Monday, November 1, 2010

ലാ എസ്മെറാള്‍ഡാ

" അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട " എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ എന്ന് പറയുന്നത്, ചിറ്റയല്ലല്ലോ, അയാളല്ലെ കെട്ടേണ്ടത് ഇങ്ങനെ ഒക്കെയായിരുന്നു.


ചിറ്റയെ പെണ്ണ് കാണാന്‍ വന്ന അയാളെ ഞാനും കണ്ടിരുന്നു. വിമാനത്തില്‍ പോകേണ്ട സൗദി അറേബ്യയില്‍ വലിയ ശമ്പളമുള്ള ജോലിയാണ് പോലും. അല്പം ഇരുണ്ടിട്ടാണ് എങ്കിലും ഉയരം കൊണ്ട് ചിറ്റക്ക് ചേരും. ഒത്ത തടിയും ഉണ്ട്. ക്രീം കളര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത്, കടും നീല നിറമുള്ള പാന്റിനൊപ്പം ധരിച്ച അയാള്‍ സുമുഖനായിരുന്നു. വടക്കു പുറത്ത് ചിറ്റയുമായുള്ള മീറ്റ് ദ് കാന്‍ഡിഡേറ്റ് കഴിഞ്ഞ് വരുന്ന അയാളുടെ മുഖഭാവം വൈക്ലബ്യം പ്ലസ് വിപ്രലംഭം.

" എന്താടീ അവന് കുറ്റം.." മുത്തഛനു കോപം അടക്കാനായില്ല.

" ബീയെ വരെ പോയത് വെറുതെയാണെന്ന് വിചാരിക്കണ്ട " ചിറ്റ തിരിച്ചടിച്ചു.

കോളജിലയച്ചതിന് ഇതു തന്നെ കിട്ടണം എന്ന കോപമാകാം, അത് പല്ല് ഞെരിച്ച് തീര്‍ത്തിട്ട് മുത്തഛന്‍ പൂമുഖത്തേക്കു പോയി ദല്ലാളിനെ വീളിക്കുന്നതും ഒക്കെ കേട്ട ഞാനും അവിടെ നിന്ന് മുങ്ങി. ഇങ്ങനെയുള്ള സമയത്ത് ചിറ്റയോട് സൊള്ളിയാല്‍ അടി ഉറപ്പ്, അല്ലെങ്കില്‍ തന്നെ ദിവസവും മുടങ്ങാതെ രണ്ട് തവണ എങ്കിലും ചിറ്റ തല്ല് തരുന്നുണ്ട് എനിക്ക്.

ചെക്കന്റെ കൂടെ വന്ന ആളിനെ മാറ്റി നിര്‍ത്തി ദല്ലാള്‍ പിറുപിറുക്കുന്നതും കൈ ആംഗ്യം കാണിക്കുന്നതും കണ്ട് സംഭവത്തിലുള്ള എന്റെ ഇന്ററസ്റ്റും പോയി.

ബീയേ എന്ന് വച്ചാല് എന്തോ വലിയ ഒന്നു തന്നെ. മുത്തഛനെ പോലും പിന്നോട്ടടിക്കാന്‍ പറ്റിയ ഒന്ന്. രാത്രി വൈകിയും ചില്ല് വിളക്കിലെ മണ്ണെണ്ണ വറ്റുവോളം ചിറ്റ ഇരുന്ന് വായിച്ചിരുന്ന നോട്ട് ബുക്കുകള്‍ ഞാന്‍ കണ്ടിരുന്നു. അവയിലെ കൂട്ടക്ഷരങ്ങളാണ് മുത്തശ്ശിക്കോ മുത്തഛനോ വലിയമ്മാവനോ എനിക്കോ അറിയാത്ത ഇംഗ്ലീഷ് എന്ന സാധനം. ചിറ്റയുടെ മഷിപ്പേനയില്‍ നിന്നാണ് ബുക്കിലേക്ക് ഇംഗ്ഗ്ലീഷ് വരുന്നത്. ആ ഇംഗ്ലീഷ് വായിക്കുമ്പോഴാണ് ബീയെ ഉണ്ടാകുന്നത്. പക്ഷെ ബീയെ വലിയ സംഭവമാണെന്ന് മനസിലായത് ഇന്നാണ്.

