Saturday, January 31, 2009

2014:ഭൂതകാലം...

ആ..പിന്നെ എന്നാ പറേന്നു, സുഖമല്യോ? കൊറെ പേരു തല്ലിക്കൂട്ടിയ പന്ന തോക്കുകളും വേറെ കൊറെപ്പേരു ഉരുട്ടിക്കൊണ്ടു വന്നിരിക്കുന്ന പഴഞ്ചന്‍ ടാങ്കുകളും ചുമ്മാ ആകാശം നോക്കി വെടിവെച്ചോണ്ടിരിക്കുന്ന ഇ വെളുപ്പിനെ ഒരു കട്ടങ്കാപ്പി തിളപ്പിക്കാന്നു വെച്ച് ഇടിപീടീന്നുള്ള പരിപാടീലാരുന്നു ഞാന്‍. ഒള്ളതു പറയാല്ലോ, നോക്കീങ്കണ്ടും നിന്നില്ലേല് ഇതിനെടേലെന്തവാ, എപ്പഴാ, എങ്ങനാന്നൊക്കെ ആര്‍ക്കും അറിയാമ്മേലാന്നങ്ങ് തോന്നുകാ ഒരഞ്ചാറ് കൊല്ലമ്മുമ്പത്തെ കാര്യങ്ങളോര്‍ക്കുമ്പം.

എന്‍റെ വീട്ടില്‍ ഇപ്പം നാലുമണിക്കട്ടന്‍ കാപ്പിയിട്ട് കുടിച്ചോണ്ടിരിപ്പുണ്ടാരിക്കുമെന്ന് ഞാം വിചാരിക്കുന്ന പാലാക്കാരി മറിയാമ്മേ ഞാനിനീം കാണുവോ, അവടെ കയ്യീന്ന് ഒരു പാത്രം കട്ടങ്കാപ്പി മേടിച്ച്, കടുപ്പം കൂടീന്നു വെറുതെ കുറ്റോം പറഞ്ഞ് അതിനവളെ ഒരു ചീത്തേം വിളിച്ച് കുടിക്കാമ്പറ്റുവോന്നൊക്കെ ഇപ്പഴും അറിയാമ്മേലാ. അല്ലെങ്കിപ്പിന്നെ, നാട്ടിപ്പോകാന്നോക്കിയിരുന്ന്, അതിനെടേ ഒത്തുവന്ന അനിയത്തി അച്ചാമ്മേടെ കല്യാണക്കാര്യോം പറഞ്ഞ്, ഒരവധി ഒത്തു വന്നപ്പം കിട്ടുവോ എനിക്കിങ്ങനെ ഒരു ഗ്രഹപ്പെഴ പോസ്റ്റിങ്, അതും ഇക്കാണുന്ന, ഒരു മനുഷേനു വേണ്ടാത്ത അന്‍റാര്‍ട്ടിക്കേലോട്ട്. നാട്ടിലെങ്ങാനുവാണെങ്കി അതെങ്കിലുവൊരു സമാധാനോണ്ടാരുന്നു. ഇതിപ്പ പണ്ടാരാണ്ട് പറഞ്ഞ പോലെ. ഇനി അച്ചാമ്മേടെ കൊച്ചിനെ മുക്കിനെങ്കിലും ഒന്നു ചെന്ന് കാണാമ്പറ്റുവോന്നാര്‍ക്കറിയാം. പറഞ്ഞോണ്ടിരുന്നപ്പ വെള്ളം തെളച്ചതറിഞ്ഞില്ലാ. പൊടിയിടട്ടെ.

