Monday, February 21, 2011

ബ്ലോഗുജീവിതം

ആദ്യമായി അനോണി മാഷ്, പിഷാരടി മാഷ്, അനോണിമാസ്റ്റര്‍, അനോണി ചാത്തന്‍, അരൂപിക്കുട്ടന്‍, അനുരഞ്ജന വര്‍മ്മ, അനോണി ആന്റണി, ഉസ്മാനിക്ക എന്നിവര്‍ക്ക് വന്ദനങ്ങള്‍, പ്രണയങ്ങള്‍ (ഛേ, അതല്ല)..കൂടാതെ ബ്ലോഗുജീവിതം എന്ന മഹാപ്രസ്ഥാനത്തിലെ മഹാന്മാക്കളായ എല്ലാവര്‍ക്കും കൂപ്പ് കൈ.2008 മെയ് ജൂണില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഏതോ ഒരു ദിവസം ഇന്റര്‍നെറ്റില്‍ തപ്പിയ വഴിക്കാണ് മലയാള ബ്ലോഗ് എന്ന മഹാസംഭവം ഞാന്‍ കണ്ട് പിടിച്ച്ത് (അതെ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒന്നൊന്നര കണ്ട് പിടിത്തം തന്നെ ആയിരുന്നു ). അത് വരെ ബ്ലോഗ് എന്നൊക്കെ ഇംഗ്ലീഷില്‍ കണ്ടിട്ടുണ്ടെങ്കിലും ഷേക്സ്പീയര്‍ മുതല്‍ ഫിഗറുകള്‍ ധാരാളം എഴുതി നശിപ്പിച്ച ഒരു ഭാഷയില്‍ അനോട്ടേഷന്‍/എസ്സേ റൈറ്ററും കോമ്പസിഷന്‍ റൈറ്ററുമായ ഞാനും കൂടി കയറി വധിക്കുന്നതിലുള്ള ധാര്‍മിക ച്യുതി ഓര്‍ത്തിട്ടാവാം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. മോണീറ്ററില്‍ മല്യാളം കണ്ടപ്പോള്‍ അങ്ങനെയായിരുന്നില്ല. ആദ്യമായി ഗൂഗിളിന്റെ കുറെ സാധനങ്ങളായി കണ്ടത് കാക പികാക എന്നൊക്കെ ടൈറ്റില്‍ എഴുതിയ ഒരു ബ്ലോഗോ മറ്റോ ആണോ അത്, അതെ അതായിരുന്നൂന്നാണ് ഓര്‍മ്മ. അതിലൂടെ പലതിലേക്കും സംക്രമിച്ച് ബെര്‍ളി എഴുതിയിരുന്ന സംബവങ്ങള്‍ വായിച്ച് രോമാഞ്ചം കൊള്ളുകയും അതിലെ കമന്റുകളും ആ ലിങ്കുകളില്‍ പോയാല്‍ വായിക്കാന്‍ കിട്ടുന്ന വേറെയും ഒക്കെ കണ്ട് ഇത് കൊള്ളാമല്ലോ പരിപാടി എന്ന് തലക്ക് തട്ടുകയും ചെയ്തു.അങ്ങനെ കുറെ ബ്ലോഗുകള്‍ വായിക്കുകയും കമന്റുകള്‍ വായിച്ഛ് അന്തം വിടുകയും ചെയ്തപ്പോള്‍ ഞാനും ഇതാ ഒരു മഹാ എഴുത്തുകാരന്‍ ആണെന്നും ഞാന്‍ കണ്ടമാനം എഴുതിക്കളയുമെന്നും എനിക്ക് തോന്നി. എന്നാല് ബ്ലോഗ്, അതെങ്ങനെ തുടങ്ങും എങ്ങനെ മല്യാളം ടൈപ്പും എന്നെല്ലാം ഉപരിഗവേഷണവും നടത്തി ഡോക്ട്റേറ്റ് എടുത്തു. ഇത് മറ്റ് ബ്ലോഗുകള്‍ വായിച്ചിട്ടാണെ, അല്ലാതെ ബ്ലോഗറിലെ ഹെല്പ് വായിച്ചാല്‍ എനിക്കിപ്പോഴും മനസിലാകുന്നില്ല.