Thursday, October 29, 2009

വെളുത്ത താഴ്വര-3

രാത്രി ഒന്‍പതു മണിയോടെ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോഴേക്കും അയാള്‍ തീര്‍ത്തും അവശനായിരുന്നു. രാത്രി വൈകിയെങ്കിലും സുന്ദരേശന്‍ കാത്തിരിപ്പുണ്ടായിരുന്നു.


"എന്താണ് സര്‍, സുഖമില്ലേ, വൈകിയപ്പോള്‍ ഞാന്‍ ഒന്നു പരിഭ്രമിച്ചു"


"സാരമില്ല, ഇത്രയും സമയം വണ്ടിയോടിക്കുകയായിരുന്നില്ലേ"


നടന്ന കാര്യങ്ങള്‍ സുന്ദരേശനോട് പറയണമോ? ഇപ്പോള്‍ വേണ്ട. അവ ഓര്‍ത്തിട്ടു തന്നെ ഉള്‍ക്കിടിലമുയരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂര്‍ സ്വബോധമുണ്ടായിരുന്നുവോ എന്ന് അയാള്‍ക്ക് സംശയം തോന്നി. നല്ല വേഗത്തിലായിരിക്കണം ഓടിച്ചത്. റോഡില്‍ ഇറങ്ങാനിടയുള്ള ആനകളെപ്പറ്റിയോ റോഡിന്‍റെ അപകടകരമായ വീതിക്കുറവോ ഓര്‍ത്തതേയില്ല. അതുപോലെ ഭയന്നുപോയിരുന്നു. കഥകള്‍ യാഥാര്‍ഥ്യമായി നിന്ന് സ്വാഗതം ചെയ്യുന്നതു പോലെയുള്ള സ്ഥിതി. വീട്ടിലേക്ക് ഒന്നു ഫോണ്‍ ചെയ്ത് ഇവിടെ എത്തിയെന്ന് പറയാന്‍..


"സുന്ദരേശാ, ഒന്നു ഫോണ്‍ ചെയ്യണമായിരുന്നല്ലോ"


"സാര്‍, ഇവിടെ ഗസ്റ്റ് ഹൗസിലെ ഫോണ്‍ ഒരാഴ്ചയായി തകരാറിലാണ്. പിന്നെ അടുത്ത് ഫോണുള്ളത് അല്പം അകലെയുള്ള ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ്. അവിടെ ആളുണ്ടോ എന്ന് ഉറപ്പില്ല. സാറിനു നിര്ബ്ബന്ധമാണെങ്കില്‍.."


"വേണ്ട, ഇനി ഈ രാത്രിയില്‍ എങ്ങോട്ടും പോകാന്‍ വയ്യ"


"ശരി, എന്നാല്‍ നാളെ പുലര്‍ന്ന ശേഷം നമുക്ക് പോസ്റ്റോഫീസില്‍ നിന്ന് ട്റങ്ക് കോള്‍ ബുക്ക് ചെയ്യാം സര്‍. ഇവിടെ നിന്ന് അധിക ദൂരമില്ല. പത്തു മണിയാകണം എന്നേയുള്ളൂ."


"അതുമതി സുന്ദരേശാ.."


"സാര്‍, സാറിനുള്ള മുറിയില്‍ ഞാന്‍ ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ട്. കുളിക്കാനും മറ്റും അവിടെ സൗകര്യമുണ്ട്. സാറിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചു കൊള്ളൂ"