വല്യ തണുപ്പൊന്നുമിപ്പ ഇവിടെയില്ലെങ്കിലും, വെളുപ്പ് കൂട്ടി ഒരു കട്ടങ്കാപ്പി കുടിക്കാമ്പറ്റുകാന്നു പറഞ്ഞാ അതൊരു സുഖന്തന്നെയാ. അതു പറഞ്ഞപ്പഴല്ലേ, ഒരു അഞ്ചു വര്‍ഷം മുമ്പാരുന്നേല് ഇവിടിങ്ങനെ അടുപ്പ് കൂട്ടാമ്പോയിട്ട് ഒരു മിനിറ്റ് പൊറത്തു നിക്കാമ്പറ്റുകേലാര്‍ന്നൂന്നല്ലെ, അപ്പറത്തെ ട്റഞ്ചില്‍ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് പറഞ്ഞത്. ഇവിടെല്ലാം ഭയങ്കര തണുപ്പാരുന്നൂ, മഞ്ഞു കട്ടികളടുങ്ങിക്കെടക്കുകാരുന്നൂന്നൊക്കെയല്ലേ അവമ്പറേന്നത്. അന്ന് ഇവിടെങ്ങും ആരും വരാറില്ലാരുന്നു. മഞ്ഞ് തൊളച്ച് മീമ്പിടിച്ച് കഴിക്കുന്നൊരു കൂട്ടരു മാത്രേള്ളാരുന്നൂ പോലും. പിന്നെ നല്ല വെള്ള രോമം കൊണ്ട് മഞ്ഞേതാ, രോമേതാന്നറിയാമ്പറ്റാത്ത കൊറേ കരടികളുണ്ടാരുന്നൂത്രെ. അക്കൂട്ടരൊക്കെ എവിടെയാ പോയെന്നാര്‍ക്കറിയാം. ചെലപ്പം ഓടിച്ചു വിട്ടതുമാരിക്കും. അത് കുഞ്ഞൂഞ്ഞ് രഹസ്യായിട്ട് പറഞ്ഞതാ. കുഞ്ഞൂഞ്ഞ് പറേന്നത് നേരാരിക്കും. പുള്ളി ഇച്ചിരെയൊക്കെ വെവരോള്ള കൂട്ടത്തിലാ.

കൊറേ നാളായി ലോകത്തൊള്ള കൊറേ തലതിരിഞ്ഞ ശാസ്ത്രഞ്ഞമ്മാരു പറേന്നൊണ്ടാര്‍ന്നൂ പോലും, കാര്യം കൊഴേകാ, അന്‍റാര്‍ട്ടിക്കേടെ മോളിലെങ്ങാണ്ടൊരു തൊള വീണീട്ടൊണ്ട്. അതുവഴി സൂര്യന്‍റെ ഏതാണ്ടെല്ലാം രശ്മികളു വരുന്നു. പിന്നെ ലോകത്തൊള്ള മൊത്തം ഏസീം ഫ്രിഡ്ജും കാറുമെല്ലാങ്കൂടെ പൊറത്തോട്ട് വിടുന്ന പൊക കാരണം ചൂട് കൂടി വരികാ. അന്‍റാര്‍ട്ടിക്കേലെ മഞ്ഞുരുകി കടലങ്ങ് പൊങ്ങൂന്നൊക്കെ. അന്ന് അതൊക്കെയാരാണ്ട് കേക്കുന്നോ? അല്ലേ, ഫ്രിഡ്ജും കാറും ഏസീമൊന്നുവില്ലാതെ ആരാണ്ട് ജീവിക്കാമ്പോണോ? മനുഷേരുടെ ഓരോരോ സൗകര്യത്തിനല്ലേന്നെ ഇങ്ങനോരോന്ന് കണ്ടുപിടിക്കുന്നെ. അതു കണ്ട് പിടിക്കുന്നതും കൊറേ ശാസ്ത്രഞ്ഞമ്മാര്. വേണ്ടാന്നു പറേന്നതു വേറെ കൊറെ ശാസ്ത്രഞ്ഞമ്മാര്. അതാ എനിക്കു പിടിക്കാത്തെ. എന്നാപ്പിന്നെ കണ്ട്പിടിക്കാതിരുന്നാപ്പോരേ? അതവമ്മാര് ചെയ്യുകേലാ. ഓരോ കുന്തങ്ങള് കണ്ട് പിടിച്ചിട്ട് ഓരോരോ കമ്പനികള്‍ക്ക് വിക്കാന്‍ കൊടുത്തേക്കും. അവമ്മാരത് മാക്സിമം വിക്കും. നമ്മള് മേടിക്കും. കൊള്ളാലോന്ന് ഓര്‍ത്തോണ്ടിരികുമ്പം കേക്കാം, ദേ, കയ്യിലിരിക്കുന്ന കുന്തം മഹാ കൊഴപ്പാ, അതു കാരണം ആകാശം ഇടീഞ്ഞുവീഴാമ്പോകുന്നൂന്ന്. അങ്ങനല്ലെ ആറേഴു കൊല്ലം മുമ്പ് നാട്ടിലെ പള്ളില്ലൂടമ്പിള്ളാരെല്ലാം മൊബയിലു ഫോണുങ്കൊണ്ട് നടന്നപ്പം കേട്ടത്. എന്നാ ഒരു പുകിലാരുന്നു അന്ന്. പിള്ളേരാകെ ദുഷിച്ചു പോകും, അതാ, ഇതാ, മറ്റേതാന്നൊക്കെ. അതെങ്ങനാ, അങ്ങനങ്ങ് കളയാമ്പറ്റുവോ, കാശുകൊടുത്ത് മേടിച്ചതല്ലേന്നല്ലെ അന്ന് എല്ലാരും ചോദിച്ചത്. എന്നിട്ടെന്നാ, അതെല്ലാങ്കൂടിയങ്ങ് കൊളമായി, ഒടുക്കം ഫോണേ നിരോധിച്ചപ്പഴത്തേക്കും ഒരുപാട് പിള്ളേര് വഴിതെറ്റിപ്പോയി പോലും.

