Monday, March 18, 2013

ആയിരത്തിലൊരുവനെങ്കിലും

ആയിരത്തിലൊരുവനെങ്കിലും
ആ മുഖമുണ്ടാകണമെന്ന് പറയുന്നു.
പക്ഷെ
എല്ലാവരും മത്സരബുദ്ധിയോടെ ഒറ്റുകൊടുക്കുന്ന
ആ കണ്ണുകളെ
വീണ്ടും കാണാനായില്ല
ചതിയുടെ തിമിരം,
വിഷം തൂവിയ ചിരികള്‍,
മനസിലൊന്നും വാക്കിലൊന്നും,
എല്ലാ വൃത്തികേടുകളെയും പേറാറുള്ള
അഴുക്കു ചാലൊത്ത സിരകളില്‍
അത്യാര്‍ത്തി കലര്‍ന്നു നുരയ്ക്കുന്ന രക്തം,
കാണാനുള്ളതിവകളെ മാത്രം.
ആയിരത്തിലോ പതിനായിരത്തിലോ ആ മുഖമൂണ്ടാകണമെന്ന്
വീണ്ടും പറയുന്നു
പതിനായിരത്തിലല്ലെങ്കില്‍ ലക്ഷത്തിലൊരുവന്‍.
ഈ ഹ്രസ്വജീവിതത്തില്‍
ഒരു കോടി മുഖങ്ങളെയൊക്കെ കണ്ട് തീര്‍ക്കാന്‍ പറ്റുമോ
ഒന്നോടൊന്നൊക്കാതെ
വാര്‍പ്പിനു ശേഷം മൂശ തകര്‍ക്കപ്പെട്ടതോടെ
ചത്ത് ചീര്‍ത്ത ഏകാന്തമുഖങ്ങള്‍
എല്ലാം ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല
ഈ മുഖങ്ങളെല്ലാം മുഖമൂടികളാണെന്ന്
തോന്നുമ്പോള്‍
ആകാശത്തു നിന്ന് തലകുത്തി വീണ്‍ കുന്നിഞ്ചെരിവിലൂടെ
ഉരുണ്ടു പോകുന്ന\ സൂര്യനൊപ്പം
മറയുകയാണ്‍