വസ്ത്രം മാറ്റുന്നതിനോ, കുളിക്കുന്നതിനോ അയാള്‍ക്ക് കഴിഞ്ഞില്ല. ധാരാളം വെള്ളം കുടിച്ചു. വിശപ്പ് തോന്നുന്നുമില്ല. രണ്ടാം നിലയിലെ മുറി ആയതിനാല്‍ ജനാലയിലൂടെ ഗസ്റ്റ് ഹൈസിനു മുന്നിലെ റോഡ് കാണാം. അവിടെ ഒരു കരിമ്പു ലോറി നില്‍ക്കുന്നുണ്ട്. അതിന്‍റെ ടയര്‍മാറ്റുന്നതിനു ശ്രമിക്കുന്ന ഡ്രൈവറെയും മറ്റും അവരുടെ കയ്യിലെ വിളക്കിന്‍റെ വെളിച്ചത്തില്‍ കാണാം. അത് ഒരു ആശ്വാസമായി അയാള്‍ക്ക് തോന്നി. മഞ്ഞിന്‍ പുതപ്പിനെക്കുറിച്ചുള്ള ഓര്‍മ വീണ്ടും അയാളില്‍ തികട്ടി വന്നു. ആ മഞ്ഞിന് എന്തോ ഒരു ഗന്ധമുണ്ടായിരുന്നുവോ. ഇപ്പോള്‍ അങ്ങനെ തോന്നുന്നു. ജനാലച്ചില്ലുകള്‍ക്കപ്പുറം കാറ്റ് വന്നലച്ചപ്പോള്‍ അയാള്‍ക്ക് അസ്വസ്ഥത തോന്നി. പഴകിയ കര്‍ട്ടന്‍ വലിച്ച് ജനാല മറച്ച ശേഷം മുറിയിലെ ലൈറ്റുകള്‍ അണയ്കാതെ അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. ആ സ്ത്രീരൂപത്തിന്‍റെ അവ്യക്ത മുഖം അയാളെ വീണ്ടും പിന്തുടര്ന്നു. പ്രേതമോ, യക്ഷിയോ, ഭൂതമോ? അതോ ജീവനുള്ള ഒരു സ്ത്രീ തന്നെയോ? അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് ഏതെങ്കിലും ആയുധമായിരുന്നുവോ, അതോ അങ്ങനെയൊന്ന് തന്‍റെ വെറും തോന്നലായിരുന്നുവോ? ഇതെല്ലാം തന്നെ വെറും തോന്നലാണോ? അതോ സത്യമോ? അയാള്‍ വീണ്ടും അസ്വസ്ഥനായി. രാവിലെ സുന്ദരേശനോട് സൂചിപ്പിക്കാം. ആ സ്ഥലത്തെപ്പറ്റി ഇത്തരം കഥകളെന്തെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ കേട്ടിട്ടുണ്ടാവാനിടയുണ്ട്. എന്തൊരപകടം പിടിച്ച സ്ഥലമാണത്. മൂടല്‍ മഞ്ഞില്‍ അത്രയും വീതി കുറഞ്ഞ റോഡില്‍ വാഹനം ഓടിക്കുവാന്‍ സ്ഥല പരിചയമുള്ളവര്‍ക്കു പോലും കഴിയുകയില്ല. ചിന്തിച്ച് സമയം പൊയ്ക്കൊണ്ടിരുന്നു. റോഡില്‍ കരിമ്പു ലോറി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം...


"സാര്‍, ആ സ്ഥലത്തെപ്പറ്റി എന്തു കൊണ്ടാണ് ചോദിക്കുന്നത്?"


പോസ്റ്റോഫീസില്‍ നിന്ന് ഫോണ്‍ ചെയ്ത് മടങ്ങുന്നതിനിടയില്‍ സൂചിപ്പിച്ചപ്പോള്‍ സുന്ദരേശന്‍റെ പ്രതികരണം ഒരു മറു ചോദ്യമായിരുന്നു. തലേന്ന് വൈകുന്നേരത്തെ അനുഭവത്തെപ്പറ്റി ഒന്നും വ്യക്തമാക്കാതെ സ്ഥലത്തെപ്പറ്റി അന്വേഷിക്കുക മാത്രമേ ചെയ്തുള്ളൂ. എല്ലാം തന്‍റെ വെറും തോന്നലാണെങ്കില്‍ ഇയാള്‍ എന്ത് വിചാരിക്കും.


"അത്, ഒരു അപകടം പിടിച്ച് സ്ഥലമല്ലേ, കൂടാതെ നല്ല മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നു"


"സാര്‍, ആ സ്ഥലം അപകടം ഉണ്ടാകാനിടയുള്ള വിജന പ്രദേശമാണ്. സത്യം. എന്നാല്‍ ഇതു വരെ അവിടെ ഒരു വാഹനാപകടം ഉണ്ടായതായി കേട്ടിട്ടില്ല. രാപകലില്ലാതെ കരിമ്പു ലോറികള്‍ സഞ്ചരിക്കുന്ന വഴിയാണല്ലോ. എന്തെങ്കിലും അപകടമുണ്ടായാല്‍ ഈ ടൗണില്‍ അതറിയാതിരിക്കില്ല. ആ സ്ഥലത്തു നിന്ന് ഇങ്ങോട്ടുള്ള ഇറക്കത്തിനിടയില്‍ ആനകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു ഭാഗമുണ്ട്. അവിടെ ആനകളെ മിക്കവാറും കാണാറുള്ളതായി ലോറി ഡ്രൈവര്‍മാര്‍ പറയാറുണ്ട്. അവ ലോറികളെ ആക്രമിക്കാറില്ല. അല്പം ക്ഷമയോടെ കാത്തു നിന്നാല്‍ കടന്ന് പൊയ്ക്കൊള്ളും. ആനകള്‍ ഉപദ്രവം ഉണ്ടാക്കിയതായും എന്‍റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയ്ത്തില്‍ ഒരിക്കലും കേട്ടിട്ടില്ല. പിന്നെ മലഞ്ചെരിവല്ലേ, മൂടല്‍ മഞ്ഞുണ്ടാകും"


