Thursday, January 1, 2009

നെഹ്രൂപ്പാന്‍റെ ന്യൂ ഇയറ്

"1989" അന്നത്തെ ലാസ്റ്റ് ബസു നോക്കി സ്റ്റോപ്പില്‍ നില്‍ക്കുന്നതു കണ്ടിട്ടാണ് ഞങ്ങള്‍ കവലയില്‍ നിന്നു മടങ്ങിയത്. ഡിസംബര്‍ 31 ആയതിനാല്‍ നാട്ടില്‍ ഒരു തരപ്പെട്ട ആണുങ്ങളെല്ലാം നല്ല വെള്ളം ആണ്. ക്ലബ്ബിലെ എട്ടാം ക്ലാസുകാരന്‍ ഉണ്ണിയും, ആ വര്‍ഷം തന്നെ മാര്‍ച്ചിലും സെപ്റ്റംബറിലും പത്തില്‍ തോറ്റതില്പ്പിന്നെ പബ്ലിക് ലൈഫ് ഉപേക്ഷിച്ചിരുന്ന ജോണ്‍സനും വരെ രഹസ്യമായി കള്ള് കുടിച്ചിരുന്നു. ന്യൂ ഇയറല്ലേ. അടുത്ത കൊല്ലം നന്നായി പടിച്ചില്ലെങ്കില്‍ പത്തിലേക്കു കയറ്റില്ലാന്നു പറഞ്ഞാണ് ഉണ്ണി അടിച്ചത്. ജോണ്‍സണ്‍ പത്തിന്‍റെ ദു:ഖം മറക്കാനും,അടുത്ത മാര്‍ച്ചില്‍ ഒന്നൂടെ പയറ്റാനുള്ള ധൈര്യത്തിനുമായി. മിക്കപേരും ആഘോഷത്തില്‍ മതിമറന്ന് കവല നിറഞ്ഞങ്ങനെ പിമ്പിരിയായി നില്‍ക്കുകയാണപ്പോഴും.

വീടിന്‍റെ പടിവാതില്‍ കടന്നപ്പോള്‍ ഒരു ബഹളം കേട്ടു. അഛന്‍ ആരെയോ ഉച്ചത്തില്‍ വഴക്കു പറയുന്നു. അകത്തു ചെന്നപ്പോള്‍ അപൂര്‍വദൃശ്യമാണ് മുന്നില്‍. ചാരു കസേരയില്‍ കിടന്ന് കോപിക്കുന്ന അഛന്‍റെ മുമ്പില്‍ നെഹ്രൂപ്പാന്‍ വെറും നിലത്ത് മുട്ടുകുത്തി നില്‍ക്കുകയാണ്. തോര്‍ത്ത് കക്ഷത്തില്‍ ഇടുക്കിപ്പിടിച്ച്, രണ്ട് കൈകളും അഛനു നേരെ നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നെ കണ്ടതോടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നനഞ്ഞു.

"ഇല്ല, ഒറ്റപ്പൈസ ഞാന്‍ തരില്ല; ഇവിടെ എത്ര നേരം നിന്നാലും തരില്ല" അഛന്‍ അലറി. നെഹ്രൂപ്പാന് ഒരു മാറ്റവുമില്ല. അഛനെ ആരാധിക്കുന്നതുപോലെ അദ്ദേഹം കൈകള്‍ നീട്ടി മലര്‍ത്തി അതേ നില്പ്പ് തുടര്‍ന്നു. ഒച്ച വെയ്ക്കുന്നത് നിര്‍ത്തി അഛന്‍ കണ്ണൂകള്‍ അടച്ച് കസേരയിലേക്ക് ചാഞ്ഞു. അത് നെഹ്രൂപ്പാന് അറിയാം. അഛന്‍ കോപം തണുപ്പിക്കുകയാണ്. അത് നല്ല ഒരു ലക്ഷണമാണെന്ന് അറിയാവുന്ന നെഹ്രൂപ്പാന്‍ വെറും തറയിലേക്ക് കിടന്നു. കൈകള്‍ അഛന്‍റെ കാല്പാദത്തിനടുത്തേക്ക് നീട്ടിപ്പിടിച്ചു കൊണ്ട്. നെഹ്രൂപ്പാന് അഛന്‍റെ അനുകമ്പ പിടിച്ചുപറ്റുന്നതെങ്ങനെ എന്നറിയാം. എല്ലാ മാസവും ഒന്നാം തീയതി നെഹ്രൂപ്പാന്‍ ഇതു പോലെയുള്ള എന്തെങ്കിലും 'ഡ്രാമ' നടത്തുന്നതല്ലേ. കള്ളു കൂടിക്കാനാണെങ്കില്‍ നെഹ്രൂപ്പാന്‍ വായ തുറന്ന് പൈസ ചോദിക്കില്ല; കൈ നീട്ടുക മാത്രമേയുള്ളൂ.

