ഞങ്ങളുടെ നാട്ടിലെ പ്രധാന ദിവ്യന്മാരില്‍ ഒരാളായിരുന്നു സാഞ്ചോ പാന്‍സ.
ദിവ്യന്മാര്‍ എന്നു പറഞ്ഞാല്‍ ഇവരൊക്കെയാണ് നാടു നന്നായി ഭരിച്ചിരുന്ന നല്ല 'മാടമ്പി'മാര്‍. കേന്ദ്ര -സംസ്ഥാന ഗവണ്മെന്‍റുകള്‍, ജില്ല-പഞ്ചായത്ത്, പോലീസ്, എല്ലാ ദിവസവും പ്രസംഗിച്ച് നനാ വാര്‍ത്തകള്‍ തന്നിരുന്ന രാഷ്ട്റീയക്കാര്‍ ഒക്കെ കൂടാതെ ദിവ്യന്മാരുടെ ഭരണം ഞങ്ങള്‍ക്ക് ഒഴിച്ചു കൂടാത്തതായിരുന്നു. നാട്ടില്‍ ആരെയും പേടിക്കാതെ ഏതു പാതിരാത്രിക്കും ഇറങ്ങി നടക്കാന്‍ ദിവ്യന്മാരാമിവര്‍ സഹായമായിരുന്നു. രാത്രികാലങ്ങളിലുള്ള ജാരയാത്രകള്‍/പ്രേതയക്ഷിവരത്തുപോക്കുകള്‍/കള്ളന്‍ ശല്യവും ഇവര്‍ കാരണം ഒട്ടുമില്ല എന്നു പറയാവുന്ന 'മാടമ്പി നാടു വാണിടും കാലം' എന്ന മനോഹര യുഗം. സംഗതി എന്താന്നു വെച്ചാല്‍ ഇവരിലാരെങ്കിലും ഒരാള്‍ എപ്പോഴും നാട്ടില്‍ ഫുള്‍ ഫോമില്‍ ഉണ്ടാകും. നാടിന്‍റെ ഏതു മൂലയിലും മുക്കിലും സമയത്തും അസമയത്തും ഇവരെ പ്രതീക്ഷിക്കാം. വായില്‍ ധാരാളം വചനങ്ങളും ഉണ്ടാകും. അടുത്തുള്ള ഏതെങ്കിലും ഷാപ്പില്‍ കറുത്ത ഉറുമ്പ്, അട്ട, പാറ്റ, പല്ലി, എലി ഇവയിലേതെങ്കിലും ഉപയോഗിച്ചു ഗാര്‍ണിഷു ചെയ്തിട്ടുള്ള കള്ള് വയറ്റില്‍ എപ്പോഴും നിറഞ്ഞ് ഓളമടിക്കുന്നുമുണ്ടാകും. അരയിലും ഒരു കുപ്പികാണാം. ആള്‍ ശല്യം തീരെയില്ല. ചിലപ്പോള്‍ തടഞ്ഞു നിര്‍ത്തി ദിവ്യമാം വചനങ്ങള്‍ പറഞ്ഞു തരും. നമുക്ക് തീരെ ഇന്‍ററസ്റ്റില്ലാന്നു തോന്നിയാല്‍ ഇവര്‍ നമ്മെ വിട്ടയക്കും. സ്ത്രീകള്‍ ഒപ്പമുണ്ടെങ്കില്‍ കൈ കൂപ്പി വണങ്ങി ദൂരെ നില്‍ക്കുകയേയുള്ളൂ. കല്യാണ,മരണ,കയറിപ്പാര്‍ക്കല്‍ വീടുകള്‍ തുടങ്ങിയവയെ സജീവ സാന്നിധ്യം കൊണ്ടും ഇന്ധന ക്ഷമത കൊണ്ടും ഇവര്‍ സഹായിച്ചും പോന്നു. നെഹറു (നെഹ്രു അല്ല), കാന്തി, പട്ടേല്(നേതാക്കളെ ഓര്‍മിപ്പിക്കത്തക്ക ആകാര വടിവുകള്‍ കാരണമീ അപരനാമധേയവല്‍ക്കരണം), ഉപ്പച്ചന്‍, കണ്ണങ്കുട്ടി, പൂപ്പര്‍, ഇതാക്ക്, തോമ തുടങ്ങി അനേക വീരയോദ്ധാക്കള് ഇവരുടെ ടീമില്‍ കാലാ കാലങ്ങളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. ഇവരില്‍ മിക്കവരും ഒന്നു പരാമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെയെങ്കിലും(വിസ്താര ഭയം മൂലം പോസ്റ്റ്പോണ്‍ഡ്) ഇവരില്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ സ്ഥിരമായി വിലയിടിവു നേരിട്ടിരുന്ന സാഞ്ചോ പാന്‍സയുടെ ഒരു ചെറുജീവിത സന്ദര്‍ഭം വിവരിക്കാം.
