1989 ഡിസംബര്‍ ഏഴിനാണ് സീനിയ എന്ന സീനാമ്മ മരിച്ചത്. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് മരണവാര്‍ത്ത നാട്ടിലാകെ പരന്നത്. കേട്ടവര്‍ പെട്ടെന്നു തന്നെ കഴിഞ്ഞ ചില മാസങ്ങളായി തങ്ങള്‍ അനവധി തവണ കയറിപ്പോയിട്ടുള്ള, കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ഒരിക്കല്‍ കൂടി ആ വീട്ടിലേക്കു ചെന്നു.
'സീനാമ്മ മരിച്ചുപോയി കേട്ടോ' എന്ന് ആരോ വന്നു പറയുമ്പോഴേക്കും ആകാശം ഭയങ്കരമായി മുഴങ്ങി. ഡിസംബറില്‍ മഴയോ എന്ന് എല്ലാവരും ആശ്ചര്യപ്പെടുമ്പോഴേക്കും തടഞ്ഞു നിര്‍ത്തിയ കണ്ണീര്‍പ്പുഴ പൊട്ടിവീണതു പോലെ മഴ വന്നലച്ചു. അതുപോലെ ഒരു രാത്രി പിന്നീടുണ്ടായിട്ടില്ല. നാലു മണി വരെ - ഒരു പക്ഷേ സീനാമ്മ മരിക്കുന്നതു വരെ - ആകാശം പ്രസന്നമായിരുന്നു. അത്തവണ തുലാമഴ നവംബറില്‍തന്നെ പെയ്തൊടുങ്ങിയിരുന്നു. എന്നാല്‍ ആ നാലുമണി നേരത്തോടെ ആകാശം കറുത്തിരുളുകയും മഴ ശക്തിയോടെ പെയ്തു തുടങ്ങുകയും ചെയ്തു. ഇടയ്ക്കൊന്ന് ചാറിനിന്നാലും നിലക്കാത്ത മഴ. അഞ്ചുമണിയാകുമ്പോഴേക്കും കാര്‍മേഘങ്ങളുടെ കരുത്തില്‍ നേരം ഇരുണ്ടു. കാറ്റടിച്ചുതുടങ്ങി. മഴ കൂടുതല്‍ ശക്തിപ്പെട്ടു. കാറ്റില്‍ വൈദ്യുതിയും പൊടുന്നനെ നിലച്ചു. മരണവീട്ടിലേക്ക് ആളുകള്‍ വന്നു കൊണ്ടിരുന്നു. പന്തല്‍ ഇടുന്നതിനും വേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനും വേണ്ട ശ്രമം തുടങ്ങി. ഇരുളിലും മഴനനഞ്ഞ് ഒട്ടേറെപ്പേര്‍ എത്തിച്ചേര്‍ന്നു. മഴയും ഇരുളും ഒരുക്കങ്ങളുടെ വേഗതയെ ബാധിച്ചു. ആരും അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
ആ മരണ വാര്‍ത്ത ശോകത്തിന്റെ മൂടുപടമായി വന്നു വീഴുമ്പോള്‍തന്നെ എല്ലാവരും ദീര്‍ഘനിശ്വാസങ്ങളുമായി ഒന്നും പറയാനില്ലാതെ മരവിച്ചിരുന്നു. സീനാമ്മ പൊതു ജീവിതത്തില്‍ നിന്ന് വിരമിച്ചിട്ട് അപ്പോഴേക്കും ഒരു വര്‍ഷത്തിലും അധികമായിരുന്നു. അവരുടെ പറക്കമുറ്റാത്ത രണ്ടു മക്കളെയും കൊണ്ട് ആ സാധു മനുഷ്യന് ഇനി എന്തു ചെയ്യും? അതായിരുന്നു എല്ലാവരുടെയും മനസില്‍ ഉയര്‍ന്ന ചോദ്യം. ഇരുപത്തെട്ടു വയസ്സേ ആയിരുന്നുള്ളൂ അവര്‍ക്ക്. മെല്ലിച്ച് അധികമാരോടും ഇടപഴകുന്ന സ്വഭാവമില്ലാത്ത സ്ത്രീ. വര്‍ത്തമാനം കഴിവുണ്ടെങ്കില്‍ നിര്‍ദ്ദോഷമായ ഒരു ചെറുചിരിയില്‍ ഒതുക്കി അവര്‍ കടന്നുപോകും. ചികിത്സ വളരെ നേരത്തെ ആരംഭിച്ചുവെങ്കിലും കൂടുതല്‍ ഗുരുതരമായ മാരകസ്വഭാവമുള്ള വാതരോഗമാണവര്‍ക്കെന്ന് ഡോക്ടര്‍മാര്‍ അവരെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ടായിരുന്നു. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും സ്നേഹിതരും എല്ലാം അവരെ തുടരെ ചെന്നു കണ്ട് ആശ്വസിപ്പിച്ചു പോന്നു. ക്രമേണ അവര്‍ക്ക് ജോലികാര്യങ്ങള്‍ നിര് വഹിക്കാനുള്ള ആരോഗ്യം നഷ്ടമായി. പശുക്കള്‍ക്ക് പുല്ലറുക്കാനോ കറവ നടത്താനോ പറ്റാതെയായി. വീടിനു പുറത്തേക്കുള്ള സഞ്ചാരം കുറഞ്ഞു വന്നു. സ്വന്തം കാര്യങ്ങള്‍ക്കു പോലും ആശ്റയം ഒഴിച്ചുകൂടെന്നായി. ഒരു വര്‍ഷത്തോളമായി കിടക്കയില്‍. ഏകദേശം ഒരുമാസംമുന്‍പ് കാണാന്‍ ചെന്നപ്പോള്‍ മറ്റു പലരും ആ വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. ചില സ്ത്രീകള്‍ അവരുടെ കിടക്കക്കരികില്‍ ഇരുന്നു ആശ്വാസകരമായ വാക്കുകള്‍ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നേ നോക്കാനായുള്ളൂ, നടുങ്ങിപ്പോയി. മനസില്‍ ഉണ്ടായിരുന്ന അവരുടെ രൂപം വീണുടഞ്ഞു ചിതറിപ്പോയി. കിടക്കയില്‍ മുഖം മാത്രം പുറത്തായി മൂടിപ്പൊതിഞ്ഞിരുന്ന രൂപം അവരുടേതായിരുന്നില്ല. അത്രമാത്രം വ്യതിയാനം വന്നിരിക്കുന്നു. മുഖത്തെ ത്വക്ക് കറുത്തിരുണ്ടു നേര്‍ത്തിരിക്കുന്നു. ഇരുണ്ടുപോയ ത്വക്കിനടിയിലെ മാംസപേശികള്‍ വരണ്ടുണങ്ങിപ്പോയിരിക്കുന്നതിനാല്‍ അവരുടെ ചുണ്ടുകളും കണ് പോളകളും നേര്‍ത്തിരിക്കുന്നു. മിഴികള്‍ മാത്രം ചലിക്കുന്നു. ഒരിക്കല്‍കൂടി നോക്കാന്‍ കഴിഞ്ഞില്ല.
