Wednesday, December 24, 2008

'യക്ഷി' കലക്കിയ ക്രിസ്മസ്

കോളേജ് എന്ന മഹാസംഭവത്തില്‍ ക്രിസ്മസ് ആഘോഷം നടത്താന്‍ പരിപാടി. എല്ലാ ക്ലാസുകാരും ട്രീ ഇടണം, നിശ്ചല ദൃശ്യം വേണം, ക്രിസ്മസ് ഫാദറ് വേണം, മത്സരം വേണം എന്നു പ്രിന്‍സിപ്പാള്‍. പത്താം ക്ലാസു കഴിഞ്ഞ് സ്വാതന്ത്ര്യ സമരാനന്തരം എന്തു ചെയ്യേണ്ടൂ എന്നാലോചിക്കുന്നതു പോലെ കോളേജില്/അയല്‍ ക്ലാസില്‍/സ്വന്തം ക്ലാസില്‍/അടുത്ത ബെഞ്ചില്‍ ആരെയൊക്കെ പ്രേമിക്കാം എന്നു മാത്രം വിചാരിച്ചും അതില്‍ മിക്ക പെണ്ണൂങ്ങളെയും സ്വപ്നം കണ്ടും ഒതുക്കത്തില്‍ അവരെപ്പറ്റി അശ്ലീലം പറഞ്ഞും എല്ലാവരും (പെണ്ണുങ്ങള്‍ തിരിച്ചും) നടക്കുന്ന തദവസരത്തിലാണു ഉന്തിനൊപ്പം തള്ളും കൂടെ എന്ന പോലെ ക്രിസ്മസ് ആഘോഷം. നിങ്ങളെല്ലാവരും ഒരുമിച്ച് ആലോചിക്ക് എന്നു പറഞ്ഞ ക്ലാസ് ടീച്ചര്‍ പോയപ്പോള്‍ 'ഒന്നു മീണ്ടാനും തൊടാനും ഉള്ളില്‍ മോഹ'വുമായി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന സുന്ദരികളും സുന്ദരന്മാരും എല്ലാം ക്ലാസില്‍ ഒത്തു കൂടി ചര്‍ച്ച തുടങ്ങി. ദീര്‍ഘ വീക്ഷണം ഉള്ള തോമാ ഒക്കെ ആഘോഷം കൊഴുപ്പിക്കാന്‍ സീനിയര്‍ ക്ലാസിലേക്കു പോയി; പുള്ളിയുടെ ലൈന്‍ സൈറ അവിടെയാണ്. ഇക്കൊല്ലം കഴിഞ്ഞാല്‍ പിന്നെ സൈറായെ പ്രേമിക്കാന്‍ ആവില്ലാ, നമ്മുടെ ക്ലാസിലെ (തോമാ ഭാഷയില്‍)'ചരക്കുകള്‍ക്കും', ജൂനിയര്‍ സുന്ദരികള്‍ക്കായും അടുത്ത വര്‍ഷം നീക്കി വെയ്ക്കുന്നു എന്നു തോമാ പ്രഖ്യാപിച്ചിരുന്നു. ആരൊക്കെ ആരാകണം എന്നാണു ചര്‍ച്ച. ടീച്ചര്‍മാരെ പോലും വെറുതെ വിടാത്ത തോമായെ ഫ്ലോട്ടില്‍ സാത്താനാക്കാം എന്നു പെണ്‍കുട്ടികള്‍ അഭിപ്രായമറിയിച്ചു. മാതാവു ലുക്കുള്ള ബീനാ ആണു 'തിരഞ്ഞെടു'ക്കപ്പെട്ടത്. വെളുത്തു കൊലുന്നനെയുള്ള ജെയിംസ് ഔസേപ്പ് പിതാവ്. ഇതു പുരസ്ക്കരിച്ചു പിറ്റേ ആഴ്ചയില്‍ തന്നെ അദ്ദേഹത്തിനു കോളജ് വിടും വരെ തുടരേണ്ട 'സഹദാ' എന്ന ചെല്ലപേരും ലഭിച്ചു. കൂട്ടത്തില്‍ കുറിയവനായ ടിറ്റോ ഉണ്ണീയേശു ആയി മാതാവിന്‍റേ മടിയില്‍ കിടന്നോളാമെന്നു പറഞ്ഞെങ്കിലും 'മാതാവ്' വിസമ്മതിച്ചു. പകരം ഇപ്പോഴും താന്‍ താഴെ വയ്ക്കാത്ത പാവക്കുട്ടിയെ അതിനായി കൊണ്ടുവരാമെന്ന് ശ്യാമ. ഇനി മൂന്നു മാലാഖമാരും മൂന്നു വിദ്വാന്മാരും വേണം; ക്രിസ്മസ് ഫാദറു വേണം. രണ്ട് ആടും വേണം. ജയകൃഷ്ണനും വിനോദുമാണു കലാസംവിധാനം. വിനോദ് അമെച്വര്‍ നാടക രോഗിയായതിനാല്‍ വസ്ത്രാലങ്കാരവും പുള്ളി ഏറ്റെടുത്തു. ഫാദറിന്‍റെ ചുവന്ന കുപ്പായം മാത്രം ഒപ്പിച്ചാല്‍ മതി. നാട്ടിലെ ലൈബ്രറി കമ്മറ്റിയിലുള്ള സ്റ്റീഫന്‍ ലൈബ്രറിക്കാര്‍ കരോള്‍ പോകുന്ന പഴയ കുപ്പായമുണ്ട്, അതു കൊണ്ടുവരും. പക്ഷേ, അലക്കിക്കോണം. കുപ്പായം നൂറുപേര്‍ ഇടുന്നതിനാല്‍ ചൊറി, ചുണങ്ങ് ഇത്യാദി ഉണ്ടാവാം. മാലാഖമാരായി സ്വയം പ്രഖ്യാപിത 'മിസ് കോളജ്' നീനാ, ബീനായുടെ ഇണപിരിയാത്ത കൂട്ടുകാരി ശോകനായികാ ഭാവമുള്ള സുധ , ഓരോ ദിവസവും തലമുടിക്കെട്ടു കൊണ്ട് അഭ്യാസം കാട്ടുന്ന രേഖ എന്നിവര്‍. മാലാഘന്‍സിനിടാനുള്ള ആദ്യകുര്‍ബാനക്കുപ്പായങ്ങള്‍ സംഘടിപ്പിക്കാമെന്ന് നീനാ. സ്വര്‍ണച്ചിറകുണ്ടാക്കാന്‍ ക്ലാസിലെ എം. എഫ് ഹുസൈന്‍ പ്രസാദ്. ആടുകളുടെ മുഖം മൂടിക്കെട്ടുമെന്നതിനാല്‍ ആടായി നില്‍ക്കാന്‍ ആളില്ല. ഒടുവില്‍ അതായാലും മതി; ബീനായുടെ അടുത്തു തന്നെ നില്‍ക്കാമല്ലോ എന്നു പറഞ്ഞ ടിറ്റൊ ഒരാട്. ടിറ്റൊയുടെ പൊക്കം നാലടി; ബീനാ സ്റ്റാച്യു ഓഫ് ലിബര്‍ടി പോലെ. എന്നാലും ടിറ്റൊയുടെ ഒരു സ്നേഹം നോക്കണം. രണ്ടാം ആട് ജയശങ്കറ്. മൂന്നു വിദ്വാന്മാര്‍ കാലന്‍ അജു, രതീഷ്, സ്റ്റീഫന്‍; മൂന്നു പേര്‍ക്കും മൂന്നുയരവും. അജു ചോദിച്ചു, ആരാടാ ഫാദറ്? കുട്ടത്തടിയന്‍ ഷൈജു സംശയ ലേശമെന്യേ ഫാദറാക്കപ്പെട്ടു. ഇനി റിഹേഴ്സലാണ്. 'മാതാവ്' ചലനമറ്റു നില്‍ക്കണം. പക്ഷേ താന്‍ അതിഭയങ്കര സുന്ദരിയായതിനാലാണു ആ സ്ഥാനം ലഭിച്ചതെന്നോര്‍ത്ത് ബീനായ്ക്കു ചിരി നില്‍ക്കുന്നില്ല. ടിറ്റോയുടെ ആടും ശല്യമുണ്ടാക്കുന്നു. ഒടുവില്‍ ക്ലാസ് ടീച്ചറിന്‍റെ വാണിംഗില്‍ ബീന ഒതുങ്ങി; പ്രത്യേക റിഹേഴ്സലിന്‍റേ ആവശ്യമില്ലാത്തതിനാല്‍ 'ആടുകള്‍' റിഹേഴ്സല്‍ റൂമില്‍ നിന്ന് ഓടിക്കപ്പെട്ടു. അങ്ങനെ ക്രിസ്മസ് തലേന്ന് വന്നെത്തി. ടോംസ് വീട്ടിലെ ചൂള മരത്തിന്‍റെ ഒരു ഭാഗം കൊണ്ടു വന്നു ട്റീ ഇടാനായിരുന്നു പ്ലാന്‍. പക്ഷേ ടോംസിന്‍റേ പിതാജി ആരോടും പറയാതെ ഗള്‍ഫില്‍ നിന്നെത്തിയത് അന്നു രാവിലെ. ടോം പരിഭ്രമിച്ചെത്തി. 'ഏടാ കുഴഞ്ഞു.' ഇനി ചൂളയുള്ളത് അധികം ദൂരയല്ലാത്ത എസ്റ്റേറ്റിലാണ്. വിനോദിനു വഴിയറിയാം. പക്ഷേ ആള്‍ത്താമസമില്ലാത്ത ബംഗ്ലാവും ഒട്ടേറെ പേടിപ്പിക്കുന്ന കഥകളും ഉറങ്ങുന്ന എസ്റ്റേറ്റ്. 'എടാ, ആരുമറിയാതെ നമ്മള്‍ക്കെല്ലാം ഇന്നു രാത്രി കോളജില്‍ കിടക്കാം, രാത്രിയില്‍ പോയി ചൂള വെട്ടാം, പക്ഷേ ധൈര്യത്തിനു അല്പം അടിക്കണം, അവിടെ യക്ഷി ഉണ്ടെന്നാണു കേട്ടത്' ടിറ്റോ നിര്‍ദ്ദേശിച്ചു. മദ്യം താനേറ്റെന്നു സാത്താന്‍ തോമ. പുള്ളിക്കതു പുത്തരിയല്ല. പക്ഷേ പൈസ പിരിവിടണം. ഇട്ടു. ടിറ്റോയും തോമായും അതിനായി പോയി. ആഘോഷങ്ങളുടെ ഒരുക്കത്തിനു കോളേജ് ഉച്ചതിരിഞ്ഞവധി. എന്നിട്ടും അവിടെ കറങ്ങി നിന്ന അനൗദ്യോഗിക റിഹേഴ്സലുകാരെ പ്രഫസറും ടീച്ചര്‍മാരും ഓടിച്ചു കോളജിന്‍റെ പടി കടത്തി. പറഞ്ഞൊത്തതു പോലെ സന്ധ്യയോടെ എല്ലാവരും കാമ്പസില്‍ മടങ്ങി എത്തി. അപ്പോളുണ്ട് എല്ലാ ക്ലാസുകളിലെയും ആണ്‍ കുട്ടികള്‍ ഹാജര്‍. നോണ്‍ ടീച്ചിംഗ് സ്റ്റാഫും ഉണ്ട്. ട്റി നിര്‍മാണം, അലങ്കാരം തകൃതി. 'എടാ ഇനിയെന്തു ചെയ്യും?' പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ കുപ്പിയും പിടിച്ച് ടിറ്റോ. 'എടാ ഒരൊമ്പതു വരെ നോക്കാം, അല്ലെങ്കില്‍ സെക്കന്‍ഡ് ഷോയ്കു പോകാം' തോമ മാര്‍ഗം കണ്ടുപിടിച്ചു. അതു കൊള്ളാം, അല്ലെങ്കിലും കോളജു പിള്ളേരെ നിര്‍ണായക നിമിഷങ്ങളില്‍ സഹായിക്കാനല്ലെ അടുത്തു തന്നെ തീയെറ്റര്‍. ഒമ്പതു വരെ നോക്കിയിട്ടും ആരും പോകുന്നില്ല, മറ്റു ക്ലാസുകാരും ഇന്നു രാത്രി കോളജില്‍ തങ്ങുന്നു. അങ്ങനെ സെക്കന്‍ഡ് ഷോയില്‍. പടം മധുരൈ വീരന്‍. വിജയകാന്ത് കാളയെ എടുത്തെറിയുന്നതോ മറ്റോ. അതു വരെ സിഗററ്റു വലിക്കാത്തവരെല്ലാം അതു പരീക്ഷിച്ചു എന്ന ഗുണം. പടം കഴിഞ്ഞു രാത്രി പന്ത്രണ്ടിനു എസ്റ്റേറ്റിലേക്ക് നടത്തം തുടങ്ങി. എല്ലാവര്‍ക്കും പേടി, യക്ഷിയുള്ള എസ്റ്റേറ്റാ. പണ്ട് ഏതോ സായിപ്പു വച്ച ബംഗ്ലാവ്. ഇപ്പോള്‍ ഒരു സിനിമാനടന്‍റെ വക. അയാളവിടെ വരാറേയില്ല. 'പേടിക്കണ്ടടാ'ന്നു പറഞ്ഞ് വീട്ടില്‍ നിന്നു ചൂള വെട്ടാന്‍ കൊണ്ടു വന്ന വെട്ടുകത്തിയും പിടിച്ച് വിനോദ് മുന്‍പില്‍. ധീരനായ തോമക്കു പോലും പേടി. 'നമുക്ക് ഇതടിക്കാം, പേടി മാറട്ടെ'യെന്നു ടിറ്റോ പറഞ്ഞപ്പോളാണു പേടിക്കുള്ള മരുന്ന് കയ്യില്‍ വെച്ചോണ്ടാണല്ലോ പേടിച്ചതെന്ന് സ്റ്റീഫന്‍. 'എടാ, തിന്നാന്‍ വല്ലതുമുണ്ടോ'ന്ന് ജയശങ്കറ്. ടിറ്റോ ഒരു കേക്കു മേടിച്ചിട്ടുണ്ട്. കൊള്ളാം, മദ്യവും കേക്കും; നല്ല കോമ്പിനേഷനായിരിക്കും. അടുത്തുള്ള പഞ്ചായത്തു പൈപ്പില്‍ ടിറ്റോ വെള്ളം കണ്ടെത്തി. അപ്പോളാണ് അടുത്ത പ്രശ്നം. ഗ്ലാസില്ല. കടകള്‍ അടച്ചല്ലോ. നേരിട്ടു പിടിച്ചാല്‍ കൂമ്പു വാടുമെന്നു തോമ. സ്റ്റീഫനെപ്പോലെ 'ആദ്യകുടി' ആഘോഷിക്കുന്നവര്‍ക്ക് അങ്കലാപ്പ്. ഒടുവില്‍ തോമയും ശങ്കറും സാഹസികമായി മടങ്ങിച്ചെന്ന് തീയെറ്ററിനടുത്തു നിന്നുള്ള തട്ടുകടയില്‍ നിന്ന് ഒരു ഗ്ലാസ് മോഷ്ടിച്ചു. ആദ്യം തന്നെ മൂന്നു ഗ്ലാസ് വിഴുങ്ങിയ ടിറ്റോ മദ്യവും പൈപ്പുവെള്ളവും മിക്സു ചെയ്ത് ബാര്‍മാനായി മാറി. സ്റ്റീഫന്‍റെ ആദ്യകുടി. എല്ലാവരും ചുറ്റും നിന്നു കയ്യടിച്ചു. സ്റ്റീഫന് ആകെ വലിയ തെറ്റു ചെയ്യുന്നുവെന്ന തോന്നല്‍. 'നീയടിയെടാ ധൈര്യമായി'യെന്ന് തോമയിലെ സാത്താന്‍. ഒടുവില്‍ സ്റ്റീഫന്‍ ടിറ്റോ നല്‍കിയ ഗ്ലാസ് വാങ്ങി വായിലേക്കൊഴിച്ചതും അതു പടി പുറത്തേക്ക് "ഫൂ"ന്ന് ഒരു തുപ്പ്. 'ഇതാണോടാ എല്ലാരും വല്യകാര്യായിട്ട് അടിച്ചു കേറ്റുന്നത്, എനിക്കെങ്ങും വേണ്ട'. വായ പൊള്ളുന്നതിനാലാണു തുപ്പിയതെന്ന് സ്റ്റിഫന്‍. അല്പാല്പം കേക്കും കൈകൊണ്ടു തന്നെ വലിച്ചു പറിച്ചെടുത്തു കഴിച്ചു. സമയം വെളുപ്പിനു രണ്ടര. എല്ലാവര്‍ക്കും നല്ല ധൈര്യം. ചലോ എസ്റ്റേറ്റ്. മെയിന്‍ റോഡില്‍ നിന്നു കുന്നു കയറിച്ചെന്നു. എസ്റ്റേറ്റിന്‍റെ ഗേറ്റ് തുറന്നു കിടക്കുന്നു. വെളിച്ചമായി നേരിയ നിലാവു മാത്രം. ആദ്യം എല്ലാവരും ബംഗ്ലാവിനു ചുറ്റും നടന്നു. 'എടീ യക്ഷീ, ഇറങ്ങി വാടീ' എന്നൊക്കെ ടിറ്റോ ലഹരിയില്‍ വീളീച്ചു കൂവുന്നുണ്ട്. യക്ഷി ഇല്ലെന്നു കണ്ടതോടെ മടിയന്‍ ടോംസ് ബംഗ്ലാവിന്‍റേ വരാന്തയില്‍ കയറിക്കിടന്നു. ബംഗ്ലാവിന്‍റെ വലതു വശത്ത് ഏഴു കൂറ്റന്‍ ചൂള മരങ്ങള്‍ ആകാശത്തേക്കു കയറിപ്പോകുന്നു. വര്‍ത്തമാനം നിര്‍ത്തിയാല്‍ ചൂളച്ചില്ലകളിലൂടെ കാറ്റു വഴുതുന്ന ശബ്ദം ഭയങ്കരമായിത്തോന്നും. 'എടാ സമയം പോകുന്നു' പ്രസാദ് ഓര്‍മിപ്പിച്ചപ്പോള്‍ വിനോദ് വെട്ടുകത്തിയുമായി അടുത്തു കണ്ട ചൂളയിലേക്ക് ശ്രമപ്പെട്ട് പിടിച്ചു കയറി. പൊടുന്നനെ ഒരു ശക്തമായ പ്രകാശം വിനോദിന്‍റെ മേല്പ്പതിഞ്ഞു. എല്ലാവരും അയ്യോ എന്നു വിളിച്ചു. യക്ഷി ടോര്‍ച്ചടിക്കുകയോ? വരാന്തയില്‍ നിന്നു ഞെട്ടിയെഴുന്നേറ്റ ടോംസ് അയ്യോ എന്നു വിളിച്ചു കൊണ്ട് ഗേറ്റിലേക്കോടി. എല്ലാവരും ഒപ്പം ഓടാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണു പ്രകാശത്തിനു പിന്നില്‍ നിന്ന് രണ്ടു മൂന്നു പേര്‍ പ്രത്യക്ഷ്പ്പെട്ടത്. 'ഉം, എന്താ ഇവിടെ പരിപാടി?' അതിലൊരാള്‍ ചോദിച്ചു. അപ്പോള്‍ ഇതു യക്ഷിയല്ല. ഇവിടെ ആരുമുണ്ടാവാറില്ലെന്നു പറഞ്ഞിട്ട് നോട്ടക്കാരുണ്ടോ? 'അതു ചേട്ടാ, കോളജില്‍ ക്രിസ്മസ് ട്റീ ഇടാന്‍ ഒരു ചൂളക്കമ്പ്..' മരത്തിലിരുന്നു കൊണ്ട് വിനോദ് പറഞ്ഞൊപ്പിച്ചു. അതു കേട്ടപ്പോള്‍ അയാള്‍ ക്ഷുഭിതനായി. 'ഇല്ല, നടക്കില്ല, വേഗം ഇറങ്ങിപ്പൊക്കോ'. 'ചേട്ടന്‍ തന്നില്ലെങ്കില്‍ ഞങ്ങള്‍ വെട്ടും ചേട്ടാ' തോമയിലെ മദ്യപിച്ചു മദോന്മത്തനായ സാത്താന്‍ പ്രഖ്യാപിച്ചു.'ഓഹോ..എന്നാല്‍ വെട്ടെടാ, കാണട്ടെ' എന്നു പറഞ്ഞ് അയാള്‍ തോമയുടെ കയ്യില്‍ കയറിപ്പിടിച്ചു. ഒപ്പം പോലീസിനെ വിളിക്കാന്‍ കൂട്ടുകാരോട് പറയുകയും ചെയ്തു. അതു കേട്ടപ്പോള്‍ എല്ലാവരും ക്ഷമാപണം തുടങ്ങി. ഒടുവില്‍ ഒരു വിധത്തില്‍ അവിടെ നിന്ന് തടിയൂരി കോളജിലെത്തുമ്പോളേക്കും നേരം വെളുത്തൂ.