"രാവിലെ വന്ന് അമ്പത് രൂപാ വാങ്ങിപ്പോയതല്ലേ" അമ്മ പറഞ്ഞു തുടങ്ങി നെഹ്രൂപ്പാന്‍റെ അന്നത്തെ പ്രകടന ചരിത്രം."വൈകിട്ട് ലീല ഇതു വഴി വന്നപ്പഴല്ലേ അറിഞ്ഞത്, അരി വാങ്ങാനാന്നുമ്പറഞ്ഞ് അഛനോട് വാങ്ങിയ പൈസ വീട്ടിലെത്തിയിട്ടില്ലെന്ന്. അതു കേട്ടപ്പോഴേ അഛന്‍ കലിതുള്ളിത്തുടങ്ങിയതാ. ദേ, സന്ധ്യയായപ്പോള്‍ വീണ്ടും വന്നിരിക്കുന്നു; പത്തുരൂപാ കൂടി വേണം പോലും; കള്ള് മതിയായിട്ടുണ്ടാവില്ല. ഇന്ന് ഇനി അഛന്‍ കൊടുക്കുമെന്ന് തോന്നുന്നില്ല"

നാലുമണിക്കു കുടിക്കേണ്ട കാപ്പി കൂടിച്ച് ചെല്ലുമ്പോഴും അഛനും നെഹ്രൂപ്പാനും അതേ കിടപ്പ്. ഇത്തവണ അഛനു കുലുക്കമില്ല എന്നു തോന്നി. നെഹ്രൂപ്പാന്‍ കരഞ്ഞു തുടങ്ങി. ശബ്ദമില്ലാതെ വിതുമ്പല്‍ മാത്രം. വെറും അഭിനയമാണ്. അല്ല, കണ്ണീരു വീഴുന്നുണ്ട്. ഇന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എന്തു വിദ്യയും നെഹ്രൂപ്പാന്‍ പ്രയോഗിക്കും. വേറെ എവിടെ നിന്നും പൈസ കിട്ടിയിരിക്കില്ല; അതാണ് അഛനെ അഭയം പ്രാപിച്ചത്. വിതുമ്പല്‍ കേട്ട് അമ്മ ഇപ്പുറത്തേക്ക് വന്നു.

