Monday, October 27, 2008

സങ്കടത്തിന്‍റെ ധൂളികള്‍

2004-ലെ എന്‍റെ ജന്മ ദിനത്തിന്‍റെ തലേന്ന് രാത്രി ഒമ്പതര. ടൗണ്‍ വരെ പോയി വൈകി തിരിച്ചു വന്ന് ടി.വിയില്‍ എന്തോ ഒന്നു കണ്ടു കൊണ്ട് അമ്മ തന്ന ചായ കുടിക്കുമ്പോഴാണ് അഛന്‍റെ വിളീ:

'എടാ... എനിക്ക് എന്തോ ഒരു വയ്യായ പോലെ..'

മനസില്‍ വളഞ്ഞു മിന്നിയ കൊള്ളിയാന്‍ പൊത്തിപ്പിടിച്ച് അഛന്‍ കിടക്കുന്ന കട്ടിലിനരികിലേക്ക് വേഗം ചെന്നു. വന്നപ്പോള്‍ എന്തെങ്കിലും പ്രയാസമുണ്ടോ എന്നു ചോദിച്ചതിനു ഇല്ല എന്ന അര്‍ഥത്തില്‍ മൂളീയതാണല്ലോ. പിന്നെ...

'എന്തു പറ്റി?'

'എന്തോ എനിക്കു ദേഹത്തിനു തീരെ ബലമില്ല. ഇടതു കാലിനു എന്തോ ഒരിത്...'

'നോക്കട്ടെ'

കാലുകള്‍ പതിവു പോലെ തണുത്തു തന്നെയാണ്. ഡയബറ്റിസിന്‍റെ ഹിമപാതം. കാല്പത്തിക്ക് നീരില്ല. പക്ഷേ ദേഹം വിയര്‍ക്കുന്നുണ്ട്. കിടക്കയില്‍ ഇരുന്നു താങ്ങിയപ്പോള്‍ മെല്ല കൈകുത്തി എണീറ്റു. എന്‍റെ മേലെക്ക് ചാരിയിരുത്തി.

'ഷുഗര്‍ കുറഞ്ഞതായിരിക്കും, വിയര്‍ക്കുന്നുണ്ടല്ലോ, സാരമില്ല..അമ്മേ,എന്തെങ്കിലും കുടിക്കാന്‍ കൊണ്ടു വരൂ, മധുരം ഇട്ട്...'

'അല്ല, എന്തോ ഒരു ബലക്കുറവുണ്ട്. എനിക്കു കുടിക്കാന്‍ വേണ്ട'

'എണീറ്റു നില്‍ക്കാമോ, ഞാന്‍ പിടിച്ചോളാം..'

'ഇല്ല, കിടക്കട്ടെ..'

തല ചുറ്റുന്നത് വക വെയ്ക്കാതെ ഞാന്‍ പൂമുഖത്തേക്കു നടന്നു; പിന്നെ പെട്ടെന്ന് തിരിച്ചു ചെന്ന് ചോദിച്ചു:

'എപ്പോള്‍ മുതലാണു വയ്യാന്നു തോന്നിയത്?'

'ഉച്ച മുതലേ എന്തോ പോലെ തോന്നിയിരുന്നു, സാരമില്ലാന്നോര്‍ത്തു...'

പിടിച്ചു വെച്ച കൊള്ളിയാന്‍ ഒന്നാഞ്ഞു മിന്നി.

'ഇപ്പോള്‍ വയ്യായ കൂടുതലുണ്ടോ?'

'അതു പോലെ തന്നെ; എടാ അവിടെ.......നടക്കുന്നിടത്ത് എല്ലാവരുമുണ്ട്. നീ ഒന്നു വിളിക്ക്. നാളെ ഇനി ആശുപത്രിയില്‍ പോകണമെന്നു തോന്നിയാല്‍ നടക്കില്ല. ബന്ദാണു നാളെ, പിന്നെ ഞായറാഴ്ചയും..'

