Saturday, February 13, 2010

(വാലന്‍റൈന്‍ കവിത) അക്കല്‍ദാമ എക്സ്പ്രസ്

ചെന്നൈ സൂപ്പറിന്‍റെ കമ്പിയഴിക്കിടയില്‍
ഉരുകിയിരിക്കുമ്പോഴാണ്
അടുത്ത ട്രാക്കിലെ കമ്പിക്കൂടിലെ കിളികള്‍ക്കിടയില്‍
അവളെ കണ്ടത്.
എന്തൊരു വിയര്‍പ്പാണ്;
പൂക്കള്‍ വിയര്‍ക്കുന്നത് ആദ്യം കാണുകയായിരുന്നു.
കണ്ണുകൊണ്ട് നോക്കി ഉരുകാനായിരുന്നു വിധി.
രണ്ട് കമ്പിയഴിവണ്ടികളും ഉരുകിയുരുകി-
യൊടുവില്‍ പുറപ്പെട്ടു
സമാന്തരമായി പോകുന്ന കമ്പിക്കൂടുകള്‍;
ഒന്നില്‍ ഞാനും അപ്പുറത്തേതില്‍ അവളും മാത്രം.
ചെന്നൈ സെണ്ട്രല്‍ പിന്നോട്ട് പോയി;
കമ്പിക്കൂടുകള്‍ ഭൂമിയിലാണ്ടു പോയപോലെ ഞങ്ങള്‍ നിന്നു.
ഒടുവില്‍ ജംഗ്ഷനില്‍ നിന്ന് അവളുടെ കമ്പിക്കൂട് വലത്തേക്ക് കിരുകിരാന്ന്
തിരിഞ്ഞപ്പോളാണ് ഉണര്‍ന്നത്
ആന്ധ്രയിലെ ഏതോ അക്കല്‍ദാമയിലേക്കായിരുന്നു അവള്‍
അക്കല്‍ദാമയിലെ പൂക്കള്‍ വായിച്ചിട്ടുണ്ടോ
ഇല്ല
മഞ്ഞ് വായിച്ചിട്ടുണ്ടോ
ഇല്ല
പിന്നെ എന്താണു വായിച്ചത്
നോട്ടീസിനു പിന്നില്‍ എന്‍റെ അമ്മ
പെന്‍സില്‍ കൊണ്ടെഴുതിയ കത്തുകള്‍ വായിച്ചിട്ടുണ്ട്
എല്ലാ ശനിയാഴ്ചയും അവളുടെ അമ്മ പഴയ ഒരു പെന്‍സലിന്‍റെ മുന
ഭിത്തിയിലുരച്ച് ശരിപ്പെടുത്താറുണ്ടായിരുന്നു.
ചെന്നൈ സൂപ്പര്‍ എന്നെയും കൊണ്ട്
ഇങ്ങോട്ട് തിരിഞ്ഞിട്ടും അവളുടെ അക്കല്‍ദാമ എക്സ്പ്രസ്
ജംഗഷനിലെ തിരിവില്‍ കിടന്നു.
ചെയിന്‍ വലിക്കടാ ശരണേ
നിനക്ക് പ്രാന്താണ്
ഇപ്പോള്‍ കിടക്കുന്നത് ചെന്നൈ സൂപ്പറാണ്;
ദാ, നീങ്ങിപ്പോവുന്നത് അക്കല്‍ദാമ എക്സ്പ്രസാണ്.
ഞാന്‍ റെയില്പാളത്തിലൂടെ അതിനു പിന്നാലെ
വിഫലമായി ഓടുന്നുണ്ട്;
അതില്, ആ വണ്ടിയില്‍ എനിക്കു കാണാനാവാതെ‍ അവളുണ്ട്

6 comments:

sonu said...

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ .

പ്രയാണ്‍ said...

അതങ്ങിനെയാണ്...........നല്ല കവിത.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആചാര്യന്‍ പ്രണയത്തിലാണ്...

മാണിക്യം said...

"ആ വണ്ടിയില്‍ എനിക്കു കാണാനാവാതെ‍ അവളുണ്ട്"


ഒന്നു സ്പീഡില്‍ ഓട് ചിലപ്പോള്‍ പിടി കിട്ടിയാലൊ

Tomz said...

യാഥാര്‍ത്യവും ഭാവനകളും ഇഴ പിരിയുംപോലെ ..ഒപ്പം പ്രണയവും

കാപ്പിലാന്‍ said...

ചെയിന്‍ വലിയട ശരണേ !

എനിക്കിട്ടു വെച്ചതിന് ഞാന്‍ പകരം നല്‍കുന്നുണ്ട് .കാണാന്‍ പോകുന്ന പൂരം കണ്ട് തീര്‍ക്കാം .അമ്മയും അഴീക്കോടും പോലല്ല . ഇത് ഞാനും അചാര്യനും തമ്മിലുള്ള പയറ്റ് . എനിക്കുള്ള ഇര ഇതാ ഇതില്‍ വീണു കിട്ടിയിരിക്കുന്നു ! കാണാം .. കാണണം :)