Monday, November 1, 2010

ലാ എസ്മെറാള്‍ഡാ

" അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട " എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ എന്ന് പറയുന്നത്, ചിറ്റയല്ലല്ലോ, അയാളല്ലെ കെട്ടേണ്ടത് ഇങ്ങനെ ഒക്കെയായിരുന്നു.


ചിറ്റയെ പെണ്ണ് കാണാന്‍ വന്ന അയാളെ ഞാനും കണ്ടിരുന്നു. വിമാനത്തില്‍ പോകേണ്ട സൗദി അറേബ്യയില്‍ വലിയ ശമ്പളമുള്ള ജോലിയാണ് പോലും. അല്പം ഇരുണ്ടിട്ടാണ് എങ്കിലും ഉയരം കൊണ്ട് ചിറ്റക്ക് ചേരും. ഒത്ത തടിയും ഉണ്ട്. ക്രീം കളര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത്, കടും നീല നിറമുള്ള പാന്റിനൊപ്പം ധരിച്ച അയാള്‍ സുമുഖനായിരുന്നു. വടക്കു പുറത്ത് ചിറ്റയുമായുള്ള മീറ്റ് ദ് കാന്‍ഡിഡേറ്റ് കഴിഞ്ഞ് വരുന്ന അയാളുടെ മുഖഭാവം വൈക്ലബ്യം പ്ലസ് വിപ്രലംഭം.

" എന്താടീ അവന് കുറ്റം.." മുത്തഛനു കോപം അടക്കാനായില്ല.

" ബീയെ വരെ പോയത് വെറുതെയാണെന്ന് വിചാരിക്കണ്ട " ചിറ്റ തിരിച്ചടിച്ചു.

കോളജിലയച്ചതിന് ഇതു തന്നെ കിട്ടണം എന്ന കോപമാകാം, അത് പല്ല് ഞെരിച്ച് തീര്‍ത്തിട്ട് മുത്തഛന്‍ പൂമുഖത്തേക്കു പോയി ദല്ലാളിനെ വീളിക്കുന്നതും ഒക്കെ കേട്ട ഞാനും അവിടെ നിന്ന് മുങ്ങി. ഇങ്ങനെയുള്ള സമയത്ത് ചിറ്റയോട് സൊള്ളിയാല്‍ അടി ഉറപ്പ്, അല്ലെങ്കില്‍ തന്നെ ദിവസവും മുടങ്ങാതെ രണ്ട് തവണ എങ്കിലും ചിറ്റ തല്ല് തരുന്നുണ്ട് എനിക്ക്.

ചെക്കന്റെ കൂടെ വന്ന ആളിനെ മാറ്റി നിര്‍ത്തി ദല്ലാള്‍ പിറുപിറുക്കുന്നതും കൈ ആംഗ്യം കാണിക്കുന്നതും കണ്ട് സംഭവത്തിലുള്ള എന്റെ ഇന്ററസ്റ്റും പോയി.

ബീയേ എന്ന് വച്ചാല് എന്തോ വലിയ ഒന്നു തന്നെ. മുത്തഛനെ പോലും പിന്നോട്ടടിക്കാന്‍ പറ്റിയ ഒന്ന്. രാത്രി വൈകിയും ചില്ല് വിളക്കിലെ മണ്ണെണ്ണ വറ്റുവോളം ചിറ്റ ഇരുന്ന് വായിച്ചിരുന്ന നോട്ട് ബുക്കുകള്‍ ഞാന്‍ കണ്ടിരുന്നു. അവയിലെ കൂട്ടക്ഷരങ്ങളാണ് മുത്തശ്ശിക്കോ മുത്തഛനോ വലിയമ്മാവനോ എനിക്കോ അറിയാത്ത ഇംഗ്ലീഷ് എന്ന സാധനം. ചിറ്റയുടെ മഷിപ്പേനയില്‍ നിന്നാണ് ബുക്കിലേക്ക് ഇംഗ്ഗ്ലീഷ് വരുന്നത്. ആ ഇംഗ്ലീഷ് വായിക്കുമ്പോഴാണ് ബീയെ ഉണ്ടാകുന്നത്. പക്ഷെ ബീയെ വലിയ സംഭവമാണെന്ന് മനസിലായത് ഇന്നാണ്.

എന്നാലും വിമാനത്തില്‍ കയറാനുള്ളൊരു ചാന്‍സല്ലെ ചിറ്റ പുല്ല് പോലെ വേണ്ടെന്ന് വച്ചത് എന്ന ഒരു പരിഭവം എനിക്കുണ്ടായിരുന്നു. കടവില്‍ അലക്കിക്കൊണ്ടിരിക്കുന്ന ചിറ്റയോട് ആ സംശയം ചോദിക്കുകയും ചെയ്തു. 'വേണോ നിനക്കൊരെണ്ണം, ചെക്കന്റെ അന്വേഷണം ചില്ലറയല്ലല്ലോ' എന്ന് ചീറിക്കൊണ്ട് കടവില്‍ നിന്ന് ഒരു ചെടിക്കമ്പ് പിഴുതെടുത്ത് വെള്ളത്തില്‍ നിന്ന് ഒരൊറ്റ കയറി വരവായിരുന്നു ചിറ്റ. കടവിലെ പുല്ലിലൂടെയും ചെളിയിലൂടെയും പിന്നോട്ട് വഴുതി തല്ല് കിട്ടാതെ രക്ഷപെടാന്‍ ഞാന്‍ പെട്ട ഒരു പാട്.



" എനിക്ക് അവനെയൊന്നും വേണ്ട " ഉറക്കം തൂങ്ങുന്നതിനിടയിലാണ് ചിറ്റയുടെ രണ്ടാം പ്രഖ്യാപനം കേട്ട് ഞാന്‍ അല്പം ചെവി വട്ടം പിടിച്ചത്.

" ബീയെക്ക് ബീയെ, ഇട്ട് മൂടാന്‍ സ്വത്ത്, വയലായിട്ട് തന്നെ നിലം ധാരാളം. കാണാന്‍ മെച്ചാന്ന് പറയുന്നു. ഉടപ്പിറന്നതൊന്ന് മാത്രം, എന്താട്യേ നിനക്ക് പോരായ്ക ? "മുത്തഛന്‍ കോപിക്കുന്നതിനു മുന്‍പ് മുത്തശ്ശി ചോദിച്ചു. ചിറ്റ മീണ്ടാതെ തന്റെ മുറിയിലേക്ക് കയറിപ്പോയി.

" ആള്‍ക്ക് ഇപ്പോ ജോലിയില്ലാന്നല്ലേ ഉള്ളൂ " അഛന്‍ ആരോടെന്നില്ലാതെ ചോദിച്ചു. അഛന്റെ പരിചയക്കാരിലാരോ ഒരാളാണ് ഈ ആലോചന പറഞ്ഞിട്ടുള്ളത്.

" ജോലിയില്ലാത്ത ആള്‍ അയാളുടെ അഛന്റെ സൗകര്യം നോക്കിയല്ലേ കാര്യങ്ങള്‍ നോക്കൂ "

ഉള്ളില്‍ നിന്ന് ചിറ്റയുടെ പ്രഖ്യാപനം നമ്പര്‍ മൂന്ന് കേട്ടയുടന്‍ " നീയ്യ് നാളെ വന്നാല്‍ മതി " എന്ന് അമ്മയോട് കോപിച്ച് പറഞ്ഞുകൊണ്ട് അഛന്‍ ടോര്‍ച്ചുമെടുത്ത് എഴുന്നേറ്റതോടെ ഞാന്‍ ഉറങ്ങിപ്പോയതിനാല്‍ പിന്നീട് എന്ത് നടന്നെന്ന് അറിവില്ല.

പിറ്റേന്ന് അതെപ്പറ്റി ചിറ്റയോട് ചോദിക്കാനും ധൈര്യപ്പെട്ടില്ല.



"എടാ നീയ്യ് എന്റെ കൂടെ ഒരു സ്ഥലം വരെ വരണം, അമ്മയോട് പോലും പറയരുത് " ചില മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ചിറ്റ അമ്മയെ അന്വേഷിച്ച് വീട്ടില്‍ വന്നപ്പോള്‍ രഹസ്യമായി എന്നോട് പറഞ്ഞു. പിറ്റേന്ന് ശനിയാഴ്ചയാണ്, സ്ക്കൂളില്ല. രാവിലെ തന്നെ എത്തിക്കൊള്ളാമെന്ന് ഞന്‍ ഉറപ്പ് കൊടുത്തു.

രാവിലെ ഞാന്‍ ചെല്ലുമ്പോള്‍ ചിറ്റ ഒരുങ്ങി നില്‍ക്കുകയാണ്.

" വാ, പോകാം "

ബ്ലൗസിനു തുണീ നോക്കാന്‍ ടൗണീലേക്ക് പോകുകയാണെന്നും ഞാന്‍ കൂടെയുണ്ടെന്നും ചിറ്റ മുത്തശ്ശിയോട് വിളിച്ചു പറഞ്ഞു.

ഞാന്‍ മുന്നിലും ചിറ്റ പിന്നിലുമായി വയല്‍ വരമ്പിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ യാത്രയൂടെ കാരണം ചിറ്റ എന്നോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഒരാളും കൂട്ടരും ചിറ്റയെ കാണാന്‍ വന്നിരുന്നു. അല്പം അകലെയുള്ള പട്ടണത്തില്‍ നിന്നാണ്. അയാള്‍ "അറിയിക്കാം" എന്ന് പറഞ്ഞാണ് പോയത്. അയാളുടെ സഹോദരന്റെ ഫോണ്‍ നമ്പര്‍ പോലും മുത്തഛനു കൊടുത്തിട്ടാണു പോയിരിക്കുന്നത്. ഇത്രയും കേട്ടപ്പോള്‍ ഈ ആലോചനയില്‍ ചിറ്റക്ക് വളരെയധികം പ്രതീക്ഷയുണ്ടെന്ന് എനിക്ക് തോന്നി. വന്ന കൂട്ടര്‍ ഇങ്ങോട്ട് ഇതു വരെ ഒന്നും അറിയിച്ചിട്ടില്ല. നമ്മുടെ ഭാഗത്തു നിന്ന് ആരോ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ആ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് അവര്‍ക്ക് താല്പര്യമുണ്ടോ എന്ന് അന്വേഷിക്കണം. നമ്പര്‍ ചിറ്റ കൈക്കലാക്കിയിട്ടുണ്ട്. ഇക്കാര്യം വേറെ ആരോടും പറയാന്‍ ചിറ്റക്ക് ഇഷ്ടമില്ല. ഞാന്‍ സഹായിക്കണം. അതിനാണു ചിറ്റ എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്.

ഫോണ്‍ വിളിയുടെ കാര്യം കേട്ടപ്പോള്‍ ഞാന്‍ ഭയന്നു.

" ചിറ്റേ, എനിക്ക് പേടിയുണ്ട്. എനിക്ക് ഫോണ്‍ വിളീക്കാനറിയില്ല "

ഞാന്‍ ആദ്യമായിട്ടാണു ഫോണ്‍ വിളിക്കാന്‍ പോകുന്നത്. എങ്ങെനെയാണ് ഫോണ്‍ വിളിക്കുക? ആളുകള്‍ കറക്കിക്കറക്കി ഫോണ്‍ വിളീക്കുന്നതും ഹലോ വെയ്ക്കുന്നതും വലിയ ഗൗരവത്തിലും പൊട്ടിച്ചിരിച്ചും മറ്റും വര്‍ത്തമാനം പറയുന്നതും കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ ഫോണ്‍ വിളി എന്ന കാര്യം ചെയ്യേണ്ടതായി വന്നിട്ടില്ല. അതോര്‍ത്തപ്പോള്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ കിട്ടും മുന്‍പുള്ള ഒരു അരക്ഷിതാവസ്ഥ എനിക്കുണ്ടായി.

" അതൊക്കെ ഞാന്‍ കാട്ടിത്തരാം "

ചിറ്റക്ക് കുലുക്കമില്ല. പറഞ്ഞത് പോലെ ചിറ്റയല്ലെ കൂടെ. പിന്നെന്തിനു പേടീ എന്ന് എനിക്ക് തോന്നിത്തുടങ്ങി. അപ്പോള്‍ വേറെ ഒരു സംശയം. എവിടെ നിന്ന് വിളീക്കും ?
" നമ്മള്‍ എവിടെ നിന്ന് വിളിക്കും ? "

" നീ കിടന്ന് പേടിക്കാതെ വാടാ " ചിറ്റക്ക് ദേഷ്യം വന്നു.

ബസ് കയറി ടൗണിലെത്തി. ഉച്ചതിരിഞ്ഞ സമയം. കയറിച്ചെല്ലുന്ന കെട്ടിടത്തിന്റെ ബോര്‍ഡ് ഞാന്‍ വായിച്ചു - പോസ്റ്റോഫീസ്. ഇവിടെ നിന്ന് ഫോണ്‍ വിളിക്കാമോ? വിളിക്കാമായീരിക്കും.

പോസ്റ്റ് മാസ്റ്റര്‍ ഇരിക്കുന്നതിനരികിലുള്ള ജനാലപ്പഴുതിലൂടെ ചിറ്റ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ദൂരെയുള്ള പട്ടണത്തിലേക്കാണല്ലോ വിളീക്കേണ്ടത്. അപ്പോള്‍ ട്രങ്ക് കാള്‍ ബുക്ക് ചെയ്യണം എന്നെല്ലാം അങ്ങോര്‍ ചിറ്റയോട് പറഞ്ഞു. ചിറ്റ നമ്പറ് കൊടുത്തു.

" കുറച്ച് കഴിഞ്ഞ് പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ ശരിയാക്കി തരും. നീ അങ്ങ് സംസാരിച്ചാല്‍ മതി. ആദ്യം ഹലോ പറയണം. "

" അതെനിക്കറിയാം "

"..പിന്നെ അവര്‍ കാണാന്‍ വന്ന കാര്യവും നമ്മുടെ സ്ഥലവും പറയണം. എന്നിട്ട് താല്പര്യമൂണ്ടോ എന്ന് ചോദിക്കണം. അത്രയും മതി "

"ഉവ്വ്" ഞാന്‍ സമ്മതിച്ചു.


പോസ്റ്റ് മാസ്റ്ററുടെ മേശയില്‍ ഇരിക്കുന്ന കറുത്ത ഫോണ്‍ എനിക്ക് കാണാം. എങ്ങനെ തുടങ്ങണം. ആദ്യം ഹലോ. പിന്നെ അയാളുടെ സഹോദരന്റെ പേരു പറഞ്ഞിട്ട് ഈ ആള്‍ ആണോ സംസാരിക്കുന്നത് എന്ന് ചോദിക്കണം... ഞാന്‍ മനസില്‍ ആവര്‍ത്തിച്ച് ഉരുവിട്ട് തയ്യാറെടുപ്പ് തുടങ്ങി. പോസ്റ്റോഫീസ് വരാന്തയില്‍ ചിറ്റയും ഞാനും മാത്രം. വേറെ ആരുമില്ല. ഞാന്‍ ആദ്യമായി വിളിക്കുന്നതില്‍ തെറ്റ് പറ്റിയാലും ആരും കേള്‍ക്കില്ല.

എനിക്ക് സമാധാനമായി. റോഡിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും നോക്കി ഞാന്‍ അര മതിലില്‍ ഇരുന്നു. ചിറ്റ അടുത്ത് തൂണ്‍ ചാരി നില്‍പ്പുണ്ട്. ഞാന്‍ ഇടക്കിടെ പോസ്റ്റ് മാസ്റ്ററെയും അദ്ദേഹത്തിന്റെ മേശ മേലുള്ള ഫോണും നോക്കും. അദ്ദേഹം തിരക്കിലാണ്. ഇടക്കിടെ ഞാന്‍ ഫോണ്‍ വിളി ഹോം വര്‍ക്ക് മനസില്‍ ചെയ്യുന്നുണ്ട്.

ഇടക്ക് മറ്റെന്തിലൊക്കെയോ എന്റെ ശ്രദ്ധ പോയിരിക്കണം.

" വാടാ "

ചിറ്റ തൊട്ട് വിളിച്ചപ്പോഴാണു മനോരാജ്യം വിട്ടുണര്‍ന്നത്. ജനാല പഴുതിലൂടെ പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ പുറത്തേക്ക് നീട്ടി പിടിച്ചിട്ടുണ്ട്.

