Saturday, November 15, 2008

അഷ്ഠഗ്രഹങ്ങളുടെ ആകാശം


ഞാന്‍ സാന്‍റിയാഗോ അഫൊന്‍സൊ റൊമീന.
വയസ് മുപ്പത്തി നാല്.

സ്വദേശം തെക്കന്‍ അമേരിക്കയിലെ ചിലിയാണ്.
ചിലിയിലെ ഒരു ചെറിയ ഉള്‍നാടന്‍ പട്ടണത്തിനടുത്ത് സാമാന്യം വലിയ മൂന്ന് ആപ്പിള്‍ തോട്ടങ്ങള്‍ എനിക്കു സ്വന്തമായുണ്ട്.

ഇപ്പോള്‍ ഞാന്‍ ചിലിയില്‍ അല്ല; പക്ഷേ അര മണിക്കൂര്‍ കഴിയുമ്പോള്‍ ചിലിയില്‍ ആയിരിക്കും. അതെ, ചിലിയിലേക്കു പറന്നു കൊണ്ടിരിക്കുന്ന ഒരു പ്ലെയിനിലാണു കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ഞാന്‍ ഇരിക്കുന്നത്. നല്ല സുഖകരമായ കാബിന്‍ സീറ്റുണ്ടെങ്കിലും ഞാനൊരു നിമിഷം പോലും ഉറങ്ങിയില്ല; മദ്യപിച്ചതും ഇല്ല.

ഇതാ, ഇത് ഞാന്‍ യൂറോപ്പിലെ ഒരു നഗരത്തില്‍ നിന്നും വാങ്ങിയ അത്യന്താധുനികമായ ഫോണ്‍ ആണ്. ഒരു നിമിഷം. ഒരു ചിത്രം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തന്നോട്ടെ. അതെ. ഇതാ, ചിത്രത്തില്‍ കാണുന്നില്ലേ ഇവളെ. പെയ്യുവാന്‍ വെമ്പുന്ന മഴക്കാറുകള്‍ കണ്ണിലൊളിപ്പിച്ചു നിര്‍ത്തീരിക്കുന്ന ഇവളെ. ഇവളുടെ ഫോട്ടോ ഡിലീറ്റു ചെയ്യുവാന്‍ പോവുകയാണു ഞാനിപ്പോള്‍. കുറച്ചു മുന്‍പ് ഉറക്കമായിരിക്കുന്ന എന്‍റെ സഹയാത്രികരെ അന്വേഷിച്ചു വന്ന എയര്‍ ഹോസ്റ്റസിനോട് ഞാന്‍ ചോദിച്ചു, ഇയൊരു ഫോട്ടോ ഞാന്‍ ഡിലീറ്റു ചെയ്യുന്നതിനു ഒരു നിമിഷം സാക്ഷിയാകാമോ എന്ന്. അവള്‍ എന്തോ ഒരു അവിശ്വാസമുള്ള മുഖ ഭാവത്തോടെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ നീ സൈഡ് വിന്‍ഡോ ഒന്നു തുറന്നു തരൂ, താഴെ സമുദ്രത്തിലേക്ക് ഫോണ്‍ തന്നെ എറിഞ്ഞു കളഞ്ഞേക്കാമെന്ന്. അപ്പോള്‍ അവള്‍ സ്പാനിഷില്‍ ചില പുണ്യവാന്മാരെയൊക്കെ വിളിച്ചിട്ട് എന്നോടു പറയുകയാണ് ഞാന്‍ വളരെയധികം കുടിച്ചിരിക്കുന്നുവെന്ന്. എനിക്കു സുഖമായിരിക്കാന്‍ രണ്ടു മൂന്നു തലയിണകള്‍ കൂടി കൊണ്ടു വന്നു തന്നിട്ട് അവള്‍ പോയി. പക്ഷേ സത്യമായും ഞാന്‍ ഇന്നൊരു തുള്ളി പോലും കുടിച്ചിട്ടേയില്ല.