'അത്രക്കു പ്രയാസം തോന്നുന്നുണ്ടോ?'

ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഉച്ച മുതല്‍ എല്ലാം കണക്കു കൂട്ടി വെച്ചിരിക്കുന്നു. നാള ബന്ദ്. ഞായറാഴ്ച. ആശുപത്രിയില്‍ പോകണമെങ്കില്‍ ഇപ്പോള്‍ പോകണം. രണ്ടു മണിക്കൂറു കൂടി കഴിഞ്ഞാല്‍ ഒരു വാഹനവും കിട്ടില്ല. ഞാന്‍ ഫോണെടുത്തു.

എല്ലാവരും പാഞ്ഞെത്തി.

'ടാക്സി ഞാന്‍ വിളിച്ചിട്ടുണ്ട്, പെട്ടെന്ന് പോണം; കുറച്ചു കൂടി വൈകിയാല്‍ ബന്ദുകാര്‍ ചിലപ്പോള്‍ കല്ലും കട്ടയും വലിച്ച് വെച്ച് വഴി മുടക്കും' പ്രധാനി പറഞ്ഞു.

'ഒന്നും വിഷമിക്കണ്ടാ, നമുക്ക് ആശുപത്രിയിലേക്ക് പോകാം' അഛന്‍റെ ഇഷ്ടക്കാരില്‍ മുമ്പനായ ആള്‍ അടുത്തു നിന്നു, 'എണീക്കാമോ' എന്നു ചോദിച്ചപ്പോള്‍ മുഖം ആകെ വല്ലാതാകുന്നതു ഒരു നോക്കു കണ്ടു.

ടാക്സി വന്നു. പ്രധാനി ആളില്‍ കുറിയവനാണെങ്കിലും അഛനെ എടുത്ത് നടന്ന് ടാക്സിയില്‍ ഇരുത്തി. 'ഏത് ആശുപത്രിയിലേക്കാ?' പെട്ടെന്ന് മനസു ഇടുങ്ങിപ്പോയിരുന്നു. ഉയരം കൂടിയ ജയില്‍ ഭിത്തികള്‍ക്കിടയിലെ വിടവില്‍ നില്‍ക്കുന്നതു പോലെ. 'സ്ഥിരമായി കാണാറുള്ള ഡോക്ടറുടെ അടുത്തേക്കു തന്നെ പോകാം, ആശുപത്രിയും അടുത്താണല്ലോ' ആരോ പറഞ്ഞു. കാറില്‍ ആരെല്ലാമോ കൂടെക്കയറി. ചിലര്‍ ബൈക്കില്‍ പിന്നാലെ.

അര മണിക്കൂറ് ഒന്നോ രണ്ടോ തവണ ശ്വാസം വിടുന്നതു പോലെ പോയി. പിന്‍ സീറ്റില്‍ അഛനെ താങ്ങി പ്രധാനിയും ഇഷ്ടനും മറ്റാരോ ഒരാളും. തിരിഞ്ഞു നോക്കുമ്പോള്‍ അഛന്‍ നോട്ടം മാറ്റിക്കളഞ്ഞു.

ആശുപത്രി. അഛനെ എടുത്ത് ഒബസറ്വേഷന്‍ ഡെസ്കില്‍ കിടത്തി. സ്ഥിരം നോക്കുന്ന ഡോക്ടര്‍ പോയിക്കഴിഞ്ഞു. ഇനി നാളെയേ വരൂ. ഡ്യൂട്ടി ഡോക്ടര്‍ എന്ന സ്ത്രീ പെട്ടെന്നു വന്നു. അവരെക്കാള്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നത് തലമൂത്ത നഴ്സ്. ഹിസ്റ്ററി പറഞ്ഞുകൊടുത്തു. ഫയല്‍ കൊണ്ടു വന്നു. പ്രഷര്‍ നോട്ടം ഒക്കെ മുറപോലെ. എനര്‍ജറ്റിക് ആകാനായി-നഴ്സ് പറഞ്ഞത്-എന്തോ കുത്തിവെച്ചു. ഒരു കട്ടിലിലേക്ക് എല്ലാവരും കൂടി എടുത്ത് കിടത്തി. ചോദിച്ചപ്പോള്‍ ഇപ്പോള്‍ സാരമില്ല എന്നു അഛന്‍റെ മറുപടി. മനസിന്‍റെ ചരടു പൊട്ടിക്കഴിഞ്ഞിരുന്നു അപ്പോള്‍. കണ്ണുനീരില്ല. പക്ഷേ...

