Friday, October 30, 2009

വെളുത്ത താഴ്വര - 4

കൊല്ലപ്പെട്ടിരിക്കുന്നത് ഒരു വൃദ്ധന്‍ !
അയാള്‍ ഞെട്ടിത്തെറിച്ചു. അപ്പോള്‍ അന്ന് താന്‍ കണ്ട സ്ത്രീ പ്രേതമോ, യക്ഷിയോ... വൃദ്ധനെ കൊലപ്പെടുത്തിയ ശേഷമാണോ ആ രുപം തന്‍റെ കാഴ്ചയിലെത്തിയത്. അതോ എല്ലാം ഒരു തോന്നലാണോ...

കൈപ്പടങ്ങള്‍ വിയര്‍ക്കുന്നത് അയാളറിഞ്ഞു. ഒരു പക്ഷേ ആ കൊലപാതക സന്ദര്‍ഭത്തിനു സാക്ഷിയായ വ്യക്തി താന്‍ മാത്രമാണെന്ന്...അല്ല, ഒരു കൊലപാതകമൊന്നും താന്‍ കണ്ടിട്ടില്ലല്ലോ, ഒരു പക്ഷേ ആ സമയത്ത് ആ സ്ഥലത്തു കൂടി കടന്നു പോകേണ്ടിവന്നു..അതിനടുത്തായി ഒരു സ്ത്രീരൂപത്തെ കണ്ടതായി തോന്നി. അത്രമാത്രം..

അടുത്ത ദിവസങ്ങളിലെ വാര്‍ത്തകളില്‍ എന്താണു പുറത്തു വരുന്നത് എന്നു നോക്കാം.. താന്‍ മാത്രമോ ഉടമ എന്ന് ഉറപ്പില്ലാത്ത ഒരു രഹസ്യം അയാളെ വലയം ചെയ്തു. അന്നു രാത്രി മുഴുവന്‍ അയാള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. മിക്കവാറും മറന്നു തുടങ്ങിയിരുന്ന വെളുത്ത താഴ്വരയിലെ ആ നിമിഷങ്ങള്‍ അയാളെ വീണ്ടും വീണ്ടും വേട്ടയാടി...

പിറ്റേന്നത്തെ പത്രത്തില്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതെപ്പറ്റി പെട്ടെന്ന് ആരോടെങ്കിലും സംസാരിക്കുന്നത് അബദ്ധമായിരിക്കുമെന്ന് അയാളുടെ മനസ് വിലക്കി. എങ്കിലും രണ്ടാഴച മുന്‍പ് കടന്നു പോയ ആ ഭയങ്കരമായ വൈകുന്നേരം അയാള്‍ക്ക് വളരെ പണിപ്പെട്ട് ഉള്ളീല്‍ അടക്കി വെയ്ക്കേണ്ട ഒന്നായി മാറുകയായിരുന്നു.

അന്നത്തെയും തലേന്നത്തെയും പത്രങ്ങള്‍ അയാള്‍ തേടിപ്പിടിച്ചു. തലേന്നത്തെ ചില പത്രങ്ങള്‍ക്കായി അയാള്‍ പബ്ലിക് ലൈബ്രറിയിലും സമയം ചെലവിട്ടു. പരിഭ്രാന്തമായ മനസോടെ പത്രങ്ങള്‍ അരിച്ചു പെറുക്കിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. ചില പത്രങ്ങള്‍ അതേ വാര്‍ത്ത തലേന്നു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റുള്ളവയില്‍ അന്നേ ദിവസമാണ് വാര്‍ത്ത വന്നത്.