രാത്രി ഒമ്പതുമണിയോടെ മഴയും കാറ്റും ശക്തിയാര്‍ജിച്ചു. മൂന്നു ഗ്യാസ് ലൈറ്റുകളുടെ വെളിച്ചമുപയോഗിച്ച് ഒരു വിധത്തില്‍ പന്തല്‍ കെട്ടിയുയര്‍ത്തിയെങ്കിലും ആര്‍ക്കും തന്നെ അതിനു കീഴില്‍ ഇരിക്കാനായില്ല. വീടിന്റെ മുറ്റം ജലം നിറഞ്ഞു. മുറ്റത്തിന്റെ ഒരു വശത്തെ കല്‍ക്കെട്ടു പൊട്ടിച്ച് വെള്ളം പുറത്തേക്കൊഴുക്കിയെങ്കിലും എവിടെനിന്നോ വെള്ളം ഒഴുകിയെത്തിക്കൊണ്ടുമിരുന്നു. പന്തലിനു മീതെയിട്ടിരുന്ന ടാര്‍പ്പോളിനുകള്‍ പലപ്പോഴും കാറ്റില്‍ കെട്ടുകള്‍ പൊട്ടി പറന്നുയര്‍ന്നു. പന്തല്‍ നിലനിര്‍ത്താനായി കട്ഠിന ശ്രമം തന്നെ വേണ്ടിവന്നു. താമസിയാതെ ജനറേറ്ററുമായി ആളുകള്‍ എത്തിച്ചേര്‍ന്നതോടെ എല്ലാവര്ക്കും അല്പം ആശ്വാസം തോന്നി. ലൈറ്റുകള്‍ തെളിഞ്ഞതോടെ വീടിനുള്ളില്‍ വേണ്ട ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. എന്നാല്‍ താമസിയാതെ ജനറേറ്റര്‍ കേടായി. രണ്ടാമതു തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഗ്യാസ് ലൈറ്റും പ്രവര്‍ത്തിക്കാതെയായി. മറ്റൊരു ജനറേറ്റര്‍ സംഘടിപ്പിക്കാനായി തകര്‍ത്തുപെയ്യുന്ന മഴ വക വെയ്ക്കാതെ കുറെപ്പേര് പോയി. കസേരകളും മറ്റും കൊണ്ടുവന്ന വാഹനം വീട്ടിലേക്കു തിരിയുന്ന വഴിക്കപ്പുറത്ത് ചെളിയില്‍ പുതഞ്ഞ് നിലച്ചു. അതോടെ ടൂവീലറുകള്‍ക്കു പോലും കടന്നെത്താനാവാതെ വഴി ബ്ലോക്കായി. പിന്നാലെ വന്ന വാഹനങ്ങളും തടഞ്ഞു നിന്നു. മറ്റൊരു സംഘം ആളുകള്‍ ചുമന്നെത്തിച്ച കസേരകള്‍ നിരത്തിയെങ്കിലും കാലുകള്‍ വെള്ളത്തില്‍ വയ്ക്കാനാവാതെ പ്രായമുള്ളവരും മറ്റും പ്രയാസപ്പെട്ടു. മഴ നിലയ്ക്കുന്ന ഒരു ലക്ഷണവും കണ്ടില്ല. പന്തലിന്റെ ഒരു വശത്തെ ടാര്പ്പോളിന് വീണ്ടും കെട്ടുപൊട്ടി കാറ്റിലുയന്ന് പുറത്തു വെച്ചിരുന്ന ഒരു ഗ്യാസ് ലൈറ്റിലേക്ക് മഴവെള്ളം പാറിവീണപ്പോള്‍ അതിന്റെ ചില്ലു പൊട്ടിത്തെറിച്ചു കേടായി. അതോടെ ഒരേ ഒരു ഗ്യാസ് ലൈറ്റും ഏതാനും മണ്ണെണ്ണ വിളക്കുകളും മെഴുകുതിരികളും മാത്രമായി വെളിച്ചം ഒതുങ്ങി.ആളുകളുടെ കയ്യിലുള്ള ടോര്‍ച്ചുകളും ഇടയ്ക്കിടെ മിന്നിപ്പൊലിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ വിളക്കുകളും മെഴുകുതിരികളും കെട്ടു പോകാതിരിക്കാന്‍ മുഴുവന്‍ സമയവും പണിപ്പെടേണ്ടി വന്നു ചിലര്‍ക്ക്. മണ്ണില്‍ പുതഞ്ഞ വാഹനം നീക്കാനും മറ്റുമായി കുറെപ്പേര് അങ്ങോട്ടു പോയി. വീടിന്റെ പിന്‍ഭാഗത്ത് സുരക്ഷിതമായി വെച്ചിരുന്ന ശവപ്പെട്ടിയുടെ അടപ്പ് മൂന്നു പ്രാവശ്യം കാറ്റില്‍പ്പറന്നു മഴയത്തു വീണു. മഴ വീണ്ടും കനത്തു. അവിടെ എത്തിയവര്‍ക്ക് മടങ്ങി പോകാനോ, ആളുകള്‍ക്ക് എത്തിച്ചേരുവാനോ ആകാതെ മൂന്നു മണിക്കൂറോളം മഴ തുടരെ തിമിര്‍ത്തു പെയ്തു. വെളുപ്പിനു മൂന്നു മണിയോടെ മഴ നനഞ്ഞ് അത്യധ്വാനം ചെയ്ത് മണ്ണില്പൂണ്ടു പോയ വാഹനം നീക്കി. പിന്നില്‍ തടഞ്ഞു കിടന്നിരുന്ന വാഹനങ്ങള്‍ ഒരു വിധത്തില്‍ നീക്കിയപ്പോഴേക്കും പുലര്‍ച്ചെ അഞ്ചു മണിയോടടുത്തു. രണ്ടാമതു കൊണ്ടു വന്നിരുന്ന വലിയ ജനറേറ്റര്‍ പിന്നില്‍ ഒരു വാഹനത്തില്‍ അഞ്ചു മണിക്കൂറായി കുടുങ്ങിക്കിടക്കുകയായിരുന്നു. മഴ വീണ്ടും ശക്തിയാര്‍ജിച്ചു. മഴക്കാറുകള്‍ക്കീടയില്‍ തല നീട്ടാന്‍ സൂര്യരശ്മികള്‍ മടിച്ചു.
ആ മഴ മൂന്നു ദിവസം കൂടി നീണ്ടു നിന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വാര്‍ത്ത വന്നു, ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മഴ പൊടുന്നനെ ഉണ്ടായ ന്യൂന മര്‍ദ്ദം മൂലമെന്ന്. എന്തോ ആ രാതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഒരു നടുക്കം തോന്നാറുണ്ട്.
Saturday, November 22, 2008
Wednesday, November 19, 2008
ഉപ്പച്ചന്റെ ഇംഗ്ലീഷ്

'ഹൈദരാബാദ് നയിസാമി'ന്റെ ജീവിതവും തന്റെ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നു തെളിയിച്ചിട്ടുള്ള നാട്ടുപ്രധാനിയാണ് ഉപ്പച്ചന്‍.
മുഴുവന്‍ നരച്ച, കൊറിയാക്കാരുടേതു പോലെയുള്ള ഡാന്‍സു ചെയ്യുന്ന കോലന്‍ മുടി; സ്ഥിരമായി ഷേവിംഗില്ലാത്ത, കുറ്റിരോമങ്ങള്‍ നീണ്ട മുഖം; ഒരു പല്ലു പോലുമില്ലാതെ അങ്ങനെ 'ചിരിച്ചുനില്ക്കുന്ന' വായ - ഉപ്പച്ചനായി.
അനേകം തുളകളൂള്ള കയ്യില്ലാത്ത ബനിയനും നീല 'കള്ളി'മുണ്ട് മടക്കിക്കുത്തിയതുമായിരുന്നു വേഷം. ഇയൊരു വേഷത്തിലല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല.
മൂണ്ടിന്റെ മടക്കിക്കുത്ത് നെഞ്ചിനു ഒപ്പവും മുണ്ടിന്റെ ചുവട്ടിലെ മടക്ക് മുട്ടിനു തൊട്ടു താഴെയും ആയിരുന്നതിനാല്‍ സ്ക്കോട്ട്ലന്‍ഡുകാര്‍ പാവാടയിടുന്നതുപോലെയുണ്ടായിരുന്നു. പോലീസ് ഉള്‍പ്പെടെ ഏതു വലിയ ആള് വന്നാലും ഉപ്പച്ചനു മൂണ്ട് അഴിക്കേണ്ടതില്ല എന്നത് പ്രഖ്യാപിതമായ ഒരു അവകാശമായിരുന്നു. രണ്ടു കാല്പത്തികളും രക്തവാതം വന്ന് സദാ പൊട്ടിയൊലിച്ച് വയലറ്റു നിറമുള്ള മരുന്നിനാല്‍ പൊതിയപ്പെട്ടതായി കാണപ്പെടുന്നതായിരുന്നു കാരണം. വര്‍ഷത്തില്‍ ഒരിക്കലേ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിരുന്നുള്ളൂ. അന്ന് അഴിച്ചാലും മുണ്ട് താഴേക്കിടാതെ രണ്ടുതുമ്പും കയ്യില്‍ പിടിച്ചിരിക്കും. തെക്കുമ്മാടത്താശാന്‍ വര്‍ഷത്തിലൊരിക്കല്‍ ചെറിയകാവിലേക്കു പോകുന്ന ദിവസമാണത്. ഉപ്പച്ചന്റെ ബഹുമാനം വരവുവെച്ച് കൂനുണ്ടെങ്കിലും അതിശീഘ്രം കടന്നുപോകുന്നതിനിടയില്‍ ആശാന് ഘനത്തില്‍ ഒന്നു മൂളിക്കളയും. ഉപ്പച്ചനു തിരിച്ചു മുണ്ടെടുത്തു കുത്താനുള്ള അനുമതിയാണത്. പിന്നെ അടുത്ത വര്‍ഷം.