സാഞ്ചോ പാന്‍സയുടെ ജീവിതമായിരുന്നു ജീവിതം. ആളിന്‍റെ ഒരു വാങ്മയചിത്രം വരക്കാന്‍ രണ്ടേ രണ്ടു വര വരച്ചാല്‍-ഒരു നാലരയടി പൊക്കം; നീട്ടി വളര്‍ത്തി/വളര്‍ന്ന് തോള്‍ കവിയുന്ന മുടി. അതു മതി. അല്ലലുമില്ല, അലച്ചിലുമില്ല, ടെന്‍ഷനുമില്ല, പ്രഷറുമില്ലാത്ത ആരും കൊതിക്കുന്ന നല്ല ഒന്നാന്തരം പ്ലഷര്‍ഫുള്‍ ലൈഫ്. ഇടപെടുന്ന എല്ലാ കാര്യങ്ങളും സാമാന്യം നന്നായി കുളമാക്കിയെടുക്കാനുള്ള അപൂര്‍വ സിദ്ധി കാരണം, മക്കള്‍ അത്യാവശ്യം പലചരക്കു കടയില്‍ പോകുന്ന പ്രായമായതോടെ സാഞ്ചോയുടെ പത്നി അദ്ദേഹത്തിന് ഇഹലോകദു:ഖങ്ങളില്‍ നിന്ന് വി.ആര്‍.എസ് നല്‍കി വിട്ടയച്ചു. നേരത്തെ സാഞ്ചോക്ക് വലിയ ഇഹലോക ദു:ഖമായിരുന്നുവെന്നൊന്നും വിചാരിക്കരുത്. അദ്ദേഹത്തിന്‍റെ ജീവിതം ഇങ്ങനെ അങ്ങു സംഭവിച്ചു കൊണ്ടിരുന്നുവെന്നു മാത്രം. അങ്ങനെയാണു മുമ്പൊക്കെ ഒളിഞ്ഞും മങ്ങിയും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ദിവ്യമാടമ്പി ടീമില്‍ സാഞ്ചോ സ്ഥിരം ക്ഷണിതാവാകുന്നത്. അങ്ങനെ ഒരു 'ടൊന്‍റിഫോര്‍സെവന്‍' എന്‍റര്‍റ്റയ്ന്മെന്‍റായി ജീവിതം കൊണ്ടു പോകാന്‍ ഒരവസരം കിട്ടിയാല്‍ ദേ നമ്മളും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ഒരോട്ടം വെച്ചുകൊടുക്കില്ലേ.
ദിവ്യമാടമ്പി ടീമില്‍ അനവധി മണ്ടത്തരങ്ങളുമായി സാഞ്ചോ തനതുവ്യക്തിത്വം കാത്തു.