അടുത്ത രണ്ട് ദിവസങ്ങളിലും പത്രങ്ങള്‍ അയാള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. അതിനാല്‍ അയാളുടെ മാനസിക പിരിമുറുക്കം ഒരളവു വരെ കുറഞ്ഞു. നാലാം ദിവസം രണ്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അയാളെ വീണ്ടും അസ്വസ്ഥതപെടുത്തി. ഒരു പത്രത്തില്‍, കൊല്ലപ്പെട്ട വൃദ്ധന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവിനെപ്പറ്റിയുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ആഴമേറിയ മുറിവ് ഏറ്റതിനാലാണ് അയാള്‍ മരണപ്പെട്ടതെന്നും വാര്‍ത്തയില്‍ എഴുതിയിരുന്നു. രണ്ടാമത്തെ പത്രത്തില്‍ വൃദ്ധനെപ്പറ്റി ഏതാനും വാക്കുകള്‍ ചേര്‍ത്തിരുന്നു; ഒപ്പം ഒരു ഫോട്ടോയും. അവിവാഹിതനായ, ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന ഒരു പക്ഷിശാസ്ത്രജ്ഞനായിരുന്നു വൃദ്ധനെന്നാണ് റിപ്പോര്‍ട്ട്. തെക്കെ ഇന്ത്യയില്‍ പ്രത്യേകമായി കാണാറുള്ള ചില പക്ഷികളെപ്പറ്റി അയാള്‍ ഒരു പുസ്തകവും രചിച്ചിരുന്നുവത്രെ. എന്നാല്‍ ഇടക്കാലത്ത് അദ്ദേഹം ഗവേഷണം നിര്‍ത്തി വെച്ച് പൊതുജീവിതത്തില്‍ നിന്നകന്ന് സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു പോലും. ഫോട്ടോ വളരെ ക്ഷീണിച്ചു പോയ കണ്ണുകളുള്ള ഒരു മധ്യവയസ്ക്കന്‍റേതായിരുന്നു.

വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ തന്‍റെ വിദൂര പരിചയത്തില്‍ പോലുമുള്ളവരുമായി സാമ്യമില്ലാത്തതാണെന്നയാള്‍ക്കറിയാമായിരുന്നു. ഫോട്ടോയിലുള്ള മനുഷ്യനെ താന്‍ ഒരിക്കലും കാണുകയോ അയാളെപ്പറ്റി കേള്‍ക്കുകയോ പോലുമുണ്ടായിട്ടില്ലെന്ന് തീര്‍ച്ച. തന്നെയല്ല പ്രത്യക്ഷത്തില്‍ തനിക്ക് എന്താണ് ഈ സംഭവവുമായി ബന്ധം. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം എന്നായിരുന്നല്ലോ ആദ്യ പത്രവാര്‍ത്ത. ആ ദിവസം തന്നെയാണോ താനും ആ സ്ഥലത്തു കൂടി കടന്നു പോയത് എന്നതിന് എന്താണ് തീര്‍ച്ച. അന്ന് ആ സ്ത്രീരൂപത്തെ കണ്ടതായി തോന്നിയതിനാലാണ് ഈ വാര്‍ത്ത പോലും ഇത്രയധികം തന്നെ പരിഭ്രമിപ്പിക്കുന്നത്.

അത്രയും ചിന്തിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് അല്പം ഉത്സാഹം വന്നു. പത്രത്തിലെ ഫോട്ടോയിലേക്ക് അയാള് സൂക്ഷിച്ചു നോക്കി. പാവം വൃദ്ധന്‍. അയാളുടെ ബന്ധുക്കളെപ്പറ്റിയൊന്നും പത്രങ്ങള്‍ പറയുന്നില്ല. വൃദ്ധന്‍റെ സ്ഥലമാകട്ടെ ഇവിടെ നിന്ന് രണ്ടു മൂന്നു ജില്ലകള്‍ക്കപ്പുറം. അന്വേഷിച്ച് പോകേണ്ട കാര്യമൊന്നുമില്ല. വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി തല പുകയ്ക്കണം...

രണ്ട് മൂന്നു ദിവസം അയാള്‍ ആ സംഭവങ്ങളെ മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതെപ്പറ്റി ഓര്‍മ വരുമ്പോഴെല്ലാം തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെപ്പറ്റി ആലോചിച്ച് സമയം കളയേണ്ടതില്ല എന്ന് അയാളുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അത് ശരിയായ ഒരു തീരുമാനമാണെന്ന് അയാള്‍ക്ക് തോന്നുകയും ചെയ്തു.