കുറച്ചു കഴിഞ്ഞപ്പോള്‍ ഒബ്സര്വേഷനില്‍ അഛനും ഞാനും മാത്രമായി. നാളെ ബന്ദായതിനാല്‍ എല്ലാവര്‍ക്കും പരിഭ്രമമുണ്ട്. ചിലരൊക്കെ ഇടക്കു വന്നു യാത്ര പറഞ്ഞു പോയി. വാഹനമുള്ളവരുടെ കൂടെ ഇപ്പോള്‍ത്തന്നെ പോയില്ലെങ്കില്‍ അവരൊന്നും വീടെത്തില്ല. ബന്ദു തുടങ്ങാറായി.

പതിനൊന്നര ആയപ്പോള്‍ വാര്‍ഡിലേക്കു മാറ്റാമെന്നായി തലമുതിര്‍ന്ന നഴ്സ്. ഇനി രാവിലെയേ ട്റീറ്റ്മെന്‍റുണ്ടാവൂ. സ്റ്റ്റെച്ചറില്‍ വാര്‍ഡിലേക്ക്. നിറയെ പ്രായമുള്ള രോഗികള്‍. എല്ലാ ബെഡിലും ആള്‍. ചുരുക്കം ചിലരോടൊത്ത് ബന്ധുക്കളും. മിക്കവരും ഉറക്കം പിടിച്ചു കഴിഞ്ഞു. വാര്‍ഡിനു നടുവിലുള്ള ഒരു ബെഡാണ് അഛന്. ആരോ പോയി ഒരു കുപ്പി വെള്ളവും മറ്റും കൊണ്ടു വന്നു. കാന്‍റീനൊക്കെ അടച്ചുപോയി; രാത്രിയില്‍ എന്തെങ്കിലും കുടിക്കണമെന്ന് തോന്നിയാലോ. പ്രധാനിയും മറ്റും പിന്നെ എന്‍റെ രണ്ട് സുഹൃത്തുക്കളും അടുത്തു വന്നു; രാത്രി നില്‍ക്കണമോ എന്നു ചോദിച്ചു. പകല്‍ മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ചവരാണെല്ലാവരും. ടാക്സിക്കാരന്‍ തിരിച്ചു പോയാല്പിന്നെ മടങ്ങാന്‍ വാഹനവുമില്ല; നാളെ ബന്ദ്. ഞായറാഴ്ച. നാളെ എങ്ങനെ എങ്കിലും വരാമെന്നു പറഞ്ഞ് എല്ലാവരും പോയി.

അഛന്‍ കണ്ണടച്ചു കിടക്കുന്നു. അല്പം വെള്ളം കുടിച്ചു. സംസാരിച്ചില്ല. അപ്പോള്‍ അഛന്‍റെ രണ്ടു കസിന്‍ സിസ്റ്റര്‍മാരും മറ്റുമായി ഒരു കൂട്ടം ആളുകള്‍ കേട്ടറിഞ്ഞ് എത്തി. വിവരങ്ങളൊക്കെ ചോദിച്ചു, സംസാരിച്ചു കൊണ്ടിരിക്കെ അഛനു പെട്ടെന്ന് ഛര്‍ദ്ദി. നഴ്സ്മാരെ വിളിച്ചു വരുത്തി. അവര്‍ അത്യാവശ്യ ശുശ്രൂഷകള്‍ ഒക്കെ ചെയ്തതോടെ ബന്ധുക്കള്‍ ബന്ദിന്‍റെ കാര്യം ഓര്‍ത്തു. 'എന്നാലിനി നമുക്കു പോകാം, നാളെ ബന്ദല്ലേ' എന്ന് പറഞ്ഞ് പെട്ടെന്നു തന്നെ മടങ്ങി.