ചൂളക്കു പകരം കാമ്പസില്‍ നിന്ന് എന്തോ ഒരു മരക്കൊമ്പ് വെട്ടി ട്റീയുണ്ടാക്കി വെച്ചു. അതിന് എല്ലാ ക്ലാസുകാരുടെയ്യും ട്റീകളില്‍ വെച്ച് ഏറ്റവും കുറവു മാര്‍ക്ക് കിട്ടി. ക്രിസ്മസ് നിശ്ചല ദൃശ്യം മാര്‍ക്കിടാനായി ജഡ്ജസ് വരുന്നതിനു തൊട്ടു മുന്‍പ് ടിറ്റോയുടെ "ആട്" 'മാതാവി'ന്‍റെ കാലിലേക്കു തന്നെ ഛര്‍ദ്ദിച്ചു. മാര്‍ക്ക് എത്ര കിട്ടിയെന്ന് പറയേണ്ടല്ലോ. ഷൈജുവിന്‍റെ പൊണ്ണത്തടി കാരണം ഫാദറ് കോമ്പറ്റീഷനു മൂന്നാം സ്ഥാനം കിട്ടി. (ഇതു നടന്ന സംഭവമാണ്; എങ്കിലും ഇത്രയും കത്തി വായിച്ചതിനു നന്ദി.)

Saturday, November 22, 2008

സീനിയ മരിച്ച രാത്രി

1989 ഡിസംബര്‍ ഏഴിനാണ് സീനിയ എന്ന സീനാമ്മ മരിച്ചത്. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് മരണവാര്‍ത്ത നാട്ടിലാകെ പരന്നത്. കേട്ടവര്‍ പെട്ടെന്നു തന്നെ കഴിഞ്ഞ ചില മാസങ്ങളായി തങ്ങള്‍ അനവധി തവണ കയറിപ്പോയിട്ടുള്ള, കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ഒരിക്കല്‍ കൂടി ആ വീട്ടിലേക്കു ചെന്നു.

'സീനാമ്മ മരിച്ചുപോയി കേട്ടോ' എന്ന് ആരോ വന്നു പറയുമ്പോഴേക്കും ആകാശം ഭയങ്കരമായി മുഴങ്ങി. ഡിസംബറില്‍ മഴയോ എന്ന് എല്ലാവരും ആശ്ചര്യപ്പെടുമ്പോഴേക്കും തടഞ്ഞു നിര്ത്തിയ കണ്ണീര്‍പ്പുഴ പൊട്ടിവീണതു പോലെ മഴ വന്നലച്ചു. അതുപോലെ ഒരു രാത്രി പിന്നീടുണ്ടായിട്ടില്ല. നാലു മണി വരെ - ഒരു പക്ഷേ സീനാമ്മ മരിക്കുന്നതു വരെ - ആകാശം പ്രസന്നമായിരുന്നു. അത്തവണ തുലാമഴ നവംബറില്‍തന്നെ പെയ്തൊടുങ്ങിയിരുന്നു. എന്നാല്‍ ആ നാലുമണി നേരത്തോടെ ആകാശം കറുത്തിരുളുകയും മഴ ശക്തിയോടെ പെയ്തു തുടങ്ങുകയും ചെയ്തു. ഇടയ്ക്കൊന്ന് ചാറിനിന്നാലും നിലക്കാത്ത മഴ. അഞ്ചുമണിയാകുമ്പോഴേക്കും കാര്‍മേഘങ്ങളുടെ കരുത്തില്‍ നേരം ഇരുണ്ടു. കാറ്റടിച്ചുതുടങ്ങി. മഴ കൂടുതല്‍ ശക്തിപ്പെട്ടു. കാറ്റില്‍ വൈദ്യുതിയും പൊടുന്നനെ നിലച്ചു. മരണവീട്ടിലേക്ക് ആളുകള്‍ വന്നു കൊണ്ടിരുന്നു. പന്തല്‍ ഇടുന്നതിനും വേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനും വേണ്ട ശ്രമം തുടങ്ങി. ഇരുളിലും മഴനനഞ്ഞ് ഒട്ടേറെപ്പേര്‍ എത്തിച്ചേര്‍ന്നു. മഴയും ഇരുളും ഒരുക്കങ്ങളുടെ വേഗതയെ ബാധിച്ചു. ആരും അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.

ആ മരണ വാര്‍ത്ത ശോകത്തിന്‍റെ മൂടുപടമായി വന്നു വീഴുമ്പോള്‍തന്നെ എല്ലാവരും ദീര്‍ഘനിശ്വാസങ്ങളുമായി ഒന്നും പറയാനില്ലാതെ മരവിച്ചിരുന്നു. സീനാമ്മ പൊതു ജീവിതത്തില്‍ നിന്ന് വിരമിച്ചിട്ട് അപ്പോഴേക്കും ഒരു വര്‍ഷത്തിലും അധികമായിരുന്നു. അവരുടെ പറക്കമുറ്റാത്ത രണ്ടു മക്കളെയും കൊണ്ട് ആ സാധു മനുഷ്യന്‍ ഇനി എന്തു ചെയ്യും? അതായിരുന്നു എല്ലാവരുടെയും മനസില്‍ ഉയര്‍ന്ന ചോദ്യം. ഇരുപത്തെട്ടു വയസ്സേ ആയിരുന്നുള്ളൂ അവര്‍ക്ക്. മെല്ലിച്ച് അധികമാരോടും ഇടപഴകുന്ന സ്വഭാവമില്ലാത്ത സ്ത്രീ. വര്‍ത്തമാനം കഴിവുണ്ടെങ്കില്‍ നിര്‍ദ്ദോഷമായ ഒരു ചെറുചിരിയില്‍ ഒതുക്കി അവര്‍ കടന്നുപോകും. ചികിത്സ വളരെ നേരത്തെ ആരംഭിച്ചുവെങ്കിലും കൂടുതല്‍ ഗുരുതരമായ മാരകസ്വഭാവമുള്ള വാതരോഗമാണവര്‍ക്കെന്ന് ഡോക്ടര്‍മാര്‍ അവരെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ടായിരുന്നു. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും സ്നേഹിതരും എല്ലാം അവരെ തുടരെ ചെന്നു കണ്ട് ആശ്വസിപ്പിച്ചു പോന്നു. ക്രമേണ അവര്ക്ക് ജോലികാര്യങ്ങള്‍ നിര്‍ വഹിക്കാനുള്ള ആരോഗ്യം നഷ്ടമായി. പശുക്കള്‍ക്ക് പുല്ലറുക്കാനോ കറവ നടത്താനോ പറ്റാതെയായി. വീടിനു പുറത്തേക്കുള്ള സഞ്ചാരം കുറഞ്ഞു വന്നു. സ്വന്തം കാര്യങ്ങള്‍ക്കു പോലും ആശ്റയം ഒഴിച്ചുകൂടെന്നായി. ഒരു വര്‍ഷത്തോളമായി കിടക്കയില്‍. ഏകദേശം ഒരുമാസംമുന്‍പ് കാണാന്‍ ചെന്നപ്പോള്‍ മറ്റു പലരും ആ വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. ചില സ്ത്രീകള്‍ അവരുടെ കിടക്കക്കരികില്‍ ഇരുന്നു ആശ്വാസകരമായ വാക്കുകള്‍ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നേ നോക്കാനായുള്ളൂ, നടുങ്ങിപ്പോയി. മനസില്‍ ഉണ്ടായിരുന്ന അവരുടെ രൂപം വീണുടഞ്ഞു ചിതറിപ്പോയി. കിടക്കയില്‍ മുഖം മാത്രം പുറത്തായി മൂടിപ്പൊതിഞ്ഞിരുന്ന രൂപം അവരുടേതായിരുന്നില്ല. അത്രമാത്രം വ്യതിയാനം വന്നിരിക്കുന്നു. മുഖത്തെ ത്വക്ക് കറുത്തിരുണ്ടു നേര്‍ത്തിരിക്കുന്നു. ഇരുണ്ടുപോയ ത്വക്കിനടിയിലെ മാംസപേശികള്‍ വരണ്ടുണങ്ങിപ്പോയിരിക്കുന്നതിനാല്‍ അവരുടെ ചുണ്ടുകളും കണ്‍ പോളകളും നേര്‍ത്തിരിക്കുന്നു. മിഴികള്‍ മാത്രം ചലിക്കുന്നു. ഒരിക്കല്‍കൂടി നോക്കാന്‍ കഴിഞ്ഞില്ല.

രാത്രി ഒമ്പതുമണിയോടെ മഴയും കാറ്റും ശക്തിയാര്‍ജിച്ചു. മൂന്നു ഗ്യാസ് ലൈറ്റുകളുടെ വെളിച്ചമുപയോഗിച്ച് ഒരു വിധത്തില്‍ പന്തല്‍ കെട്ടിയുയര്‍ത്തിയെങ്കിലും ആര്‍ക്കും തന്നെ അതിനു കീഴില്‍ ഇരിക്കാനായില്ല. വീടിന്‍റെ മുറ്റം ജലം നിറഞ്ഞു. മുറ്റത്തിന്‍റെ ഒരു വശത്തെ കല്‍ക്കെട്ടു പൊട്ടിച്ച് വെള്ളം പുറത്തേക്കൊഴുക്കിയെങ്കിലും എവിടെനിന്നോ വെള്ളം ഒഴുകിയെത്തിക്കൊണ്ടുമിരുന്നു. പന്തലിനു മീതെയിട്ടിരുന്ന ടാര്‍പ്പോളിനുകള്‍ പലപ്പോഴും കാറ്റില്‍ കെട്ടുകള്‍ പൊട്ടി പറന്നുയര്‍ന്നു. പന്തല്‍ നിലനിര്‍ത്താനായി കട്ഠിന ശ്രമം തന്നെ വേണ്ടിവന്നു. താമസിയാതെ ജനറേറ്ററുമായി ആളുകള്‍ എത്തിച്ചേര്‍ന്നതോടെ എല്ലാവര്‍ക്കും അല്പം ആശ്വാസം തോന്നി. ലൈറ്റുകള്‍ തെളിഞ്ഞതോടെ വീടിനുള്ളില്‍ വേണ്ട ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. എന്നാല്‍ താമസിയാതെ ജനറേറ്റര്‍ കേടായി. രണ്ടാമതു തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഗ്യാസ് ലൈറ്റും പ്രവര്‍ത്തിക്കാതെയായി. മറ്റൊരു ജനറേറ്റര്‍ സംഘടിപ്പിക്കാനായി തകര്‍ത്തുപെയ്യുന്ന മഴ വക വെയ്ക്കാതെ കുറെപ്പേര്‍ പോയി. കസേരകളും മറ്റും കൊണ്ടുവന്ന വാഹനം വീട്ടിലേക്കു തിരിയുന്ന വഴിക്കപ്പുറത്ത് ചെളിയില്‍ പുതഞ്ഞ് നിലച്ചു. അതോടെ ടൂവീലറുകള്‍ക്കു പോലും കടന്നെത്താനാവാതെ വഴി ബ്ലോക്കായി. പിന്നാലെ വന്ന വാഹനങ്ങളും തടഞ്ഞു നിന്നു. മറ്റൊരു സംഘം ആളുകള്‍ ചുമന്നെത്തിച്ച കസേരകള്‍ നിരത്തിയെങ്കിലും കാലുകള്‍ വെള്ളത്തില്‍ വയ്ക്കാനാവാതെ പ്രായമുള്ളവരും മറ്റും പ്രയാസപ്പെട്ടു. മഴ നിലയ്ക്കുന്ന ഒരു ലക്ഷണവും കണ്ടില്ല. പന്തലിന്‍റെ ഒരു വശത്തെ ടാര്‍പ്പോളിന്‍ വീണ്ടും കെട്ടുപൊട്ടി കാറ്റിലുയന്ന് പുറത്തു വെച്ചിരുന്ന ഒരു ഗ്യാസ് ലൈറ്റിലേക്ക് മഴവെള്ളം പാറിവീണപ്പോള്‍ അതിന്‍റെ ചില്ലു പൊട്ടിത്തെറിച്ചു കേടായി. അതോടെ ഒരേ ഒരു ഗ്യാസ് ലൈറ്റും ഏതാനും മണ്ണെണ്ണ വിളക്കുകളും മെഴുകുതിരികളും മാത്രമായി വെളിച്ചം ഒതുങ്ങി.ആളുകളുടെ കയ്യിലുള്ള ടോര്‍ച്ചുകളും ഇടയ്ക്കിടെ മിന്നിപ്പൊലിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ വിളക്കുകളും മെഴുകുതിരികളും കെട്ടു പോകാതിരിക്കാന്‍ മുഴുവന്‍ സമയവും പണിപ്പെടേണ്ടി വന്നു ചിലര്‍ക്ക്. മണ്ണില്‍ പുതഞ്ഞ വാഹനം നീക്കാനും മറ്റുമായി കുറെപ്പേര്‍ അങ്ങോട്ടു പോയി. വീടിന്‍റെ പിന്‍ഭാഗത്ത് സുരക്ഷിതമായി വെച്ചിരുന്ന ശവപ്പെട്ടിയുടെ അടപ്പ് മൂന്നു പ്രാവശ്യം കാറ്റില്പ്പറന്നു മഴയത്തു വീണു. മഴ വീണ്ടും കനത്തു. അവിടെ എത്തിയവര്‍ക്ക് മടങ്ങി പോകാനോ, ആളുകള്‍ക്ക് എത്തിച്ചേരുവാനോ ആകാതെ മൂന്നു മണിക്കൂറോളം മഴ തുടരെ തിമിര്‍ത്തു പെയ്തു. വെളുപ്പിനു മൂന്നു മണിയോടെ മഴ നനഞ്ഞ് അത്യധ്വാനം ചെയ്ത് മണ്ണില്പൂണ്ടു പോയ വാഹനം നീക്കി. പിന്നില്‍ തടഞ്ഞു കിടന്നിരുന്ന വാഹനങ്ങള്‍ ഒരു വിധത്തില്‍ നീക്കിയപ്പോഴേക്കും പുലര്‍ച്ചെ അഞ്ചു മണിയോടടുത്തു. രണ്ടാമതു കൊണ്ടു വന്നിരുന്ന വലിയ ജനറേറ്റര്‍ പിന്നില്‍ ഒരു വാഹനത്തില്‍ അഞ്ചു മണിക്കൂറായി കുടുങ്ങിക്കിടക്കുകയായിരുന്നു. മഴ വീണ്ടും ശക്തിയാര്‍ജിച്ചു. മഴക്കാറുകള്‍ക്കീടയില്‍ തല നീട്ടാന്‍ സൂര്യരശ്മികള്‍ മടിച്ചു.

ആ മഴ മൂന്നു ദിവസം കൂടി നീണ്ടു നിന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വാര്‍ത്ത വന്നു, ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മഴ പൊടുന്നനെ ഉണ്ടായ ന്യൂന മര്‍ദ്ദം മൂലമെന്ന്. എന്തോ ആ രാതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഒരു നടുക്കം തോന്നാറുണ്ട്.