"ഉം, ഉം, അവന്‍റെ ഓരോ സൂത്രങ്ങള്‍, ഒരു പൈസ എന്‍റെ കയ്യില്‍ നിന്ന് നോക്കണ്ടാ" അഛന്‍ കണ്ണുതുറക്കാതെ തന്നെ പറഞ്ഞു. നെഹ്രൂപ്പാന്‍റെ ചെറിയ രൂപം കുറച്ചുകൂടി ചുരുണ്ടു. മുഷിഞ്ഞ മൂണ്ട് മടക്കിക്കുത്തിയ പടിയാണ് കിടക്കുന്നത്. നെഹ്രൂപ്പാന്‍ അഛന് പലപ്പോഴും സഹായമാണ്. പറമ്പിലെ പണികള്‍ സ്ഥിരം പണിക്കാരെ കിട്ടാതായാല്‍ അഛന്‍ നെഹ്രൂപ്പാനെ ചെന്ന് കാണും. പൂള്ളി ഒരു വരവാണ്. പക്ഷെ മറ്റുള്ളവര്‍ ഒരാഴ്ച കൊണ്ട് തീര്‍ക്കുന്ന ജോലി രണ്ടാഴ്ച വേണം നെഹ്രൂപ്പാന്‍ തീര്‍ക്കണമെങ്കില്‍. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല. സംസാരം നന്നേ കുറവ്. എന്നു കണ്ടാലും ബ്രൗണ്‍ നിറമുള്ള മങ്ങിയ ഒരു മൂണ്ടും പഴയ തുവര്‍ത്തും വേഷം. ഷര്‍ട്ടിടാറില്ല. കള്ള് കുടിയാണ് ഇഷ്ടമുള്ള ഒരു ജോലി. അതിനു പറ്റിയ കുറെ കൂട്ടുകാരും ഉണ്ട്. എന്നു വെച്ച് ശല്യം ഒന്നുമില്ല. മൂന്നു പെണ്മക്കളെ സ്ക്കൂളില്‍ വിടുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ ലീല നോക്കിക്കൊള്ളണം. നെഹ്രൂപ്പാന്‍ ആ ഭാഗത്തേക്ക് അടുക്കില്ല. വല്ലപ്പോഴും അല്പം പൈസ കൊറ്റുത്താലായി. ലീല അഞ്ചാറ് റബര്‍ ഉള്ളത് വെട്ടി, പാലെടുത്ത്, ഷീറ്റാക്കിയും മറ്റും പിള്ളേരെ സ്ക്കൂളിലയക്കും. ലീല പോലും പുള്ളിയെപ്പറ്റി നെഹ്രൂപ്പാന് എന്നാണു പറയുക, അങ്ങനെ പറഞ്ഞാലേ ആളുകള്‍ തിരിച്ചറിയൂ. ആ പേര് പുള്ളിയുടെ വല്യപ്പന്‍ ഇട്ട വിളിപ്പേരാണ്. അങ്ങോര് പഴയ കോണ്‍ഗ്രസായിരുന്നു. ഒറിജിനല്‍ നെഹ്രുവിനെ കണ്ടിട്ടുണ്ട്. കൊച്ചുമകന് തന്‍റെ പേരിട്ടിട്ടുണ്ടെങ്കിലും വല്യപ്പന്‍ വാത്സല്യത്തോടെ നെഹ്രൂ എന്നും വിളിച്ചു. കാലക്രമേണ എല്ലാവരും വല്യപ്പന്‍റെ പേരായ നെഹ്രുവിന്‍റെ ശരിയായ പേര് വിളിക്കാതെയായി. നെഹ്രൂ പിന്നീട് നെഹ്രൂപ്പാനായി.

കുറച്ചു കഴിഞ്ഞപ്പോള്‍ നെഹ്രൂപ്പാന്‍ അതിവേഗത്തില്‍ പടി കടന്നുപോകുന്നതു കണ്ടു. അഛന്‍ പൈസ കൊടുത്തു കാണും. "എത്ര കൊടുത്തു"അമ്മ ചോദിച്ചു. "അഞ്ച്..നീ ചോറ് വിളമ്പ്.."അഛന് കോപമടങ്ങിയിട്ടില്ല.

പിറ്റേന്ന് പുതുവര്‍ഷ പ്രഭാതത്തിന്‍റെ സൗന്ദര്യം നുകര്‍ന്നൊക്കെ ഇരിക്കുമ്പോള്‍ ലീല പരിഭ്രമിച്ചുകൊണ്ട് പാഞ്ഞു വന്നു. നെഹ്രൂപ്പാന്‍ ഇന്നലെ രാത്രിയെന്നല്ല, ഇന്ന് ഇതുവരെപ്പോലും വീട്ടിലെത്തിയിട്ടില്ല. ഇവിടെ നിന്ന് എങ്ങോട്ട് പോയെന്നാണ് പറഞ്ഞത്? അഛന്‍ ഒട്ട് പരിഭ്രമിച്ചു. എങ്ങോട്ടെന്ന് ഞാന്‍ ചോദിച്ചില്ല. അഞ്ചു രൂപയേ കൊടുത്തുള്ളൂ. കള്ള് കൂടിച്ച് എവിടെയെങ്കിലും വീണുപോയോ? സ്ഥിരം കൂട്ടുകാരുടെ വീടുകളിലൊക്കെ അന്വേഷിച്ചാണ് ലീലയുടെ വരവ്. രാത്രി അവരുടെ ഒപ്പം ഉണ്ടായിരുന്നില്ല. പിന്നെ എവിടെപ്പോയി?