ആരുടെയെങ്കിലും സാക്ഷ്യമില്ലാതെ ഇയൊരു ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ എനിക്കിഷ്ടമില്ല. കുറച്ചു കഴിഞ്ഞ് ആരെങ്കിലും ഇല്ല നീ ആ ഫോട്ടോ ഡിലീറ്റു ചെയ്തിട്ടൊന്നുമില്ല എന്ന് എന്നോട് തര്‍ക്കിക്കുകയാണ് എന്നിരിക്കട്ടേ. അപ്പോള്‍ നിങ്ങള്‍ പറയണം, അതു ശരിയല്ല സാന്‍റിയാഗോ ആ പടം ഡിലീറ്റ് ചെയ്തത് നിങ്ങള്‍ കണ്ടതാണ് എന്ന്. എനിക്കു നിങ്ങളെ വിശ്വാസമാണ്.

ഇതാ, സ്പാനിഷിലും ഇംഗ്ലീഷിലും ഓപ്ഷന്‍സ് വന്നു കഴിഞ്ഞു. ഡിലീറ്റ് ചെയ്യണമോ, വേറെ സേവ് ചെയ്യണമോ, മെയിലായി അയക്കണമോ, പിന്നെ വേറെയും എന്തെല്ലാമോ ചോദിക്കുന്നു. എനിക്കിത് ഡിലീറ്റ് ചെയ്താല്‍ മാത്രം മതി. അല്ലെങ്കില്‍ എങ്ങനെയെങ്കിലും അങ്ങു താഴെ സമുദ്രത്തിലേക്കീ ഫോണ്‍ എറിഞ്ഞു കളഞ്ഞാലും മതി. ശരി. ഞാന്‍ ഇതാ 'ഡിലീറ്റ്' ഓപ്ഷന്‍ എടുത്തു. കണ്ടല്ലോ ? ഇതാ, ആ പടം അലിഞ്ഞില്ലാതെയായത് കണ്ടല്ലോ. സാന്‍റിയാഗോ റൊമീന കള്ളം പറഞ്ഞുവെന്ന് നാളെ ആരും പറയരുത്. ഞാന്‍ ഇന്നു വരെ കള്ളം പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ ആണ് എന്‍റെ സാക്ഷ്യപത്രങ്ങള്‍.

ഹാ, ചിലിയിലെ ആദ്യത്തെ കാറ്റ് ഞാന്‍ ശ്വസിക്കുമ്പോള്‍ അവളൂടെ ഓര്‍മ തിരിച്ചു കൊണ്ടുവരാന്‍ പോലും ഇനി ഒന്നും എന്‍റെ പക്കല്‍ ഉണ്ടാവില്ല. ആ ഫോട്ടോ എടുത്ത ഫോണും എനിക്കു വേണ്ട. ഇത് ഞാന്‍ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കും. അവളുടെ രൂപം മനസില്‍ നിന്ന് മായ്ച്ചു കളയാന്‍ ചിലിയില്‍ എന്‍റെ മുഖത്ത് ആദ്യം സ്പര്‍ശിക്കുന്ന കാറ്റിനു കഴിവില്ല. എന്നാല്‍ മഞ്ഞും മഴയും കണ്ടു വളര്‍ന്നവനാണു ഞാനും. കാറ്റു മായ്ക്കാത്തതിനെ മഞ്ഞും മഞ്ഞു മായ്ക്കാത്തതിനെ മഴയും മായ്ച്ചുകൊള്ളും.

അവള്‍ ആരായിരുന്നുവെന്നോ? നിങ്ങളോട് അതു പറയാന്‍ എനിക്കു തീരെ മടീയില്ല. അതിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഒന്ന് കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്തോട്ടെ. ഇന്ന് ഞാന്‍ ഇതു വരെ കുടിച്ചിട്ടേയില്ല. ഇനി കുഴപ്പമില്ല. ഇപ്പോള്‍ അവളുടേതായി ഒന്നും എന്‍റെ പക്കല്‍ ഇല്ലല്ലോ. അല്ലെങ്കില്‍ സാരമില്ല. പ്ലെയിന്‍ ഇറങ്ങാന്‍ ഇനി അധിക സമയമില്ല. അവള്‍ ആരായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയാം.

