മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള മുഖംമൂടി എടുത്തു വെയ്ക്കുന്നതിനു മുന്‍പേ എനിക്കറിയാമായിരുന്നു, പട്ടേലരെ. അയ്യാള് ഒന്നാന്തരം വെടിക്കാരനായിരുന്നു. വെടിപ്പെരുമ മിക്കവാറും കരകളിലും പരന്നിരുന്നു. വേട്ടക്കു പുറമേ, ആളുകള്‍ തല്ലി കൊല്ലാന്‍ പേടിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ വെടിവയ്ക്കല്‍, വെള്ളപ്പൊക്കക്കാലത്ത് വലിയ മീനുകളെ ഉന്നം പിടിച്ച് വെടിവെയ്ക്കല്, പറന്നുപോവുന്ന കടവാവലുകളെ വെടിവെച്ച് വീഴ്ത്തല് ഒക്കെയും പട്ടേലര് നടത്തിപ്പോന്നു. നാനാ ദേശങ്ങളിലും തെക്കും വെടിക്കാരായ പ്രശസ്തര്‍ അയ്യാളുടെ കൂട്ടുകാരുമായിരുന്നു. കഥ സക്കറിയ എഴുതിയത് എങ്ങനെ എന്ന് ഓര്‍ത്ത് പോയിട്ടുണ്ട്. ഒരു പക്ഷേ ദേശാടനങ്ങള്‍ക്കിടയില്‍ അയാളെ സക്കറിയ കണ്ടുമുട്ടിയിട്ടുണ്ടാവാം. അല്ലെങ്കില്‍ തിരിച്ച്. എന്തോ, കൂടുതല്‍ അറിയില്ല. പക്ഷേ സക്കറിയ എഴുതിയത് വായിക്കുന്നത് വരെ കാത്തിരിക്കേണ്ടീ വന്നു, അയ്യാള്‍ക്ക് ഭാസ്ക്കര പട്ടേലര് എന്ന പേരു വിളീക്കാന്‍. അതുവരെ അയ്യാള് എനിക്ക് വെറൂം പട്ടേലരായിരുന്നു.
പട്ടേലരുടെ തോക്ക് അത്താണിക്കല്ലിനരികിലെ വരിക്കപ്ലാവിന് ചുവട്ടില്‍ ചാരി ഇരിക്കുന്നത് പല വട്ടം കണ്ടിട്ടുണ്ട്. പൊന്‍ കുന്തം ചാരുന്ന പ്ലാവിലാണോ പട്ടേലരെ മണ് കുന്തം ചാരുന്നത് എന്ന് ചോദിക്കാനായി രണ്ടാം മുണ്ട് വീശിത്തെറുത്ത് അരയില്‍ ഉറപ്പിച്ച് നോക്കുമായിരുന്നു, വീട്ട് മുറ്റത്ത് നിന്നിട്ട്. പക്ഷേ അത് അരയിലുറച്ചതേയില്ല; ഞാനൊട്ട് ചോദിച്ചുമില്ല.
'ഇങ്ങടുത്ത് വാ കുട്ടീ' എന്നാണ് പട്ടേലര് വിളിച്ചിരുന്നത്. അന്നേരം അയാളുടെ മുറുക്കാന്‍ പറ്റിപ്പിടിച്ച പുളിങ്കുരുപ്പല്ലുകളും ചിരിച്ചിരുന്നു. പിന്നീട് സിനിമയാക്കിയതില്‍ എട.. എന്നൊക്കെ മമ്മൂട്ടി വിളിച്ച് കേട്ടപ്പോള്‍ എനിക്ക് തോന്നി, ഹേയ് ഇത് പട്ടേലരാണോ? അല്ലേയല്ല. കഥയില്‍ നിന്ന് എന്റെ പട്ടേലര് വളരെ മാറിയിട്ടായിരുന്നു. നല്ല ക്ലീന്‍ ഷേവ്വ് ചെയ്തിട്ടുള്ള ചതുര മുഖം. നിറഞ്ഞ പുരികം. പക്ഷേ കണ്ണൂകണ്ടാല്‍ വെടിവെച്ച് കൊല്ലുമെന്നേ തോന്നില്ല; അത്രയും ശാന്തം. തലയില്‍ നരച്ച ഒലിവ് ഗ്രീന്‍ നിറമുള്ള തൊപ്പി ഇരിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ട് ചാര നിറം. തോളില്‍ അതേ നിറമുള്ള നരച്ച സഞ്ചിയും. അതില്‍ വെടിക്കോപ്പുകളും, ചിലപ്പോഴൊക്കെ ജീവനറ്റു പോയ ജന്തുക്കളും ഉണ്ടായിരുന്നു.