സുന്ദരേശന്‍ പറഞ്ഞതു കേട്ടപ്പോള്‍ അയാള്‍ക്ക് ഒന്നു തീര്‍ച്ചയായി. മൂടല്‍ മഞ്ഞില്‍ അകപ്പെട്ടതിന്‍റെ വിഹ്വലതയില്‍ തനിക്കുണ്ടായ ഒരു തോന്നല്‍. അല്ലാതെ ആ വിജന സ്ഥലത്ത് ആരു വരാന്‍? അതും ഒരു സ്ത്രീ. അതൊന്നും സുന്ദരേശനോട് വിളമ്പാതിരുന്നത് നന്നായി.


ഒരാഴ്ച കഴിഞ്ഞ് ജോലി തീര്‍ത്ത് മടങ്ങിയത് പകല്‍ സമയത്തായിരുന്നു. റോഡില്‍ അയാളുടെ വാഹനത്തിനു മുന്‍പെ പല വണ്ടികളും പോകുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കരിമ്പിറക്കി വരുന്ന ലോറികളും എതിരെ വന്നു. ആ സ്ഥലമെത്തിയപ്പോള്‍ അയാള്‍ ഒന്നു ചെറുതായി പേടിക്കാതിരുന്നില്ല. ഉണ്ട്. ആ വലിയ പാറയും, വീതി കുറഞ്ഞ റോഡിനു നടുവില്‍ വച്ച് കയറ്റം അവസാനിക്കുന്നതും മറുവശത്തെ മലകളും വലിയ കാട്ടുമരങ്ങളും എല്ലാമുണ്ട്. മഞ്ഞിന്‍റെ പൊടി പോലും എങ്ങുമില്ല. എല്ലായിടത്തും നല്ല തെളിച്ചം. തന്‍റെ ഭയമോര്‍ത്ത് ഒരിക്കല്‍ കൂടി അയാളൂടെ ചുണ്ടില്‍ നേരിയ ചിരി തെളിഞ്ഞു.


ജോലിത്തിരക്കില്‍ ഒരാഴ്ചകൂടി കടന്നു പോയി.


പത്രത്തിലൂടെ കണ്ണോടിക്കവെ ഒരു ചെറിയ വാര്‍ത്തയില്‍ അയാളുടെ കണ്ണുടക്കി. താന്‍ മൂടല്‍ മഞ്ഞിലകപ്പെട്ട അതേ സ്ഥലത്തു റോഡിനു വലതു വശത്തുള്ള കുഴിയില്‍ നിന്ന് രണ്ടാഴ്ച പഴക്കമുള്ള ഒരു ശവശരീരം കണ്ടെടുത്തത്രേ. റോഡ് ഇടിയാതെ കല്‍ക്കെട്ട് നിര്‍മിക്കാനെത്തിയ പണിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടാഴ്ച പഴക്കമുള്ള ശവശരിരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുള്ളതായി പോലീസ് അറിയിക്കുന്നുവെന്നാണ് വാര്‍ത്ത. മരിച്ചിരിക്കുന്നത്...?



അയാള്‍ ഉദ്വേഗത്തോടെ ആ വാര്‍ത്തയിലൂടെ തിരഞ്ഞു. പത്രത്താള്‍ അയാളുടെ കയ്യിലിരുന്ന് വിറച്ചു (തുടരും)

4 comments:

ഞാന്‍ ആചാര്യന്‍ said...

ഉദ്വേഗത്തോടെ ആ വാര്‍ത്തയിലൂടെ തിരഞ്ഞു. പത്രത്താള്‍ അയാളുടെ കയ്യിലിരുന്ന് വിറച്ചു

പ്രയാണ്‍ said...

ഈ പുകമഞ്ഞ് ഇവിടെ സാധാരണമാണ് ......ഹസാര്‍ഡ് ലൈറ്റുമിട്ട് അതില്‍ക്കൂടി ഓടിക്കാന്‍ ഒരു ത്രില്ലുണ്ടായിരുന്നു.......ഇനി പേടിയാവുമല്ലൊ.........

അനില്‍@ബ്ലോഗ് // anil said...

ആചാര്യാ,
സില്‍മ പിടിക്കേണ്ടി വരുമോ?
ഇടക്ക് വച്ച് നിര്‍ത്തല്ലെ.

നരിക്കുന്നൻ said...

ഇതൊരു ഒന്നൊന്നര ത്രില്ലർതന്നെ.. ആ പത്രത്താളിലെന്താന്ന് പറഞ്ഞിട്ട് നിർത്തരുതോ?

നാലാം ഭാഗം പ്ലീസ്....