ജീവിതത്തില്‍ ഒരിക്കലും 'ഒരു ഓലക്കാല് മറിക്കുകയെങ്കിലും' ഉള്‍പ്പെടെ ഒരു ജോലിയും ചെയ്തിട്ടില്ല എന്നതാണ് ഉപ്പച്ചന്റെ മറ്റൊരു പ്രത്യേകത. 'ഷ്ക്കോളും' അദ്ദേഹത്തിനു അന്യപദമായിരുന്നു.
ഉപ്പച്ചനു കുടുംബപരമായിട്ടും പാരമ്പര്യമായും സ്വത്തും ധാരാളം നിലങ്ങളും മറ്റും ഉണ്ടായിരുന്നതിനാല്‍ എന്നും അദ്ദേഹത്തിന്റെ ജീവിതം അസൂയാവഹമാം വിധം സമ്പന്നമായിരുന്നു. തുള വീണ ബനിയന് മാറ്റിക്കൂടെ എന്നു ചോദിച്ചാല്‍ 'നയിസാമിനെപ്പോലെ ജീവിച്ചവനാടാ ഞാന്‍' എന്നു പറയുമായിരുന്നു അദ്ദേഹം. ബാങ്ക് എന്ന സംവിധാനത്തില്‍ വിശ്വാസമില്ലാഞ്ഞാവാം സ്വന്തം കിടക്കയില്‍ തന്നെ നോട്ടു കെട്ടുകള്‍ വെറുതെ വയ്ക്കുകയേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുന്നു. മുടി നരക്കുന്നതിനും കാലില്‍ രക്തവാതമുണ്ടാകുന്നതിനും മുന്‍പുള്ള കാലത്ത്, എന്നും രാവിലെ അതില്‍ കുറെ നോട്ടുകെട്ടുകളുമെടുത്ത്, റെഡിയായി വരുന്ന കൂട്ടുകാര്‍ക്കൊപ്പം ടൗണിലേക്കു പോകുകയും സന്ധ്യക്കു മുന്‍പേ ജംഗ്ഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. 'ഫാദര്ജി' വിടപറഞ്ഞതിനു ശേഷം ഉപ്പച്ചന്‍ അങ്ങനെ പോയിട്ടില്ല പോലും. സ്വന്തം തൊടിയില്‍ നിന്നുത്പാദിപ്പിക്കുന്ന ശുദ്ധമായ തെങ്ങില്‍ കള്ളു മാത്രമായി 'കുടി നിര്‍ത്തുക'യും ചെയ്തത്രേ.
പ്രഭാതം മുതല്‍ പ്രദോഷം വരെ, ഭക്ഷണ സമയമൊഴിച്ച് കറിയയുടെ പലചരക്കു പീടികയുടെ മുന്‍പിലുള്ള ഉപ്പു പെട്ടിക്കുമേല്‍ കാല് കയറ്റി വെച്ച് ചിരി മാത്രമുള്ള മുഖവുമായി ഉപ്പച്ചനുണ്ടാകും(പേരു വന്നതെങ്ങനെ എന്നു മനസിലായല്ലോ). കറിയയുടെ കടയ്ക്കു തൊട്ടുപിന്നിലാണു ഉപ്പച്ചന്റെ ബംഗ്ലാവ്. എങ്കിലും ഇടക്കു വിശന്നാല്‍ 'കണിച്ചായി'(ഇദ്ദേഹം നായകനാകുന്ന കഥ പിന്നാലെ)യുടെ ചായക്കടയില്‍ ഒന്നു കയറൂം, ഉപ്പച്ചന്‍. 'എന്തിനാടാ വീട്ടുകാരെ ശല്യം ചെയ്യുന്നത്' - വീട്ടില്‍ പോയി ചായ കുടിച്ചുകൂടെ എന്നു ചോദിച്ചാല്‍ അദ്ദേഹം പറയും. ഇച്ചയടിച്ചിരിക്കുന്ന കണിച്ചായിയെ ഒന്ന് ഉഷാറാക്കുക എന്നതാവും ഉപ്പച്ചന്റെ മനസില്‍. ടൗണിലെ സ്വന്തം കെട്ടിടങ്ങള്‍ക്കു പുറമെ കറിയയുടെ കട ഉള്‍പ്പെടെ ജംഗ്ഷനിലെ എല്ലാ കടകളും ഉപ്പച്ചന്റെ കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. തന്റെ 'ഫാദര്ജി'(പിതാവിനെ ഉപ്പച്ചന്‍ വിശേഷിപ്പിക്കുന്നത്) ഏര്‍പ്പാടാക്കിയ തുഛവാടകയേ അദ്ദേഹം വാങ്ങിയിരുന്നുള്ളൂ. 'നാടിനു വേണ്ടി ജീവിക്കുന്നു ഞാന്‍' എന്ന് പറയാതെ പറയുകയായിരുന്നിരിക്കണം.
'ഫാദര്ജി'യുടെ പാരമ്പര്യമോ എന്തോ, നാട്ടിലെ പഴയ കോണ്‍ഗ്രസ് സമ്മേളനങ്ങള്‍, കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഒത്തു തീര്‍പ്പു സമ്മേളനങ്ങള്‍ ഒക്കെ മിക്കവാറും ഉപ്പച്ചന്റെ ബംഗ്ലാവിലായിരുന്നു. നല്ല ആതിഥേയനായി സ്ഥിരം വേഷത്തില്‍ ആദ്യവസാനം അദ്ദേഹമുണ്ടാകും. പക്ഷേ സമ്മേളനത്തിലിരിക്കയോ ഒന്നും സംസാരിക്കുകയോ ചെയ്യുകയില്ല. ഉന്നത രാഷ്ട്റീയ നേതാക്കളൂള്‍പ്പെടെ പലരും നോക്കിയിട്ടും ഒരു പഞ്ചായത്ത് മെംബര്‍ പോലുമാവാന്‍ തുനിഞ്ഞിട്ടില്ല അദ്ദേഹം. കാരണം അദ്ദേഹം ഞങ്ങളുടെ നാടിന്റെ 'പ്രസിഡന്റാ'യിരുന്നു; ജംഗ്ഷന്റെ 'പ്രസിഡന്റാ'യിരുന്നു.
ഉപ്പച്ചന്റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മാന്യദേഹം ലൈബ്രറി ഇരിക്കുന്ന സ്ഥലം നാട്ടുകാര്‍ക്കായി സംഭാവന ചെയ്തതിനാല്‍ 'ആജീവനാന്ത ലൈബ്രറി പ്രസിഡന്റ്' എന്ന നിലയില്‍ അദ്ദേഹം പൊതുവേ അംഗീകരിക്കപ്പെട്ടു പോന്നു. എല്ലാ ലൈബ്രറി പൊതുയോഗങ്ങളിലും അമേരിക്കന്‍ പ്രസിഡന്റിനെ വെല്ലുന്ന പ്രൗഡ്ഡിയുമായി എത്തി, ഇളകുന്ന കാലുള്ള മേശക്കു പിന്നില്‍ സ്റ്റൂളില്‍ ഉപവിഷ്ടനായി മേശപ്പുറത്ത് 'ടപ്പേ'ന്നൊരടിയടിച്ച് 'ആ തൊടങ്ങിക്കോ' എന്ന് സമ്മേളനം ഉദ്ഘടിക്കാറുള്ള അദ്ദേഹത്തെ 'മിസ്റ്റര്‍ പ്രസിഡന്റ്' എന്ന് ആദ്യമായി സംബോധന ചെയ്തിട്ടുള്ളത് നാടിന്റെ ചരിത്രത്തിലെ ആദ്യ പ്രഖ്യാപിത 'ഇഞ്ചിനീരാ'യ ശാക്കോശന്‍ ആകുന്നു. അതു പിന്നീട് ഉപ്പച്ചന്റെ സമകാലീനരായ പല്ലില്ലാത്ത പ്രമാണിമാരെല്ലാം കൂടി പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ച് 'മിച്ചര്‍ ഉപ്പച്ചന്‍' എന്നു വരെയാക്കിക്കൊടുത്തു.
ബ്രിട്ടിഷുകാരെ ഓടിക്കാന്‍ പ്രയത്നിച്ച 'ഫാദര്ജി' യുടെ പുത്രന് ഇംഗ്ലീഷ് പറഞ്ഞ കഥയാണു ഉപ്പച്ചനെപ്പറ്റി ആദ്യമായി ഞാന്‍ കേട്ടിട്ടുള്ളത്.