പ്ലാവിന് ചുവട്ടില്‍ തോക്ക് വെച്ചാല്‍ പട്ടേലര് കൂടെ തൊപ്പിയും ഊരിവെയ്ക്കും. പിന്നീട് ഒരു പോക്കാണ് കുളത്തിലേക്ക്. പല്ല് തേച്ച് കുളി ഒക്കെ കഴിഞ്ഞു മടങ്ങും വരെ ഞാനിരിക്കണം, പ്ലാവിന് ചുവട്ടില്‍. തോക്കിനു കാവലാണ്. തോക്കില്‍ നിറയുണ്ട്. അപ്പോളൊക്കെ ഞാന്‍ പേടിച്ചിരുന്നു, ഈ നശിച്ച തോക്കെങ്ങാനും തെന്നി മറിഞ്ഞ്... പ്ലാവിന് ചുവടിന് അടുത്ത പാതയിലൂടെ പയ്യിനെയും തെളിച്ച് പോകുന്നവരെ ഞാന്‍ ഭീതിയോടെ നോക്കും. തോക്കെങ്ങാന്‍ കാറ്റടിച്ചോ മറ്റോ മറിഞ്ഞു വീണ്, വെടിയുതിര്‍ന്ന്...അതൊരു വലിയ ഭീതി തന്നെയായിരുന്നു. കടന്നു പോവുന്നത് കുട്ടികളാണെങ്കില്‍ തോക്ക് ചാരിയ ദിശ നോക്കിയിട്ട് മറു ഭാഗത്തു കൂടി പോകണമെന്ന് ഞാന്‍ വിളിച്ച് പറഞ്ഞിരുന്നു.
ചിലപ്പോള്‍ പട്ടേലര്‍ക്കൊപ്പം ശിങ്കിടികളില്‍ ആരെങ്കിലും കാണും. മിക്കവാറും സലി. ഗോപകുമാറിനെ പോലെ പട്ടേലരുടെ വെടിയൊച്ച കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തി നിലത്തിരിക്കുന്ന തരം ആളൊന്നുമല്ല സലി. സലിയെപ്പോലെ ഒരാളെ ഞാന്‍ കാണുന്നത് എത്രയോ വര്‍ഷം കഴിഞ്ഞ് അര്‍ജന്റീനെയെ തോല്‍പ്പിക്കാന്‍ കാമറൂണ്‍ ലോകകപ്പ് ഫുട്ബോള്‍ ടീമില്‍ വന്ന സിറീലെ മാക്കനാക്കിയെ ടി.വി.യില്‍ കണ്ട അന്നാണ്. പട്ടേലരുടെ ലൈസന്‍സുള്ള മൂന്നു കുഴലുകളില്‍ ഒന്ന് സദാ ഉഷാറുള്ള വെടിക്കാരന്‍ കൂടിയായ സലിയുടെ കയ്യിലായിരുന്നു. സലി പനങ്കള്ള് കുടീക്കുമായിരുന്നു. ഒരിക്കല്‍ വെടി സഞ്ചിയില്‍ നിന്ന് കുപ്പിയെടുത്ത് നീട്ടിയിട്ട്, നിനക്ക് വേണോ എന്ന് ചോദിച്ചതിനു പട്ടേലര് സലിയെ ചീത്ത പറഞ്ഞു. അപ്പോള്‍ സലി ചിരിച്ചുകൊണ്ട് എനിക്ക് ഒരു സമ്മാനം തന്നു. വെടി സഞ്ചിക്കുള്ളില്‍ നിന്ന് ഒരു അണ്ണാന് കുഞ്ഞ്. വാങ്ങാന്‍ മടീച്ചപ്പോള്‍ സലി പറഞ്ഞു, 'നീ വാങ്ങിക്കോ, പേടിക്കണ്ടാ അതിനു ജീവനില്ലാ' എന്ന്. നേരായിരുന്നു. ആ പാവം അണ്ണാന് കുഞ്ഞിനു ജീവനില്ലായിരുന്നു. അതിന്റെ പള്ള നൂലുകൊണ്ട് തയ്ച്ചു വെച്ചിരുന്നു. ഉള്ളീല് പഞ്ഞിയും ചകിരിയും നിറച്ചിരുന്നു. വായിലെ പല്ലുകളും കണ്ണൂം മറ്റും പശവെച്ച് നിര്‍ത്തിയിരുന്നു. മൃദു രോമങ്ങളുള്ള