അഛന്‍ പെട്ടന്ന് ഷര്‍ട്ട് മാറി. ഒപ്പം ഞാനും കൂടി. നെഹ്രൂപ്പാനെ കാണുന്നില്ല. പുതുവര്‍ഷത്തിലെ സംഭ്രമകരമായ ആദ്യവാര്‍ത്ത. വഴിയില്‍ കണ്ടവരോടൊക്കെ അഛന്‍ നെഹ്രൂപ്പാനെപ്പറ്റി തിരക്കി. ആര്‍ക്കും ഒരു വിവരവുമില്ല. അഛന്‍റെ പരിഭ്രമം കൂടി വരുന്നുണ്ടായിരുന്നു. ഉദ്ദേശിച്ച പണം ലഭിക്കാത്തതു കൊണ്ട് വല്ല അബദ്ധത്തിലും ചെന്ന് ചാടിയോ എന്നാണ് അഛന്‍റെ ആധി. ഒടുവില്‍ മീന്‍ കൊണ്ടുവരുന്ന മണി നാട്ടിലെ ഗവണ്മെന്‍റ് ആശുപത്രിയുടെ അടുത്ത് നെഹ്രൂപ്പാനെ രാവിലെ കണ്ടതായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട് കുതിച്ചു.

ആശുപത്രി വാര്‍ഡില്‍ത്തന്നെ നെഹ്രൂപ്പാന്‍ ഉണ്ടായിരുന്നു. കിടക്കയില്‍ പനിച്ചുവിറച്ച് പഴയ കമ്പിളിയില്‍ പൊതിഞ്ഞ് നെഹ്രൂപ്പാന്‍റെ പ്രായമേറെയുള്ള അമ്മ. ജാള്യതയോടെ നെഹ്രൂപ്പാന്‍ സംഗതികള്‍ അഛനോട് പറഞ്ഞു. ഇന്നലെ രാവിലെ കുടിച്ച് കുന്തം മറിഞ്ഞപ്പോളാണ് അമ്മയോട് നെഹ്രൂപ്പാനു പതിവില്ലാതെ സ്നേഹം തോന്നിയത്. അല്പം അകലെ നെഹ്രൂപ്പാന്‍റെ അനുജന്‍റെ ഒപ്പമായിരുന്നു അമ്മ. അമ്മയ്ക്കു കൊടുക്കാന്‍ കരുപ്പെട്ടി ശര്‍ക്കരയും വാങ്ങി നെഹ്രൂപ്പാന്‍ ചെല്ലുമ്പോള്‍, തന്നെ അന്വേഷിച്ച് ഇറങ്ങുന്ന അനുജനെ ആണ് കണ്ടത്. അമ്മക്ക് പനി. അനുജന്‍റെ അമ്മായിയമ്മ പെട്ടെന്ന് മരിച്ചതറിയിക്കാന്‍ വന്നവര്‍ അയാളുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യവിട്ടിലേക്ക് പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. നെഹ്രൂപ്പാനോട് വിവരം പറഞ്ഞ് അമ്മയെ നോക്കണമെന്നു ഏല്പിച്ച് അനുജനും ഭാര്യവീട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. നെഹ്രൂപ്പാന്‍ തക്ക സമയത്ത് എത്തി. സന്ധ്യയോടെ മടങ്ങി വരാമെന്ന് പറഞ്ഞ് അനുജന്‍ വേഗത്തില്‍ പോയി. അല്പം കഴിഞ്ഞതോടെ അമ്മക്കു പനി കൂടുകയും ചെയ്തു. നെഹ്രൂപ്പാന്‍ ചുക്കു കാപ്പി ഇട്ടു കൊടുത്ത് കാത്തിരുന്നെങ്കിലും പനി കുറഞ്ഞില്ല. സന്ധ്യയായിട്ടും അനുജനെ കാണാതെ വന്നപ്പോള്‍ അമ്മയെ ഏടുത്ത് നെഹ്രൂപ്പാന്‍ ഗവ്ണ്മെന്‍റ് ആശുപത്രിയില്‍ കൊണ്ടുവന്നു. ഭാഗ്യത്തിന് ആശുപത്രിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. ഡോക്ടര്‍ കുടിച്ച് മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ കയ്യില്‍ പൈസ ഇല്ലെന്ന് കണ്ട നെഹ്രൂപ്പാന്‍ നേരെ അഛനെ അഭയം പ്രാപിച്ചു. ഭാര്യ ലീലയോട് വിവരം പറയാനൊന്നും വെപ്രാളത്തില്‍ പറ്റിയില്ല.

"എന്നിട്ട് അമ്മ ആശുപത്രിയിലാണെന്ന് എന്താ എന്നോട് പറയാതിരുന്നത്?" അഛന്‍ നെഹ്രൂപ്പാന്‍റെ ചെവി കളിയായി തിരുമ്മിക്കൊണ്ട് ചോദിച്ചു.

"അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഒരിക്കലും അതു വിശ്വസിക്കാതെ എന്നെ ഓടിച്ചേനെ" നെഹ്രൂപ്പാന്‍ നിഷ്കളങ്കമായി പറഞ്ഞു.

20 comments:

sandeep salim (Sub Editor(Deepika Daily)) said...

നെഹ്രൂപ്പാന്റെ നിഷ്‌കളങ്കത വളരെ ഇഷ്ടപ്പെട്ടു..... കൊളളാം നന്നായിട്ടുണ്ട്‌..... പുതുവത്സരത്തിന്റെ
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Anonymous said...

നെഹ്രൂപ്പാന്‍ ചോദിച്ചതു ശരിയല്ലെ, ആരെലും വിശ്വസിക്കൊ സത്യം

രസികന്‍ said...

ആചാര്യന്‍... പുലിവരുന്നേ പുലീ എന്നു പറഞ്ഞപോലെയായി പാവം നെഹ്രുപ്പാന്റെ കാര്യം... തമാശരൂപേണ വായിച്ചു തുടങ്ങിയെങ്കിലും ... അയാളുടെ മാതൃസ്നേഹത്തിനു മുന്‍പില്‍ തലകുനിച്ചു....
ആശംസകള്‍...

നരിക്കുന്നൻ said...

ഈ രസികന്റെ ഒരു കാര്യം. അവസാന ഭാഗം വായിച്ചപ്പോൾ ആദ്യം തോന്നിയ കമന്റ് അവനിട്ട് പൂശി. ഇനിയിപ്പോൾ..

ആചാര്യാ.. താങ്കളുടെ പോസ്റ്റുകൾ ശരിക്കും മനസ്സിൽ കൊള്ളുന്നു. ജീവിത യാഥാർത്ഥ്യങ്ങൾ അപ്പടി പകർത്തുന്ന ഈ ശൈലി ഏറെ ഇഷ്ടപ്പെട്ടു. ഓരോ കഥാപാത്രങ്ങളും ജീവൻ തുടിക്കുന്നപോലെ...

നെഹ്രുപ്പയും അച്ഛനുമെല്ലാം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു.

ആശംസകൾ!

ഗീത said...

എപ്പോഴും സൂത്രപ്പണികള്‍ കാട്ടുന്നവര്‍ സത്യം പറഞ്ഞാലും ആരും വിശ്വസിക്കയില്ലതന്നെ. വലിയൊരു സത്യം തന്നെയാണ് നെഹ്രൂപ്പാന്‍ പറഞ്ഞത്.
നല്ല എഴുത്ത്.

മാണിക്യം said...

കള്ളു കുടിക്കുന്നവര്‍ അന്നന്നേക്ക് ഉള്ള വക ലിട്ടിയില്ലങ്കില്‍ പോലും വിഷമിക്കില്ല കള്ളിന്റെ ക്വോട്ടാ പോയാല്‍ നെട്ടോട്ടം ഓടും .
നെഹൃപ്പാന്‍ റ്റിപ്പിക്കല്‍ കള്ളുകുടിയന്‍ ആണെങ്കിലും
അമ്മയെ കരുതിയല്ലോ നല്ല മനുഷ്യന്‍ .. നല്ല കഥ !!

