Tuesday, December 8, 2009

ഉണ്ണീയങ്ങാടീ ചരിതം

ഖണ്ഡം - 1

കറന്‍റുപോയനേരത്തുരചെയ്തച്ഛനും
പോയ് വരികയുണ്ണീയങ്ങാടിയോള-
മാവാം അപ്പുറമീ റിയാലിറ്റിക്കോപ്രായം
വാങ്ങണം രണ്ട് തണ്ണിമത്തന്‍ ഹാവൂ
വേനലിന്‍ പാരവശ്യം
അച്ഛനുരചെയ്തതിലമ്മക്കുമില്ലഭിപ്രായം
ഇരുട്ടിലെന്തിനി ചെയ്വൂ വിളിക്കാം ദൈവത്തിനെ
താതവചനത്തിനടിപണിഞ്ഞരുളും സല്പുത്രന്‍
അതു കേട്ടുണ്ണിയിറങ്ങെയിരുളിന്നിരുളാം പൂച്ച
വാമഭാഗേ ഗമിച്ചുകൊണ്ടലറിനാന്‍
ആ ഭാഷയുണ്ണിതന്‍ കൗതുക,മമ്മാവനുടെ
ഗ്രന്ഥപ്പുരയിലൊരുനാള്‍ ആരുമറിയാതെ പുക്കാന്‍
ഗ്രന്ഥമേറെക്കണ്ടതിലൊന്നിലിരുന്നാന്‍
കണ്ടാനൊരു സൂത്രഗ്രന്ഥമതിന്‍പേര്‍ മൃഗാവലി
ഉണ്ണിമനസില്‍ പതിഞ്ഞാ ഭാഷയതി-
ന്നുപകാരമായ്, കാകന്‍ ചൊല്ലുമുപകാരമായിടാം
മാര്‍ജ്ജാരാക്രന്ദനമുള്ളില്‍ വിറകൊണ്ടുണ്ണി നീങ്ങവെ
വിടപറയുന്നേരമുരിയാടാ മിത്രങ്ങളായ്
വെളിച്ചം കെട്ട വിളക്കു കാലുകള്‍

ഖണ്ഡം - 2

ഇറങ്ങേണമാളുണ്ണീയങ്ങാടിയിലെന്നാരവമുയരെ
ക്കറുത്തുപോയ കണ്ണടയിലൊന്നു തെരുപ്പിടിച്ചുയര്‍ന്നൂ
ഉണ്ണിയങ്ങാടിയോ, യിതു മാമക ജന്മദേശമല്ലീ
അതേയിറങ്ങു, നിങ്ങളിന്‍ സ്ഥാനമിവിടെയെന്നു
കിളി പരുഷം കൊഞ്ചവേയിറങ്ങി
നിന്നുണ്ണിയുണ്ണിയങ്ങാടിയില്‍
ദശപുഷ്പമായ്ക്കൊഴിഞ്ഞ സംവല്‍സസരക്കണക്കി
ലവിടെയുണ്ണീയേതോ മഹാപൂരുഷനായ്

ഖണ്ഡം - 3

നാടു മാറുമെന്നുള്ളു ചൊല്ലിയെങ്കിലും മാറി-
യിട്ടില്ലേതുമെന്നടുത്ത മുഖങ്ങള്‍ ചൊല്ലി
ജരാനരകള്‍ കൊണ്ടു കോലം വരച്ചു ചേര്‍ത്ത
ജീവിതങ്ങള്‍, മനസിലൊന്നൊന്നായുണ്ണിയുരച്ചു നോക്കവെ
യെത്തീ പ്രിയമിത്രം കണാരന്‍, അത്ഭുതാധീനനായ്
കണ്ണുനീരു കൊണ്ടുണ്ണിയെ തീര്ത്ഥശുദ്ധി ചൊല്ലി
യണക്കവേ കണാരനുടെ നെഞ്ചില്‍ നിന്നുയര്‍ന്ന രോദനത്തി-
ലഛന്‍ മാഞ്ഞു പോയതിലുണ്ണി മോഹാലസ്യനായ്

ഖണ്ഡം - 4

വൃക്ഷം മാരുതകരങ്ങളാല്‍ പൊതിയവേ-
യുണ്ണിതന്‍ മനം കുളിര്‍ന്നഛാ കാത്തുനിന്നുവോയെന്നെ
മമ പാതകം പൊറുത്തിടേണമങ്ങെരിഞ്ഞു തീര്‍ന്നപ്പൊഴു
മറിഞ്ഞില്ല ഞാന്‍, സമുദ്രമായൊഴുകിയെന്ന
രികിലെത്തിയെങ്കിലുമറിഞ്ഞില്ല ഞാന്‍.
വൃക്ഷഛായയാം കരവലയത്തിലമര്‍ന്നുണ്ണി നില്‍ക്കെ
യെത്തീ കൈവിട്ട മൗക്തികം മാറോടണച്ചമ്മയും.
കണ്ണീര്‍ വറ്റി നുറിഞ്ഞുപോയതാമാ-
മാതൃമുഖമതിന്‍ ത്വക്കും പ്രകാശിച്ചു
വര്‍ഷകാലാന്ത്യ രശ്മികള്‍ തന്‍ കാന്തി പോലെ
അമ്മക്കൊപ്പമുണ്ണീയെ യാത്രയാക്കവെ
മര്‍മ്മരം കൊണ്ടാ പിതൃവൃക്ഷം മന്ദഹാസമോതി