എന്നാല്‍ ആ മനുഷ്യന്‍റെ ഫോട്ടോയിലെ ക്ഷീണീതമായ കണ്ണുകള്‍ അയാളുടെ മനസില്‍ നിന്ന് മായാന്‍ മടിച്ചു. അതൊരു തീരാശല്യമായല്ലോ എന്ന് അയാള്‍ക്ക് ദേഷ്യം വന്നു തുടങ്ങി. ആരോടും പറയാനാവാത്ത, സത്യമോ മിഥ്യയോ എന്നു തീര്‍ച്ചയില്ലാത്ത ഒരു സംഭവം മനസില്‍ കൊണ്ടു നടക്കുക തന്നെ പ്രയാസമാണ്. അതിനു പുറമെയാണ് കൊലപാതകത്തിനിരയായ ഒരു മനുഷ്യനെ പറ്റി അയാളെ സംബന്ധിച്ചിടത്തോളം തികച്ചും അനാവശ്യമായ കൗതുകം. ചിലപ്പോഴൊക്കെ കുളി മൂറിയിലെ കണ്ണാടിയില്‍ അയാള്‍ സ്വന്തം മുഖം ശ്രദ്ധിച്ചു നോക്കിത്തുടങ്ങി. മദ്യപിച്ചു കൊണ്ട് ഈ സംഭവത്തെപ്പറ്റി ഇനി ആലോചിക്കുകയില്ല എന്ന് ഉറയ്ക്കാന്‍ അയാള്‍ ശ്രമിച്ചു. ആ നശിച്ച യാത്രയെ സ്വയം ശപിച്ചു. എന്നാല്‍ അയാളില്‍ ആ കൗതുകം ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരുന്നു.

ഒടുവില്‍ ആ കൗതുകം അയാളെ പബ്ലീക് ലൈബ്രറിയിലേക്കു തന്നെ വീണ്ടും വലിച്ചിഴ്ച്ചു. അധികം തിരയാതെ തന്നെ വൃദ്ധന്‍ എഴുതിയ പുസ്തകം അയാള്‍ക്ക് ലൈബ്രറിയില്‍ കണ്ടു കിട്ടി. ദശകങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നുവെങ്കിലും അത് ഏറെ പഴകിയിരുന്നില്ലെന്നു തോന്നി. പക്ഷിശാസ്ത്രം വായിക്കുവാന്‍ എത്രയാളുകള്‍ക്ക് താല്പര്യമുണ്ടാവുമെന്ന് അയാള്‍ ഊഹിച്ചു.

എഴുത്തുകാരനെപ്പറ്റി പരാമര്‍ശിക്കാറുള്ള പേജില്‍ വൃദ്ധന്‍റെ അല്പം കൂടി യുവത്വം ഉള്ള ചിത്രമുണ്ടായിരുന്നു. തുടര്ന്ന് അയാളുടെ വിദ്യാഭ്യാസത്തെപ്പറ്റി വിശദീകരണങ്ങള്‍. രണ്ടാമത്തെ പേജില്‍ പ്രശസ്തനായ ഒരു പ്രൊഫസര്‍ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഉള്ളടക്ക വിവരങ്ങള്‍. പുസ്തകം വാനമ്പാടിക്ക് സമര്‍പ്പിച്ചിരിക്കുന്നു. പക്ഷിശാസ്ത്രജ്ഞന്‍റെ പുസ്തകം വേറെ ആര്‍ക്ക് സമര്‍പ്പിക്കാന്‍. ആദ്യ അധ്യായമാണെങ്കില്‍ എതോ തരം കാക്കയെപ്പറ്റിയാണ്. പുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായം വായിക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ ഒരിക്കലും ഇഷ്ടം തോന്നിയിട്ടേയില്ല. അപ്പോഴേക്കും അയാള്‍ക്ക് മടുത്തു. ലൈബ്രറിയിലെ പുസ്തക അലമാരകളുടെ ഗന്ധം തനിക്ക് പിടിക്കുന്നില്ല എന്ന് തോന്നി. പിന്നീട് വായിക്കാമെന്ന് വിചാരിച്ചു കൊണ്ട് അയാള്‍ പുസ്തകം തിരികെ വച്ച് വേഗത്തില്‍ ലൈബ്രറി വിട്ടു.

തുടര്‍ന്നുള്ള കുറെ ദിവസങ്ങളില്‍ ജോലിത്തിരക്കു മൂലം അയാളും, എന്തുകൊണ്ടോ പത്രങ്ങളൂം ആ വാര്‍ത്ത മറന്നു കളഞ്ഞു.