ഉപ്പച്ചനും കൂട്ടുകാരും നോട്ടുകെട്ടുമായി സ്ഥിരം ടൗണ്‍ യാത്ര നടത്തുന്ന സുവര്‍ണകാലം. ഒരു നാള് യാത്ര നഗരത്തിലേക്കായാലോ എന്ന് ഒരു സുഹൃത്ത്. ചെന്നു ചെന്ന് അവര്‍ ഒരു വലിയ ഹോട്ടലില്‍ എത്തി. വെയ്റ്റര്‍ വന്ന് ഇംഗ്ലീഷില്‍ ഉപചാരം തുടങ്ങി. ഉപ്പച്ചനാണെങ്കില്‍ ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ നേരെചൊവ്വെ അറിയില്ല. കൂടെയുള്ളവര്‍ അതിലും കഷ്ടം. ഉപ്പച്ചനു ജീവിതത്തില്‍ ആദ്യമായി ഇഛാഭംഗം ഉണ്ടായി,വെറും ഒരു വെയ്റ്ററോട് ഒരു വാക്കുപോലും ഇംഗ്ലീഷില്‍ മറുപടി പറയാന്‍ പറ്റാത്തതില്‍. 'ഡാ നീയൊക്കെ നോക്കിക്കോ' ഉപ്പച്ചന്‍ കൂട്ടുകാരോട് പ്രഖ്യാപിച്ചു. അന്ന് അവര്‍ മണിക്കൂറുകളോളം അവിടെ ചെലവിട്ടു. കൂട്ടുകാര്‍ ഒരു ലെവലില്‍ എത്തിയെങ്കിലും ഉപ്പച്ചന്‍ സ്വയം നിയന്ത്രിച്ചു. മനസില്‍ തന്നെ നാണം കെടുത്തിയ ഇംഗ്ലീഷാണ്. ഹോട്ടലിലെത്തുന്ന മറ്റുള്ളവരിലായിരുന്നു ഉപ്പച്ചന്റെ ശ്രദ്ധ.
അന്തിയായി. അവര്‍ മടങ്ങിയെത്തി, നേരെ ചായക്കടയിലേക്ക്. കടയില്‍ നല്ല തിരക്ക്. പകല്‍ അധ്വാനം കഴിഞ്ഞെത്തിയ ചിലരെല്ലാം ഉപ്പച്ചനെ കണ്ട് എണീറ്റുനിന്ന് ചായ കുടി തുടരുക, തലയില്‍ക്കെട്ട് അഴിക്കുക ഒക്കെ. ഉപ്പച്ചന്‍ ഒരു ബെഞ്ചില്‍ ഇരുന്നു, കണിച്ചായിയുടെ ഇളയ സഹോദരന് കുഞ്ഞുമോനാണു പലഹാരം എടുത്തു കൊടുക്കുന്നത്. അയാള്‍ അടുത്തു വന്നു. ഉപ്പച്ചന്‍ വെടിപൊട്ടൂന്നതു പോലെ ഒരു പറച്ചീല്:
"വണ്‍ ചായ, ടൂ ഗ്ലാസസ്, വണ്‍ പ്ലേറ്റ്, ത്രീ ബോണ്ടാസ്...മിസ്റ്റര്‍ കുഞ്ഞുമോന്"
ചായ അടിച്ചുകൊണ്ടിരുന്ന കണിച്ചായിയും, കുഞ്ഞുമോനും, ഉപ്പച്ചന്റെ കൂട്ടുകാരും, കടയില്‍ ചായകുടിച്ചു കൊണ്ടു നിന്നവരുമെല്ലാം സ്തബ്ധരായിപ്പോയി.
"ഇതെപ്പപ്പടിച്ച്..?" ആദ്യം സ്വബോധം വീണ്ടു കിട്ടിയ ഉപ്പച്ചന്റെ ഉറ്റസുഹൃത്ത് കാന്തി ചോദിച്ചു.
Saturday, November 15, 2008
അഷ്ഠഗ്രഹങ്ങളുടെ ആകാശം

ഞാന്‍ സാന്റിയാഗോ അഫൊന്‍സൊ റൊമീന.
വയസ് മുപ്പത്തി നാല്.
സ്വദേശം തെക്കന്‍ അമേരിക്കയിലെ ചിലിയാണ്.
ചിലിയിലെ ഒരു ചെറിയ ഉള്‍നാടന്‍ പട്ടണത്തിനടുത്ത് സാമാന്യം വലിയ മൂന്ന് ആപ്പിള്‍ തോട്ടങ്ങള്‍ എനിക്കു സ്വന്തമായുണ്ട്.
ഇപ്പോള്‍ ഞാന്‍ ചിലിയില്‍ അല്ല; പക്ഷേ അര മണിക്കൂര്‍ കഴിയുമ്പോള്‍ ചിലിയില്‍ ആയിരിക്കും. അതെ, ചിലിയിലേക്കു പറന്നു കൊണ്ടിരിക്കുന്ന ഒരു പ്ലെയിനിലാണു കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ഞാന്‍ ഇരിക്കുന്നത്. നല്ല സുഖകരമായ കാബിന് സീറ്റുണ്ടെങ്കിലും ഞാനൊരു നിമിഷം പോലും ഉറങ്ങിയില്ല; മദ്യപിച്ചതും ഇല്ല.
ഇതാ, ഇത് ഞാന്‍ യൂറോപ്പിലെ ഒരു നഗരത്തില്‍ നിന്നും വാങ്ങിയ അത്യന്താധുനികമായ ഫോണ്‍ ആണ്. ഒരു നിമിഷം. ഒരു ചിത്രം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തന്നോട്ടെ. അതെ. ഇതാ, ചിത്രത്തില്‍ കാണുന്നില്ലേ ഇവളെ. പെയ്യുവാന്‍ വെമ്പുന്ന മഴക്കാറുകള്‍ കണ്ണിലൊളിപ്പിച്ചു നിര്‍ത്തീരിക്കുന്ന ഇവളെ. ഇവളുടെ ഫോട്ടോ ഡിലീറ്റു ചെയ്യുവാന്‍ പോവുകയാണു ഞാനിപ്പോള്‍. കുറച്ചു മുന്‍പ് ഉറക്കമായിരിക്കുന്ന എന്റെ സഹയാത്രികരെ അന്വേഷിച്ചു വന്ന എയര്‍ ഹോസ്റ്റസിനോട് ഞാന്‍ ചോദിച്ചു, ഇയൊരു ഫോട്ടോ ഞാന്‍ ഡിലീറ്റു ചെയ്യുന്നതിനു ഒരു നിമിഷം സാക്ഷിയാകാമോ എന്ന്. അവള് എന്തോ ഒരു അവിശ്വാസമുള്ള മുഖ ഭാവത്തോടെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ നീ സൈഡ് വിന്‍ഡോ ഒന്നു തുറന്നു തരൂ, താഴെ സമുദ്രത്തിലേക്ക് ഫോണ്‍ തന്നെ എറിഞ്ഞു കളഞ്ഞേക്കാമെന്ന്. അപ്പോള്‍ അവള് സ്പാനിഷില്‍ ചില പുണ്യവാന്മാരെയൊക്കെ വിളിച്ചിട്ട് എന്നോടു പറയുകയാണ് ഞാന്‍ വളരെയധികം കുടിച്ചിരിക്കുന്നുവെന്ന്. എനിക്കു സുഖമായിരിക്കാന്‍ രണ്ടു മൂന്നു തലയിണകള്‍ കൂടി കൊണ്ടു വന്നു തന്നിട്ട് അവള് പോയി. പക്ഷേ സത്യമായും ഞാന്‍ ഇന്നൊരു തുള്ളി പോലും കുടിച്ചിട്ടേയില്ല.
ആരുടെയെങ്കിലും സാക്ഷ്യമില്ലാതെ ഇയൊരു ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ എനിക്കിഷ്ടമില്ല. കുറച്ചു കഴിഞ്ഞ് ആരെങ്കിലും ഇല്ല നീ ആ ഫോട്ടോ ഡിലീറ്റു ചെയ്തിട്ടൊന്നുമില്ല എന്ന് എന്നോട് തര്‍ക്കിക്കുകയാണ് എന്നിരിക്കട്ടേ. അപ്പോള്‍ നിങ്ങള്‍ പറയണം, അതു ശരിയല്ല സാന്റിയാഗോ ആ പടം ഡിലീറ്റ് ചെയ്തത് നിങ്ങള്‍ കണ്ടതാണ് എന്ന്. എനിക്കു നിങ്ങളെ വിശ്വാസമാണ്.
