Saturday, November 22, 2008

സീനിയ മരിച്ച രാത്രി

1989 ഡിസംബര്‍ ഏഴിനാണ് സീനിയ എന്ന സീനാമ്മ മരിച്ചത്. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് മരണവാര്‍ത്ത നാട്ടിലാകെ പരന്നത്. കേട്ടവര്‍ പെട്ടെന്നു തന്നെ കഴിഞ്ഞ ചില മാസങ്ങളായി തങ്ങള്‍ അനവധി തവണ കയറിപ്പോയിട്ടുള്ള, കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ഒരിക്കല്‍ കൂടി ആ വീട്ടിലേക്കു ചെന്നു.

'സീനാമ്മ മരിച്ചുപോയി കേട്ടോ' എന്ന് ആരോ വന്നു പറയുമ്പോഴേക്കും ആകാശം ഭയങ്കരമായി മുഴങ്ങി. ഡിസംബറില്‍ മഴയോ എന്ന് എല്ലാവരും ആശ്ചര്യപ്പെടുമ്പോഴേക്കും തടഞ്ഞു നിര്ത്തിയ കണ്ണീര്‍പ്പുഴ പൊട്ടിവീണതു പോലെ മഴ വന്നലച്ചു. അതുപോലെ ഒരു രാത്രി പിന്നീടുണ്ടായിട്ടില്ല. നാലു മണി വരെ - ഒരു പക്ഷേ സീനാമ്മ മരിക്കുന്നതു വരെ - ആകാശം പ്രസന്നമായിരുന്നു. അത്തവണ തുലാമഴ നവംബറില്‍തന്നെ പെയ്തൊടുങ്ങിയിരുന്നു. എന്നാല്‍ ആ നാലുമണി നേരത്തോടെ ആകാശം കറുത്തിരുളുകയും മഴ ശക്തിയോടെ പെയ്തു തുടങ്ങുകയും ചെയ്തു. ഇടയ്ക്കൊന്ന് ചാറിനിന്നാലും നിലക്കാത്ത മഴ. അഞ്ചുമണിയാകുമ്പോഴേക്കും കാര്‍മേഘങ്ങളുടെ കരുത്തില്‍ നേരം ഇരുണ്ടു. കാറ്റടിച്ചുതുടങ്ങി. മഴ കൂടുതല്‍ ശക്തിപ്പെട്ടു. കാറ്റില്‍ വൈദ്യുതിയും പൊടുന്നനെ നിലച്ചു. മരണവീട്ടിലേക്ക് ആളുകള്‍ വന്നു കൊണ്ടിരുന്നു. പന്തല്‍ ഇടുന്നതിനും വേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനും വേണ്ട ശ്രമം തുടങ്ങി. ഇരുളിലും മഴനനഞ്ഞ് ഒട്ടേറെപ്പേര്‍ എത്തിച്ചേര്‍ന്നു. മഴയും ഇരുളും ഒരുക്കങ്ങളുടെ വേഗതയെ ബാധിച്ചു. ആരും അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.

