Tuesday, December 10, 2013

കൊളീസിയം
--------------------
ജീവിതമേ, അറുപത്തിനാലു നീക്കങ്ങള്‍
മുന്‍പേര്‍ കണ്ട
നിന്‍ പടനീക്കങ്ങള്‍
അക്ഷൗഹിണികള്‍ ചക്രവ്യൂഹങ്ങള്‍
ഭേദിച്ചുഭേദിച്ചു കയറവേ
വീണ്ടും കോട്ടകൊത്തളങ്ങള്‍
തീര്‍ത്തുനിര്‍ത്തുന്ന കൗശലം
രാവുതോറും നീ തന്നെ  അടിച്ചൊരുക്കിത്തരുന്ന
പടച്ചട്ടയിന്മേല്‍ നിന്‍റെ തന്നെ ശരവര്‍ഷം
നിന്‍റെ ഋതുക്കള്‍ കൊണ്ടു തീര്‍ത്ത പരിചയില്‍
നിന്‍പരിഹാസത്തിന്‍ കുന്തമുനപ്പോറല്‍
കണ്ണു കാതു ത്വക്കും ശ്വാസവും കടം തന്ന്
നിനക്കെതിരെത്തന്നെ പോരിനിറക്കി
രസിക്കും ജീവിതമേ...
അനശ്വരമാമൊരു തേരോട്ടം കൊതിച്ച്
നിന്‍റെ ജ്വാലയില്‍തേയാതെ പാറാന്‍
ബാക്കിയുണ്ട്
എന്തോ ബാക്കിയുണ്ട്

Sunday, October 6, 2013

ഏകാന്തതയുടെ അപാരതീരം


കഴിഞ്ഞ കുറെ നാളുകളായി ശ്രദ്ധിച്ചുവരുന്ന ഒന്നാണ്‍ സുഹൃത്തുക്കളുടെ എണ്ണത്തിലുണ്ടാകുന്ന കാറ്റ് വീഴ്ച. പൊതുവെ സുഹൃദ് വലയം സൃഷ്ടിക്കുന്നതില്‍ മണ്ടനാണെങ്കിലും ഉള്ള കുറെ സുഹൃത്തുക്കള്‍ എനിക്ക് അഭിമാനം തന്നെയായിരുന്നു. ഈയിടെ ചിന്തിച്ചപ്പോഴാണ്‍ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തില്‍ തുറന്ന സൗഹൃദം  ഒന്നുപോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുകുറഞ്ഞ് ഓണ്‍ലൈനില്‍ രണ്ട് പേര്‍, ഫോണില്‍ രണ്ട് പേര്‍, നേരില്‍ കാണുന്നത് ഒരാള്‍ എന്നായിട്ടുണ്ട്. കൂടാതെ വല്ലകാലത്തുമൊന്ന് കാണുമ്പോഴും, വല്ലപ്പോഴും ഒന്ന് വിളിക്കുമ്പോളും ആഹാ ഓഹോ വെക്കുന്നവരുടെ എണ്ണവും പത്തില്‍ മീതെ പോവില്ല. സോഷ്യല്‍ മീഡിയയില്‍ ആകെ അഞ്ച് പേരാണ്‍ ഹലോ ഉള്ളത്. മുമ്പൊരിക്കല്‍ ഇങ്ങനെ ഏകാന്തത കാറ്റത്ത് കൊണ്ട് പോയി ഒരു തീരത്ത് തളച്ചിട്ടപ്പോഴാണ്‍ മലയാള ബ്ലോഗ് എന്ന സംഭവം "ഞാന്‍ കണ്ട് പിടിച്ചത്". അത് ഒരു രസമായിരുന്നു, എല്ലാവരെയും പോലെ എഴുതാന്‍ നോക്കി തോറ്റു. കുറെ ആള്‍ക്കാര്‍ക്കെല്ലാം ഹും ഹാ എന്നെല്ലാം കമന്‍റ് എഴുതി വന്നപ്പോഴേക്കും ബ്ലോഗാവസാനം വന്നു. പിന്നെ ബസായി. അവിടെ പിടിച്ച് നില്‍ക്കാന്‍ കമന്‍റ് ഒഴുക്കേണ്ടിയിരുന്നു, അത് പഡിച്ച് വന്നപ്പോള്‍ ബസ് കട്ടപ്പുറത്ത്. പിന്നെ പുളൂസ്. പുളൂസ് പെട്ടെന്ന് തീര്‍ക്കാവുന്നത് കൊണ്ട് വായിക്കും. ഇടയ്ക്കിടെ അപ്രസക്തമായ അവിഞ്ഞ കമന്‍റുകള്‍ ഇടും. പിന്‍ വാങ്ങിപ്പിന്‍ വാങ്ങി ഇപ്പോള്‍ വായന മാത്രം, എഴുത്ത് മരിച്ചു. മോന്തായത്തില്‍ കയറാന്‍ തോന്നാറേയില്ല. വീണ്ടും ഏകാന്തതയുടെ അപാര തീരത്ത്. മുമ്പ് ബ്ലോഗ് കണ്ട് പിടീച്ച പോലെ എന്തെങ്കിലും കണ്ട് പിടിക്കേണ്ടീ വരുമായീരിക്കും.