വാല് ചുഴറ്റാതെ വടി പോലെ നീണ്ട് നിവര്‍ന്ന് നിന്നു. ഇഷ്ടമില്ലാതിരുന്നിട്ടും ഞാനാ അണ്ണാന് കുഞ്ഞിനെ വാങ്ങി. അതിന്റെ വയറു ഭാഗം മൃദുവായിരുന്നു. പുറത്ത് പൗരാണികമായ മൂന്നു വരകള്‍. എന്തോ എനിക്ക് ആ സമ്മാനം ഇഷ്ടമായില്ല. അടുത്ത തവണ അവര്‍ വന്നപ്പോള്‍ ഞാന്‍ അത് തിരിച്ചു നല്‍കിയെങ്കിലും സലി അത് വാങ്ങിയില്ല. പകരം പറഞ്ഞു, 'നീ പട്ടേലരുടെ വീട്ടിലേക്ക് വാ, ഒരു മ്ലാവിന് തല എടുത്ത് തരാം' എന്ന്.
ഓണക്കാലത്താണു ഞാന്‍ ആദ്യമായി പട്ടേലരുടെ വീട്ടില്‍ ചെല്ലുന്നത്. മുപ്പത്തിരണ്ട് കരിങ്കല്‍ പടികള്‍ കയറണമായിരുന്നു ആ വീട്ടിലേക്ക്. കരിങ്കല്ല് കീറിയെടൂത്ത് അടുക്കിയ പടികള്‍. പൂമുഖം പുറത്തു നിന്നേ കാണാമായിരുന്നു. പൂമുഖ ഭിത്തിയില്‍ മുഴുവന്‍ ആണിയടിച്ച് നിര്‍ത്തിയ മാന്‍ കൊമ്പുകള്‍ . അവ കണ്ടപ്പോള്‍ എന്തോ എനിക്ക് വല്ലാതെ തോന്നി.
'കുട്ടി എപ്പോള്‍ വന്നു', ചോദ്യം കേട്ട് നോക്കിയപ്പോളുണ്ട് തൊട്ടരികില്‍ പട്ടേലര്. കയ്യില്‍ കുഴല്‍.
'വാ, ഇവിടെ തൊടിയില്‍ എവിടെയോ ഒരു മുയല് പതുങ്ങിയിരിപ്പുണ്ട്. നോക്കാം'
തൊടി നിറയെ കൃഷിയിറക്കിയിട്ടുണ്ടായിരുന്നു. പാവലും കോവലും കൂര്‍ക്കയും മഞ്ഞളും ഇഞ്ചിയും അവിടെ നിറഞ്ഞു നിന്ന് നല്ല പച്ച മണം വരുന്നുണ്ടായിരുന്നു. ആ പണകള്‍ക്കിടയിലൂടെ പട്ടേലര് നീങ്ങി. അപ്പുറത്തെ തോട്ടത്തില്‍ വയറ വള്ളികള്‍ നിറഞ്ഞ് കാടുകയറീയിട്ടുണ്ടായിരുന്നു. പട്ടേലര് കുനിഞ്ഞ് നിലത്തു നിന്ന് മുയലിന്റെ കാഷ്ടം എടുത്ത് കാട്ടിത്തന്നു. 'അധികം പഴകിയിട്ടില്ല' പട്ടേലര് പിറുപിറുത്തു. മുയല് കാഷ്ടം കാണുന്നതിനു വേണ്ടീ നിലത്ത് കുനിഞ്ഞു നോക്കി നിവര്‍ന്നപ്പോള്‍ വയറ വള്ളികള്‍ക്കിടയില്‍ പതുങ്ങുന്ന പട്ടേലര്. തിരിഞ്ഞു നോക്കി ചുണ്ടത്ത് വിരല്‍ ചേര്‍ത്ത് ശദ്ബമുണ്ടാക്കരുത് എന്ന് ആംഗ്യം കാട്ടി. പട്ടേലര് മുയലിനെ കണ്ടുകാണൂം. ഓര്‍ക്കാപ്പുറത്ത് വെടിയുതിര്‍ന്നു. നോക്കുമ്പോള്‍ റേഷന്‍ കടയിലെ അരിച്ചാക്കിന്റെ നിറവും വലിപ്പവുമുള്ള ഒരു വലിയ മുയല് ഓരോ ചാട്ടത്തിനും പത്തു പതിനഞ്ച് അടി വീതം താണ്ടി കാടുകള്‍ക്കുള്ളിലേക്ക് മറയുന്നു. പട്ടേലര് ഉറക്കെച്ചിരിച്ചു.