ആ മരണ വാര്‍ത്ത ശോകത്തിന്‍റെ മൂടുപടമായി വന്നു വീഴുമ്പോള്‍തന്നെ എല്ലാവരും ദീര്‍ഘനിശ്വാസങ്ങളുമായി ഒന്നും പറയാനില്ലാതെ മരവിച്ചിരുന്നു. സീനാമ്മ പൊതു ജീവിതത്തില്‍ നിന്ന് വിരമിച്ചിട്ട് അപ്പോഴേക്കും ഒരു വര്‍ഷത്തിലും അധികമായിരുന്നു. അവരുടെ പറക്കമുറ്റാത്ത രണ്ടു മക്കളെയും കൊണ്ട് ആ സാധു മനുഷ്യന്‍ ഇനി എന്തു ചെയ്യും? അതായിരുന്നു എല്ലാവരുടെയും മനസില്‍ ഉയര്‍ന്ന ചോദ്യം. ഇരുപത്തെട്ടു വയസ്സേ ആയിരുന്നുള്ളൂ അവര്‍ക്ക്. മെല്ലിച്ച് അധികമാരോടും ഇടപഴകുന്ന സ്വഭാവമില്ലാത്ത സ്ത്രീ. വര്‍ത്തമാനം കഴിവുണ്ടെങ്കില്‍ നിര്‍ദ്ദോഷമായ ഒരു ചെറുചിരിയില്‍ ഒതുക്കി അവര്‍ കടന്നുപോകും. ചികിത്സ വളരെ നേരത്തെ ആരംഭിച്ചുവെങ്കിലും കൂടുതല്‍ ഗുരുതരമായ മാരകസ്വഭാവമുള്ള വാതരോഗമാണവര്‍ക്കെന്ന് ഡോക്ടര്‍മാര്‍ അവരെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ടായിരുന്നു. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും സ്നേഹിതരും എല്ലാം അവരെ തുടരെ ചെന്നു കണ്ട് ആശ്വസിപ്പിച്ചു പോന്നു. ക്രമേണ അവര്ക്ക് ജോലികാര്യങ്ങള്‍ നിര്‍ വഹിക്കാനുള്ള ആരോഗ്യം നഷ്ടമായി. പശുക്കള്‍ക്ക് പുല്ലറുക്കാനോ കറവ നടത്താനോ പറ്റാതെയായി. വീടിനു പുറത്തേക്കുള്ള സഞ്ചാരം കുറഞ്ഞു വന്നു. സ്വന്തം കാര്യങ്ങള്‍ക്കു പോലും ആശ്റയം ഒഴിച്ചുകൂടെന്നായി. ഒരു വര്‍ഷത്തോളമായി കിടക്കയില്‍. ഏകദേശം ഒരുമാസംമുന്‍പ് കാണാന്‍ ചെന്നപ്പോള്‍ മറ്റു പലരും ആ വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. ചില സ്ത്രീകള്‍ അവരുടെ കിടക്കക്കരികില്‍ ഇരുന്നു ആശ്വാസകരമായ വാക്കുകള്‍ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നേ നോക്കാനായുള്ളൂ, നടുങ്ങിപ്പോയി. മനസില്‍ ഉണ്ടായിരുന്ന അവരുടെ രൂപം വീണുടഞ്ഞു ചിതറിപ്പോയി. കിടക്കയില്‍ മുഖം മാത്രം പുറത്തായി മൂടിപ്പൊതിഞ്ഞിരുന്ന രൂപം അവരുടേതായിരുന്നില്ല. അത്രമാത്രം വ്യതിയാനം വന്നിരിക്കുന്നു. മുഖത്തെ ത്വക്ക് കറുത്തിരുണ്ടു നേര്‍ത്തിരിക്കുന്നു. ഇരുണ്ടുപോയ ത്വക്കിനടിയിലെ മാംസപേശികള്‍ വരണ്ടുണങ്ങിപ്പോയിരിക്കുന്നതിനാല്‍ അവരുടെ ചുണ്ടുകളും കണ്‍ പോളകളും നേര്‍ത്തിരിക്കുന്നു. മിഴികള്‍ മാത്രം ചലിക്കുന്നു. ഒരിക്കല്‍കൂടി നോക്കാന്‍ കഴിഞ്ഞില്ല.