ഷാപ്പുകള്‍ കടം കൊടുത്തുകൊടുത്ത് ഉടക്കുന്ന സമയത്തു മാത്രമേ സാഞ്ചോ വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടുള്ളൂ. കോഴികള്‍, മുട്ട, വാഴക്കുല, തേങ്ങ, ഓല, ചേമ്പ്, കാച്ചില് ഇങ്ങനെ സ്വയം ഭൂവാകുന്ന കുറേ വസ്തുക്കള്‍ ഇടക്കിടെ പറമ്പില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിലും സാഞ്ചോയുടെ വീട്ടുകാര്‍ക്ക് പരാതിയില്ല. ഇതൊക്കെ വല്ലവരും കൊണ്ടു പോകുന്നതിലും നല്ലതല്ലേ ഗൃഹനാഥനാം സാഞ്ചോ തന്നെ ഉപഭോക്താവായി മാറുന്നത്. കൂടാതെ അദ്ദേഹം പലതരത്തില്‍ നാടിനൊരനുഗ്രഹമായിത്തീര്‍ന്നു കൊണ്ടിരിക്കുകയും. സാഞ്ചോയുടെ ജീവിതപര്യമ്പുറങ്ങള്‍ വിവരിക്കാനിനിയുമുണ്ട്. മറ്റു ചില കഥകള്‍ കൂടി പറയാനൊത്താല്‍ അവിടെ പൊടിപ്പും തൊങ്ങലുമാക്കാനായി അവ നീക്കി വയ്ക്കുന്നു.
വരുന്നൂ, ക്ലബ്ബിന്‍റെ ഒന്നാം വാര്‍ഷികം. നാട്ടിലെ നാനാജാതിമതസ്ഥരായ പിള്ളേരെല്ലാം കൂടെ ദേശീയോത്സവങ്ങള്‍, അവധികള്‍, നാലുമണി മുതല്‍ രാത്രി ഒമ്പതു വരെ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉഴപ്പാനായി ഉപയോഗപ്പെടുത്തിയിരുന്ന ഒരു സംവിധാനമാണിത്. ഉപ്പച്ചന്‍ 'മിസ്റ്റര്‍ പ്രസിഡന്‍റാ'യിരുന്ന കാലത്ത് നാട്ടിലെ പബ്ലിക്ക് ലൈബ്രറിയിലെ ഗെയിംസ് റൂമിന്‍റെ വാതിലില്‍ 'ശബ്ദമില്ലാതെ ശീട്ടുകളിക്കണം' എന്നെഴുതിപ്പറ്റിച്ചതില്‍ പ്രതിഷേധിച്ചാണു ക്ലബിന്‍റെ തുടക്കം. വാര്‍ഷികം എന്ന മഹാമഹം നല്ലതുപോലെ ഉഴപ്പാവുന്ന ഒരു സന്ദര്‍ഭമായി മുങ്കൂട്ടിക്കണ്ടിട്ടായാലും എന്തായാലും അതിങ്ങു പെട്ടെന്ന് വന്നെത്തി. പിള്ളേരുടെ ഓട്ടം, ചാട്ടം, വടം വലി, ഫുട്ബാള്‍, പാട്ട്, തിരുവാതിര കളി, പ്രസംഗം തുടങ്ങി അന്തമില്ലാത്ത മത്സരങ്ങളിലെല്ലാം വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം എന്ന മഹാബോറ് പരിപാടിക്കായി മലയാളത്തിന്‍റെ മഹാനടന്മാരിലൊരാളെത്തന്നെ സംഘടിപ്പിച്ചു.