പുതുവത്സരാശംസകള്‍

Rejeesh Sanathanan said...

"അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഒരിക്കലും അതു വിശ്വസിക്കാതെ എന്നെ ഓടിച്ചേനെ"

വെള്ളമടിക്കുന്നവന്‍റെ അവസ്ഥയാണിത്. പനി കൂടി ശര്‍ദ്ദിച്ചാലും വെള്ളമടിച്ച് വാള് വയ്ക്കുകയാണന്നേ നാട്ടുകാര് പറയൂ.

പുതുവര്‍ഷാശംസകള്‍

കാപ്പിലാന്‍ said...

ആചാര്യ ,

അവസാനം വായിച്ചപ്പോള്‍ വിഷമം ആയല്ലോ :( .ഇതാണ് കുടിക്കുന്നവരുടെ അവസ്ഥ പക്ഷേ വിഷമം ഉണ്ട് കേട്ടോ .ഇങ്ങനെയൊക്കെ മനുഷ്യര്‍ ആയി തീരുന്നതില്‍ .എന്നാല്‍ അതില്‍ കൂടുതല്‍ സന്തോഷം കാരണം നെഹ്രുപ്പാന്‍ അമ്മയെ സ്നേഹിക്കുന്നതില്‍ .

:)

എല്ലാവര്‍ക്കും ഈയാണ്ടിലെ എന്‍റെ അവസാന പുതുവര്‍ഷാശംസകള്‍ .

smitha adharsh said...

നല്ല പോസ്റ്റ് ആചാര്യന്‍ ചേട്ടാ...
നെഹ്രുപ്പാന്‍ പാവം..
ചിലരെങ്കിലും നമുക്കിടയില്‍ അങ്ങനെ ഉണ്ട് അല്ലെ?

smitha adharsh said...

നല്ല പോസ്റ്റ് ആചാര്യന്‍ ചേട്ടാ...
നെഹ്രുപ്പാന്‍ പാവം..
ചിലരെങ്കിലും നമുക്കിടയില്‍ അങ്ങനെ ഉണ്ട് അല്ലെ?

siva // ശിവ said...

ചിലപ്പോഴൊക്കെ സംഭവിക്കുന്നത്....അവതരണം നന്നായി....

Jayasree Lakshmy Kumar said...

അയ്യോ കഷ്ടം!!
രസികൻ പറഞ്ഞ അഭിപ്രായം തന്നെയാണ് വായിച്ചു വന്നപ്പോൾ എനിക്കും തോന്നിയത്

മാണിക്യം said...

ആചാര്യന്‍ .. നന്ദി .. :)

jayanEvoor said...

ഇഷ്ടപ്പെട്ടു കഥ:നെഹ്രുപ്പാനെയും!

നല്ല കഥാപാത്രം, തനിമയുള്ള വിളിപ്പേരും!

ഇനിയും പുതുമയുള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു!

അജയ്‌ ശ്രീശാന്ത്‌.. said...

"അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഒരിക്കലും അതു വിശ്വസിക്കാതെ എന്നെ ഓടിച്ചേനെ" നെഹ്രൂപ്പാന്‍ നിഷ്കളങ്കമായി പറഞ്ഞു."

നിഷ്കളങ്കനായ
നെഹ്‌റൂപ്പാ......

നല്ല അനുഭവം...
കഥയും കഥാപാത്രങ്ങളും
ഇഷ്ടപ്പെട്ടു.....
ആചാര്യന്‍...
ആശംസകള്‍.

വികടശിരോമണി said...

നന്നായിരിക്കുന്നു ആചാര്യാ...

Appu Adyakshari said...

പാവം നെഹ്രൂപ്പാന്‍!!

Bindhu Unny said...

നെഹ്രുപ്പാനോട് ഒരടുപ്പം തോന്നിപ്പോകുന്നു...

സൂത്രന്‍..!! said...

gud