Wednesday, November 19, 2008

ഉപ്പച്ചന്‍റെ ഇംഗ്ലീഷ്



'ഹൈദരാബാദ് നയിസാമി'ന്‍റെ ജീവിതവും തന്‍റെ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നു തെളിയിച്ചിട്ടുള്ള നാട്ടുപ്രധാനിയാണ് ഉപ്പച്ചന്‍.

മുഴുവന്‍ നരച്ച, കൊറിയാക്കാരുടേതു പോലെയുള്ള ഡാന്‍സു ചെയ്യുന്ന കോലന്‍ മുടി; സ്ഥിരമായി ഷേവിംഗില്ലാത്ത, കുറ്റിരോമങ്ങള്‍ നീണ്ട മുഖം; ഒരു പല്ലു പോലുമില്ലാതെ അങ്ങനെ 'ചിരിച്ചുനില്‍ക്കുന്ന' വായ - ഉപ്പച്ചനായി.

അനേകം തുളകളൂള്ള കയ്യില്ലാത്ത ബനിയനും നീല 'കള്ളി'മുണ്ട് മടക്കിക്കുത്തിയതുമായിരുന്നു വേഷം. ഇയൊരു വേഷത്തിലല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല.

മൂണ്ടിന്‍റെ മടക്കിക്കുത്ത് നെഞ്ചിനു ഒപ്പവും മുണ്ടിന്‍റെ ചുവട്ടിലെ മടക്ക് മുട്ടിനു തൊട്ടു താഴെയും ആയിരുന്നതിനാല്‍ സ്ക്കോട്ട്ലന്‍ഡുകാര്‍ പാവാടയിടുന്നതുപോലെയുണ്ടായിരുന്നു. പോലീസ് ഉള്‍പ്പെടെ ഏതു വലിയ ആള്‍ വന്നാലും ഉപ്പച്ചനു മൂണ്ട് അഴിക്കേണ്ടതില്ല എന്നത് പ്രഖ്യാപിതമായ ഒരു അവകാശമായിരുന്നു. രണ്ടു കാല്പത്തികളും രക്തവാതം വന്ന് സദാ പൊട്ടിയൊലിച്ച് വയലറ്റു നിറമുള്ള മരുന്നിനാല്‍ പൊതിയപ്പെട്ടതായി കാണപ്പെടുന്നതായിരുന്നു കാരണം. വര്‍ഷത്തില്‍ ഒരിക്കലേ മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ചിരുന്നുള്ളൂ. അന്ന് അഴിച്ചാലും മുണ്ട് താഴേക്കിടാതെ രണ്ടുതുമ്പും കയ്യില്‍ പിടിച്ചിരിക്കും. തെക്കുമ്മാടത്താശാന്‍ വര്‍ഷത്തിലൊരിക്കല്‍ ചെറിയകാവിലേക്കു പോകുന്ന ദിവസമാണത്. ഉപ്പച്ചന്‍റെ ബഹുമാനം വരവുവെച്ച് കൂനുണ്ടെങ്കിലും അതിശീഘ്രം കടന്നുപോകുന്നതിനിടയില്‍ ആശാന്‍ ഘനത്തില്‍ ഒന്നു മൂളിക്കളയും. ഉപ്പച്ചനു തിരിച്ചു മുണ്ടെടുത്തു കുത്താനുള്ള അനുമതിയാണത്. പിന്നെ അടുത്ത വര്‍ഷം.

ജീവിതത്തില്‍ ഒരിക്കലും 'ഒരു ഓലക്കാല്‍ മറിക്കുകയെങ്കിലും' ഉള്‍പ്പെടെ ഒരു ജോലിയും ചെയ്തിട്ടില്ല എന്നതാണ് ഉപ്പച്ചന്‍റെ മറ്റൊരു പ്രത്യേകത. 'ഷ്ക്കോളും' അദ്ദേഹത്തിനു അന്യപദമായിരുന്നു.