Thursday, June 6, 2013

നീ

ഇന്ന് കഴിച്ച പഴങ്ങള്‍
ഇന്ന് ത്ഴുകിയ കാറ്റ്
ഇന്ന് നനഞ്ഞ മഴ
ഇന്ന് ചിരിച്ച ചിരി
ഇന്ന് കൈവിട്ട നാണയം,
അവയെല്ലാം കയ്യിലടക്കി
പടിയിറങ്ങിയ ഈ പകലുമിനി
മടങ്ങിവരിലെങ്കിലും
ഉള്ളിലെവിടെയോ കൊളുത്തിയ
നോവായി നീയെന്നും
തിരികെ വന്നുകൊണ്ടേയിരിക്കും

Sunday, May 26, 2013

കാണി


.അവളുടെയും അവന്‍റെയും തിരനോട്ടത്തിന്‍റെ
കാണികളാണ്‍ ഇഷ്ടത്തിന്‍റെ ആ ശബ്ദമുണ്ടാക്കുന്നത്;
അവരുടെ പന്തടക്കത്തിന്‍റെ കാണികളാണ്‍
ആര്‍ത്തു വിളിച്ച് തമ്മില്‍ത്തല്ലുന്നത്;
നേതാവിന്‍റെ കാണികളാണ്‍
ആ പിന്‍ ചെല്ലുന്നത്;
മിക്കപേര്‍ക്കും അങ്ങനെ കാണികളുണ്ട്

എന്നാല്‍ പിന്‍ നിരയില്‍,
സ്വന്തമായി ഒരു കാണി പോലുമില്ലാത്ത,
വെറും കാണികള്‍
മാത്രമായ എത്രയോ പേരാണ്.
ആ പാവം കാണികളുടെ ദൈന്യം
കണ്ണീരു പുരട്ടിയ ഒരു പിടി ചോറായി
തൊണ്ടയില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്‍.

അനാഥശാലയില്‍ എല്ലാ സന്ദര്‍ശകര്‍ക്ക്
നേരെയും എടുക്കണേയെന്ന്
കൈകള്‍ നീട്ടുന്ന കുഞ്ഞുങ്ങളെപ്പോലെ
ആരോരുമില്ലാത്ത അവരുടെ
നിഴലുകള്‍ക്കിയില്‍ നിന്ന്
ഒന്ന് തേങ്ങിപ്പോകുന്നു

Saturday, May 25, 2013

മണ്ണില്

ബിയറിന്‍റെ മണമുള്ള നിന്നെ
ചുംബിക്കണമെന്നുണ്ടായിരുന്നു,
പക്ഷെ ഞാനവിടെ വിളമ്പുകാരന്‍
മാത്രമായിരുന്നല്ലോ
കാറിലിരുന്ന് തട്ടുദോശ തിന്നുന്ന
നിന്നെ പിന്തുടരണമെന്നുണ്ടായിരുന്നു,
പക്ഷെ ലാസ്റ്റ് ബസ്
ഓടിപ്പിടിക്കേണ്ടതുണ്ടായിരുന്നു
ഏ സി കോച്ചില്‍ നീ കയറുന്നതു കണ്ട്
തിക്കിത്തിരക്കി വന്നപ്പോള്‍
അങ്ങോട്ടേക്ക് നടപ്പാലമുണ്ടായില്ല
ഇനിയൊരിക്കല്‍ നീ വെയിലില്‍
വരുമ്പോള്‍, ഹാ തണലെന്ന്
നിന്നെ ആശ്വസിപ്പിക്കാനായി
പടര്ന്നു പന്തലിച്ചുയരാന്‍
ഞാനിന്നു മണ്ണിലേക്കെന്നെ
വലിച്ചെറിഞ്ഞു