രാത്രി ഒമ്പതുമണിയോടെ മഴയും കാറ്റും ശക്തിയാര്‍ജിച്ചു. മൂന്നു ഗ്യാസ് ലൈറ്റുകളുടെ വെളിച്ചമുപയോഗിച്ച് ഒരു വിധത്തില്‍ പന്തല്‍ കെട്ടിയുയര്‍ത്തിയെങ്കിലും ആര്‍ക്കും തന്നെ അതിനു കീഴില്‍ ഇരിക്കാനായില്ല. വീടിന്‍റെ മുറ്റം ജലം നിറഞ്ഞു. മുറ്റത്തിന്‍റെ ഒരു വശത്തെ കല്‍ക്കെട്ടു പൊട്ടിച്ച് വെള്ളം പുറത്തേക്കൊഴുക്കിയെങ്കിലും എവിടെനിന്നോ വെള്ളം ഒഴുകിയെത്തിക്കൊണ്ടുമിരുന്നു. പന്തലിനു മീതെയിട്ടിരുന്ന ടാര്‍പ്പോളിനുകള്‍ പലപ്പോഴും കാറ്റില്‍ കെട്ടുകള്‍ പൊട്ടി പറന്നുയര്‍ന്നു. പന്തല്‍ നിലനിര്‍ത്താനായി കട്ഠിന ശ്രമം തന്നെ വേണ്ടിവന്നു. താമസിയാതെ ജനറേറ്ററുമായി ആളുകള്‍ എത്തിച്ചേര്‍ന്നതോടെ എല്ലാവര്‍ക്കും അല്പം ആശ്വാസം തോന്നി. ലൈറ്റുകള്‍ തെളിഞ്ഞതോടെ വീടിനുള്ളില്‍ വേണ്ട ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. എന്നാല്‍ താമസിയാതെ ജനറേറ്റര്‍ കേടായി. രണ്ടാമതു തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഗ്യാസ് ലൈറ്റും പ്രവര്‍ത്തിക്കാതെയായി. മറ്റൊരു ജനറേറ്റര്‍ സംഘടിപ്പിക്കാനായി തകര്‍ത്തുപെയ്യുന്ന മഴ വക വെയ്ക്കാതെ കുറെപ്പേര്‍ പോയി. കസേരകളും മറ്റും കൊണ്ടുവന്ന വാഹനം വീട്ടിലേക്കു തിരിയുന്ന വഴിക്കപ്പുറത്ത് ചെളിയില്‍ പുതഞ്ഞ് നിലച്ചു. അതോടെ ടൂവീലറുകള്‍ക്കു പോലും കടന്നെത്താനാവാതെ വഴി ബ്ലോക്കായി. പിന്നാലെ വന്ന വാഹനങ്ങളും തടഞ്ഞു നിന്നു. മറ്റൊരു സംഘം ആളുകള്‍ ചുമന്നെത്തിച്ച കസേരകള്‍ നിരത്തിയെങ്കിലും കാലുകള്‍ വെള്ളത്തില്‍ വയ്ക്കാനാവാതെ പ്രായമുള്ളവരും മറ്റും പ്രയാസപ്പെട്ടു. മഴ നിലയ്ക്കുന്ന ഒരു ലക്ഷണവും കണ്ടില്ല. പന്തലിന്‍റെ ഒരു വശത്തെ ടാര്‍പ്പോളിന്‍ വീണ്ടും കെട്ടുപൊട്ടി കാറ്റിലുയന്ന് പുറത്തു വെച്ചിരുന്ന ഒരു ഗ്യാസ് ലൈറ്റിലേക്ക് മഴവെള്ളം പാറിവീണപ്പോള്‍ അതിന്‍റെ ചില്ലു പൊട്ടിത്തെറിച്ചു കേടായി. അതോടെ ഒരേ ഒരു ഗ്യാസ് ലൈറ്റും ഏതാനും മണ്ണെണ്ണ വിളക്കുകളും മെഴുകുതിരികളും മാത്രമായി വെളിച്ചം ഒതുങ്ങി.ആളുകളുടെ കയ്യിലുള്ള ടോര്‍ച്ചുകളും ഇടയ്ക്കിടെ മിന്നിപ്പൊലിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ വിളക്കുകളും മെഴുകുതിരികളും കെട്ടു പോകാതിരിക്കാന്‍ മുഴുവന്‍ സമയവും പണിപ്പെടേണ്ടി വന്നു ചിലര്‍ക്ക്. മണ്ണില്‍ പുതഞ്ഞ വാഹനം നീക്കാനും മറ്റുമായി കുറെപ്പേര്‍ അങ്ങോട്ടു പോയി. വീടിന്‍റെ പിന്‍ഭാഗത്ത് സുരക്ഷിതമായി വെച്ചിരുന്ന ശവപ്പെട്ടിയുടെ അടപ്പ് മൂന്നു പ്രാവശ്യം കാറ്റില്പ്പറന്നു മഴയത്തു വീണു. മഴ വീണ്ടും കനത്തു. അവിടെ എത്തിയവര്‍ക്ക് മടങ്ങി പോകാനോ, ആളുകള്‍ക്ക് എത്തിച്ചേരുവാനോ ആകാതെ മൂന്നു മണിക്കൂറോളം മഴ തുടരെ തിമിര്‍ത്തു പെയ്തു. വെളുപ്പിനു മൂന്നു മണിയോടെ മഴ നനഞ്ഞ് അത്യധ്വാനം ചെയ്ത് മണ്ണില്പൂണ്ടു പോയ വാഹനം നീക്കി. പിന്നില്‍ തടഞ്ഞു കിടന്നിരുന്ന വാഹനങ്ങള്‍ ഒരു വിധത്തില്‍ നീക്കിയപ്പോഴേക്കും പുലര്‍ച്ചെ അഞ്ചു മണിയോടടുത്തു. രണ്ടാമതു കൊണ്ടു വന്നിരുന്ന വലിയ ജനറേറ്റര്‍ പിന്നില്‍ ഒരു വാഹനത്തില്‍ അഞ്ചു മണിക്കൂറായി കുടുങ്ങിക്കിടക്കുകയായിരുന്നു. മഴ വീണ്ടും ശക്തിയാര്‍ജിച്ചു. മഴക്കാറുകള്‍ക്കീടയില്‍ തല നീട്ടാന്‍ സൂര്യരശ്മികള്‍ മടിച്ചു.