അതു തന്നെ കാരണമാന്നാ കുഞ്ഞൂഞ്ഞ് പറേന്നത് ഇപ്പ ഞങ്ങളെല്ലാം ഇവിടെയീ അന്‍റാര്‍ട്ടിക്കേ വന്ന് കെടക്കണേന്ന്. ആരുമൊന്നും പറഞ്ഞപ്പ കേട്ടില്ല. ഇങ്ങനങ്ങ് പോട്ടെന്നുമ്പറഞ്ഞിരുന്നു. ഒടുക്കം നാട്ടിക്കെടക്കണ്ട ഞങ്ങക്ക് പണി. കുഞ്ഞൂഞ്ഞിനരിശം എത്ര നാളായി ശാസ്ത്രഞ്ഞമ്മാരു പറഞ്ഞോണ്ടിരുന്നതാ, ഭൂമീലെ ചൂടു കൂടി വരികാ, സൂക്ഷിക്കണേന്ന് എന്നിട്ടെവനെങ്കിലും കേട്ടോന്നൊള്ളതാ.

അങ്ങനിരിക്കുമ്പല്ലെ, 2008 ലു ലോക സാമ്പത്തിക മാന്ദ്യം തൊടങ്ങ്യേത്. അതെന്നാ ഒരു മഹാഗുലുമാലാരുന്നു. ഇപ്പഴും വല്ലതും തീര്‍ന്നോ അതിന്‍റെ ഒരു ഇത്. ഒള്ളോനെല്ലാം പണീല്ലാതായി. കമ്പനികളും ഗവണ്മേന്‍റുകളും കെടന്ന് നെട്ടോട്ടല്ലാരുന്നോന്നെ. അറിയാമ്മേലെ. പിന്നെ ഞങ്ങക്കൊക്കെ ഒരു ഗൊണം കൂടി, ലോകത്തൊള്ളവമ്മാരെല്ലാങ്കുടെ നടത്തിക്കോണ്ടിരുന്ന തമ്മിത്തല്ല് ഒട്ട് കൊറഞ്ഞൊതോണ്ട് ഒരാശ്വാസാരുന്നു. തിന്നാന്‍ വല്ലോം ഒണ്ടായിട്ട് വേണ്ടെ തമ്മിത്തല്ലാന്‍.

അതിനെടേ കടല് കേറി അങ്ങെങ്ങാണ്ട് ഒന്നു രണ്ട് ദ്വീപു കാണാതെ പോയേപ്പിന്നെയല്ലേ, എല്ലാര്‍ക്കും ഒരു ചൂട് ഒക്കെ വെച്ചത്. പഷേങ്കി അപ്പഴേക്കുമങ്ങ് താമസിച്ച് പോയില്യോ. കാലാവസ്ഥ കുന്തം മറിഞ്ഞ് നാട്ടിലൊക്കെ ഇപ്പ ഡിസംബറില്‍ പൂജ്യം ഡിഗ്രിയൊക്കെയല്ലേ. യൂറോപ്പ് കാരൊക്കെ ഇപ്പ മഞ്ഞ് കാണാന്‍ തമിഴ്നാട്ടിലല്ലേ ടൂറടിച്ച് വരണത്. അവരൊക്കെ കരച്ചിലാപോലും, അവിടത്തെ മഞ്ഞെല്ലാം നമ്മക്കു കിട്ടിന്നുമ്പറഞ്ഞ്. പോരാഞ്ഞ് ഏതാണ്ടൊക്കെ രാജ്യങ്ങടെ കൃഷി സ്തലോം മൊത്തം കരിഞ്ഞ് പോയി.