" നീ ചെന്ന് സംസാരിക്ക് "

എനിക്ക് ഒരു വിറയല്‍ വന്നു. അയ്യോ, ഫോണ്‍ വിളിക്കാറായി. പറയേണ്ടതെല്ലാം ഒരു വിധത്തില്‍ ഓര്‍ത്ത് എടുത്തു.

"സംസാരിച്ചു കൊള്ളൂ " എന്ന് പറഞ്ഞിട്ട് പോസ്റ്റ് മാസ്റ്റര്‍ എന്റെ കയ്യില്‍ ഫോണ്‍ തന്നപ്പോള്‍ എനിക്കൊരു ഉള്‍ക്കിടിലമുണ്ടായി. ഫോണ്‍ കയ്യില്‍ പിടിച്ചിട്ട് ഞാന്‍ ചുറ്റും നോക്കി വരാന്തയില്‍ നല്ല തിരക്ക്. ഞങ്ങള്‍ വന്നപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ തെറ്റ് വരുത്തിയാല്‍ എത്ര പേര്‍ കേള്‍ക്കും? നാണക്കേടാവുമോ? ചിറ്റ ദൂരെ നിന്ന് ആംഗ്യം കാണിക്കുന്നു.

" ഹലോ " നല്ല ഭാരമുള്ള റിസീവര്‍ ചെവിയിലേക്ക് ചേര്‍ത്ത് ഒരു വിധത്തില്‍ ഞാന്‍ തുടക്കമിട്ടു. ഫോണിന്റെ ഒരു തരം പഴകിയ ഗന്ധം. അപ്പുറത്തു നിന്ന് ഒന്നും കേള്‍ക്കുന്നില്ല. ഞാന്‍ രണ്ട് മൂന്ന് ഹലോ പറഞ്ഞു.

" ഉറക്കെ സംസാരിച്ചോളൂ " ഇടക്ക് പോസ്റ്റ് മാസ്റ്റര്‍ എന്നെ തിരിഞ്ഞ് നോക്കി നിര്‍ദ്ദേശിച്ചു.

അങ്ങനെ ഞാന്‍ അല്പം ഉറക്കെ ഹലോ പറഞ്ഞപ്പോള്‍ മറു വശത്തു നിന്ന പതിഞ്ഞ ഒരു ഹലോ കേട്ടു. എന്റെ ഹലോയുടെ ശബ്ദം കേട്ടായിരിക്കണം അടുത്ത ജനാലപ്പഴുതിലൂടെ സ്റ്റാമ്പ് വാങ്ങിക്കൊണ്ടിരുന്ന ഒരു മൂപ്പീന്ന് തിരിഞ്ഞു നോക്കി.

"ഹലോ ആരാണ് സംസാരിക്കുന്നത്?" മറു വശത്തു നിന്ന് ചോദ്യം കേള്‍ക്കാം. ഇനി നോക്കിയിട്ട് കാര്യമില്ല. എവിടെ നിന്നോ എനിക്ക് അല്പം ധൈര്യം വീണു കിട്ടി. നേരത്തെ മന്‍സില്‍ ഉരുവിട്ട് പരിശീലിച്ചതു പോലെ കഴിവതും തെറ്റ് വരുത്താതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ വിവരം അന്വേഷിച്ചു. മറു ഭാഗത്തു നിന്ന് ഒരു നിമിഷം നിശബ്ദതയും പിന്നീട് " സോറി, ഞങ്ങള്‍ വേറെ ഒന്ന് തീരുമാനിച്ചു " എന്ന് മറുപടിയും കേട്ടപ്പോള്‍ ഞാന്‍ നില്‍ക്കുന്ന തറ താഴ്ന്ന പോകുന്നതായെനിക്ക് തോന്നി. എങ്ങനെ സംസാരം അവസാനിപ്പിച്ചുവെന്ന് അറിയില്ല.

റിസീവര്‍ പോസ്റ്റ് മാസ്റ്റര്‍ക്ക് മടക്കിക്കൊടുത്തു. ഒന്ന് തലയുയര്‍ത്തിയപ്പോള്‍ വരാന്തയിലുള്ള പലരും എന്നെത്തെന്നെ നോക്കുന്നു. ഉച്ചത്തിലാണു സംസാരിച്ചതെന്ന് എനിക്ക് മനസിലായി. ചിറ്റ മുന്‍പോട്ട് വന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് പണം കൊടുത്തു. ചിറ്റയുടെ മുഖത്ത് നോക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

" വാ " കുട നിവര്‍ത്തികൊണ്ട് ചിറ്റ എന്നെ വിളിച്ചു. മഴച്ചാറ്റലിലൂടെ ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു. തിരികെ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഇടറിയ ശബ്ദത്തില്‍ പ്റഞ്ഞു:

" തീരെ കേള്‍ക്കാമായിരുന്നില്ല. അതാണ് ഞാന്‍ ഉറക്കെ സംസാരിച്ചത് "

" അത് സാരമില്ല. പോസ്റ്റോഫീസില്‍ നമ്മളെ അറിയാവുന്നവരാരും ഉണ്ടായിരുന്നില്ലല്ലോ "

" ചിറ്റേ.."

" ഉം..? "

" അവര്‍.. വേറെ..."

" നിന്റെ അമ്മയോട് പോലും നമ്മള്‍ പോയി ഫോണ്‍ വിളിച്ച കാര്യം നീ മിണ്ടിപ്പോകരുത് "

ചിറ്റ എന്നെ താക്കീത് ചെയ്തു. ഞാന്‍ അത് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എപ്പോഴും തല്ലിയിരുന്നതിനാല്‍ പ്രഖ്യാപിത ശത്രുവായി കരുതിയിരുന്ന ചിറ്റയെ ഓര്‍ത്ത് ഞാന്‍ ആദ്യമായി സങ്കടപ്പെട്ടു. ഒരു അഞ്ചാം ക്ലാസുകാരന് അതേ കഴിയുമായിരുന്നുള്ളൂ.



കൗമാരത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്, ചിറ്റ ആരെയെങ്കിലും പ്രണയിച്ചിരുന്നുവോഎന്ന്.

"അന്ന് നമ്മുടെ നെഞ്ചാകെ അനുരാഗ കരിക്കിന്‍ വെള്ളം.." എന്ന വരികളുള്ള ചലച്ചിത്ര ഗാനം റെക്കോഡ് ചെയ്തു ചിറ്റ സൂക്ഷിച്ചിരുന്നുവെന്നതാണ് എന്നെ അങ്ങനെ ചിന്തിപ്പിച്ചത്. എന്നാല്‍ ആരെപ്പറ്റിയും തമാശയാക്കിയല്ലാതെ ചിറ്റ സംസാരിച്ച് കേട്ടിരുന്നില്ല. നാട്ടില്‍ തന്നെയുള്ള സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും സുന്ദരനുമായ ഒരു ചേട്ടനെപ്പറ്റി, "എടാ അവനൊക്കെ ഞങ്ങള്‍ കോളജില്‍ പോകുന്ന കാലത്ത് നമ്മളെ ഒരു നോട്ടമുണ്ടായിരുന്നു " എന്ന് പിന്നീട് ചിറ്റയും ഞാനും സുഹൃത്തുക്കളെപ്പോലെയായപ്പോള്‍ എന്നോട് തമാശ പറയുകയുമുണ്ടായിട്ടുണ്ട്.

മാത്രമല്ല ഉരുളക്കുപ്പേരിയെന്ന തരത്തിലുള്ള മറുപടികളും വേണ്ടി വന്നാല്‍ ഒരു തല്ലു കൊടുക്കാനും മടിയില്ലാത്ത പെരുമാറ്റ രീതിയും ചിറ്റ ഒരു പക്ഷെ ആരെയെങ്കിലും പ്രണിയിച്ചിരിക്കാമെന്ന വിചാരത്തില്‍ നിന്ന് എന്നെ പിന്‍ തിരിപ്പിച്ചു.



മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിറ്റയെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ അമ്മ ഒരു കാര്യം യാദൃഛികമെന്നോണം സൂചിപ്പിച്ചു.

" എടാ, അവള്‍ക്ക് വളരെ താല്പര്യമുള്ള ഒരു ആലോചന ഒരിക്കല്‍ ഉണ്ടായിട്ടുണ്ട് "

എന്റെ ആദ്യത്തെ ഫോണ്‍ വിളി ഒരു നടുക്കമായി എന്നിലേക്കോടിയെത്തി. അത് ദൂരെയുള്ള ഒരു പട്ടണത്തില്‍ നിന്നായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ആലോചന വന്നത് വളരെ അടുത്തുനിന്നായിരുന്നുവെന്നാണ് അമ്മ മറുപടി പറഞ്ഞത്. എന്റെ രണ്ടാമത്തെ ഐഡിയയുമായി ബാങ്കിലോ മറ്റോ ജോലി ചെയ്യുന്ന ആരോ അല്ലെ ആള്‍ എന്ന് ഞാന്‍ സംശയം പറഞ്ഞപ്പോള്‍ അമ്മ പൊട്ടിച്ചിരിച്ചു.

" ബാങ്ക് ജോലിക്കാരനോ? അതിന് ആലോചനയുമായെത്തിയ വീട്ടുകാര്‍ ഇന്ന് ഈ നാട്ടില്‍ പോലുമില്ല. എപ്പോഴേ ഇവിടെ നിന്ന് സ്ഥലം വിറ്റ് പോയിരിക്കുന്നു. അവളെ പോലെ തന്നെ വിദ്യാഭ്യാസമുള്ള പയ്യനായിരുന്നു. അവള്‍ക്കും താല്പര്യമായിരുന്നു. പയ്യന് ജോലി കിട്ടുന്നതു വരെ കാത്തിരിക്കണമെന്നേ പയ്യന്റെ വീട്ടുകാര്‍ പറഞ്ഞുള്ളൂ. പയ്യന്‍ ഒന്നു രണ്ട് തവണ വീട്ടില്‍ വന്നിട്ടുണ്ട്. കല്യാണമാകുന്നത് വരെ തമ്മില്‍ കാണേണ്ട എന്ന് പറഞ്ഞ് അവള്‍ തന്നെയാണു മടക്കിയയച്ചത്. "

" എന്നിട്ട്..?"

" എങ്ങെനെയെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല. ആ ആലോചന നടന്നില്ല. താമസിയാതെ അവര്‍ സ്ഥലം വിറ്റ് നാട് വീട്ട് പോകുകയും ചെയ്തു "

" അയാള്‍ വേറെ കല്യാണം കഴിച്ചോ ?"

" ആ വീട്ടുകാര്‍ ഇന്ന് എവീടെയാണെന്നു പോലും അറിയില്ല. ആ ആലോചന വന്ന് താമസിയാതെ തന്നെ നാട് വിട്ട് പോകുകയായിരുന്നു. എന്ന് വച്ച് അവര്‍ തമ്മില്‍ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമായിരുന്നില്ല. എല്ലാവരും ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒന്ന്... അത്രമാത്രം "



മുത്തഛനോട് പണം ചോദിക്കാന്‍ അഭിമാനം സമ്മതിക്കാതെ തുന്നല്‍ കടയുള്ള കൂട്ടുകാരിക്കുവേണ്ടി എംബ്രോയ്ഡറി ഡിസൈന്‍ വരച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് സബ്സ്ക്രിപ്ഷന്‍ അടച്ച് അത് വായിച്ച് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ചിറ്റ; സഹകരണ ബാങ്കില്‍ ജോലിക്ക് കോഴ ചോദിച്ച മുത്തഛന്റെ തന്നെ സുഹൃത്തിന്റെ മേശപ്പുറത്തു നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാരിയെടുത്ത് ഇറങ്ങി നടന്ന ചിറ്റ; കേരളം മുഴുവന്‍ സഞ്ചരിച്ച് മത്സരപ്പരീക്ഷകള്‍ എഴുതിയ ചിറ്റ; ഒടുവില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ഏഴെട്ട് തസ്തികകളീലേക്കുള്ള ക്ഷണക്കത്തുകളില്‍ നിന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് ബാക്കിയുള്ളവ കീറി തുണ്ടുകളാക്കി പുഴയിലൊഴുക്കിയ ചിറ്റ...



ഒരു മണ്ണാങ്കട്ടയും ഇല്ലായിരുന്നുവെന്ന് ഞാന്‍ സ്വയം പറയാന്‍ ശ്രമിച്ചു.

Thursday, October 28, 2010

ബോണ്ട്, ജെയിംസ് ബോണ്ട്

അയാളുടെ പെരുമാറ്റം വിചിത്രമായിരുന്നു.




അന്വേഷിച്ച് വന്നതാണെന്ന് പറഞ്ഞീട്ട് രണ്ട് സിഗററ്റ് വലിച്ച് തീര്‍ക്കുകയും ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുകയും സിഗററ്റ് വലിയുടെ ഹരത്തിലായിരിക്കണം കാലുകള്‍ നിര്‍ത്തില്ലാതെ ആട്ടുകയും ചെയ്തു കൊണ്ടിരുന്നു അയാള്‍.



സിഗററ്റിന്റെ ഗന്ധം ഇഷ്ടമല്ലാത്ത എനിക്ക് ജനാലയില്‍ നിന്ന് കാറ്റില്‍ ആ പുക നേരെ മുഖത്തേക്കു തന്നെ വന്ന് പതിച്ചത് അസഹ്യമായി തോന്നി. ഒരല്പം ഔദ്യോഗികമായി എവിടെയെങ്കിലും രണ്ട് പേര്‍ തനിയെ ഇരിക്കുമ്പോള്‍ സാധാരണ സിഗററ്റ് വലിക്കുന്നതില്‍ വിരോധമൂണ്ടോ എന്ന് ചോദിച്ചിട്ടാണ് മിക്കവാറും ആളുകള്‍ ആ പരിപാടിയിലേക്ക് കടക്കുക. ഇങ്ങോറ്ക്ക് അതിനൊന്നും സമയമുണ്ടായിരുന്നില്ല.



അപ്പോള്‍ ആരാണെന്നാണ് പറഞ്ഞത്? ഞാന്‍ അസംതൃപ്തി കഴിവതും പുറത്ത് കാണിക്കാതെ ചോദിച്ചു.



പറയാം..എന്ന് മുരണ്ടിട്ട് സിഗററ്റ് പാക്കറ്റ് എടുക്കാന്‍ കോട്ടിനുള്ളിലേക്ക് കയ്യിടുക മാത്രമെ അയാള്‍ ചെയ്തുള്ളു. വീണ്ടും പുക. ജനാലയില്‍ നിന്നുള്ള് കാറ്റ്. ശ്വാസം മുട്ടിക്കൊണ്ട് ഞാന്‍.



ഇടക്ക് രണ്ട് മൂന്ന് കോളുകള്‍ വന്നത് കട്ട് ചെയ്യുകയും എന്റെ ടേബിളില്‍ ആഷ്ട്റേ വെച്ച പ്യൂണീന്റെ തന്തയെ മനസില്‍ നല്ല വാക്കുകളാല്‍ സംബോധന ചെയ്യുകയുമുണ്ടായി. സമയം പത്ത് നാല്പത്. ദൈവമെ പതിനൊന്നരക്ക് ബോസിന്റെ ചേംബറില്‍ ചെല്ലാനുള്ളതാണ്. അതിനു മുന്‍പ് എന്തൊക്കെ ചെയ്യാനുണ്ട്. ഈ മനുഷ്യന്‍ രാവിലെ തന്നെ കുളമാക്കുമല്ലോ.



ക്ഷമിക്കണം, ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍, എനിക്ക് പതിനൊന്ന് മണിയോടെ പുറത്ത് പോകേണ്ടതുണ്ടായിരുന്നു. ശബ്ദം അല്പം ഒന്ന് ഘനീഭവിപ്പിച്ച് ഞാന്‍ മൊഴിഞ്ഞു.



ഉം.. അത്ര ഇഷ്ടപ്പെട്ടിട്ടില്ലാത്ത മട്ടില്‍ അയാള്‍ മൂളി. ശരി, പുറത്ത് പോയിട്ട് എപ്പോള്‍ തിരിച്ച് വരും? മറു ചോദ്യമാണ്.