Wednesday, November 19, 2008

ഉപ്പച്ചന്‍റെ ഇംഗ്ലീഷ്



'ഹൈദരാബാദ് നയിസാമി'ന്‍റെ ജീവിതവും തന്‍റെ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നു തെളിയിച്ചിട്ടുള്ള നാട്ടുപ്രധാനിയാണ് ഉപ്പച്ചന്‍.

മുഴുവന്‍ നരച്ച, കൊറിയാക്കാരുടേതു പോലെയുള്ള ഡാന്‍സു ചെയ്യുന്ന കോലന്‍ മുടി; സ്ഥിരമായി ഷേവിംഗില്ലാത്ത, കുറ്റിരോമങ്ങള്‍ നീണ്ട മുഖം; ഒരു പല്ലു പോലുമില്ലാതെ അങ്ങനെ 'ചിരിച്ചുനില്‍ക്കുന്ന' വായ - ഉപ്പച്ചനായി.

അനേകം തുളകളൂള്ള കയ്യില്ലാത്ത ബനിയനും നീല 'കള്ളി'മുണ്ട് മടക്കിക്കുത്തിയതുമായിരുന്നു വേഷം. ഇയൊരു വേഷത്തിലല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല.

മൂണ്ടിന്‍റെ മടക്കിക്കുത്ത് നെഞ്ചിനു ഒപ്പവും മുണ്ടിന്‍റെ ചുവട്ടിലെ മടക്ക് മുട്ടിനു തൊട്ടു താഴെയും ആയിരുന്നതിനാല്‍ സ്ക്കോട്ട്ലന്‍ഡുകാര്‍ പാവാടയിടുന്നതുപോലെയുണ്ടായിരുന്നു. പോലീസ് ഉള്‍പ്പെടെ ഏതു വലിയ ആള്‍ വന്നാലും ഉപ്പച്ചനു മൂണ്ട് അഴിക്കേണ്ടതില്ല എന്നത് പ്രഖ്യാപിതമായ ഒരു അവകാശമായിരുന്നു. രണ്ടു കാല്പത്തികളും രക്തവാതം വന്ന് സദാ പൊട്ടിയൊലിച്ച് വയലറ്റു നിറമുള്ള മരുന്നിനാല്‍ പൊതിയപ്പെട്ടതായി കാണപ്പെടുന്നതായിരുന്നു കാരണം. വര്‍ഷത്തില്‍ ഒരിക്കലേ മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ചിരുന്നുള്ളൂ. അന്ന് അഴിച്ചാലും മുണ്ട് താഴേക്കിടാതെ രണ്ടുതുമ്പും കയ്യില്‍ പിടിച്ചിരിക്കും. തെക്കുമ്മാടത്താശാന്‍ വര്‍ഷത്തിലൊരിക്കല്‍ ചെറിയകാവിലേക്കു പോകുന്ന ദിവസമാണത്. ഉപ്പച്ചന്‍റെ ബഹുമാനം വരവുവെച്ച് കൂനുണ്ടെങ്കിലും അതിശീഘ്രം കടന്നുപോകുന്നതിനിടയില്‍ ആശാന്‍ ഘനത്തില്‍ ഒന്നു മൂളിക്കളയും. ഉപ്പച്ചനു തിരിച്ചു മുണ്ടെടുത്തു കുത്താനുള്ള അനുമതിയാണത്. പിന്നെ അടുത്ത വര്‍ഷം.

ജീവിതത്തില്‍ ഒരിക്കലും 'ഒരു ഓലക്കാല്‍ മറിക്കുകയെങ്കിലും' ഉള്‍പ്പെടെ ഒരു ജോലിയും ചെയ്തിട്ടില്ല എന്നതാണ് ഉപ്പച്ചന്‍റെ മറ്റൊരു പ്രത്യേകത. 'ഷ്ക്കോളും' അദ്ദേഹത്തിനു അന്യപദമായിരുന്നു.

ഉപ്പച്ചനു കുടുംബപരമായിട്ടും പാരമ്പര്യമായും സ്വത്തും ധാരാളം നിലങ്ങളും മറ്റും ഉണ്ടായിരുന്നതിനാല്‍ എന്നും അദ്ദേഹത്തിന്‍റെ ജീവിതം അസൂയാവഹമാം വിധം സമ്പന്നമായിരുന്നു. തുള വീണ ബനിയന്‍ മാറ്റിക്കൂടെ എന്നു ചോദിച്ചാല്‍ 'നയിസാമിനെപ്പോലെ ജീവിച്ചവനാടാ ഞാന്‍' എന്നു പറയുമായിരുന്നു അദ്ദേഹം. ബാങ്ക് എന്ന സംവിധാനത്തില്‍ വിശ്വാസമില്ലാഞ്ഞാവാം സ്വന്തം കിടക്കയില്‍ തന്നെ നോട്ടു കെട്ടുകള്‍ വെറുതെ വയ്ക്കുകയേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുന്നു. മുടി നരക്കുന്നതിനും കാലില്‍ രക്തവാതമുണ്ടാകുന്നതിനും മുന്‍പുള്ള കാലത്ത്, എന്നും രാവിലെ അതില്‍ കുറെ നോട്ടുകെട്ടുകളുമെടുത്ത്, റെഡിയായി വരുന്ന കൂട്ടുകാര്‍ക്കൊപ്പം ടൗണിലേക്കു പോകുകയും സന്ധ്യക്കു മുന്‍പേ ജംഗ്ഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. 'ഫാദര്‍ജി' വിടപറഞ്ഞതിനു ശേഷം ഉപ്പച്ചന്‍ അങ്ങനെ പോയിട്ടില്ല പോലും. സ്വന്തം തൊടിയില്‍ നിന്നുത്പാദിപ്പിക്കുന്ന ശുദ്ധമായ തെങ്ങില്‍ കള്ളു മാത്രമായി 'കുടി നിര്‍ത്തുക'യും ചെയ്തത്രേ.

പ്രഭാതം മുതല്‍ പ്രദോഷം വരെ, ഭക്ഷണ സമയമൊഴിച്ച് കറിയയുടെ പലചരക്കു പീടികയുടെ മുന്‍പിലുള്ള ഉപ്പു പെട്ടിക്കുമേല്‍ കാല്‍ കയറ്റി വെച്ച് ചിരി മാത്രമുള്ള മുഖവുമായി ഉപ്പച്ചനുണ്ടാകും(പേരു വന്നതെങ്ങനെ എന്നു മനസിലായല്ലോ). കറിയയുടെ കടയ്ക്കു തൊട്ടുപിന്നിലാണു ഉപ്പച്ചന്‍റെ ബംഗ്ലാവ്. എങ്കിലും ഇടക്കു വിശന്നാല്‍ 'കണിച്ചായി'(ഇദ്ദേഹം നായകനാകുന്ന കഥ പിന്നാലെ)യുടെ ചായക്കടയില്‍ ഒന്നു കയറൂം, ഉപ്പച്ചന്‍. 'എന്തിനാടാ വീട്ടുകാരെ ശല്യം ചെയ്യുന്നത്' - വീട്ടില്‍ പോയി ചായ കുടിച്ചുകൂടെ എന്നു ചോദിച്ചാല്‍ അദ്ദേഹം പറയും. ഇച്ചയടിച്ചിരിക്കുന്ന കണിച്ചായിയെ ഒന്ന് ഉഷാറാക്കുക എന്നതാവും ഉപ്പച്ചന്‍റെ മനസില്‍. ടൗണിലെ സ്വന്തം കെട്ടിടങ്ങള്‍ക്കു പുറമെ കറിയയുടെ കട ഉള്‍പ്പെടെ ജംഗ്ഷനിലെ എല്ലാ കടകളും ഉപ്പച്ചന്‍റെ കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. തന്‍റെ 'ഫാദര്‍ജി'(പിതാവിനെ ഉപ്പച്ചന്‍ വിശേഷിപ്പിക്കുന്നത്) ഏര്‍പ്പാടാക്കിയ തുഛവാടകയേ അദ്ദേഹം വാങ്ങിയിരുന്നുള്ളൂ. 'നാടിനു വേണ്ടി ജീവിക്കുന്നു ഞാന്‍' എന്ന് പറയാതെ പറയുകയായിരുന്നിരിക്കണം.

'ഫാദര്‍ജി'യുടെ പാരമ്പര്യമോ എന്തോ, നാട്ടിലെ പഴയ കോണ്‍ഗ്രസ് സമ്മേളനങ്ങള്‍, കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഒത്തു തീര്‍പ്പു സമ്മേളനങ്ങള്‍ ഒക്കെ മിക്കവാറും ഉപ്പച്ചന്‍റെ ബംഗ്ലാവിലായിരുന്നു. നല്ല ആതിഥേയനായി സ്ഥിരം വേഷത്തില്‍ ആദ്യവസാനം അദ്ദേഹമുണ്ടാകും. പക്ഷേ സമ്മേളനത്തിലിരിക്കയോ ഒന്നും സംസാരിക്കുകയോ ചെയ്യുകയില്ല. ഉന്നത രാഷ്ട്റീയ നേതാക്കളൂള്‍പ്പെടെ പലരും നോക്കിയിട്ടും ഒരു പഞ്ചായത്ത് മെംബര്‍ പോലുമാവാന്‍ തുനിഞ്ഞിട്ടില്ല അദ്ദേഹം. കാരണം അദ്ദേഹം ഞങ്ങളുടെ നാടിന്‍റെ 'പ്രസിഡന്‍റാ'യിരുന്നു; ജംഗ്ഷന്‍റെ 'പ്രസിഡന്‍റാ'യിരുന്നു.

ഉപ്പച്ചന്‍റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മാന്യദേഹം ലൈബ്രറി ഇരിക്കുന്ന സ്ഥലം നാട്ടുകാര്‍ക്കായി സംഭാവന ചെയ്തതിനാല്‍ 'ആജീവനാന്ത ലൈബ്രറി പ്രസിഡന്‍റ്' എന്ന നിലയില്‍ അദ്ദേഹം പൊതുവേ അംഗീകരിക്കപ്പെട്ടു പോന്നു. എല്ലാ ലൈബ്രറി പൊതുയോഗങ്ങളിലും അമേരിക്കന്‍ പ്രസിഡന്‍റിനെ വെല്ലുന്ന പ്രൗഡ്ഡിയുമായി എത്തി, ഇളകുന്ന കാലുള്ള മേശക്കു പിന്നില്‍ സ്റ്റൂളില്‍ ഉപവിഷ്ടനായി മേശപ്പുറത്ത് 'ടപ്പേ'ന്നൊരടിയടിച്ച് 'ആ തൊടങ്ങിക്കോ' എന്ന് സമ്മേളനം ഉദ്ഘടിക്കാറുള്ള അദ്ദേഹത്തെ 'മിസ്റ്റര്‍ പ്രസിഡന്‍റ്' എന്ന് ആദ്യമായി സംബോധന ചെയ്തിട്ടുള്ളത് നാടിന്‍റെ ചരിത്രത്തിലെ ആദ്യ പ്രഖ്യാപിത 'ഇഞ്ചിനീരാ'യ ശാക്കോശന്‍ ആകുന്നു. അതു പിന്നീട് ഉപ്പച്ചന്‍റെ സമകാലീനരായ പല്ലില്ലാത്ത പ്രമാണിമാരെല്ലാം കൂടി പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ച് 'മിച്ചര്‍ ഉപ്പച്ചന്‍' എന്നു വരെയാക്കിക്കൊടുത്തു.

ബ്രിട്ടിഷുകാരെ ഓടിക്കാന്‍ പ്രയത്നിച്ച 'ഫാദര്‍ജി' യുടെ പുത്രന്‍ ഇംഗ്ലീഷ് പറഞ്ഞ കഥയാണു ഉപ്പച്ചനെപ്പറ്റി ആദ്യമായി ഞാന്‍ കേട്ടിട്ടുള്ളത്.

ഉപ്പച്ചനും കൂട്ടുകാരും നോട്ടുകെട്ടുമായി സ്ഥിരം ടൗണ്‍ യാത്ര നടത്തുന്ന സുവര്‍ണകാലം. ഒരു നാള്‍ യാത്ര നഗരത്തിലേക്കായാലോ എന്ന് ഒരു സുഹൃത്ത്. ചെന്നു ചെന്ന് അവര്‍ ഒരു വലിയ ഹോട്ടലില്‍ എത്തി. വെയ്റ്റര്‍ വന്ന് ഇംഗ്ലീഷില്‍ ഉപചാരം തുടങ്ങി. ഉപ്പച്ചനാണെങ്കില്‍ ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ നേരെചൊവ്വെ അറിയില്ല. കൂടെയുള്ളവര്‍ അതിലും കഷ്ടം. ഉപ്പച്ചനു ജീവിതത്തില്‍ ആദ്യമായി ഇഛാഭംഗം ഉണ്‍ടായി,വെറും ഒരു വെയ്റ്ററോട് ഒരു വാക്കുപോലും ഇംഗ്ലീഷില്‍ മറുപടി പറയാന്‍ പറ്റാത്തതില്‍. 'ഡാ നീയൊക്കെ നോക്കിക്കോ' ഉപ്പച്ചന്‍ കൂട്ടുകാരോട് പ്രഖ്യാപിച്ചു. അന്ന് അവര്‍ മണിക്കൂറുകളോളം അവിടെ ചെലവിട്ടു. കൂട്ടുകാര്‍ ഒരു ലെവലില്‍ എത്തിയെങ്കിലും ഉപ്പച്ചന്‍ സ്വയം നിയന്ത്രിച്ചു. മനസില്‍ തന്നെ നാണം കെടുത്തിയ ഇംഗ്ലീഷാണ്. ഹോട്ടലിലെത്തുന്ന മറ്റുള്ളവരിലായിരുന്നു ഉപ്പച്ചന്‍റെ ശ്രദ്ധ.

അന്തിയായി. അവര്‍ മടങ്ങിയെത്തി, നേരെ ചായക്കടയിലേക്ക്. കടയില്‍ നല്ല തിരക്ക്. പകല്‍ അധ്വാനം കഴിഞ്ഞെത്തിയ ചിലരെല്ലാം ഉപ്പച്ചനെ കണ്ട് എണീറ്റുനിന്ന് ചായ കുടി തുടരുക, തലയില്‍ക്കെട്ട് അഴിക്കുക ഒക്കെ. ഉപ്പച്ചന്‍ ഒരു ബെഞ്ചില്‍ ഇരുന്നു, കണിച്ചായിയുടെ ഇളയ സഹോദരന്‍ കുഞ്ഞുമോനാണു പലഹാരം എടുത്തു കൊടുക്കുന്നത്. അയാള്‍ അടുത്തു വന്നു. ഉപ്പച്ചന്‍ വെടിപൊട്ടൂന്നതു പോലെ ഒരു പറച്ചീല്‍:

"വണ്‍ ചായ, ടൂ ഗ്ലാസസ്, വണ്‍ പ്ലേറ്റ്, ത്രീ ബോണ്ടാസ്...മിസ്റ്റര്‍ കുഞ്ഞുമോന്‍"

ചായ അടിച്ചുകൊണ്ടിരുന്ന കണിച്ചായിയും, കുഞ്ഞുമോനും, ഉപ്പച്ചന്‍റെ കൂട്ടുകാരും, കടയില്‍ ചായകുടിച്ചു കൊണ്ടു നിന്നവരുമെല്ലാം സ്തബ്ധരായിപ്പോയി.

"ഇതെപ്പപ്പടിച്ച്..?" ആദ്യം സ്വബോധം വീണ്ടു കിട്ടിയ ഉപ്പച്ചന്‍റെ ഉറ്റസുഹൃത്ത് കാന്തി ചോദിച്ചു.

Saturday, November 15, 2008

അഷ്ഠഗ്രഹങ്ങളുടെ ആകാശം


ഞാന്‍ സാന്‍റിയാഗോ അഫൊന്‍സൊ റൊമീന.
വയസ് മുപ്പത്തി നാല്.

സ്വദേശം തെക്കന്‍ അമേരിക്കയിലെ ചിലിയാണ്.
ചിലിയിലെ ഒരു ചെറിയ ഉള്‍നാടന്‍ പട്ടണത്തിനടുത്ത് സാമാന്യം വലിയ മൂന്ന് ആപ്പിള്‍ തോട്ടങ്ങള്‍ എനിക്കു സ്വന്തമായുണ്ട്.

ഇപ്പോള്‍ ഞാന്‍ ചിലിയില്‍ അല്ല; പക്ഷേ അര മണിക്കൂര്‍ കഴിയുമ്പോള്‍ ചിലിയില്‍ ആയിരിക്കും. അതെ, ചിലിയിലേക്കു പറന്നു കൊണ്ടിരിക്കുന്ന ഒരു പ്ലെയിനിലാണു കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ഞാന്‍ ഇരിക്കുന്നത്. നല്ല സുഖകരമായ കാബിന്‍ സീറ്റുണ്ടെങ്കിലും ഞാനൊരു നിമിഷം പോലും ഉറങ്ങിയില്ല; മദ്യപിച്ചതും ഇല്ല.

