Wednesday, October 28, 2009

വെളുത്ത താഴ്വര-2

മനസില്‍ ഉയര്‍ന്നു വന്ന ഭയം അവഗണിച്ചു കൊണ്ട് അയാള്‍ ജീപ്പ് മുന്‍പോട്ടെടുത്തു. കട്ടിയുള്ള മൂടല്‍ മഞ്ഞില്‍ വാഹനം നീങ്ങേണ്ട വഴി അവ്യക്തമാണെന്ന് അയാള്‍ ഓര്‍ത്തില്ല. എന്തായിരുന്നു, ആ രൂപം? അതു മാത്രമായിരുന്നു അയാളുടെ മനസില്‍. മിസ്റ്റ് ലൈറ്റിലും തെളിയാത്ത കടുപ്പം മഞ്ഞു കണങ്ങള്‍ക്കുണ്ടായിരുന്നു. അയാളില്‍ ഒരു നടുക്കം പടര്‍ന്നു. വാഹനം ഓടിക്കുന്നത് അപകടമാണെന്ന് അയാളുടെ ബുദ്ധി ഉപദേശിച്ചു. ഏതെങ്കിലും കാട്ടുജന്തു ആകാനാണ് വഴി. അത് അതിന്‍റെ വഴിക്ക് പോകട്ടെ. മഞ്ഞു നീങ്ങുന്നതു വരെ വാഹനത്തില്‍ തന്നെയിരിക്കാം. അയാള്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ വാഹനം റോഡിന്‍റെ നടുവില്‍ തന്നെ നിര്‍ത്തി. ഏതെങ്കിലും വണ്ടികള്‍ വന്നാല്‍..ഡ്രൈവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍..അയാളുടെ ഉള്ള് ഒന്നു കാളി. ഇത്രയും ശ്രദ്ധിച്ച് ഈ ദൂരമത്രയും ഓടിച്ചു വന്നിട്ട്, ഇവിടെ വച്ച്..വണ്ടി ഒതുക്കിയിടാനാണെങ്കില്‍ എങ്ങോട്ട് നീങ്ങും. മഞ്ഞിന് ഇപ്പോഴും നല്ല കടുപ്പം. ആ കാഴ്ചയിലേക്കു തന്നെ അയാളുടെ മനസ് മടങ്ങി വന്നു. 'ആ കാലുകള്‍ ഏതെങ്കിലും ഒരു മൃഗത്തിന്‍റേതായിരുന്നില്ല എന്നുറപ്പ്, അതൊരു മനുഷ്യനായിരുന്നു' അയാള്‍ സ്വയമറിയാതെ പിറുപിറുത്തു. അപ്പോള്‍ അയാള്‍ ഒന്നുകൂടി ഭയന്നു. ഭൂതപ്രേതാദികളൂടെ വിഹാര രംഗമായ കാട്ടുപാതകളെപ്പറ്റിയും മലഞ്ചെരിവുകളെപ്പറ്റിയും എന്തെല്ലാം കഥകള്‍ ആണ് കേട്ടിരിക്കുന്നത്. ഈ സ്ഥലം പരിചയമില്ലല്ലോ. ഒരു പക്ഷേ ഇവിടെയും അത്തരം കഥകള്‍ കുടിയിരിക്കുന്നുണ്ടാകാം. പക്ഷെ അഞ്ചുമണി മാത്രം കഴിഞ്ഞ ഈ സമയത്ത് പ്രേതങ്ങള്‍..പ്രേതങ്ങള്‍ സഞ്ചരിക്കുക അര്‍ധരാത്രിയിലാണെന്നല്ലേ കേട്ടിരിക്കുന്നത്. മഞ്ഞുപുതപ്പില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാത്ത ഈ മലഞ്ചെരിവില്‍ സമയത്തിനെന്തു പ്രാധാന്യം. ഇത് വിശദീകരിക്കാനാവാത്ത എന്തോ ഒന്നു തന്നെ. അയാള്‍ക്ക് കൈവിരലുകളില്‍ വിറയല്‍ അനുഭവപ്പെട്ടു. ഭയക്കാതിരിക്കാന്‍ താന്‍ വലിയ ഒരു ധീരനല്ലല്ലോ. അതും ഏകാന്തമായ ഈ കാട്ടുപ്രദേശത്ത മൂടല്‍മഞ്ഞില്‍ അകപ്പെട്ട് വഴിമനസിലാകാതെ കുഴങ്ങുമ്പോള്‍ ഇത്തരം ഒരു അനുഭവം കൂടി നേരിട്ടാല്‍ ആരും പതറുകയില്ലേ. അയാള്‍ പെട്ടെന്ന് ഒരു കാര്യം ശ്രദ്ധിച്ചു. മഞ്ഞിന്‍ പുതപ്പ് താഴെയുള്ള ഗര്‍ത്തത്തിലേക്ക് ഊര്‍ന്നു പോയിരിക്കുന്നു. ഭയത്തിന്‍റെയും ചിന്തകളുടെയും തിരത്തള്ളലില്‍ അയാള്‍ അത് ശ്രദ്ധിച്ചതേയില്ല. ജീപ്പ് നില്‍ക്കുന്നത് റോഡില്‍ നിന്ന് അല്പ്പം വലത്തേക്ക് മാറിയിട്ടാണ്. ഇപ്പോള്‍ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ മുന്‍പോട്ടുള്ള ഭാഗം വ്യക്തമായി കാണാം. ഇതും നീണ്ട ഒരു കയറ്റം തന്നെ എന്നാല്‍ റോഡ് മുന്‍പോട്ട് ചെന്നിട്ട് മധ്യഭാഗത്തു നിന്ന് താഴേക്ക് ഇറങ്ങുകയാണെന്ന് തോന്നുന്നു. പ്രകാശത്തില്‍ റോഡിന്‍റെ മധ്യം