അത്....പതിനൊന്നരക്ക് ഒരു മീറ്റിങ്ങുണ്ട്. ഒരു മണീ കഴിയാതെ തീരില്ല. പിന്നെ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയാല്‍ വരാന്‍ വൈകും. താങ്കള്‍ക്ക് ഒരു പക്ഷെ അതുവരെ കാത്തിരിക്കാന്‍ സമയമുണ്ടാവില്ല, ഉവ്വോ?



ഏയ്, എനിക്ക് തിരക്കൊന്നുമില്ല. മൂന്നാമത്തെ സിഗററ്റ് ചുണ്ടില്‍ വച്ചു കൊണ്ട് അയാള്‍ അലസമായി എണീറ്റു. എനിക്ക് ശരിക്കും അരിശം വന്നു. രാവിലെ മുതല്‍ എന്നെ ബോറടീച്ചിട്ട് ഇനി ബോസുമായുള്ള ഗുസ്തിയും ലഞ്ചും കഴിഞ്ഞ് വരുമ്പോഴും ഇയാള്‍ ഇവിടെത്തന്നെ ഇരിക്കുമെന്നോ? അതേതായാലും വേണ്ട. ഇയാളെ ഇപ്പോള്‍ തന്നെ ഒഴിവാക്കണം.



ഓ, പറയാന്‍ മറന്നും. ലഞ്ചിനു ശേഷം എനിക്ക് പുറത്തു തന്നെ ഒരു മീറ്റിങ്ങു കൂടിയുണ്ട്. താങ്കളുടെ നമ്പര്‍ തന്നാല്‍ ഞാന്‍ വൈകുന്നേരം വിളിച്ചോളാം. വിളിക്കുന്ന പ്രശ്നമേയില്ല എന്നാണ് ഞാന്‍ മനസില്‍ പറഞ്ഞത്.



ഇറ്റ്സ് ഓക്കെ, ഒരു കാര്‍ഡ് എനിക്ക് തന്നോളൂ



ശ്ശെടാ, എന്നെ കാണാന്‍ എന്ന് പറഞ്ഞ് വന്നിട്ട് ഒന്നു സ്വയം പരിചയപ്പെടുത്തുക പോലും ചെയ്യാതെ ഇയാള്‍ എന്നോട് പേരും വിലാസവും ചോദിക്കുകയാണല്ലോ. എന്തൊരു മര്യാദയില്ലാത്ത മനുഷ്യന്‍. അപ്പോഴേക്കും അയാള്‍ കാര്‍ഡിനായി കൈ നീട്ടിക്കഴിഞ്ഞു!



ഞാന്‍ കൊടുത്ത കാര്‍ഡ് പോക്കറ്റില്‍ തിരുകി, ചുണ്ടില്‍ നിന്ന് സിഗററ്റെടുക്കാതെ നാടകിയമായി തിരിഞ്ഞ് കൈ എനിക്ക് നേരെ നീട്ടിക്കൊണ്ട് അയാള്‍:



ഓ, മറന്നു... ഞാന്‍ ബോണ്ട്, ജെയിംസ് ബോണ്ട്



ഒരു നിമിഷം സ്തബ്ധനായെങ്കിലും പെട്ടെന്ന് സമനില വീണ്ടെടുത്തു ഞാന്‍ ചിരിച്ചു പോയി.



അയാള്‍ ഗൗരവത്തില്‍ തന്നെയാണ്. ജെയിംസ് ബോണ്ട് പോലും. ബോണ്ടിനെയൊക്കെ കുറെ കണ്ടിട്ടുണ്ട് മാഷെ. ഷോണ്‍ കോണറിയുടെയോ പിയേഴ്സ് ബ്രോസ്നന്റെയോ വാലില്‍ കെട്ടാന്‍ ഒരു സിഗററ്റ് പായ്ക്കറ്റല്ലാതെ മറ്റെന്തുണ്ട് ഇങ്ങോരുടെ കയ്യില്‍. സീറോ സീറോ സെവനോ?



താന്‍ പറഞ്ഞത് എനിക്ക് മന്‍സിലായില്ല എന്ന് തോന്നിയിട്ടെന്ന വണ്ണം അയാള്‍ ഗൗരവത്തില്‍ ആവര്‍ത്തിച്ചു:



ഞാന്‍ ബോണ്ട്, ജെയിംസ് ബോണ്ട്



ഒപ്പം എന്റെ കൈ കവര്‍ന്നെടുത്ത് കുലുക്കുകയും അതി വേഗം വാതില്‍ തള്ളിത്തുറന്ന് പുറത്തേക്ക് പോകുകയും ചെയ്തു. വളരെ പരുക്കനായിരുന്നു അയാളുടെ കൈത്തലം.



നൈസ് റ്റു മീറ്റ് യൂ മിസ്റ്റര്‍ ബോണ്ട് എന്നോ മറ്റോ ഞാന്‍ പറഞ്ഞോ? ഓര്‍മയില്ല. പറഞ്ഞെങ്കില്‍ തന്നെത് കേള്‍ക്കാന്‍ അയാളവിടെ ഉണ്ടായിരുന്നില്ല. ഈശ്വരാ, ഇനി ഇയാള്‍ ഒറിജിനല്‍ ബോണ്ട് ആണോ? ഡോറ് തള്ളിത്തുറന്ന് ഓഫീസിനു പുറത്തേക്കോടുമ്പോള്‍ മറ്റൊരു ചിന്ത എന്റെ മനസില്‍ പൊട്ടി വീണു. ഇയാളെന്തിനാ എന്റെയടുത്തേക്ക് കെട്ടിയെടുത്തത്.



നാലാമത്തെ ലിഫ്റ്റിലേക്ക് ആളുകള്‍ കയറുന്നത് കണ്ടു. ദൂരത്തു നിന്ന് അയാള്‍ ആ കൂട്ടതില്‍ ഉണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല. പാഞ്ഞ് അടുത്തെത്തുമ്പോഴേക്കും ലിഫ്റ്റിന്റെ വാതിലുകള്‍ അടഞ്ഞ് അത് പോയിക്കഴിഞ്ഞു. അപ്പുറവും ഇപുറവും ലിഫ്റ്റ് കാത്ത് നില്‍ക്കുന്നവര്‍ അന്തം വിട്ട് എന്നെ നോക്കുന്നുണ്ട്. ഒടുവില്‍ മറ്റൊരു ലിഫ്റ്റ് വന്നതില്‍ കാത്തുനിന്നവരെയും പിന്നിലാക്കി ഇടിച്ചു കയറിയപ്പോഴേക്കും എന്റെ ഫൃദയം പടപടാ അടി തുടങ്ങി. അയാള്‍ ശരിക്കും ബോണ്ട് ആണോ. ഞാന്‍ എന്ത് കുറ്റം ചെയ്തിട്ടാണാവോ ബോണ്ട് എന്നെ തിരക്കി വന്നത്. ബോണ്ടിനെ പൊലെ ഒരാള്‍ ചുമ്മാ ഒരു ദിവസം കാണാന്‍ വരാന്‍ മാത്രം ഒരു ഫിഗറല്ലല്ലോ ഞാന്‍. എന്തോ കുഴപ്പ്മുണ്ട്. പ്രഷറ് കൂടി ഈ ലിഫ്റ്റില്‍ വെച്ചെങ്ങാനും..ഹൊ, മുടിഞ്ഞ ലിഫ്റ്റ് താഴെയെത്താന്‍ മണിക്കൂറുകള്‍ എടുത്തു. എല്ലാ ഫ്ലോറിലെയും എല്ലാവനും ഈ ഒരു ലിഫ്റ്റ് മാത്രമെ ഉള്ളോ, പണ്ടാരം.



ലിഫ്റ്റില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഞാന്‍ റിസപ്ഷനിലേക്ക് നോക്കി. അയാളവിടെയെങ്ങുമില്ല. ബോണ്ടിന്റെ ഒരു രീതിയനുസരിച്ച് ആഷ് പുഷായി നില്‍ക്കുന്ന റിസപ്ഷനിസ്റ്റ് പെണ്ണിന്റെ അരികില്‍ ഒരു നിമിഷമെങ്കിലും ചുറ്റിപ്പറ്റി നിന്നിട്ടേ അയാള്‍ക്ക് സ്ഥലം വിടാനാവു എന്ന എന്റെ മണ്ടന്‍ പ്രതീക്ഷ തെറ്റി. ഇത്രക്ക് പ്രകോപന പരമായി വസ്ത്രം ധരിച്ചിട്ടും ഇവള്‍ക്ക് അയാളെ ഒരു നിമിഷം പിടിച്ച് നിര്‍ത്താനായില്ലല്ലോ, ഛെ. അവളെ തന്നെ കണ്ണൂ തള്ളി നോക്കി നില്‍ക്കുകയാണു ഞാനെന്ന് ബോധമുദിച്ചപ്പോഴേക്കും അവള്‍ എന്നെ കണ്ടു.



ഹായ്, താങ്കളെ ഒരാള്‍ കാത്തിരിക്കുന്നുണ്ട്. അവള്‍ വിസിറ്റേഴ്സ് ലോബിയിലേക്ക് കൈ ചൂണ്ടി.

അവിടെ ഒരേ ഒരാളെ ഇരിക്കുന്നുള്ളൂ. ഇയാള്‍ ഓഫിസില്‍ വന്ന് ബോറടിച്ചിട്ട് താന്‍ ജെയിംസ്ബോണ്ടാണെന്നു പറഞ്ഞ് വിരട്ടിയിട്ട് ഇവിടെ വന്ന് കാത്തിരിക്കുന്നതെന്തിന്? എന്തൊരു വിചിത്ര മനുഷ്യന്‍.



അടുത്ത ചെന്നപ്പോള്‍ ഇതാള് വേറെ. നെറ്റിയില്‍ ചന്ദനക്കുറി. ഹാഫ് സ്ലീവ് ഷേര്‍ട്ട്. എന്നെ കണ്ടയുടന്‍ എണീറ്റ് നിന്ന് ഒരു കൈ പിന്നില്‍ കെട്ടി മറു കൈ എനിക്ക് നേരെ ഒന്നു നീട്ടിക്കൊണ്ട് അയാള്‍: 'ഐ ആം സേതുരാമന്‍ ഫ്രം സ്കോട്ട്ലന്‍ഡ് യാര്‍ഡ്. മിസ്റ്റര്‍ ആചാര്യന്‍? വരൂ നമുക്ക് എന്റെ ഓഫീസ് വരെ ഒന്ന് പോകാനുണ്ട്. '



എനിക്ക് ശ്വാസം നിലച്ചു പോയി. എന്തെല്ല്ലാമാണു നടക്കുന്നത്. ഞാന്‍ ചത്തോ? അതോ ഇപ്പോഴും എനിക്ക് ജീവനുണ്ടോ? ആദ്യം ബോണ്ട്. ഇപ്പോള്‍ ഇതാ സേതുരാമയ്യര്‍. അതിലും കുഴപ്പം ഇവരൊക്കെ എന്തിനണു രാവിലെ എന്നെ തേടി വരുന്നത്? ഞാനെന്ത് തെറ്റ് ചെയ്തു?



അപ്പോഴാണ് ഞാന്‍ കണ്ടത്, ബോണ്ടിനു ഞാന്‍ കൊടുത്ത വിസിറ്റിംഗ് കാറ്ഡ് സേതുരാമന്‍ മടക്കി പിടിച്ച കയ്യില്‍ ഇരിക്കുന്നു! അപ്പോള്‍ ഇവന്മാര്‍ എല്ലാം ഒത്തുകൊണ്ടൂള്ള കളിയാണിതല്ലെ. ഇവന്മാര്‍ക്ക് എന്റെ ഡീറ്റെയില്‍സ് അധികമൊന്നും അറിയില്ല. അതല്ലെ ബോണ്ട് എന്റെ കാറ്ഡ് ചോദീച്ച് വാങ്ങിയത്? ആ കാര്‍ഡ് തിരിച്ച് മേടിച്ചിട്ട് മുങ്ങാം. കളി എന്നോടോ?



ഞാന്‍ സേതുരാമന്റെ മടക്കി പിന്നില്‍ വച്ച കയ്യില്‍ ഇരുന്ന എന്റെ വിസിറ്റിംഗ് കാര്‍ഡ് ലക്ഷ്യമാക്കി മുന്നോട്ട് ചാടി. അതു കണ്ട് അയാള്‍ കോപത്തോടെ എന്നെ നോക്കി ആക്രോശിച്ചു കൊണ്ട് എന്റെ ചെവിട് ലക്ഷ്യമാക്കി ഒരൊറ്റയടി....



" ആര്‍ യൂ ഓള്‍ റൈറ്റ് ആചാര്യന്‍?"



തല പൊക്കി നോക്കിയപ്പോള്‍ ബോസ് എന്റെ അടുത്ത് നില്‍ക്കുന്നു !! ബോസെങ്ങനെ ഇവിടെ വന്നു? എന്റെ കാര്‍ഡ്...ബോണ്ട്, ആ പന്ന സേതുരാമന്‍, റിസപ്ഷനിസ്റ്റ് ഒക്കെ എവിടെ? ബോസിന്റെ മേശയില്‍ തലവെച്ച് കസേരയില്‍ ഇരിക്കുകയാണല്ലോ ഞാന്‍. ചത്തോ? അതോ ഞാന്‍ ജീവനോടെയുണ്ടോ...?



വിശ്രമിക്കൂ, നിങ്ങള്‍ക്ക് ഉറക്കം വരുന്നുണ്ട്. മീറ്റിങ്ങ് പിന്നീടാവാം എന്ന് പറഞ്ഞിട്ട് ബോസ് പോയി. ആ കസേരയില്‍ തന്നെ ഇരുന്നു. ബോണ്ട്, ജെയിംസ് ബോണ്ട്, സേതു രാമന്‍ ഫ്രം സ്കോട്ട് ലന്‍ഡ് ഇവരെങ്ങാന്‍ ഇനിയും കയറി വന്നാലോ...

Tuesday, May 18, 2010

പൂപ്പര്‍

പൂപ്പറ് ഒര്‍ലാന്‍ഡോ ബ്ലൂമിനു പകരം പല ഹോളീവുഡ് സിനിമകളിലും അഭിനയിക്കേണ്ടതായിരുന്നില്ലേ എന്ന് സംശയമുണ്ട്. ബ്ലൂമിനെക്കാള്‍, കരണ്‍ കപൂറിനെക്കാള്‍ എത്രയോ മടങ്ങു സുന്ദരന്‍. പൂപ്പറ് എന്ന പേരെങ്ങനെ കിട്ടിയെന്നാര്‍ക്കുമറിയില്ല. പൂപ്പറുടെ ചേട്ടന്റെ മകനും സ്ക്കൂളീല്‍ എന്റെ സഹബെഞ്ചനുമായ ഷൈജുക്കാനു പോലുമറിയില്ല. "അതു ചോദിച്ചാല്‍ കൊച്ചച്ഛന്‍ ചീത്ത വിളിക്കും" എന്നാണു ഷൈജുക്കാന്‍ പറഞ്ഞത്. പൂപ്പറെന്നല്ലാതെ അങ്ങോരുടെ ശരിയായ നാമവും പ്രചാരത്തിലില്ല.




സുന്ദരന്മാരില്‍ സുന്ദരനായ പൂപ്പര്‍ നാലപത്തിനാലാം വയസിലും അവിവാഹിതനായിരുന്നു. പടിഞ്ഞാറ്റു മുറി ഷാപ്പായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. "ഭാര്യ"ക്കാവശ്യമായ പണം നല്‍കാന്‍ എന്നും സന്ധ്യയോടെ പടിഞ്ഞാറ്റു മുറിയിലേക്ക് നീങ്ങാറുണ്ട്. ആ പണത്തിനു വേണ്ടി എങ്ങനെയും അധ്വാനിക്കുവാന്‍ പൂപ്പര്‍ക്കു മടിയില്ലായിരുന്നു. വെളുപ്പിനു നാലിനു തുടങ്ങുന്ന ടാപ്പിങ് മുതല്‍, കല്ലു ചുമക്കുക, തടി വെട്ടുകക, കൃഷി സ്ഥലത്തു ജോലി ചെയ്തു സഹായിക്കുക എന്നിങ്ങനെ പകലെല്ലാം പൂപ്പര്‍ ബിസിയായിരിക്കും.



