Monday, March 8, 2010

റങ്ക് കളിയെപ്പറ്റി ചില അനുമാനങ്ങള്‍

ബട്ടന്‍സ് വീണു പോയ ട്രൗസറിന്‍റെ തുമ്പുകള്‍
കൂട്ടിക്കെട്ടി വയലില്‍ ഒത്തുചേര്‍ന്നിരുന്നത്
റങ്ക് വേള്‍ഡ് കപ്പിനാണ്.
ഏഴു കല്ലുകള്‍ റങ്കാകാന്‍
അവിടെ കാത്തു കിടന്നിരുന്നു.
ഏറ്റവും കീഴില്‍ പരന്ന, വിശാലമായ
മിഴികളായിരുന്നു.
അവ ഒരിക്കലും,
ഒരു ഏറിലും നിലത്തു വീണിരുന്നില്ല.
റങ്കിന്‍റെ മാജിക്കില്‍ അപ്പുച്ചേട്ടനും
ബക്ഷിയും കുട്ട്യച്ചനും സിബിയും
ഏഴു റൗണ്ട് എറിഞ്ഞു.
റങ്കിന്‍റെ മുകളില്‍ ഇരുന്ന ഏഴാം കല്‍ത്തുണ്ട്
വഴിത്തലക്കലെ ചുമടുതാങ്ങിയില്‍ നിന്ന്
സുരേഷ് പശുവിനെ തളച്ചിടുന്ന കമ്പിയാല്‍
കുത്തി വീഴ്ത്തിയതാണ്.
അതില്‍ അപ്പൂപ്പന്മാരുടെ വിയര്‍പ്പുപറ്റി
മിനുസമാര്‍ന്ന് ഓരോ കാറ്റിലും ആടാന്‍
വേണ്ടിയുള്ള എന്തോ ഒന്ന്
ചേര്‍ന്നിട്ടുണ്ടായിരുന്നു.
പന്തു കൊള്ളാതെ തന്നെ
താഴെ വീണു തെറി കേള്‍ക്കുന്നതും
ഏഴാം കല്ലിന്‍റെ പതിവായിരുന്നു.
ഇടക്കുള്ള അഞ്ച് കല്ലുകളെ ആരും
അത്ര കണക്കാക്കിയിരുന്നില്ല
അവ അവിടവിടെ ചിതറിക്കിടന്നിരുന്നു
വരമ്പിലെക്കല്ലില്‍ കാല്‍തട്ടി കുട്ടിക്കൃഷ്ണന്‍ വീണു
നെറ്റി പൊട്ടിയ അന്ന് അഞ്ച് കല്ലുകളും
അനാഥമായി വയലില്‍ കിടന്നു
അവയെ ആരും കണക്കാക്കിയിരുന്നില്ല
ഇന്ദിരയെ ഓര്‍ത്ത് റേഡിയോ കരയുമ്പോള്‍
അഞ്ച് കല്ലുകളയും ബക്ഷി പുഴയില്‍
നിമഞ്ജനം ചെയ്തിട്ട് പോത്തുകളെ
അടിച്ച് കൂട്ടിക്കൊണ്ട് പോയി
റങ്ക് വേള്‍ഡ് കപ്പില്‍ നിന്ന്
പുറത്തായ അഞ്ച് കല്ലുകളെ
മുങ്ങിയെടുക്കാന്‍ വേണ്ടി
പുഴയില്‍ മദിക്കുമ്പോഴാണ്
പ്രണയങ്ങളൂടെ അടിക്കല്ലായ്
ഒന്നാം കല്ല് വിടര്‍ന്ന്
പൊയ്ക്കൊണ്ടിരുന്നത്
വെള്ളത്തിനടിയില്‍ മുങ്ങിച്ചെന്ന്
കണ്ണൂതുറന്ന്
വീണൂപോയ പാദസ്വരങ്ങള്‍ കണ്ട്
നിര്‍വൃതിയടഞ്ഞ്
ചെവിയില്‍ നിറഞ്ഞ ചെളിവെള്ളം
തലകുലുക്കിക്കളഞ്ഞ്
സുബ്രഹ്മണ്യപുരം പോലെ ചിരിച്ച്
അങ്ങനെയങ്ങനെ...
റങ്കുകളിയെപ്പറ്റിയുള്ള
അനുമാനങ്ങള്‍
തെളിവായപ്പോഴേക്കും
പുഴ തോര്‍ന്നു, വയല്‍ തൂര്‍ന്നു
വിള്ളല്‍ വീണ നിലത്തുകൂടി
എല്ലാ പാദസ്വരങ്ങളും പലവഴിക്കു പോയി
വയല്‍ക്കരയിലെ
പ്രേതമുള്ള ചെമ്പകത്തില്‍
ആരും ചാരി നില്‍ക്കാതായി
കാട്ടുപക്ഷികളുടെ കലപില
കേള്‍ക്കാന്‍ ആരും
കാത്തിരിക്കാതെയായി