ഇതാ, ഇത് ഞാന്‍ യൂറോപ്പിലെ ഒരു നഗരത്തില്‍ നിന്നും വാങ്ങിയ അത്യന്താധുനികമായ ഫോണ്‍ ആണ്. ഒരു നിമിഷം. ഒരു ചിത്രം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തന്നോട്ടെ. അതെ. ഇതാ, ചിത്രത്തില്‍ കാണുന്നില്ലേ ഇവളെ. പെയ്യുവാന്‍ വെമ്പുന്ന മഴക്കാറുകള്‍ കണ്ണിലൊളിപ്പിച്ചു നിര്‍ത്തീരിക്കുന്ന ഇവളെ. ഇവളുടെ ഫോട്ടോ ഡിലീറ്റു ചെയ്യുവാന്‍ പോവുകയാണു ഞാനിപ്പോള്‍. കുറച്ചു മുന്‍പ് ഉറക്കമായിരിക്കുന്ന എന്‍റെ സഹയാത്രികരെ അന്വേഷിച്ചു വന്ന എയര്‍ ഹോസ്റ്റസിനോട് ഞാന്‍ ചോദിച്ചു, ഇയൊരു ഫോട്ടോ ഞാന്‍ ഡിലീറ്റു ചെയ്യുന്നതിനു ഒരു നിമിഷം സാക്ഷിയാകാമോ എന്ന്. അവള്‍ എന്തോ ഒരു അവിശ്വാസമുള്ള മുഖ ഭാവത്തോടെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ നീ സൈഡ് വിന്‍ഡോ ഒന്നു തുറന്നു തരൂ, താഴെ സമുദ്രത്തിലേക്ക് ഫോണ്‍ തന്നെ എറിഞ്ഞു കളഞ്ഞേക്കാമെന്ന്. അപ്പോള്‍ അവള്‍ സ്പാനിഷില്‍ ചില പുണ്യവാന്മാരെയൊക്കെ വിളിച്ചിട്ട് എന്നോടു പറയുകയാണ് ഞാന്‍ വളരെയധികം കുടിച്ചിരിക്കുന്നുവെന്ന്. എനിക്കു സുഖമായിരിക്കാന്‍ രണ്ടു മൂന്നു തലയിണകള്‍ കൂടി കൊണ്ടു വന്നു തന്നിട്ട് അവള്‍ പോയി. പക്ഷേ സത്യമായും ഞാന്‍ ഇന്നൊരു തുള്ളി പോലും കുടിച്ചിട്ടേയില്ല.

ആരുടെയെങ്കിലും സാക്ഷ്യമില്ലാതെ ഇയൊരു ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ എനിക്കിഷ്ടമില്ല. കുറച്ചു കഴിഞ്ഞ് ആരെങ്കിലും ഇല്ല നീ ആ ഫോട്ടോ ഡിലീറ്റു ചെയ്തിട്ടൊന്നുമില്ല എന്ന് എന്നോട് തര്‍ക്കിക്കുകയാണ് എന്നിരിക്കട്ടേ. അപ്പോള്‍ നിങ്ങള്‍ പറയണം, അതു ശരിയല്ല സാന്‍റിയാഗോ ആ പടം ഡിലീറ്റ് ചെയ്തത് നിങ്ങള്‍ കണ്ടതാണ് എന്ന്. എനിക്കു നിങ്ങളെ വിശ്വാസമാണ്.

ഇതാ, സ്പാനിഷിലും ഇംഗ്ലീഷിലും ഓപ്ഷന്‍സ് വന്നു കഴിഞ്ഞു. ഡിലീറ്റ് ചെയ്യണമോ, വേറെ സേവ് ചെയ്യണമോ, മെയിലായി അയക്കണമോ, പിന്നെ വേറെയും എന്തെല്ലാമോ ചോദിക്കുന്നു. എനിക്കിത് ഡിലീറ്റ് ചെയ്താല്‍ മാത്രം മതി. അല്ലെങ്കില്‍ എങ്ങനെയെങ്കിലും അങ്ങു താഴെ സമുദ്രത്തിലേക്കീ ഫോണ്‍ എറിഞ്ഞു കളഞ്ഞാലും മതി. ശരി. ഞാന്‍ ഇതാ 'ഡിലീറ്റ്' ഓപ്ഷന്‍ എടുത്തു. കണ്ടല്ലോ ? ഇതാ, ആ പടം അലിഞ്ഞില്ലാതെയായത് കണ്ടല്ലോ. സാന്‍റിയാഗോ റൊമീന കള്ളം പറഞ്ഞുവെന്ന് നാളെ ആരും പറയരുത്. ഞാന്‍ ഇന്നു വരെ കള്ളം പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ ആണ് എന്‍റെ സാക്ഷ്യപത്രങ്ങള്‍.

ഹാ, ചിലിയിലെ ആദ്യത്തെ കാറ്റ് ഞാന്‍ ശ്വസിക്കുമ്പോള്‍ അവളൂടെ ഓര്‍മ തിരിച്ചു കൊണ്ടുവരാന്‍ പോലും ഇനി ഒന്നും എന്‍റെ പക്കല്‍ ഉണ്ടാവില്ല. ആ ഫോട്ടോ എടുത്ത ഫോണും എനിക്കു വേണ്ട. ഇത് ഞാന്‍ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കും. അവളുടെ രൂപം മനസില്‍ നിന്ന് മായ്ച്ചു കളയാന്‍ ചിലിയില്‍ എന്‍റെ മുഖത്ത് ആദ്യം സ്പര്‍ശിക്കുന്ന കാറ്റിനു കഴിവില്ല. എന്നാല്‍ മഞ്ഞും മഴയും കണ്ടു വളര്‍ന്നവനാണു ഞാനും. കാറ്റു മായ്ക്കാത്തതിനെ മഞ്ഞും മഞ്ഞു മായ്ക്കാത്തതിനെ മഴയും മായ്ച്ചുകൊള്ളും.

അവള്‍ ആരായിരുന്നുവെന്നോ? നിങ്ങളോട് അതു പറയാന്‍ എനിക്കു തീരെ മടീയില്ല. അതിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഒന്ന് കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്തോട്ടെ. ഇന്ന് ഞാന്‍ ഇതു വരെ കുടിച്ചിട്ടേയില്ല. ഇനി കുഴപ്പമില്ല. ഇപ്പോള്‍ അവളുടേതായി ഒന്നും എന്‍റെ പക്കല്‍ ഇല്ലല്ലോ. അല്ലെങ്കില്‍ സാരമില്ല. പ്ലെയിന്‍ ഇറങ്ങാന്‍ ഇനി അധിക സമയമില്ല. അവള്‍ ആരായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയാം.

അതെ അവള്‍, അവളാണു യൂറോപ്പിലെ ഒരു നഗരത്തില്‍ വെച്ച് എന്നെ കാറിടിച്ചു കൊല്ലാന്‍ നോക്കിയവള്‍. നഗരത്തിന്‍റെ പേര്‍ ഞാന്‍ പറയുകയില്ല. നിങ്ങള്‍ തെറ്റിദ്ധരിക്കും. എല്ലാ നഗരങ്ങളും എല്ലാവരോടും ഒരേ രീതിയിലല്ലല്ലോ പെരുമാറുന്നത്. അവളുടെ പേരു ല്യുഡ്മിളാ എന്നാണ്. അവള്‍ എന്നെ കാറിടിച്ചു കൊന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞു കിടക്കുമായിരുന്നു. അവള്‍ എന്നെ കാറിടിപ്പിച്ച് കൊല്ലുവാന്‍ ശ്രമിച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ ഇതാ തൊട്ടടുത്ത സീറ്റില്‍ അവള്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. അതെ, ആ സീറ്റ് ഇപ്പോഴും അവളുടെ പേരില്‍ തന്നെയാണ്.

ല്യുഡ്മിളാ എന്തിനാണെന്നെ കൊല്ലുവാന്‍ നോക്കിയതെന്ന് ഞാന്‍ ഊഹിക്കുന്ന സംഗതി ഒടുവില്‍ പറയാം. പ്ലെയിന്‍ താഴുന്നതിനു മുന്‍പ് തീര്‍ച്ചയായും പറയാം.

ല്യൂഡ്മിളായെ ഞാന്‍ ആദ്യം കാണുന്നത് ഒരു സിനിമാ ഫെസ്റ്റ്വലില്‍ വച്ചാണ്. ഞാന്‍ എങ്ങനെ അവിടെ എത്തിയെന്നു നിങ്ങള്‍ ചോദിക്കരുത്. സത്യമായും ഞാന്‍ ആ ഫെസ്റ്റിവലിനു വേണ്ടിയല്ല യൂറോപ്പിലേക്ക് നാലു മാസം മുന്‍പ് പോയത്. അതു പ്രസക്തമല്ലാത്തതിനാല്‍ ല്യുഡ്മിളയിലേക്കു മടങ്ങട്ടെ. ഏതോ ഏഷ്യന്‍ രാജ്യത്തു നിന്നുള്ള സിനിമയാണ് അന്നു ആ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്‍റെ ഇംഗ്ലീഷ് അത്ര മഹത്തരമല്ലെങ്കിലും ചിത്രത്തിന്‍റെ പ്രമേയം ഏതാണ്ടെനിക്കു മനസിലായി. ചിത്രം അവസാനിച്ചപ്പോള്‍ അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രദര്‍ശന ശാലയുടെ ഒരു വശത്തുള്ള ബോക്സിലേക്കു വരികയും കാണികളെ തലകുനിച്ചഭിവാദ്യം ചെയ്യുകയുമുണ്ടായി. കുറേ ഏറെ നേരം നീണ്ട കരഘോഷത്തില്‍ പങ്കേടുക്കവെയാണു പിന്‍ നിരയില്‍ കല്പ്രതിമ പോലെ ഇരിക്കുന്ന ല്യുഡ്മിളയെ ഞാന്‍ ആദ്യമായി കണ്ടത്.

അവളൂടെ കണ്‍പീലികള്‍ പോലും ചലിക്കുന്നുണ്ടായിരുന്നില്ല. അവളെ അധിക നേരം ശ്രദ്ധിക്കാനൊന്നും നേരമുണ്ടായില്ല. പക്ഷേ എങ്ങനെയോ ആളുകള്‍ തിക്കിത്തിരക്കി പുറത്തിറങ്ങുന്നതിനിടയില്‍ ഞങ്ങള്‍ ഒരുമിച്ചായി.

'നിങ്ങള്‍ക്കു പടം ഇഷ്ടപ്പെട്ടില്ലേ, കയ്യടിച്ചില്ലല്ലോ?' വെറുതെ ഒരു കൗതുകത്തിന്നു ഞാന്‍ അവളോട് ചോദിച്ചു. വെറുതെ നമ്മള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാറില്ലേ. അതുപോലെ തീരെ നിര്‍ദ്ദോഷമായ ഒന്ന്. അവള്‍ സംസാരിക്കുന്നതിനു പകരം കണ്‍ പോളകള്‍ക്കിടയില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു മഴക്കാറിനെ താഴേക്കിട്ടു. ആപ്പിള്‍ തോട്ടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന ആപ്പിളുകളിലേക്കു മഴത്തുള്ളികള്‍ വീഴുന്നത് നിങ്ങള്‍ ഒരു പക്ഷേ കണ്ടിട്ടുണ്ടാവില്ല. ല്യുഡ്മിളായുടെ കവിളുകള്‍ ചിലിയില്‍ ഞങ്ങള്‍ക്കു ഏറെ പരിചയമുള്ള ആപ്പിള്‍ പോലെ തന്നെ എന്നു ഞാന്‍ വിചാരിച്ചതില്‍ തെറ്റുണ്ടോ?

പ്ലെയിന്‍ ഇറങ്ങാന്‍ ഇനി അധിക നേരമില്ല. പറയാനാണെങ്കില്‍ ദിവസങ്ങളോളം പറയാനുണ്‍റ്റ്. ഞാന്‍ ചുരുക്കിപ്പറയാം. ഒന്നര മാസത്തെ ടൂറിനു വന്ന ഞാന്‍ മടക്ക ടിക്കറ്റ് നീട്ടിയെടുത്തു. ഒപ്പം ല്യൂഡ്മിളക്കു എന്നോടൊപ്പം ചിലിയിലേക്കു വരാന്‍ ഒരു ടിക്കറ്റു വാങ്ങുകയും ചെയ്തു. ചിലിയില്‍ നിന്ന് എന്‍റെ തോട്ടത്തിലെ ആപ്പിളുകള്‍ കയറ്റിയയ്ക്കുന്ന കമ്പനിയിലെ ആളുകള്‍ പല തവണ എന്നെ ബന്ധപ്പെട്ടെങ്കിലും പിന്നീട് എനിക്ക് ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചില സുപ്രധാന മീറ്റിംഗുകള്‍ അവതാളത്തിലായതില്‍ അവര്‍ക്ക് അല്പം അമര്‍ഷം ഉണ്ടെങ്കിലും എന്നോടൊപ്പം ഒരു അതിഥി കൂടി ചിലിയിലേക്കു വരുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. ആപ്പിളുകള്‍ ഞങ്ങളെ ഒരിക്കലും ചതിക്കാറില്ലെന്ന് ഞങ്ങള്‍ക്കറിയാം.

അതെ, ഞാന്‍ അതിലേക്കു തന്നെ വരികയാണ്. ഇന്നലെ രാവിലെ ഞങ്ങള്‍ ഒരുമിച്ച് എയര്‍ പോര്‍ട്ടിലേക്കു തിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോഴാണ് ല്യുഡ്മിള പറയുന്നത് അവള്‍ എന്നോടൊപ്പം വരുന്നില്ല എന്ന്. ഞാന്‍ അവള്‍ക്കു വാങ്ങിക്കൊടുത്തിരുന്ന ചില ആഭരണങ്ങള്‍ എന്‍റെ ഹാന്‍ഡ് ബാഗിനു മുകളില്‍ വെച്ചുകൊണ്ട് അവള്‍ പറയുകയാണ്, 'സാന്‍റിയാഗോ, നിങ്ങളോടൊപ്പം വന്ന് ചിലിയിലെ ജീവനുള്ള ആപ്പിളുകള്‍ കാണാന്‍ അര്‍ഹതപ്പെട്ടവളല്ല ഞാനെ'ന്ന്. അവള്‍ എന്താണെന്നു പറയുന്നതെന്ന് എനിക്കു മനസിലാകാന്‍ മൂന്നു നാലു മിനിറ്റെടുത്തു. എന്നോടൊപ്പം വരണമെന്ന് തന്നെയാണവളാഗ്രഹിച്ചിരുന്നത്. പക്ഷേ ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു മറ്റൊരു രാജ്യത്തേക്കു മടങ്ങണം. അവള്‍ അവിടെ ചെയ്തു കൊണ്ടിരുന്ന ഉന്നത വിദ്യാഭ്യാസം പൂര്ത്തിയാക്കണം. പിന്നെ നാട്ടിലേക്കു മടങ്ങി സുഖമില്ലാതെ കിടക്കുന്ന അമ്മയോടൊപ്പം അവരുടെ അവസാനം വരെ ജീവിക്കണം. ഫീസിന് ആവശ്യമുള്ള പണം നേടാനായിരുന്നു അവള്‍ യൂറോപ്പില്‍ സമയം ചെലവിട്ടതും അതിനിടയില്‍ യാദൃഛികമെന്നോണം എന്നെ കണ്ടു മുട്ടിയതും. ഒരു ശ്വാസത്തില്‍ ഇതെല്ലാം പറഞ്ഞ് അവള്‍ പൊടുന്നനെ പുറത്തേക്കു പോയി.

ചിലിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഇത്തരം കുഴപ്പങ്ങളില്‍ പെടരുതെന്നും എക്സ്പോറ്ട്ട് സംബന്ധമായ കരാറുറപ്പിച്ചു വേഗം മടങ്ങണമെന്നും ഞാന്‍ എടുത്തിരുന്ന തീരുമാനങ്ങളെല്ലാം ഒരുമിച്ച് എന്നെ പഴി പറഞ്ഞു.ഞാന്‍ ആകെ തകര്‍ന്നു പോയി. അണുവിട സമയം തെറ്റിക്കാത്ത മഴയേയും മഞ്ഞിനേയും വാക്കുമാറാത്ത ആപ്പിളുകളേയും മാത്രം അടുത്തറിയാവുന്ന ഒരു പാവം ആപ്പിള്‍ ബിസിനസുകാരനു പാടില്ലാത്ത വിധം പല സ്വപ്നങ്ങളും ഞാന്‍ കണ്ടു പോയിരുന്നു. കുറച്ചു നേരത്തേക്ക് ബോധഹീനനെ പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടി. രണ്ടു തവണ ഫോണ്‍ ചെയ്തെങ്കിലും അവള്‍ അറ്റന്‍ഡ് ചെയ്തതേയില്ല.

ഇതാ, ക്യാപ്റ്റന്‍റെ അനൗണ്‍സ്മന്‍റ്...അതെ, 'അതൊരു വലിയ സംഭവമായി എടുക്കാതെ' എന്നു സ്വയം പറഞ്ഞുകൊണ്ട് വളരെ പണിപ്പെട്ട് അങ്ങനെ വിശ്വസിച്ചു കൊണ്ട്, അതു വരെ ഓര്‍ക്കാന്‍ മറന്നു പോയിരുന്ന ചിലിയിലുള്ള ഒന്നു രണ്ട് സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാം എന്ന് ചിന്തിച്ചു കൊണ്ട് ഹോട്ടലിനടുത്തുള്ള ഷോപ്പിംഗ് മാളിലേക്കു ഞാന്‍ കയറുമ്പോഴാണ്- അവിടെയുള്ള ഓപ്പണ്‍ എയര്‍ റെസ്റ്റോറണ്ടില്‍ ല്യുഡ്മിളയും മറ്റൊരാളും! ആദ്യം മറ്റൊരു സിനിമയാണെന്നാണെനിക്കു തോന്നിയത്. എന്നെക്കണ്ട പാടെ അവള്‍ ഞട്ടിയെണീറ്റ് അയാളെയും വിളിച്ചു കൊണ്ട് എതിരെയുള്ള വാതിലിലൂടെ അതിവേഗം പുറത്തേക്കു പോയി.

ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു മുട്ടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരിക്കെ പെട്ടെന്നുള്ള ആ പുനസമാഗമം എന്‍റെ സമനില വീണ്ടും തെറ്റിച്ചു. എങ്ങനെയെങ്കിലും അവളെ എന്നോടൊപ്പം കൊണ്ടുപോകണമെന്ന് ഓര്‍ത്തു കൊണ്ട് ഞാന്‍ അവരുടെ പിന്നാലെ ഓടി. ഷോപ്പിംഗ് മാളിന്‍റെ ഭൂഗര്‍ഭ നിലയിലുള്ള പാര്‍ക്കിംഗില്‍ നിന്ന് അതിവേഗത്തില്‍ കയറി വന്ന കാറ് ഓടിക്കുന്നത് ല്യുഡ്മിളയാണെന്ന് കണ്ട ഞാന്‍ റോഡിലേക്കു ചാടിയിറങ്ങി തടയാന്‍ ശ്രമിച്ചു. അവള്‍ വേഗം കുറച്ചില്ല. തല നാരിഴയുടെ വ്യത്യാസമില്ലെങ്കില്‍ ഞാന്‍ ചതഞ്ഞരഞ്ഞേനെ. അവളോടൊപ്പം മുന്‍സീറ്റില്‍ ഇരുന്നിരുന്നയാള്‍ ഒന്നു തല തിരിച്ചു നോക്കി. എനിക്കു വിശ്വസിക്കാനായില്ല ആ കാറോടിച്ചത് അവളാണെന്ന്. കാറോടിച്ചിരുന്നത് അയാളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോയി. ഇതിനു ശേഷം ഞാന്‍ അനുഭവിച്ച മനോവേദന പറഞ്ഞറിയിക്കാനാണെങ്കില്‍ വളരെ സമയമെടുക്കും. നമുക്ക് സമയമില്ലല്ലോ ഇപ്പോള്‍.

ഇതാ പ്ലെയിന്‍ ചിലിയുടെ ആകാശത്തേക്ക് ഇറങ്ങുകയാണ്... അവള്‍ക്കായി വാങ്ങിയിരുന്നവയെല്ലാം ആ ഹോട്ടല്‍ റൂമില്‍ ഉപേക്ഷിച്ചാണു ഞാനിറങ്ങീയത്. യാന്ത്രികമായിരുന്നു എന്‍റെയീ മടക്കയാത്ര; ഫോണില്‍ നിന്ന് ആ ഫോട്ടോ കൂടി ഉപേക്ഷിച്ച ആ നിമിഷം വരെ. അതു നിങ്ങള്‍ കണ്ടതാണല്ലോ. ഞാന്‍ നേരെ പോകുന്നത് മഞ്ഞു വീണു കൊണ്ടിരിക്കുന്ന എന്‍റെ ആപ്പിള്‍ തോട്ടങ്ങളിലേക്കാണ്. ഞാന്‍ ഒപ്പിടേണ്ടിയിരുന്ന കരാറനുസരിച്ച് കഴിഞ്ഞയാഴ്ച കയറ്റിയയക്കേണ്ടിയിരുന്ന കുറെയേറെ ആപ്പിളുകള്‍ ചീത്തയായിരിക്കണം. അതുപോട്ടെ; ഇനി ആരെങ്കിലും വരാതിരുന്ന ആ അതിഥിയെപ്പറ്റി ചോദിച്ചാല്‍ നിങ്ങള്‍ പറയണം, സാന്‍റിയാഗോ അഫൊന്‍സൊ റൊമീനയുടെ ആകാശത്ത് ഇപ്പോള്‍ എട്ടു ഗ്രഹങ്ങളേയുള്ളൂ; ഒന്നു കൂടിയുണ്ടായിരുന്നത് പസഫിക് സമുദ്രത്തിലേക്കു വീണു പോയെന്ന്.

Tuesday, November 11, 2008

സാഞ്ചോ പാന്‍സായുടെ നില വിളക്ക്

ഞങ്ങളുടെ നാട്ടിലെ പ്രധാന ദിവ്യന്മാരില്‍ ഒരാളായിരുന്നു സാഞ്ചോ പാന്‍സ.

ദിവ്യന്മാര്‍ എന്നു പറഞ്ഞാല്‍ ഇവരൊക്കെയാണ് നാടു നന്നായി ഭരിച്ചിരുന്ന നല്ല 'മാടമ്പി'മാര്‍. കേന്ദ്ര -സംസ്ഥാന ഗവണ്മെന്‍റുകള്‍, ജില്ല-പഞ്ചായത്ത്, പോലീസ്, എല്ലാ ദിവസവും പ്രസംഗിച്ച് നനാ വാര്‍ത്തകള്‍ തന്നിരുന്ന രാഷ്ട്റീയക്കാര്‍ ഒക്കെ കൂടാതെ ദിവ്യന്മാരുടെ ഭരണം ഞങ്ങള്‍ക്ക് ഒഴിച്ചു കൂടാത്തതായിരുന്നു. നാട്ടില്‍ ആരെയും പേടിക്കാതെ ഏതു പാതിരാത്രിക്കും ഇറങ്ങി നടക്കാന്‍ ദിവ്യന്മാരാമിവര്‍ സഹായമായിരുന്നു. രാത്രികാലങ്ങളിലുള്ള ജാരയാത്രകള്‍/പ്രേതയക്ഷിവരത്തുപോക്കുകള്‍/കള്ളന്‍ ശല്യവും ഇവര്‍ കാരണം ഒട്ടുമില്ല എന്നു പറയാവുന്ന 'മാടമ്പി നാടു വാണിടും കാലം' എന്ന മനോഹര യുഗം. സംഗതി എന്താന്നു വെച്ചാല്‍ ഇവരിലാരെങ്കിലും ഒരാള്‍ എപ്പോഴും നാട്ടില്‍ ഫുള്‍ ഫോമില്‍ ഉണ്ടാകും. നാടിന്‍റെ ഏതു മൂലയിലും മുക്കിലും സമയത്തും അസമയത്തും ഇവരെ പ്രതീക്ഷിക്കാം. വായില്‍ ധാരാളം വചനങ്ങളും ഉണ്ടാകും. അടുത്തുള്ള ഏതെങ്കിലും ഷാപ്പില്‍ കറുത്ത ഉറുമ്പ്, അട്ട, പാറ്റ, പല്ലി, എലി ഇവയിലേതെങ്കിലും ഉപയോഗിച്ചു ഗാര്‍ണിഷു ചെയ്തിട്ടുള്ള കള്ള് വയറ്റില്‍ എപ്പോഴും നിറഞ്ഞ് ഓളമടിക്കുന്നുമുണ്ടാകും. അരയിലും ഒരു കുപ്പികാണാം. ആള്‍ ശല്യം തീരെയില്ല. ചിലപ്പോള്‍ തടഞ്ഞു നിര്‍ത്തി ദിവ്യമാം വചനങ്ങള്‍ പറഞ്ഞു തരും. നമുക്ക് തീരെ ഇന്‍ററസ്റ്റില്ലാന്നു തോന്നിയാല്‍ ഇവര്‍ നമ്മെ വിട്ടയക്കും. സ്ത്രീകള്‍ ഒപ്പമുണ്ടെങ്കില്‍ കൈ കൂപ്പി വണങ്ങി ദൂരെ നില്‍ക്കുകയേയുള്ളൂ. കല്യാണ,മരണ,കയറിപ്പാര്‍ക്കല്‍ വീടുകള്‍ തുടങ്ങിയവയെ സജീവ സാന്നിധ്യം കൊണ്ടും ഇന്ധന ക്ഷമത കൊണ്ടും ഇവര്‍ സഹായിച്ചും പോന്നു. നെഹറു (നെഹ്രു അല്ല), കാന്തി, പട്ടേല്(നേതാക്കളെ ഓര്‍മിപ്പിക്കത്തക്ക ആകാര വടിവുകള്‍ കാരണമീ അപരനാമധേയവല്‍ക്കരണം), ഉപ്പച്ചന്‍, കണ്ണങ്കുട്ടി, പൂപ്പര്‍, ഇതാക്ക്, തോമ തുടങ്ങി അനേക വീരയോദ്ധാക്കള് ഇവരുടെ ടീമില്‍ കാലാ കാലങ്ങളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. ഇവരില്‍ മിക്കവരും ഒന്നു പരാമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെയെങ്കിലും(വിസ്താര ഭയം മൂലം പോസ്റ്റ്പോണ്‍ഡ്) ഇവരില്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ സ്ഥിരമായി വിലയിടിവു നേരിട്ടിരുന്ന സാഞ്ചോ പാന്‍സയുടെ ഒരു ചെറുജീവിത സന്ദര്‍ഭം വിവരിക്കാം.

സാഞ്ചോ പാന്‍സയുടെ ജീവിതമായിരുന്നു ജീവിതം. ആളിന്‍റെ ഒരു വാങ്മയചിത്രം വരക്കാന്‍ രണ്ടേ രണ്ടു വര വരച്ചാല്‍-ഒരു നാലരയടി പൊക്കം; നീട്ടി വളര്‍ത്തി/വളര്‍ന്ന് തോള്‍ കവിയുന്ന മുടി. അതു മതി. അല്ലലുമില്ല, അലച്ചിലുമില്ല, ടെന്‍ഷനുമില്ല, പ്രഷറുമില്ലാത്ത ആരും കൊതിക്കുന്ന നല്ല ഒന്നാന്തരം പ്ലഷര്‍ഫുള്‍ ലൈഫ്. ഇടപെടുന്ന എല്ലാ കാര്യങ്ങളും സാമാന്യം നന്നായി കുളമാക്കിയെടുക്കാനുള്ള അപൂര്‍വ സിദ്ധി കാരണം, മക്കള്‍ അത്യാവശ്യം പലചരക്കു കടയില്‍ പോകുന്ന പ്രായമായതോടെ സാഞ്ചോയുടെ പത്നി അദ്ദേഹത്തിന് ഇഹലോകദു:ഖങ്ങളില്‍ നിന്ന് വി.ആര്‍.എസ് നല്‍കി വിട്ടയച്ചു. നേരത്തെ സാഞ്ചോക്ക് വലിയ ഇഹലോക ദു:ഖമായിരുന്നുവെന്നൊന്നും വിചാരിക്കരുത്. അദ്ദേഹത്തിന്‍റെ ജീവിതം ഇങ്ങനെ അങ്ങു സംഭവിച്ചു കൊണ്ടിരുന്നുവെന്നു മാത്രം. അങ്ങനെയാണു മുമ്പൊക്കെ ഒളിഞ്ഞും മങ്ങിയും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ദിവ്യമാടമ്പി ടീമില്‍ സാഞ്ചോ സ്ഥിരം ക്ഷണിതാവാകുന്നത്. അങ്ങനെ ഒരു 'ടൊന്‍റിഫോര്‍സെവന്‍' എന്‍റര്‍റ്റയ്ന്മെന്‍റായി ജീവിതം കൊണ്ടു പോകാന്‍ ഒരവസരം കിട്ടിയാല്‍ ദേ നമ്മളും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ഒരോട്ടം വെച്ചുകൊടുക്കില്ലേ.

ദിവ്യമാടമ്പി ടീമില്‍ അനവധി മണ്ടത്തരങ്ങളുമായി സാഞ്ചോ തനതുവ്യക്തിത്വം കാത്തു.
ഷാപ്പുകള്‍ കടം കൊടുത്തുകൊടുത്ത് ഉടക്കുന്ന സമയത്തു മാത്രമേ സാഞ്ചോ വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടുള്ളൂ. കോഴികള്‍, മുട്ട, വാഴക്കുല, തേങ്ങ, ഓല, ചേമ്പ്, കാച്ചില് ഇങ്ങനെ സ്വയം ഭൂവാകുന്ന കുറേ വസ്തുക്കള്‍ ഇടക്കിടെ പറമ്പില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിലും സാഞ്ചോയുടെ വീട്ടുകാര്‍ക്ക് പരാതിയില്ല. ഇതൊക്കെ വല്ലവരും കൊണ്ടു പോകുന്നതിലും നല്ലതല്ലേ ഗൃഹനാഥനാം സാഞ്ചോ തന്നെ ഉപഭോക്താവായി മാറുന്നത്. കൂടാതെ അദ്ദേഹം പലതരത്തില്‍ നാടിനൊരനുഗ്രഹമായിത്തീര്‍ന്നു കൊണ്ടിരിക്കുകയും. സാഞ്ചോയുടെ ജീവിതപര്യമ്പുറങ്ങള്‍ വിവരിക്കാനിനിയുമുണ്ട്. മറ്റു ചില കഥകള്‍ കൂടി പറയാനൊത്താല്‍ അവിടെ പൊടിപ്പും തൊങ്ങലുമാക്കാനായി അവ നീക്കി വയ്ക്കുന്നു.

വരുന്നൂ, ക്ലബ്ബിന്‍റെ ഒന്നാം വാര്‍ഷികം. നാട്ടിലെ നാനാജാതിമതസ്ഥരായ പിള്ളേരെല്ലാം കൂടെ ദേശീയോത്സവങ്ങള്‍, അവധികള്‍, നാലുമണി മുതല്‍ രാത്രി ഒമ്പതു വരെ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉഴപ്പാനായി ഉപയോഗപ്പെടുത്തിയിരുന്ന ഒരു സംവിധാനമാണിത്. ഉപ്പച്ചന്‍ 'മിസ്റ്റര്‍ പ്രസിഡന്‍റാ'യിരുന്ന കാലത്ത് നാട്ടിലെ പബ്ലിക്ക് ലൈബ്രറിയിലെ ഗെയിംസ് റൂമിന്‍റെ വാതിലില്‍ 'ശബ്ദമില്ലാതെ ശീട്ടുകളിക്കണം' എന്നെഴുതിപ്പറ്റിച്ചതില്‍ പ്രതിഷേധിച്ചാണു ക്ലബിന്‍റെ തുടക്കം. വാര്‍ഷികം എന്ന മഹാമഹം നല്ലതുപോലെ ഉഴപ്പാവുന്ന ഒരു സന്ദര്‍ഭമായി മുങ്കൂട്ടിക്കണ്ടിട്ടായാലും എന്തായാലും അതിങ്ങു പെട്ടെന്ന് വന്നെത്തി. പിള്ളേരുടെ ഓട്ടം, ചാട്ടം, വടം വലി, ഫുട്ബാള്‍, പാട്ട്, തിരുവാതിര കളി, പ്രസംഗം തുടങ്ങി അന്തമില്ലാത്ത മത്സരങ്ങളിലെല്ലാം വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം എന്ന മഹാബോറ് പരിപാടിക്കായി മലയാളത്തിന്‍റെ മഹാനടന്മാരിലൊരാളെത്തന്നെ സംഘടിപ്പിച്ചു.

ആയിടെക്ക് അങ്ങു വടക്കെങ്ങാണ്ട് ഉണ്ടായ 'വെള്ളപ്പൊക്ക സഹായ നിധി'യിലേക്ക് ക്ലബ് നല്‍കാനുദ്ദേശിക്കുന്ന ഉദാര സംഭാവനകളുടെ ഉദ്ഘാടനവും നടന്‍ നിര്‍ വഹിക്കുമെന്ന അനൗണ്‍സ്മെന്‍റുമായി രാവിലെ മുതല്‍ ഒരോട്ടോ കറങ്ങിയടിച്ചതിന്‍റെ ഫലമായി നാനാപുരവാസികളും എത്തിച്ചേര്‍ന്നു. നാലുമണിക്കു വരുമെന്നറിയിച്ചിരുന്ന നടന്‍ വന്നപ്പോള്‍ വളര വൈകി. നടനെ കണ്ടു കഴിഞ്ഞതിനാലും, നേരം വൈകുന്നതിനാലും സമ്മാനദാനത്തിനു അതു കിട്ടാനുള്ളവര്‍ മാത്രമേ നില്‍ക്കൂവെന്നു തോന്നിയതിനാലും പ്രധാന ഇനമായ പിരിവുദ്ഘാടനം ആദ്യമാകട്ടെയെന്നു കമ്മറ്റി.

സഹായനിധിയിലേക്കു സംഭാവന നല്‍കുന്നതിനേപ്പറ്റി നടനും ആളുകളെ പ്രസംഗിച്ചിളക്കി.

അപ്പോളിതാ ഒരു കൊച്ചു പ്രകാശം ആള്‍ക്കൂട്ടത്തിനിടയിലൂടെ മന്ദം മന്ദം വേദിയിലേക്കു നീങ്ങി വരുന്നു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി. കയ്യില്‍ കത്തിച്ചു പിടിച്ച ഒരു നിലവിളക്കുമായി സാഞ്ചോ പാന്‍സ!!! പോരാത്തതിന് അദ്ദേഹം അതീവ ദു:ഖത്തോടെ കരയുകയായിരുന്നു.

സ്റ്റേജിലേക്കു കയറാനായി ഇട്ടിരുന്ന ബെഞ്ചില്‍ കയറി നിന്നു കൊണ്ട് സാഞ്ചോ നിലവിളക്ക് നടനു നേരെ നീട്ടി.

'സാര്‍, ഇതു ഇപ്പോള്‍ത്തന്നെ സ്വീകരിക്കണം. എന്‍റെ ഒരു ആഗ്രഹമാ, സഹായനിധിക്കു തരാന്‍ വേറൊന്നൂല്ല കയ്യില്‍. സഹായിക്കണോന്നുള്ളോര് തക്ക സമയത്തു പ്രവര്‍ത്തിക്കണോന്നു സാറു പറഞ്ഞതെത്ര ശരിയാ'

ഒന്നന്തം വിട്ടു പോയ കമ്മറ്റിക്കാര്‍ ചിലര്‍ സമനില വീണ്ടെടുത്ത് വളരെ ശ്രമിച്ചങ്കിലും സാഞ്ചോ പാറ പോലെ ഉറച്ചു നിന്നു, ഒടുവില്‍ ആ നിലവിളക്കു ഏറ്റുവാങ്ങേണ്ടി വന്നു നടന്. സാഞ്ചോ അപ്പോഴും കരയുകയായിരുന്നു.
-----------------------
പൂമുഖത്ത് കൊളുത്തി വച്ചിരുന്ന നിലവിളക്കു കാണാതെ പരിഭ്രാന്തയായെങ്കിലും അത് എവിടെപ്പോയിരിക്കുമെന്ന് നല്ല ഉറപ്പുണ്ടായിരുന്ന സാഞ്ചോയുടെ പത്നി അതിവേഗം അദ്ദേഹത്തെ തേടി നീങ്ങിയപ്പോഴാണ്, സ്ക്കൂള്‍ ഗ്രൗണ്ടിലെ സ്റ്റേജില്‍ ആള്‍ക്കൂട്ടത്താല്‍ ചുറ്റപ്പെട്ട് കയ്യില്‍ കത്തിച്ച നില വിളക്കുമായി നടനും അരികില്‍ കൃതാര്‍ഥനായ സാഞ്ചോയും അന്തം വിട്ട കമ്മറ്റിക്കാരും നില്‍ക്കുന്നത് ശ്രദ്ധയില്പെട്ടത്. ഒടുവില്‍ സാഞ്ചോയെയും കമ്മറ്റിക്കാരെയും അത്യാവശ്യം അപലപിച്ച് അവര്‍ നില വിളക്കുമായി മടങ്ങി.