Sunday, May 19, 2013

നവനവ പ്രതിജ്ഞാഭാരം

കാത്തിരിക്കുന്നൂ വേഴാംബല്‍
ചംബല്‍ കാട്ടിലെന്ന പോല്‍
ചിതലു തിന്ന ചിതയില്‍
എന്നാല്‍മാവ് കുത്തിയീരിപ്പൂ
വരുവാനില്ലാരുമീ വിജനമാം വഴിയില്‍
എന്ന പാട്ട് ഒര് വാല്വു റേഡിയോ വഴി
കേള്‍ക്കണെമെന്ന അന്ത്യാബിലാഷം
കാതോര്‍ത്തു കിടന്നുറങ്ങിപ്പോയ്യ്
പിറ്റേന്നെഴുന്നേറ്റു പല്ലുതേച്ചു
കുളീച്ചീറനുടുത്തു
വരും വഴി നീര്‍ക്കോലികള്‍
അത്താഴപ്പട്ടീണിക്കിട്ടു കളഞ്ഞു,
കളഞ്ഞൂ ഞാനെന്‍ മാദകഭാവങ്ങളെയും
തൊഴുത്തു ചാണകമേശാതെ വൃത്തിയാക്കുവാന്‍
പാരം ദെണ്ണം തന്നെയെടോ
ഓര്‍മകളുടെ കല്യാണത്തിനു
വന്നേക്കാം
അതുവരേക്കും അനന്തമാം വിഹായസില്‍
നൂലു പൊട്ടിയ പട്ടമായ് പറ്ന്നു
നിന്‍ ശിരസില്‍ തന്നേ പതിപ്പാന്‍
യത്നിച്ചീടും ഞാനെന്നിവ്വണ്ണം
പ്രതിജ്ഞ

Monday, March 18, 2013

ഒരിക്കല്‍ക്കൂടി

കരുവേലകങ്ങളിലെ പാഴ്പൂവുകള്‍ കണ്ടിരിക്കെ
മെല്ലെ ചുംബിക്കാന്‍ ഒരു മുഖം ഇറങ്ങി വന്നു
പക്ഷികള്‍ കൂക്ക് വിളിക്കും മുന്‍പ്
കൂക്കു വിളിക്കാനായി ഒരു ചുണ്ടനങ്ങി

എന്നെന്നും സ്വയമൊറ്റുകൊടുത്തും
തള്ളിപ്പറഞ്ഞും പലായനം ചെയ്തും
രാപ്പകലുകളുടെ ചതുപ്പില്‍ നിന്ന് കൊണ്ടുവന്ന
ചെളി പുരട്ടി അറപ്പാക്കിയ,
സമാഗമത്തില്‍ നിത്യവിരഹത്തിന്‍റെ‍
ചിത്രത്തുന്നലുള്ള,
ഈ പരവതാനിയില്‍
നിന്‍റെ നെഞ്ഞിന്‍ ചൂടില്‍
ഒരിക്കല്‍ക്കൂടി മാത്രം
ആശ്വസിച്ചോട്ടെ

സമയം പോകുന്നുഅളകങ്ങളില്‍ പനീര്‍ക്കാറ്റ് ചുറ്റുമ്പോള്‍
കവിളീലൂടെ ഇളന്നീരൊഴുകുമ്പോള്‍
ചന്ദനം മണക്കുന്ന മയക്കത്തില്‍
പുല്‍മേടുകളുടെ ആരവത്തില്

എല്ലായിടത്തും സമയം ചോര്‍ന്ന് പോകുന്നു
അകന്നകന്ന് പോകുന്നു

ഉണ്ടാകേണ്ടതായിരുന്നു

ആരിലേക്കോ മടങ്ങിച്ചെല്ലാനുള്ള കാത്തിരിപ്പാണ്.

പ്രണയിക്കുന്നുവെന്ന് പറഞ്ഞറിയിക്കാതിരുന്ന പെണ്ണുങ്ങള്‍,
കാക്കത്തൊള്ളായിരം ചിത്രങ്ങള്‍ ലയിച്ച
ആര്‍ദ്രദ്രാവകം നിറച്ച് മനസിനെ പൊതിഞ്ഞ സ്തരം
ഉടക്കിവെച്ച നിലങ്ങള്‍, തുരുത്തുകള്‍,
അവയിലെ പഴമരങ്ങള്‍,
കാവല്‍ക്കാരില്ലാത്ത വെണ്ണീര്‍പ്പുരകള്‍,
മരിച്ചവര്‍ വെടിപറഞ്ഞു കിടക്കുന്ന മണ്‍കൂരകള്‍,
ആളൊഴിഞ്ഞ ഇടവഴികള്‍,
ത്വക്ക് വരണ്ടും കണ്ണു മൂടിയും
ഒട്ടുമറന്നും കേള്വിവറ്റിയുമുള്ള ശേഷിപ്പുകള്‍,
മുഖങ്ങള്‍ തനിയെ ചെളിനിറമാര്‍ന്നു പോകുന്ന
ഓര്‍മകള്‍,
എല്ലായിടങ്ങളിലും ഒഴിഞ്ഞു കിടക്കുന്നതായിക്കാണുന്ന
സ്വത്വവും, ശബ്ദവും സാന്നിധ്യവും