'കുട്ടി ഇത്രടം വന്നിട്ട് ഒരു വെടി കാട്ടിത്തരാനായില്ലല്ലോ' കല്പ്പടികള് കയറിപ്പോവുമ്പോള്‍ പട്ടേലര് പറഞ്ഞു. പിന്നെ അവിടെ നിന്ന് താഴെയുള്ള ഒരു തെങ്ങിന് തലപ്പിലേക്ക് നോക്കി, 'ഒരു കാര്യം ചെയ്യൂ, പോയി ആ കുഴല്‍ എടുത്തുകൊണ്ട് വരൂ, തെങ്ങിനു മുകളില്‍ ഒരു വിദ്വാനുണ്ടെന്ന് തോന്നുന്നു' പട്ടേലര് ചൂണ്ടിക്കാട്ടിയ വാതിലിനു നേരെ പൂമുഖവും കടന്ന് നടന്നപ്പോള്‍ ഞാന്‍ നിലത്തേക്കു തന്നെ നോക്കി. തല ഉയര്‍ത്തിയാല്‍ മാന്‍ കൊമ്പുകള്‍ കാണണം. മുറിക്കുള്ളില്‍ നന്നേ ഇരുട്ടായിരുന്നു. അല്പ സമയമെടുത്ത് മൂലയില്‍ ചാരിവെച്ചിരുന്ന കുഴല്‍ കണ്ട് പിടിച്ചു. നല്ല ഭാരം. പൊന്തിക്കാന് രണ്ട് കയ്യും കൂട്ടി പിടിക്കേണ്ടീ വന്നു. ഇനി ഇതുകൊണ്ട് പട്ടേലര് തെങ്ങിനു മീതെയുള്ള ഏതോ ജന്തുവിനെ..അത് മറ്റൊരു അണ്ണാന് ആയിരിക്കുമോ?
തോക്കുമെടുത്ത് ഞാന്‍ പടികള്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ 'നില്ക്കവിടെ' എന്ന് പട്ടേലര് ആക്രോശിച്ചു. അയ്യാള് കയറി വന്ന് പൊടുന്നനെ തോക്ക് എന്റെ കയ്യില്‍ നിന്ന് വാങ്ങി. 'നിനക്ക് ഇത് എടുക്കാന്‍ കൂടി അറിയില്ല..' പട്ടേലര്‍ക്ക് ദേഷ്യം വന്നിരുന്നു. കാരണം, നിറയുള്ളപ്പോള്‍ സുരക്ഷിതമായി കുഴല്‍ എടുക്കേണ്ടതു പോലെ അല്ലാ പോലും ഞാന്‍ അത് എടുത്ത് കൊണ്ടൂവന്നത്. കുഴല്‍ നിലത്തേക്കോ ആകാശത്തേക്കോ അഭിമുഖമായി പിടിക്കണമായിരുന്നു. ഭാരം കൊണ്ട് ഞാനതെടുത്തത് മറ്റേതോ വിധത്തിലും.
തെങ്ങിന് തലപ്പിലേക്ക് നോക്കി പട്ടേലര് കുറെ സമയം ഉന്നം പിടിച്ച് ഒരു വെടി. കുറെ ചകിരിയും മറ്റും താഴേക്ക് വീണു.
'അതും പോയി' വെടി പിഴച്ചത് എന്റെ കയ്യിലിരുന്ന തോക്കില്‍ നിന്നാണെന്ന മട്ടില്‍ പട്ടേലര് എന്നെ നോക്കി. എനിക്ക് കരച്ചില് വന്നു. 'നീയ്യ് പൊയ്ക്കോ' പട്ടേലര് മുരണ്ടു.
