെട്ടിനിന്ന് കുഴലുകളിലൂടെ മുറ്റത്തേക്ക് മഴവെള്ളം വന്നു വീഴുന്നതിന്‍റെ ഇരമ്പല്‍. മുറ്റം നിറയെ മഴവെള്ളം. ആ മഴവെള്ളത്തിലേക്ക് അലച്ച് വീഴുന്ന മഴത്തുള്ളികള്‍. മുറ്റത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളൂടെ ഇലകള്‍ മഴത്തുള്ളികളുടെ ശക്തിയില്‍ വിറകൊള്ളുന്നുണ്ട്. നല്ല തികഞ്ഞ മഴ. തൊടിയുടെ അങ്ങേയറ്റം വരെ കാണാനാവുന്നില്ല. അമ്മ കസേര ജനാലയരികിലേക്ക് വലിച്ചിട്ട് അതില്‍ ഇരുന്നു കൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി. ആകാശം ഇപ്പോഴും ഇരുണ്ടിട്ട് തന്നെയാണ്. ഇനിയും നിന്ന് പെയ്യും. മുറ്റത്താകെ വെള്ളം തളം കെട്ടിയല്ലോ. വലതു വശത്തെ ഓവ് ഇലകള്‍ വീണ് അടഞ്ഞുകാണും. മഴ ഒന്നു തുള്ളിയെടുത്തിരുന്നുവെങ്കില്‍ ആ ഇലകള്‍ പെറുക്കി ഓവ് തുറന്നു വയ്ക്കാമായിരുന്നു. മഴവെള്ളം നിറഞ്ഞ് കൂടു നഷ്ടപ്പെട്ട കുറെ ഉറുമ്പുകള്‍ ഭിത്തിയില്‍ക്കൂടി കയറിപ്പോവുന്നു. ഇനി ഇവ വീടിനുള്ളില് വന്ന് നിറയുമോ? സന്ധ്യയായാല്‍ കണ്ടുപിടിക്കാന്‍ പറ്റുകയില്ല. അമ്മ മെല്ല എണീറ്റ് വീടിന്‍റെ പിന്‍ഭാഗത്തുള്ള മുറീയിലെ പഴയ അലമാരയുടെ നേര്ക്ക് സാവധാനം നടന്നു. നടക്കുമ്പോള്‍ നടുവിനു ഒരു കടുപ്പം. തണുപ്പിന്‍റെയാണ്. എത്ര ദിവസമായി മഴ പെയ്യുന്നു. കാലില്‍ സോക്സും ചെരിപ്പും ഉണ്ടായിട്ടും തറയുടെ തണുപ്പില്‍ കാലുകള്‍ മരവിക്കുന്നതായി അമ്മക്ക് തോന്നി. കഴിഞ്ഞ വര്‍ഷം പനി വന്നതിനു ശേഷം ആകെ ഒരു ബലക്കുറവാണ്. അത് അമ്മക്ക് അറിയാം. പനിയോടുള്ള പോരാട്ടം അത്രമാത്രമായിരുന്നു. അയലത്തെല്ലാം പനിക്കാരായിരുന്നു. പകര്‍ച്ചവ്യാധി പോലെയായിരുന്നുവല്ലോ. അന്ന് അമ്മക്ക് പനിയുടെ തുടക്കം മാത്രമായിരുന്നതിനാല്‍ വാര്‍ഡില്‍ മറ്റു പനിക്കാരോടൊപ്പം കിടത്താതെ ഡോക്ടര്‍ തിരിച്ചയക്കുകയായിരുന്നു. അമ്മ വരെ നാളുകള്‍ക്ക് ശേഷമാണ് അന്ന് ഡോക്ടറെ കാണുന്നത്. പിന്നീട് മരുന്ന് മുഴുവന്‍ കഴിച്ചതിനു ശേഷവും എത്രമാസം നടക്കാന്‍ തന്നെ ബുദ്ധിമുട്ടി. ഇക്കൊല്ലവും പനി പടരുന്നതായി കേട്ടുവല്ലോ എന്നോര്‍ത്തുകൊണ്ട് അമ്മ അലമാര തുറന്നു. മുറിയില്‍ നല്ല ഇരുട്ട്. കറന്‍റില്ല. ഇനി പോയി വിളക്ക് കൊളുത്തിയോ, ടോര്‍ച്ച് എടുത്തിട്ടോ നോക്കാം. അല്ലെങ്കില്‍ വെറുതെ ഒന്ന് പരതി നോക്കാം. ഉറുമ്പ് വരാതെയിരിക്കാനുള്ള പൊടി കുറച്ച് ഒരു ടിന്നില്‍ ഇട്ട് വെച്ചിട്ടുണ്ടായിരുന്നു. കാണുന്നില്ല. അമ്മക്ക് മടുത്തു. അലമാരയുടെ പാളി ചാരി ജനാലക്ക് സമീപത്തെ കസേരയുടെ നേരെ നടന്നു. അപ്പോഴേക്കും കാറ്റടിച്ച് ജനാലപ്പാളി വന്നടഞ്ഞു. എവിടെയോ ഒരു തെങ്ങോല ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് നിലം പതിച്ചു. തണുപ്പ് മുഖത്തേക്ക് തട്ടിയപ്പോള്‍ അമ്മക്ക് വല്ലാതെ തോന്നി. എന്തെങ്കിലും കുടിച്ചാലോ? അല്പം ചൂട്കഞ്ഞി കടുക്മാങ്ങയിട്ട് കഴിച്ചിട്ട് അധികനേരമായില്ല. അമ്മ ക്ലോക്കിലേക്ക് നോക്കി. പതിനൊന്നായതേയുള്ളൂ. അമ്മ കസേരയില്‍ നിന്ന് എണീറ്റ് ജനാലപ്പാളി തള്ളിത്തുറന്ന് ഗേറ്റിലേക്ക് നോക്കി. മഴക്ക് ഒരു കുറവുമില്ല. ഗേറ്റിനപ്പുറത്ത് പാത വിജനം. മഴവെള്ളം വലിയ ഒരു ചാലെടുത്ത് റോഡു നിറഞ്ഞ് ഒഴുകുന്നു. കാറ്റില്‍ വീണ ഇലകള്‍ ആ ഒഴുക്കില്പ്പെട്ട് അവിടെയും ഇവിടെയും തട്ടി നീങ്ങിക്കൊണ്ടിരിക്കുന്നു. എന്തൊരു വലിപ്പമാണു മഴത്തുള്ളികള്‍ക്ക്. പുതപ്പിന്‍റെ തുമ്പുകൊണ്ട് അമ്മ മുഖം തുടച്ചു. മഴയും അമ്മയും മാത്രം ബാക്കിയായതായി അമ്മക്ക് തോന്നി.