അഞ്ചരക്ക് കുളിച്ച് മുടി ഒടിച്ചു ചീകി തോര്‍ത്തും തോളിലിട്ട് പടിഞ്ഞാറ്റു മുറിയിലേക്ക് പുറപ്പെടും. പിന്നെ രാത്രി പതിനൊന്നു കഴിഞ്ഞാല്‍ വലിയ പാട്ടോടും കോലാഹലത്തോടും കൂടിയാണു മടക്കം.



പഴയ നാടക ഗാനങ്ങള്‍, "നിങ്ങളാവശ്യപ്പെടാത്ത" ചലച്ചിത്ര ഗാനങ്ങള്‍ അതില്‍ തന്നെ സ്ഥിരമായി ചക്രവര്‍ത്തിനീ..., മനസിലാക്കാന്‍ പറ്റാത്ത ഏതോ ഒരു ഹിന്ദിപ്പാട്ട്, കൂടാതെ റോഡിനു ഇരു പുറവുമുള്ള വീട്ടുകാരെ കളിയാക്കിയുള്ള പാട്ടുകളും ഉണ്ടാകും. ഓരോ വീടുകളുടെയും മത പ്ശ്ചാത്തലം അനുസരിച്ച് അതതു പടി വാതിലില്‍ ഏതാനും മിനിറ്റുകള്‍ ഉത്സവം, പെരുന്നാള്‍ ഒക്കെ ഉണ്ടായിരിക്കും. അതിനിടെ തെറിപ്പാട്ടുകള്‍ പാടും എന്നാല്‍ അത് ആത്മീയ ചുവയോടെയും ട്യൂണീലുമായിരിക്കുമെന്നതിനാല്‍ വളരെ കാതു കൂര്‍പ്പിച്ചാലേ ലക്ഷ്യം മനസിലാവൂ. ഇത് കൊണ്ടാടുന്നതെല്ലാം പൂപ്പര്‍ തനിച്ചായിരിക്കുകയുമില്ല. ഷാപ്പില്‍ നിന്നു രാത്രിയില്‍ സ്ഥിരം യാത്രികരായ നാട്ടിലെ പ്രഫഷനല്‍ കുടിയന്‍ ഇതാക്ക് (ഇതാക്കാണ് കുടി മൂത്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഇലക്സ്ട്രിക് പോസ്റ്റുമായി വഴക്കുണ്ടാക്കി പോസ്റ്റില്‍ തൊഴിച്ച് കാലൊടിഞ്ഞയാള്‍), അല്ലെങ്കില്‍ പടിഞ്ഞാറ്റു മുറിയില്‍ നിന്നു കുടിക്കാന്‍ മാത്രമായി പണ്ട് കുവൈറ്റിലെ ജോലി വലിച്ചെറിഞ്ഞ ധീരനായ തോമയോ ഒപ്പമുണ്ടാകും. ഇതു നാട്ടുകാര്‍ പുലര്‍ച്ചക്കോഴി കൂവുന്നു എന്ന പോലെ ഒരു നിത്യാനുഭവമായി കണക്കാക്കി യാതൊരു എതിര്‍പ്പും കൂടാതെ കാലം കഴിച്ചു പോന്നു.



പൂപ്പറൊക്കെ പോയെങ്കില്‍ ഗേറ്റടച്ചേക്കൂ എന്ന് മുത്തഛന്‍മാരും , പൂപ്പറു പോയെടീ കോഴിക്കൂട് നോക്കി അടുക്കളക്കതകടക്ക് എന്ന് മുത്തശ്ശിമാരും. പൂപ്പറുടെയും കൂട്ടരുടെയും വരവില്‍ പ്രതിഷേധിച്ച് കുരച്ച് ബഹളമുണ്ടാക്കുന്ന നായ്ക്കള്‍ക്ക് ഒരു മണിക്കൂര്‍ കൂടി കുരക്കാനുമെല്ലാം നിത്യവും രാത്രി കഴിഞ്ഞിരുന്നു. ഒന്നു രണ്ട് തവണ പോലീസ് ജീപ്പ് പൂപ്പറെയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും നാട്ടാര്‍ക്കു മറ്റുശല്യമൊന്നുമില്ലാത്തതിനാല്‍ പൂപ്പറില്ലാത്ത രാത്രികള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.



കുഞ്ഞാപ്പന്റെ മകന്‍ പട്ട എന്ന ചാരായം വാറ്റ് തുടങ്ങിയതോടെ പൂപ്പറും സംഘവും ഷാപ്പില്‍ നിന്ന് അങ്ങോട്ട് മാറി. ഇതോടെ പാട്ട് വളരെ വര്‍ധിക്കുകയും ഓരോ പോയിന്റും കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരിക എന്നും ആയിത്തുടങ്ങി.



ആയിടെക്ക് പൂപ്പര്‍ ടാപ്പിങ് ചെയ്തിരുന്ന റബര്‍ തോട്ടം വേനലില്‍ ടാപ്പിങ് നിര്‍ത്തി വെച്ചു. സ്ഥിര വരുമാനത്തില്‍ ഇടിവു വന്നത് അഭിമാനിയായ പൂപ്പറെ നോവിച്ചു. തോമ ഓഫറു ചെയ്തത് ആദ്യം സ്വീകരിച്ചെങ്കിലും ആ ദിനങ്ങളില്‍ പാട്ടിനുഷാറുണ്ടായില്ല.

അന്ന് പൂപ്പര്‍ അധികം ചാരായം കുടിച്ചില്ല. ഇതാക്കായിരുന്നു ഒപ്പം. അയാളുടെ കയ്യില്‍ അധികം പണമുണ്ടായിരുന്നുമില്ല.



ഗവണ്മെന്റ് സ്ക്കൂളിനു മുന്‍പിലൂടെ ഇതാക്ക് ഉച്ചത്തില്‍ പാട്ടു പാടിയും പൂപ്പര്‍ അനുഗമിച്ചും അവരങ്ങനെ പോവുകയായിരുന്നു. എതിരെ ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ പൂപ്പര്‍ നിന്നു. അതറിയാതെ ഇതാക്ക് പാട്ടുമായി നീങ്ങി. അതൊരു അംബാസഡര്‍ കാറായിരുന്നു. വരവ് സാവധാനത്തില്‍. അടുത്തെത്തുകയും പൂപ്പര്‍ കാറിനു മുന്‍പിലേക്ക് ചാടി. വേഗത കുറവായിരുന്നതിനാല്‍ ഓടിച്ചിരുന്നയാളിനു കാര്‍ നിര്‍ത്താന്‍ കഴിഞ്ഞു. പൂപ്പറുടെ ഇടതു കാല്‍ മുന്‍ ചക്രത്തിനടിയില്‍ പെട്ടു, എന്നാല്‍ പെട്ടില്ല എന്ന സ്ഥിതി. അയ്യോ എന്നെ വണ്ടിയിടിച്ചേ, ഞാന്‍ ചത്തേ എന്നിങ്ങനെയുള്ള ഭയങ്കരം ആയ നിലവിളി രാത്രിയെ ഭേദിച്ചു കൊണ്ട് ഉയര്‍ന്നു. ഇതാക്ക് ക്രുദ്ധനായി കാറോടിച്ചയാളെ കോളറിനു പിടിച്ചിറക്കി തെറി ആരംഭിച്ചു. അയാള്‍ അല്പം ദൂരെയുള്ളയാളായിരുന്നു, തനിച്ചും. ആളുകള്‍ ഓടിക്കൂടി. കേസാക്കണം, പോലീസിനെ വിളിക്കാം എന്നിങ്ങനെ അഭിപ്രായം ഉണ്ടായി. ഒടുവില്‍ പൂപ്പറിനു പരുക്കു പറ്റിയതിനു ചികിത്സക്ക് പണം കൊടുക്കാം, കേസുണ്ടാകില്ല എന്ന ധാരണയില്‍ പിരിഞ്ഞു. പതിനായിരം രൂപാ പൂപ്പറിനു ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലു വെച്ചു കെട്ടിയാണെങ്കിലും പടിഞ്ഞാറ്റു മുറി ഷാപ്പില്‍ പൂപ്പര്‍ ഹാജരായി.



ജൂണ്‍ മാസത്തില്‍ മഴ ആരംഭിച്ച ആഴ്ചയില്‍ ഒരു രാത്രി പെരു മഴയത്ത് പൂപ്പറിനു വീണ്ടും അതേ സ്ഥലത്തു വെച്ച് കാറപകടമുണ്ടായി. അത്തവണ തോമയായിരുന്നു ഫുള്‍ഫിറ്റില്‍ കൂടെ. മഴയുടെ ബഹളത്തില്‍ പൂപ്പറുടെ നിലവിളി തോമ പോലും കേട്ടില്ല. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഒരു മണികൂര്‍ കഴിഞ്ഞാണ്‍ വഴിയാത്രക്കാരാരോ പൂപ്പര്‍ അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. സാമാന്യം നന്നായി പരിക്കേറ്റിരുന്നു.



"എടോ, ഇത്തവണ പണി പാളി" ആശുപത്രിയില്‍ കാണാനെത്തിയ ഇതാക്കിനോട് പൂപ്പര്‍ പറഞ്ഞു. പിന്നീട് പൂപ്പറിനു ഷാപ്പു വരെ നടന്നു പോകുന്നതിനോ, ജോലികള്‍ പഴയതു പോലെ ചെയ്യുന്നതിനോ അരോഗ്യമുണ്ടായില്ല. ഇതാക്കും തോമയും സാധനം എന്നും പൂപ്പറുടെ താമസ സ്ഥലത്തെത്തിക്കുകയും അവിടെ പാട്ടുകള്‍ പാടുകയും ചെയ്തു. അധികം താമസിയാതെ പൂപ്പര്‍ നാടിനോടും ഷാപ്പിനോടും കൂട്ടുകാരോടും എന്നേക്കുമായി വിടചൊല്ലി.



പൂപ്പറുടെ അസാന്നിധ്യത്തില്‍ ഇതാക്ക് പാട്ട് നിര്‍ത്തി, ഷാപ്പില്‍ നിന്നുള്ള മടക്കയാത്ര നിശബ്ദമായി ബസിലാക്കി. താന്‍ കാരണമാണു പൂപ്പര്‍ക്ക് രക്ഷപെടാനാവാതെ പോയതെന്നു സ്വയം വിശ്വസിച്ച് തോമ മറ്റൊരു വിസയില്‍ കുവൈറ്റിനും പോയി. അവരുടെ പാട്ടുകളും ബഹളവുമില്ലാതെ ഞങ്ങളുടെ രാത്രികള്‍ നാളുകളോളം നിദ്രാവിഹീനങ്ങളായി.

Monday, March 8, 2010

റങ്ക് കളിയെപ്പറ്റി ചില അനുമാനങ്ങള്‍

ബട്ടന്‍സ് വീണു പോയ ട്രൗസറിന്‍റെ തുമ്പുകള്‍
കൂട്ടിക്കെട്ടി വയലില്‍ ഒത്തുചേര്‍ന്നിരുന്നത്
റങ്ക് വേള്‍ഡ് കപ്പിനാണ്.
ഏഴു കല്ലുകള്‍ റങ്കാകാന്‍
അവിടെ കാത്തു കിടന്നിരുന്നു.
ഏറ്റവും കീഴില്‍ പരന്ന, വിശാലമായ
മിഴികളായിരുന്നു.
അവ ഒരിക്കലും,
ഒരു ഏറിലും നിലത്തു വീണിരുന്നില്ല.
റങ്കിന്‍റെ മാജിക്കില്‍ അപ്പുച്ചേട്ടനും
ബക്ഷിയും കുട്ട്യച്ചനും സിബിയും
ഏഴു റൗണ്ട് എറിഞ്ഞു.
റങ്കിന്‍റെ മുകളില്‍ ഇരുന്ന ഏഴാം കല്‍ത്തുണ്ട്
വഴിത്തലക്കലെ ചുമടുതാങ്ങിയില്‍ നിന്ന്
സുരേഷ് പശുവിനെ തളച്ചിടുന്ന കമ്പിയാല്‍
കുത്തി വീഴ്ത്തിയതാണ്.
അതില്‍ അപ്പൂപ്പന്മാരുടെ വിയര്‍പ്പുപറ്റി
മിനുസമാര്‍ന്ന് ഓരോ കാറ്റിലും ആടാന്‍
വേണ്ടിയുള്ള എന്തോ ഒന്ന്
ചേര്‍ന്നിട്ടുണ്ടായിരുന്നു.
പന്തു കൊള്ളാതെ തന്നെ
താഴെ വീണു തെറി കേള്‍ക്കുന്നതും
ഏഴാം കല്ലിന്‍റെ പതിവായിരുന്നു.
ഇടക്കുള്ള അഞ്ച് കല്ലുകളെ ആരും
അത്ര കണക്കാക്കിയിരുന്നില്ല
അവ അവിടവിടെ ചിതറിക്കിടന്നിരുന്നു
വരമ്പിലെക്കല്ലില്‍ കാല്‍തട്ടി കുട്ടിക്കൃഷ്ണന്‍ വീണു
നെറ്റി പൊട്ടിയ അന്ന് അഞ്ച് കല്ലുകളും
അനാഥമായി വയലില്‍ കിടന്നു
അവയെ ആരും കണക്കാക്കിയിരുന്നില്ല
ഇന്ദിരയെ ഓര്‍ത്ത് റേഡിയോ കരയുമ്പോള്‍
അഞ്ച് കല്ലുകളയും ബക്ഷി പുഴയില്‍
നിമഞ്ജനം ചെയ്തിട്ട് പോത്തുകളെ
അടിച്ച് കൂട്ടിക്കൊണ്ട് പോയി
റങ്ക് വേള്‍ഡ് കപ്പില്‍ നിന്ന്
പുറത്തായ അഞ്ച് കല്ലുകളെ
മുങ്ങിയെടുക്കാന്‍ വേണ്ടി
പുഴയില്‍ മദിക്കുമ്പോഴാണ്
പ്രണയങ്ങളൂടെ അടിക്കല്ലായ്
ഒന്നാം കല്ല് വിടര്‍ന്ന്
പൊയ്ക്കൊണ്ടിരുന്നത്
വെള്ളത്തിനടിയില്‍ മുങ്ങിച്ചെന്ന്
കണ്ണൂതുറന്ന്
വീണൂപോയ പാദസ്വരങ്ങള്‍ കണ്ട്
നിര്‍വൃതിയടഞ്ഞ്
ചെവിയില്‍ നിറഞ്ഞ ചെളിവെള്ളം
തലകുലുക്കിക്കളഞ്ഞ്
സുബ്രഹ്മണ്യപുരം പോലെ ചിരിച്ച്
അങ്ങനെയങ്ങനെ...
റങ്കുകളിയെപ്പറ്റിയുള്ള
അനുമാനങ്ങള്‍
തെളിവായപ്പോഴേക്കും
പുഴ തോര്‍ന്നു, വയല്‍ തൂര്‍ന്നു
വിള്ളല്‍ വീണ നിലത്തുകൂടി
എല്ലാ പാദസ്വരങ്ങളും പലവഴിക്കു പോയി
വയല്‍ക്കരയിലെ
പ്രേതമുള്ള ചെമ്പകത്തില്‍
ആരും ചാരി നില്‍ക്കാതായി
കാട്ടുപക്ഷികളുടെ കലപില
കേള്‍ക്കാന്‍ ആരും
കാത്തിരിക്കാതെയായി

Thursday, March 4, 2010

അണ (നിരൂപണം)

മലയാള ബ്ലോഗിന്‍റെ അവിഭാജ്യ ഘടകം തന്നെയായ സഗീറിന്‍റെ കവിതകള്‍ ഒരു പാവം നിരൂപകനെ യാചകനാക്കുന്ന കരുത്തുള്ളവയാണ്. സഗീറിയന്‍ കവിത നിരൂപിച്ചാല്‍ അദ്ദേഹത്തിന്‍റെ ഫാന്‍സ് ഈ നിരൂപകന്‍റെ കോലം കത്തിക്കുമോ, കത്തിക്കിരയാക്കുമോ, കൈകാര്യം ചെയ്യുമോ, ബ്ലോഗ് കവി സംഘടനയായ ബ്ലമ്മ (ബ്ലോഗ് മലയാള മഹാകവി അസോസിയേഷന്‍ BLOMMA) നിരൂപകനെ ബ്ലോഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമോ എന്നെല്ലാം പേടിയുണ്ടെങ്കിലും 'കഷ്ടം + നഷ്ടം' എന്ന കവിതയിലെ അതീന്ദ്രിയ ദര്‍ശനം ഈ നിരൂപകനെ പിടിച്ചിരുത്തുകയാണ്, ഒരിക്കല്‍ കൂടി. എവിടെ? സഗീറിയന്‍ കവിതാ തീരത്തെ ആസ്വാദനത്തിന്‍റെ മണല്പ്പരപ്പില്‍. ആ വിശാലതയില്‍ കുറെ വിരല്പ്പാടുകള്‍ കരുകുരാ പതിച്ചു നോക്കട്ടെ. കവിത ഓളമായ് വന്ന് മായ്ക്കുമെങ്കില്‍ മായ്ച്ചോട്ടെ ഈ പാടുകള്‍.
തുടങ്ങാം.