ആ മഴ മൂന്നു ദിവസം കൂടി നീണ്ടു നിന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വാര്‍ത്ത വന്നു, ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മഴ പൊടുന്നനെ ഉണ്ടായ ന്യൂന മര്‍ദ്ദം മൂലമെന്ന്. എന്തോ ആ രാതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഒരു നടുക്കം തോന്നാറുണ്ട്.

10 comments:

ഞാന്‍ ആചാര്യന്‍ said...

എന്തോ ആ രാതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഒരു നടുക്കം തോന്നാറുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ആചാര്യ,

നന്നായി എഴുതുന്നുണ്ട്.
പക്ഷെ അവസാ‍നം ശരിയാകുന്നില്ല.ഒന്നൂടെ നന്നാക്കാമല്ലോ.
കഴിഞ്ഞ പോസ്റ്റും ഇതേ പോലെ ആയിരുന്നു.

ആശംസകള്‍

ഭൂമിപുത്രി said...

അനുഭവകഥയാണെങ്കിൽ..
മരണദിവസത്തെ തണുപ്പിനു പുറമേ
വല്ലാത്തൊരവസ്ഥ!

വികടശിരോമണി said...

'സീനാമ്മ മരിച്ചുപോയി കേട്ടോ' എന്ന് ആരോ വന്നു പറയുമ്പോഴേക്കും ആകാശം ഭയങ്കരമായി മുഴങ്ങി.
തിരശ്ശീല നടുകേ കീറിയോ?
ഭൂമി കുലുങ്ങിയോ?
നല്ല എഴുത്ത്.

ഞാന്‍ ആചാര്യന്‍ said...

അനിലേ.. മനസില്‍ ഫീല്‍ ചെയ്തു കിടക്കുന്നത് അപ്പടി എഴുതി വിട്ട് ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്തോണ്ടിരിക്ക്യാ... ഡാറ്റ തീരുമ്പോള്‍ എഴുത്തു നിന്നു പോകാണ്... വന്നതിനും വായിച്ച് കമന്‍റിയതിനും നന്ദി അനിലേ, ഭൂമിപുത്രി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അനുഭവം കെട്ടുകഥയെക്കാളും വിചിത്രം

ഞാന്‍ ആചാര്യന്‍ said...

താങ്ക്സ് സഗീര്‍..സംഭവം നടന്നതു തന്നെ

smitha adharsh said...

വല്ലാത്ത മരണം..

ഗൗരിനാഥന്‍ said...

avasanam entho undennum vijarichu nokkiyappol verumoru noonamarddam,,,pakshe athu vare nannayirunnu tto

മാണിക്യം said...

ചിലരങ്ങനെയാണ്,
ജീവിച്ചിരിക്കുമ്പോള്‍, ഇളംകാറ്റുപോലെ
മരിക്കുമ്പോള്‍ കൊടുങ്കാറ്റാവും
ജീവിതകാലത്തെ അവരുടെ ഓര്‍മകള്‍
തൂവനമായി മനസ്സില്‍ പെയ്തിറങ്ങവേ തന്നെ
മരണം പെരുമഴയാവും
ഓര്‍മ്മകളില്‍ മലവെള്ളപാച്ചില്‍ ...
നല്ല എഴുത്ത് പലവട്ടം വായിച്ചൂ ..
സീനിയായുടെ നിര്‍ദ്ദോഷമായ ഒരു ചെറുചിരിയും
ഇരുണ്ടുപോയ ത്വക്കിനടിയിലെ മാംസപേശികള്‍ വരണ്ടുണങ്ങിപ്പോയ അവരുടെ ചുണ്ടുകളും കണ്‍ പോളകളും.... വക്കുകള്‍ കൊണ്ട് സീനിയയേ വരച്ചിട്ടു.അതുപോലെ ആ പെരുമഴയും...
പലവട്ടം വായിച്ച ഈ കഥക്ക് ഇന്നാണ് ഒരു കമന്റ് എഴുതുവാന്‍ മനസ്സനുവദിച്ചത്.
അതോ സീനിയായോ?