അങ്ങനെ തിന്നാനൊന്നുമില്ലാണ്ടായപ്പഴല്ലെ, എല്ലാരും വെടിക്കോപ്പ് മേടിച്ച് വെക്കാന്‍ ഒത്തിരിക്കാശ് എടുക്കുന്ന പരിപാടി വേണ്ടെന്ന് വച്ച് പഴേ തോക്കും, പഴേ ടാങ്കുമൊക്കെ പെയിന്‍റടിച്ചെറക്ക്യേത്. അതു കൊണ്ട് ബാക്കിയൊള്ളോന് ഒരു സമാധാനോണ്ട്. ഇവിടെയൊക്കെ കീടന്ന് എല്ലാവനും മേലോട്ട് ഒരുപാട് വെടിവിടുന്നൊണ്ടേലും ഒന്നും മേത്ത് കൊള്ളുകേല. ഇച്ചിരെ നോക്കീങ്കണ്ടും നിക്കണോന്നെള്ളൂ. അഞ്ചെട്ട് വര്‍ഷം മുന്‍പ് മേടിച്ചു കൂട്ടീരുന്ന പണ്ടാരമ്പിടിച്ച തോക്കൂം കുന്തോമെല്ലാം കിടന്ന് തുരുമ്പടിച്ചു പോട്ട്. എന്നാ ഒരങ്കലാപ്പാരുന്നു അന്ന്.

ആ, പിന്നെ എന്നാ പറയാനാ, ഇവിടെയീ അന്‍റാര്‍ട്ടിക്കാ ഇങ്ങനെ മഞ്ഞ് തെളിഞ്ഞ് ഇതിന്‍റടീല്‍ ഏതാണ്ട് നിധിയുണ്ടെന്നുമ്പറഞ്ഞ് എവമ്മാരെല്ലാങ്കുടെ ബഹളം നടത്തീല്ലാരുന്നെ എനിക്കിപ്പ അച്ചാമ്മേടെ കല്യാണത്തിനു പ്രധാനിയായി നാട്ടുകാരെയൊക്കെ ഒന്നമ്പരപ്പിക്കാരുന്നു. വരാനൊള്ളത് വഴീത്തങ്ങുവോ, ഐക്യരാഷ്ട്റ സമാധാന സേനേലോട്ട് എന്നേം കുഞ്ഞൂഞ്ഞിനേം എടുത്തപ്പഴേ അതും പോയി.

പിന്നെ ഒരു ഇതൊള്ളത് പഴേ പോലെ ആര്‍ക്കും യുദ്ധത്തിലൊന്നും ഇപ്പ വല്യ ഇന്‍ററസ്റ്റില്ലാന്നൊള്ളതാ. ഇവിടാണേലും നിധി തപ്പി വന്നോമ്മാരെല്ലാം മേലോട്ട് മാത്രേ വെടിവെക്കുന്നുള്ളൂന്നെ, അതും പരസ്പരം മേത്ത് കൊള്ളാത്ത ദൂരത്ത് നിന്നോണ്ടാ. നമ്മള്, പരിപാടി കൂടുതലു കൊളാകാതെ നോക്കി വെടി മേത്തു കൊള്ളാത്ത ദൂരത്ത് നിന്നാ മതി.

....അയ്യോ, ഞാന്‍ ബിസിയാകുവാ, തേണ്ട് കേണല്‍ ജറ്ണേല്‍ സിങ്ങ് വരുന്നു, പുള്ളിയാ ഞങ്ങടെ കമാന്‍ററ്. നല്ല മനുഷേനാ, അന്നാലും സ്റ്റ്രിക്റ്റാ. എന്നാ ഇനി ഇച്ചിരെ കഴിഞ്ഞിട്ട് കാണാം..ഓക്കെ...