Monday, October 27, 2008

സങ്കടത്തിന്‍റെ ധൂളികള്‍

2004-ലെ എന്‍റെ ജന്മ ദിനത്തിന്‍റെ തലേന്ന് രാത്രി ഒമ്പതര. ടൗണ്‍ വരെ പോയി വൈകി തിരിച്ചു വന്ന് ടി.വിയില്‍ എന്തോ ഒന്നു കണ്ടു കൊണ്ട് അമ്മ തന്ന ചായ കുടിക്കുമ്പോഴാണ് അഛന്‍റെ വിളീ:

'എടാ... എനിക്ക് എന്തോ ഒരു വയ്യായ പോലെ..'

മനസില്‍ വളഞ്ഞു മിന്നിയ കൊള്ളിയാന്‍ പൊത്തിപ്പിടിച്ച് അഛന്‍ കിടക്കുന്ന കട്ടിലിനരികിലേക്ക് വേഗം ചെന്നു. വന്നപ്പോള്‍ എന്തെങ്കിലും പ്രയാസമുണ്ടോ എന്നു ചോദിച്ചതിനു ഇല്ല എന്ന അര്‍ഥത്തില്‍ മൂളീയതാണല്ലോ. പിന്നെ...

'എന്തു പറ്റി?'

'എന്തോ എനിക്കു ദേഹത്തിനു തീരെ ബലമില്ല. ഇടതു കാലിനു എന്തോ ഒരിത്...'

'നോക്കട്ടെ'

കാലുകള്‍ പതിവു പോലെ തണുത്തു തന്നെയാണ്. ഡയബറ്റിസിന്‍റെ ഹിമപാതം. കാല്പത്തിക്ക് നീരില്ല. പക്ഷേ ദേഹം വിയര്‍ക്കുന്നുണ്ട്. കിടക്കയില്‍ ഇരുന്നു താങ്ങിയപ്പോള്‍ മെല്ല കൈകുത്തി എണീറ്റു. എന്‍റെ മേലെക്ക് ചാരിയിരുത്തി.

'ഷുഗര്‍ കുറഞ്ഞതായിരിക്കും, വിയര്‍ക്കുന്നുണ്ടല്ലോ, സാരമില്ല..അമ്മേ,എന്തെങ്കിലും കുടിക്കാന്‍ കൊണ്ടു വരൂ, മധുരം ഇട്ട്...'

'അല്ല, എന്തോ ഒരു ബലക്കുറവുണ്ട്. എനിക്കു കുടിക്കാന്‍ വേണ്ട'

'എണീറ്റു നില്‍ക്കാമോ, ഞാന്‍ പിടിച്ചോളാം..'

'ഇല്ല, കിടക്കട്ടെ..'

തല ചുറ്റുന്നത് വക വെയ്ക്കാതെ ഞാന്‍ പൂമുഖത്തേക്കു നടന്നു; പിന്നെ പെട്ടെന്ന് തിരിച്ചു ചെന്ന് ചോദിച്ചു:

'എപ്പോള്‍ മുതലാണു വയ്യാന്നു തോന്നിയത്?'

'ഉച്ച മുതലേ എന്തോ പോലെ തോന്നിയിരുന്നു, സാരമില്ലാന്നോര്‍ത്തു...'

പിടിച്ചു വെച്ച കൊള്ളിയാന്‍ ഒന്നാഞ്ഞു മിന്നി.

'ഇപ്പോള്‍ വയ്യായ കൂടുതലുണ്ടോ?'

'അതു പോലെ തന്നെ; എടാ അവിടെ.......നടക്കുന്നിടത്ത് എല്ലാവരുമുണ്ട്. നീ ഒന്നു വിളിക്ക്. നാളെ ഇനി ആശുപത്രിയില്‍ പോകണമെന്നു തോന്നിയാല്‍ നടക്കില്ല. ബന്ദാണു നാളെ, പിന്നെ ഞായറാഴ്ചയും..'

'അത്രക്കു പ്രയാസം തോന്നുന്നുണ്ടോ?'

ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഉച്ച മുതല്‍ എല്ലാം കണക്കു കൂട്ടി വെച്ചിരിക്കുന്നു. നാള ബന്ദ്. ഞായറാഴ്ച. ആശുപത്രിയില്‍ പോകണമെങ്കില്‍ ഇപ്പോള്‍ പോകണം. രണ്ടു മണിക്കൂറു കൂടി കഴിഞ്ഞാല്‍ ഒരു വാഹനവും കിട്ടില്ല. ഞാന്‍ ഫോണെടുത്തു.

എല്ലാവരും പാഞ്ഞെത്തി.

'ടാക്സി ഞാന്‍ വിളിച്ചിട്ടുണ്ട്, പെട്ടെന്ന് പോണം; കുറച്ചു കൂടി വൈകിയാല്‍ ബന്ദുകാര്‍ ചിലപ്പോള്‍ കല്ലും കട്ടയും വലിച്ച് വെച്ച് വഴി മുടക്കും' പ്രധാനി പറഞ്ഞു.

'ഒന്നും വിഷമിക്കണ്ടാ, നമുക്ക് ആശുപത്രിയിലേക്ക് പോകാം' അഛന്‍റെ ഇഷ്ടക്കാരില്‍ മുമ്പനായ ആള്‍ അടുത്തു നിന്നു, 'എണീക്കാമോ' എന്നു ചോദിച്ചപ്പോള്‍ മുഖം ആകെ വല്ലാതാകുന്നതു ഒരു നോക്കു കണ്ടു.

ടാക്സി വന്നു. പ്രധാനി ആളില്‍ കുറിയവനാണെങ്കിലും അഛനെ എടുത്ത് നടന്ന് ടാക്സിയില്‍ ഇരുത്തി. 'ഏത് ആശുപത്രിയിലേക്കാ?' പെട്ടെന്ന് മനസു ഇടുങ്ങിപ്പോയിരുന്നു. ഉയരം കൂടിയ ജയില്‍ ഭിത്തികള്‍ക്കിടയിലെ വിടവില്‍ നില്‍ക്കുന്നതു പോലെ. 'സ്ഥിരമായി കാണാറുള്ള ഡോക്ടറുടെ അടുത്തേക്കു തന്നെ പോകാം, ആശുപത്രിയും അടുത്താണല്ലോ' ആരോ പറഞ്ഞു. കാറില്‍ ആരെല്ലാമോ കൂടെക്കയറി. ചിലര്‍ ബൈക്കില്‍ പിന്നാലെ.

അര മണിക്കൂറ് ഒന്നോ രണ്ടോ തവണ ശ്വാസം വിടുന്നതു പോലെ പോയി. പിന്‍ സീറ്റില്‍ അഛനെ താങ്ങി പ്രധാനിയും ഇഷ്ടനും മറ്റാരോ ഒരാളും. തിരിഞ്ഞു നോക്കുമ്പോള്‍ അഛന്‍ നോട്ടം മാറ്റിക്കളഞ്ഞു.

ആശുപത്രി. അഛനെ എടുത്ത് ഒബസറ്വേഷന്‍ ഡെസ്കില്‍ കിടത്തി. സ്ഥിരം നോക്കുന്ന ഡോക്ടര്‍ പോയിക്കഴിഞ്ഞു. ഇനി നാളെയേ വരൂ. ഡ്യൂട്ടി ഡോക്ടര്‍ എന്ന സ്ത്രീ പെട്ടെന്നു വന്നു. അവരെക്കാള്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നത് തലമൂത്ത നഴ്സ്. ഹിസ്റ്ററി പറഞ്ഞുകൊടുത്തു. ഫയല്‍ കൊണ്ടു വന്നു. പ്രഷര്‍ നോട്ടം ഒക്കെ മുറപോലെ. എനര്‍ജറ്റിക് ആകാനായി-നഴ്സ് പറഞ്ഞത്-എന്തോ കുത്തിവെച്ചു. ഒരു കട്ടിലിലേക്ക് എല്ലാവരും കൂടി എടുത്ത് കിടത്തി. ചോദിച്ചപ്പോള്‍ ഇപ്പോള്‍ സാരമില്ല എന്നു അഛന്‍റെ മറുപടി. മനസിന്‍റെ ചരടു പൊട്ടിക്കഴിഞ്ഞിരുന്നു അപ്പോള്‍. കണ്ണുനീരില്ല. പക്ഷേ...

കുറച്ചു കഴിഞ്ഞപ്പോള്‍ ഒബ്സര്വേഷനില്‍ അഛനും ഞാനും മാത്രമായി. നാളെ ബന്ദായതിനാല്‍ എല്ലാവര്‍ക്കും പരിഭ്രമമുണ്ട്. ചിലരൊക്കെ ഇടക്കു വന്നു യാത്ര പറഞ്ഞു പോയി. വാഹനമുള്ളവരുടെ കൂടെ ഇപ്പോള്‍ത്തന്നെ പോയില്ലെങ്കില്‍ അവരൊന്നും വീടെത്തില്ല. ബന്ദു തുടങ്ങാറായി.

പതിനൊന്നര ആയപ്പോള്‍ വാര്‍ഡിലേക്കു മാറ്റാമെന്നായി തലമുതിര്‍ന്ന നഴ്സ്. ഇനി രാവിലെയേ ട്റീറ്റ്മെന്‍റുണ്ടാവൂ. സ്റ്റ്റെച്ചറില്‍ വാര്‍ഡിലേക്ക്. നിറയെ പ്രായമുള്ള രോഗികള്‍. എല്ലാ ബെഡിലും ആള്‍. ചുരുക്കം ചിലരോടൊത്ത് ബന്ധുക്കളും. മിക്കവരും ഉറക്കം പിടിച്ചു കഴിഞ്ഞു. വാര്‍ഡിനു നടുവിലുള്ള ഒരു ബെഡാണ് അഛന്. ആരോ പോയി ഒരു കുപ്പി വെള്ളവും മറ്റും കൊണ്ടു വന്നു. കാന്‍റീനൊക്കെ അടച്ചുപോയി; രാത്രിയില്‍ എന്തെങ്കിലും കുടിക്കണമെന്ന് തോന്നിയാലോ. പ്രധാനിയും മറ്റും പിന്നെ എന്‍റെ രണ്ട് സുഹൃത്തുക്കളും അടുത്തു വന്നു; രാത്രി നില്‍ക്കണമോ എന്നു ചോദിച്ചു. പകല്‍ മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ചവരാണെല്ലാവരും. ടാക്സിക്കാരന്‍ തിരിച്ചു പോയാല്പിന്നെ മടങ്ങാന്‍ വാഹനവുമില്ല; നാളെ ബന്ദ്. ഞായറാഴ്ച. നാളെ എങ്ങനെ എങ്കിലും വരാമെന്നു പറഞ്ഞ് എല്ലാവരും പോയി.

അഛന്‍ കണ്ണടച്ചു കിടക്കുന്നു. അല്പം വെള്ളം കുടിച്ചു. സംസാരിച്ചില്ല. അപ്പോള്‍ അഛന്‍റെ രണ്ടു കസിന്‍ സിസ്റ്റര്‍മാരും മറ്റുമായി ഒരു കൂട്ടം ആളുകള്‍ കേട്ടറിഞ്ഞ് എത്തി. വിവരങ്ങളൊക്കെ ചോദിച്ചു, സംസാരിച്ചു കൊണ്ടിരിക്കെ അഛനു പെട്ടെന്ന് ഛര്‍ദ്ദി. നഴ്സ്മാരെ വിളിച്ചു വരുത്തി. അവര്‍ അത്യാവശ്യ ശുശ്രൂഷകള്‍ ഒക്കെ ചെയ്തതോടെ ബന്ധുക്കള്‍ ബന്ദിന്‍റെ കാര്യം ഓര്‍ത്തു. 'എന്നാലിനി നമുക്കു പോകാം, നാളെ ബന്ദല്ലേ' എന്ന് പറഞ്ഞ് പെട്ടെന്നു തന്നെ മടങ്ങി.

വാര്‍ഡില്‍ അഛനും ഞാനും തനിച്ചായി. മറ്റു രോഗികളൊക്കെ ഉറക്കം. ഇടക്ക് ആരോ ഉറക്കത്തില്‍ പിറുപിറുത്തു. ഇടയ്ക്കിടെ കൊതുകുകള്‍ മൂളി വരുന്നു. ജനാലകള്‍ എല്ലാം അടച്ചിട്ടുണ്ട്. വാര്‍ഡിനുള്ളില്‍ വായുവിനു നല്ല ഘനം. അഛന്‍ ഒരിക്കലും കിടക്കുമ്പോള്‍ പുതക്കാറില്ല. ജൂണിലും ഡിസംബറിലും പോലും ഫാന്‍ ഫുല്‍സ്പീഡിലിട്ടേ ഉറങ്ങൂ. അത്രക്കു ചൂടാണു ശരീരത്തിന്. നഴ്സുമാര്‍ ഒരു ബ്ലാങ്കറ്റ് കൊണ്ടുവന്നു അഛനെ മൂടി. അഛനു ഇര്‍ഷ്യയുണ്ട്; പുറമേ കാണിക്കുന്നില്ല.

പുറത്ത് ബന്ദും വലിയ ഒരു കരിമ്പടമായി രാത്രിക്കു മേല്‍ വന്നു വീണിരിക്കണം.

'നീ ഇവിടെ കിടന്നോ..' അഛന്‍ ബെഡിന്‍റെ ഒരു സൈഡിലേക്കു മാറി സ്ഥലമുണ്ടാക്കാന്‍ നോക്കി. തടഞ്ഞു. ഇന്നിനി ഉറങ്ങാനോ? ബഡില്‍ അഛന്‍റെ കാല്‍ക്കല്‍ ഇരുന്നു. അഛന്‍റെ മുഖം നോക്കി; അഛന്‍ കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കയാണ്. ഉറങ്ങുകയൊന്നുമല്ല. ഛര്‍ദ്ദി വന്നപ്പോള്‍ത്തന്നെ മനസ് ഒരു അലെര്‍ട്ട് കോള്‍ തന്നു. ഇതെന്തോ സാധാരണ പോലെയല്ല. ഷുഗര്‍ കുറഞ്ഞതല്ല. ഡോക്ടര്‍ ഇനി രാവിലേയല്ലേ വരൂ. നേരത്തെ വരേണ്ടതായിരുന്നു. നേരം വൈകും വരെ ടൗണില്‍ ചുറ്റേണ്ടിയിരുന്നില്ല. നാളെ പിറന്നാളല്ലേ എന്നോര്‍ത്ത് പതിവില്ലാതെ, ഒരിക്കലും പിറന്നാള്‍ ആഘോഷിക്കാത്ത ഞാന്‍ അവിടെയും ഇവിടെയുമെല്ലാം കറങ്ങേണ്ടിയിരുന്നില്ല. അഛനു കുഴപ്പൊമൊന്നുമില്ലാതിരുന്നാല്‍ മതിയായിരുന്നു.

ചിന്തകള്‍ എന്നെ പേടിപ്പിച്ചു തുടങ്ങി. പിന്നിട്ട കാലവും വരാനുള്ള കാലവും പച്ചയും കത്തിയും ഒക്കെയായി വാര്‍ഡിന്‍റെ ചാരിയിട്ടിരിക്കുന്ന കതകുകള്‍ക്കിടയില്‍ തിരനോക്കി. കൂട്ടലും കിഴിക്കലും അടുത്തു വന്നു നിന്ന് ഞങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ഗാംഭീര്യം കൊണ്ടുതുടങ്ങി.

അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. ഒന്നു തിരിച്ചു വിളിക്കാന്‍ പോലും തോന്നിയില്ല. മുന്‍പ് അഛന്‍ ആശുപത്രിയിലായപ്പോഴൊന്നും രാത്രിയില്‍ എത്ര നിര്‍ബന്ധിച്ചാലും അമ്മയെ ആശുപത്രിയില്‍ ഞാന്‍ കൂട്ടിനു നിര്‍ത്തിയിട്ടില്ല. ഒരു രാത്രി ഉറക്കമൊഴിഞ്ഞാല്‍ അമ്മ അടുത്ത കട്ടിലില്‍ അഡ്മിറ്റാവും. അത്രയെ ഉള്ളൂ അമ്മയുടെ ആരോഗ്യം. അതെനിക്കല്ലേ അറിവുള്ളൂ. പകല്‍ അമ്മ വന്നോട്ടെയെന്നായിരുന്നു എന്‍റെ പോളിസി.

അഛന്‍ ഒന്നനങ്ങി.

'എന്താ, എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടോ?'

'ടോയ് ലറ്റില്‍ ഒന്നു പോകണമല്ലോ' അഛന്‍ കരിമ്പടം തട്ടിമാറ്റി വലതു കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. താങ്ങിയിരുത്തേണ്ടി വന്നു.

'അതിനെന്താ, അതല്ലേ ടോയ് ലറ്റ്. ആ കിടക്കുന്ന രണ്ട് ബെഡിനപ്പുറം ടോയ് ലറ്റാണ്.' ഞാന്‍ പറഞ്ഞു. പത്തോ പന്ത്രണ്ടോ അടി മാത്രം. അഛന്‍ സാധാരണ പോലെ എഴുന്നേല്‍ക്കാന്‍ നോക്കി. പിന്നെ ശ്വാസം പിടിച്ച് ഇരുമ്പു കട്ടിലിന്‍റെ തലയില്‍ പിടിച്ചു.