ആയിടെക്ക് അങ്ങു വടക്കെങ്ങാണ്ട് ഉണ്ടായ 'വെള്ളപ്പൊക്ക സഹായ നിധി'യിലേക്ക് ക്ലബ് നല്‍കാനുദ്ദേശിക്കുന്ന ഉദാര സംഭാവനകളുടെ ഉദ്ഘാടനവും നടന്‍ നിര്‍ വഹിക്കുമെന്ന അനൗണ്‍സ്മെന്‍റുമായി രാവിലെ മുതല്‍ ഒരോട്ടോ കറങ്ങിയടിച്ചതിന്‍റെ ഫലമായി നാനാപുരവാസികളും എത്തിച്ചേര്‍ന്നു. നാലുമണിക്കു വരുമെന്നറിയിച്ചിരുന്ന നടന്‍ വന്നപ്പോള്‍ വളര വൈകി. നടനെ കണ്ടു കഴിഞ്ഞതിനാലും, നേരം വൈകുന്നതിനാലും സമ്മാനദാനത്തിനു അതു കിട്ടാനുള്ളവര്‍ മാത്രമേ നില്‍ക്കൂവെന്നു തോന്നിയതിനാലും പ്രധാന ഇനമായ പിരിവുദ്ഘാടനം ആദ്യമാകട്ടെയെന്നു കമ്മറ്റി.
സഹായനിധിയിലേക്കു സംഭാവന നല്‍കുന്നതിനേപ്പറ്റി നടനും ആളുകളെ പ്രസംഗിച്ചിളക്കി.
അപ്പോളിതാ ഒരു കൊച്ചു പ്രകാശം ആള്‍ക്കൂട്ടത്തിനിടയിലൂടെ മന്ദം മന്ദം വേദിയിലേക്കു നീങ്ങി വരുന്നു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി. കയ്യില്‍ കത്തിച്ചു പിടിച്ച ഒരു നിലവിളക്കുമായി സാഞ്ചോ പാന്‍സ!!! പോരാത്തതിന് അദ്ദേഹം അതീവ ദു:ഖത്തോടെ കരയുകയായിരുന്നു.
സ്റ്റേജിലേക്കു കയറാനായി ഇട്ടിരുന്ന ബെഞ്ചില്‍ കയറി നിന്നു കൊണ്ട് സാഞ്ചോ നിലവിളക്ക് നടനു നേരെ നീട്ടി.
'സാര്‍, ഇതു ഇപ്പോള്‍ത്തന്നെ സ്വീകരിക്കണം. എന്‍റെ ഒരു ആഗ്രഹമാ, സഹായനിധിക്കു തരാന്‍ വേറൊന്നൂല്ല കയ്യില്‍. സഹായിക്കണോന്നുള്ളോര് തക്ക സമയത്തു പ്രവര്‍ത്തിക്കണോന്നു സാറു പറഞ്ഞതെത്ര ശരിയാ'
ഒന്നന്തം വിട്ടു പോയ കമ്മറ്റിക്കാര്‍ ചിലര്‍ സമനില വീണ്ടെടുത്ത് വളരെ ശ്രമിച്ചങ്കിലും സാഞ്ചോ പാറ പോലെ ഉറച്ചു നിന്നു, ഒടുവില്‍ ആ നിലവിളക്കു ഏറ്റുവാങ്ങേണ്ടി വന്നു നടന്. സാഞ്ചോ അപ്പോഴും കരയുകയായിരുന്നു.
-----------------------
പൂമുഖത്ത് കൊളുത്തി വച്ചിരുന്ന നിലവിളക്കു കാണാതെ പരിഭ്രാന്തയായെങ്കിലും അത് എവിടെപ്പോയിരിക്കുമെന്ന് നല്ല ഉറപ്പുണ്ടായിരുന്ന സാഞ്ചോയുടെ പത്നി അതിവേഗം അദ്ദേഹത്തെ തേടി നീങ്ങിയപ്പോഴാണ്, സ്ക്കൂള്‍ ഗ്രൗണ്ടിലെ സ്റ്റേജില്‍ ആള്‍ക്കൂട്ടത്താല്‍ ചുറ്റപ്പെട്ട് കയ്യില്‍ കത്തിച്ച നില വിളക്കുമായി നടനും അരികില്‍ കൃതാര്‍ഥനായ സാഞ്ചോയും അന്തം വിട്ട കമ്മറ്റിക്കാരും നില്‍ക്കുന്നത് ശ്രദ്ധയില്പെട്ടത്. ഒടുവില്‍ സാഞ്ചോയെയും കമ്മറ്റിക്കാരെയും അത്യാവശ്യം അപലപിച്ച് അവര്‍ നില വിളക്കുമായി മടങ്ങി.