എന്നാലും വിമാനത്തില്‍ കയറാനുള്ളൊരു ചാന്‍സല്ലെ ചിറ്റ പുല്ല് പോലെ വേണ്ടെന്ന് വച്ചത് എന്ന ഒരു പരിഭവം എനിക്കുണ്ടായിരുന്നു. കടവില്‍ അലക്കിക്കൊണ്ടിരിക്കുന്ന ചിറ്റയോട് ആ സംശയം ചോദിക്കുകയും ചെയ്തു. 'വേണോ നിനക്കൊരെണ്ണം, ചെക്കന്റെ അന്വേഷണം ചില്ലറയല്ലല്ലോ' എന്ന് ചീറിക്കൊണ്ട് കടവില്‍ നിന്ന് ഒരു ചെടിക്കമ്പ് പിഴുതെടുത്ത് വെള്ളത്തില്‍ നിന്ന് ഒരൊറ്റ കയറി വരവായിരുന്നു ചിറ്റ. കടവിലെ പുല്ലിലൂടെയും ചെളിയിലൂടെയും പിന്നോട്ട് വഴുതി തല്ല് കിട്ടാതെ രക്ഷപെടാന്‍ ഞാന്‍ പെട്ട ഒരു പാട്.



" എനിക്ക് അവനെയൊന്നും വേണ്ട " ഉറക്കം തൂങ്ങുന്നതിനിടയിലാണ് ചിറ്റയുടെ രണ്ടാം പ്രഖ്യാപനം കേട്ട് ഞാന്‍ അല്പം ചെവി വട്ടം പിടിച്ചത്.

" ബീയെക്ക് ബീയെ, ഇട്ട് മൂടാന്‍ സ്വത്ത്, വയലായിട്ട് തന്നെ നിലം ധാരാളം. കാണാന്‍ മെച്ചാന്ന് പറയുന്നു. ഉടപ്പിറന്നതൊന്ന് മാത്രം, എന്താട്യേ നിനക്ക് പോരായ്ക ? "മുത്തഛന്‍ കോപിക്കുന്നതിനു മുന്‍പ് മുത്തശ്ശി ചോദിച്ചു. ചിറ്റ മീണ്ടാതെ തന്റെ മുറിയിലേക്ക് കയറിപ്പോയി.

" ആള്‍ക്ക് ഇപ്പോ ജോലിയില്ലാന്നല്ലേ ഉള്ളൂ " അഛന്‍ ആരോടെന്നില്ലാതെ ചോദിച്ചു. അഛന്റെ പരിചയക്കാരിലാരോ ഒരാളാണ് ഈ ആലോചന പറഞ്ഞിട്ടുള്ളത്.

" ജോലിയില്ലാത്ത ആള്‍ അയാളുടെ അഛന്റെ സൗകര്യം നോക്കിയല്ലേ കാര്യങ്ങള്‍ നോക്കൂ "

ഉള്ളില്‍ നിന്ന് ചിറ്റയുടെ പ്രഖ്യാപനം നമ്പര്‍ മൂന്ന് കേട്ടയുടന്‍ " നീയ്യ് നാളെ വന്നാല്‍ മതി " എന്ന് അമ്മയോട് കോപിച്ച് പറഞ്ഞുകൊണ്ട് അഛന്‍ ടോര്‍ച്ചുമെടുത്ത് എഴുന്നേറ്റതോടെ ഞാന്‍ ഉറങ്ങിപ്പോയതിനാല്‍ പിന്നീട് എന്ത് നടന്നെന്ന് അറിവില്ല.

പിറ്റേന്ന് അതെപ്പറ്റി ചിറ്റയോട് ചോദിക്കാനും ധൈര്യപ്പെട്ടില്ല.



"എടാ നീയ്യ് എന്റെ കൂടെ ഒരു സ്ഥലം വരെ വരണം, അമ്മയോട് പോലും പറയരുത് " ചില മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ചിറ്റ അമ്മയെ അന്വേഷിച്ച് വീട്ടില്‍ വന്നപ്പോള്‍ രഹസ്യമായി എന്നോട് പറഞ്ഞു. പിറ്റേന്ന് ശനിയാഴ്ചയാണ്, സ്ക്കൂളില്ല. രാവിലെ തന്നെ എത്തിക്കൊള്ളാമെന്ന് ഞന്‍ ഉറപ്പ് കൊടുത്തു.