എന്നാല്‍ അധികം താമസിയാതെ അയാളുടെ സമനില തെറ്റിച്ചു കൊണ്ട് വീണ്ടുമൊരു പത്ര വാര്‍ത്ത പ്രത്യക്ഷെപ്പെട്ടു. മറ്റൊരു മൃതശരീരം കണ്ടെടുത്തിരിക്കുന്നു; അതേ സ്ഥലത്തു നിന്ന്. ഇത്തവണ പത്രത്തില്‍ വാര്‍ത്ത മുന്‍പേജിലേക്ക് വന്നിരുന്നു. കൂടാതെ ആ സ്ഥലത്തിന്‍റെ ഒരു വലിയ ചിത്രവും. അതു കണ്ടപ്പോള്‍ അയാള്‍ക്ക് തലചുറ്റി (തുടരും)

9 comments:

നാസ് said...

ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു... എന്നിട്ട് അഭിപ്രായം പറയാം.... :)

ഗന്ധർവൻ said...

ത്രില്ലടിപ്പിക്കുന്ന എഴുത്ത്. തുടരുക

നരിക്കുന്നൻ said...

ദേ വീണ്ടും ആളെ ഒരുമാതിരി... പത്രം കയ്യിൽ പിടിച്ച് ആ വാർത്തയൊന്ന് പറഞ്ഞിട്ട് തുടരും എന്ന് പറഞ്ഞാൽ പോരെ...ഇത് കുഴപ്പിക്കുകയാണല്ലോ ആചാര്യാ...
ഇനി അഞ്ചാം ഭാഗം വരാതെ രക്ഷയില്ലാ..
ഒരു മുഴുനീള ത്രില്ലറായി ഈ വെളുത്ത താഴ്വര മാറട്ടേ..

കാപ്പിലാന്‍ said...

മൂന്നും നാലും അദ്ധ്യായങ്ങള്‍ വായിച്ചു . പക്ഷിശാസ്ത്രം , കൊല , പത്രവാര്‍ത്ത ഇതൊക്കെ എവിടെക്കാണ്‌ ആചാര്യാ വലിച്ചുകൊണ്ട് പോകുന്നത് . വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുക എന്ന് പറഞ്ഞാല്‍ ഇതാണോ :)

ഗീത said...

അമ്പേ പേടിയാകുന്നു. പക്ഷിശാസ്ത്രജ്ഞന്‍ എന്നുകേട്ടപ്പോള്‍ എന്‍.എല്‍. ബാലകൃഷ്ണന്റെ മുഖമാ മനസ്സില്‍ വരുന്നത്.
പുതിയ ഇര ആരാണാവോ?

Unknown said...

ഇതിവിടേം തീര്‍ന്നില്ലേ. ബാറ്റണ്‍ ബോസിനെയും കടത്തി വെട്ടുമല്ലോ. താഴ്വരയുടെ അറ്റത്തെന്താണെന്നറിഞ്ഞിട്ട് തന്നെ ബാക്കികാര്യം.

Unknown said...

നാലാം ഭാഗം കണ്ടപ്പോള്‍ താല്പര്യമായി, പിന്നെ മുന്ഭാഗങ്ങള്‍ എല്ലാം വായിച്ചു.
സസ്പെന്‍സ് ത്രില്ലെര്‍ !!
അടുത്തഭാഗം പോരട്ടെ

ഭൂതത്താന്‍ said...

.....പേടിപ്പിക്കാനാ ..പരിപാടി ....എനിക്ക് പേടിയൊന്നും ഇല്ല ....സത്യം ..ഒട്ടും ഇല്ല ....ചുമ്മാ പേടിപ്പിക്കല്ലേ ...മാഷേ ...ബാക്കി കൂടെ ഇങ്ങു പോരട്ടേന്ന് ....സീരിയല്‍ (ടീ .വി ) പോലെ ആക്കി കൊന്നു കൊല വിളിക്കല്ലേ .....

പ്രയാണ്‍ said...

അഞ്ചാം ഭാഗം വരനെന്താ ഇത്ര താമസം.........വയനക്കാര്‍ അക്ഷമരാകുന്നു.........