8 comments:
സാഞ്ചോ ഒരു കാലത്തിന്‍റെ കല്‍ത്തൂണായിരിക്കുന്നു
സാഞ്ചോക്കും, പത്നിക്കും, കമട്ടിക്കാര്‍ക്കും ഓരോന്നു വീതം തേങ്ങ.
ഠേ............
ഠേ....................
ഠേ.........................
സാഞ്ചോ പാൻസ എന്നപേരു കേട്ട് ഞെട്ടിവന്നു വായനതുടങ്ങിയതാ.സംഭവം കലക്കനായിട്ടുണ്ട്.ഒരു കാലത്തിന്റെ കൽത്തൂണൂകളെ ഓർക്കുന്ന ശൈലി ഗംഭീരം.
ആ സാറാ ചേട്ടത്തിയുടെ കഥ വായിച്ചിട്ട് അത് മനസ്സില്‍ നിന്നങ്ങോട്ട് പോകുന്നില്ല കാരണം എന്‍റെ അമ്മയുടെ പേരും സാറാ എന്നാണേ :) ഏതാണ്ട് ഇതേ പ്രകൃതം .അപ്പോള്‍ ഇതാ വീണ്ടും സാന്ച്ചോ പാന്ച്ചോ .നാട്ടിലെ ആളുകളെ ഒന്നിനെയും വിടരുത് കേട്ട :):)
സാഞ്ചോയുടെ നിലവിളക്കും പിടിച്ച് കരഞ്ഞോണ്ടുള്ള ആ നില്‍പ്പ്..ഹി,ഹി
ഓര്‍ത്തോര്‍ത്തു ചിരിക്കാം
..
----------------
ആചാര്യനു മാത്രമായി
ഓടോ: ഞാനേ എന്റെ ടീമിന്റെ ക്യാപ്റ്റനാരുന്നു, ഒരു പോസ്റ്റു തന്നെ പിന്നീടു പൂശിയേക്കം, ക്രിക്കറ്റെന്ന മാരണ കളിയെക്കുറിച്ച്, അരവിന്ദ് സാമി മാതിരി ഇരുന്ന ഞാന്‍ അടുപ്പില്‍ വെന്ത സാമി മാതിരി ആയതിനു കാരണം ക്രിക്കറ്റാ..
കൊള്ളാം. ഡോൺ കിക്സോട്ടിലെ സാഞ്ചൊ പാൻസയാണെന്നാ ഞാനും ഓർത്തത്. ഈ സാഞ്ചോ മോശമായില്ല
അനില്‍, വികടശിരോമണി, കാപ്പിലാന്‍,പ്രയാസി,ലക്ഷ്മി...നന്ദി
ക്ലാസിക്ക് ഡൊണ്‍ ക്വിക്സോര്‍ട്ടിന്റെ വല്ല നിരൂപണമോ ആസ്വദനമോ ആവും പിന്നെ നോക്കാം എന്ന് പറഞ്ഞ് വിട്ടിരുന്ന പോസ്റ്റാ
ഇന്ന് വയിച്ചപ്പോഴ എനിക്ക് പറ്റിയ അമളി :)
സാഞ്ചോ പാന്‍സാ!
കൊള്ളാം നല്ലാ മാടമ്പീ!!
“സ്ത്രീകള്‍ ഒപ്പമുണ്ടെങ്കില്‍ കൈ കൂപ്പി വണങ്ങി ദൂരെ നില്‍ക്കുകയേയുള്ളൂ...”
അതേ അതേ!
മദ്യവര്‍ത്തികളുടെ വിനയം!!
Post a Comment