ഞാന്‍ എഴുതിയ വങ്കത്തങ്ങള്‍ക്ക് ആരൊക്കെയോ വന്ന് കൊള്ളം സ്വാഗതം എഴുതൂ എന്നൊക്കെ കമന്റ് ദാനം ചെയ്തതോടെ ഞാന്‍ ഉഷാറായി. ആദ്യം എഴുതിയതൊന്നും ഇപ്പോള്‍ ബ്ലോഗിലില്ല. അതൊക്കെ പിന്നിട് വായിച്ചപ്പോള്‍ ഇത്രക്ക് സാംസ്കാരികാധപധികനോ ഞാന്‍ എന്ന് തോന്നി ഡിലീറ്റിക്കളഞ്ഞു. ഇപ്പോള്‍ ബ്ലോഗില്‍ കിടക്കുന്നതുമൊക്കെ ഒരു വഹയാ. എന്നാലും കിടക്കട്ടെ. മണീക്കൂറെത്രയാ ചീറ്റിയത്.അങ്ങനെ ബ്ലോഗിന്റെ സുവര്‍ണ കാലത്തിലേക്ക് ഞാന്‍ കാല്‍ തെന്നി വീണു. ഉച്ചയൂണ് പോലും കഴിക്കാതെ ബ്ലോഗ് വായിച്ചും കമന്റ്ര് അടിച്ചും ചിരിച്ച് മണ്ണ് കപ്പി. അനോണികള്‍ എന്നൊരു വിഭാഗം ഉണ്ടെന്നും മറ്റും അന്നാണ് മനസിലായത്. ഞാന്‍ സ്വയം അങ്ങോട്ട് ചാഞ്ഞു. പൊതുവെ മഹാകള്ളനായ എനിക്ക് ഇതില്പ്പരം ഒരു സൗകര്യമുണ്ടോ? ബ്ലോഗില്‍ ഫോട്ടോയും ഫോണ്‍ നമപറും വേണമെന്നെല്ലാം പറഞ്ഞ് അക്കാലത്ത് ബെര്‍ളി ഒരു പോസ്റ്റെഴുതിയതിനു ഇപ്പോഴും അവനോട് കലിപ്പ് ഉണ്ട്. അവനും ഞാനും കോട്ടയത്ത് വരുന്ന നാള്‍ ഞങ്ങള്‍ ഒറ്റക്കൊന്ന് കാണും. അത് പോട്ടെ. സഗീറിന്റെ കവിതകള്‍, മറ്റ് വിവാദങ്ങള്‍, അനോണി മാഷിന്റെ നിര്‍ത്താന്‍ പറ്റാത്ത ചിരിപ്പോസ്റ്റുകള്‍, അനോണീ ആന്റെണിക്ക് വരുന്ന ആയിരം കമന്റ്, ബ്ലോഗ് കവികളൂടെ അടിപിടികള്‍, ഗ്രൂപ്പ് ബ്ലോഗിങ്ങ്, ബ്ലോഗര്‍മാരുടെ തമ്മിലടി, ബ്ലത്രപ്രവര്‍ത്തനം, മലപ്പുറം കത്തി, സൈക്കിള്‍ ചെയിന്‍, ഡൈനാമിറ്റ് എന്തൊക്കെയായിരുന്നു...പവനായി ശവമാകാതെ നോക്ക്യാ മതി.ഇപ്പോഴും നടക്കാത്ത സ്വപനമാണ് ബ്ലോഗ് മീറ്റ്. അനോണിമിറ്റി എന്ന വെര്‍ജിനിറ്റി വീണു പോകാതെ ധീരധീരം കാത്ത് സൂക്ഷിക്കാനുള്ള കൊതി കൊണ്ട് മാത്രമല്ല, മീറ്റ് വരുമ്പോള്‍ എല്ലാം എനിക്ക് എതിരാണ്. ചരിത്രപ്രസിദ്ധമായ തിരുന്നാവായ മണല്പുറം..