"അന്നത്തിനായൊരുന്നാളേ-
തോയൊരുയാചകനൊ-
രണനല്‍കിയില്ലേ ഞാന്‍!''


കവിയുടെ ദര്‍ശനം അതിപ്രാചീനമാണ്. എന്നാല്‍ കവിതയുടെ ഇതിവൃത്തം അതീവ നവീനവും കാലികങ്ങളില്‍ കാലികവും. ഈ കവിതയുടെ അനുവാചകരുമായി നടത്തിയതായി കാണുന്ന ചില സംവാദങ്ങളില്‍ കവിത മനസിലാക്കാതെ എന്തെല്ലാമോ ചോദിക്കുന്നവരെ കവി കളിയാക്കുന്നു. അത് അവര്‍ക്ക് മനസിലാകുന്നുമില്ല. സംവാദ മധ്യേ കവി പറയുന്നത് ഏതോ വല്യമ്മക്ക് അണ (നയാപൈസ) കിട്ടി, അങ്ങനെയൊക്കെയാണ്. എന്നാല്‍ കവിതയുടെ തീരത്ത് നിന്ന് നാം ദൂരേക്ക് നോക്കണം. കവിതയുടെ ആഴങ്ങളെ തടഞ്ഞുയര്‍ന്ന് നില്‍ക്കുന്ന ആ മഹാരൂപം എന്താണ്. ആ കാണുന്നത് അതീവ കാലികമായതും ബൂലോകത്തിനു മീതെ കൂടിപ്പോലും പൊട്ടിയൊഴുകിക്കൊണ്ടിരിക്കുന്നതുമായ അണക്കെട്ട് പ്രശ്നമാണ്. കവിയുടെ ദര്‍ശനം പ്രാചീനവും വിഷയം അതിവ കാലികവുമെന്ന് കാണുന്നതിവിടെയാണ്. ഇനി ഈ പോയിന്‍റില്‍ നിന്നിട്ട് ആദ്യം നാം വായിച്ച വരികള്‍ ഒരിക്കല്‍ കൂടി വായ്ക്കാം.

"അന്നത്തിനായൊരുന്നാളേ-
തോയൊരുയാചകനൊ-
രണനല്‍കിയില്ലേ ഞാന്‍!''

ഇപ്പോള്‍ കവിത മനസിലാകുന്നുണ്ട്, അല്ലേ? അതെ. അന്നം മുട്ടുമെന്ന നിലയില്‍ വന്ന ഒരുത്തനു നമ്മള്‍ പ്രാചീനകാലത്ത് അണ കൊടുത്തു, അവന്‍ നമ്മുടെ കവിതയില്‍ അണ കെട്ടിക്കോട്ടെ. കവിതയുടെ ജലാംശം കൊണ്ട് അവന്‍ അഷ്ടിക്ക് വക കണ്ടോട്ടെ. (ആദ്യം പറഞ്ഞ നിരൂപകന്‍റെ യാചക അവസ്ഥയും ഇതു തന്നെ. കവിതയുടെ ജലാംശം ഊറ്റി ഞെളിയുന്ന ഭിക്ഷാംദേഹിയല്ലേ ഈ നിരൂപകനും). നിരൂപകന്‍ അവിടെ കിടക്കട്ടെ. വിഷയത്തിലേക്ക് മടങ്ങാം. അണ കെട്ടാന്‍ അനുവാദം കൊടുത്തിട്ട് കാലങ്ങള്‍ കഴിഞ്ഞു (കവിയുടെ ദര്‍ശനം പ്രാചീനം). എന്നാല്‍ ഇന്ന് അണയുടെ ഇരു ഭാഗത്തും ആളുകള്‍ മുഖത്തോടു മുഖം നോക്കി കൊഞ്ഞനം കൊത്തുകയാണ്. ഇരു കൂട്ടര്‍ക്കും പ്രശ്നങ്ങളുണ്ട്. എന്നാല്‍ അതു പരിഹരിക്കാന്‍ മനസില്ല താനും. ഇതാണ് കാവ്യ നീതിയുടെ ദൃശ്യം.

ഇനി രണ്ടാം പാദത്തിലന്ത്യമായ്:

അഗ്നികുണ്ഡത്തിലെ
ക്ഷീരം വറ്റിയ മുലകള്‍
കരയുന്നു.


അതെ. ഇതും മേല്പറഞ്ഞതുമായി കാതലായി ബന്ധപ്പെട്ട പ്രശ്നമാണ്. അണ കെട്ടാന്‍ പണ്ട് അനുവാദം നല്‍കിയ ഉദാരമതികള്‍ക്ക് ഇന്ന് ആവശ്യത്തിനു പാലില്ല. ആ നാട്ടില്‍ ക്ഷീരം വറ്റുകയാണ്. അവരുടെ കുഞ്ഞുങ്ങള്‍ പാല്‍ കിട്ടാതെ കോമ്പ്ലാന്‍ ബ്ലാങ്ക് അടിക്കുന്നു. അണയും വെള്ളവും കൊടുത്തവര്‍ അതു മൂലം കഞ്ഞികുടി മുട്ടാതെ പോകുന്ന അയലത്തുകാരോട് ചോദിച്ചു, ക്ഷീരം തായോ, ക്ഷീരം തായോ. ബധിര കര്‍ണ്ണങ്ങള്‍. ഫലം നീലക്കവര്‍ പോയിട്ട് മഞ്ഞക്കവറ് പോലും കിട്ടാനില്ല. കവിതയുടെ തീ നമ്മുടെ നെഞ്ചില്‍ കത്തിച്ചിട്ട് ഈ രണ്ട് കാലിക പ്രശ്നങ്ങളെ അതിലിട്ട് കവി എരിക്കുകയാണ്.

ദൈവം കൊഴിഞ്ഞ
പല്ലുകളിലേക്കിറക്കി
കൊടുത്തു ആ ഒരണ!


അണ ഒരു നൈതിക പ്രശ്നമായിരുന്നു. അണ എല്ലാവര്‍ക്കും വേണം. അണയുടെ അണപ്പല്ലില്‍ വീഴാതിരിക്കുകയും വേണം.

അണയില്‍ പിടിച്ചാതിമിരം
മുകളിലോട്ടു കയറവേ;
ഊന്നുവടി താങ്ങിയ
കാലുകളിലതാ
വെറെ രണ്ടുപേര്‍!


അണയില്‍ പിടിച്ച് അവിടെയും ഇവിടെയും എല്ലാവരും കലമ്പല്‍ കൂടുകയാണ്. കവി ഇത് കാണുന്നുണ്ട്. 'എല്ലാവര്‍ക്കും തിമിരം' എന്ന മറ്റൊരു കവിത ഇവിടെ അനുവാചകരെ കവി ഏറ്റുപാടിക്കുകയാണ്. അണയില്‍ കൂടി പലതരം ഊന്നു വടികള്‍ കുത്തിക്കയറുന്നവരുടെ കാലില്‍ പിടിച്ചും മറ്റും ഞണ്ടുകളായി മാറുന്ന പതിവു പരിപാടി നടക്കുന്നതിനെ കവി ഇവിടെ രൂക്ഷമായി നോക്കുന്നത് ജ്വലിക്കുന്ന കണ്ണുകളോടെയാണ്.

കവി പറയുന്നു:

"അങ്ങിനെ ഞാനായിട്ടു
നിങ്ങളങ്ങിനെ സുഖിക്കേണ്ട''


അവരെ പറ്റി എഴുതാന്‍ കവിക്ക് ഉദ്ദേശമില്ല. കവിയുടെ കവിതയില്‍ സുഖിക്കാനെത്തുന്നവരെ വിലക്കുകയാണ്. ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെപ്പോലെ സുഖദു:ഖങ്ങള്‍ പങ്കിടാന്‍ ഓടി എത്തുന്ന നല്ല അയല്‍ക്കാരനല്ല കവി, നാളെയുടെ നിളാ നിറവുകള്‍ സ്വന്തം കവിതയില്‍ കൂടി ആര്‍ത്തലച്ചൊഴുക്കി ഈ തീരത്തെ മണല്‍ത്തരികളുടെ കറുത്ത മനസ് കഴുകിയെടുക്കാന്‍ വെമ്പുന്നവനാണ് എന്നു വിളിച്ചു പറയുന്നു.

നഷ്ടമായ അണ തിരിച്ചു
കിട്ടിയ യാചകന്‍ ദൈവത്തിനു
സ്തുതി ചൊല്ലി!


ഇതു കവിയുടെ പ്രാചീന ദര്‍ശനത്തിനു വിപരീത ദിശയിലുള്ള ദീര്‍ഘ ദര്‍ശനമാകട്ടെയെന്ന് വായനക്കാരന്‍ ആശംസിച്ചു പോകുന്നു. അണ എല്ലാവര്‍ക്കും - അതെ എല്ലാവര്‍ക്കും - തിരിച്ചു കിട്ടണം. തിരിച്ചു കിട്ടുമ്പോള്‍ നാം ബാക്കിയുണ്ടെങ്കിലല്ലേ സ്തുതിക്കാന്‍ പറ്റൂ. അതിനാല്‍ എല്ലാം ഇന്നെപ്പോലെ എന്നേക്കും ബാക്കി നില്‍ക്കണം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് കവി പറയാതെ പറയുകയാണ്, ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവജ്ഞതയുടെ ഈ വചസുകളില്‍ക്കൂടി.

Thursday, February 25, 2010

ലവേറിയ (നിരൂപണം)


നിരൂപണത്തോട് വിടപറയേണ്ട സമയം ഏതാണ്ട് അതിക്രമിച്ചിരുന്ന ആ വേളയില്‍ ആരും യാത്ര പറയാനില്ലാതെ സ്റ്റേഷനില്‍ വന്ന ഞാന്‍ അവിടെ കണ്ട ഒഴിഞ്ഞ സിമന്‍റ് ബെഞ്ചില്‍ കിടന്നുറങ്ങിപ്പോയി. എപ്പോഴോ ഒരു കൊതുക് വന്ന് കുത്തിയതിനാല്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. ചാടിയെണീറ്റ് സ്റ്റേഷനിലെ ബഡാ ക്ലോക്കില്‍ സമയം നോക്കിയപ്പോള്‍ മണി മൂന്നര. എന്‍റെ വണ്ടി പോയ ലക്ഷണമാണ്. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ബാലചന്ദ്രമേനോന്‍റെ അതേ രൂപം, അതേ താടി ? (സമാന്തരങ്ങള്‍). പോയെടോ, ഇനി നാളെ രണ്ടരക്ക് എന്ന മറുപടി. ഇനി എന്ത് ചെയ്യാം. ബഹളത്തിനിടയില്‍ എന്നെ കുത്തിയ കൊതുകിനെ തല്ലിക്കൊല്ലാനും മറന്നേ പോയി. മൊത്തം 'നഷ്ടം + കഷ്ടം'.


ഇവന്‍ ആള്‍ കൊള്ളാമല്ലോ, ദാ പറക്കുന്നു, ഇവിടെ ക്ലീക്ക് ഇവനെ കാണാന്‍ !


ഇവനെ നോക്കിയപ്പോഴാണ്, എന്നിലെ നിരൂപകനു വീണ്ടും ചൊറിച്ചില്‍.


"Mark that fly and
shoot that bitch !!"


2012 സിനിമ കണ്ട കവി അതില്‍ റഷ്യാക്കാരന്‍ യൂറി പറയേണ്ടിയിരുന്ന ഒരു ഡയലോഗ് എഴുതാന്‍ സ്ക്രീന്‍പ്ലേ റൈറ്റര്‍ മറന്നു പോയത് ഗണിച്ചെടുത്ത് കാച്ചുന്നു, ആദ്യം തന്നെ. തന്നെ കയറ്റാതെ പോണ സ്പേസ് ഷിപ്പ് പിടിയെടാ, അതില്‍ കേറിപ്പറ്റി മിഡില്‍ ഫിംഗര്‍ കാണിച്ച അവളെ വെടി വക്കടാ എന്നൊക്കെ റഷ്യന്‍ പരിഭാഷ. ഇപ്പോള്‍ പ്രചാരത്തിലുള്ള ആധുനിക വിവാദശൈലിയില്‍ പറഞ്ഞാല്‍ ഇത് കവിയുടെ 'ഹലൂസിനേഷനാ'ണ്. കവി പടം കണ്ട് മൂത്രമൊഴിക്കാതെ ഉറങ്ങാന്‍ കിടന്നു കാണും. എന്തിനോ എന്തരോ.
സത്യത്തില്‍ സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി എന്നൊക്കെപോലെയുള്ള പൊളപ്പന്‍ ഡയലോഗില്‍ കവിത തുടങ്ങുന്ന 'ആംഗ്ഗലേബന്ധികാവ്യരചനീയമൃഗീയ' എന്ന നൂതന കവിതാ രചനാ സമ്പ്രദായമാണിത്. ഇത് മുന്‍പ് പരീക്ഷിച്ചത് ഐവറി കോസ്റ്റില്‍ നിന്നുള്ള മലയാള ബ്ലോഗ് കവികളാണ്. മലയാള ബ്ലോഗ് കവിതയില്‍ ഇതാദ്യം. നവീനകവികള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.


"എത്ര ചെറുതാണ് !
എന്നിട്ടും ,
ഒരു ശങ്കയുമില്ലാതെ എന്നെ കുത്തിയത് കണ്ടില്ലേ ?
ഇപ്പ ദാ നിന്നെയും ."


ചെറുതാകുന്തോറും മനോഹരന്‍ എന്നാണല്ലോ മഹാകവി നടുവില്‍ ഉണ്ണീഷ്ണന്‍ പറഞ്ഞത്. പക്ഷെ കൊതുക് ചെറുതാകുന്തോറും നമ്മുടെ മനോഹാരിത നഷ്ടമാകുന്നു. കുത്തേറ്റ് ആ വേദനയില്‍ നമ്മുടെ മുഖം വികൃതമാകുന്നു. കുത്തിയ കൊതുകിനെ പരതി നമ്മുടെ നയന മനോഹാരിതയും നഷ്ടമാവുന്നു.


"ഇപ്പ ദാ നിന്നെയും ."


ആരാണ് കവിയുടെ ഈ "നീ?".
പറയാം.


"ഈ വൃത്തികെട്ട പ്രാണിയില്‍ നമ്മുടെ രക്തങ്ങള്‍ ഒന്നായി .
ബന്ധങ്ങള്‍ , ബന്ധങ്ങള്‍ ,രക്ത ബന്ധങ്ങള്‍ ."


കവിക്ക് ഒരിക്കല്‍ മലേറിയ പിടിപെട്ടു. എന്നു വച്ചാല്‍ ഈ ലവേറിയാ ഹുവാ എന്ന് കേട്ടിട്ടില്ലേ, ലതു തന്നെ. ലതു പിടിച്ചാല്‍ പ്രശ്നമാണ്. കൊതുകിലൂടെയാണല്ലോ അത് പരക്കുന്നത്. അക്കാലം എച് വണ്‍ എന്‍ വണ്‍, തക്കാളിപ്പനി ഒന്നും കണ്ട് പിടിച്ചിട്ടുമില്ല. അതിനാല്‍ എല്ലാ പനികളുടെയും പാപഭാരം കൊതുകുകളുടെ പുറത്തു കൈപ്പത്തികളായി വീണ് ആരാന്‍റെ ചോര എത്രയാണ് കാലഘട്ടങ്ങളീലൂടെ ചിന്തിയിട്ടുള്ളത്. മലേറിയയുടെ ആ ഗൃഹാതുരതയില്‍ കവി കാണുന്നു, കൊതുകിന്‍റെ വയറ്റില്‍ തന്‍റെയും ലവേറിയയുടെയും രക്തങ്ങള്‍ വെവ്വേറെ കിടക്കുന്നു. രക്ത ഗ്രൂപ്പ് കവി ഇന്നോളം നോക്കിയിട്ടില്ല. ലവേറിയ പറഞ്ഞു: എന്‍റെ ഗ്രൂപ്പ് എ മൈനസ് ബി ആണ്. അപ്പോ അതാണ് കാരണം.


