Wednesday, October 28, 2009

വെളുത്ത താഴ്വര-1

സ്റ്റിയറിങ്ങില്‍ നിന്ന് വിരലുകള്‍ തെന്നിപ്പോകുമോ എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. വിരലുകള്‍ അത്രമാത്രം തണുത്തിരിക്കുന്നു. വളവുകള്‍ വരുമ്പോള്‍ സ്റ്റിയറിങ്ങ് തിരിക്കുവാന്‍ നന്നേ പാടുപെടേണ്ടി വരുന്നു. സന്ധ്യയായിക്കഴിഞ്ഞോ? വിരസമായ റോഡിലേക്ക് കണ്ണൂ നട്ടിരിക്കുന്നതിനിടയില്‍ സമയത്തെപ്പറ്റി അധികം ചിന്തിച്ചിരുന്നില്ല. വല്ലപ്പോഴും എതിരെ വരുന്ന കരിമ്പു കയറ്റിയ ലോറികള്‍ മാത്രമേ ആ വിരസത അകറ്റിയിരുന്നുള്ളൂ. അവയാകട്ടെ വളരെ നിരുപദ്രവകരമായി കഷ്ടപ്പെട്ട് ഇറക്കം ഇറങ്ങി വരികയായിരുന്നു. കഴിഞ്ഞ കുറെയേറെ സമയമായിട്ടും ഒരു വാഹനവും അയാളെ കടന്ന് പോയിട്ടുമില്ല. വാച്ചില്‍ നോക്കാന്‍ ഒന്ന് മടിച്ചു. ശ്രദ്ധ തെറ്റിയാല്‍ വാഹനങ്ങളില്ലാത്ത റോഡാണെങ്കിലും എപ്പോഴാണ് എതിരെ ഒരു വണ്ടി വരിക എന്ന് ആര്‍ക്കറിയാം? റോഡ് അല്പം നേരെയുള്ള സ്ഥലത്ത് വന്നപ്പോള്‍ കൈത്തണ്ട അല്പം ഒന്ന് വെട്ടിച്ചു. വാച്ചിന്‍റെ ചില്ലിനടിയില്‍ മഞ്ഞ് പോലെ അവ്യക്തത. അഞ്ചു മണി കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. റോഡിന്‍റെ ഒരു വശത്തുള്ള പാറകള്‍ക്കും അവയെ ചുറ്റി നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കും പെട്ടെന്ന് കറുത്ത നിറം വന്നിരിക്കുന്നു എന്ന് അയാള്‍ക്ക് മനസിലായി. അപ്പുറമുള്ള കാട്ടു മരങ്ങളുടെ തടികള്‍ക്ക് അല്പം നരച്ച നിറമുണ്ട്. ബാക്കിയൊക്കെ ഇരുട്ട് തന്നെ. ഇടതു വശത്തുള്ള അഗാധതയിലേക്ക് നോക്കാനുമായില്ല. ഓരോ വളവുകള്‍ തിരിയുമ്പോഴും അകലെയുള്ള മലകള്‍ ഓരോന്നായി ഇരുട്ടില്‍ മറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് വീണ്ടും വല്ലാത്ത വിരസത അനുഭവപ്പെട്ടു തുടങ്ങി. റോഡ് പെട്ടെന്ന് നീണ്ട കയറ്റങ്ങളിലേക്ക് പ്രവേശിച്ചു. കുറെ ദൂരം ഓടിയാലേ വളവ് വരുന്നുള്ളൂ. റോഡിന്‍റെ സ്ഥിതി കുറെക്കൂടി മോശമായിട്ടുമുണ്ട്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എപ്പോഴാണ് കരിമ്പു ലോറികള്‍ ഇറങ്ങിവരിക. ഇനി റോഡ് ഒരു വലിയ മലയുടെ ഉച്ചത്തില്‍ എത്തും പോലും. അവിടെ നിന്നുള്ള യാത്രയാണ് സൂക്ഷിക്കേണ്ടതായി കേട്ടിട്ടുള്ളത്. പകല്‍ സമയത്തു പോലും ആനകള്‍ വഴിയില്‍ ഇറങ്ങി വന്നേക്കും. നല്ല നീളത്തില്‍ റോഡ് കണ്ടപ്പോള്‍ അയാള്‍ക്ക് ഒരു നിമിഷം നിര്‍ത്തി ഒന്നു പുറത്തിറങ്ങിയാലോ എന്ന് തോന്നി. ഹെഡ് ലൈറ്റ് ഓഫ് ചെയ്യാതെ ആവുന്നത്ര സൈഡൊതുക്കി നിര്‍ത്തിയിട്ട് അയാള്‍ പുറത്തിറങ്ങി. മറു വശത്തുള്ള ചരിവിലെ മരച്ചില്ലകളിലേക്ക് കാറ്റ് വീശുമ്പോഴുള്ള ഉലയല്‍ ഇരമ്പം പോലെ കേള്‍ക്കാം. അതോ അടുത്തെവിടെയോ വെള്ളച്ചാട്ടമുണ്ടോ? പക്ഷെ ഇവിടേക്ക് ആ കാറ്റ് എത്തുന്നുമില്ല. അല്പം മാറി നിന്ന് അയാള്‍ വശത്തേക്ക് നോക്കി. കൂറ്റനൊരു പാറ ഇരുള്‍ പുതച്ച് ആകാശത്തേക്ക് കയറിപ്പോകുന്നതിനു ചുവട്ടിലാണ് നില്‍ക്കുന്നത്. ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തിനു ചുറ്റും ഇരുളിനു മറ്റൊരു നിറമാണ്. അടുത്തുള്ളതു പോലും കാഴ്ചയെ കബളിപ്പിക്കുന്നുണ്ട്. അധിക സമയം നില്‍ക്കാന്‍ തോന്നിയില്ല. എന്തോ ഒന്നു തികട്ടി വരുന്നതു പോലെ. മെല്ലെ മുന്നോട്ടു പോയി അതുപോലെ തന്നെയുള്ള നീണ്ട രണ്ട് കയറ്റങ്ങള്‍ കഴിഞ്ഞ് വലിയ ഒരു വളവെടുത്ത് ചെന്നത് വെണ്മയുടെ ഒരു വലിയ മേലാപ്പിനടിയിലേക്കാണ്. വണ്ടിയുടെ മഞ്ഞ വെളിച്ചം പോലും ആ വെണ്മ കടന്ന് പോകുന്നില്ല. അയാള്‍ പെട്ടെന്ന് വാഹനം നിര്‍ത്തി. നില്‍ക്കുന്നത് റോഡീലോ പുറത്തോ, കൂഴിയുടെ വക്കിലോ മരത്തിനു ചുവട്ടിലോ, പാറകള്‍ക്കടുത്തോ, ഒന്നും വ്യക്തമല്ല. വാഹനത്തിനു ചുറ്റും പരന്ന് നില്‍ക്കുന്ന വെണ്‍മയുടെ താഴ്വര. അതിന്‍റെ ശകലങ്ങള്‍ വണ്ടിക്കുള്ളീലേക്കും കടന്ന് അയാളെ സ്പര്‍ശിച്ചപ്പോള്‍ ഒട്ടൊരു അസുഖത്തോടെ അയാള്‍ ഇളകിയിരുന്നു. എവിടെയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഒരു രൂപവുമില്ല. ഹെഡ് ലൈറ്റ് അണച്ചാലോ? വാഹനം നിര്‍ത്താതെ ലൈറ്റ് കെടു‍ത്തിയയുടന്‍ അയാള്‍ ഞെട്ടിപ്പോയി. വാഹനത്തെ ചുറ്റി നില്‍ക്കുന്ന വെളുത്ത ഒരു പുതപ്പ്. അതിനുള്ളില്‍ ആകാശത്തോ ഭൂമിയിലോ എന്നറിയാതെ അയാളും വണ്ടിയും. ഇരുളിനുള്ളില്‍ ഈ വെണ്മ എവീടെ നിന്ന്? ചെവികള്‍ അടഞ്ഞതു പോലെ. ചിന്തകള്‍ ഒരു നിമിഷത്തേക്ക് പിടിച്ചു നിര്‍ത്തിയപ്പോള്‍ ആകാശത്ത് മേഘക്കൂട്ടങ്ങള്‍ക്കു മേല്‍ ഇരിക്കുകയാണെന്ന് തോന്നിപ്പോയി അയാള്‍ക്ക്. പുറത്തേക്കിറങ്ങി നോക്കിയാലോ? വേണ്ട, എപ്പോഴാണ് ഏതെങ്കിലും വണ്ടി കയറിയോ ഇറങ്ങിയോ വരിക എന്ന് രൂപമില്ല. വീണ്ടും ഹെഡ് ലൈറ്റ് തെളിയിച്ചു. അല്പ ദൂരം കാണാം. വലതു വശത്തായി എന്തോ ഒന്ന് അനങ്ങുന്നതു പോലെ. അയാള്‍ ഒന്ന് നടുങ്ങാതിരുന്നില്ല. ആന? മറ്റ് ഏതെങ്കിലും കാട്ടുമൃഗം? അതോ വേറെയും വാഹനങ്ങള്‍ ഈ വെണ്മയില്‍ ദിശതെറ്റി അടുത്തു നില്പ്പുണ്ടോ? വ്യക്തമല്ലെങ്കിലും അത് അത്രയും വലിയ രൂപമല്ല. അകന്നു പോവുകയാണെന്ന് തോന്നുന്നു. വാഹനമല്ല. ആനയുടെ വലിപ്പമില്ല. മറ്റ് കാട്ടുമൃഗങ്ങള്‍? അയാള്‍ ഒന്ന് ഹോണ്‍ മുഴക്കി. രൂപത്തിന്‍റെ ചലനത്തിനു വ്യത്യാസമില്ല. മൃഗങ്ങളാണെങ്കില്‍ ഹോണ്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കേണ്ടതല്ലേ? എഞ്ചിന്‍ നിര്‍ത്താത്ത സ്ഥിതിക്ക് അവ ഇത്രയും അടുത്തു വരാനുമിടയില്ല. റോഡിലോ പുറത്തോ വണ്ടി എന്നതു പോലും ഒരു നിമിഷത്തേക്ക് മറന്നു കൊണ്ട് അയാള്‍ വലതു വശത്തേക്ക് അല്പം ഒന്ന് വെട്ടിച്ചു. നിലം ചേര്‍ന്ന് ഒഴുകുന്ന വെളുത്ത മേലാപ്പിനടിയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാല്പ്പാദങ്ങള്‍ ഒരു മിന്നായം പോലെ അയാള്‍ കണ്ടു. മനുഷ്യനോ, മൃഗമോ? വെണ്മ ആ കാഴ്ചക്കും അയാള്‍ക്കുമിടയിലേക്ക് വീണ്ടും കയറി വന്നു നിറഞ്ഞു (തുടരും)