അല്ല ചെറായി മീറ്റില്‍ മറ്റൊരു ബ്ലോഗുണ്ടാക്കി ആ പേരില്‍ രഹ്സ്യമായി പങ്കെടുക്കാന്‍ അജണ്ട ഇട്ടെങ്കിലും തടസ്ങ്ങള്‍ മൂലവും ബ്ലോഗര്‍മാരുടെ ആറ് മാസം പ്രായമുള്ള പിള്ളേരു പോലും മീറ്റിനു കേമറ, ആക്ഷന്‍, കട്ട് പറയുമെന്ന് ഉറപ്പൂണ്ടെന്ന പേടിയിലും ഒന്നും നടന്നില്ല. ആ സ്വപ്നത്തിനു കിട്ടാത്ത മുന്തിരിങ്ങ പോലെ എന്നും പുളീ.മീറ്റിലല്ലെങ്കിലും രണ്ട് മൂന്ന് കൊല കൊമ്പന്‍ ബ്ലോഗര്‍മാരെ കാണാന്‍ പറ്റീട്ടുണ്ട്. അവര്‍ക്ക് എന്നെ അറിയില്ല കേട്ടോ. അതിലൊരാള്‍ ഒരിക്കല്‍ മുന്നില്‍ വന്ന് ചാടീട്ട് എനിക്ക് ചിരി കണ്ട്റോള്‍ ചെയ്യാന്‍ പറ്റാതെ വന്നു. ആവശ്യമുള്ളതും ഇല്ലാത്തതും മണിക്കൂറ് കണക്കിന് ഇരുന്ന കുറെയേറെ ബ്ലോഗര്‍മാരുമായി ജി മെയിലില്‍ കിടന്ന് ചാറ്റി മറിഞ്ഞിട്ടും അതില്‍ ഒരു ബ്ലോഗറെയും ഫോണ്‍ ചെയ്യാത്ത പാപിയാണ് ഞാന്‍. എന്തോ എനിക്ക് പേടിയാണ്. ചിലരുടെ ഒക്കെ നമ്പര്‍ എനിക്കറിയാം. ഇനി എന്നാണു ഞാന്‍ വീളിക്കുക...ഇനി ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റെഴുതുമോ, ബ്ലോഗിലേക്ക് വരുമോ....സാധ്യത തീരെയില്ല.ജീവിതം കലങ്ങി മറിഞ്ഞ് ഒഴുകുമ്പോള്‍ എനിക്കിഷ്ടമല്ലാതെ.....വലിയ നഷ്ടബോധത്തോടെ ഒരു വിടവാങ്ങല്‍.സകലലോക അനോണികളെ വീണ്ടും അഭിവാദ്യം ചെയ്ത് എന്റെ ബ്ലോഗ് മരിക്കുന്നു

4 comments:

kARNOr(കാര്‍ന്നോര്) said...

അയ്യോ മാങ്ങേ പോവല്ലേ.. അയ്യോ മാങ്ങേ പോവല്ലേ

നരിക്കുന്നൻ said...

മുൻപും ഇതു പോലെ ഒരുനാൾ ആചാര്യൻ പോകാൻ പാന്റ്സിട്ടിറങ്ങിയിരുന്നു.. ഇതും അതുപോലെ ഒരു പോക്കല്ലന്നാരു കണ്ടു... എന്നതായാലും കുറേ നാളായി ബ്ലോഗെഴുതാത്ത എന്നെ ഇവിടെ കമന്റിടീച്ചതോണ്ട്‌, അടുത്ത പോസ്റ്റെപ്പോഴാ? അതോ വേറെ അനോണിയായി വരാനാണോ?

പ്രയാണ്‍ said...

:)

Typist | എഴുത്തുകാരി said...

ജീവിതം കലങ്ങിമറിയലൊക്കെ കഴിഞ്ഞ് ശാന്തമാവുമ്പോൾ തിരിച്ചുവരാല്ലോ.