'എണിക്കാന്‍ പറ്റുന്നില്ലല്ലോ, നീ ഒന്നു പീടിച്ചാല്‍ മതി'

ഞാന്‍ അഛന്‍റെ ഇടതു തോളിനടിയില്‍ എന്‍റെ വലതു തോള്‍ പീടിച്ച് അഛനെ ഉയര്‍ത്തി നിര്‍ത്തി. അപ്പോഴാണു ഞാന്‍ ഞെട്ടലോടെ അറിഞ്ഞത്, അഛന്‍റെ ഇടതു കാല്‍ ഒരു ബലവുമില്ലാതെ അങ്ങനെ..അഛനു തന്നെത്താന്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നില്ല. അഛന്‍റെ മുണ്ട് പെട്ടെന്നുരിഞ്ഞു; അഛന്‍ വലതു കൈകൊണ്ട് മുണ്ടില്‍ പിടിച്ചു.

അഛന്‍റെ ഇടതു കൈ എന്‍റെ തോളിലാണ്. അഛന്‍ ചുറ്റും നോക്കുന്നുണ്ട്; സാരമില്ല, എല്ലാവരും ഉറക്കത്തിലാണല്ലോ.

'നിക്ക്, ഞാന്‍ ഉടുപ്പിച്ചു തരാം'

ഞാന്‍ കുനിഞ്ഞു നിന്ന് അഛനെ എന്‍റെ പുറത്തേക്കു ചായ്ച്ചു നിര്‍ത്തി. ഞാന്‍ പിടിവിട്ടാല്‍ അഛന്‍ തനിയെ നില്‍ക്കില്ല എന്ന് എനിക്കു തോന്നി. അഛനെ ചുറ്റിപ്പിടിച്ചു കൊണ്ട് തന്നെ ഒരു വിധത്തില്‍ അഛന്‍റെ മൂണ്ട് ഞാന്‍ ഉടുപ്പിച്ചു. മുണ്ടില്‍ നിന്ന് കൈ സ്വതന്ത്രമായപ്പോള്‍ അഛന്‍ കട്ടില്‍തലയില്‍ വീണ്ടും പീടിച്ചു.

'എന്നെ പിടിച്ചു കൊണ്ട് നടന്നോളൂ, ആ രണ്ട് കട്ടിലിനപ്പുറം ടോയ് ലറ്റാണ്'

അഛനെ തോളില്‍ താങ്ങിക്കൊണ്ട് ഞാന്‍ നീങ്ങീ. അഛന്‍ കട്ടില്‍ത്തലയുടെ പിടി വിട്ടു. അതേ ക്ഷണത്തില്‍ ഞാന്‍ വീണ്ടും നടുങ്ങി. അഛനു ബലമേയില്ല. അഛന്‍റെ മുഴുവന്‍ ഭാരവും എന്നിലേക്കു തന്നെ. കട്ടില്‍ തല വിട്ട അഛന്‍റെ വലതു കൈ അതിവേഗത്തില്‍ വായുവില്‍ ചുറ്റിപ്പരതി; മറ്റൊരു സപ്പോറ്ട്ടിനായി. ആ കൈ തിരിച്ചു വന്ന് എന്‍റെ നെഞ്ചിനു കുറുകെ ചുറ്റി ഇടതു തോളില്‍ പിടിച്ചു. അതോടെ അഛന്‍ ഒന്നുലഞ്ഞു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചായിരിക്കണം നടുങ്ങിയത്. അഛന്‍റെ ഇടതു കാല്‍ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല എന്ന് അഛന്‍ അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ എനിക്ക് എവിടെ നിന്നോ കുറച്ചു ധൈര്യം കിട്ടി.

'സാരമില്ല, ഞാന്‍ പിടിച്ചീട്ടുണ്ട്, ഇത്ര നീങ്ങിയാല്‍ മതിയല്ലോ..' ഞാന്‍ പതിയെ പറഞ്ഞു. അഛന്‍ മിണ്ടിയില്ല. ടോയ് ലറ്റില്‍ പോകണമെന്ന് അത്യാവശ്യമുണ്ടെന്ന് മുഖം പറയുന്നു. അങ്ങറ്റത്തുള്ള കട്ടിലിലെ രോഗി ഒന്നു ചുമച്ചു. ഞങ്ങള്‍ ഒരു ചുവടു വെച്ചു. അഛന്‍റെ മുഴുവന്‍ ഭാരവും ഇപ്പോള്‍ എന്നിലാണ്. അഛന്‍റെ ഇടതു കാല്‍ തറയില്‍ വലിയുന്നത് ഞാന്‍ കണ്ടു. ഒരു ചുവടു കൂടി ഞങ്ങള്‍ വച്ചു. രണ്ട് ബെഡുകള്‍ക്കിടയിലുള്ള സ്ഥലത്തായി. അപ്പോഴേക്കും അഛന്‍ എന്നിലേക്ക് മുഴുവനായി ചെരിഞ്ഞു. വലതു കൈകൊണ്ട് എന്‍റെ തോളില്‍ പിടിച്ചത് വിയര്‍പ്പില്‍ തെന്നി പാതി എന്‍റെ കഴുത്തിന്‍റെ ഇടതു ഭാഗത്തായി പതിഞ്ഞു. വേദന ഒന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല; എങ്ങനെയും അഛനെ നേരെ നിര്‍ത്തണം; താഴെ വീണു പോവരുത്. ഇതെല്ലാം നടക്കുന്നത് നൊടി നിമിഷങ്ങള്‍ക്കുള്ളിലാണ്.

'കഴിയില്ല, മുന്‍പോട്ട് നീങ്ങാന്‍ പറ്റില്ല, നിനക്കു വയ്യ, കട്ടിലില്‍ തന്നെ ഇരിക്കാം..' അഛന്‍ എന്നോട് പറഞ്ഞു. അഛനെ ഒരു ചുവടു കൂടി വെയ്പ്പിക്കുവാന്‍ സര്‍ വശക്തിയുമെടുത്ത് ഞാന്‍ ശ്രമിച്ചു. ഒരു ചുവടു വെച്ചാല്‍ മറുവശത്ത കട്ടിലിന്‍റെ തലയില്‍ അഛനു പിടിക്കാം. പിന്നെ സാരമില്ല. എന്നാല്‍ അഛന്‍ വീണ്ടും കുഴഞ്ഞു. തീരെ കഴിയുന്നില്ല എന്ന് അഛന്‍റെ മുഖത്തെ പേശികള്‍ എന്നോട് പറയാതെ പറഞ്ഞു. പന്ത്രണ്ടടി ദൂരം എന്നെ തോല്പിക്കുകയാണ്. അഛന്‍റെ നിസാരമായ ആവശ്യത്തിനു വേണ്ടി എനിക്ക് ആ ദൂരത്തെ കാല്‍ക്കീഴാക്കാന്‍ പറ്റുന്നില്ല.

'സാരമില്ല, നീ ഒന്നുകൂടെ പീടിച്ചോ, ഞാന്‍ കട്ടിലില്‍ ഇരിക്കാം' അഛന്‍ എന്‍റെ മനസു വായിച്ചതു പോലെ പറഞ്ഞു. മുന്‍പോട്ട് വെച്ചതിലും ഇരട്ടി ആയാസപ്പെടേണ്ടി വന്നു അഛനെ തിരിച്ചു നിര്‍ത്തിയിട്ട് കട്ടിലിലേക്കു മടക്കിക്കൊണ്ടു വരാന്‍. ഞങ്ങള്‍ അത്രയും ചെയ്യാന്‍ എത്ര സമയമെടുത്തു എന്ന് ഓര്‍ക്കാനാവുന്നില്ല. ഒടുവില്‍ കട്ടിലില്‍ ഇരുന്നപ്പോഴേക്കും അഛന്‍ ആകെ ക്ഷീണിച്ചു, ഞങ്ങള്‍ രണ്ടുപേരുംവിയര്‍പ്പില്‍ കുതിര്‍ന്നു. അഛനെ കട്ടിലില്‍ കിടത്തി, ഞാന്‍ നഴ്സുമാര്‍ ഇരിക്കുന്ന റൂമിലേക്കു പോയി. റൂം അല്പം ദൂരെയാണ്. അങ്ങോട്ട് നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ജലം നിറഞ്ഞ് കാഴ്ച മങ്ങി. പാന്‍റിന്‍റെ പോക്കറ്റില്‍ കൈലേസു പോലുമില്ല.

നഴ്സ് സ്റ്റേഷന്‍ ശൂന്യമായിരുന്നു.

മനസ് ദു:ഖം കൊണ്ട് കീറിമുറിഞ്ഞു. പെട്ടെന്ന് വളവു തിരിഞ്ഞ് ഒരു ഇര്‍ക്കിലിന്‍റെ വണ്ണം പോലുമില്ലാത്ത ഒരു നഴ്സ് കയ്യില്‍ എന്തോ ഒരുപകരണവും കഷ്ടപ്പെട്ട് താങ്ങിപ്പിടിച്ച് വന്നു. ഇവരോടെങ്ങനെയാണു അഛനെ ടോയ് ലറ്റിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്നു പറയുന്നത്.

'ടോയ് ലറ്റിലേക്ക് കൊണ്ടുപോവേണ്ട ഇപ്പോള്‍..' എന്നു പറഞ്ഞു കൊണ്ട് രോഗികള്‍ക്ക് കിടക്കയില്‍ കിടന്നു കൊണ്ട് തന്നെ ഉപയോഗിക്കാവുന്ന പാത്രം അവര്‍ എടുത്തു തന്നു. അതു വൃത്തിയാക്കി അഛന്‍റെ അടുത്തു കൊണ്ടു വന്നു.

'ഓ, ഇതെനിക്കു നടക്കുമെന്ന് തോന്നുന്നില്ല' അഛന്‍ ചുറ്റുമുള്ള ബെഡുകളില്‍ കിടന്നുറങ്ങുന്നവരെ നോക്കിക്കൊണ്ട് പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ അഛന്‍ തയാറായി; പക്ഷേ അഛന്‍റെ മടി തന്നെയായിരുന്നു ശരീരത്തിനും. എന്‍റെ മനസ് ഇടിഞ്ഞു.

'ആ, ഇനി നേരം വെളുക്കട്ടെ' അഛന്‍ ബ്ലാങ്കറ്റ് വലതു കൈ കൊണ്ട് ദേഹത്തേക്കിട്ടു. കണ്ണടച്ചു കിടന്നു.

ഞാന്‍ നിശ്ചലനായി. മനസിന്‍റെ അവശേഷിച്ച കഷ്ണങ്ങള്‍ നിലത്തു വീണു ചിതറി. കണ്ണുകള്‍ തിരമാലകള്‍ പോലെ നിറഞ്ഞ് വരുന്നത് അഛന്‍ കാണാതിരിക്കാനായി തിരിഞ്ഞ് ഇരുന്നു.

പെട്ടെന്ന് മനസു മനസു മന്ത്രിച്ചു. സുഹൃത്തുക്കളില്‍ ഒരാളുടെ താമസ സ്ഥലം വളരെ അടുത്തല്ലേ. ആശുപത്രിയില്‍ നിന്ന് അധിക ദൂരമില്ല. അയാള്‍ക്ക് ബൈക്കുമുണ്ട്. വിളിച്ചാല്‍ പെട്ടെന്ന് തന്നെ വരും. ഛെ, ഇതെന്തേ ഓര്‍ത്തില്ല ഇതുവരെ. ആശുപത്രിയുടെ മുന്‍ വശത്ത് ഒരു രൂപ നാണയം ഉപയോഗിക്കുന്ന ഫോണ്‍ ഉണ്ട്.

'ഇപ്പോള്‍ വരാം' എന്നു പറഞ്ഞത് അഛന്‍ കേട്ടൊ എന്നറീയില്ല, ഓടുകയായിരുന്നു. ആശുപത്രിയുടെ മുന്‍ഭാഗം ശൂന്യമായിരുന്നു. ജീവനുള്ള മനുഷ്യജീവി പോയിട്ട് ഒന്നുമില്ല. സെക്യൂരുറ്റിക്കാരന്‍ പോലും തല്‍സ്ഥാനത്തില്ല. പഴ്സിലെ ഫോണ്‍ ബുക്കില്‍ അവന്‍റെ വീട്ടിലെ ഫോണ്‍ നമ്പറ് പെട്ടെന്നു കിട്ടി. ഉദ്വേഗത്തോടെ വീളിച്ചു. ഇവിടെ വരെ ഒന്നു വരാന്‍ പറയാം ഇപ്പോള്‍ത്തന്നെ. ഫോണ്‍ അടിക്കുന്നുണ്ട്, ആരും എടുക്കുന്നില്ല. വീണ്ടും വീണ്ടും വിളിച്ചു. ഫോണ്‍ എടുക്കുന്നേയില്ല. സമയം രണ്ട് മണിയോടടുക്കുന്നു. ഒരു പക്ഷേ നല്ല ഉറക്കമായിരിക്കും. എങ്കിലും ആരെങ്കിലും ഫോണ്‍ എടുക്കേണ്ടതാണല്ലോ. പല തവണയായി വീണ്ടും വിളിച്ചു.

എല്ലാവരാലും കൈവിടപ്പെട്ടതു പോലെ കുനിഞ്ഞ ശിരസുമായി തിരിച്ചു നടന്നു. അഛന്‍ ഉറങ്ങിയിട്ടില്ല. ഡയബറ്റിക് കൂടിയായതിനാന്‍ ടോയ് ലറ്റില്‍ പോകാന്‍ പറ്റാതെ വരിക എന്നാല്‍ അതിഭയങ്കരമാണെന്ന് അറിയാം. കൂടാതെ ആശുപത്രിയില്‍ വന്നപ്പോള്‍ എന്തെല്ലാമോ ദ്രാവകങ്ങള്‍ കുറെ നേരം കൊടുത്തതുമാണ്. ഓര്‍ക്കുന്തോറും മനസ് കൂടുതല്‍ കൂടുതല്‍ വ്രണപ്പെട്ടു. നേരം പുലര്‍ന്നാലുടനെ അഛനെ നഴ്സുമാരുടെ വശം ഏല്പിച്ചിട്ട് പോയി സുഹൃത്തിനെ വിളിച്ചു കൊണ്ട് വരാം. വാര്‍ഡില്‍ കിടക്കുന്ന ആരോടെങ്കിലും സഹായം ചോദിച്ചാലോ. മിക്കവരും വയസായവരാണ്. ഒന്നോ രണ്ടോ പേര്‍ക്കൊപ്പം ഉള്ളവരും വയസായ സ്ത്രീകള്‍. എല്ലാവരും നല്ല ഉറക്കത്തിലും. രാവിലെ ആരെങ്കിലും വരാനുള്ള സാധ്യതയുമില്ല. ബന്ദല്ലേ. റോഡ് തടസപ്പെടുത്തിയേക്കാം. ടു വീലറുകള്‍ തടഞ്ഞ് കാറ്റഴിച്ചു വിടാറൊക്കെയുണ്ടല്ലോ. അതല്ല, ആരെങ്കിലും വരും വരെ കാത്തിരിക്കാനാവില്ല. അഛനു നല്ല അവശതയുണ്ട്. എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് ടോയ് ലെറ്റില്‍ കൊണ്ടു പോകണം. ഒന്നു രണ്ട് തവണ വാര്‍ഡിനു പുറത്തിറങ്ങി നോക്കി; അറ്റന്‍ഡര്‍മാരോ മറ്റോ..ഇല്ല, ആശുപത്രി പൊതുവേ ശാന്തം. അത്യാവശ്യക്കാര്‍ മാത്രമേ ഇന്നു രാത്രി തങ്ങുന്നുള്ളൂ. നാളെ വാഹന സൗകര്യമില്ലാത്തതിനാലാവാം. നഴ്സ് സ്റ്റേഷന്‍ ശൂന്യമാണിപ്പോഴും. അവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത തിരക്കായിരിക്കാം.

എങ്ങനെയോ അഞ്ചു മണി കഴിഞ്ഞു. അഛന്‍ ഉണര്‍ന്നു കിടപ്പാണ്. സംസാരിച്ചതേയില്ല. ടൊയ് ലറ്റില്‍ പോകാന്‍ പറ്റാത്തതില്‍ നല്ല വിഷമം ഉണ്ട്. അടക്കിപ്പിടിച്ചിരിക്കുകയാണ്.

'ഞാനൊന്ന് ഫോണ്‍ ചെയ്ത് വരാം'

അഛന്‍ തല അല്പം ചരിച്ചു; സാരമില്ല, തിരക്കില്ല എന്ന മട്ടില്‍. കണ്‍ കോണുകള്‍ നനഞ്ഞിട്ടുണ്ടോ?

ഓടിപ്പോകുമ്പോള്‍ ഒന്നു കൂടി നോക്കി, അഛന്‍ അല്പ സമയം തനിച്ചാണെന്ന് നഴ്സിനോട് പറയാം; പക്ഷേ നഴ്സ് സ്റ്റേഷന്‍ ഇപ്പോഴും ആളൊഴിഞ്ഞിട്ടു തന്നെ.

ഒരു തവണ കൂടെ സുഹൃത്തിനെ ഫോണില്‍ വിളിച്ചു നോക്കാം. വിളിച്ചു. ബെല്ലടിക്കുന്നു. ആരും എടുക്കുന്നില്ല. ഇനി നോക്കി നിന്നിട്ടു കാര്യമില്ല. പോയി വിളിക്കുക തന്നെ.

