Thursday, October 28, 2010

ബോണ്ട്, ജെയിംസ് ബോണ്ട്

അയാളുടെ പെരുമാറ്റം വിചിത്രമായിരുന്നു.
അന്വേഷിച്ച് വന്നതാണെന്ന് പറഞ്ഞീട്ട് രണ്ട് സിഗററ്റ് വലിച്ച് തീര്‍ക്കുകയും ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുകയും സിഗററ്റ് വലിയുടെ ഹരത്തിലായിരിക്കണം കാലുകള്‍ നിര്‍ത്തില്ലാതെ ആട്ടുകയും ചെയ്തു കൊണ്ടിരുന്നു അയാള്‍.സിഗററ്റിന്റെ ഗന്ധം ഇഷ്ടമല്ലാത്ത എനിക്ക് ജനാലയില്‍ നിന്ന് കാറ്റില്‍ ആ പുക നേരെ മുഖത്തേക്കു തന്നെ വന്ന് പതിച്ചത് അസഹ്യമായി തോന്നി. ഒരല്പം ഔദ്യോഗികമായി എവിടെയെങ്കിലും രണ്ട് പേര്‍ തനിയെ ഇരിക്കുമ്പോള്‍ സാധാരണ സിഗററ്റ് വലിക്കുന്നതില്‍ വിരോധമൂണ്ടോ എന്ന് ചോദിച്ചിട്ടാണ് മിക്കവാറും ആളുകള്‍ ആ പരിപാടിയിലേക്ക് കടക്കുക. ഇങ്ങോറ്ക്ക് അതിനൊന്നും സമയമുണ്ടായിരുന്നില്ല.അപ്പോള്‍ ആരാണെന്നാണ് പറഞ്ഞത്? ഞാന്‍ അസംതൃപ്തി കഴിവതും പുറത്ത് കാണിക്കാതെ ചോദിച്ചു.പറയാം..എന്ന് മുരണ്ടിട്ട് സിഗററ്റ് പാക്കറ്റ് എടുക്കാന്‍ കോട്ടിനുള്ളിലേക്ക് കയ്യിടുക മാത്രമെ അയാള്‍ ചെയ്തുള്ളു. വീണ്ടും പുക. ജനാലയില്‍ നിന്നുള്ള് കാറ്റ്. ശ്വാസം മുട്ടിക്കൊണ്ട് ഞാന്‍.ഇടക്ക് രണ്ട് മൂന്ന് കോളുകള്‍ വന്നത് കട്ട് ചെയ്യുകയും എന്റെ ടേബിളില്‍ ആഷ്ട്റേ വെച്ച പ്യൂണീന്റെ തന്തയെ മനസില്‍ നല്ല വാക്കുകളാല്‍ സംബോധന ചെയ്യുകയുമുണ്ടായി. സമയം പത്ത് നാല്പത്. ദൈവമെ പതിനൊന്നരക്ക് ബോസിന്റെ ചേംബറില്‍ ചെല്ലാനുള്ളതാണ്. അതിനു മുന്‍പ് എന്തൊക്കെ ചെയ്യാനുണ്ട്. ഈ മനുഷ്യന്‍ രാവിലെ തന്നെ കുളമാക്കുമല്ലോ.ക്ഷമിക്കണം, ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍, എനിക്ക് പതിനൊന്ന് മണിയോടെ പുറത്ത് പോകേണ്ടതുണ്ടായിരുന്നു. ശബ്ദം അല്പം ഒന്ന് ഘനീഭവിപ്പിച്ച് ഞാന്‍ മൊഴിഞ്ഞു.ഉം.. അത്ര ഇഷ്ടപ്പെട്ടിട്ടില്ലാത്ത മട്ടില്‍ അയാള്‍ മൂളി. ശരി, പുറത്ത് പോയിട്ട് എപ്പോള്‍ തിരിച്ച് വരും? മറു ചോദ്യമാണ്.അത്....പതിനൊന്നരക്ക് ഒരു മീറ്റിങ്ങുണ്ട്. ഒരു മണീ കഴിയാതെ തീരില്ല. പിന്നെ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയാല്‍ വരാന്‍ വൈകും. താങ്കള്‍ക്ക് ഒരു പക്ഷെ അതുവരെ കാത്തിരിക്കാന്‍ സമയമുണ്ടാവില്ല, ഉവ്വോ?