Friday, September 2, 2011

കപ്പല്‍ക്കാറ്റ്



ഞെരിയുന്ന  അണിയവും ഇളകുന്ന പലകകളും
അവ കോര്‍ത്ത ആണിമുള്ളുകളും
വഞ്ചിയില്‍ ഇരിക്കുന്നവരും ഒരു കയ്യിലും,
പായ് ചരടും പായ് മരവും മറുകയ്യിലും
ചേര്‍ത്തു പുണര്‍ന്ന്
ഏതോ കടലൊഴുക്കില്‍ ആണ്ട് പോകവെ,
പായകള്‍ പൊടിഞ്ഞു വീണതിന്‍  ചാമ്പല്‍ ഗന്ധം;
ഒരു ചെവിയില്‍ നിന്ന് മറു ചെവിയിലേക്ക്
അട്ടഹസിച്ച മിന്നലിന്‍റെ പച്ചമീന്‍ മണം.
പായകള്‍ അടര്‍ന്നു പോയ
പായമരത്തോട് ചേര്‍ന്ന്
ഇരു കൈകളാലും വാരിയെല്ലുകള്‍
ഇരു വശത്തേക്കും കീറിപ്പിളര്‍ന്ന്
ചോരയും മിടിപ്പും പ്രവഹിക്കുന്ന
നെഞ്ചേ, നിന്നിലേക്ക് ഈ കാറ്റുകളെ
ഏറ്റുവാങ്ങിക്കോട്ടെ.
ഈ കാറ്റുകളെ തടയാന്‍ ഇനി നീയും
ഞാനും മാത്രം ബാക്കി;
ഈ  കടല്പ്പതനത്തില്‍
ഞാനും നീയും മാത്രം ബാക്കി.
കാറ്റുകളുടെ മൂര്‍ച്ചയില്‍
ഈ നെഞ്ചൊന്നു
ശുദ്ധമായ്ക്കൊള്ളട്ടെ.
എല്ലാ അറകളിലെയും പകയും പോരും
കുരിപ്പും കരിയും കണ്ണീരും
ചോര്‍ത്തി  കൊണ്ട് പോകുന്ന കാറ്റുകള്‍.
വാരിയെല്ലുകളില്‍ കോര്‍ത്ത്
നിര്‍ത്തിയ പായയ്ക്ക്
ഇത്ര ബലമേറ്റാമോ?
അറിയില്ലറിഞ്ഞുണരുമ്പോഴേക്കും
എല്ലാവരും ബാക്കിയാവണം;
മറ്റെലാവരും ബാക്കിയാവണം