"ഒരിക്കലും പാടില്ലാത്ത രക്ത ബന്ധങ്ങള്‍ ."


അതെ ഈ രക്തബന്ധങ്ങള്‍ കൂടിക്കലരുമ്പോള്‍ അവിടെ പാടുകള്‍ ഒന്നും അവശേഷിപ്പിച്ചില്ല. നല്ല ശുദ്ധമായ 22 കാരറ്റ് രക്തം. അതാണ് പാട് വീഴാത്തത്. കൂടിക്കലരാത്ത ഈ രക്തങ്ങള്‍ ഇനി ആ പാവം കൊതുക് എങ്ങനെ ദഹിപ്പിക്കും? എന്ന സമസ്യയില്‍ വായനക്കാര്‍ക്ക് ഇവിടെ മലേറിയായുടെ വിറയല്‍ വരുന്നുണ്ട്.


കൂടാതെ കവി കൊതുകിനെ വൃത്തികെട്ട പ്രാണി എന്നധിക്ഷേപിക്കുന്നു. ലവേറിയ പിടിപെട്ടാല്‍ പിന്നെ എല്ലാം ഇങ്ങൊട്ട് കുത്താന്‍ വരുന്നതായി തോന്നും. തല വേദന പിടിപെടുന്നവര്‍ തല വലുതായി വന്ന് പൊട്ടിത്തെറിക്കുമോ എന്നും പല്ല് വേദന വരുന്നവര്‍ പല്ല് വലുതായി വായ നിറഞ്ഞ് മൂടിപ്പോവൂമോ എന്നും ഭയക്കുന്നതു പോലെയുമാണിത്. കവി കൊതുകിനെ അസഭ്യം പറയുന്നു. സത്യത്തില്‍ കൊതുകുകളെ കവി സൂക്ഷ്മ നിരീക്ഷണം ചെയ്തിട്ടില്ല. വെളുപ്പാന്‍ കാലത്ത് മുണ്ടൂരി മൂടിപ്പുതച്ചു കിടക്കുമ്പോള്‍ കുത്തിയുണര്‍ത്തിയേ തീരൂവെന്ന് മൂളീപ്പറക്കുന്ന സമയ നിഷ്ടയുള്ള അലാറം കൊതുകുകള്‍. കാലില്‍ വട്ടത്തില്‍ വെള്ള പൗഡറിട്ട കൊതുകു സുന്ദരികള്‍. വിന്‍ഡ് മില്ലു പോലെ വലിയ നാലു കാലില്‍ പറന്നു വന്ന് ലാന്‍ഡ് ചെയ്യുന്ന കൊതുകുകള്‍. നേരിയ മഞ്ഞ നിറമാര്‍ന്ന വെള്ളാനക്കൊതുകുകള്‍. എത്ര സുന്ദരം, ഈ കൊതുകു ഭൂമി മലയാളം. എന്നിട്ടും ആ സൗന്ദര്യം ദര്‍ശിക്കാതെ കവി കൊതുകിനെ ചീത്ത പറയുന്നത് വായനക്കാരനെ അലട്ടുന്നു.


"Kill kill and kill that little creature ."
(റഷ്യന്‍ പരിഭാഷയില്‍ ഇത് ഭയ്ങ്കര തെറിയായതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല)


"പാപം ! നാണക്കേട് !! വേദന !!!
ഇനി ഞാനെങ്ങനെ തലപൊക്കി നടക്കും ?
സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം ."

മിസ്റ്റര്‍ കവീ, ഒന്ന് ചോദിക്കട്ടെ. ഇത് ആത്മ വഞ്ചന അല്ലേ? ലവേറിയായുമായി മരം ചുറ്റിയോടാനും ഐസ് ക്രീം തിന്നാനും മടിയില്ല. തലപൊക്കാന്‍ പ്രയാസവുമില്ല. പക്ഷേ ഏതോ ഒരു കൊതുകിന്‍റെ വയറ്റില്‍ കവിയുടെയും ലവേറിയയുടെയും ചോര മിക്സപ്പായതില്‍ കവിക്ക് നാണം; പാപഭാരം. ഇത് പ്രണയത്തിന്‍റെ പൂവാലന്മാരായ കവികള്‍ ഒരിക്കലും ചെയ്യരുതാത്തതല്ലേ കവീ, പ്രത്യേകിച്ചും ഈ വാലന്‍റൈന്‍ മാസത്തില്‍.


"നോക്ക് ,
ചോര , ചോര , ചോര ,
എന്‍റെ ചോര , നമ്മുടെ ചോര ."


ചോര, ചുവന്ന ചോര. കാട്, കറുത്ത കാട്. ചോര. ചോര. ചോരാ. ആ ആ....(സിംബല്‍ ഇവിടെ അടിക്കണം)


"അല്ലെങ്കില്‍ വേണ്ട .
കൊല്ലാതെ വിട്ടേരെ .
നമുക്കൊരിക്കലും കഴിയാതെ പോയ കാര്യം പോലെ ,
നമ്മുടെ രക്തത്തില്‍ മറ്റൊരാള്‍ ജീവിക്കട്ടെ ."


കവിയുടെ ഒരു കോമ്പ്രമൈസ്സാണിത്. ബ്ലഡ് ബാങ്കുകാരോട് നമ്മള്‍ കോമ്പ്രമൈസ് ചെയ്യുന്നതു പോലെ. വേണോ, കൊടുക്കണം. സാമാന്യ തത്വ പ്രദര്‍ശനം ഇതിലധികം മഹനീയമായി എവിടെക്കാണാനാവും? കൊല്ലാന്‍ കഴിവില്ല എന്ന നഗ്ന സത്യം ഒരു ഔദാര്യ രൂപേണ അവതരിപ്പിച്ച് കവി തടിയൂരുകയല്ലേയെന്ന് നിരൂപണ വിദഗ്ധര്ക്ക് സംശയം തോന്നാം. അതല്ല കാര്യം. 'നമ്മുടെ രക്തം കൊണ്ട് മറ്റൊരാള്‍ ജീവിക്കട്ടെ' എന്ന് കവി പറയുന്നത്, ജീവിതത്തില്‍ ഇന്നു വരെ രക്തദാനം ചെയ്യാന്‍ താന്‍ തയ്യാറായില്ലല്ലോ എന്ന ആത്മ നിന്ദയിലാണ്. ദൂരവേ റെഡ് ക്രോസിന്‍റെ വണ്ടി കാണുമ്പോള്‍ തന്നെ ചെകുത്താന്‍ കാറ്റായി പമ്പരം തിരിഞ്ഞ് കവി അപ്രത്യക്ഷനാകാറുണ്ടായിരുന്നു. ആ ദുഖം തീര്‍ക്കാന്‍ കൊതുക് കുത്തിയടുത്ത തന്‍റെ രക്തവുമായി അതിനെ ജീവിക്കാന്‍ വിടുകയാണു കവി.


"നമ്മുടെ മണിയറ , കല്യാണം നടന്ന പളളി,
പിതാക്കളുടെ വേദന ഒന്നും ഓര്‍ക്കണ്ടാ ."


കവിതയുടെ മര്‍മ്മം ഈ വരികളിലാണ്. മണിയറ ഒക്കെ ആരോര്‍ക്കുന്നു. 'ശോബക്ക് പേടിയുണ്ടോ' എന്ന് ശ്രീനിവാസന്‍ പാര്‍വ്വതിയോട് ചോദിച്ചില്ലേ? അത്രേയുള്ളൂ ഈ മണിയറ ഒക്കെ. കല്യാണം നടന്ന പള്ളി എല്ലാവരും അപ്പോള്‍ തന്നെ മറക്കും. ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് കല്യാണച്ചെലവ് എഴുതികൂട്ടുമ്പോള്‍ എന്‍റെ പള്ളീ എന്നെങ്ങ്നാനും വിളിച്ചാലായി. ഇനി തനിക്കൊരിക്കലും പരസ്യമായി, അതി ധീരമായി നെഞ്ച് വിരിച്ച് വായ് നോക്കാന്‍ കഴിയാത്ത എല്ലാ പെണ്‍ കൊടികളെയും തന്‍റെ മുന്നില്‍ വെച്ചു തന്നെ ക്യാമറാക്കണ്ണുകളിലൂടെ തലോടിത്തലോടി തന്നെ അസൂയ പിടിപ്പിച്ചതും പോരാ, ഒരു പന്ന ആല്‍ബത്തിനും രണ്ട് ഉണക്ക ഡീവീഡീക്കും കൂടി നാല്പതിനായിരം രൂപാ വാങ്ങിയ ആ വീഡിയോക്കാരനെ ഓരോ വരനും ആ വീഡിയോക്കാരന്‍റെ മരണം വരെ ഓര്‍ക്കും. പിതാക്കളുടെ വേദന ഓര്‍ത്തില്ലെങ്കിലും, തലേന്ന് രാത്രി കൂട്ടുകാരെല്ലാം ചേര്‍ന്ന് അടിച്ചുകൂട്ടി വെറുതേ കസേരയുടെ കീഴില്‍ വാള്‍ വെച്ചു വേസ്റ്റാക്കി കളഞ്ഞ 'സാധന'ത്തിന്‍റെ വില എന്നെന്നേക്കും ഓര്‍ക്കും. പറ്യൂ കവീ, വരികള്‍ക്കിടയില്‍ കവി പറയാതെ വച്ച ആയിരം നാവുള്ള മൗനമേറ്റ് വായനക്കാരുടെ മുഖം മുറിയുന്നതിനാല്‍ അവരോട് പുതിയ ബ്ലേഡ് വാങ്ങാന്‍ സമയമായെന്ന് ഓര്‍മിപ്പിക്കട്ടെ ഞാന്‍.


"ശരീരം ഉടയാതെ നോക്കണം !
കടും നിറത്തില്‍ ,
നിന്‍റെ ചുണ്ടും നഖവും ചുവപ്പിക്ക് .
സൌന്ദര്യ മത്സരത്തിന് സമയമായി . "


കവിത ഇവിടെയെത്തുമ്പോഴേക്ക് വായനക്കാരനും നീരൂപകനും കവിയെ മനസാ വണങ്ങുന്നു. ലവേറിയായെ കവി വഴിയാധാരം ആക്കിയിട്ടില്ല!!! എന്ത് സമാധാനം. 'അനിയത്തിപ്രാവ്' കാണും പോലെ ഉദ്വേഗത്തോടെ വായിച്ചു വരികയായിരുന്നുവല്ലോ ഈ കവിത. ലവേറിയ തന്നെയാണ് ഇപ്പോഴും സെറ്റപ്പ്. ഹാവൂ, ആശ്വാസമായമ്മേ, ആശ്വാസമായി. കൊതുകിന്‍ വയറ്റില്‍ ചോര മിക്സപ്പായതിനു നാണം കെട്ടെങ്കിലും കവി ലവേറിയയോട് അനീതി ചെയ്തിട്ടില്ല. ഇനി ചോദ്യം ഒന്നു മാത്രം - ലവേറിയ ? - മിസ് കേരള, മിസ് ഇന്ത്യ, മിസ് വേള്‍ദ്, മിസ് യൂനിവേഴ്സസ്?

Saturday, February 13, 2010

(വാലന്‍റൈന്‍ കവിത) അക്കല്‍ദാമ എക്സ്പ്രസ്

ചെന്നൈ സൂപ്പറിന്‍റെ കമ്പിയഴിക്കിടയില്‍
ഉരുകിയിരിക്കുമ്പോഴാണ്
അടുത്ത ട്രാക്കിലെ കമ്പിക്കൂടിലെ കിളികള്‍ക്കിടയില്‍
അവളെ കണ്ടത്.
എന്തൊരു വിയര്‍പ്പാണ്;
പൂക്കള്‍ വിയര്‍ക്കുന്നത് ആദ്യം കാണുകയായിരുന്നു.
കണ്ണുകൊണ്ട് നോക്കി ഉരുകാനായിരുന്നു വിധി.
രണ്ട് കമ്പിയഴിവണ്ടികളും ഉരുകിയുരുകി-
യൊടുവില്‍ പുറപ്പെട്ടു
സമാന്തരമായി പോകുന്ന കമ്പിക്കൂടുകള്‍;
ഒന്നില്‍ ഞാനും അപ്പുറത്തേതില്‍ അവളും മാത്രം.
ചെന്നൈ സെണ്ട്രല്‍ പിന്നോട്ട് പോയി;
കമ്പിക്കൂടുകള്‍ ഭൂമിയിലാണ്ടു പോയപോലെ ഞങ്ങള്‍ നിന്നു.
ഒടുവില്‍ ജംഗ്ഷനില്‍ നിന്ന് അവളുടെ കമ്പിക്കൂട് വലത്തേക്ക് കിരുകിരാന്ന്
തിരിഞ്ഞപ്പോളാണ് ഉണര്‍ന്നത്
ആന്ധ്രയിലെ ഏതോ അക്കല്‍ദാമയിലേക്കായിരുന്നു അവള്‍
അക്കല്‍ദാമയിലെ പൂക്കള്‍ വായിച്ചിട്ടുണ്ടോ
ഇല്ല
മഞ്ഞ് വായിച്ചിട്ടുണ്ടോ
ഇല്ല
പിന്നെ എന്താണു വായിച്ചത്
നോട്ടീസിനു പിന്നില്‍ എന്‍റെ അമ്മ
പെന്‍സില്‍ കൊണ്ടെഴുതിയ കത്തുകള്‍ വായിച്ചിട്ടുണ്ട്
എല്ലാ ശനിയാഴ്ചയും അവളുടെ അമ്മ പഴയ ഒരു പെന്‍സലിന്‍റെ മുന
ഭിത്തിയിലുരച്ച് ശരിപ്പെടുത്താറുണ്ടായിരുന്നു.
ചെന്നൈ സൂപ്പര്‍ എന്നെയും കൊണ്ട്
ഇങ്ങോട്ട് തിരിഞ്ഞിട്ടും അവളുടെ അക്കല്‍ദാമ എക്സ്പ്രസ്
ജംഗഷനിലെ തിരിവില്‍ കിടന്നു.
ചെയിന്‍ വലിക്കടാ ശരണേ
നിനക്ക് പ്രാന്താണ്
ഇപ്പോള്‍ കിടക്കുന്നത് ചെന്നൈ സൂപ്പറാണ്;
ദാ, നീങ്ങിപ്പോവുന്നത് അക്കല്‍ദാമ എക്സ്പ്രസാണ്.
ഞാന്‍ റെയില്പാളത്തിലൂടെ അതിനു പിന്നാലെ
വിഫലമായി ഓടുന്നുണ്ട്;
അതില്, ആ വണ്ടിയില്‍ എനിക്കു കാണാനാവാതെ‍ അവളുണ്ട്

Thursday, January 28, 2010

ആറാമിന്ദ്രിയം (നിരൂപണം)

നിരൂപണത്തില്‍ പൂര്‍വ്വസൂരിയും കവിതയില്‍ മടുക്കാതെ ജീവിക്കുന്ന വ്യക്തിയുമായ കാപ്പിലാന്‍റെ കവിത കണ്ടു കിട്ടുന്നത് നിരൂപണക്കടലിലേക്ക് പിച്ച വെയ്ക്കുന്ന ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം നിലക്കാത്ത ആഹ്ലാദമാണ്. ആ ശിശു ഇന്ന് ഞാനാണ്. കാപ്പിലാന്‍റെ ആറാമിന്ദ്രിയത്തില്‍ നിന്ന് ഏതു പ്രതികരണം ആണുണ്ടാവുക എന്നുറപ്പില്ലെങ്കിലും ജീവന്‍ തൃണവല്‍ ഗണിക്കുകയാണല്ലോ ഒരു നീരൂപകന്‍റെ പത്രധര്‍മ്മം.

