Thursday, December 3, 2009

ഉച്ചാടനം

ജലപാത്രവുമായ് മാറി നില്‍ക്ക നീ
നിന്നുടെ വാക്കും നോക്കുമിനിയെങ്ങള്‍ക്ക് വേണ്ട
നീയെന്തെന്തൊക്കെയായിരുന്നുവെങ്കിലും
ഇന്നു ഞങ്ങള്‍ നില്‍ക്കുന്ന ഭൂമിയില്‍ നീയില്ല
നിന്‍റെ ഗന്ധം പോലും ഞങ്ങളേല്‍ക്കില്ല
ദാഹജലം നിന്നില്‍ മാത്രമേയുള്ളൂവെങ്കില്‍
ഞങ്ങള്‍ മരുഭൂമിയില്‍ കല്ലുമാളിക പണിതിരിക്കും
നിന്നെപ്പറ്റിയോര്‍ക്കുന്നവരെ ഞങ്ങള്‍ പുഴയും കടത്തി വിടും
നിന്നെ നോക്കിച്ചിരിക്കുന്നവരെ കൊഞ്ഞനം കുത്താന്‍
രാപ്പാടികളെ ഉഴിഞ്ഞിടും
നിന്നെ ഒറ്റേണ്ടീ വന്നാലും ഞങ്ങള്‍ നിന്നെ ചുംബിക്കയില്ല
നിന്‍റെ വാക്കിനു മറുവാക്കായ് ഞങ്ങള്‍ പൂതമാടും
നീ പോവുന്നിടത്തെല്ലാം മുഖപ്പട്ട വെച്ചു കെട്ടും
നീയിരിക്കുന്നിടത്ത് സര്‍പ്പങ്ങളെ വളര്‍ത്തും
നീ നില്‍ക്കുന്ന ഭൂമിയുടെ കീഴില്‍ തീയിടും
നീ മാപ്പു ചൊല്ലിയാല്‍ സമുദ്രത്തോളം നടത്തും
നീ കരഞ്ഞാല്‍ അതു കണ്ട് സൂര്യനില്‍ രക്തം പകരും
നീ വെളിച്ചം കൊണ്ടു പോയാല്‍ ആയിരം സൂര്യന്മാരെ സൃഷ്ടിക്കും
നീ നോവുന്നതു കണ്ട് ഞങ്ങള്‍ കാരസ്ക്കരം ചേര്‍ത്ത വീഞ്ഞ് കഴിക്കും
ജന്മങ്ങള്‍ വ്യര്‍ഥമായാലും ഞങ്ങള്‍ക്കതു മതി
ശ്ലഥകാകളി വൃത്തത്തില്‍ രണ്ടാം പാദത്തിനന്ത്യത്തിലായ്
നിന്‍റെ ആത്മാവിനെ ബന്ധിച്ച് രഥവേഗം നടിക്കും
മണ്ണില്‍ പൂണ്ട ചക്രങ്ങളും വേഗം നടിക്കും
കര്‍ണശാപങ്ങള്‍ കൊണ്ട് തീര്‍ത്ത വരണമാല്യം
കാത്തിരുന്ന് വൃദ്ധയാവാന്‍ ദ്രൗപദി വീണ്ടും പിറക്കും
കരുണയില്ലാത്ത ചാപങ്ങളില്‍ നിന്ന് നുണപുരണ്ട അഗ്നി ഉതിരും
കുരുക്ഷേത്രത്തില്‍ ഞങ്ങള്‍ തന്നെയിരുപുറവും നില്‍ക്കും
സേനകളെ ഞങ്ങള്‍ ചതുരംഗത്തില്‍ ഒതുക്കും
ദൂരെയിരുന്ന് കാണുന്ന സഞ്ജയന്‍
അന്ന് ഞങ്ങളുടെ ആള്‍ തന്നെയായിരിക്കും
പുകയില്‍ ചുട്ട നിന്‍റെ ഇറച്ചി കൊണ്ട് അന്ന് സദ്യ നിറയും
നീ പോകുന്ന വഴിയെല്ലാം കിടങ്ങുകള്‍ വെയ്ക്കും
നിന്‍റെ ആത്മാവിലെ കൊളുത്ത്
അതില്‍ നിന്ന് വീണു പോയ ഉറക്കുപാട്ട് മരവിച്ച് കിടക്കും
കൊളൂത്തിന്നറ്റത്ത് തീപ്പിടിപ്പിച്ച് ഇടയ്ക്കിടെ ഓര്‍മ്മയെ
ഞങ്ങള്‍ ചുട്ടെടുക്കും
ഒടുവില്‍ ഞങ്ങള്‍ കിരീടത്തിനു കൈനീട്ടുമ്പോള്‍
വിരലുകളില്‍ മിന്നലേല്‍ക്കുമോ എന്ന് !

10 comments:

കാപ്പിലാന്‍ said...

ആചാര്യാ . എനിക്ക് നിരൂപിക്കണം :)

ആചാര്യന്‍ said...

യ്യോ

നാസ് said...

കാപ്പിലാന് പണിയായി.... ആചാര്യാ ആശംസകള്‍ :)

പ്രയാണ്‍ said...

എനിക്കൊരു കുന്തോം മനസ്സിലായില്ല ...കാപ്പിലാന്റെ നിരൂപണം വരട്ടെ എന്നിട്ട് നോക്കാം...:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആചാര്യാ?? കാപ്പു നിരൂപിക്കാന്‍ പോകുന്നോ?? എന്റമ്മോ!!!!!!!!!!! ഞാനത് കൂടി വായിച്ചിട്ട് പറയാട്ടാ..

:)

കൊച്ചുതെമ്മാടി said...

കാപ്പിലാനേ ശരണം..... :)

ആശംസകള്‍ ആചാര്യാ....

സുനിൽ പണിക്കർ said...

ഉച്ഛാടനം എന്നല്ലേ ശരി..?

ആചാര്യന്‍ said...

പണിക്കരെ പണിക്കര്‍ പറഞ്ഞത് ശരിയായിരിക്കണം. എന്‍റെ അറിവ് വളരെ കുറവാണ്. confusion. ശരിയായ വാക്കുകള്‍ ഉപയോഗിക്കാത്തതില്‍ ഖേദിക്കുന്നു

jayanEvoor said...

ഇനി നിരൂപണം വരട്ടെ!
.
(ഉച്ഛാടനം അല്ല .
ഉച്ചാടനം തന്നെ ശരിയായ പ്രയോഗം.)

ഗീത said...

കാപ്പിന്റെ നിരൂപണം വായിച്ചിട്ടാ കവിത വായിച്ചത്. അതോണ്ട് നല്ലോ‍ാ‍ാണം മനസ്സിലായീട്ടോ.

എന്നാലും ഉച്ചാടനം ഇഷ്ടായി.