Thursday, January 1, 2009

നെഹ്രൂപ്പാന്‍റെ ന്യൂ ഇയറ്

"1989" അന്നത്തെ ലാസ്റ്റ് ബസു നോക്കി സ്റ്റോപ്പില്‍ നില്‍ക്കുന്നതു കണ്ടിട്ടാണ് ഞങ്ങള്‍ കവലയില്‍ നിന്നു മടങ്ങിയത്. ഡിസംബര്‍ 31 ആയതിനാല്‍ നാട്ടില്‍ ഒരു തരപ്പെട്ട ആണുങ്ങളെല്ലാം നല്ല വെള്ളം ആണ്. ക്ലബ്ബിലെ എട്ടാം ക്ലാസുകാരന്‍ ഉണ്ണിയും, ആ വര്‍ഷം തന്നെ മാര്‍ച്ചിലും സെപ്റ്റംബറിലും പത്തില്‍ തോറ്റതില്പ്പിന്നെ പബ്ലിക് ലൈഫ് ഉപേക്ഷിച്ചിരുന്ന ജോണ്‍സനും വരെ രഹസ്യമായി കള്ള് കുടിച്ചിരുന്നു. ന്യൂ ഇയറല്ലേ. അടുത്ത കൊല്ലം നന്നായി പടിച്ചില്ലെങ്കില്‍ പത്തിലേക്കു കയറ്റില്ലാന്നു പറഞ്ഞാണ് ഉണ്ണി അടിച്ചത്. ജോണ്‍സണ്‍ പത്തിന്‍റെ ദു:ഖം മറക്കാനും,അടുത്ത മാര്‍ച്ചില്‍ ഒന്നൂടെ പയറ്റാനുള്ള ധൈര്യത്തിനുമായി. മിക്കപേരും ആഘോഷത്തില്‍ മതിമറന്ന് കവല നിറഞ്ഞങ്ങനെ പിമ്പിരിയായി നില്‍ക്കുകയാണപ്പോഴും.

വീടിന്‍റെ പടിവാതില്‍ കടന്നപ്പോള്‍ ഒരു ബഹളം കേട്ടു. അഛന്‍ ആരെയോ ഉച്ചത്തില്‍ വഴക്കു പറയുന്നു. അകത്തു ചെന്നപ്പോള്‍ അപൂര്‍വദൃശ്യമാണ് മുന്നില്‍. ചാരു കസേരയില്‍ കിടന്ന് കോപിക്കുന്ന അഛന്‍റെ മുമ്പില്‍ നെഹ്രൂപ്പാന്‍ വെറും നിലത്ത് മുട്ടുകുത്തി നില്‍ക്കുകയാണ്. തോര്‍ത്ത് കക്ഷത്തില്‍ ഇടുക്കിപ്പിടിച്ച്, രണ്ട് കൈകളും അഛനു നേരെ നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നെ കണ്ടതോടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നനഞ്ഞു.

"ഇല്ല, ഒറ്റപ്പൈസ ഞാന്‍ തരില്ല; ഇവിടെ എത്ര നേരം നിന്നാലും തരില്ല" അഛന്‍ അലറി. നെഹ്രൂപ്പാന് ഒരു മാറ്റവുമില്ല. അഛനെ ആരാധിക്കുന്നതുപോലെ അദ്ദേഹം കൈകള്‍ നീട്ടി മലര്‍ത്തി അതേ നില്പ്പ് തുടര്‍ന്നു. ഒച്ച വെയ്ക്കുന്നത് നിര്‍ത്തി അഛന്‍ കണ്ണൂകള്‍ അടച്ച് കസേരയിലേക്ക് ചാഞ്ഞു. അത് നെഹ്രൂപ്പാന് അറിയാം. അഛന്‍ കോപം തണുപ്പിക്കുകയാണ്. അത് നല്ല ഒരു ലക്ഷണമാണെന്ന് അറിയാവുന്ന നെഹ്രൂപ്പാന്‍ വെറും തറയിലേക്ക് കിടന്നു. കൈകള്‍ അഛന്‍റെ കാല്പാദത്തിനടുത്തേക്ക് നീട്ടിപ്പിടിച്ചു കൊണ്ട്. നെഹ്രൂപ്പാന് അഛന്‍റെ അനുകമ്പ പിടിച്ചുപറ്റുന്നതെങ്ങനെ എന്നറിയാം. എല്ലാ മാസവും ഒന്നാം തീയതി നെഹ്രൂപ്പാന്‍ ഇതു പോലെയുള്ള എന്തെങ്കിലും 'ഡ്രാമ' നടത്തുന്നതല്ലേ. കള്ളു കൂടിക്കാനാണെങ്കില്‍ നെഹ്രൂപ്പാന്‍ വായ തുറന്ന് പൈസ ചോദിക്കില്ല; കൈ നീട്ടുക മാത്രമേയുള്ളൂ.