അതെ അവള്‍, അവളാണു യൂറോപ്പിലെ ഒരു നഗരത്തില്‍ വെച്ച് എന്നെ കാറിടിച്ചു കൊല്ലാന്‍ നോക്കിയവള്‍. നഗരത്തിന്‍റെ പേര്‍ ഞാന്‍ പറയുകയില്ല. നിങ്ങള്‍ തെറ്റിദ്ധരിക്കും. എല്ലാ നഗരങ്ങളും എല്ലാവരോടും ഒരേ രീതിയിലല്ലല്ലോ പെരുമാറുന്നത്. അവളുടെ പേരു ല്യുഡ്മിളാ എന്നാണ്. അവള്‍ എന്നെ കാറിടിച്ചു കൊന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞു കിടക്കുമായിരുന്നു. അവള്‍ എന്നെ കാറിടിപ്പിച്ച് കൊല്ലുവാന്‍ ശ്രമിച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ ഇതാ തൊട്ടടുത്ത സീറ്റില്‍ അവള്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. അതെ, ആ സീറ്റ് ഇപ്പോഴും അവളുടെ പേരില്‍ തന്നെയാണ്.

ല്യുഡ്മിളാ എന്തിനാണെന്നെ കൊല്ലുവാന്‍ നോക്കിയതെന്ന് ഞാന്‍ ഊഹിക്കുന്ന സംഗതി ഒടുവില്‍ പറയാം. പ്ലെയിന്‍ താഴുന്നതിനു മുന്‍പ് തീര്‍ച്ചയായും പറയാം.

ല്യൂഡ്മിളായെ ഞാന്‍ ആദ്യം കാണുന്നത് ഒരു സിനിമാ ഫെസ്റ്റ്വലില്‍ വച്ചാണ്. ഞാന്‍ എങ്ങനെ അവിടെ എത്തിയെന്നു നിങ്ങള്‍ ചോദിക്കരുത്. സത്യമായും ഞാന്‍ ആ ഫെസ്റ്റിവലിനു വേണ്ടിയല്ല യൂറോപ്പിലേക്ക് നാലു മാസം മുന്‍പ് പോയത്. അതു പ്രസക്തമല്ലാത്തതിനാല്‍ ല്യുഡ്മിളയിലേക്കു മടങ്ങട്ടെ. ഏതോ ഏഷ്യന്‍ രാജ്യത്തു നിന്നുള്ള സിനിമയാണ് അന്നു ആ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്‍റെ ഇംഗ്ലീഷ് അത്ര മഹത്തരമല്ലെങ്കിലും ചിത്രത്തിന്‍റെ പ്രമേയം ഏതാണ്ടെനിക്കു മനസിലായി. ചിത്രം അവസാനിച്ചപ്പോള്‍ അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രദര്‍ശന ശാലയുടെ ഒരു വശത്തുള്ള ബോക്സിലേക്കു വരികയും കാണികളെ തലകുനിച്ചഭിവാദ്യം ചെയ്യുകയുമുണ്ടായി. കുറേ ഏറെ നേരം നീണ്ട കരഘോഷത്തില്‍ പങ്കേടുക്കവെയാണു പിന്‍ നിരയില്‍ കല്പ്രതിമ പോലെ ഇരിക്കുന്ന ല്യുഡ്മിളയെ ഞാന്‍ ആദ്യമായി കണ്ടത്.

അവളൂടെ കണ്‍പീലികള്‍ പോലും ചലിക്കുന്നുണ്ടായിരുന്നില്ല. അവളെ അധിക നേരം ശ്രദ്ധിക്കാനൊന്നും നേരമുണ്ടായില്ല. പക്ഷേ എങ്ങനെയോ ആളുകള്‍ തിക്കിത്തിരക്കി പുറത്തിറങ്ങുന്നതിനിടയില്‍ ഞങ്ങള്‍ ഒരുമിച്ചായി.