രാവിലെ ഞാന്‍ ചെല്ലുമ്പോള്‍ ചിറ്റ ഒരുങ്ങി നില്‍ക്കുകയാണ്.

" വാ, പോകാം "

ബ്ലൗസിനു തുണീ നോക്കാന്‍ ടൗണീലേക്ക് പോകുകയാണെന്നും ഞാന്‍ കൂടെയുണ്ടെന്നും ചിറ്റ മുത്തശ്ശിയോട് വിളിച്ചു പറഞ്ഞു.

ഞാന്‍ മുന്നിലും ചിറ്റ പിന്നിലുമായി വയല്‍ വരമ്പിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ യാത്രയൂടെ കാരണം ചിറ്റ എന്നോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഒരാളും കൂട്ടരും ചിറ്റയെ കാണാന്‍ വന്നിരുന്നു. അല്പം അകലെയുള്ള പട്ടണത്തില്‍ നിന്നാണ്. അയാള്‍ "അറിയിക്കാം" എന്ന് പറഞ്ഞാണ് പോയത്. അയാളുടെ സഹോദരന്റെ ഫോണ്‍ നമ്പര്‍ പോലും മുത്തഛനു കൊടുത്തിട്ടാണു പോയിരിക്കുന്നത്. ഇത്രയും കേട്ടപ്പോള്‍ ഈ ആലോചനയില്‍ ചിറ്റക്ക് വളരെയധികം പ്രതീക്ഷയുണ്ടെന്ന് എനിക്ക് തോന്നി. വന്ന കൂട്ടര്‍ ഇങ്ങോട്ട് ഇതു വരെ ഒന്നും അറിയിച്ചിട്ടില്ല. നമ്മുടെ ഭാഗത്തു നിന്ന് ആരോ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ആ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് അവര്‍ക്ക് താല്പര്യമുണ്ടോ എന്ന് അന്വേഷിക്കണം. നമ്പര്‍ ചിറ്റ കൈക്കലാക്കിയിട്ടുണ്ട്. ഇക്കാര്യം വേറെ ആരോടും പറയാന്‍ ചിറ്റക്ക് ഇഷ്ടമില്ല. ഞാന്‍ സഹായിക്കണം. അതിനാണു ചിറ്റ എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്.

ഫോണ്‍ വിളിയുടെ കാര്യം കേട്ടപ്പോള്‍ ഞാന്‍ ഭയന്നു.

" ചിറ്റേ, എനിക്ക് പേടിയുണ്ട്. എനിക്ക് ഫോണ്‍ വിളീക്കാനറിയില്ല "

ഞാന്‍ ആദ്യമായിട്ടാണു ഫോണ്‍ വിളിക്കാന്‍ പോകുന്നത്. എങ്ങെനെയാണ് ഫോണ്‍ വിളിക്കുക? ആളുകള്‍ കറക്കിക്കറക്കി ഫോണ്‍ വിളീക്കുന്നതും ഹലോ വെയ്ക്കുന്നതും വലിയ ഗൗരവത്തിലും പൊട്ടിച്ചിരിച്ചും മറ്റും വര്‍ത്തമാനം പറയുന്നതും കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ ഫോണ്‍ വിളി എന്ന കാര്യം ചെയ്യേണ്ടതായി വന്നിട്ടില്ല. അതോര്‍ത്തപ്പോള്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ കിട്ടും മുന്‍പുള്ള ഒരു അരക്ഷിതാവസ്ഥ എനിക്കുണ്ടായി.

" അതൊക്കെ ഞാന്‍ കാട്ടിത്തരാം "

ചിറ്റക്ക് കുലുക്കമില്ല. പറഞ്ഞത് പോലെ ചിറ്റയല്ലെ കൂടെ. പിന്നെന്തിനു പേടീ എന്ന് എനിക്ക് തോന്നിത്തുടങ്ങി. അപ്പോള്‍ വേറെ ഒരു സംശയം. എവിടെ നിന്ന് വിളീക്കും ?
" നമ്മള്‍ എവിടെ നിന്ന് വിളിക്കും ? "

" നീ കിടന്ന് പേടിക്കാതെ വാടാ " ചിറ്റക്ക് ദേഷ്യം വന്നു.