ഇതാ, സ്പാനിഷിലും ഇംഗ്ലീഷിലും ഓപ്ഷന്‍സ് വന്നു കഴിഞ്ഞു. ഡിലീറ്റ് ചെയ്യണമോ, വേറെ സേവ് ചെയ്യണമോ, മെയിലായി അയക്കണമോ, പിന്നെ വേറെയും എന്തെല്ലാമോ ചോദിക്കുന്നു. എനിക്കിത് ഡിലീറ്റ് ചെയ്താല്‍ മാത്രം മതി. അല്ലെങ്കില്‍ എങ്ങനെയെങ്കിലും അങ്ങു താഴെ സമുദ്രത്തിലേക്കീ ഫോണ്‍ എറിഞ്ഞു കളഞ്ഞാലും മതി. ശരി. ഞാന്‍ ഇതാ 'ഡിലീറ്റ്' ഓപ്ഷന് എടുത്തു. കണ്ടല്ലോ ? ഇതാ, ആ പടം അലിഞ്ഞില്ലാതെയായത് കണ്ടല്ലോ. സാന്റിയാഗോ റൊമീന കള്ളം പറഞ്ഞുവെന്ന് നാളെ ആരും പറയരുത്. ഞാന്‍ ഇന്നു വരെ കള്ളം പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ ആണ് എന്റെ സാക്ഷ്യപത്രങ്ങള്‍.
ഹാ, ചിലിയിലെ ആദ്യത്തെ കാറ്റ് ഞാന്‍ ശ്വസിക്കുമ്പോള്‍ അവളൂടെ ഓര്മ തിരിച്ചു കൊണ്ടുവരാന്‍ പോലും ഇനി ഒന്നും എന്റെ പക്കല്‍ ഉണ്ടാവില്ല. ആ ഫോട്ടോ എടുത്ത ഫോണും എനിക്കു വേണ്ട. ഇത് ഞാന്‍ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കും. അവളുടെ രൂപം മനസില്‍ നിന്ന് മായ്ച്ചു കളയാന്‍ ചിലിയില്‍ എന്റെ മുഖത്ത് ആദ്യം സ്പര്‍ശിക്കുന്ന കാറ്റിനു കഴിവില്ല. എന്നാല്‍ മഞ്ഞും മഴയും കണ്ടു വളര്‍ന്നവനാണു ഞാനും. കാറ്റു മായ്ക്കാത്തതിനെ മഞ്ഞും മഞ്ഞു മായ്ക്കാത്തതിനെ മഴയും മായ്ച്ചുകൊള്ളും.
അവള് ആരായിരുന്നുവെന്നോ? നിങ്ങളോട് അതു പറയാന്‍ എനിക്കു തീരെ മടീയില്ല. അതിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഒന്ന് കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്തോട്ടെ. ഇന്ന് ഞാന്‍ ഇതു വരെ കുടിച്ചിട്ടേയില്ല. ഇനി കുഴപ്പമില്ല. ഇപ്പോള്‍ അവളുടേതായി ഒന്നും എന്റെ പക്കല്‍ ഇല്ലല്ലോ. അല്ലെങ്കില്‍ സാരമില്ല. പ്ലെയിന്‍ ഇറങ്ങാന്‍ ഇനി അധിക സമയമില്ല. അവള് ആരായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയാം.
അതെ അവള്, അവളാണു യൂറോപ്പിലെ ഒരു നഗരത്തില്‍ വെച്ച് എന്നെ കാറിടിച്ചു കൊല്ലാന്‍ നോക്കിയവള്‍. നഗരത്തിന്റെ പേര് ഞാന്‍ പറയുകയില്ല. നിങ്ങള്‍ തെറ്റിദ്ധരിക്കും. എല്ലാ നഗരങ്ങളും എല്ലാവരോടും ഒരേ രീതിയിലല്ലല്ലോ പെരുമാറുന്നത്. അവളുടെ പേരു ല്യുഡ്മിളാ എന്നാണ്. അവള് എന്നെ കാറിടിച്ചു കൊന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞു കിടക്കുമായിരുന്നു. അവള് എന്നെ കാറിടിപ്പിച്ച് കൊല്ലുവാന്‍ ശ്രമിച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ ഇതാ തൊട്ടടുത്ത സീറ്റില്‍ അവള് ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. അതെ, ആ സീറ്റ് ഇപ്പോഴും അവളുടെ പേരില്‍ തന്നെയാണ്.
ല്യുഡ്മിളാ എന്തിനാണെന്നെ കൊല്ലുവാന്‍ നോക്കിയതെന്ന് ഞാന്‍ ഊഹിക്കുന്ന സംഗതി ഒടുവില്‍ പറയാം. പ്ലെയിന്‍ താഴുന്നതിനു മുന്‍പ് തീര്‍ച്ചയായും പറയാം.
ല്യൂഡ്മിളായെ ഞാന്‍ ആദ്യം കാണുന്നത് ഒരു സിനിമാ ഫെസ്റ്റ്വലില്‍ വച്ചാണ്. ഞാന്‍ എങ്ങനെ അവിടെ എത്തിയെന്നു നിങ്ങള്‍ ചോദിക്കരുത്. സത്യമായും ഞാന്‍ ആ ഫെസ്റ്റിവലിനു വേണ്ടിയല്ല യൂറോപ്പിലേക്ക് നാലു മാസം മുന്‍പ് പോയത്. അതു പ്രസക്തമല്ലാത്തതിനാല്‍ ല്യുഡ്മിളയിലേക്കു മടങ്ങട്ടെ. ഏതോ ഏഷ്യന്‍ രാജ്യത്തു നിന്നുള്ള സിനിമയാണ് അന്നു ആ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്റെ ഇംഗ്ലീഷ് അത്ര മഹത്തരമല്ലെങ്കിലും ചിത്രത്തിന്റെ പ്രമേയം ഏതാണ്ടെനിക്കു മനസിലായി. ചിത്രം അവസാനിച്ചപ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രദര്‍ശന ശാലയുടെ ഒരു വശത്തുള്ള ബോക്സിലേക്കു വരികയും കാണികളെ തലകുനിച്ചഭിവാദ്യം ചെയ്യുകയുമുണ്ടായി. കുറേ ഏറെ നേരം നീണ്ട കരഘോഷത്തില്‍ പങ്കേടുക്കവെയാണു പിന് നിരയില്‍ കല്പ്രതിമ പോലെ ഇരിക്കുന്ന ല്യുഡ്മിളയെ ഞാന്‍ ആദ്യമായി കണ്ടത്.
അവളൂടെ കണ്പീലികള് പോലും ചലിക്കുന്നുണ്ടായിരുന്നില്ല. അവളെ അധിക നേരം ശ്രദ്ധിക്കാനൊന്നും നേരമുണ്ടായില്ല. പക്ഷേ എങ്ങനെയോ ആളുകള്‍ തിക്കിത്തിരക്കി പുറത്തിറങ്ങുന്നതിനിടയില് ഞങ്ങള്‍ ഒരുമിച്ചായി.
'നിങ്ങള്‍ക്കു പടം ഇഷ്ടപ്പെട്ടില്ലേ, കയ്യടിച്ചില്ലല്ലോ?' വെറുതെ ഒരു കൗതുകത്തിന്നു ഞാന്‍ അവളോട് ചോദിച്ചു. വെറുതെ നമ്മള് ചില ചോദ്യങ്ങള്‍ ചോദിക്കാറില്ലേ. അതുപോലെ തീരെ നിര്‍ദ്ദോഷമായ ഒന്ന്. അവള് സംസാരിക്കുന്നതിനു പകരം കണ് പോളകള്‍ക്കിടയില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു മഴക്കാറിനെ താഴേക്കിട്ടു. ആപ്പിള്‍ തോട്ടങ്ങളില്‍ വിളഞ്ഞു നില്ക്കുന്ന ആപ്പിളുകളിലേക്കു മഴത്തുള്ളികള്‍ വീഴുന്നത് നിങ്ങള്‍ ഒരു പക്ഷേ കണ്ടിട്ടുണ്ടാവില്ല. ല്യുഡ്മിളായുടെ കവിളുകള്‍ ചിലിയില്‍ ഞങ്ങള്‍ക്കു ഏറെ പരിചയമുള്ള ആപ്പിള്‍ പോലെ തന്നെ എന്നു ഞാന്‍ വിചാരിച്ചതില്‍ തെറ്റുണ്ടോ?