Thursday, March 4, 2010

അണ (നിരൂപണം)

മലയാള ബ്ലോഗിന്‍റെ അവിഭാജ്യ ഘടകം തന്നെയായ സഗീറിന്‍റെ കവിതകള്‍ ഒരു പാവം നിരൂപകനെ യാചകനാക്കുന്ന കരുത്തുള്ളവയാണ്. സഗീറിയന്‍ കവിത നിരൂപിച്ചാല്‍ അദ്ദേഹത്തിന്‍റെ ഫാന്‍സ് ഈ നിരൂപകന്‍റെ കോലം കത്തിക്കുമോ, കത്തിക്കിരയാക്കുമോ, കൈകാര്യം ചെയ്യുമോ, ബ്ലോഗ് കവി സംഘടനയായ ബ്ലമ്മ (ബ്ലോഗ് മലയാള മഹാകവി അസോസിയേഷന്‍ BLOMMA) നിരൂപകനെ ബ്ലോഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമോ എന്നെല്ലാം പേടിയുണ്ടെങ്കിലും 'കഷ്ടം + നഷ്ടം' എന്ന കവിതയിലെ അതീന്ദ്രിയ ദര്‍ശനം ഈ നിരൂപകനെ പിടിച്ചിരുത്തുകയാണ്, ഒരിക്കല്‍ കൂടി. എവിടെ? സഗീറിയന്‍ കവിതാ തീരത്തെ ആസ്വാദനത്തിന്‍റെ മണല്പ്പരപ്പില്‍. ആ വിശാലതയില്‍ കുറെ വിരല്പ്പാടുകള്‍ കരുകുരാ പതിച്ചു നോക്കട്ടെ. കവിത ഓളമായ് വന്ന് മായ്ക്കുമെങ്കില്‍ മായ്ച്ചോട്ടെ ഈ പാടുകള്‍.
തുടങ്ങാം.

"അന്നത്തിനായൊരുന്നാളേ-
തോയൊരുയാചകനൊ-
രണനല്‍കിയില്ലേ ഞാന്‍!''


കവിയുടെ ദര്‍ശനം അതിപ്രാചീനമാണ്. എന്നാല്‍ കവിതയുടെ ഇതിവൃത്തം അതീവ നവീനവും കാലികങ്ങളില്‍ കാലികവും. ഈ കവിതയുടെ അനുവാചകരുമായി നടത്തിയതായി കാണുന്ന ചില സംവാദങ്ങളില്‍ കവിത മനസിലാക്കാതെ എന്തെല്ലാമോ ചോദിക്കുന്നവരെ കവി കളിയാക്കുന്നു. അത് അവര്‍ക്ക് മനസിലാകുന്നുമില്ല. സംവാദ മധ്യേ കവി പറയുന്നത് ഏതോ വല്യമ്മക്ക് അണ (നയാപൈസ) കിട്ടി, അങ്ങനെയൊക്കെയാണ്. എന്നാല്‍ കവിതയുടെ തീരത്ത് നിന്ന് നാം ദൂരേക്ക് നോക്കണം. കവിതയുടെ ആഴങ്ങളെ തടഞ്ഞുയര്‍ന്ന് നില്‍ക്കുന്ന ആ മഹാരൂപം എന്താണ്. ആ കാണുന്നത് അതീവ കാലികമായതും ബൂലോകത്തിനു മീതെ കൂടിപ്പോലും പൊട്ടിയൊഴുകിക്കൊണ്ടിരിക്കുന്നതുമായ അണക്കെട്ട് പ്രശ്നമാണ്. കവിയുടെ ദര്‍ശനം പ്രാചീനവും വിഷയം അതിവ കാലികവുമെന്ന് കാണുന്നതിവിടെയാണ്. ഇനി ഈ പോയിന്‍റില്‍ നിന്നിട്ട് ആദ്യം നാം വായിച്ച വരികള്‍ ഒരിക്കല്‍ കൂടി വായ്ക്കാം.