ബസ് കയറി ടൗണിലെത്തി. ഉച്ചതിരിഞ്ഞ സമയം. കയറിച്ചെല്ലുന്ന കെട്ടിടത്തിന്റെ ബോര്‍ഡ് ഞാന്‍ വായിച്ചു - പോസ്റ്റോഫീസ്. ഇവിടെ നിന്ന് ഫോണ്‍ വിളിക്കാമോ? വിളിക്കാമായീരിക്കും.

പോസ്റ്റ് മാസ്റ്റര്‍ ഇരിക്കുന്നതിനരികിലുള്ള ജനാലപ്പഴുതിലൂടെ ചിറ്റ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ദൂരെയുള്ള പട്ടണത്തിലേക്കാണല്ലോ വിളീക്കേണ്ടത്. അപ്പോള്‍ ട്രങ്ക് കാള്‍ ബുക്ക് ചെയ്യണം എന്നെല്ലാം അങ്ങോര്‍ ചിറ്റയോട് പറഞ്ഞു. ചിറ്റ നമ്പറ് കൊടുത്തു.

" കുറച്ച് കഴിഞ്ഞ് പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ ശരിയാക്കി തരും. നീ അങ്ങ് സംസാരിച്ചാല്‍ മതി. ആദ്യം ഹലോ പറയണം. "

" അതെനിക്കറിയാം "

"..പിന്നെ അവര്‍ കാണാന്‍ വന്ന കാര്യവും നമ്മുടെ സ്ഥലവും പറയണം. എന്നിട്ട് താല്പര്യമൂണ്ടോ എന്ന് ചോദിക്കണം. അത്രയും മതി "

"ഉവ്വ്" ഞാന്‍ സമ്മതിച്ചു.


പോസ്റ്റ് മാസ്റ്ററുടെ മേശയില്‍ ഇരിക്കുന്ന കറുത്ത ഫോണ്‍ എനിക്ക് കാണാം. എങ്ങനെ തുടങ്ങണം. ആദ്യം ഹലോ. പിന്നെ അയാളുടെ സഹോദരന്റെ പേരു പറഞ്ഞിട്ട് ഈ ആള്‍ ആണോ സംസാരിക്കുന്നത് എന്ന് ചോദിക്കണം... ഞാന്‍ മനസില്‍ ആവര്‍ത്തിച്ച് ഉരുവിട്ട് തയ്യാറെടുപ്പ് തുടങ്ങി. പോസ്റ്റോഫീസ് വരാന്തയില്‍ ചിറ്റയും ഞാനും മാത്രം. വേറെ ആരുമില്ല. ഞാന്‍ ആദ്യമായി വിളിക്കുന്നതില്‍ തെറ്റ് പറ്റിയാലും ആരും കേള്‍ക്കില്ല.

എനിക്ക് സമാധാനമായി. റോഡിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും നോക്കി ഞാന്‍ അര മതിലില്‍ ഇരുന്നു. ചിറ്റ അടുത്ത് തൂണ്‍ ചാരി നില്‍പ്പുണ്ട്. ഞാന്‍ ഇടക്കിടെ പോസ്റ്റ് മാസ്റ്ററെയും അദ്ദേഹത്തിന്റെ മേശ മേലുള്ള ഫോണും നോക്കും. അദ്ദേഹം തിരക്കിലാണ്. ഇടക്കിടെ ഞാന്‍ ഫോണ്‍ വിളി ഹോം വര്‍ക്ക് മനസില്‍ ചെയ്യുന്നുണ്ട്.

ഇടക്ക് മറ്റെന്തിലൊക്കെയോ എന്റെ ശ്രദ്ധ പോയിരിക്കണം.

" വാടാ "

ചിറ്റ തൊട്ട് വിളിച്ചപ്പോഴാണു മനോരാജ്യം വിട്ടുണര്‍ന്നത്. ജനാല പഴുതിലൂടെ പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ പുറത്തേക്ക് നീട്ടി പിടിച്ചിട്ടുണ്ട്.