പ്ലെയിന്‍ ഇറങ്ങാന്‍ ഇനി അധിക നേരമില്ല. പറയാനാണെങ്കില്‍ ദിവസങ്ങളോളം പറയാനുണ്‍റ്റ്. ഞാന്‍ ചുരുക്കിപ്പറയാം. ഒന്നര മാസത്തെ ടൂറിനു വന്ന ഞാന്‍ മടക്ക ടിക്കറ്റ് നീട്ടിയെടുത്തു. ഒപ്പം ല്യൂഡ്മിളക്കു എന്നോടൊപ്പം ചിലിയിലേക്കു വരാന്‍ ഒരു ടിക്കറ്റു വാങ്ങുകയും ചെയ്തു. ചിലിയില്‍ നിന്ന് എന്റെ തോട്ടത്തിലെ ആപ്പിളുകള്‍ കയറ്റിയയ്ക്കുന്ന കമ്പനിയിലെ ആളുകള്‍ പല തവണ എന്നെ ബന്ധപ്പെട്ടെങ്കിലും പിന്നീട് എനിക്ക് ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചില സുപ്രധാന മീറ്റിംഗുകള്‍ അവതാളത്തിലായതില്‍ അവര്‍ക്ക് അല്പം അമര്‍ഷം ഉണ്ടെങ്കിലും എന്നോടൊപ്പം ഒരു അതിഥി കൂടി ചിലിയിലേക്കു വരുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. ആപ്പിളുകള്‍ ഞങ്ങളെ ഒരിക്കലും ചതിക്കാറില്ലെന്ന് ഞങ്ങള്‍ക്കറിയാം.
അതെ, ഞാന്‍ അതിലേക്കു തന്നെ വരികയാണ്. ഇന്നലെ രാവിലെ ഞങ്ങള്‍ ഒരുമിച്ച് എയര്‍ പോര്‍ട്ടിലേക്കു തിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോഴാണ് ല്യുഡ്മിള പറയുന്നത് അവള് എന്നോടൊപ്പം വരുന്നില്ല എന്ന്. ഞാന്‍ അവള്‍ക്കു വാങ്ങിക്കൊടുത്തിരുന്ന ചില ആഭരണങ്ങള്‍ എന്റെ ഹാന്‍ഡ് ബാഗിനു മുകളില്‍ വെച്ചുകൊണ്ട് അവള് പറയുകയാണ്, 'സാന്റിയാഗോ, നിങ്ങളോടൊപ്പം വന്ന് ചിലിയിലെ ജീവനുള്ള ആപ്പിളുകള്‍ കാണാന്‍ അര്ഹതപ്പെട്ടവളല്ല ഞാനെ'ന്ന്. അവള് എന്താണെന്നു പറയുന്നതെന്ന് എനിക്കു മനസിലാകാന്‍ മൂന്നു നാലു മിനിറ്റെടുത്തു. എന്നോടൊപ്പം വരണമെന്ന് തന്നെയാണവളാഗ്രഹിച്ചിരുന്നത്. പക്ഷേ ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു മറ്റൊരു രാജ്യത്തേക്കു മടങ്ങണം. അവള് അവിടെ ചെയ്തു കൊണ്ടിരുന്ന ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം. പിന്നെ നാട്ടിലേക്കു മടങ്ങി സുഖമില്ലാതെ കിടക്കുന്ന അമ്മയോടൊപ്പം അവരുടെ അവസാനം വരെ ജീവിക്കണം. ഫീസിന് ആവശ്യമുള്ള പണം നേടാനായിരുന്നു അവള് യൂറോപ്പില്‍ സമയം ചെലവിട്ടതും അതിനിടയില്‍ യാദൃഛികമെന്നോണം എന്നെ കണ്ടു മുട്ടിയതും. ഒരു ശ്വാസത്തില്‍ ഇതെല്ലാം പറഞ്ഞ് അവള് പൊടുന്നനെ പുറത്തേക്കു പോയി.
ചിലിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഇത്തരം കുഴപ്പങ്ങളില്‍ പെടരുതെന്നും എക്സ്പോറ്ട്ട് സംബന്ധമായ കരാറുറപ്പിച്ചു വേഗം മടങ്ങണമെന്നും ഞാന്‍ എടുത്തിരുന്ന തീരുമാനങ്ങളെല്ലാം ഒരുമിച്ച് എന്നെ പഴി പറഞ്ഞു.ഞാന്‍ ആകെ തകര്‍ന്നു പോയി. അണുവിട സമയം തെറ്റിക്കാത്ത മഴയേയും മഞ്ഞിനേയും വാക്കുമാറാത്ത ആപ്പിളുകളേയും മാത്രം അടുത്തറിയാവുന്ന ഒരു പാവം ആപ്പിള്‍ ബിസിനസുകാരനു പാടില്ലാത്ത വിധം പല സ്വപ്നങ്ങളും ഞാന്‍ കണ്ടു പോയിരുന്നു. കുറച്ചു നേരത്തേക്ക് ബോധഹീനനെ പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടി. രണ്ടു തവണ ഫോണ്‍ ചെയ്തെങ്കിലും അവള് അറ്റന്‍ഡ് ചെയ്തതേയില്ല.
ഇതാ, ക്യാപ്റ്റന്റെ അനൗണ്‍സ്മന്റ്...അതെ, 'അതൊരു വലിയ സംഭവമായി എടുക്കാതെ' എന്നു സ്വയം പറഞ്ഞുകൊണ്ട് വളരെ പണിപ്പെട്ട് അങ്ങനെ വിശ്വസിച്ചു കൊണ്ട്, അതു വരെ ഓര്‍ക്കാന്‍ മറന്നു പോയിരുന്ന ചിലിയിലുള്ള ഒന്നു രണ്ട് സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാം എന്ന് ചിന്തിച്ചു കൊണ്ട് ഹോട്ടലിനടുത്തുള്ള ഷോപ്പിംഗ് മാളിലേക്കു ഞാന്‍ കയറുമ്പോഴാണ്- അവിടെയുള്ള ഓപ്പണ്‍ എയര്‍ റെസ്റ്റോറണ്ടില്‍ ല്യുഡ്മിളയും മറ്റൊരാളും! ആദ്യം മറ്റൊരു സിനിമയാണെന്നാണെനിക്കു തോന്നിയത്. എന്നെക്കണ്ട പാടെ അവള് ഞട്ടിയെണീറ്റ് അയാളെയും വിളിച്ചു കൊണ്ട് എതിരെയുള്ള വാതിലിലൂടെ അതിവേഗം പുറത്തേക്കു പോയി.
ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു മുട്ടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരിക്കെ പെട്ടെന്നുള്ള ആ പുനസമാഗമം എന്റെ സമനില വീണ്ടും തെറ്റിച്ചു. എങ്ങനെയെങ്കിലും അവളെ എന്നോടൊപ്പം കൊണ്ടുപോകണമെന്ന് ഓര്‍ത്തു കൊണ്ട് ഞാന്‍ അവരുടെ പിന്നാലെ ഓടി. ഷോപ്പിംഗ് മാളിന്റെ ഭൂഗര്‍ഭ നിലയിലുള്ള പാര്‍ക്കിംഗില്‍ നിന്ന് അതിവേഗത്തില്‍ കയറി വന്ന കാറ് ഓടിക്കുന്നത് ല്യുഡ്മിളയാണെന്ന് കണ്ട ഞാന്‍ റോഡിലേക്കു ചാടിയിറങ്ങി തടയാന്‍ ശ്രമിച്ചു. അവള് വേഗം കുറച്ചില്ല. തല നാരിഴയുടെ വ്യത്യാസമില്ലെങ്കില്‍ ഞാന്‍ ചതഞ്ഞരഞ്ഞേനെ. അവളോടൊപ്പം മുന്‍സീറ്റില്‍ ഇരുന്നിരുന്നയാള്‍ ഒന്നു തല തിരിച്ചു നോക്കി. എനിക്കു വിശ്വസിക്കാനായില്ല ആ കാറോടിച്ചത് അവളാണെന്ന്. കാറോടിച്ചിരുന്നത് അയാളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോയി. ഇതിനു ശേഷം ഞാന്‍ അനുഭവിച്ച മനോവേദന പറഞ്ഞറിയിക്കാനാണെങ്കില്‍ വളരെ സമയമെടുക്കും. നമുക്ക് സമയമില്ലല്ലോ ഇപ്പോള്‍.