"അന്നത്തിനായൊരുന്നാളേ-
തോയൊരുയാചകനൊ-
രണനല്‍കിയില്ലേ ഞാന്‍!''

ഇപ്പോള്‍ കവിത മനസിലാകുന്നുണ്ട്, അല്ലേ? അതെ. അന്നം മുട്ടുമെന്ന നിലയില്‍ വന്ന ഒരുത്തനു നമ്മള്‍ പ്രാചീനകാലത്ത് അണ കൊടുത്തു, അവന്‍ നമ്മുടെ കവിതയില്‍ അണ കെട്ടിക്കോട്ടെ. കവിതയുടെ ജലാംശം കൊണ്ട് അവന്‍ അഷ്ടിക്ക് വക കണ്ടോട്ടെ. (ആദ്യം പറഞ്ഞ നിരൂപകന്‍റെ യാചക അവസ്ഥയും ഇതു തന്നെ. കവിതയുടെ ജലാംശം ഊറ്റി ഞെളിയുന്ന ഭിക്ഷാംദേഹിയല്ലേ ഈ നിരൂപകനും). നിരൂപകന്‍ അവിടെ കിടക്കട്ടെ. വിഷയത്തിലേക്ക് മടങ്ങാം. അണ കെട്ടാന്‍ അനുവാദം കൊടുത്തിട്ട് കാലങ്ങള്‍ കഴിഞ്ഞു (കവിയുടെ ദര്‍ശനം പ്രാചീനം). എന്നാല്‍ ഇന്ന് അണയുടെ ഇരു ഭാഗത്തും ആളുകള്‍ മുഖത്തോടു മുഖം നോക്കി കൊഞ്ഞനം കൊത്തുകയാണ്. ഇരു കൂട്ടര്‍ക്കും പ്രശ്നങ്ങളുണ്ട്. എന്നാല്‍ അതു പരിഹരിക്കാന്‍ മനസില്ല താനും. ഇതാണ് കാവ്യ നീതിയുടെ ദൃശ്യം.

ഇനി രണ്ടാം പാദത്തിലന്ത്യമായ്:

അഗ്നികുണ്ഡത്തിലെ
ക്ഷീരം വറ്റിയ മുലകള്‍
കരയുന്നു.


അതെ. ഇതും മേല്പറഞ്ഞതുമായി കാതലായി ബന്ധപ്പെട്ട പ്രശ്നമാണ്. അണ കെട്ടാന്‍ പണ്ട് അനുവാദം നല്‍കിയ ഉദാരമതികള്‍ക്ക് ഇന്ന് ആവശ്യത്തിനു പാലില്ല. ആ നാട്ടില്‍ ക്ഷീരം വറ്റുകയാണ്. അവരുടെ കുഞ്ഞുങ്ങള്‍ പാല്‍ കിട്ടാതെ കോമ്പ്ലാന്‍ ബ്ലാങ്ക് അടിക്കുന്നു. അണയും വെള്ളവും കൊടുത്തവര്‍ അതു മൂലം കഞ്ഞികുടി മുട്ടാതെ പോകുന്ന അയലത്തുകാരോട് ചോദിച്ചു, ക്ഷീരം തായോ, ക്ഷീരം തായോ. ബധിര കര്‍ണ്ണങ്ങള്‍. ഫലം നീലക്കവര്‍ പോയിട്ട് മഞ്ഞക്കവറ് പോലും കിട്ടാനില്ല. കവിതയുടെ തീ നമ്മുടെ നെഞ്ചില്‍ കത്തിച്ചിട്ട് ഈ രണ്ട് കാലിക പ്രശ്നങ്ങളെ അതിലിട്ട് കവി എരിക്കുകയാണ്.