ഉപ്പച്ചനു കുടുംബപരമായിട്ടും പാരമ്പര്യമായും സ്വത്തും ധാരാളം നിലങ്ങളും മറ്റും ഉണ്ടായിരുന്നതിനാല്‍ എന്നും അദ്ദേഹത്തിന്‍റെ ജീവിതം അസൂയാവഹമാം വിധം സമ്പന്നമായിരുന്നു. തുള വീണ ബനിയന്‍ മാറ്റിക്കൂടെ എന്നു ചോദിച്ചാല്‍ 'നയിസാമിനെപ്പോലെ ജീവിച്ചവനാടാ ഞാന്‍' എന്നു പറയുമായിരുന്നു അദ്ദേഹം. ബാങ്ക് എന്ന സംവിധാനത്തില്‍ വിശ്വാസമില്ലാഞ്ഞാവാം സ്വന്തം കിടക്കയില്‍ തന്നെ നോട്ടു കെട്ടുകള്‍ വെറുതെ വയ്ക്കുകയേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുന്നു. മുടി നരക്കുന്നതിനും കാലില്‍ രക്തവാതമുണ്ടാകുന്നതിനും മുന്‍പുള്ള കാലത്ത്, എന്നും രാവിലെ അതില്‍ കുറെ നോട്ടുകെട്ടുകളുമെടുത്ത്, റെഡിയായി വരുന്ന കൂട്ടുകാര്‍ക്കൊപ്പം ടൗണിലേക്കു പോകുകയും സന്ധ്യക്കു മുന്‍പേ ജംഗ്ഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. 'ഫാദര്‍ജി' വിടപറഞ്ഞതിനു ശേഷം ഉപ്പച്ചന്‍ അങ്ങനെ പോയിട്ടില്ല പോലും. സ്വന്തം തൊടിയില്‍ നിന്നുത്പാദിപ്പിക്കുന്ന ശുദ്ധമായ തെങ്ങില്‍ കള്ളു മാത്രമായി 'കുടി നിര്‍ത്തുക'യും ചെയ്തത്രേ.

പ്രഭാതം മുതല്‍ പ്രദോഷം വരെ, ഭക്ഷണ സമയമൊഴിച്ച് കറിയയുടെ പലചരക്കു പീടികയുടെ മുന്‍പിലുള്ള ഉപ്പു പെട്ടിക്കുമേല്‍ കാല്‍ കയറ്റി വെച്ച് ചിരി മാത്രമുള്ള മുഖവുമായി ഉപ്പച്ചനുണ്ടാകും(പേരു വന്നതെങ്ങനെ എന്നു മനസിലായല്ലോ). കറിയയുടെ കടയ്ക്കു തൊട്ടുപിന്നിലാണു ഉപ്പച്ചന്‍റെ ബംഗ്ലാവ്. എങ്കിലും ഇടക്കു വിശന്നാല്‍ 'കണിച്ചായി'(ഇദ്ദേഹം നായകനാകുന്ന കഥ പിന്നാലെ)യുടെ ചായക്കടയില്‍ ഒന്നു കയറൂം, ഉപ്പച്ചന്‍. 'എന്തിനാടാ വീട്ടുകാരെ ശല്യം ചെയ്യുന്നത്' - വീട്ടില്‍ പോയി ചായ കുടിച്ചുകൂടെ എന്നു ചോദിച്ചാല്‍ അദ്ദേഹം പറയും. ഇച്ചയടിച്ചിരിക്കുന്ന കണിച്ചായിയെ ഒന്ന് ഉഷാറാക്കുക എന്നതാവും ഉപ്പച്ചന്‍റെ മനസില്‍. ടൗണിലെ സ്വന്തം കെട്ടിടങ്ങള്‍ക്കു പുറമെ കറിയയുടെ കട ഉള്‍പ്പെടെ ജംഗ്ഷനിലെ എല്ലാ കടകളും ഉപ്പച്ചന്‍റെ കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. തന്‍റെ 'ഫാദര്‍ജി'(പിതാവിനെ ഉപ്പച്ചന്‍ വിശേഷിപ്പിക്കുന്നത്) ഏര്‍പ്പാടാക്കിയ തുഛവാടകയേ അദ്ദേഹം വാങ്ങിയിരുന്നുള്ളൂ. 'നാടിനു വേണ്ടി ജീവിക്കുന്നു ഞാന്‍' എന്ന് പറയാതെ പറയുകയായിരുന്നിരിക്കണം.