ഇതാ പ്ലെയിന്‍ ചിലിയുടെ ആകാശത്തേക്ക് ഇറങ്ങുകയാണ്... അവള്‍ക്കായി വാങ്ങിയിരുന്നവയെല്ലാം ആ ഹോട്ടല്‍ റൂമില്‍ ഉപേക്ഷിച്ചാണു ഞാനിറങ്ങീയത്. യാന്ത്രികമായിരുന്നു എന്റെയീ മടക്കയാത്ര; ഫോണില്‍ നിന്ന് ആ ഫോട്ടോ കൂടി ഉപേക്ഷിച്ച ആ നിമിഷം വരെ. അതു നിങ്ങള്‍ കണ്ടതാണല്ലോ. ഞാന്‍ നേരെ പോകുന്നത് മഞ്ഞു വീണു കൊണ്ടിരിക്കുന്ന എന്റെ ആപ്പിള്‍ തോട്ടങ്ങളിലേക്കാണ്. ഞാന്‍ ഒപ്പിടേണ്ടിയിരുന്ന കരാറനുസരിച്ച് കഴിഞ്ഞയാഴ്ച കയറ്റിയയക്കേണ്ടിയിരുന്ന കുറെയേറെ ആപ്പിളുകള്‍ ചീത്തയായിരിക്കണം. അതുപോട്ടെ; ഇനി ആരെങ്കിലും വരാതിരുന്ന ആ അതിഥിയെപ്പറ്റി ചോദിച്ചാല്‍ നിങ്ങള്‍ പറയണം, സാന്റിയാഗോ അഫൊന്‍സൊ റൊമീനയുടെ ആകാശത്ത് ഇപ്പോള്‍ എട്ടു ഗ്രഹങ്ങളേയുള്ളൂ; ഒന്നു കൂടിയുണ്ടായിരുന്നത് പസഫിക് സമുദ്രത്തിലേക്കു വീണു പോയെന്ന്.
Tuesday, November 11, 2008
സാഞ്ചോ പാന്‍സായുടെ നില വിളക്ക്
ഞങ്ങളുടെ നാട്ടിലെ പ്രധാന ദിവ്യന്മാരില് ഒരാളായിരുന്നു സാഞ്ചോ പാന്‍സ.
ദിവ്യന്മാര് എന്നു പറഞ്ഞാല്‍ ഇവരൊക്കെയാണ് നാടു നന്നായി ഭരിച്ചിരുന്ന നല്ല 'മാടമ്പി'മാര്‍. കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകള്, ജില്ല-പഞ്ചായത്ത്, പോലീസ്, എല്ലാ ദിവസവും പ്രസംഗിച്ച് നനാ വാര്‍ത്തകള്‍ തന്നിരുന്ന രാഷ്ട്റീയക്കാര്‍ ഒക്കെ കൂടാതെ ദിവ്യന്മാരുടെ ഭരണം ഞങ്ങള്‍ക്ക് ഒഴിച്ചു കൂടാത്തതായിരുന്നു. നാട്ടില്‍ ആരെയും പേടിക്കാതെ ഏതു പാതിരാത്രിക്കും ഇറങ്ങി നടക്കാന്‍ ദിവ്യന്മാരാമിവര്‍ സഹായമായിരുന്നു. രാത്രികാലങ്ങളിലുള്ള ജാരയാത്രകള്‍/പ്രേതയക്ഷിവരത്തുപോക്കുകള്‍/കള്ളന് ശല്യവും ഇവര്‍ കാരണം ഒട്ടുമില്ല എന്നു പറയാവുന്ന 'മാടമ്പി നാടു വാണിടും കാലം' എന്ന മനോഹര യുഗം. സംഗതി എന്താന്നു വെച്ചാല്‍ ഇവരിലാരെങ്കിലും ഒരാള്‍ എപ്പോഴും നാട്ടില്‍ ഫുള്‍ ഫോമില്‍ ഉണ്ടാകും. നാടിന്റെ ഏതു മൂലയിലും മുക്കിലും സമയത്തും അസമയത്തും ഇവരെ പ്രതീക്ഷിക്കാം. വായില്‍ ധാരാളം വചനങ്ങളും ഉണ്ടാകും. അടുത്തുള്ള ഏതെങ്കിലും ഷാപ്പില് കറുത്ത ഉറുമ്പ്, അട്ട, പാറ്റ, പല്ലി, എലി ഇവയിലേതെങ്കിലും ഉപയോഗിച്ചു ഗാര്‍ണിഷു ചെയ്തിട്ടുള്ള കള്ള് വയറ്റില്‍ എപ്പോഴും നിറഞ്ഞ് ഓളമടിക്കുന്നുമുണ്ടാകും. അരയിലും ഒരു കുപ്പികാണാം. ആള് ശല്യം തീരെയില്ല. ചിലപ്പോള്‍ തടഞ്ഞു നിര്‍ത്തി ദിവ്യമാം വചനങ്ങള്‍ പറഞ്ഞു തരും. നമുക്ക് തീരെ ഇന്ററസ്റ്റില്ലാന്നു തോന്നിയാല്‍ ഇവര്‍ നമ്മെ വിട്ടയക്കും. സ്ത്രീകള്‍ ഒപ്പമുണ്ടെങ്കില്‍ കൈ കൂപ്പി വണങ്ങി ദൂരെ നില്ക്കുകയേയുള്ളൂ. കല്യാണ,മരണ,കയറിപ്പാര്‍ക്കല്‍ വീടുകള്‍ തുടങ്ങിയവയെ സജീവ സാന്നിധ്യം കൊണ്ടും ഇന്ധന ക്ഷമത കൊണ്ടും ഇവര്‍ സഹായിച്ചും പോന്നു. നെഹറു (നെഹ്രു അല്ല), കാന്തി, പട്ടേല്‍(നേതാക്കളെ ഓര്‍മിപ്പിക്കത്തക്ക ആകാര വടിവുകള്‍ കാരണമീ അപരനാമധേയവല്‍ക്കരണം), ഉപ്പച്ചന്‍, കണ്ണങ്കുട്ടി, പൂപ്പര്‍, ഇതാക്ക്, തോമ തുടങ്ങി അനേക വീരയോദ്ധാക്കള്‍ ഇവരുടെ ടീമില്‍ കാലാ കാലങ്ങളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. ഇവരില്‍ മിക്കവരും ഒന്നു പരാമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെയെങ്കിലും(വിസ്താര ഭയം മൂലം പോസ്റ്റ്പോണ്‍ഡ്) ഇവരില്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ സ്ഥിരമായി വിലയിടിവു നേരിട്ടിരുന്ന സാഞ്ചോ പാന്‍സയുടെ ഒരു ചെറുജീവിത സന്ദര്‍ഭം വിവരിക്കാം.
സാഞ്ചോ പാന്‍സയുടെ ജീവിതമായിരുന്നു ജീവിതം. ആളിന്റെ ഒരു വാങ്മയചിത്രം വരക്കാന്‍ രണ്ടേ രണ്ടു വര വരച്ചാല്‍-ഒരു നാലരയടി പൊക്കം; നീട്ടി വളര്‍ത്തി/വളര്‍ന്ന് തോള് കവിയുന്ന മുടി. അതു മതി. അല്ലലുമില്ല, അലച്ചിലുമില്ല, ടെന്‍ഷനുമില്ല, പ്രഷറുമില്ലാത്ത ആരും കൊതിക്കുന്ന നല്ല ഒന്നാന്തരം പ്ലഷര്‍ഫുള്‍ ലൈഫ്. ഇടപെടുന്ന എല്ലാ കാര്യങ്ങളും സാമാന്യം നന്നായി കുളമാക്കിയെടുക്കാനുള്ള അപൂര്‍വ സിദ്ധി കാരണം, മക്കള്‍ അത്യാവശ്യം പലചരക്കു കടയില്‍ പോകുന്ന പ്രായമായതോടെ സാഞ്ചോയുടെ പത്നി അദ്ദേഹത്തിന് ഇഹലോകദു:ഖങ്ങളില്‍ നിന്ന് വി.ആര്.എസ് നല്കി വിട്ടയച്ചു. നേരത്തെ സാഞ്ചോക്ക് വലിയ ഇഹലോക ദു:ഖമായിരുന്നുവെന്നൊന്നും വിചാരിക്കരുത്. അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ അങ്ങു സംഭവിച്ചു കൊണ്ടിരുന്നുവെന്നു മാത്രം. അങ്ങനെയാണു മുമ്പൊക്കെ ഒളിഞ്ഞും മങ്ങിയും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ദിവ്യമാടമ്പി ടീമില്‍ സാഞ്ചോ സ്ഥിരം ക്ഷണിതാവാകുന്നത്. അങ്ങനെ ഒരു 'ടൊന്റിഫോര്‍സെവന്‍' എന്റര്‍റ്റയ്ന്മെന്റായി ജീവിതം കൊണ്ടു പോകാന്‍ ഒരവസരം കിട്ടിയാല്‍ ദേ നമ്മളും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ഒരോട്ടം വെച്ചുകൊടുക്കില്ലേ.