"രാവിലെ വന്ന് അമ്പത് രൂപാ വാങ്ങിപ്പോയതല്ലേ" അമ്മ പറഞ്ഞു തുടങ്ങി നെഹ്രൂപ്പാന്‍റെ അന്നത്തെ പ്രകടന ചരിത്രം."വൈകിട്ട് ലീല ഇതു വഴി വന്നപ്പഴല്ലേ അറിഞ്ഞത്, അരി വാങ്ങാനാന്നുമ്പറഞ്ഞ് അഛനോട് വാങ്ങിയ പൈസ വീട്ടിലെത്തിയിട്ടില്ലെന്ന്. അതു കേട്ടപ്പോഴേ അഛന്‍ കലിതുള്ളിത്തുടങ്ങിയതാ. ദേ, സന്ധ്യയായപ്പോള്‍ വീണ്ടും വന്നിരിക്കുന്നു; പത്തുരൂപാ കൂടി വേണം പോലും; കള്ള് മതിയായിട്ടുണ്ടാവില്ല. ഇന്ന് ഇനി അഛന്‍ കൊടുക്കുമെന്ന് തോന്നുന്നില്ല"

നാലുമണിക്കു കുടിക്കേണ്ട കാപ്പി കൂടിച്ച് ചെല്ലുമ്പോഴും അഛനും നെഹ്രൂപ്പാനും അതേ കിടപ്പ്. ഇത്തവണ അഛനു കുലുക്കമില്ല എന്നു തോന്നി. നെഹ്രൂപ്പാന്‍ കരഞ്ഞു തുടങ്ങി. ശബ്ദമില്ലാതെ വിതുമ്പല്‍ മാത്രം. വെറും അഭിനയമാണ്. അല്ല, കണ്ണീരു വീഴുന്നുണ്ട്. ഇന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എന്തു വിദ്യയും നെഹ്രൂപ്പാന്‍ പ്രയോഗിക്കും. വേറെ എവിടെ നിന്നും പൈസ കിട്ടിയിരിക്കില്ല; അതാണ് അഛനെ അഭയം പ്രാപിച്ചത്. വിതുമ്പല്‍ കേട്ട് അമ്മ ഇപ്പുറത്തേക്ക് വന്നു.

"ഉം, ഉം, അവന്‍റെ ഓരോ സൂത്രങ്ങള്‍, ഒരു പൈസ എന്‍റെ കയ്യില്‍ നിന്ന് നോക്കണ്ടാ" അഛന്‍ കണ്ണുതുറക്കാതെ തന്നെ പറഞ്ഞു. നെഹ്രൂപ്പാന്‍റെ ചെറിയ രൂപം കുറച്ചുകൂടി ചുരുണ്ടു. മുഷിഞ്ഞ മൂണ്ട് മടക്കിക്കുത്തിയ പടിയാണ് കിടക്കുന്നത്. നെഹ്രൂപ്പാന്‍ അഛന് പലപ്പോഴും സഹായമാണ്. പറമ്പിലെ പണികള്‍ സ്ഥിരം പണിക്കാരെ കിട്ടാതായാല്‍ അഛന്‍ നെഹ്രൂപ്പാനെ ചെന്ന് കാണും. പൂള്ളി ഒരു വരവാണ്. പക്ഷെ മറ്റുള്ളവര്‍ ഒരാഴ്ച കൊണ്ട് തീര്‍ക്കുന്ന ജോലി രണ്ടാഴ്ച വേണം നെഹ്രൂപ്പാന്‍ തീര്‍ക്കണമെങ്കില്‍. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല. സംസാരം നന്നേ കുറവ്. എന്നു കണ്ടാലും ബ്രൗണ്‍ നിറമുള്ള മങ്ങിയ ഒരു മൂണ്ടും പഴയ തുവര്‍ത്തും വേഷം. ഷര്‍ട്ടിടാറില്ല. കള്ള് കുടിയാണ് ഇഷ്ടമുള്ള ഒരു ജോലി. അതിനു പറ്റിയ കുറെ കൂട്ടുകാരും ഉണ്ട്. എന്നു വെച്ച് ശല്യം ഒന്നുമില്ല. മൂന്നു പെണ്മക്കളെ സ്ക്കൂളില്‍ വിടുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ ലീല നോക്കിക്കൊള്ളണം. നെഹ്രൂപ്പാന്‍ ആ ഭാഗത്തേക്ക് അടുക്കില്ല. വല്ലപ്പോഴും അല്പം പൈസ കൊറ്റുത്താലായി. ലീല അഞ്ചാറ് റബര്‍ ഉള്ളത് വെട്ടി, പാലെടുത്ത്, ഷീറ്റാക്കിയും മറ്റും പിള്ളേരെ സ്ക്കൂളിലയക്കും. ലീല പോലും പുള്ളിയെപ്പറ്റി നെഹ്രൂപ്പാന് എന്നാണു പറയുക, അങ്ങനെ പറഞ്ഞാലേ ആളുകള്‍ തിരിച്ചറിയൂ. ആ പേര് പുള്ളിയുടെ വല്യപ്പന്‍ ഇട്ട വിളിപ്പേരാണ്. അങ്ങോര് പഴയ കോണ്‍ഗ്രസായിരുന്നു. ഒറിജിനല്‍ നെഹ്രുവിനെ കണ്ടിട്ടുണ്ട്. കൊച്ചുമകന് തന്‍റെ പേരിട്ടിട്ടുണ്ടെങ്കിലും വല്യപ്പന്‍ വാത്സല്യത്തോടെ നെഹ്രൂ എന്നും വിളിച്ചു. കാലക്രമേണ എല്ലാവരും വല്യപ്പന്‍റെ പേരായ നെഹ്രുവിന്‍റെ ശരിയായ പേര് വിളിക്കാതെയായി. നെഹ്രൂ പിന്നീട് നെഹ്രൂപ്പാനായി.