'ഫാദര്‍ജി'യുടെ പാരമ്പര്യമോ എന്തോ, നാട്ടിലെ പഴയ കോണ്‍ഗ്രസ് സമ്മേളനങ്ങള്‍, കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഒത്തു തീര്‍പ്പു സമ്മേളനങ്ങള്‍ ഒക്കെ മിക്കവാറും ഉപ്പച്ചന്‍റെ ബംഗ്ലാവിലായിരുന്നു. നല്ല ആതിഥേയനായി സ്ഥിരം വേഷത്തില്‍ ആദ്യവസാനം അദ്ദേഹമുണ്ടാകും. പക്ഷേ സമ്മേളനത്തിലിരിക്കയോ ഒന്നും സംസാരിക്കുകയോ ചെയ്യുകയില്ല. ഉന്നത രാഷ്ട്റീയ നേതാക്കളൂള്‍പ്പെടെ പലരും നോക്കിയിട്ടും ഒരു പഞ്ചായത്ത് മെംബര്‍ പോലുമാവാന്‍ തുനിഞ്ഞിട്ടില്ല അദ്ദേഹം. കാരണം അദ്ദേഹം ഞങ്ങളുടെ നാടിന്‍റെ 'പ്രസിഡന്‍റാ'യിരുന്നു; ജംഗ്ഷന്‍റെ 'പ്രസിഡന്‍റാ'യിരുന്നു.

ഉപ്പച്ചന്‍റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മാന്യദേഹം ലൈബ്രറി ഇരിക്കുന്ന സ്ഥലം നാട്ടുകാര്‍ക്കായി സംഭാവന ചെയ്തതിനാല്‍ 'ആജീവനാന്ത ലൈബ്രറി പ്രസിഡന്‍റ്' എന്ന നിലയില്‍ അദ്ദേഹം പൊതുവേ അംഗീകരിക്കപ്പെട്ടു പോന്നു. എല്ലാ ലൈബ്രറി പൊതുയോഗങ്ങളിലും അമേരിക്കന്‍ പ്രസിഡന്‍റിനെ വെല്ലുന്ന പ്രൗഡ്ഡിയുമായി എത്തി, ഇളകുന്ന കാലുള്ള മേശക്കു പിന്നില്‍ സ്റ്റൂളില്‍ ഉപവിഷ്ടനായി മേശപ്പുറത്ത് 'ടപ്പേ'ന്നൊരടിയടിച്ച് 'ആ തൊടങ്ങിക്കോ' എന്ന് സമ്മേളനം ഉദ്ഘടിക്കാറുള്ള അദ്ദേഹത്തെ 'മിസ്റ്റര്‍ പ്രസിഡന്‍റ്' എന്ന് ആദ്യമായി സംബോധന ചെയ്തിട്ടുള്ളത് നാടിന്‍റെ ചരിത്രത്തിലെ ആദ്യ പ്രഖ്യാപിത 'ഇഞ്ചിനീരാ'യ ശാക്കോശന്‍ ആകുന്നു. അതു പിന്നീട് ഉപ്പച്ചന്‍റെ സമകാലീനരായ പല്ലില്ലാത്ത പ്രമാണിമാരെല്ലാം കൂടി പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ച് 'മിച്ചര്‍ ഉപ്പച്ചന്‍' എന്നു വരെയാക്കിക്കൊടുത്തു.