കവിത:ആറാമിന്ദ്രിയം

പതിവു പോലെ കവി കോപാകുലനാണ് ആദ്യം തന്നെ. കവി തമിഴ് നാട്ടിലെവിടെയോ യാത്ര പോയി മടങ്ങി വന്ന് കവിതയെഴുതിയ ലക്ഷണമാണ് കാണുന്നത്. ഇത്രയധികം മുല്ലപ്പൂ ഗന്ധ സ്മരണ ഇപ്പോള്‍ കേരളത്തില്‍ ലഭ്യമല്ല. പ്രത്യേകിച്ചും പഴങ്ങളുടെയും പച്ചക്കറിയുടെയും മുല്ലപ്പൂവിന്‍റെയും കാര്യത്തില്‍ നമ്മള്‍ തമിഴ്നാടിന്‍റെ നല്ല അയല്‍ക്കാരും നല്ല സമറിയാക്കാരുമായി കഴിഞ്ഞു കൂടുന്ന ഇക്കാലത്ത്.

ഏതായാലും പ്രണയത്തിനു മുല്ലപ്പൂവിന്‍റെ ഗന്ധമെന്ന് ആരോ പറഞ്ഞത് കവി കേട്ടു. വൈക്കം മുഹമ്മദ് ബഷീറായി ജനിക്കാത്തത് അയാളുടെ മഹാഭാഗ്യം. കാരണം, ഒരു സുന്ദരിയോട് ബഷീറിനു ഒരിക്കല്‍ പ്രണയം പോലെ ഒന്ന് തോന്നവേ അവര്‍ക്കിടയില്‍ സുന്ദരി എന്തോ ഒരു ശബ്ദത്തോടെ, ഒരു പക്ഷേ ആ പ്രണയത്തിന്‍റെയായിരിക്കണം, പ്രത്യേക സുഗന്ധം ഇറക്കിവിട്ടതിനേപ്പറ്റി ബഷീര്‍ തന്നെ പണ്ട് ഒരു കഥയെഴുതിയത് വായനക്കാര്‍ മറന്നിരിക്കില്ല. അതാണ് പ്രണയത്തിന്‍റെ കളി. ഏതു ഗന്ധം എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. മുല്ലപ്പൂ ഗന്ധം പ്രണയത്തിനുണ്ടെന്ന് പറഞ്ഞവനു സെന്‍സില്ലെന്നും അവന്‍റെ മൂക്കു ചെത്തണമെന്നും കവി പറയുന്നതിനോട് ഈ നിരൂപകനു നേര്‍ത്ത വിയോജിപ്പുണ്ട്. പ്രണയത്തിനു കണ്ണില്ല എന്നതാണല്ലോ, E=MC2 (ഈ സമം എം സീ സ്ക്വയേഡ്) കഴിഞ്ഞാലുള്ള പ്രധാന സൂത്രവാക്യം. ഏതോ പ്രണയിയെ പരീക്ഷണ ശാലയിലിട്ട് ഈ സൂത്രവാക്യം കണ്ട് പിടിച്ച ആള്‍ ആ പ്രണയ രോഗിയെ ഇ. എന്‍. ടി സ്പെഷലിസ്റ്റിന്‍റെ അടുത്തു കൊണ്ട് പോകാന്‍ മറന്നു പോയി. അല്ലായിരുന്നെങ്കില്‍ അന്നേ നമ്മള്‍ അറിഞ്ഞേനെ, കണ്ണു മാത്രമല്ല, മൂക്കും നാക്കും ത്വക്കുമൊന്നുമില്ലാത്ത വെറും തിര്യക്കാണ് പ്രണയമെന്ന്. അങ്ങനെയിരിക്കെ, ഒരു പക്ഷേ ബഷീറും മറ്റും സൂചിപ്പിച്ച തരം ഏതോ പ്രണയ ഗന്ധം, കണ്ണും മൂക്കുമില്ലാത്ത ആ പ്രണയദാഹിക്ക് മുല്ലപ്പൂ ഗന്ധമായി അനുഭവപ്പെട്ടതാവാനും സാധ്യതയില്ലേ കവേ?

ഇവിടെ നിന്ന് കടല്‍ത്തിരകളുടെ തലോടലേറ്റ് , 'പ്രണയ നിലാ..' എന്ന പാട്ട് അവഗണിച്ച് , കവി ആലപ്പുഴക്ക് പോകുന്നതായി പല വായനക്കാര്‍ക്കും തോന്നിയേക്കാം. വന്‍ തകര്‍ച്ച നേരിടുന്ന കയര്‍ വ്യവസായ മേഖലയെ പുനരുദ്ധരിക്കാനുള്ള സന്ദേശമാണ് കവി നല്‍കുന്നതെന്ന് വേണമെങ്കില്‍ നമുക്കു കരുതാവുന്നതാണ്. കവി പറയുന്നു:

തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം

പ്രണയത്തിന്‍റെ പരിപ്പ് തിരുമ്മി അവിയല്‍, തോരന്‍, ശര്‍ക്കര അട, പുട്ട് എന്നിവ വയ്ക്കുകയും പ്രണയത്തെ വലിച്ചെറിഞ്ഞ് കളയുകയും ചെയ്യുന്നതില്‍ നമ്മള്‍ എത്ര വിദഗ്ധര്‍. കവി പറയുന്ന പ്രണയമെന്ന കേരഫലത്തിന്‍റെ യുസേജസ് സ്ക്കൂളീല്‍ ഹൃദിസ്ഥം ആക്കിയിട്ടുള്ള നമ്മള്‍ പിന്നീട് വെറുതെയിരിക്കാതെ ഓര്‍മകള്‍ അയവിറക്കാനുള്ള ഉമിനീരിലും അതിനൊപ്പം ഒഴുക്കി വേസ്റ്റാക്കാനുള്ള കണ്ണീരിലുമിട്ട് പ്രണയ തൊണ്ടുകള്‍ കുതിര്‍ത്തു വയ്ക്കുന്നു. പിന്നീട് എത്രയോ പ്രണയനാരുകള്‍ ചേര്‍ത്തു പിരിച്ചാണ് ജീവിതത്തിന്‍റെ ഒരു കയര്‍ നമ്മള്‍ പിരിച്ചെടുക്കുന്നത് വായനക്കാരെ. അത്തരമൊരു വ്യവസായം തകരുന്നതില്‍ കവിയോടൊപ്പം നാം ഉല്‍ക്കണ്ടപ്പെടണം.

ഇത്തരം പ്രണയ കയര്‍വ്യവസായത്തിന്‍റെ കണക്കുകള്‍ നിരത്തുന്നുമുണ്ട്, കവി.

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .
ഉറപ്പ് .
അല്ലെങ്കില്‍ നീ കൂട്ടി നോക്ക് !


ശൂന്യം=പൂജ്യം. അപ്പോള്‍ പൂജ്യമെന്ന ഫലം കിട്ടാനായി നാം ഹരിക്കുന്നത് പൂജ്യം കൊണ്ടു തന്നെ വേണം. ഹരിക്കപ്പെടുന്നതും പൂജ്യമായിരിക്കണം. ഇനി ഗുണിക്കുകയാണെങ്കിലും ഇതു തന്നെ. 0x0=0. കൂട്ടിയാലും അതു തന്നെ 0+0=0. പ്രണയത്തിനു പൂജ്യത്തിന്‍റെ ആകൃതിയാണ്. തേങ്ങയുടെ തൊണ്ട് പൊളിക്കുന്നതിനു മുന്‍പ് പൂജ്യത്തിന്‍റെ ആകൃതി ആണല്ലോ. ജീവിതത്തിനും പൂജ്യം ആകൃതിയായിരിക്കണം. ജീവിതചക്രം എന്നൊക്കെയാണല്ലോ പൊതുവെ നാം പറയുക. അപ്പോള്‍ അതും പൂജ്യം തന്നെ. കവി ഭാവന എത ഉദാത്തം ഇവിടെ എന്ന് കാണുക. 0/0=0! 0x0=0! ശരിയാണ്. പ്രണയിക്കുമ്പോള്‍ ജീവിക്കാനും, ജീവിക്കുമ്പോള്‍ പ്രണയിക്കാനും മറക്കുന്നത് നമ്മളല്ലാതെ മറ്റാര്‍? അങ്ങനെ സംഭവം മൊത്തം നഷ്ടമാണെന്ന് കവി പറയുന്നു.

എന്നാല്‍ അടുത്തപാദത്തില്‍ എത്തുമ്പോള്‍, കവിതയുടെ തുടക്കത്തില്‍ കവി കോപാകുലനായതെന്തെന്ന് നാമറിയുന്നു. കാരണം, മറ്റൊന്നുമല്ല:

കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന്.

പ്രണയത്തിന്‍റെ ഗന്ധം ഇതായിരിക്കെ ജാസ്മിന്‍ സ്പ്രേ ആരോ മൂക്കിന്‍ തുമ്പില്‍ അടിച്ചു കൊണ്ടാണ് അന്ന് തന്‍റെ പ്രണയിയെ കാണുവാന്‍ പോയിരിക്കുക. അയാളുടെ മൂക്ക് ചെത്തിയാല്‍ ശരിക്കുള്ള ഗന്ധം അയാള്‍ക്ക് കിട്ടിക്കോളൂം എന്നാണ് കവി വിവക്ഷ. ആദ്യ വിയോജിപ്പ് നിരൂപകന്‍ ഇവിടെ ക്ഷമാപണത്തോടെ തിരിച്ചെടുക്കുന്നു.

തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!

കവി പ്രണയഹാരങ്ങളായ കയറുകളിലൂടെ സഞ്ചരിച്ച് തീര്‍ന്നിട്ടില്ല. നമ്മള്‍ ഇഴകോര്‍ത്ത് എടുത്ത പ്രണയകയറില്‍ നമ്മള്‍ തന്നെ തൂങ്ങേണ്ടി വരുന്ന ദുരന്തമാണ് കവിതയുടെ ഈ ഭാഗത്തെ ഇതിവൃത്തം. ഇവിടെ നിരൂപക സഹജമായ ഒരു സംശയം - പ്രണയ വിവാഹങ്ങളെയാണോ കവി നിരാകരിക്കുന്നത്? ഏതായാലും ഒരാള്‍ക്ക് തൂങ്ങാന്‍ പാകത്തില്‍ ബലവും ഉറപ്പുമുള്ള താലികളും മറ്റും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന തിരിച്ചറിവും നമുക്കും സ്വര്‍ണക്കടക്കാര്‍ക്കും ലഭിക്കുന്നുണ്ടിവിടെ.

ആമകളെപ്പോലെ ജീവിക്കുന്ന പ്രണയികളെക്കുറിച്ചാണ് കവിയുടെ അടുത്ത സങ്കടം. ആമകളുടെ വംശം അന്യം നിന്ന് പോകുന്നതിനെതിരെയുള്ള ആഹ്വാനം പലരാജ്യങ്ങളിലെയും ജന്തുസ്നേഹികള്‍ പുറപ്പെടുവിക്കാറുണ്ട്. കയര്‍ വ്യവസായം പോലെ തന്നെ ആമ തുടങ്ങിയ പാവം ജന്തുക്കളും നശിക്കാതെ നാം അവയെ സൂക്ഷിക്കണമെന്ന് കവി ധ്വനിപ്പിക്കുകയാണ്. പ്രണയത്തിന്‍റെ മുട്ടകള്‍ ഏതോ കടല്‍ത്തീരത്തു ആര്‍ക്കോ നശിപ്പിക്കാനായി മറന്നു വെച്ചിട്ട് ജീവിതമെന്ന രക്ഷാകവചവും പേറി അതിലേക്കുള്വലിയുന്നവരെ കവി കണക്കറ്റു പരിഹസിക്കുന്നുണ്ടിവിടെ. ഇവിടെയും കവി തമിഴ്നാടിനു യാത്ര ചെയ്തോ എന്ന് സംശയിച്ച് ചോദിച്ചു പോകുന്നു: ആമാ, ജീവിതങ്കള്‍ എന്നാണോ ശരിക്കും കവി ഉദ്ദേശിച്ചത്?

മൂലകൃതി ഇവിടെ : ആറാമിന്ദ്രിയം

Wednesday, January 27, 2010

ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)

വാഴക്കോടന്‍ കവിതകളുടെ ഉത്ഭവവും ഹാസ്യവും എന്ന വിഷയെത്തെപ്പറ്റി ഗവേഷണത്തിനുള്ള കോപ്പ് കൂട്ടുന്നതിനിടെയാണ് ബൂലോകത്തിന്‍റെ കണ്ണിലുണ്ണീയായ കവിയും, ഒരേ സമയം എന്‍റെ സുഹൃത്തും ശത്രുഘ്നനുമായ പകല്‍ക്കിനാവന്‍റെ “ഉമ്മ്യാവൂ” എന്ന കവിത വായിച്ച് എന്നിലെ നിരൂപകനു വീണ്ടും പ്രജാപതിയാകണമെന്ന് തോന്നിയത്. ഇതോടെ പകലന്‍ എന്നെ കുത്തിക്കൊല്ലാനിടയുണ്ടെന്നതിനാല്‍ താമസിയാതെ എന്നെ കാണാതായാല്‍ നിരൂപണ പ്രിയരായ എന്‍റെ പ്രിയ വായനക്കാര്‍ പകലനെ കയ്യോടെ പിടികൂടിക്കൊള്ളുക. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വീണ്ടും തുടരുന്നു.


കവി പല കിനാവുകളും കാണുന്നുണെന്ന് അദ്ദേഹത്തിന്‍റെ മുന്‍ കവിതകളെ സമീപിച്ചിട്ടുള്ള നമുക്കറിയാം. അടുത്ത കാലത്ത് താന്‍ ഉറങ്ങുന്നതിനു ചുറ്റും ആളുകള്‍ വന്നു നിന്ന് തന്‍റെ ഉറക്കം കെടുത്തിയതായി കവി കിനാവ് കണ്ടിരുന്നു. അത് പോട്ടെ. നമുക്ക് വിഷ്യത്തിലേക്ക് വരാം.


മൂക്കു മുട്ടെ തിന്ന്
മൂന്നുനാല് ഏമ്പക്കവും വിട്ട്
നാലു ചാല് നടക്കാനിറങ്ങിയപ്പോ



കവി ഫുഡ് സാമാന്യം ശക്തമായി അടിച്ചിട്ട് പരിണിത ഫലമായ ഏമ്പക്കവും വിട്ട് നടക്കാനിറങ്ങി. ഇതില്‍ അത്ഭുതമില്ല. കാരണം, പകല്‍ സമയം മുഴുവന്‍ അദ്ദേഹം കിനാവ് കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഉറങ്ങാതെ ഒരാള്‍ക്ക് കിനാവ് കാണാന്‍ കഴിയില്ല. അങ്ങനെ പകല്‍ മുഴുവന്‍ ഉറങ്ങുന്ന കവി വൈകുന്നേരത്ത് ഇരുള്‍ പരക്കുന്നതോടെ മഞ്ചം വിട്ട് ഉണരുന്നു, തന്‍റെ കറുത്ത നീളന്‍ കോട്ട് എടുത്ത് ധരിക്കുന്നു, കുതിരവണ്ടിയില്‍ കയറുന്നു, വണ്ടിക്കാരനില്ലാത്ത കുതിരകള്‍ പായുന്നു, ഇങ്ങനെ ഒന്നും അനുവാചകര്‍ തെറ്റിധരിക്കരുത്. കവി ഭക്ഷണം കഴിച്ചു നാലു ചാല്‍ നടക്കാനിറങ്ങുകയായിരുന്നു, അത്രമാത്രം. എന്നാല്‍ കവി ഫാം വില്ലക്ക് ഫുള്‍ ടൈം ജീവിതം സമര്‍പ്പിച്ചതില്‍ കുപിതയായ മിസസ് കവിയുടെ കോപം ഭയന്ന് കവി തല്‍ക്കാലത്തേക്ക് പുറത്തേക്ക് രക്ഷപ്പെട്ടതാവുമോ എന്ന് ശങ്കിക്കുന്നുണ്ട് ചില അനുവാചകരെങ്കിലും.