അവിടെയും, അവിടെയു,മവിടെയും ഉണ്ടാകേണ്ടതായിരുന്നു

പരാവര്‍ത്തനം

പുറത്തേക്കു വലിച്ചിട്ടിരുന്ന ശവം
പരിഹാസ്യമായ് ചുണ്ടനക്കി.
അതിന്‍റെ എന്തോ ഒന്ന് പറന്ന് പക്ഷിയായ്
മേല്പോട്ട്,
അതിന്‍റെ മറ്റെന്തോ ഒന്ന് തവിടാര്‍ന്ന ചിറകും
വെണ്‍കഴുത്തുമുള്ള രണ്ടാം പക്ഷിയായ്
അതിദ്രുതം പാറിയിങ്ങോട്ട്...
മൃദുലമായ ആ തൂവലുകള്‍ പൊടുന്നനെ
ഇരിപ്പിടം തേടിവന്നലച്ചതിന്‍റെ ഞെട്ടല്‍...
കയ്യിലവനെ പേറിക്കോയെന്ന് ആള്‍ക്കൂട്ടത്തിലൊരുത്തന്‍.
അവന്‍ ശരിയല്ല.
പോ ചെകുത്താനെയെന്ന് തെറിപ്പിച്ചു

മുടിയഴിച്ചിട്ട് മേശയില്‍ പുറന്തിരിഞ്ഞിരിക്കുന്നവളും
അത് തന്നെ...
നീയിവിടെ വേണ്ടായെന്ന അവളുടെ സീല്‍ക്കാരം
പോടീയെന്ന് തുട്ടിനു തുട്ടെറിഞ്ഞപ്പോഴും
അതേ ഭ്രമം...
ശവത്തിനു തിരിച്ചടങ്കലില്‍
തടവു വയ്ക്കാന്‍
ചേമ്പിതളുകള്‍ വേണമെന്ന കേള്‍വി....

ഉണരാതെ വയ്യ

ആയിരത്തിലൊരുവനെങ്കിലും

ആയിരത്തിലൊരുവനെങ്കിലും
ആ മുഖമുണ്ടാകണമെന്ന് പറയുന്നു.
പക്ഷെ
എല്ലാവരും മത്സരബുദ്ധിയോടെ ഒറ്റുകൊടുക്കുന്ന
ആ കണ്ണുകളെ
വീണ്ടും കാണാനായില്ല
ചതിയുടെ തിമിരം,
വിഷം തൂവിയ ചിരികള്‍,
മനസിലൊന്നും വാക്കിലൊന്നും,
എല്ലാ വൃത്തികേടുകളെയും പേറാറുള്ള
അഴുക്കു ചാലൊത്ത സിരകളില്‍
അത്യാര്‍ത്തി കലര്‍ന്നു നുരയ്ക്കുന്ന രക്തം,
കാണാനുള്ളതിവകളെ മാത്രം.
ആയിരത്തിലോ പതിനായിരത്തിലോ ആ മുഖമൂണ്ടാകണമെന്ന്
വീണ്ടും പറയുന്നു
പതിനായിരത്തിലല്ലെങ്കില്‍ ലക്ഷത്തിലൊരുവന്‍.
ഈ ഹ്രസ്വജീവിതത്തില്‍
ഒരു കോടി മുഖങ്ങളെയൊക്കെ കണ്ട് തീര്‍ക്കാന്‍ പറ്റുമോ
ഒന്നോടൊന്നൊക്കാതെ
വാര്‍പ്പിനു ശേഷം മൂശ തകര്‍ക്കപ്പെട്ടതോടെ
ചത്ത് ചീര്‍ത്ത ഏകാന്തമുഖങ്ങള്‍
എല്ലാം ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല
ഈ മുഖങ്ങളെല്ലാം മുഖമൂടികളാണെന്ന്
തോന്നുമ്പോള്‍
ആകാശത്തു നിന്ന് തലകുത്തി വീണ്‍ കുന്നിഞ്ചെരിവിലൂടെ
ഉരുണ്ടു പോകുന്ന\ സൂര്യനൊപ്പം
മറയുകയാണ്‍