ബ്രിട്ടിഷുകാരെ ഓടിക്കാന്‍ പ്രയത്നിച്ച 'ഫാദര്‍ജി' യുടെ പുത്രന്‍ ഇംഗ്ലീഷ് പറഞ്ഞ കഥയാണു ഉപ്പച്ചനെപ്പറ്റി ആദ്യമായി ഞാന്‍ കേട്ടിട്ടുള്ളത്.

ഉപ്പച്ചനും കൂട്ടുകാരും നോട്ടുകെട്ടുമായി സ്ഥിരം ടൗണ്‍ യാത്ര നടത്തുന്ന സുവര്‍ണകാലം. ഒരു നാള്‍ യാത്ര നഗരത്തിലേക്കായാലോ എന്ന് ഒരു സുഹൃത്ത്. ചെന്നു ചെന്ന് അവര്‍ ഒരു വലിയ ഹോട്ടലില്‍ എത്തി. വെയ്റ്റര്‍ വന്ന് ഇംഗ്ലീഷില്‍ ഉപചാരം തുടങ്ങി. ഉപ്പച്ചനാണെങ്കില്‍ ഇംഗ്ലീഷ് പോയിട്ട് മലയാളം തന്നെ നേരെചൊവ്വെ അറിയില്ല. കൂടെയുള്ളവര്‍ അതിലും കഷ്ടം. ഉപ്പച്ചനു ജീവിതത്തില്‍ ആദ്യമായി ഇഛാഭംഗം ഉണ്‍ടായി,വെറും ഒരു വെയ്റ്ററോട് ഒരു വാക്കുപോലും ഇംഗ്ലീഷില്‍ മറുപടി പറയാന്‍ പറ്റാത്തതില്‍. 'ഡാ നീയൊക്കെ നോക്കിക്കോ' ഉപ്പച്ചന്‍ കൂട്ടുകാരോട് പ്രഖ്യാപിച്ചു. അന്ന് അവര്‍ മണിക്കൂറുകളോളം അവിടെ ചെലവിട്ടു. കൂട്ടുകാര്‍ ഒരു ലെവലില്‍ എത്തിയെങ്കിലും ഉപ്പച്ചന്‍ സ്വയം നിയന്ത്രിച്ചു. മനസില്‍ തന്നെ നാണം കെടുത്തിയ ഇംഗ്ലീഷാണ്. ഹോട്ടലിലെത്തുന്ന മറ്റുള്ളവരിലായിരുന്നു ഉപ്പച്ചന്‍റെ ശ്രദ്ധ.

അന്തിയായി. അവര്‍ മടങ്ങിയെത്തി, നേരെ ചായക്കടയിലേക്ക്. കടയില്‍ നല്ല തിരക്ക്. പകല്‍ അധ്വാനം കഴിഞ്ഞെത്തിയ ചിലരെല്ലാം ഉപ്പച്ചനെ കണ്ട് എണീറ്റുനിന്ന് ചായ കുടി തുടരുക, തലയില്‍ക്കെട്ട് അഴിക്കുക ഒക്കെ. ഉപ്പച്ചന്‍ ഒരു ബെഞ്ചില്‍ ഇരുന്നു, കണിച്ചായിയുടെ ഇളയ സഹോദരന്‍ കുഞ്ഞുമോനാണു പലഹാരം എടുത്തു കൊടുക്കുന്നത്. അയാള്‍ അടുത്തു വന്നു. ഉപ്പച്ചന്‍ വെടിപൊട്ടൂന്നതു പോലെ ഒരു പറച്ചീല്‍:

"വണ്‍ ചായ, ടൂ ഗ്ലാസസ്, വണ്‍ പ്ലേറ്റ്, ത്രീ ബോണ്ടാസ്...മിസ്റ്റര്‍ കുഞ്ഞുമോന്‍"

ചായ അടിച്ചുകൊണ്ടിരുന്ന കണിച്ചായിയും, കുഞ്ഞുമോനും, ഉപ്പച്ചന്‍റെ കൂട്ടുകാരും, കടയില്‍ ചായകുടിച്ചു കൊണ്ടു നിന്നവരുമെല്ലാം സ്തബ്ധരായിപ്പോയി.