കുറച്ചു കഴിഞ്ഞപ്പോള്‍ നെഹ്രൂപ്പാന്‍ അതിവേഗത്തില്‍ പടി കടന്നുപോകുന്നതു കണ്ടു. അഛന്‍ പൈസ കൊടുത്തു കാണും. "എത്ര കൊടുത്തു"അമ്മ ചോദിച്ചു. "അഞ്ച്..നീ ചോറ് വിളമ്പ്.."അഛന് കോപമടങ്ങിയിട്ടില്ല.

പിറ്റേന്ന് പുതുവര്‍ഷ പ്രഭാതത്തിന്‍റെ സൗന്ദര്യം നുകര്‍ന്നൊക്കെ ഇരിക്കുമ്പോള്‍ ലീല പരിഭ്രമിച്ചുകൊണ്ട് പാഞ്ഞു വന്നു. നെഹ്രൂപ്പാന്‍ ഇന്നലെ രാത്രിയെന്നല്ല, ഇന്ന് ഇതുവരെപ്പോലും വീട്ടിലെത്തിയിട്ടില്ല. ഇവിടെ നിന്ന് എങ്ങോട്ട് പോയെന്നാണ് പറഞ്ഞത്? അഛന്‍ ഒട്ട് പരിഭ്രമിച്ചു. എങ്ങോട്ടെന്ന് ഞാന്‍ ചോദിച്ചില്ല. അഞ്ചു രൂപയേ കൊടുത്തുള്ളൂ. കള്ള് കൂടിച്ച് എവിടെയെങ്കിലും വീണുപോയോ? സ്ഥിരം കൂട്ടുകാരുടെ വീടുകളിലൊക്കെ അന്വേഷിച്ചാണ് ലീലയുടെ വരവ്. രാത്രി അവരുടെ ഒപ്പം ഉണ്ടായിരുന്നില്ല. പിന്നെ എവിടെപ്പോയി?

അഛന്‍ പെട്ടന്ന് ഷര്‍ട്ട് മാറി. ഒപ്പം ഞാനും കൂടി. നെഹ്രൂപ്പാനെ കാണുന്നില്ല. പുതുവര്‍ഷത്തിലെ സംഭ്രമകരമായ ആദ്യവാര്‍ത്ത. വഴിയില്‍ കണ്ടവരോടൊക്കെ അഛന്‍ നെഹ്രൂപ്പാനെപ്പറ്റി തിരക്കി. ആര്‍ക്കും ഒരു വിവരവുമില്ല. അഛന്‍റെ പരിഭ്രമം കൂടി വരുന്നുണ്ടായിരുന്നു. ഉദ്ദേശിച്ച പണം ലഭിക്കാത്തതു കൊണ്ട് വല്ല അബദ്ധത്തിലും ചെന്ന് ചാടിയോ എന്നാണ് അഛന്‍റെ ആധി. ഒടുവില്‍ മീന്‍ കൊണ്ടുവരുന്ന മണി നാട്ടിലെ ഗവണ്മെന്‍റ് ആശുപത്രിയുടെ അടുത്ത് നെഹ്രൂപ്പാനെ രാവിലെ കണ്ടതായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട് കുതിച്ചു.