'നിങ്ങള്‍ക്കു പടം ഇഷ്ടപ്പെട്ടില്ലേ, കയ്യടിച്ചില്ലല്ലോ?' വെറുതെ ഒരു കൗതുകത്തിന്നു ഞാന്‍ അവളോട് ചോദിച്ചു. വെറുതെ നമ്മള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാറില്ലേ. അതുപോലെ തീരെ നിര്‍ദ്ദോഷമായ ഒന്ന്. അവള്‍ സംസാരിക്കുന്നതിനു പകരം കണ്‍ പോളകള്‍ക്കിടയില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു മഴക്കാറിനെ താഴേക്കിട്ടു. ആപ്പിള്‍ തോട്ടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന ആപ്പിളുകളിലേക്കു മഴത്തുള്ളികള്‍ വീഴുന്നത് നിങ്ങള്‍ ഒരു പക്ഷേ കണ്ടിട്ടുണ്ടാവില്ല. ല്യുഡ്മിളായുടെ കവിളുകള്‍ ചിലിയില്‍ ഞങ്ങള്‍ക്കു ഏറെ പരിചയമുള്ള ആപ്പിള്‍ പോലെ തന്നെ എന്നു ഞാന്‍ വിചാരിച്ചതില്‍ തെറ്റുണ്ടോ?

പ്ലെയിന്‍ ഇറങ്ങാന്‍ ഇനി അധിക നേരമില്ല. പറയാനാണെങ്കില്‍ ദിവസങ്ങളോളം പറയാനുണ്‍റ്റ്. ഞാന്‍ ചുരുക്കിപ്പറയാം. ഒന്നര മാസത്തെ ടൂറിനു വന്ന ഞാന്‍ മടക്ക ടിക്കറ്റ് നീട്ടിയെടുത്തു. ഒപ്പം ല്യൂഡ്മിളക്കു എന്നോടൊപ്പം ചിലിയിലേക്കു വരാന്‍ ഒരു ടിക്കറ്റു വാങ്ങുകയും ചെയ്തു. ചിലിയില്‍ നിന്ന് എന്‍റെ തോട്ടത്തിലെ ആപ്പിളുകള്‍ കയറ്റിയയ്ക്കുന്ന കമ്പനിയിലെ ആളുകള്‍ പല തവണ എന്നെ ബന്ധപ്പെട്ടെങ്കിലും പിന്നീട് എനിക്ക് ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചില സുപ്രധാന മീറ്റിംഗുകള്‍ അവതാളത്തിലായതില്‍ അവര്‍ക്ക് അല്പം അമര്‍ഷം ഉണ്ടെങ്കിലും എന്നോടൊപ്പം ഒരു അതിഥി കൂടി ചിലിയിലേക്കു വരുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. ആപ്പിളുകള്‍ ഞങ്ങളെ ഒരിക്കലും ചതിക്കാറില്ലെന്ന് ഞങ്ങള്‍ക്കറിയാം.

അതെ, ഞാന്‍ അതിലേക്കു തന്നെ വരികയാണ്. ഇന്നലെ രാവിലെ ഞങ്ങള്‍ ഒരുമിച്ച് എയര്‍ പോര്‍ട്ടിലേക്കു തിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോഴാണ് ല്യുഡ്മിള പറയുന്നത് അവള്‍ എന്നോടൊപ്പം വരുന്നില്ല എന്ന്. ഞാന്‍ അവള്‍ക്കു വാങ്ങിക്കൊടുത്തിരുന്ന ചില ആഭരണങ്ങള്‍ എന്‍റെ ഹാന്‍ഡ് ബാഗിനു മുകളില്‍ വെച്ചുകൊണ്ട് അവള്‍ പറയുകയാണ്, 'സാന്‍റിയാഗോ, നിങ്ങളോടൊപ്പം വന്ന് ചിലിയിലെ ജീവനുള്ള ആപ്പിളുകള്‍ കാണാന്‍ അര്‍ഹതപ്പെട്ടവളല്ല ഞാനെ'ന്ന്. അവള്‍ എന്താണെന്നു പറയുന്നതെന്ന് എനിക്കു മനസിലാകാന്‍ മൂന്നു നാലു മിനിറ്റെടുത്തു. എന്നോടൊപ്പം വരണമെന്ന് തന്നെയാണവളാഗ്രഹിച്ചിരുന്നത്. പക്ഷേ ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു മറ്റൊരു രാജ്യത്തേക്കു മടങ്ങണം. അവള്‍ അവിടെ ചെയ്തു കൊണ്ടിരുന്ന ഉന്നത വിദ്യാഭ്യാസം പൂര്ത്തിയാക്കണം. പിന്നെ നാട്ടിലേക്കു മടങ്ങി സുഖമില്ലാതെ കിടക്കുന്ന അമ്മയോടൊപ്പം അവരുടെ അവസാനം വരെ ജീവിക്കണം. ഫീസിന് ആവശ്യമുള്ള പണം നേടാനായിരുന്നു അവള്‍ യൂറോപ്പില്‍ സമയം ചെലവിട്ടതും അതിനിടയില്‍ യാദൃഛികമെന്നോണം എന്നെ കണ്ടു മുട്ടിയതും. ഒരു ശ്വാസത്തില്‍ ഇതെല്ലാം പറഞ്ഞ് അവള്‍ പൊടുന്നനെ പുറത്തേക്കു പോയി.

ചിലിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഇത്തരം കുഴപ്പങ്ങളില്‍ പെടരുതെന്നും എക്സ്പോറ്ട്ട് സംബന്ധമായ കരാറുറപ്പിച്ചു വേഗം മടങ്ങണമെന്നും ഞാന്‍ എടുത്തിരുന്ന തീരുമാനങ്ങളെല്ലാം ഒരുമിച്ച് എന്നെ പഴി പറഞ്ഞു.ഞാന്‍ ആകെ തകര്‍ന്നു പോയി. അണുവിട സമയം തെറ്റിക്കാത്ത മഴയേയും മഞ്ഞിനേയും വാക്കുമാറാത്ത ആപ്പിളുകളേയും മാത്രം അടുത്തറിയാവുന്ന ഒരു പാവം ആപ്പിള്‍ ബിസിനസുകാരനു പാടില്ലാത്ത വിധം പല സ്വപ്നങ്ങളും ഞാന്‍ കണ്ടു പോയിരുന്നു. കുറച്ചു നേരത്തേക്ക് ബോധഹീനനെ പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടി. രണ്ടു തവണ ഫോണ്‍ ചെയ്തെങ്കിലും അവള്‍ അറ്റന്‍ഡ് ചെയ്തതേയില്ല.

ഇതാ, ക്യാപ്റ്റന്‍റെ അനൗണ്‍സ്മന്‍റ്...അതെ, 'അതൊരു വലിയ സംഭവമായി എടുക്കാതെ' എന്നു സ്വയം പറഞ്ഞുകൊണ്ട് വളരെ പണിപ്പെട്ട് അങ്ങനെ വിശ്വസിച്ചു കൊണ്ട്, അതു വരെ ഓര്‍ക്കാന്‍ മറന്നു പോയിരുന്ന ചിലിയിലുള്ള ഒന്നു രണ്ട് സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാം എന്ന് ചിന്തിച്ചു കൊണ്ട് ഹോട്ടലിനടുത്തുള്ള ഷോപ്പിംഗ് മാളിലേക്കു ഞാന്‍ കയറുമ്പോഴാണ്- അവിടെയുള്ള ഓപ്പണ്‍ എയര്‍ റെസ്റ്റോറണ്ടില്‍ ല്യുഡ്മിളയും മറ്റൊരാളും! ആദ്യം മറ്റൊരു സിനിമയാണെന്നാണെനിക്കു തോന്നിയത്. എന്നെക്കണ്ട പാടെ അവള്‍ ഞട്ടിയെണീറ്റ് അയാളെയും വിളിച്ചു കൊണ്ട് എതിരെയുള്ള വാതിലിലൂടെ അതിവേഗം പുറത്തേക്കു പോയി.

ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു മുട്ടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരിക്കെ പെട്ടെന്നുള്ള ആ പുനസമാഗമം എന്‍റെ സമനില വീണ്ടും തെറ്റിച്ചു. എങ്ങനെയെങ്കിലും അവളെ എന്നോടൊപ്പം കൊണ്ടുപോകണമെന്ന് ഓര്‍ത്തു കൊണ്ട് ഞാന്‍ അവരുടെ പിന്നാലെ ഓടി. ഷോപ്പിംഗ് മാളിന്‍റെ ഭൂഗര്‍ഭ നിലയിലുള്ള പാര്‍ക്കിംഗില്‍ നിന്ന് അതിവേഗത്തില്‍ കയറി വന്ന കാറ് ഓടിക്കുന്നത് ല്യുഡ്മിളയാണെന്ന് കണ്ട ഞാന്‍ റോഡിലേക്കു ചാടിയിറങ്ങി തടയാന്‍ ശ്രമിച്ചു. അവള്‍ വേഗം കുറച്ചില്ല. തല നാരിഴയുടെ വ്യത്യാസമില്ലെങ്കില്‍ ഞാന്‍ ചതഞ്ഞരഞ്ഞേനെ. അവളോടൊപ്പം മുന്‍സീറ്റില്‍ ഇരുന്നിരുന്നയാള്‍ ഒന്നു തല തിരിച്ചു നോക്കി. എനിക്കു വിശ്വസിക്കാനായില്ല ആ കാറോടിച്ചത് അവളാണെന്ന്. കാറോടിച്ചിരുന്നത് അയാളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോയി. ഇതിനു ശേഷം ഞാന്‍ അനുഭവിച്ച മനോവേദന പറഞ്ഞറിയിക്കാനാണെങ്കില്‍ വളരെ സമയമെടുക്കും. നമുക്ക് സമയമില്ലല്ലോ ഇപ്പോള്‍.

ഇതാ പ്ലെയിന്‍ ചിലിയുടെ ആകാശത്തേക്ക് ഇറങ്ങുകയാണ്... അവള്‍ക്കായി വാങ്ങിയിരുന്നവയെല്ലാം ആ ഹോട്ടല്‍ റൂമില്‍ ഉപേക്ഷിച്ചാണു ഞാനിറങ്ങീയത്. യാന്ത്രികമായിരുന്നു എന്‍റെയീ മടക്കയാത്ര; ഫോണില്‍ നിന്ന് ആ ഫോട്ടോ കൂടി ഉപേക്ഷിച്ച ആ നിമിഷം വരെ. അതു നിങ്ങള്‍ കണ്ടതാണല്ലോ. ഞാന്‍ നേരെ പോകുന്നത് മഞ്ഞു വീണു കൊണ്ടിരിക്കുന്ന എന്‍റെ ആപ്പിള്‍ തോട്ടങ്ങളിലേക്കാണ്. ഞാന്‍ ഒപ്പിടേണ്ടിയിരുന്ന കരാറനുസരിച്ച് കഴിഞ്ഞയാഴ്ച കയറ്റിയയക്കേണ്ടിയിരുന്ന കുറെയേറെ ആപ്പിളുകള്‍ ചീത്തയായിരിക്കണം. അതുപോട്ടെ; ഇനി ആരെങ്കിലും വരാതിരുന്ന ആ അതിഥിയെപ്പറ്റി ചോദിച്ചാല്‍ നിങ്ങള്‍ പറയണം, സാന്‍റിയാഗോ അഫൊന്‍സൊ റൊമീനയുടെ ആകാശത്ത് ഇപ്പോള്‍ എട്ടു ഗ്രഹങ്ങളേയുള്ളൂ; ഒന്നു കൂടിയുണ്ടായിരുന്നത് പസഫിക് സമുദ്രത്തിലേക്കു വീണു പോയെന്ന്.

9 comments:

ഞാന്‍ ആചാര്യന്‍ said...

ഞാന്‍ ഒപ്പിടേണ്ടിയിരുന്ന കരാറനുസരിച്ച് കഴിഞ്ഞയാഴ്ച കയറ്റിയയക്കേണ്ടിയിരുന്ന കുറെയേറെ ആപ്പിളുകള്‍ ചീത്തയായിരിക്കണം

അനില്‍@ബ്ലോഗ് // anil said...

ആചാര്യ,
ഇവിടെ തേങ്ങയില്ല, ഒരു ചെറു തേങ്ങല്‍ മാത്രം.
നന്നായിരിക്കുന്നു, വ്യത്യസ്ഥമായ അവതരണം.സാന്റിയാഗോയെ പസഫിക്ക് സമുദ്രത്തിലയക്കണോ?