ദിവ്യമാടമ്പി ടീമില്‍ അനവധി മണ്ടത്തരങ്ങളുമായി സാഞ്ചോ തനതുവ്യക്തിത്വം കാത്തു.
ഷാപ്പുകള്‍ കടം കൊടുത്തുകൊടുത്ത് ഉടക്കുന്ന സമയത്തു മാത്രമേ സാഞ്ചോ വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടുള്ളൂ. കോഴികള്‍, മുട്ട, വാഴക്കുല, തേങ്ങ, ഓല, ചേമ്പ്, കാച്ചില് ഇങ്ങനെ സ്വയം ഭൂവാകുന്ന കുറേ വസ്തുക്കള്‍ ഇടക്കിടെ പറമ്പില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിലും സാഞ്ചോയുടെ വീട്ടുകാര്‍ക്ക് പരാതിയില്ല. ഇതൊക്കെ വല്ലവരും കൊണ്ടു പോകുന്നതിലും നല്ലതല്ലേ ഗൃഹനാഥനാം സാഞ്ചോ തന്നെ ഉപഭോക്താവായി മാറുന്നത്. കൂടാതെ അദ്ദേഹം പലതരത്തില്‍ നാടിനൊരനുഗ്രഹമായിത്തീര്‍ന്നു കൊണ്ടിരിക്കുകയും. സാഞ്ചോയുടെ ജീവിതപര്യമ്പുറങ്ങള്‍ വിവരിക്കാനിനിയുമുണ്ട്. മറ്റു ചില കഥകള്‍ കൂടി പറയാനൊത്താല്‍ അവിടെ പൊടിപ്പും തൊങ്ങലുമാക്കാനായി അവ നീക്കി വയ്ക്കുന്നു.
വരുന്നൂ, ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികം. നാട്ടിലെ നാനാജാതിമതസ്ഥരായ പിള്ളേരെല്ലാം കൂടെ ദേശീയോത്സവങ്ങള്‍, അവധികള്‍, നാലുമണി മുതല്‍ രാത്രി ഒമ്പതു വരെ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉഴപ്പാനായി ഉപയോഗപ്പെടുത്തിയിരുന്ന ഒരു സംവിധാനമാണിത്. ഉപ്പച്ചന്‍ 'മിസ്റ്റര്‍ പ്രസിഡന്റാ'യിരുന്ന കാലത്ത് നാട്ടിലെ പബ്ലിക്ക് ലൈബ്രറിയിലെ ഗെയിംസ് റൂമിന്റെ വാതിലില്‍ 'ശബ്ദമില്ലാതെ ശീട്ടുകളിക്കണം' എന്നെഴുതിപ്പറ്റിച്ചതില്‍ പ്രതിഷേധിച്ചാണു ക്ലബിന്റെ തുടക്കം. വാര്‍ഷികം എന്ന മഹാമഹം നല്ലതുപോലെ ഉഴപ്പാവുന്ന ഒരു സന്ദര്‍ഭമായി മുങ്കൂട്ടിക്കണ്ടിട്ടായാലും എന്തായാലും അതിങ്ങു പെട്ടെന്ന് വന്നെത്തി. പിള്ളേരുടെ ഓട്ടം, ചാട്ടം, വടം വലി, ഫുട്ബാള്‍, പാട്ട്, തിരുവാതിര കളി, പ്രസംഗം തുടങ്ങി അന്തമില്ലാത്ത മത്സരങ്ങളിലെല്ലാം വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം എന്ന മഹാബോറ് പരിപാടിക്കായി മലയാളത്തിന്റെ മഹാനടന്മാരിലൊരാളെത്തന്നെ സംഘടിപ്പിച്ചു.
ആയിടെക്ക് അങ്ങു വടക്കെങ്ങാണ്ട് ഉണ്ടായ 'വെള്ളപ്പൊക്ക സഹായ നിധി'യിലേക്ക് ക്ലബ് നല്‍കാനുദ്ദേശിക്കുന്ന ഉദാര സംഭാവനകളുടെ ഉദ്ഘാടനവും നടന് നിര് വഹിക്കുമെന്ന അനൗണ്‍സ്മെന്റുമായി രാവിലെ മുതല്‍ ഒരോട്ടോ കറങ്ങിയടിച്ചതിന്റെ ഫലമായി നാനാപുരവാസികളും എത്തിച്ചേര്‍ന്നു. നാലുമണിക്കു വരുമെന്നറിയിച്ചിരുന്ന നടന് വന്നപ്പോള്‍ വളര വൈകി. നടനെ കണ്ടു കഴിഞ്ഞതിനാലും, നേരം വൈകുന്നതിനാലും സമ്മാനദാനത്തിനു അതു കിട്ടാനുള്ളവര്‍ മാത്രമേ നില്‍ക്കൂവെന്നു തോന്നിയതിനാലും പ്രധാന ഇനമായ പിരിവുദ്ഘാടനം ആദ്യമാകട്ടെയെന്നു കമ്മറ്റി.
സഹായനിധിയിലേക്കു സംഭാവന നല്‍കുന്നതിനേപ്പറ്റി നടനും ആളുകളെ പ്രസംഗിച്ചിളക്കി.
അപ്പോളിതാ ഒരു കൊച്ചു പ്രകാശം ആള്‍ക്കൂട്ടത്തിനിടയിലൂടെ മന്ദം മന്ദം വേദിയിലേക്കു നീങ്ങി വരുന്നു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി. കയ്യില്‍ കത്തിച്ചു പിടിച്ച ഒരു നിലവിളക്കുമായി സാഞ്ചോ പാന്‍സ!!! പോരാത്തതിന് അദ്ദേഹം അതീവ ദു:ഖത്തോടെ കരയുകയായിരുന്നു.
സ്റ്റേജിലേക്കു കയറാനായി ഇട്ടിരുന്ന ബെഞ്ചില്‍ കയറി നിന്നു കൊണ്ട് സാഞ്ചോ നിലവിളക്ക് നടനു നേരെ നീട്ടി.
'സാര്‍, ഇതു ഇപ്പോള്‍ത്തന്നെ സ്വീകരിക്കണം. എന്റെ ഒരു ആഗ്രഹമാ, സഹായനിധിക്കു തരാന്‍ വേറൊന്നൂല്ല കയ്യില്‍. സഹായിക്കണോന്നുള്ളോര് തക്ക സമയത്തു പ്രവര്‍ത്തിക്കണോന്നു സാറു പറഞ്ഞതെത്ര ശരിയാ'
ഒന്നന്തം വിട്ടു പോയ കമ്മറ്റിക്കാര് ചിലര്‍ സമനില വീണ്ടെടുത്ത് വളരെ ശ്രമിച്ചങ്കിലും സാഞ്ചോ പാറ പോലെ ഉറച്ചു നിന്നു, ഒടുവില്‍ ആ നിലവിളക്കു ഏറ്റുവാങ്ങേണ്ടി വന്നു നടന്. സാഞ്ചോ അപ്പോഴും കരയുകയായിരുന്നു.
-----------------------
പൂമുഖത്ത് കൊളുത്തി വച്ചിരുന്ന നിലവിളക്കു കാണാതെ പരിഭ്രാന്തയായെങ്കിലും അത് എവിടെപ്പോയിരിക്കുമെന്ന് നല്ല ഉറപ്പുണ്ടായിരുന്ന സാഞ്ചോയുടെ പത്നി അതിവേഗം അദ്ദേഹത്തെ തേടി നീങ്ങിയപ്പോഴാണ്, സ്ക്കൂള് ഗ്രൗണ്ടിലെ സ്റ്റേജില്‍ ആള്‍ക്കൂട്ടത്താല്‍ ചുറ്റപ്പെട്ട് കയ്യില്‍ കത്തിച്ച നില വിളക്കുമായി നടനും അരികില്‍ കൃതാര്ഥനായ സാഞ്ചോയും അന്തം വിട്ട കമ്മറ്റിക്കാരും നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഒടുവില്‍ സാഞ്ചോയെയും കമ്മറ്റിക്കാരെയും അത്യാവശ്യം അപലപിച്ച് അവര്‍ നില വിളക്കുമായി മടങ്ങി.

Subscribe to:
Posts (Atom)