" നീ ചെന്ന് സംസാരിക്ക് "

എനിക്ക് ഒരു വിറയല്‍ വന്നു. അയ്യോ, ഫോണ്‍ വിളിക്കാറായി. പറയേണ്ടതെല്ലാം ഒരു വിധത്തില്‍ ഓര്‍ത്ത് എടുത്തു.

"സംസാരിച്ചു കൊള്ളൂ " എന്ന് പറഞ്ഞിട്ട് പോസ്റ്റ് മാസ്റ്റര്‍ എന്റെ കയ്യില്‍ ഫോണ്‍ തന്നപ്പോള്‍ എനിക്കൊരു ഉള്‍ക്കിടിലമുണ്ടായി. ഫോണ്‍ കയ്യില്‍ പിടിച്ചിട്ട് ഞാന്‍ ചുറ്റും നോക്കി വരാന്തയില്‍ നല്ല തിരക്ക്. ഞങ്ങള്‍ വന്നപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ തെറ്റ് വരുത്തിയാല്‍ എത്ര പേര്‍ കേള്‍ക്കും? നാണക്കേടാവുമോ? ചിറ്റ ദൂരെ നിന്ന് ആംഗ്യം കാണിക്കുന്നു.

" ഹലോ " നല്ല ഭാരമുള്ള റിസീവര്‍ ചെവിയിലേക്ക് ചേര്‍ത്ത് ഒരു വിധത്തില്‍ ഞാന്‍ തുടക്കമിട്ടു. ഫോണിന്റെ ഒരു തരം പഴകിയ ഗന്ധം. അപ്പുറത്തു നിന്ന് ഒന്നും കേള്‍ക്കുന്നില്ല. ഞാന്‍ രണ്ട് മൂന്ന് ഹലോ പറഞ്ഞു.

" ഉറക്കെ സംസാരിച്ചോളൂ " ഇടക്ക് പോസ്റ്റ് മാസ്റ്റര്‍ എന്നെ തിരിഞ്ഞ് നോക്കി നിര്‍ദ്ദേശിച്ചു.

അങ്ങനെ ഞാന്‍ അല്പം ഉറക്കെ ഹലോ പറഞ്ഞപ്പോള്‍ മറു വശത്തു നിന്ന പതിഞ്ഞ ഒരു ഹലോ കേട്ടു. എന്റെ ഹലോയുടെ ശബ്ദം കേട്ടായിരിക്കണം അടുത്ത ജനാലപ്പഴുതിലൂടെ സ്റ്റാമ്പ് വാങ്ങിക്കൊണ്ടിരുന്ന ഒരു മൂപ്പീന്ന് തിരിഞ്ഞു നോക്കി.

"ഹലോ ആരാണ് സംസാരിക്കുന്നത്?" മറു വശത്തു നിന്ന് ചോദ്യം കേള്‍ക്കാം. ഇനി നോക്കിയിട്ട് കാര്യമില്ല. എവിടെ നിന്നോ എനിക്ക് അല്പം ധൈര്യം വീണു കിട്ടി. നേരത്തെ മന്‍സില്‍ ഉരുവിട്ട് പരിശീലിച്ചതു പോലെ കഴിവതും തെറ്റ് വരുത്താതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ വിവരം അന്വേഷിച്ചു. മറു ഭാഗത്തു നിന്ന് ഒരു നിമിഷം നിശബ്ദതയും പിന്നീട് " സോറി, ഞങ്ങള്‍ വേറെ ഒന്ന് തീരുമാനിച്ചു " എന്ന് മറുപടിയും കേട്ടപ്പോള്‍ ഞാന്‍ നില്‍ക്കുന്ന തറ താഴ്ന്ന പോകുന്നതായെനിക്ക് തോന്നി. എങ്ങനെ സംസാരം അവസാനിപ്പിച്ചുവെന്ന് അറിയില്ല.