അതിനു ശേഷം പട്ടേലരുടെ അടുത്തു പോകാന്‍ എനിക്ക് വിമുഖത തോന്നിത്തുടങ്ങി. 'നിന്നെ ഇപ്പോ കാണാന്‍ ഇല്ലല്ലോ' കുറെക്കാലം കഴിഞ്ഞ് അങ്ങാടിയില്‍ വെച്ച് കണ്ടപ്പോള്‍ സലി ചോദിച്ചതിനു ഞാന്‍ മറുപടി പറഞ്ഞില്ല. 'പട്ടേലര്‍ക്ക് നല്ല സുഖമില്ല, നീ അത്രടം വരണുണ്ടോ' സലി ചോദിച്ചപ്പോഴും ഞാന്‍ മറുപടി പറഞ്ഞില്ല. കൂടെ പോയതുമില്ല.
പട്ടേലര് മരിച്ചു കഴിഞ്ഞ് കുറെ നാള് അയാളെ ഞാന്‍ സ്വപ്നത്തില്‍ കണ്ടുപോന്നു. എല്ലാ സ്വപ്നങ്ങളും ഒരു പോലെ തന്നെയായിരുന്നു: പട്ടേലര് പുളീങ്കുരുപല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് കുഴല്‍ എണ്ണയിട്ട് മിനുക്കുന്നത്.
11 comments:
എല്ലാ സ്വപ്നങ്ങളും ഒരു പോലെ തന്നെയായിരുന്നു
ആചാര്യാ.
(((((( ഠേ ))))))
പട്ടേലരുടെ വെടി.
ഈ പുനര്‍ വായന ഇഷ്ടപ്പെട്ടു.
വെരുതെയല്ല, ആചാര്യന്..
അന്നേരം അയാളുടെ മുറുക്കാന്‍ പറ്റിപ്പിടിച്ച പുളിങ്കുരുപ്പല്ലുകളും ചിരിച്ചിരുന്നു.
അസ്സല് പ്രയോഗങ്ങള്‍ മനോഹരം
പുറമേ വിമുഖത ഉണ്ടായിരുന്നെങ്കിലും ഉള്ളില്‍ അയാളോട് ഒരു സ്നേഹമുള്ള പോലുണ്ട് ചില വരികള്‍ക്ക്:)
നന്നായിരിക്കുന്നു
pattelarkku pranamam.
Nannayirikkunnu, Ashamsakal...!!!
പോള്‍ സക്കറിയ എഴുതിയ 'ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും'എന്ന നോവലിന്റെ ചലചിത്രാവിഷ്കരണമാണു വിധേയന്.
ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന കഥ വായിച്ച ആരും പറയും അടൂരിനു കഥയോടു കൂറുപുലര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല ....
വായിച്ചപ്പോല് പലതും ഓര്‍മ്മ വന്നു..
ആചാര്യന്റെ പോസ്റ്റില്‍ വിവരിക്കുന്ന പട്ടേലര്
മുന്നില്‍ നിന്ന് ചിരിക്കുന്നു,
നന്നായി പട്ടേലരെ വരച്ചിട്ടു.
ഉന്നം തെറ്റി മുയല് ഓടിപ്പോകുന്നത് ഒരു നല്ല രംഗമാണ്.
ആശംസകള്‍ ആചാര്യന്
എഴുത്തിന്റെ വിഭിന്നമായ വഴികള്‍ ഇഷ്ടപ്പെട്ടു. മംണ്സൂണ്സ് ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
please visit
trichurblogclub.blogspot.com
kollaam nalla shayli..post nannaayirikkunnu..
അതിശയോക്തി അൽപം പോലും തോന്നിക്കാത്ത എഴുത്തു; നന്നായിരിക്കുന്നു.
പിന്നെ എതു സാഹിത്യ ക്രുതികളിലുമെന്നപോലെ കൃതിയേയും അതിന്റെ ദ്രുശ്യാവിഷ്കാരത്തേയും രണ്ടായിയനുഭവിക്കുകയ്യേ നിവൃത്തിയുള്ളൂ; വേറിട്ട കാഴ്ച്ചകളും ഇല്ലെന്നല്ല; എം ടി യുടെ ചില ചിത്രങ്ങൾ പോലെ.
വിധേയൻ ഇതുവരെ കണ്ടിട്ടില്ല. കേട്ടിട്ടുണ്ട്. ഇപ്പോൾ അറിയുന്നു. ഇങ്ങനെയൊക്കെ ആയിരുന്നെന്ന്... മനോഹരമായ എഴുത്ത്.
Post a Comment