ഏയ്, എനിക്ക് തിരക്കൊന്നുമില്ല. മൂന്നാമത്തെ സിഗററ്റ് ചുണ്ടില്‍ വച്ചു കൊണ്ട് അയാള്‍ അലസമായി എണീറ്റു. എനിക്ക് ശരിക്കും അരിശം വന്നു. രാവിലെ മുതല്‍ എന്നെ ബോറടീച്ചിട്ട് ഇനി ബോസുമായുള്ള ഗുസ്തിയും ലഞ്ചും കഴിഞ്ഞ് വരുമ്പോഴും ഇയാള്‍ ഇവിടെത്തന്നെ ഇരിക്കുമെന്നോ? അതേതായാലും വേണ്ട. ഇയാളെ ഇപ്പോള്‍ തന്നെ ഒഴിവാക്കണം.ഓ, പറയാന്‍ മറന്നും. ലഞ്ചിനു ശേഷം എനിക്ക് പുറത്തു തന്നെ ഒരു മീറ്റിങ്ങു കൂടിയുണ്ട്. താങ്കളുടെ നമ്പര്‍ തന്നാല്‍ ഞാന്‍ വൈകുന്നേരം വിളിച്ചോളാം. വിളിക്കുന്ന പ്രശ്നമേയില്ല എന്നാണ് ഞാന്‍ മനസില്‍ പറഞ്ഞത്.ഇറ്റ്സ് ഓക്കെ, ഒരു കാര്‍ഡ് എനിക്ക് തന്നോളൂശ്ശെടാ, എന്നെ കാണാന്‍ എന്ന് പറഞ്ഞ് വന്നിട്ട് ഒന്നു സ്വയം പരിചയപ്പെടുത്തുക പോലും ചെയ്യാതെ ഇയാള്‍ എന്നോട് പേരും വിലാസവും ചോദിക്കുകയാണല്ലോ. എന്തൊരു മര്യാദയില്ലാത്ത മനുഷ്യന്‍. അപ്പോഴേക്കും അയാള്‍ കാര്‍ഡിനായി കൈ നീട്ടിക്കഴിഞ്ഞു!ഞാന്‍ കൊടുത്ത കാര്‍ഡ് പോക്കറ്റില്‍ തിരുകി, ചുണ്ടില്‍ നിന്ന് സിഗററ്റെടുക്കാതെ നാടകിയമായി തിരിഞ്ഞ് കൈ എനിക്ക് നേരെ നീട്ടിക്കൊണ്ട് അയാള്‍:ഓ, മറന്നു... ഞാന്‍ ബോണ്ട്, ജെയിംസ് ബോണ്ട്ഒരു നിമിഷം സ്തബ്ധനായെങ്കിലും പെട്ടെന്ന് സമനില വീണ്ടെടുത്തു ഞാന്‍ ചിരിച്ചു പോയി.അയാള്‍ ഗൗരവത്തില്‍ തന്നെയാണ്. ജെയിംസ് ബോണ്ട് പോലും. ബോണ്ടിനെയൊക്കെ കുറെ കണ്ടിട്ടുണ്ട് മാഷെ. ഷോണ്‍ കോണറിയുടെയോ പിയേഴ്സ് ബ്രോസ്നന്റെയോ വാലില്‍ കെട്ടാന്‍ ഒരു സിഗററ്റ് പായ്ക്കറ്റല്ലാതെ മറ്റെന്തുണ്ട് ഇങ്ങോരുടെ കയ്യില്‍. സീറോ സീറോ സെവനോ?താന്‍ പറഞ്ഞത് എനിക്ക് മന്‍സിലായില്ല എന്ന് തോന്നിയിട്ടെന്ന വണ്ണം അയാള്‍ ഗൗരവത്തില്‍ ആവര്‍ത്തിച്ചു:ഞാന്‍ ബോണ്ട്, ജെയിംസ് ബോണ്ട്ഒപ്പം എന്റെ കൈ കവര്‍ന്നെടുത്ത് കുലുക്കുകയും അതി വേഗം വാതില്‍ തള്ളിത്തുറന്ന് പുറത്തേക്ക് പോകുകയും ചെയ്തു. വളരെ പരുക്കനായിരുന്നു അയാളുടെ കൈത്തലം.