വരെയേ കാണാന്‍ കഴിയുന്നുള്ളൂ. അയാള്‍ ചുറ്റും നോക്കി. ലൈറ്റിന്‍റെ പരിധിയില്‍ കാണാവുന്നിടത്തെവിടെയും ഒരു ജീവിയുടെയും അനക്കമില്ല. ഏതോ ഒരു തോന്നലില്‍ താന്‍ ഭയപ്പെട്ടത് ഓര്‍ത്ത് അയാള്‍ക്ക് ചിരി വന്നു. വെറുതെ ഒരു ഭയം. അയാള്‍ ജീപ്പ് വീണ്ടും മുന്നോട്ട് ഓടിച്ചു. റോഡിന്‍റെ ഇരു വശത്തും ഗര്‍ത്തങ്ങളുള്ള പാലം പോലെ തോന്നിക്കുന്ന ഭാഗം. നേരത്തെ കണ്ടതു പോലെ തന്നെ റോഡിന്‍റെ മധ്യത്തില്‍ കയറ്റം അവസാനിക്കുകയും ഇറക്കം ആരംഭിക്കുകയുമാണ്. റോഡിന് നന്നെ വീതി കുറവ്. എതിരെ ഒരു വാഹനം വന്നാല്‍ സ്ഥലം പരിമിതമാണ്. കയറ്റം അവസാനിച്ചയുടന്‍ ഹഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു, റോഡ് പെട്ടെന്ന് വലതു ഭാഗത്തേക്ക് തിരിയുകയും കൂറ്റന്‍ ഒരു പാറയുടെ മറവിലേക്ക് പോവുകയുമാണ്. അപകടമുണ്ടാകാന്‍ വലിയ സാധ്യതയുള്ള സ്ഥലം. ഈ ഭാഗത്ത് വെച്ച് മൂടല്‍ മഞ്ഞ് പ്രത്യക്ഷ്പ്പെട്ടാല്‍ കഥ തീര്‍ന്നതു തന്നെ എന്നാലോചിച്ചു കൊണ്ട് വളരെ സൂക്ഷിച്ച് വാഹനം ഉരുട്ടി. റോഡ് തിരിഞ്ഞ് പാറയുടെ മറവിലേക്ക് വാഹനത്തിന്‍റെ പ്രകാശം വീണപ്പോള്‍ അയാള്‍ ഞെട്ടിത്തറിച്ചു പോയി. റോഡിന്‍റേ വലത് ഓരം ചേര്‍ന്ന് ഒരു സ്ത്രീ !!! അയാളില്‍ നിന്ന് മാഞ്ഞു തുടങ്ങിയിരുന്ന ഭയം നൂറിരട്ടിയായി മനസില്‍ മുഴങ്ങി. ജീപ്പ് മുന്നോട്ട് ഉരുളകയാണ്. സ്റ്റിയറിങ്ങില്‍ ഒരു പാവ കണക്കെ പിടിച്ചിരിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. മുടി അഴിച്ചിട്ടിരിക്കുന്നു. തവിട്ടു നിറമാര്‍ന്ന സാരി, അതോ മിസ്റ്റ് ലൈറ്റില്‍ അങ്ങനെ തോന്നിയതോ. അയാള്‍ ആ രൂപത്തെ ഉറ്റ് നോക്കി. ജീപ്പിന്‍റെ അതേ ദിശയില്‍ നീങ്ങുന്ന അത് തിരിഞ്ഞു നോക്കുന്നില്ല. ജീപ്പ് ഉരുണ്ട് അതിനു സമീപമെത്തി. അല്പം മുന്‍പ് താന്‍ മൂടല്‍ മഞ്ഞില്‍ കണ്ട കാലുകള്‍ !!! ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് യാന്ത്രികമായി സ്റ്റിയറിങ്ങില്‍ പിടിച്ചുകൊണ്ട് ഭയം തുടി കൊട്ടുന്ന മനസുമായി ആ രൂപത്തിനു തൊട്ടടുത്തു കൂടി കടന്നു പോകുമ്പോള്‍ അയാള്‍ അതിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ആ രൂപത്തിന്‍റെ മരവിച്ചതു പോലെയൂള്ള മുഖത്തിന്‍റെ പാതി ഭാഗം അയാള്‍ കണ്ടു. അതിന്‍റെ കണ്ണുകള്‍ ഇരുട്ടില്‍ വ്യക്തമല്ല. അത് ഇപ്പോഴും മുന്‍പോട്ട് നടക്കുകയാണ്. അയാള്‍ ഇരിക്കുന്ന ഡ്രൈവിങ് സീറ്റിന്‍റെ ഭാഗം നിമിഷങ്ങള്‍ കൊണ്ട് അതിനെ കടന്നു പോയി. സാവധാനം ജീപ്പു മുന്നോട്ട് ഉരുളുകയാണ്. ഉള്‍ക്കിടിലത്തോടെയെങ്കിലും അയാള്‍ക്ക് തിരിഞ്ഞ് നോക്കാതിരിക്കാനായില്ല. ജീപ്പിനു പിന്നിലെ ചുവന്ന വെളിച്ചത്തില്‍ അവ്യക്തമെങ്കിലും ഭീകരമായിത്തീര്‍ന്ന ആ സ്ത്രീരൂപത്തെ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു. ഒപ്പം അത് വലതു കയ്യില്‍ പിടിച്ചിരിക്കുന്ന നീണ്ട കത്തി പോലെ തോന്നിക്കുന്ന എന്തോ ഒന്നും. ഒരലര്‍ച്ചയോടെ അയാള്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തി (തുടരും)