ആശുപത്രി വാര്‍ഡില്‍ത്തന്നെ നെഹ്രൂപ്പാന്‍ ഉണ്ടായിരുന്നു. കിടക്കയില്‍ പനിച്ചുവിറച്ച് പഴയ കമ്പിളിയില്‍ പൊതിഞ്ഞ് നെഹ്രൂപ്പാന്‍റെ പ്രായമേറെയുള്ള അമ്മ. ജാള്യതയോടെ നെഹ്രൂപ്പാന്‍ സംഗതികള്‍ അഛനോട് പറഞ്ഞു. ഇന്നലെ രാവിലെ കുടിച്ച് കുന്തം മറിഞ്ഞപ്പോളാണ് അമ്മയോട് നെഹ്രൂപ്പാനു പതിവില്ലാതെ സ്നേഹം തോന്നിയത്. അല്പം അകലെ നെഹ്രൂപ്പാന്‍റെ അനുജന്‍റെ ഒപ്പമായിരുന്നു അമ്മ. അമ്മയ്ക്കു കൊടുക്കാന്‍ കരുപ്പെട്ടി ശര്‍ക്കരയും വാങ്ങി നെഹ്രൂപ്പാന്‍ ചെല്ലുമ്പോള്‍, തന്നെ അന്വേഷിച്ച് ഇറങ്ങുന്ന അനുജനെ ആണ് കണ്ടത്. അമ്മക്ക് പനി. അനുജന്‍റെ അമ്മായിയമ്മ പെട്ടെന്ന് മരിച്ചതറിയിക്കാന്‍ വന്നവര്‍ അയാളുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യവിട്ടിലേക്ക് പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. നെഹ്രൂപ്പാനോട് വിവരം പറഞ്ഞ് അമ്മയെ നോക്കണമെന്നു ഏല്പിച്ച് അനുജനും ഭാര്യവീട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. നെഹ്രൂപ്പാന്‍ തക്ക സമയത്ത് എത്തി. സന്ധ്യയോടെ മടങ്ങി വരാമെന്ന് പറഞ്ഞ് അനുജന്‍ വേഗത്തില്‍ പോയി. അല്പം കഴിഞ്ഞതോടെ അമ്മക്കു പനി കൂടുകയും ചെയ്തു. നെഹ്രൂപ്പാന്‍ ചുക്കു കാപ്പി ഇട്ടു കൊടുത്ത് കാത്തിരുന്നെങ്കിലും പനി കുറഞ്ഞില്ല. സന്ധ്യയായിട്ടും അനുജനെ കാണാതെ വന്നപ്പോള്‍ അമ്മയെ ഏടുത്ത് നെഹ്രൂപ്പാന്‍ ഗവ്ണ്മെന്‍റ് ആശുപത്രിയില്‍ കൊണ്ടുവന്നു. ഭാഗ്യത്തിന് ആശുപത്രിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. ഡോക്ടര്‍ കുടിച്ച് മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ കയ്യില്‍ പൈസ ഇല്ലെന്ന് കണ്ട നെഹ്രൂപ്പാന്‍ നേരെ അഛനെ അഭയം പ്രാപിച്ചു. ഭാര്യ ലീലയോട് വിവരം പറയാനൊന്നും വെപ്രാളത്തില്‍ പറ്റിയില്ല.

"എന്നിട്ട് അമ്മ ആശുപത്രിയിലാണെന്ന് എന്താ എന്നോട് പറയാതിരുന്നത്?" അഛന്‍ നെഹ്രൂപ്പാന്‍റെ ചെവി കളിയായി തിരുമ്മിക്കൊണ്ട് ചോദിച്ചു.

"അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഒരിക്കലും അതു വിശ്വസിക്കാതെ എന്നെ ഓടിച്ചേനെ" നെഹ്രൂപ്പാന്‍ നിഷ്കളങ്കമായി പറഞ്ഞു.