നൈസ് റ്റു മീറ്റ് യൂ മിസ്റ്റര്‍ ബോണ്ട് എന്നോ മറ്റോ ഞാന്‍ പറഞ്ഞോ? ഓര്‍മയില്ല. പറഞ്ഞെങ്കില്‍ തന്നെത് കേള്‍ക്കാന്‍ അയാളവിടെ ഉണ്ടായിരുന്നില്ല. ഈശ്വരാ, ഇനി ഇയാള്‍ ഒറിജിനല്‍ ബോണ്ട് ആണോ? ഡോറ് തള്ളിത്തുറന്ന് ഓഫീസിനു പുറത്തേക്കോടുമ്പോള്‍ മറ്റൊരു ചിന്ത എന്റെ മനസില്‍ പൊട്ടി വീണു. ഇയാളെന്തിനാ എന്റെയടുത്തേക്ക് കെട്ടിയെടുത്തത്.നാലാമത്തെ ലിഫ്റ്റിലേക്ക് ആളുകള്‍ കയറുന്നത് കണ്ടു. ദൂരത്തു നിന്ന് അയാള്‍ ആ കൂട്ടതില്‍ ഉണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല. പാഞ്ഞ് അടുത്തെത്തുമ്പോഴേക്കും ലിഫ്റ്റിന്റെ വാതിലുകള്‍ അടഞ്ഞ് അത് പോയിക്കഴിഞ്ഞു. അപ്പുറവും ഇപുറവും ലിഫ്റ്റ് കാത്ത് നില്‍ക്കുന്നവര്‍ അന്തം വിട്ട് എന്നെ നോക്കുന്നുണ്ട്. ഒടുവില്‍ മറ്റൊരു ലിഫ്റ്റ് വന്നതില്‍ കാത്തുനിന്നവരെയും പിന്നിലാക്കി ഇടിച്ചു കയറിയപ്പോഴേക്കും എന്റെ ഫൃദയം പടപടാ അടി തുടങ്ങി. അയാള്‍ ശരിക്കും ബോണ്ട് ആണോ. ഞാന്‍ എന്ത് കുറ്റം ചെയ്തിട്ടാണാവോ ബോണ്ട് എന്നെ തിരക്കി വന്നത്. ബോണ്ടിനെ പൊലെ ഒരാള്‍ ചുമ്മാ ഒരു ദിവസം കാണാന്‍ വരാന്‍ മാത്രം ഒരു ഫിഗറല്ലല്ലോ ഞാന്‍. എന്തോ കുഴപ്പ്മുണ്ട്. പ്രഷറ് കൂടി ഈ ലിഫ്റ്റില്‍ വെച്ചെങ്ങാനും..ഹൊ, മുടിഞ്ഞ ലിഫ്റ്റ് താഴെയെത്താന്‍ മണിക്കൂറുകള്‍ എടുത്തു. എല്ലാ ഫ്ലോറിലെയും എല്ലാവനും ഈ ഒരു ലിഫ്റ്റ് മാത്രമെ ഉള്ളോ, പണ്ടാരം.ലിഫ്റ്റില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഞാന്‍ റിസപ്ഷനിലേക്ക് നോക്കി. അയാളവിടെയെങ്ങുമില്ല. ബോണ്ടിന്റെ ഒരു രീതിയനുസരിച്ച് ആഷ് പുഷായി നില്‍ക്കുന്ന റിസപ്ഷനിസ്റ്റ് പെണ്ണിന്റെ അരികില്‍ ഒരു നിമിഷമെങ്കിലും ചുറ്റിപ്പറ്റി നിന്നിട്ടേ അയാള്‍ക്ക് സ്ഥലം വിടാനാവു എന്ന എന്റെ മണ്ടന്‍ പ്രതീക്ഷ തെറ്റി. ഇത്രക്ക് പ്രകോപന പരമായി വസ്ത്രം ധരിച്ചിട്ടും ഇവള്‍ക്ക് അയാളെ ഒരു നിമിഷം പിടിച്ച് നിര്‍ത്താനായില്ലല്ലോ, ഛെ. അവളെ തന്നെ കണ്ണൂ തള്ളി നോക്കി നില്‍ക്കുകയാണു ഞാനെന്ന് ബോധമുദിച്ചപ്പോഴേക്കും അവള്‍ എന്നെ കണ്ടു.ഹായ്, താങ്കളെ ഒരാള്‍ കാത്തിരിക്കുന്നുണ്ട്. അവള്‍ വിസിറ്റേഴ്സ് ലോബിയിലേക്ക് കൈ ചൂണ്ടി.