ദൈവം കൊഴിഞ്ഞ
പല്ലുകളിലേക്കിറക്കി
കൊടുത്തു ആ ഒരണ!


അണ ഒരു നൈതിക പ്രശ്നമായിരുന്നു. അണ എല്ലാവര്‍ക്കും വേണം. അണയുടെ അണപ്പല്ലില്‍ വീഴാതിരിക്കുകയും വേണം.

അണയില്‍ പിടിച്ചാതിമിരം
മുകളിലോട്ടു കയറവേ;
ഊന്നുവടി താങ്ങിയ
കാലുകളിലതാ
വെറെ രണ്ടുപേര്‍!


അണയില്‍ പിടിച്ച് അവിടെയും ഇവിടെയും എല്ലാവരും കലമ്പല്‍ കൂടുകയാണ്. കവി ഇത് കാണുന്നുണ്ട്. 'എല്ലാവര്‍ക്കും തിമിരം' എന്ന മറ്റൊരു കവിത ഇവിടെ അനുവാചകരെ കവി ഏറ്റുപാടിക്കുകയാണ്. അണയില്‍ കൂടി പലതരം ഊന്നു വടികള്‍ കുത്തിക്കയറുന്നവരുടെ കാലില്‍ പിടിച്ചും മറ്റും ഞണ്ടുകളായി മാറുന്ന പതിവു പരിപാടി നടക്കുന്നതിനെ കവി ഇവിടെ രൂക്ഷമായി നോക്കുന്നത് ജ്വലിക്കുന്ന കണ്ണുകളോടെയാണ്.

കവി പറയുന്നു:

"അങ്ങിനെ ഞാനായിട്ടു
നിങ്ങളങ്ങിനെ സുഖിക്കേണ്ട''


അവരെ പറ്റി എഴുതാന്‍ കവിക്ക് ഉദ്ദേശമില്ല. കവിയുടെ കവിതയില്‍ സുഖിക്കാനെത്തുന്നവരെ വിലക്കുകയാണ്. ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെപ്പോലെ സുഖദു:ഖങ്ങള്‍ പങ്കിടാന്‍ ഓടി എത്തുന്ന നല്ല അയല്‍ക്കാരനല്ല കവി, നാളെയുടെ നിളാ നിറവുകള്‍ സ്വന്തം കവിതയില്‍ കൂടി ആര്‍ത്തലച്ചൊഴുക്കി ഈ തീരത്തെ മണല്‍ത്തരികളുടെ കറുത്ത മനസ് കഴുകിയെടുക്കാന്‍ വെമ്പുന്നവനാണ് എന്നു വിളിച്ചു പറയുന്നു.

നഷ്ടമായ അണ തിരിച്ചു
കിട്ടിയ യാചകന്‍ ദൈവത്തിനു
സ്തുതി ചൊല്ലി!


ഇതു കവിയുടെ പ്രാചീന ദര്‍ശനത്തിനു വിപരീത ദിശയിലുള്ള ദീര്‍ഘ ദര്‍ശനമാകട്ടെയെന്ന് വായനക്കാരന്‍ ആശംസിച്ചു പോകുന്നു. അണ എല്ലാവര്‍ക്കും - അതെ എല്ലാവര്‍ക്കും - തിരിച്ചു കിട്ടണം. തിരിച്ചു കിട്ടുമ്പോള്‍ നാം ബാക്കിയുണ്ടെങ്കിലല്ലേ സ്തുതിക്കാന്‍ പറ്റൂ. അതിനാല്‍ എല്ലാം ഇന്നെപ്പോലെ എന്നേക്കും ബാക്കി നില്‍ക്കണം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് കവി പറയാതെ പറയുകയാണ്, ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവജ്ഞതയുടെ ഈ വചസുകളില്‍ക്കൂടി.