Thursday, October 27, 2011

പകമഞ്ഞ്

മഞ്ഞ് കാലങ്ങളെ ഞാനിപ്പോള്‍ വെറുക്കുന്നു;
എനിക്കിഷ്ടപ്പെട്ടതെല്ലാം പതിവായ് വന്നു മോഷ്ടിക്കും
മഞ്ഞുകാലത്തെ,
ഒന്നു വെടി പറഞ്ഞിരിക്കുമ്പോള്‍
കലുങ്കിടിച്ചു കളയുന്ന മഞ്ഞുകാലത്തെ,
കൊതിതീരുവോളമുറങ്ങാമെന്ന് ഉറയ്ക്കുമ്പോള്‍
തട്ടിയെണീല്പ്പിച്ച് ഉറക്കിടമില്ലെന്നു മൂളുന്ന
മഞ്ഞു കാലത്തെ,
നാലണ കൂട്ടിവെക്കാമെന്നു കിനാവുണ്ണുമ്മുന്‍പെ
പഴ്സിലെ ഓട്ടയിലൂടെയൂറിയിറങ്ങും
മഞ്ഞു കാലത്തെ,
ചിരികള്‍ എടുത്തുകൊണ്ടു പോയി
അകലങ്ങള്‍ക്ക് പണയം വയ്ക്കും മഞ്ഞുകാലത്തെ,
ആരാണെന്നറിയാത്തവരുടെ നിശ്വാസം
പുതച്ചു ചൊറിഞ്ഞുകടിച്ചിരിക്കാന്‍
പ്രേരിപ്പിക്കും മഞ്ഞുകാലത്തെ,
എല്ലാറ്റിലുമുപരി
എല്ലാവരോടും എന്നെ അവഗണിക്കാന്‍ പറഞ്ഞ്
അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നെ,
എന്നെ മാത്രം
തനിച്ചാക്കി രസിക്കും
മഞ്ഞു കാലത്തെ,
ചുമലില്‍ കൂരയുമായി നീങ്ങുന്ന ഒച്ചാവാന്‍
എന്നുമെന്നെ ശപിക്കുന്ന മഞ്ഞുകാലത്തെ...
ഞാനിപ്പോള്‍ വെറുക്കുന്നു;
മഞ്ഞുകാലങ്ങളെ ബലാല്‍ക്കാരം ചെയ്യുന്ന
സൂര്യന്‍ മാത്രമാണിനിയെനിക്കു തോഴന്‍;
'മഞ്ഞു കാലം നോല്‍ക്കുന്ന കുതിര'കളുടെ പുറത്ത്
തണുപ്പുടയാടകള്‍ വലിച്ചെറിയാനവന്‍ വരും.
മഞ്ഞു കാലങ്ങളുടെ ശവസീമകളില്‍
പൊട്ടിച്ചിരിച്ചുലാത്തുന്നുണ്ടാവുമന്നു
ഞാന്‍
എല്ലാ മഞ്ഞു കാലങ്ങളെയുംവെറുക്കുന്നുവെന്ന്
കാണായിടത്തെല്ലാം കോറാന്‍
ബാക്കിയാവും ഞാന്‍

No comments: