കോളേജ് എന്ന മഹാസംഭവത്തില്‍ ക്രിസ്മസ് ആഘോഷം നടത്താന്‍ പരിപാടി. എല്ലാ ക്ലാസുകാരും ട്രീ ഇടണം, നിശ്ചല ദൃശ്യം വേണം, ക്രിസ്മസ് ഫാദറ് വേണം, മത്സരം വേണം എന്നു പ്രിന്‍സിപ്പാള്‍. പത്താം ക്ലാസു കഴിഞ്ഞ് സ്വാതന്ത്ര്യ സമരാനന്തരം എന്തു ചെയ്യേണ്ടൂ എന്നാലോചിക്കുന്നതു പോലെ കോളേജില്‍/അയല്‍ ക്ലാസില്‍/സ്വന്തം ക്ലാസില്‍/അടുത്ത ബെഞ്ചില്‍ ആരെയൊക്കെ പ്രേമിക്കാം എന്നു മാത്രം വിചാരിച്ചും അതില്‍ മിക്ക പെണ്ണൂങ്ങളെയും സ്വപ്നം കണ്ടും ഒതുക്കത്തില്‍ അവരെപ്പറ്റി അശ്ലീലം പറഞ്ഞും എല്ലാവരും (പെണ്ണുങ്ങള് തിരിച്ചും) നടക്കുന്ന തദവസരത്തിലാണു ഉന്തിനൊപ്പം തള്ളും കൂടെ എന്ന പോലെ ക്രിസ്മസ് ആഘോഷം. നിങ്ങളെല്ലാവരും ഒരുമിച്ച് ആലോചിക്ക് എന്നു പറഞ്ഞ ക്ലാസ് ടീച്ചര്‍ പോയപ്പോള്‍ 'ഒന്നു മീണ്ടാനും തൊടാനും ഉള്ളില്‍ മോഹ'വുമായി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന സുന്ദരികളും സുന്ദരന്മാരും എല്ലാം ക്ലാസില്‍ ഒത്തു കൂടി ചര്‍ച്ച തുടങ്ങി. ദീര്‍ഘ വീക്ഷണം ഉള്ള തോമാ ഒക്കെ ആഘോഷം കൊഴുപ്പിക്കാന്‍ സീനിയര്‍ ക്ലാസിലേക്കു പോയി; പുള്ളിയുടെ ലൈന്‍ സൈറ അവിടെയാണ്. ഇക്കൊല്ലം കഴിഞ്ഞാല്‍ പിന്നെ സൈറായെ പ്രേമിക്കാന്‍ ആവില്ലാ, നമ്മുടെ ക്ലാസിലെ (തോമാ ഭാഷയില്‍)'ചരക്കുകള്‍ക്കും', ജൂനിയര്‍ സുന്ദരികള്‍ക്കായും അടുത്ത വര്‍ഷം നീക്കി വെയ്ക്കുന്നു എന്നു തോമാ പ്രഖ്യാപിച്ചിരുന്നു. ആരൊക്കെ ആരാകണം എന്നാണു ചര്‍ച്ച. ടീച്ചര്‍മാരെ പോലും വെറുതെ വിടാത്ത തോമായെ ഫ്ലോട്ടില്‍ സാത്താനാക്കാം എന്നു പെണ്‍കുട്ടികള്‍ അഭിപ്രായമറിയിച്ചു. മാതാവു ലുക്കുള്ള ബീനാ ആണു 'തിരഞ്ഞെടു'ക്കപ്പെട്ടത്. വെളുത്തു കൊലുന്നനെയുള്ള ജെയിംസ് ഔസേപ്പ് പിതാവ്. ഇതു പുരസ്ക്കരിച്ചു പിറ്റേ ആഴ്ചയില്‍ തന്നെ അദ്ദേഹത്തിനു കോളജ് വിടും വരെ തുടരേണ്ട 'സഹദാ' എന്ന ചെല്ലപേരും ലഭിച്ചു. കൂട്ടത്തില്‍ കുറിയവനായ ടിറ്റോ ഉണ്ണീയേശു ആയി മാതാവിന്റേ മടിയില്‍ കിടന്നോളാമെന്നു പറഞ്ഞെങ്കിലും 'മാതാവ്' വിസമ്മതിച്ചു. പകരം ഇപ്പോഴും താന്‍ താഴെ വയ്ക്കാത്ത പാവക്കുട്ടിയെ അതിനായി കൊണ്ടുവരാമെന്ന് ശ്യാമ. ഇനി മൂന്നു മാലാഖമാരും മൂന്നു വിദ്വാന്മാരും വേണം; ക്രിസ്മസ് ഫാദറു വേണം. രണ്ട് ആടും വേണം. ജയകൃഷ്ണനും വിനോദുമാണു കലാസംവിധാനം. വിനോദ് അമെച്വര്‍ നാടക രോഗിയായതിനാല്‍ വസ്ത്രാലങ്കാരവും പുള്ളി ഏറ്റെടുത്തു. ഫാദറിന്റെ ചുവന്ന കുപ്പായം മാത്രം ഒപ്പിച്ചാല്‍ മതി. നാട്ടിലെ ലൈബ്രറി കമ്മറ്റിയിലുള്ള സ്റ്റീഫന്‍ ലൈബ്രറിക്കാര് കരോള്‍ പോകുന്ന പഴയ കുപ്പായമുണ്ട്, അതു കൊണ്ടുവരും. പക്ഷേ, അലക്കിക്കോണം. കുപ്പായം നൂറുപേര് ഇടുന്നതിനാല്‍ ചൊറി, ചുണങ്ങ് ഇത്യാദി ഉണ്ടാവാം. മാലാഖമാരായി സ്വയം പ്രഖ്യാപിത 'മിസ് കോളജ്' നീനാ, ബീനായുടെ ഇണപിരിയാത്ത കൂട്ടുകാരി ശോകനായികാ ഭാവമുള്ള സുധ , ഓരോ ദിവസവും തലമുടിക്കെട്ടു കൊണ്ട് അഭ്യാസം കാട്ടുന്ന രേഖ എന്നിവര്‍. മാലാഘന്സിനിടാനുള്ള ആദ്യകുര്ബാനക്കുപ്പായങ്ങള് സംഘടിപ്പിക്കാമെന്ന് നീനാ. സ്വര്ണച്ചിറകുണ്ടാക്കാന് ക്ലാസിലെ എം. എഫ് ഹുസൈന് പ്രസാദ്. ആടുകളുടെ മുഖം മൂടിക്കെട്ടുമെന്നതിനാല് ആടായി നില്ക്കാന് ആളില്ല. ഒടുവില്‍ അതായാലും മതി; ബീനായുടെ അടുത്തു തന്നെ നില്‍ക്കാമല്ലോ എന്നു പറഞ്ഞ ടിറ്റൊ ഒരാട്. ടിറ്റൊയുടെ പൊക്കം നാലടി; ബീനാ സ്റ്റാച്യു ഓഫ് ലിബര്‍ടി പോലെ. എന്നാലും ടിറ്റൊയുടെ ഒരു സ്നേഹം നോക്കണം. രണ്ടാം ആട് ജയശങ്കറ്. മൂന്നു വിദ്വാന്മാര് കാലന് അജു, രതീഷ്, സ്റ്റീഫന്‍; മൂന്നു പേര്‍ക്കും മൂന്നുയരവും. അജു ചോദിച്ചു, ആരാടാ ഫാദറ്? കുട്ടത്തടിയന് ഷൈജു സംശയ ലേശമെന്യേ ഫാദറാക്കപ്പെട്ടു. ഇനി റിഹേഴ്സലാണ്. 'മാതാവ്' ചലനമറ്റു നില്‍ക്കണം. പക്ഷേ താന്‍ അതിഭയങ്കര സുന്ദരിയായതിനാലാണു ആ സ്ഥാനം ലഭിച്ചതെന്നോര്‍ത്ത് ബീനായ്ക്കു ചിരി നില്ക്കുന്നില്ല. ടിറ്റോയുടെ ആടും ശല്യമുണ്ടാക്കുന്നു. ഒടുവില്‍ ക്ലാസ് ടീച്ചറിന്റെ വാണിംഗില്‍ ബീന ഒതുങ്ങി; പ്രത്യേക റിഹേഴ്സലിന്റേ ആവശ്യമില്ലാത്തതിനാല്‍ 'ആടുകള്‍' റിഹേഴ്സല്‍ റൂമില്‍ നിന്ന് ഓടിക്കപ്പെട്ടു. അങ്ങനെ ക്രിസ്മസ് തലേന്ന് വന്നെത്തി. ടോംസ് വീട്ടിലെ ചൂള മരത്തിന്റെ ഒരു ഭാഗം കൊണ്ടു വന്നു ട്റീ ഇടാനായിരുന്നു പ്ലാന്‍. പക്ഷേ ടോംസിന്റേ പിതാജി ആരോടും പറയാതെ ഗള്‍ഫില്‍ നിന്നെത്തിയത് അന്നു രാവിലെ. ടോം പരിഭ്രമിച്ചെത്തി. 'ഏടാ കുഴഞ്ഞു.' ഇനി ചൂളയുള്ളത് അധികം ദൂരയല്ലാത്ത എസ്റ്റേറ്റിലാണ്. വിനോദിനു വഴിയറിയാം. പക്ഷേ ആള്‍ത്താമസമില്ലാത്ത ബംഗ്ലാവും ഒട്ടേറെ പേടിപ്പിക്കുന്ന കഥകളും ഉറങ്ങുന്ന എസ്റ്റേറ്റ്. 'എടാ, ആരുമറിയാതെ നമ്മള്‍ക്കെല്ലാം ഇന്നു രാത്രി കോളജില്‍ കിടക്കാം, രാത്രിയില്‍ പോയി ചൂള വെട്ടാം, പക്ഷേ ധൈര്യത്തിനു അല്പം അടിക്കണം, അവിടെ യക്ഷി ഉണ്ടെന്നാണു കേട്ടത്' ടിറ്റോ നിര്‍ദ്ദേശിച്ചു. മദ്യം താനേറ്റെന്നു സാത്താന് തോമ. പുള്ളിക്കതു പുത്തരിയല്ല. പക്ഷേ പൈസ പിരിവിടണം. ഇട്ടു. ടിറ്റോയും തോമായും അതിനായി പോയി. ആഘോഷങ്ങളുടെ ഒരുക്കത്തിനു കോളേജ് ഉച്ചതിരിഞ്ഞവധി. എന്നിട്ടും അവിടെ കറങ്ങി നിന്ന അനൗദ്യോഗിക റിഹേഴ്സലുകാരെ പ്രഫസറും ടീച്ചര്‍മാരും ഓടിച്ചു കോളജിന്റെ പടി കടത്തി. പറഞ്ഞൊത്തതു പോലെ സന്ധ്യയോടെ എല്ലാവരും കാമ്പസില്‍ മടങ്ങി എത്തി. അപ്പോളുണ്ട് എല്ലാ ക്ലാസുകളിലെയും ആണ് കുട്ടികള്‍ ഹാജര്‍. നോണ്‍ ടീച്ചിംഗ് സ്റ്റാഫും ഉണ്ട്. ട്റി നിര്‍മാണം, അലങ്കാരം തകൃതി. 'എടാ ഇനിയെന്തു ചെയ്യും?' പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ കുപ്പിയും പിടിച്ച് ടിറ്റോ. 'എടാ ഒരൊമ്പതു വരെ നോക്കാം, അല്ലെങ്കില്‍ സെക്കന്‍ഡ് ഷോയ്കു പോകാം' തോമ മാര്‍ഗം കണ്ടുപിടിച്ചു. അതു കൊള്ളാം, അല്ലെങ്കിലും കോളജു പിള്ളേരെ നിര്‍ണായക നിമിഷങ്ങളില്‍ സഹായിക്കാനല്ലെ അടുത്തു തന്നെ തീയെറ്റര്‍. ഒമ്പതു വരെ നോക്കിയിട്ടും ആരും പോകുന്നില്ല, മറ്റു ക്ലാസുകാരും ഇന്നു രാത്രി കോളജില്‍ തങ്ങുന്നു. അങ്ങനെ സെക്കന്‍ഡ് ഷോയില്‍. പടം മധുരൈ വീരന്. വിജയകാന്ത് കാളയെ എടുത്തെറിയുന്നതോ മറ്റോ. അതു വരെ സിഗററ്റു വലിക്കാത്തവരെല്ലാം അതു പരീക്ഷിച്ചു എന്ന ഗുണം. പടം കഴിഞ്ഞു രാത്രി പന്ത്രണ്ടിനു എസ്റ്റേറ്റിലേക്ക് നടത്തം തുടങ്ങി. എല്ലാവര്ക്കും പേടി, യക്ഷിയുള്ള എസ്റ്റേറ്റാ. പണ്ട് ഏതോ സായിപ്പു വച്ച ബംഗ്ലാവ്. ഇപ്പോള്‍ ഒരു സിനിമാനടന്റെ വക. അയാളവിടെ വരാറേയില്ല. 'പേടിക്കണ്ടടാ'ന്നു പറഞ്ഞ് വീട്ടില്‍ നിന്നു ചൂള വെട്ടാന്‍ കൊണ്ടു വന്ന വെട്ടുകത്തിയും പിടിച്ച് വിനോദ് മുന്പില്. ധീരനായ തോമക്കു പോലും പേടി. 'നമുക്ക് ഇതടിക്കാം, പേടി മാറട്ടെ'യെന്നു ടിറ്റോ പറഞ്ഞപ്പോളാണു പേടിക്കുള്ള മരുന്ന് കയ്യില്‍ വെച്ചോണ്ടാണല്ലോ പേടിച്ചതെന്ന് സ്റ്റീഫന്‍. 'എടാ, തിന്നാന്‍ വല്ലതുമുണ്ടോ'ന്ന് ജയശങ്കറ്. ടിറ്റോ ഒരു കേക്കു മേടിച്ചിട്ടുണ്ട്. കൊള്ളാം, മദ്യവും കേക്കും; നല്ല കോമ്പിനേഷനായിരിക്കും. അടുത്തുള്ള പഞ്ചായത്തു പൈപ്പില്‍ ടിറ്റോ വെള്ളം കണ്ടെത്തി. അപ്പോളാണ് അടുത്ത പ്രശ്നം. ഗ്ലാസില്ല. കടകള്‍ അടച്ചല്ലോ. നേരിട്ടു പിടിച്ചാല്‍ കൂമ്പു വാടുമെന്നു തോമ. സ്റ്റീഫനെപ്പോലെ 'ആദ്യകുടി' ആഘോഷിക്കുന്നവര്‍ക്ക് അങ്കലാപ്പ്. ഒടുവില്‍ തോമയും ശങ്കറും സാഹസികമായി മടങ്ങിച്ചെന്ന് തീയെറ്ററിനടുത്തു നിന്നുള്ള തട്ടുകടയില്‍ നിന്ന് ഒരു ഗ്ലാസ് മോഷ്ടിച്ചു. ആദ്യം തന്നെ മൂന്നു ഗ്ലാസ് വിഴുങ്ങിയ ടിറ്റോ മദ്യവും പൈപ്പുവെള്ളവും മിക്സു ചെയ്ത് ബാര്‍മാനായി മാറി. സ്റ്റീഫന്റെ ആദ്യകുടി. എല്ലാവരും ചുറ്റും നിന്നു കയ്യടിച്ചു. സ്റ്റീഫന്‍ ആകെ വലിയ തെറ്റു ചെയ്യുന്നുവെന്ന തോന്നല്‍. 'നീയടിയെടാ ധൈര്യമായി'യെന്ന് തോമയിലെ സാത്താന്. ഒടുവില്‍ സ്റ്റീഫന്‍ ടിറ്റോ നല്കിയ ഗ്ലാസ് വാങ്ങി വായിലേക്കൊഴിച്ചതും അതു പടി പുറത്തേക്ക് "ഫൂ"ന്ന് ഒരു തുപ്പ്. 'ഇതാണോടാ എല്ലാരും വല്യകാര്യായിട്ട് അടിച്ചു കേറ്റുന്നത്, എനിക്കെങ്ങും വേണ്ട'. വായ പൊള്ളുന്നതിനാലാണു തുപ്പിയതെന്ന് സ്റ്റിഫന്‍. അല്പാല്പം കേക്കും കൈകൊണ്ടു തന്നെ വലിച്ചു പറിച്ചെടുത്തു കഴിച്ചു. സമയം വെളുപ്പിനു രണ്ടര. എല്ലാവര്ക്കും നല്ല ധൈര്യം. ചലോ എസ്റ്റേറ്റ്. മെയിന്‍ റോഡില്‍ നിന്നു കുന്നു കയറിച്ചെന്നു. എസ്റ്റേറ്റിന്റെ ഗേറ്റ് തുറന്നു കിടക്കുന്നു. വെളിച്ചമായി നേരിയ നിലാവു മാത്രം. ആദ്യം എല്ലാവരും ബംഗ്ലാവിനു ചുറ്റും നടന്നു. 'എടീ യക്ഷീ, ഇറങ്ങി വാടീ' എന്നൊക്കെ ടിറ്റോ ലഹരിയില്‍ വീളീച്ചു കൂവുന്നുണ്ട്. യക്ഷി ഇല്ലെന്നു കണ്ടതോടെ മടിയന്‍ ടോംസ് ബംഗ്ലാവിന്റേ വരാന്തയില്‍ കയറിക്കിടന്നു. ബംഗ്ലാവിന്റെ വലതു വശത്ത് ഏഴു കൂറ്റന്‍ ചൂള മരങ്ങള്‍ ആകാശത്തേക്കു കയറിപ്പോകുന്നു. വര്‍ത്തമാനം നിര്‍ത്തിയാല്‍ ചൂളച്ചില്ലകളിലൂടെ കാറ്റു വഴുതുന്ന ശബ്ദം ഭയങ്കരമായിത്തോന്നും. 'എടാ സമയം പോകുന്നു' പ്രസാദ് ഓര്മിപ്പിച്ചപ്പോള് വിനോദ് വെട്ടുകത്തിയുമായി അടുത്തു കണ്ട ചൂളയിലേക്ക് ശ്രമപ്പെട്ട് പിടിച്ചു കയറി. പൊടുന്നനെ ഒരു ശക്തമായ പ്രകാശം വിനോദിന്റെ മേല്പ്പതിഞ്ഞു. എല്ലാവരും അയ്യോ എന്നു വിളിച്ചു. യക്ഷി ടോര്‍ച്ചടിക്കുകയോ? വരാന്തയില്‍ നിന്നു ഞെട്ടിയെഴുന്നേറ്റ ടോംസ് അയ്യോ എന്നു വിളിച്ചു കൊണ്ട് ഗേറ്റിലേക്കോടി. എല്ലാവരും ഒപ്പം ഓടാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണു പ്രകാശത്തിനു പിന്നില്‍ നിന്ന് രണ്ടു മൂന്നു പേര് പ്രത്യക്ഷ്പ്പെട്ടത്. 'ഉം, എന്താ ഇവിടെ പരിപാടി?' അതിലൊരാള്‍ ചോദിച്ചു. അപ്പോള്‍ ഇതു യക്ഷിയല്ല. ഇവിടെ ആരുമുണ്ടാവാറില്ലെന്നു പറഞ്ഞിട്ട് നോട്ടക്കാരുണ്ടോ? 'അതു ചേട്ടാ, കോളജില്‍ ക്രിസ്മസ് ട്റീ ഇടാന്‍ ഒരു ചൂളക്കമ്പ്..' മരത്തിലിരുന്നു കൊണ്ട് വിനോദ് പറഞ്ഞൊപ്പിച്ചു. അതു കേട്ടപ്പോള്‍ അയാള്‍ ക്ഷുഭിതനായി. 'ഇല്ല, നടക്കില്ല, വേഗം ഇറങ്ങിപ്പൊക്കോ'. 'ചേട്ടന് തന്നില്ലെങ്കില്‍ ഞങ്ങള്‍ വെട്ടും ചേട്ടാ' തോമയിലെ മദ്യപിച്ചു മദോന്മത്തനായ സാത്താന് പ്രഖ്യാപിച്ചു.'ഓഹോ..എന്നാല്‍ വെട്ടെടാ, കാണട്ടെ' എന്നു പറഞ്ഞ് അയാള്‍ തോമയുടെ കയ്യില്‍ കയറിപ്പിടിച്ചു. ഒപ്പം പോലീസിനെ വിളിക്കാന്‍ കൂട്ടുകാരോട് പറയുകയും ചെയ്തു. അതു കേട്ടപ്പോള്‍ എല്ലാവരും ക്ഷമാപണം തുടങ്ങി. ഒടുവില്‍ ഒരു വിധത്തില്‍ അവിടെ നിന്ന് തടിയൂരി കോളജിലെത്തുമ്പോളേക്കും നേരം വെളുത്തൂ.
ചൂളക്കു പകരം കാമ്പസില്‍ നിന്ന് എന്തോ ഒരു മരക്കൊമ്പ് വെട്ടി ട്റീയുണ്ടാക്കി വെച്ചു. അതിന് എല്ലാ ക്ലാസുകാരുടെയ്യും ട്റീകളില് വെച്ച് ഏറ്റവും കുറവു മാര്‍ക്ക് കിട്ടി. ക്രിസ്മസ് നിശ്ചല ദൃശ്യം മാര്‍ക്കിടാനായി ജഡ്ജസ് വരുന്നതിനു തൊട്ടു മുന്‍പ് ടിറ്റോയുടെ "ആട്" 'മാതാവി'ന്റെ കാലിലേക്കു തന്നെ ഛര്‍ദ്ദിച്ചു. മാര്‍ക്ക് എത്ര കിട്ടിയെന്ന് പറയേണ്ടല്ലോ. ഷൈജുവിന്റെ പൊണ്ണത്തടി കാരണം ഫാദറ് കോമ്പറ്റീഷനു മൂന്നാം സ്ഥാനം കിട്ടി. (ഇതു നടന്ന സംഭവമാണ്; എങ്കിലും ഇത്രയും കത്തി വായിച്ചതിനു നന്ദി.)
