Monday, March 8, 2010

റങ്ക് കളിയെപ്പറ്റി ചില അനുമാനങ്ങള്‍

ബട്ടന്‍സ് വീണു പോയ ട്രൗസറിന്‍റെ തുമ്പുകള്‍
കൂട്ടിക്കെട്ടി വയലില്‍ ഒത്തുചേര്‍ന്നിരുന്നത്
റങ്ക് വേള്‍ഡ് കപ്പിനാണ്.
ഏഴു കല്ലുകള്‍ റങ്കാകാന്‍
അവിടെ കാത്തു കിടന്നിരുന്നു.
ഏറ്റവും കീഴില്‍ പരന്ന, വിശാലമായ
മിഴികളായിരുന്നു.
അവ ഒരിക്കലും,
ഒരു ഏറിലും നിലത്തു വീണിരുന്നില്ല.
റങ്കിന്‍റെ മാജിക്കില്‍ അപ്പുച്ചേട്ടനും
ബക്ഷിയും കുട്ട്യച്ചനും സിബിയും
ഏഴു റൗണ്ട് എറിഞ്ഞു.
റങ്കിന്‍റെ മുകളില്‍ ഇരുന്ന ഏഴാം കല്‍ത്തുണ്ട്
വഴിത്തലക്കലെ ചുമടുതാങ്ങിയില്‍ നിന്ന്
സുരേഷ് പശുവിനെ തളച്ചിടുന്ന കമ്പിയാല്‍
കുത്തി വീഴ്ത്തിയതാണ്.
അതില്‍ അപ്പൂപ്പന്മാരുടെ വിയര്‍പ്പുപറ്റി
മിനുസമാര്‍ന്ന് ഓരോ കാറ്റിലും ആടാന്‍
വേണ്ടിയുള്ള എന്തോ ഒന്ന്
ചേര്‍ന്നിട്ടുണ്ടായിരുന്നു.
പന്തു കൊള്ളാതെ തന്നെ
താഴെ വീണു തെറി കേള്‍ക്കുന്നതും
ഏഴാം കല്ലിന്‍റെ പതിവായിരുന്നു.
ഇടക്കുള്ള അഞ്ച് കല്ലുകളെ ആരും
അത്ര കണക്കാക്കിയിരുന്നില്ല
അവ അവിടവിടെ ചിതറിക്കിടന്നിരുന്നു
വരമ്പിലെക്കല്ലില്‍ കാല്‍തട്ടി കുട്ടിക്കൃഷ്ണന്‍ വീണു
നെറ്റി പൊട്ടിയ അന്ന് അഞ്ച് കല്ലുകളും
അനാഥമായി വയലില്‍ കിടന്നു
അവയെ ആരും കണക്കാക്കിയിരുന്നില്ല
ഇന്ദിരയെ ഓര്‍ത്ത് റേഡിയോ കരയുമ്പോള്‍
അഞ്ച് കല്ലുകളയും ബക്ഷി പുഴയില്‍
നിമഞ്ജനം ചെയ്തിട്ട് പോത്തുകളെ
അടിച്ച് കൂട്ടിക്കൊണ്ട് പോയി
റങ്ക് വേള്‍ഡ് കപ്പില്‍ നിന്ന്
പുറത്തായ അഞ്ച് കല്ലുകളെ
മുങ്ങിയെടുക്കാന്‍ വേണ്ടി
പുഴയില്‍ മദിക്കുമ്പോഴാണ്
പ്രണയങ്ങളൂടെ അടിക്കല്ലായ്
ഒന്നാം കല്ല് വിടര്‍ന്ന്
പൊയ്ക്കൊണ്ടിരുന്നത്
വെള്ളത്തിനടിയില്‍ മുങ്ങിച്ചെന്ന്
കണ്ണൂതുറന്ന്
വീണൂപോയ പാദസ്വരങ്ങള്‍ കണ്ട്
നിര്‍വൃതിയടഞ്ഞ്
ചെവിയില്‍ നിറഞ്ഞ ചെളിവെള്ളം
തലകുലുക്കിക്കളഞ്ഞ്
സുബ്രഹ്മണ്യപുരം പോലെ ചിരിച്ച്
അങ്ങനെയങ്ങനെ...
റങ്കുകളിയെപ്പറ്റിയുള്ള
അനുമാനങ്ങള്‍
തെളിവായപ്പോഴേക്കും
പുഴ തോര്‍ന്നു, വയല്‍ തൂര്‍ന്നു
വിള്ളല്‍ വീണ നിലത്തുകൂടി
എല്ലാ പാദസ്വരങ്ങളും പലവഴിക്കു പോയി
വയല്‍ക്കരയിലെ
പ്രേതമുള്ള ചെമ്പകത്തില്‍
ആരും ചാരി നില്‍ക്കാതായി
കാട്ടുപക്ഷികളുടെ കലപില
കേള്‍ക്കാന്‍ ആരും
കാത്തിരിക്കാതെയായി

8 comments:

anoopkothanalloor said...

ചെവിയില്‍ നിറഞ്ഞ ചെളിവെള്ളം
തലകുലുക്കിക്കളഞ്ഞ്
സുബ്രഹ്മണ്യപുരം പോലെ ചിരിച്ച്
അങ്ങനെയങ്ങനെ...
അവിട്റ്റെ ഒരു സിനിമാപേരും തിരുകി കയറ്റിയോ?
എന്തായാലും നല്ല കവിത
നന്നായിരിക്കുന്നു.

ഞാന്‍ ആചാര്യന്‍ said...

താങ്ക്സ് അനൂപെ, ഇതു സംബവ കവിതയാണ്, ആ ചെമ്പകം കഴിഞ്ഞ് കര്‍ക്കിടകത്തിലു പൊട്ടി വീണു. എത്രയോ സുന്ദരികളുടെ പാദപല്ലവ താഡനമേറ്റ ആ ഭാഗ്യവാന്‍ ചെമ്പകം

ഷൈജൻ കാക്കര said...

റങ്ക്‌ കളിക്കൊന്നും ആരുമില്ല.

കാപ്പിലാന്‍ said...

റങ്ക് കളി അറിയില്ല .ഏഴു കല്ലുകള്‍ വെച്ച്‌ വേറെ ഏതോ ഒരു കളി കളിച്ചത് ഓര്‍മ്മയുണ്ട് .അതിന്റെ പേരറിയില്ല . കല്ലുകള്‍ ഏഴും ഏഴു വഴിക്ക് പോയി . ചീത്തവിളി കേള്‍ക്കാന്‍ ഏറ്റവും മുകളിലത്തെ കല്ല് ഇപ്പോഴും ആരുമില്ലാത്ത ആ പാടത്ത് വീണു കിടപ്പുണ്ടാകും .മനോഹരമായ ഒരു കവിത .കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി .നന്ദി .

ഷൈജൻ കാക്കര said...

റങ്കും ട്രങ്കും ഒന്നാണോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

റങ്ക് കളി, ആദ്യമായി കേള്‍ക്കുന്നു.

കവിത ഇഷ്ടായി.

പ്രയാണ്‍ said...

രസമുള്ള ഓര്‍മ്മകള്‍..........

ഞാന്‍ ആചാര്യന്‍ said...

രസം മാത്രമല്ല..

ബക്ഷി വിട പറഞ്ഞ് പൊയ്ക്കളഞ്ഞു

"അഞ്ച് കല്ലുകളയും ബക്ഷി പുഴയില്‍
നിമഞ്ജനം ചെയ്തിട്ട് പോത്തുകളെ
അടിച്ച് കൂട്ടിക്കൊണ്ട് പോയി"