അവിടെ ഒരേ ഒരാളെ ഇരിക്കുന്നുള്ളൂ. ഇയാള്‍ ഓഫിസില്‍ വന്ന് ബോറടിച്ചിട്ട് താന്‍ ജെയിംസ്ബോണ്ടാണെന്നു പറഞ്ഞ് വിരട്ടിയിട്ട് ഇവിടെ വന്ന് കാത്തിരിക്കുന്നതെന്തിന്? എന്തൊരു വിചിത്ര മനുഷ്യന്‍.അടുത്ത ചെന്നപ്പോള്‍ ഇതാള് വേറെ. നെറ്റിയില്‍ ചന്ദനക്കുറി. ഹാഫ് സ്ലീവ് ഷേര്‍ട്ട്. എന്നെ കണ്ടയുടന്‍ എണീറ്റ് നിന്ന് ഒരു കൈ പിന്നില്‍ കെട്ടി മറു കൈ എനിക്ക് നേരെ ഒന്നു നീട്ടിക്കൊണ്ട് അയാള്‍: 'ഐ ആം സേതുരാമന്‍ ഫ്രം സ്കോട്ട്ലന്‍ഡ് യാര്‍ഡ്. മിസ്റ്റര്‍ ആചാര്യന്‍? വരൂ നമുക്ക് എന്റെ ഓഫീസ് വരെ ഒന്ന് പോകാനുണ്ട്. 'എനിക്ക് ശ്വാസം നിലച്ചു പോയി. എന്തെല്ല്ലാമാണു നടക്കുന്നത്. ഞാന്‍ ചത്തോ? അതോ ഇപ്പോഴും എനിക്ക് ജീവനുണ്ടോ? ആദ്യം ബോണ്ട്. ഇപ്പോള്‍ ഇതാ സേതുരാമയ്യര്‍. അതിലും കുഴപ്പം ഇവരൊക്കെ എന്തിനണു രാവിലെ എന്നെ തേടി വരുന്നത്? ഞാനെന്ത് തെറ്റ് ചെയ്തു?അപ്പോഴാണ് ഞാന്‍ കണ്ടത്, ബോണ്ടിനു ഞാന്‍ കൊടുത്ത വിസിറ്റിംഗ് കാറ്ഡ് സേതുരാമന്‍ മടക്കി പിടിച്ച കയ്യില്‍ ഇരിക്കുന്നു! അപ്പോള്‍ ഇവന്മാര്‍ എല്ലാം ഒത്തുകൊണ്ടൂള്ള കളിയാണിതല്ലെ. ഇവന്മാര്‍ക്ക് എന്റെ ഡീറ്റെയില്‍സ് അധികമൊന്നും അറിയില്ല. അതല്ലെ ബോണ്ട് എന്റെ കാറ്ഡ് ചോദീച്ച് വാങ്ങിയത്? ആ കാര്‍ഡ് തിരിച്ച് മേടിച്ചിട്ട് മുങ്ങാം. കളി എന്നോടോ?ഞാന്‍ സേതുരാമന്റെ മടക്കി പിന്നില്‍ വച്ച കയ്യില്‍ ഇരുന്ന എന്റെ വിസിറ്റിംഗ് കാര്‍ഡ് ലക്ഷ്യമാക്കി മുന്നോട്ട് ചാടി. അതു കണ്ട് അയാള്‍ കോപത്തോടെ എന്നെ നോക്കി ആക്രോശിച്ചു കൊണ്ട് എന്റെ ചെവിട് ലക്ഷ്യമാക്കി ഒരൊറ്റയടി...." ആര്‍ യൂ ഓള്‍ റൈറ്റ് ആചാര്യന്‍?"തല പൊക്കി നോക്കിയപ്പോള്‍ ബോസ് എന്റെ അടുത്ത് നില്‍ക്കുന്നു !! ബോസെങ്ങനെ ഇവിടെ വന്നു? എന്റെ കാര്‍ഡ്...ബോണ്ട്, ആ പന്ന സേതുരാമന്‍, റിസപ്ഷനിസ്റ്റ് ഒക്കെ എവിടെ? ബോസിന്റെ മേശയില്‍ തലവെച്ച് കസേരയില്‍ ഇരിക്കുകയാണല്ലോ ഞാന്‍. ചത്തോ? അതോ ഞാന്‍ ജീവനോടെയുണ്ടോ...?വിശ്രമിക്കൂ, നിങ്ങള്‍ക്ക് ഉറക്കം വരുന്നുണ്ട്. മീറ്റിങ്ങ് പിന്നീടാവാം എന്ന് പറഞ്ഞിട്ട് ബോസ് പോയി. ആ കസേരയില്‍ തന്നെ ഇരുന്നു. ബോണ്ട്, ജെയിംസ് ബോണ്ട്, സേതു രാമന്‍ ഫ്രം സ്കോട്ട് ലന്‍ഡ് ഇവരെങ്ങാന്‍ ഇനിയും കയറി വന്നാലോ...