7 comments:

പ്രയാണ്‍ said...

ശരിക്കും കുഴിച്ചിട്ടു അല്ലെ....

കാപ്പിലാന്‍ said...

ആചാര്യ ,

ആളുകളെ പിടിച്ചിരുത്തുന്ന കഥ . കഥ വായിച്ചപ്പോള്‍ അടുത്ത ഭാഗം , ഒരു പ്രേതം ഇറങ്ങുന്ന മൂഡ്‌ പോലെ . കാത്തിരിക്കുന്നു

ഞാന്‍ ആചാര്യന്‍ said...

കഥ തീരുമ്പോഴേക്കും കഥാകാരന്‍ ഒരു പ്രേതമായി മാറാന്‍ സാധ്യത കാണുന്നു :D

Anil cheleri kumaran said...

നല്ല അവതരണം.

അനില്‍@ബ്ലോഗ് // anil said...

അശാ‍ാര്യാ‍ാ‍ാ,,,
കൊള്ളാം.
:)

മാണിക്യം said...

നാളുകള്‍ക്ക് ശേഷം ആചാര്യന്‍ റ്റച്ചുമായി
വെളുത്ത താഴ്കര!
കടന്നു പോകുന്ന ഒരോ ഇഞ്ചും
ഇഴഞ്ഞു നീങ്ങുന്ന നിമിഷങ്ങളും
വായനക്കിടയില്‍ ശ്വാസം പിടിച്ച്
അങ്ങ് അകലെ വളവ് തിരിഞ്ഞ്
ഒരു വാഹനം എതിരെ വരുന്നോ
എന്ന് സശ്രദ്ധം നോക്കിയിരിക്കുകയായിരുന്നു...
കോടമഞ്ഞ് വന്നിറങ്ങുന്നത്
അതൊരു അനുഭവം തന്നെയാണ് ..
ആചാര്യനിവിടെ വാക്കുകളില്‍ കൂടി ആ അനുഭവം വായനക്കാരില്‍ എത്തിക്കാനായി എന്നതില്‍ വിജയിച്ചു.

നരിക്കുന്നൻ said...

നല്ല സുഖമുള്ള വായന. ശ്വാസം പിടിച്ച് ഒരു വിഷ്വൽ കാണും പോലെ. രണ്ടം ഭാഗം നോക്കട്ടേ.