7 comments:

ജെയിംസ് ബ്രൈറ്റ് said...

സംഗതി കൊള്ളാമല്ലോ ആചാര്യാ.
ഇതൊരു നോവലായിരിക്കുമെന്നു കരുതുന്നു.

കാപ്പിലാന്‍ said...

വെളുത്ത താഴ്വരയില്‍ പ്രേതത്തെ പ്രണയിക്കുന്ന സഞ്ചാരി .പ്രേത കഥയില്‍ നിന്നും മിക്കവാറും ഒരു പ്രണയ കഥയിലേക്ക് വഴി തിരിക്കുവാന്‍ ഉള്ള ശ്രദ്ധ എഴുത്തുകാരന്‍ കഥയുടെ ആദ്യ ഭാഗങ്ങളില്‍ വിവരിക്കുന്നു .കഥയുടെ ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു . ഡോക്ടര്‍ പറഞ്ഞത് പോലെ മിക്കവാറും ഇതൊരു നോവല്‍ ആകും . ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആചാര്യാ...

മനുഷ്യനെ പേടിപ്പിക്കാന്‍ ചട്ടം കെട്ടി ഇറങ്ങിയിരിക്കുകയാണോ?

പാമരന്‍ said...

hmm baaki porattee..

പ്രയാണ്‍ said...

രാത്രി വായിക്കഞ്ഞതു നന്നായി ...ഉറക്കം പോയിക്കിട്ടുമായിരുന്നു....

ദവാന്‍ said...

ചേട്ടൻ പേടിപ്പിച്ചുകളഞ്ഞു.... ഉം...,

നരിക്കുന്നൻ said...

പേടിപ്പിക്കുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഇങ്ങനെ ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടല്ലേ...

എവ്വടെ മൂന്നാം ഭാഗം.......