10 comments:
അങ്ങനെ ആടും വാള് വെച്ചു അല്ലെ ???
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്കുന്നു !!!
വൃത്തികെട്ടവന് !!!
ചുമ്മാ..പോസ്റ്റ് അതിഗംഭീരം..മിക്സെഡ് കോളേജില്‍ പഠിക്കാത്തത് കൊണ്ടു ഇത്തരം രസങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല.conventആയതുകൊണ്ട്,ക്രിസ്മസ് ആഘോഷം അടിപൊളി ആവാറുണ്ട്.ക്രിബും,കേക്കും..അന്നത്തെ ആഘോഷങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
Nice...
ആചാര്യോ,
ഇതിഷ്ടപ്പെട്ടു കേട്ടൊ. ഞങ്ങളേം പണ്ടു കാമ്പസ് സെക്യൂരിറ്റി പിടികൂടിയതാ , ചൂളമരം മുറിച്ചതിന്.
പഴയ കാലം ഓര്‍മ്മിക്കാനായി.
ആചാര്യാ സുഖമാ കെട്ടോ....നന്ദി..
ഇന്ന് രാവിലെ വന്നത് മുതൽ ഈ വിന്റോ തുറന്ന് വെച്ച് വായിക്കാൻ തുടങ്ങിയതാ. തിരക്ക് കാരണം വായന ഇടക്കിടക്ക് മുറിഞ്ഞു. ഇപ്പോഴാ [4:25പി എം] വായിച്ച് മുഴുവനായത്.
ചിരിപ്പിച്ച് കളഞ്ഞു കെട്ടോ.. ഏറെ ഇഷ്ടപ്പെട്ടത് ആ ലോകസുന്ദരിയായ മാതാവിന്റെ കാലിലേക്ക് ടിറ്റോയുടെ ആട് ചർദ്ദിച്ചതാ...
ഇതൊക്കെ വായിക്കുമ്പോൾ എനിക്കും ഒരിക്കൽ കൂടി എന്റെ കാമ്പസിലേക്ക് പോകാൻ തോന്നുന്നു.
ആചാര്യനും മറ്റ് എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും എന്റേയും കുടുബത്തിന്റേയും ക്രിസ്തുമസ് - പുതുവത്സരാശംസകൾ.
ക്ഷേമ-സ്നേഹാന്വേഷണങ്ങോടെ
നരിക്കുന്നൻ
നടുക്കടലില്‍ എണ്ണപ്പാടത്ത് ഈ കൃസ്തുമസ്സ് കഥകള്‍ വായിച്ച് ഞാനെന്റെ ആഘോഷങ്ങള്‍ തുടങ്ങുന്നു.
ആട് വാള് വെച്ചു ....:) :)
ചിരിപ്പിച്ചു.എന്നാലും ഒരു ചോദ്യം.
നമ്മുടെ ക്ലാസിലെ (തോമാ ഭാഷയില്‍)'ചരക്കുകള്‍ക്കും'
നമ്മള്` ഡീസന്റാണന്ന് കാണീച്ചതാ അല്ലേ?
ഹഹ് ആചാര്യാ ........ആള് ...മോശമില്ലല്ലോ?
ക്രിസ്തുമസ് കഴിഞ്ഞ് ഈസ്റ്റ്ര് അടുക്കുന്നു
ഇന്നേ വായിക്കന്‍ തരപ്പെട്ടുള്ളു...എത്രൊക്കെ പറഞ്ഞാലും കോളജ് കാലത്തെ ഓണത്തിനും ക്രീസ്മസ്സിനും വല്ലാത്തൊരു ആകര്‍ഷണം തന്നെ,
അത് ഈ പോസ്റ്റിലും നന്നായി ആസ്വദിക്കാനായി. പണ്ട് ആണ്‍കുട്ടികള്‍ക്ക് ഒക്കെ അതി ഭയങ്കര ധൈര്യമാണെന്ന് ഞാന്‍ കരുതിയിരുന്നു ....
ഇത് വായിച്ചപ്പോള്‍ ബോധ്യായി ധൈര്യം കുപ്പിലാന്ന്.
Post a Comment