റിസീവര്‍ പോസ്റ്റ് മാസ്റ്റര്‍ക്ക് മടക്കിക്കൊടുത്തു. ഒന്ന് തലയുയര്‍ത്തിയപ്പോള്‍ വരാന്തയിലുള്ള പലരും എന്നെത്തെന്നെ നോക്കുന്നു. ഉച്ചത്തിലാണു സംസാരിച്ചതെന്ന് എനിക്ക് മനസിലായി. ചിറ്റ മുന്‍പോട്ട് വന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് പണം കൊടുത്തു. ചിറ്റയുടെ മുഖത്ത് നോക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

" വാ " കുട നിവര്‍ത്തികൊണ്ട് ചിറ്റ എന്നെ വിളിച്ചു. മഴച്ചാറ്റലിലൂടെ ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു. തിരികെ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഇടറിയ ശബ്ദത്തില്‍ പ്റഞ്ഞു:

" തീരെ കേള്‍ക്കാമായിരുന്നില്ല. അതാണ് ഞാന്‍ ഉറക്കെ സംസാരിച്ചത് "

" അത് സാരമില്ല. പോസ്റ്റോഫീസില്‍ നമ്മളെ അറിയാവുന്നവരാരും ഉണ്ടായിരുന്നില്ലല്ലോ "

" ചിറ്റേ.."

" ഉം..? "

" അവര്‍.. വേറെ..."

" നിന്റെ അമ്മയോട് പോലും നമ്മള്‍ പോയി ഫോണ്‍ വിളിച്ച കാര്യം നീ മിണ്ടിപ്പോകരുത് "

ചിറ്റ എന്നെ താക്കീത് ചെയ്തു. ഞാന്‍ അത് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എപ്പോഴും തല്ലിയിരുന്നതിനാല്‍ പ്രഖ്യാപിത ശത്രുവായി കരുതിയിരുന്ന ചിറ്റയെ ഓര്‍ത്ത് ഞാന്‍ ആദ്യമായി സങ്കടപ്പെട്ടു. ഒരു അഞ്ചാം ക്ലാസുകാരന് അതേ കഴിയുമായിരുന്നുള്ളൂ.



കൗമാരത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്, ചിറ്റ ആരെയെങ്കിലും പ്രണയിച്ചിരുന്നുവോഎന്ന്.

"അന്ന് നമ്മുടെ നെഞ്ചാകെ അനുരാഗ കരിക്കിന്‍ വെള്ളം.." എന്ന വരികളുള്ള ചലച്ചിത്ര ഗാനം റെക്കോഡ് ചെയ്തു ചിറ്റ സൂക്ഷിച്ചിരുന്നുവെന്നതാണ് എന്നെ അങ്ങനെ ചിന്തിപ്പിച്ചത്. എന്നാല്‍ ആരെപ്പറ്റിയും തമാശയാക്കിയല്ലാതെ ചിറ്റ സംസാരിച്ച് കേട്ടിരുന്നില്ല. നാട്ടില്‍ തന്നെയുള്ള സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും സുന്ദരനുമായ ഒരു ചേട്ടനെപ്പറ്റി, "എടാ അവനൊക്കെ ഞങ്ങള്‍ കോളജില്‍ പോകുന്ന കാലത്ത് നമ്മളെ ഒരു നോട്ടമുണ്ടായിരുന്നു " എന്ന് പിന്നീട് ചിറ്റയും ഞാനും സുഹൃത്തുക്കളെപ്പോലെയായപ്പോള്‍ എന്നോട് തമാശ പറയുകയുമുണ്ടായിട്ടുണ്ട്.

മാത്രമല്ല ഉരുളക്കുപ്പേരിയെന്ന തരത്തിലുള്ള മറുപടികളും വേണ്ടി വന്നാല്‍ ഒരു തല്ലു കൊടുക്കാനും മടിയില്ലാത്ത പെരുമാറ്റ രീതിയും ചിറ്റ ഒരു പക്ഷെ ആരെയെങ്കിലും പ്രണിയിച്ചിരിക്കാമെന്ന വിചാരത്തില്‍ നിന്ന് എന്നെ പിന്‍ തിരിപ്പിച്ചു.



മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിറ്റയെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ അമ്മ ഒരു കാര്യം യാദൃഛികമെന്നോണം സൂചിപ്പിച്ചു.