10 comments:

വെറുതെ ഒരു ആചാര്യന്‍ said...

എന്തൊരു വലിപ്പമാണു മഴത്തുള്ളികള്‍ക്ക്. പുതപ്പിന്‍റെ തുമ്പുകൊണ്ട് അമ്മ മുഖം തുടച്ചു

ശ്രീ said...

സുഖമുള്ള വായന...

hAnLLaLaTh said...

..നല്ല വായനാ സുഖം തരുന്നുണ്ട്..
...പക്ഷെ ഒന്നുമില്ലാതെ കുറെ വരികള്‍ വെറുതെ എഴുതിയത് പോലെ തോന്നുന്നു...
അല്പം കൂടെ നന്നാക്കാമായിരുന്നു

Prayan said...

പാവം അമ്മ ഒറ്റക്കിങ്ങനെ.....

വെറുതെ ഒരു ആചാര്യന്‍ said...

'വെറുതെ' യാണ് ഹന്‍ലലത്തെ.. എല്ലാവര്‍ക്കും നന്ദി

hAnLLaLaTh said...

:)

Typist | എഴുത്തുകാരി said...

അമ്മ ആരെയോ കാത്തിരിക്കയല്ലേ? വരും, വരാതിരിക്കില്ല.

അനില്‍@ബ്ലോഗ് said...

ആചാര്യ,
എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ കൊണ്ട് അവസാനിപ്പിക്കല്ലെ എന്ന്.
:)

മനസ്സില്‍ ഒരുപാടെന്തൊക്കെയോ കിടന്നുരുളുന്നുണ്ട്, പക്ഷെ ശീഘ്രസ്ഖലനം സംഭവിച്ച പ്രതീതി.

വാഴക്കോടന്‍ ‍// vazhakodan said...

എഴുത്തിനെ ഒന്ന് കൂടി സീരിയസ്സായി സമീപിക്ക് സുഹൃത്തെ... ഇത് നല്ല അടിയുടെ കുറവാ. നല്ല വായനാ സുഖം തരുന്ന ഒരു ശൈലിയുണ്ട് കയ്യില്‍. ദയവായി അത് നേരാം വണ്ണം ഉപയോഗിക്കൂ. ഇഷ്ടം കൊണ്ട് പറയുകയാണ്‌, വെറുതെയാവില്ല... ഗെഡീ അപ്പൊ പറഞ്ഞ പോലെ....:)

മാണിക്യം said...

വലിച്ചു നീട്ടാതെ ഒരു വീട്ടിനുള്ളില്‍ ഒറ്റക്ക് അകപ്പെട്ട അമ്മയെ, നിസ്സാഹായയായി മഴയെ നോക്കിക്കാണുന്ന കുഞ്ഞുറുമ്പുകളേ പോലും ഭയത്തൊടെ കാണുന്ന ആ വാര്‍ദ്ധക്യം അധികം ആര്ക്കും മനസ്സിലാവാത്ത ഏകാന്തതയുടെ മുഖം ആചാര്യന്‍ നന്നായി വിവരിച്ചു.

ഒരു കഥ എന്നതിനേക്കാള്‍ അമ്മയുടെ അവസ്ഥ വരച്ചു കാട്ടുന്നതില്‍ വിജയിച്ചു, നിറക്കൂട്ടില്ലാത്ത വാര്‍ദ്ധക്യത്തിനു കറുപ്പും വെളുപ്പും മാത്രം ആ നിലയില്‍ നന്നായി സംവേദിച്ചിരിക്കുന്നു.

അതിരുകടന്ന വിവരണമില്ല, തൊള്ളിക്കോരു കുടം പെയ്യുന്ന മഴയില്‍ ഭാവനയെ നനയാന്‍ വിടുന്ന നല്ല എഴുത്ത്!!

ആശംസകള്‍ ആചാര്യന്‍