ഖണ്ഡം - 5

നമ്മളങ്ങാടിയെപ്പൊഴുതീയുണ്ണീയങ്ങാടിയെന്ന നാമധേയ-
മെന്നുണ്ണീയാരായവേ തേങ്ങീ കണാരനും
അന്നു രാവില്‍ത്തണ്ണീ മത്തന്‍ വാങ്ങാനയച്ച
നിന്നെ വിളിച്ചച്ഛന്‍ തളര്‍ന്നു വീഴവേ
നാടു നാടാകെത്തിരഞ്ഞോടവേ, നാളു നീങ്ങവേ
കാണ്മാനില്ല നിന്നെയെന്ന വിരഹത്തീയില്‍ ദഹിച്ചും
വിസമ്മതിച്ചാള്‍ അങ്ങാടിയൊരു പതിവ്രതയെന്നപോലെ
സ്മൃതിസിന്ദൂരം മായ്ക്കുന്നതിനുമപ്പുറമെടുത്തണിഞ്ഞാള-
വള്‍ നിന്‍ നാമമങ്ങിനെയങ്ങാടിയുണ്ണീയങ്ങാടിയായ്

ഖണ്ഡം - 6

മാതൃവാല്‍സല്യത്തിലൊരരുമശിശുവായുണ്ണയിരിക്കവേ
കണാരനുള്ളിലെരിഞ്ഞ ചോദ്യമന്നെങ്ങു മറഞ്ഞു നീ?
ഉണ്ണീ തന്‍ ദീര്‍ഘനിശ്വാസപ്പൊരുളായെത്തീ മാര്‍ജ്ജാര വാചി വീണ്ടും
അരുതു പോകരുതു നീയിതു മടങ്ങാ മുഹൂര്‍ത്ത
മെന്നന്നു മാര്‍ജ്ജാരന്‍ ചൊല്ലിയതവനെ വിട്ടകലുമിണയോടെങ്കിലു
മറിഞ്ഞിരുന്നു ഞാന, തെന്നുടെ സൂത്ര വാക്യമായ്-
പോകാന്‍ നിയതി നിശ്ചയിച്ച നാളില്‍ തടയേത്?
പാദപതനങ്ങള്‍ നിലക്കില്ല സൂര്യനും ചന്ദ്രനും യാത്രയിലെന്ന പോല്‍
നിയതിപ്രമാണം ശിരസിന്‍ പ്രകാശമായ് മേവിടുമ്പോള്‍.

ഖണ്ഡം - 7

മൗനങ്ങള്‍ വിറ്റുവാങ്ങുമങ്ങാടിയായ് നിറഞ്ഞുണ്ണി തന്‍ മുഖം
വിലപേശിയും വിട്ടു മാറിയും ഒത്തുമൊക്കാതെയും
കലമ്പിയും പുലമ്പിയും ശപിച്ചും ചിരിച്ചും
വെറുതേയങ്ങാടിക്കൂറ്റനായലഞ്ഞും മടുത്തും
കൊണ്ടും കൊടുത്തും മടിശ്ശീല നിറ്ച്ചുമൊഴിച്ചു-
മായുണ്ണിയങ്ങാടി നിറഞ്ഞു തുളുമ്പിയെത്തി
ച്ചോദ്യങ്ങളെയൊപ്പിയെടുത്തു നില്‍ക്കവേ-
യമ്മയെണീറ്റു, ണ്ണീ വരികയുണ്ണാനെന്നൊപ്പം.
മൗനമൊരു ചിലന്തിയായ്ക്കണാരനെക്കുരുക്കിയടുക്കവേ
പിടഞ്ഞും കിതച്ചും വയല്‍ വരമ്പുകടന്നും
കൈത്തോട്ടില്പ്പാദം നനച്ചും പാടത്തിനറ്റ-
ത്തു മുഖമൊളിക്കും സൂര്യനൊപ്പം
മടങ്ങുമപ്പക്ഷികളും ചോദിച്ചൂണ്ണീയെങ്ങൊളിഞ്ഞിരുന്നു നീ?

4 comments:

Unknown said...

ആചാര്യാ‍ാ‍ാ‍ാ‍ാ‍ാ
ആദ്യ തേങ്ങാ പിള്ളേച്ചൻ വക
ഠേ

കാപ്പിലാന്‍ said...

ഹോ . എന്നതാന്നെ , ഇങ്ങനെ കാണ്ഡം കാണ്ഡമായി
കെടക്കുവല്ലേ. ആചാര്യാ ഇത്
കലക്കി " ഉണ്ണി അങ്ങാടി ചരിതം ".എങ്കിലും ഒരു തെറ്റ് ഞാന്‍ കണ്ടെത്തി
" മാതൃവാല്‍സല്യത്തിലൊരരുമശിശുവായുണ്ണയിരിക്കവേ".
ഉണ്ണി നിക്കറില്‍ ഒരു വള്ളി ഇട്ടില്ല :)
ഹോ എന്താ ആശാസം .

പ്രയാണ്‍ said...

നന്നായിരിക്കുന്നു ആചാര്യ ഈ ഉണ്ണി ചരിതം......എഴുത്തിന്റെ ഈ ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരിക്കാന്‍ ആശംസകള്‍.

Sabu Kottotty said...

ആചാര്യാ, കാപ്പിലാന്‍ ചൂണ്ടിക്കാണീച്ചതു തിരുത്തുമല്ലോ. അതു കവിതയുടെ ഭംഗി കളയുന്നു.