" എടാ, അവള്‍ക്ക് വളരെ താല്പര്യമുള്ള ഒരു ആലോചന ഒരിക്കല്‍ ഉണ്ടായിട്ടുണ്ട് "

എന്റെ ആദ്യത്തെ ഫോണ്‍ വിളി ഒരു നടുക്കമായി എന്നിലേക്കോടിയെത്തി. അത് ദൂരെയുള്ള ഒരു പട്ടണത്തില്‍ നിന്നായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ആലോചന വന്നത് വളരെ അടുത്തുനിന്നായിരുന്നുവെന്നാണ് അമ്മ മറുപടി പറഞ്ഞത്. എന്റെ രണ്ടാമത്തെ ഐഡിയയുമായി ബാങ്കിലോ മറ്റോ ജോലി ചെയ്യുന്ന ആരോ അല്ലെ ആള്‍ എന്ന് ഞാന്‍ സംശയം പറഞ്ഞപ്പോള്‍ അമ്മ പൊട്ടിച്ചിരിച്ചു.

" ബാങ്ക് ജോലിക്കാരനോ? അതിന് ആലോചനയുമായെത്തിയ വീട്ടുകാര്‍ ഇന്ന് ഈ നാട്ടില്‍ പോലുമില്ല. എപ്പോഴേ ഇവിടെ നിന്ന് സ്ഥലം വിറ്റ് പോയിരിക്കുന്നു. അവളെ പോലെ തന്നെ വിദ്യാഭ്യാസമുള്ള പയ്യനായിരുന്നു. അവള്‍ക്കും താല്പര്യമായിരുന്നു. പയ്യന് ജോലി കിട്ടുന്നതു വരെ കാത്തിരിക്കണമെന്നേ പയ്യന്റെ വീട്ടുകാര്‍ പറഞ്ഞുള്ളൂ. പയ്യന്‍ ഒന്നു രണ്ട് തവണ വീട്ടില്‍ വന്നിട്ടുണ്ട്. കല്യാണമാകുന്നത് വരെ തമ്മില്‍ കാണേണ്ട എന്ന് പറഞ്ഞ് അവള്‍ തന്നെയാണു മടക്കിയയച്ചത്. "

" എന്നിട്ട്..?"

" എങ്ങെനെയെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല. ആ ആലോചന നടന്നില്ല. താമസിയാതെ അവര്‍ സ്ഥലം വിറ്റ് നാട് വീട്ട് പോകുകയും ചെയ്തു "

" അയാള്‍ വേറെ കല്യാണം കഴിച്ചോ ?"

" ആ വീട്ടുകാര്‍ ഇന്ന് എവീടെയാണെന്നു പോലും അറിയില്ല. ആ ആലോചന വന്ന് താമസിയാതെ തന്നെ നാട് വിട്ട് പോകുകയായിരുന്നു. എന്ന് വച്ച് അവര്‍ തമ്മില്‍ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമായിരുന്നില്ല. എല്ലാവരും ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒന്ന്... അത്രമാത്രം "



മുത്തഛനോട് പണം ചോദിക്കാന്‍ അഭിമാനം സമ്മതിക്കാതെ തുന്നല്‍ കടയുള്ള കൂട്ടുകാരിക്കുവേണ്ടി എംബ്രോയ്ഡറി ഡിസൈന്‍ വരച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് സബ്സ്ക്രിപ്ഷന്‍ അടച്ച് അത് വായിച്ച് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ചിറ്റ; സഹകരണ ബാങ്കില്‍ ജോലിക്ക് കോഴ ചോദിച്ച മുത്തഛന്റെ തന്നെ സുഹൃത്തിന്റെ മേശപ്പുറത്തു നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാരിയെടുത്ത് ഇറങ്ങി നടന്ന ചിറ്റ; കേരളം മുഴുവന്‍ സഞ്ചരിച്ച് മത്സരപ്പരീക്ഷകള്‍ എഴുതിയ ചിറ്റ; ഒടുവില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ഏഴെട്ട് തസ്തികകളീലേക്കുള്ള ക്ഷണക്കത്തുകളില്‍ നിന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് ബാക്കിയുള്ളവ കീറി തുണ്ടുകളാക്കി പുഴയിലൊഴുക്കിയ ചിറ്റ...



ഒരു മണ്ണാങ്കട്ടയും ഇല്ലായിരുന്നുവെന്ന് ഞാന്‍ സ്വയം പറയാന്‍ ശ്രമിച്ചു.