ഏതായാലും, അവിടെ കവി ഒരു കാഴ്ച കാണുന്നു. നമ്മെ കാട്ടിത്തരുന്നു. ഇരുട്ടിന്‍ വക്കിലിരുന്ന് ഒരു പൂശക തരുണി കണ്ണീര്‍ വാര്‍ക്കുന്നതില്‍ കവിക്കെന്നല്ല, നമുക്കുമില്ലേ അലിയുന്ന ഒരു മനം?


വിളിച്ചിട്ടും
ചോദിച്ചിട്ടും
പിന്നേം മ്യാവൂ മ്യാവൂ...



അവള്‍ പ്രതികരിച്ചില്ല, കരച്ചിലോട് കരച്ചില്‍ മാത്രം.


പറ പൂച്ചേ.
കൂടെയുണ്ടായിരുന്ന
അഹങ്കാരികളൊക്കെ എവിടെ?



അപ്പോള്‍ ഇവള്‍ ഒരു അഹങ്കാരിയാണ്. ഇവള്‍ മാത്രമല്ല, ഇവളോടു കൂടെ വിലസിയിരുന്ന മറ്റവളുമാരും അഹങ്കാരികള്‍ തന്നെ. ആഹാ, അപ്പൊ, ഇവള്‍ ഇത്രയും കരഞ്ഞാലൊന്നും പോരാ എന്ന് വായനക്കാര്‍ 'അങ്ങനെ തന്നെ വരട്ടെ' പറയുന്നതിനു മുന്‍പ് കവിയുടെ മനസ് വഴിമാറിപ്പറക്കുന്നത് നാമറിയുന്നില്ല. കവിതയാലുള്ള ഒരു തലോടല്‍ കൊണ്ട് കവി തനിക്ക് മുന്‍പ് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന അഹങ്കാരങ്ങളെ തുടച്ചു നീക്കിക്കളയുന്നു.


തള്ള ചത്തോ?
കെട്ടിയോന്‍ മാറിപ്പാർത്തോ?
പിള്ളേരെ കാണാതായോ?



ഈ വരികള്‍ വായിക്കുമ്പോള്‍ നമുക്ക് പൂശകയുടെ അഹങ്കാരമല്ല ഓര്‍മ വരുന്നത് അവളുടെ നനഞ്ഞ മിഴികളില്‍ പ്രതിഫലിക്കുന്ന കവിതയുടെ ആര്‍ദ്രതയാണ്. ഈ ഒരൊറ്റ പാദം കൊണ്ട് കവി ഇവിടെ നമ്മെ മലര്‍ത്തിയടിച്ചിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്നത് അഹന്തയുടെ മൂടുപടങ്ങള്‍ക്കപ്പുറം കരുണയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണോ? ആ ദൃശ്യത്തില്‍, മലര്‍ന്നടിച്ച് കിടന്ന് മിക്കവാറും തോല്‍വി സമ്മതിച്ച് കഴിഞ്ഞ നമ്മെ അടുത്ത സ്റ്റാന്‍സ കൊണ്ട് കവി ചുരുട്ടിക്കൂട്ടി റിങ്ങിനു വെളിയിലേക്കെറിയുന്നു. അഹങ്കാരങ്ങള്‍ അസ്തമിക്കുന്നതു കാണുവാനാണോ നാലു ചാല്‍ നടത്തത്തിനൊപ്പം കവി നമ്മെ ഇരുട്ടില്‍ വക്കിലേക്ക് കൂട്ടിക്കൊണ്ട് പോയത്? കവിതയുടെ ഒരൊന്നാന്തരം ട്വിസ്റ്റ് കവി ഇവിടെ തരാക്കിയിട്ടുണ്ട്. കാണുക,

ഒന്നൂടെ അടുത്തു നോക്കുമ്പോ
ഒരു സൈഡ് മുഴുവൻ പ്രോബ്ലാ.
ഒരു കണ്ണില് ചോര പൊടിയുന്നു,
കാല് ഒടിഞ്ഞിട്ടുണ്ട്,
നടക്കാന്‍ മേല.


വായനക്കാരെ, ഇപ്പോള്‍ നിങ്ങളെന്ത് പറയുന്നു? വികാരങ്ങളുടെ മ്യൂസിയത്തില്‍ ഒന്നില്‍ നിന്നൊന്നിലേക്കെന്ന പോലെ നിങ്ങള്‍ നീങ്ങിപ്പോവുകയല്ലേ? നമ്മള്‍ മറന്നു വെച്ച മ്യൂസിയം പീസുകള്‍ ഇക്കൂട്ടത്തിലുണ്ടോ പ്രിയപ്പെട്ട കാവ്യാനുവാചകരെ? കവിക്ക് ഇതിലപ്പുറം നിങ്ങളിലെ വികാര തന്ത്രികളില്‍ കവിത വായിക്കാനാവുമോ?

ഒരു സമകാലിക മലയാളി മനസ് പൊടുന്നനെ ഇവിടെ കടനു വരുന്നുണ്ട്.

വിളിച്ചിട്ട് എടുക്കേണ്ടേ,
കിട്ടിയാല്‍ സംഭവം ന്യൂസാകും.


സത്യത്തില്‍ കവി നമ്മുടെ ആധുനികതക്കു നേരെ പരിഹസിച്ചു ചിരിക്കുകയാണ്. സഹതപിക്കേണ്ടതെല്ലാം മൊബൈല്‍ ക്യാമറ കൊണ്ട് നോക്കി രസിക്കുന്ന നമ്മെ, വാര്‍ത്തകള്‍ നിര്വ്വികാരരായി ചവച്ചിറക്കുന്ന നമ്മെ, മലയാളം അറിയാവുന്ന നമ്മെ, ഒന്നാകെ കവി ചാട്ടവാറടിക്കുന്നിതില്‍. എങ്കിലും കവിക്ക് പ്രതീക്ഷയുണ്ട്. നമ്മള്‍ മലയാളം അറിയുന്നവര്‍ ഒരിക്കലൂടെ ശ്രമിക്കാതിരിക്കില്ലായിരിക്കാം; കവിയെപ്പോലെ ഓടിപ്പോകാന്‍, ഓടിച്ചെന്ന് കയ്യിലുള്ളതുമായി മടങ്ങിവരാന്‍.

ഓടിപ്പോയി
ബാക്കിയിരുന്ന ചോറും സാമ്പാറും
കൊണ്ടുകൊടുത്തു.


എന്നിട്ടെന്ത് സംഭവിച്ചു? അഹങ്കാരവും സഹതാപവും മറയ്ക്കുന്ന ക്യാറ്റ്വോക്ക് ലേബലിന്‍റെ ലോജിക് മനസിലാക്കാത്ത കവിക്ക് എന്തനുഭവമാണുണ്ടായത്? കവിത ഒന്നു കൂടി വായിക്കുക. ഇവിടെ

Tuesday, January 19, 2010

നുണക്കുഴിപ്പറയിലെ പുഷ്പം (നിരൂപണം)

അല്പ കാലത്തെ വിയോഗത്തിനു ശേഷം ബ്ലോഗ്പരവശനും പ്രശസ്ത നിരൂപകനുമായ ഞാന്‍ ഇതാ വീണ്ടും നിരൂപണക്കുടുക്കയില്‍ തലയിടുന്നു...

പ്രശസ്ത കവി സോണയുടെ "ക്ഷമാപണം" എന്ന കവിത നിരൂപിക്കണം എന്ന് എനിക്ക് ശക്തിയായ ഉള്‍പ്രചോദനം ഉണ്ടായിരുന്നില്ലെങ്കില്‍ ഇനിയും ഒരിക്കലും ബ്ലോഗിലേക്ക് മടങ്ങിവരില്ല എന്ന ബീഷ്മ്മ ശപഥം ഞാന്‍ തെറ്റിക്കയില്ലായിരുന്നു. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം ഈ കവിത വായിച്ചപ്പോള്‍ മുതല്‍ ഇത് നീരൂപിക്കണം, നിരൂപിക്കണം എന്ന് എനിക്ക് കടുത്ത ശങ്ക തോന്നുകയുണ്ടായി. എന്നാല്‍ നിരൂപണാന്തം കവി സോണ എന്നെ മര്‍ദ്ദിക്കുമോ എന്ന ഉള്‍ഭയം തെല്ലുണ്ടായി എന്നതിനോടൊപ്പം പ്രസ്തുത കവിതയുടെ ലിങ്ക് എന്‍റെ കയ്യില്‍ നിന്ന് കാണാതെ പോവുകയുമുണ്ടായി. അവതാരിക നിര്‍ത്തുന്നു.

മാപ്പ് ചോദിക്കുന്നു ഞാന്‍

എന്ന വാക്കുകളോടെ കവിത എഴുതിത്തുടങ്ങുന്ന കവിക്ക് നിങ്ങളെ എല്ലാപേരെയും പ്രതിനിധീകരിച്ച് ഞാന്‍ തന്നെ മാപ്പ് കൊടുത്തിരിക്കുന്നു. ആ മാപ്പില്‍ അന്‍റാര്‍ട്ടിക്ക ഏത്, ഇന്‍ഡിക്ക ഏത്, മരോട്ടിക്ക ഏത് എന്നിവ കവി ഉടന്‍ മാപ്പില്‍ തൊട്ട് കാണിക്കണം എന്ന് അപേക്ഷിക്കുന്നു.

"മണാന്തം കവിക്ക് ദീപേക്ഷികയുരക്കണ"മെന്ന് തോന്നുന്നിടത്താണ് സത്യത്തില്‍ എന്‍റെ ഹൃദയം തങ്ങിക്കിടക്കുന്നത്. തന്‍റെ മോഹം മാപ്പര്‍ഹിക്കാത്തതാണെന്ന് കവിക്ക് തോന്നുന്നു. മരോട്ടിയെണ്ണ കത്തുമ്പോഴുള്ള മണം വിളക്ക് കത്തിക്കും മുന്‍പ് തന്നെ കവിക്ക് അനുഭവപ്പെടുന്നു. പ്രണയാതുരനായി ഭക്ഷണം കഴിക്കാതെ അലഞ്ഞ കവിയുടെ കുടലു കരിഞ്ഞ മണം ആയിരിക്കാമത്. അതോ പ്രണയത്തിനു മരോട്ടിയെണ്ണയുടെ ഗന്ധമാണോ? പ്രണയത്തിന്‍റെ സ്നിഗ്ധത കൊണ്ട് കവി തന്‍റെ ഹൃദയത്തില്‍ പ്രണയിനിയെ പൂജിക്കാനായി ഒരു വിളക്ക് കത്തിക്കാന്‍ നോക്കുമ്പോള്‍ അത് അടുത്തു കണ്ട മരോട്ടി വിളക്ക് എളുപ്പത്തിനായി കൈക്കൊണ്ടതുമാവാം.

'നമ്മള്‍ തന്‍ ശ്റീകോവില്‍ പണീയാന്‍' എന്ന ഭാഗം വായനക്കാരനായ എനിക്ക് കടുത്ത ആശങ്കയുളവാക്കി. ചോദ്യം തനൂജാമ്മയോട് ആണ്. ചോദ്യംപൂനം തനൂജയോട് ആണോ, അപ്പോള്‍ കവി പ്രണയിച്ചത് അവരെ ആണോ, അങ്ങനെയെങ്കില്‍ കവി അവരെ പ്രണയിച്ചിട്ട് ഒടുവില്‍ അവരുടെ തനയയെ പാണിഗ്രഹണം ചെയ്യണമെന്ന് പറയുന്നത് തികഞ്ഞ തെറ്റാണ്. ഇത് മറ്റൊരു കവിതയിലൂടെ കവി വിശദീകരിക്കേണ്ടതുണ്ട്. ഹാ, പ്രണയമേ, നിനക്ക് അക്ഷികളില്ല എന്ന പറഞ്ഞത് എത്ര സത്യം.

അടുത്ത വരികളും ഏതാണ്ട് ഇതേ രൂപത്തില്‍,

തര്‍ക്കവി തര്‍ക്കതിന്തീപ്പൊരി തെറിപ്പിച്ചു
നാംഒടുവിലകന്നു പോയെന്നില്‍
നിന്നുംഓര്‍മ്മതന്‍ ചെമ്പകമലരുകളവശേഷിപ്പിച്ച്..

ഇവിടെ തര്‍ക്കവി, എന്നു വെച്ചാല്‍ ഹൃദയത്തില്‍ കൂരമ്പായി പ്രണയം തറഞ്ഞ കവി എന്നാണ് വിവക്ഷിക്കുന്നത്. ആദ്യഭാഗത്ത് കവി ദീപേക്ഷിക ഉരച്ചെങ്കിലും തീപ്പൊരി ചിതറുന്നത് അല്പം കഴിഞ്ഞ് ഇവിടെയാണ്. അമ്പുകൊള്ളാത്തവരില്ല കവികളില്‍ എന്നാണല്ലോ വാക്യം. കവി അകന്നു പോകുന്നുണ്ട്. പക്ഷേ, ആരില്‍ നിന്ന്? മനോഹരമായ ഓര്‍മച്ചെമ്പകമലര്‍ പ്രയോഗം കണ്ടില്ലെന്നല്ല.

അടുത്ത ഭാഗത്താണ് കവിയുടെ പ്രണയിനിയെ നാം കാണുന്നത്. അതോടെ നമ്മുടെ സംശയം മാറുന്നു, ഐശ്വര്യ റായി മലയാളത്തിലേക്ക് മരുമകളായിരുന്നുവെങ്കില്‍ അതെങ്ങനെയോ അങ്ങനെ വായനക്കാര്‍ക്ക് തോന്നുന്നു.

മുത്തു മണി മാലയാം മദനോര്‍മ്മകളെചാര്‍ത്തി ,
സെറ്റ് സാരിയുടുത്തു ,തുളസി കതിര്‍
വെച്ച്

ഇത്രയും അന്നനട ഗംഭീരം എന്ന് പറയാതെ വയ്യ. എന്നാല്‍ അവളുടെ നുണക്കുഴികള്‍ വരേണ്ടയിടത്ത് കവി ഒരു പറ വെച്ച്കൊടുത്ത് അതില്‍ പൂവും വച്ചു. അതാകട്ടെ വാല്‍സല്യ പുഷ്പം. പ്രണയിനിയുടെ മുഖം നെല്ലളക്കുന്ന ഒരു പറയിലേക്കു കുമ്പിട്ടു പോയിയെന്ന പോലെ തോന്നുന്നു. അതോ കവിയെ ഇഷ്ടമല്ലാത്ത തനൂജാമ്മ മകളുടെ പ്രണയപാപത്തിന് അവള്‍ക്കുള്ള ശിക്ഷ വിധിച്ചപ്പോള്‍ മകള്‍ മുഖമടിച്ച് പറയില്‍ വീണതോ എന്ന് ഏതെങ്കിലും വായനക്കാരന്‍ ചോദിച്ചാല്‍ കവിക്ക് എന്നെ ഗളഹസ്തം ചെയ്യണമെന്ന് തോന്നാം. അതിനാല്‍ നിര്‍ത്തി. എന്തായാലും തന്നോട് അവള്‍ക്കുള്ള വാല്‍സല്യമിനിയും ബാക്കിയുണ്ടെന്ന് ഉറപ്പുള്ള കവി ഇരിക്കുന്ന ബെഞ്ചില്‍ വായനക്കാരും ഇരുന്നു പോവുന്നിവിടെ, ആദിസത്യതാളം ആര്‍ന്നതിവിടെ എന്ന് അവര്‍ ഒരുമിച്ച് പറയുന്നു.

തുടര്‍ന്ന് കവി അലപ് സ്വല്പം പണി സെന്‍സര്‍ ബോര്‍ഡിനു കൊടുക്കുന്നുണ്ടെങ്കിലും പ്രണയാര്‍ദ്രനായ കവി തന്‍ മനം പ്രണയിനിയുടെ മാതാവിന്‍റെ കാല്ക്കല്‍ വീണു കിടക്കുന്നതും, മാതാവ് അത് ബെക്കാമിന്‍റെ ഇല വീഴാ പൂഞ്ചിറ കിക്കിലൂടെ തിരികെ കവിയുടെ ഉള്ളിലേക്ക് തന്നെ അടിച്ച് കയറ്റി ഗോള്‍ എന്നാര്‍ക്കുമ്പോള്‍ കവിയുടെ കണ്ണീരൊഴുകുന്നത് ഈ പാവം നിരൂപകന്‍റെ കപോലങ്ങളിലൂടെയാണ് പ്രിയ വായനക്കാരെ...