"ഇതെപ്പപ്പടിച്ച്..?" ആദ്യം സ്വബോധം വീണ്ടു കിട്ടിയ ഉപ്പച്ചന്‍റെ ഉറ്റസുഹൃത്ത് കാന്തി ചോദിച്ചു.

11 comments:

ഞാന്‍ ആചാര്യന്‍ said...

"ഇതെപ്പപ്പടിച്ച്..?"

അനില്‍@ബ്ലോഗ് // anil said...

(((((( ഠേ ))))))

ഒരു കോക്കനട്ട് ത്രോ ചെയ്തതാ.:)

തുടരനാണോ ആചാര്യ, വെട്ടിമുറിച്ചപോലെ നിന്നല്ലോ?

വികടശിരോമണി said...

അതാണ്,ഈ നിർത്തൽ മനസ്സിലായില്ല.ബാക്കിയൊക്കെ കൊള്ളാം.

നരിക്കുന്നൻ said...

വായിച്ച് തുടങ്ങിയപ്പോഴേ ഉപ്പച്ചെനന്ന വലിയ മനുഷ്യൻ മനസ്സിൽ കടന്ന് കൂടി. അയാളുടെ ഓരോ പ്രവർത്തിയും കണ്മുന്നിൽ കാണുന്ന പോലെ വിവരിച്ച് തന്നു. ഒരു വിത്യസ്തനായ മനുഷ്യന്റെ വിത്യസ്തമായ ജീവിതം വിത്യസ്തമായി അവതരിപ്പിച്ചു.

ഇതിനിയും തുടരാനാ ഭാവം എന്ന് ഒടുക്കത്തെ നിർത്തൽ കണ്ടപ്പോ തോന്നി. പോരട്ടേ...
ഇതെപ്പപ്പടിച്ച്?

ഞാന്‍ ആചാര്യന്‍ said...

അനില്‍, വികടന്‍, നരിക്കുന്നന്‍ - വന്നതിനും വായിച്ചതിനും നന്ദി; പക്ഷേ പോസ്റ്റ് തീര്‍ന്നു; തുടരനില്ല

പരേതന്‍ said...

ഹൂം..........ഭയാനകം

കുറുക്കൻ said...

ഈ ഉപ്പച്ചനെ ക്ഷ പിടിച്ചു. ചിലർ ഇല്ലാത്ത ജാഡകാട്ടി ജീവിക്കുന്നു. ചിലർക്ക് ഇതൊക്കെ പുല്ലുവില.

ഞാന്‍ ആചാര്യന്‍ said...

നന്ദി കാപ്പിലാന്‍, പരേതന്‍, കുറുക്കന്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കഥ വായിച്ച് സ്വബോധം നഷ്ട്പ്പെട്ടപ്പോള്‍ ഞാന്‍ വീണ്ടും സ്വബോധം കിട്ടാനായി ഉറ്റസുഹൃത്ത് ചായ കിട്ടുമോ എന്നു ചോദിച്ചു.

ഞാന്‍ ആചാര്യന്‍ said...

ഹഹഹ... സഗീറെ ചിരിക്കാതെന്തു പറയാന്‍

മാണിക്യം said...

ഉപ്പച്ചന്‍ ജാഡകള്‍ കാട്ടാത്ത
ചില വലിയ മനുഷ്യരുടെ ഒര്‍മ്മകള്‍
മുന്നിലേക്ക് വലിച്ചിട്ടു ....
ആചാര്യന്‍ നിറകൂട്ടോടെ വരച്ചിട്ടചിത്രം
"വണ്‍ ചായ, ടൂ ഗ്ലാസസ്, വണ്‍ പ്ലേറ്റ്, ത്രീ ബോണ്ടാസ്...മിസ്റ്റര്‍ കുഞ്ഞുമോന്‍"

ആചാര്യാ നല്ല എഴുത്ത്. ഇങ്ങനെ എഴുതാന് ‍“ഇതെപ്പപ്പടിച്ച്..?"