നരിക്കുന്നൻ said...

നല്ലൊരു വായനാ സുഖം.
സാന്റിയാഗോ മനസ്സിൽ നിന്നും മായുന്നില്ല. വളരെ വിത്യസ്തമായ ഈ രചനാ ശൈലി ഒരുപാടിഷ്ടപ്പെട്ടു.

Jayasree Lakshmy Kumar said...

‘ഞാന്‍ അവള്‍ക്കു വാങ്ങിക്കൊടുത്തിരുന്ന ചില ആഭരണങ്ങള്‍ എന്‍റെ ഹാന്‍ഡ് ബാഗിനു മുകളില്‍ വെച്ചുകൊണ്ട് അവള്‍ പറയുകയാണ്, 'സാന്‍റിയാഗോ, നിങ്ങളോടൊപ്പം വന്ന് ചിലിയിലെ ജീവനുള്ള ആപ്പിളുകള്‍ കാണാന്‍ അര്‍ഹതപ്പെട്ടവളല്ല ഞാനെ'ന്ന്.‘

അപ്പോൾ അവൾ രക്ഷപ്പെട്ടു. പക്ഷെ ആ ഫോൺ സമുദ്രത്തിലെറിയാമായിരുന്നു..അല്ലെങ്കിൽ പിന്നെയും എന്തൊക്കെയോ ബാക്കി..

കൊള്ളാം വളരേ ഇഷ്ടപ്പെട്ടു

ഞാന്‍ ആചാര്യന്‍ said...

അനില്‍, നരിക്കുന്നന്‍, ലക്ഷ്മി...മറ്റു വായനക്കാര്‍, നന്ദി

ഹൈവേമാന്‍ said...

കൊള്ളാം നല്ല theme !!

കാപ്പിലാന്‍ said...

Its really a good story..a different style ..and a theam....good ..good..good ..keep on write this kind of stories ..
Thanks a lot

ഞാന്‍ ആചാര്യന്‍ said...

കാപ്പിലാന്‍, ഹൈവേമാന്‍ നന്ദി നന്ദി

മാണിക്യം said...

അവള്‍ സംസാരിക്കുന്നതിനു പകരം കണ്‍ പോളകള്‍ക്കിടയില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു മഴക്കാറിനെ താഴേക്കിട്ടു.

ല്യുഡ്മിളായുടെ കവിളുകള്‍ ചിലിയില്‍ ഞങ്ങള്‍ക്കു ഏറെ പരിചയമുള്ള ആപ്പിള്‍ പോലെ തന്നെ എന്നു ഞാന്‍ വിചാരിച്ചതില്‍ തെറ്റുണ്ടോ?

വയിച്ചതില്‍ വിത്യസ്തമായ ഒന്ന്...വക്കുകള്‍ മഴതുള്ളിപ്പൊലെ വന്ന് പതിയുന്നു ...

വെറുതെ നമ്മള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാറില്ലേ. അതുപോലെ തീരെ നിര്‍ദ്ദോഷമായ ചില ചോദ്യങ്ങള്‍ അവയ്ക്ക് ചിലപ്പോള്‍ ഉത്തരങ്ങള്‍ ചിലപ്പോള്‍ മറു ചോദ്യങ്ങള്‍ ചിലപ്പോള്‍ മറുപടി ഒരു മൌനം ...

ആപ്പിള്‍ തോട്ടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന ആപ്പിളുകളിലേക്കു മഴത്തുള്ളികള്‍ വീഴുന്നത് നിങ്ങള്‍ ഒരു പക്ഷേ കണ്ടിട്ടുണ്ടാവില്ല

അതേ ആ സൌന്ദര്യം കണ്ടു തന്നെയാവണം ..അതുപോലെ "അഷ്ഠഗ്രഹങ്ങളുടെ ആകാശം" വായിച്ചു തന്നെ അനുഭവിക്കണം ..
അഭിനന്ദനങ്ങള്‍ ആചാര്യന്‍ ........