സമയം അഞ്ചു പത്ത്. ആശുപത്രിയുടെ മുന്‍ വശം മരുഭൂമി പോലെയുണ്ട്. ഒരു ആംബുലന്‍സും ഒന്നോ രണ്ടോ കാറുകളും മാത്രം. ഞായറാഴ്ചയുടെ മാന്ദ്യം. പോരായെങ്കില്‍ ബന്ദും. ഗേറ്റിനു എതിരെയുള്ള ചായ മാത്രം വില്‍ക്കുന്ന കടയോ ഫോണ്‍ ബൂത്തു പോലുമോ തുറന്നിട്ടില്ല. സുഹൃത്തിന്‍റെ വീടു വരെ എങ്ങനെ പോകും? ഇപ്പോഴും നേരം ശരിക്കും വെളുത്തിട്ടില്ല. റോഡ് വിജനമാണ്. ചുറ്റുപാടുള്ള വീടുകളിലൊന്നും ആളുകള്‍ എണീറ്റു തുടങ്ങിയിട്ടില്ല. നടക്കാം; ബന്ദു ദിവസം ഓട്ടൊ കിട്ടില്ലല്ലോ.

പക്ഷെ തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആശുപത്രി ഗേറ്റിനോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്‍റില്‍ ഒരു ഓട്ടോ കിടക്കുന്നു. ഒരേയൊരു ഓട്ടോ. അതും ഇന്ന് ബന്ദു ദിവസം. അതു വെറുതെ പാര്‍ക്കു ചെയ്തിട്ടിരിക്കുകയാണോ?

ഞാന്‍ അടുത്തേക്കു ചെന്നപ്പോള്‍ എന്നെ കാത്തു നിന്നിട്ടെന്ന പോലെ ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തു. സുഹൃത്തിന്‍റെ വീട്ടിലേക്ക് ഇതില്‍... പക്ഷേ ഇന്നു ബന്ദായിട്ടും ഇയൊരു ഓട്ടോ..

പെട്ടെന്ന് എന്‍റെ മനസ് ഒന്നു കിടുങ്ങി. ഞാന്‍ ഓട്ടോയില്‍ കയറുന്നതിനു പകരം ഡ്രൈവറുടെ അടുത്തേക്കു ചെന്ന് തലേന്നു രാത്രി അഛനെ ടോയ് ലറ്റില്‍ കൊണ്ടു പോവാനാവാതെ കഷ്ടപ്പെട്ടതും മറ്റും ഒന്നോ രണ്ടോ വാചകത്തില്‍ അയാളോടൂ പറഞ്ഞു. '..ഒന്നു സഹായിക്കാമോ?' എന്നോ മറ്റൊ ആണു ഞാന്‍ ഒടുവില്‍ ചോദിച്ചത്. എങ്ങനെ അന്ന് അപ്രകാരം ചോദിച്ചുവെന്നോ, എന്തൊക്കെ പറഞ്ഞുവെന്നോ എനിക്കറിയീല്ല.

അയാള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് പുറത്തിറങ്ങി. ആറടിയിലധികം ഉയരം. തല മൊട്ടയടിച്ചിട്ട് പല നിറത്തിലുള്ള ഹെഡ് ബാന്‍ഡ് ധരിച്ചിരിക്കുന്നു. മുഖത്ത് മുറിപ്പാട്. ഓട്ടോക്കാരുടെ ഉടുപ്പല്ല, സാധാരണയിലും നീളമുള്ള കാക്കി കോട്ട്. പഴയ ഒരു ജീന്‍സ്. മുഖത്ത് ഒരു ഭാവ ഭേദവുമില്ല. അയാള്‍ എന്നെ മറികടന്ന് ആശുപത്ര്യുടെ മുന്‍ഭാഗത്തേക്കുള്ള ലിഫ്റ്റിനു നേരെ നടന്നു. എന്നെ നോക്കിയതേയില്ല.
ഞാന്‍ ഒപ്പമെത്താന്‍ ഓടുകയായിരുന്നു. അത്ര വേഗത്തിലായിരുന്നു അയാളുടെ കാല്‍ വെയ്പുകള്‍.

അയാള്‍ അഛന്‍റെ അടുത്തേക്കു വന്ന് അഛന്‍റെ ഇടതു വശത്തു നിന്നു. ഞാന്‍ താങ്ങിയെണീപ്പിച്ചപ്പോഴേക്കും അഛന്‍ വളരെ അവശനായിരുന്നു. എന്നെക്കാള്‍ ശ്രദ്ധാപൂര്‍ വം അയാള്‍ അഛനെ ഇടതു തോളിനടിയില്‍ അയാളൂടെ തോള് വെച്ച്,അഛന്‍റെ ഉയരത്തിനനുസരിച്ച് മിക്കവാറും കുനിഞ്ഞു തന്നെ നിന്നു കൊണ്ട് താങ്ങി എണീല്പ്പിച്ചു. അഛനു വളരെ ആശ്വാസം ഉള്ളതു പോലെ തോന്നി അപ്പോള്‍. വലത്തെ കൈ അഛന്‍ എന്‍റെ തോളിലും ചുറ്റി. ഒരു ശിശുവിനെ എന്നപോലെ അയാള്‍ അഛനെ സൂക്ഷിച്ചു നടത്തി. ഉറക്കമുണരാത്ത മറ്റു രോഗികള്‍ക്കു ശല്യമോ ശബ്ദമോ ഉണ്ടാക്കാതെ അയാള്‍ അഛനെ ടോയ് ലറ്റില്‍ കൊണ്ടു വന്നു. ഒരു പുഷ്പം വെയ്ക്കുന്നതു പോലെ ടോയ് ലറ്റ് സീറ്റില്‍ ഇരുത്തി. അഛന്‍ സുഖമായി ഇരുന്നോ എന്ന് ഉറപ്പാക്കി. പിന്നെ തിരിഞ്ഞു നോക്കാതെ അതിവേഗത്തില്‍ ഇറങ്ങിപ്പോയി...

------------------------------
അയാളോട് നന്ദിയെങ്കിലും പറയാന്‍ഞാന്‍ മടങ്ങി ഓട്ടോ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അവിടം ശൂന്യമായിരുന്നു.ബന്ദു ദിനമായ അന്നു തന്നെ പല പ്രാവശ്യവും, പിന്നീട് പലപ്പോഴും ആ ഓട്ടോ സ്റ്റാന്‍റിലും ടൗണില്‍ മറ്റു പലയിടത്തും ഞാന്‍ അയാളെ കാത്തു നിന്നെങ്കിലും ഒരിക്കലും കണ്ടു മുട്ടിയില്ല.

Monday, August 18, 2008

ഒരു 'ഐഡന്‍റിറ്റി' ക്രൈസിസ്

സാധാരണ ഗതീല് രാവിലെ ഒണരുന്നതിനു മുന്‍പ് ഒന്നു രണ്ടു പൊറിയൊക്കെ എല്ലാരും പൊറിക്കും. അത് എല്ലാ മനുഷേര്‍ക്കും ഒള്ളതല്യോ... ചെലരതു പബ്ലിക്കായ്ട്ടും, അതു മിക്കവാറും വല്യപ്പമ്മാരാ...ചുമ്മാ നടന്നു പോണ വഴിക്കൊക്കെ അതങ്ങനെ...ബഷീറു (ഏതു ബഷീറ് അല്ലേ?) പണ്ട് എഴുതി വിട്ട മാതിരി, "ഭര്‍ ര്‍ ര്‍ ര്‍.."ന്നേ.. പെണ്ണുങ്ങളു അതങ്ങനെ പബ്ലിക് പെര്‍ഫൊമന്‍സ് നടത്ത്വേലാന്നു തോന്നണു..അറിയൂല..

"ഇതൊക്കെ ഈ പിടിച്ചാ നിക്കാത്ത ഒരു തരം 'സാധന'ങ്ങളാ. അതതിന്‍റെ വഴിക്കങ്ങു പൊക്കോട്ടെ" എന്നു പറഞ്ഞോണ്ട് പാപ്പച്ചന്‍ ഒരു വരവൊണ്ട്. അന്നേരമാ നമ്മക്ക് ഇതിന്‍റെ ഒരോരോ കൊഴപ്പങ്ങളു പിടികിട്ടുന്നെ..പാപ്പച്ചനു ഇതൊരു ഉഛ്വാസ ക്രിയയാന്നാ പറേന്നത്..പഷേല് അടുത്തു നിക്കുന്നോര്‍ക്കൊക്കെ അതു പ്രയാസമല്യോ എന്ന് അച്ചമ്പറഞ്ഞപ്പം പുള്ളി പറേകാ, എന്നാച്ചോ അച്ചനെങ്ങനേലുവിതൊന്നു മാറ്റിത്തരാമ്മേലേന്ന്. എന്നാ പറയാനാ അച്ചനു പറയാമ്പറ്റ്വോ ഇന്നത്തെ പ്രാര്‍ത്ഥനാ യോഗത്തിനു പാപ്പച്ചന്‍റെ വെടിക്കെട്ടൂടൊണ്ടെന്ന്. അതൊകൊണ്ടങ്ങു പ്രാര്‍ത്ഥനാ യോഗം ഈയാഴ്ച വേണ്ടാന്നു വെച്ചു. അപ്പം പാപ്പച്ചന്‍ പറേകാ, ആ വേണ്ടെങ്കി വേണ്ടാ ഇവിടാരാണ്ടു പറഞ്ഞോ വേണോന്നെന്ന്.....എന്നാ ഒരു പുകിലാ ഈ പാപ്പച്ചന്‍ ഒപ്പിക്കുന്നെ...

ഇന്നാളാണെങ്കി പോളിംഗ് ബൂത്തിലെല്ലാരും മസിലൊക്കെ പിടിച്ചിരിക്കുമ്പഴാ പാപ്പച്ചന്‍ ഓടിപ്പാഞ്ഞെത്തിയത്. 'അഞ്ചു മണിയായോ സാറേ' ന്നുമ്പറഞ്ഞ് വാതുക്കെ നിക്കുന്ന പോലീസുകാരനേം തള്ളിമറിച്ചിടിച്ചുകയറീ പിടീന്ന് ബാലറ്റുപേപ്പറും മേടീച്ചു പ്രബുദ്ധത ഒന്നു തെളിക്കുമ്പഴാ വിളിക്കാതെയൊള്ള അതിന്‍റെ ആ വരവ്...ശ്ശോ..എല്ലാരുമങ്ങു ചിരിച്ചു തലകുത്തിപ്പോയില്യോ..അല്ലേല് അന്നു ഒരൊന്നുരണ്ട് കത്തിക്കുത്തെങ്കിലും നടന്നേനെ, അത്രക്കു വാശീലല്ലാരുന്നോ പഞ്ചായത്തു തെരഞ്ഞെടുപ്പേ..

ഇതു പോലെ ഒട്ടനവധി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ 'ഒരു വെടിപോലും വെക്കാതെ', എന്നാല്‍ സ്വന്തം 'വെടിക്കെട്ടു' കൊണ്ട് നാടിനെ പാപ്പച്ചന്‍ രക്ഷിച്ചിട്ടൊണ്ട്.

"ആശൂത്റീലൊക്കെ ഒത്തിരി കാണിച്ചതാ, ആ..ആര്‍ക്കറിയാം ഇതൊക്കെ എന്നാ കൂത്താന്ന്, പണ്ടു മോതലേ ഒള്ളതാ"ന്നും പറഞ്ഞ് ധിറുതീലങ്ങു നടന്നു കളയും പാപ്പച്ചന്‍റെ പെമ്പറന്നോര് മറിയാമ്മാമ്മ.

"ഏടാ അതു ഞാമ്പണ്ടു കൊച്ചാരുന്ന കാലത്തു വേലിമൂട്ടിക്കടവി വീശാമ്പോയപ്പം വെള്ളത്തി വല ഒന്നൊടക്കി, മുങ്ങാങ്കുഴിയിട്ട് ഒടക്കെടുത്തു നിവര്‍ന്നപ്പം എന്‍റെ പള്ള ഒന്നുളുക്കിയ പോലെ, അന്നു തൊടങ്ങിയ പര്വാടിയാ, അതിപ്പിന്നെ ഞാ ഒട്ടു വീശീട്ടുവില്ല" എന്നാ പാപ്പച്ചന്‍റെ ആത്മകഥ.

"അവനേതാണ്ട് ദീനമാടാ"ന്നാണു വല്യപ്പനോടു ചോദിച്ചപ്പമ്പറഞ്ഞത്. ദേശത്തെ ഒന്നാം വീശുകാരനായി പേരെടുത്തിട്ടൊള്ള വല്യപ്പന്‍ "എന്‍റെ ഓര്‍മ്മേലെങ്ങും അവനെങ്ങും ഒരു വല എടുത്തു കണ്ടിട്ടില്ലാന്നു" പറഞ്ഞേന് രഹസ്യമായി ഷാപ്പിലിരുന്നു വല്യപ്പന്‍റെ അപ്പനെയും അപ്പന്‍റെ അപ്പനേമെല്ലാം വിളിച്ചു വരുത്തി ഷമ പറയാനൊക്കെ പാപ്പച്ചന്‍ കടുമ്പിടുത്തം പിടിച്ചിട്ടും കൊച്ചു പള്ളീടെ സിമിത്തീരീന്നവരൊന്നും വന്നില്ലാന്നു വറീതു വഴക്കുല വെട്ടാം വന്നപ്പം പറഞ്ഞേന്, "അവനെ എന്‍റെ കയ്യിലൊന്നു കിട്ടട്ടേ"ന്നു കമ്പിളിക്കടീക്കെടന്നു ചൊമച്ചോണ്ട് വല്യപ്പന്‍ മുരണ്ടാരുന്നു.

ഏതായാലും ഒരു ദിവസം പാപ്പച്ചന്‍റെ 'പര്വാടി' പിടിച്ചു നിര്‍ത്തീതു പോലങ്ങു നിന്നു.

അതു കേട്ടോരെല്ലാം ആകപ്പാടെ വാ പൊളിച്ചു പോയി.

"എടീ മറിയേ, അവനു വല്ല കൊഴപ്പോം പിന്നെയൊണ്ടായോടീ" എന്നു വല്യമ്മ ചോദിച്ചേനു മറിയാമ്മാമ്മ ഒന്നുമ്പറഞ്ഞില്ല.

എല്ലാത്തിനുങ്കാരണം പാപ്പച്ചന്‍റെ മകന്‍, എല്ലാരും "തുട്ടന്‍"ന്നു വിളിക്കുന്ന ജോസൂട്ടി കുവൈറ്റീന്നു വന്നതാ. അവനു പണ്ട് മൊതലേ പാപ്പച്ചന്‍റെ 'അതിനോ'ട് മഹാദേഷ്യാരുന്നു. എല്ലാരും അതു പറഞ്ഞല്ലെ അവനെ കളിയാക്കിക്കൊണ്ടിരുന്നത്. അവന്‍ വന്നപ്പം പാപ്പച്ചനെ കയ്യോടെ പിടിച്ച് എങ്ങാണ്ട് ഒരു ഡോക്ടരുടെ അവിടെ കൊണ്ട്വോയത്രെ. അതിപ്പിന്നെയാ..

"ശെ എടാ, ഒരു സൊകമില്ല. പേറു നിര്‍ത്തിയപോലായിപ്പോയില്യോ" എന്നാണു പാപ്പച്ചന്‍ പീടികത്തിണ്ണക്കൂട്ടത്തോട് പറഞ്ഞതു. എല്ലാം ആ എരണം കേട്ട ജോസൂട്ടി ഒപ്പിച്ച പണിയാന്നുമ്പറഞ്ഞു.

"അങ്ങനെ പാപ്പച്ചന്‍ ചേട്ടനു പുള്ളീടെ ഐഡന്‍റിറ്റി പോയി" എന്നു ദേശകവിയും എഴുത്തുകാരനുമായ (പുള്ളീടെ ജോലി പോസ്റ്റാപ്പീസിലാ) രാജ്കുമാര്‍ എന്ന കിഴക്കാമ്പറമ്പു രായപ്പന്‍ വ്യക്തമാക്കിയപ്പഴാ സംഗതീടെ ഗൗരവം എല്ലാര്‍ക്കും പിടി കിട്ടിയത്.

"അതു ഞാനൊന്നു നോക്കട്ടെ"ന്നുമ്പറഞ്ഞു പാപ്പച്ചനെ വിളിച്ചു വരുത്തി, തന്‍റെ മൂന്നാലു ദിവസം പഴക്കം ചെന്ന 'വിഭവ'ങ്ങള്‍ കൊടുത്തു നോക്കീട്ടും "രക്ഷയില്ലാ"ന്നുമ്പറഞ്ഞു ചായക്കട ഉണ്ണിച്ചായിയും സുല്ലിട്ടു.

പാപ്പച്ചനു വേറെ കൊഴപ്പോന്നുമുണ്ടായില്ല.

പക്ഷേ പല സ്ഥലങ്ങളിലും പുള്ളിയെ എന്തോ നഷ്ടപ്പെട്ടവന്‍ എന്ന രീതിയില്‍ ആളുകള്‍ നോക്കാന്തുടങ്ങിയതോടെ പൂള്ളി ഭയങ്കര സങ്കടത്തിലായിപ്പോയി.

അങ്ങനെ താന്‍ 'പ്രശസ്തനാ'യിരുന്ന ഗതകാല സ്മരണയില്‍ ഊളിയിട്ടു നടക്കുന്ന സമേത്താ, വണ്ടിക്കച്ചോടം നടത്തുന്ന ആ ബിനോയീടെയൊക്കെ പട്ടി ഒരു വെളുപ്പാങ്കാലത്തു 'ശബ്ദമില്ലാത്ത' കാര്യനിര്‍വ്വഹണങ്കഴിഞ്ഞു വരുകാരുന്ന പാപ്പച്ചനെ കടിക്കാനിട്ടോടിച്ചത്. കടിയൊന്നുങ്കിട്ടീല്ല.

പഷേ പാപ്പച്ചനു വിണ്ടും 'ഉളുക്കി'. അദ്ദേഹത്തിന്‍റെ 'ഐഡന്‍റിറ്റി' അടുത്ത നിമിഷം മടക്കിക്കിട്ടി. അദ്ദേഹം പൂര്‍വ്വാധികം 'ശക്തനായി' നാടിനും നാട്ടുകാര്‍ക്കുമിടയില്‍ തിരിച്ചെത്തുകയും ചെയ്തു.

അങ്ങനെ, വീണ്ടും നാടു രക്ഷപ്പെട്ടു.