വാര്‍ഡില്‍ അഛനും ഞാനും തനിച്ചായി. മറ്റു രോഗികളൊക്കെ ഉറക്കം. ഇടക്ക് ആരോ ഉറക്കത്തില്‍ പിറുപിറുത്തു. ഇടയ്ക്കിടെ കൊതുകുകള്‍ മൂളി വരുന്നു. ജനാലകള്‍ എല്ലാം അടച്ചിട്ടുണ്ട്. വാര്‍ഡിനുള്ളില്‍ വായുവിനു നല്ല ഘനം. അഛന്‍ ഒരിക്കലും കിടക്കുമ്പോള്‍ പുതക്കാറില്ല. ജൂണിലും ഡിസംബറിലും പോലും ഫാന്‍ ഫുല്‍സ്പീഡിലിട്ടേ ഉറങ്ങൂ. അത്രക്കു ചൂടാണു ശരീരത്തിന്. നഴ്സുമാര്‍ ഒരു ബ്ലാങ്കറ്റ് കൊണ്ടുവന്നു അഛനെ മൂടി. അഛനു ഇര്‍ഷ്യയുണ്ട്; പുറമേ കാണിക്കുന്നില്ല.

പുറത്ത് ബന്ദും വലിയ ഒരു കരിമ്പടമായി രാത്രിക്കു മേല്‍ വന്നു വീണിരിക്കണം.

'നീ ഇവിടെ കിടന്നോ..' അഛന്‍ ബെഡിന്‍റെ ഒരു സൈഡിലേക്കു മാറി സ്ഥലമുണ്ടാക്കാന്‍ നോക്കി. തടഞ്ഞു. ഇന്നിനി ഉറങ്ങാനോ? ബഡില്‍ അഛന്‍റെ കാല്‍ക്കല്‍ ഇരുന്നു. അഛന്‍റെ മുഖം നോക്കി; അഛന്‍ കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കയാണ്. ഉറങ്ങുകയൊന്നുമല്ല. ഛര്‍ദ്ദി വന്നപ്പോള്‍ത്തന്നെ മനസ് ഒരു അലെര്‍ട്ട് കോള്‍ തന്നു. ഇതെന്തോ സാധാരണ പോലെയല്ല. ഷുഗര്‍ കുറഞ്ഞതല്ല. ഡോക്ടര്‍ ഇനി രാവിലേയല്ലേ വരൂ. നേരത്തെ വരേണ്ടതായിരുന്നു. നേരം വൈകും വരെ ടൗണില്‍ ചുറ്റേണ്ടിയിരുന്നില്ല. നാളെ പിറന്നാളല്ലേ എന്നോര്‍ത്ത് പതിവില്ലാതെ, ഒരിക്കലും പിറന്നാള്‍ ആഘോഷിക്കാത്ത ഞാന്‍ അവിടെയും ഇവിടെയുമെല്ലാം കറങ്ങേണ്ടിയിരുന്നില്ല. അഛനു കുഴപ്പൊമൊന്നുമില്ലാതിരുന്നാല്‍ മതിയായിരുന്നു.

ചിന്തകള്‍ എന്നെ പേടിപ്പിച്ചു തുടങ്ങി. പിന്നിട്ട കാലവും വരാനുള്ള കാലവും പച്ചയും കത്തിയും ഒക്കെയായി വാര്‍ഡിന്‍റെ ചാരിയിട്ടിരിക്കുന്ന കതകുകള്‍ക്കിടയില്‍ തിരനോക്കി. കൂട്ടലും കിഴിക്കലും അടുത്തു വന്നു നിന്ന് ഞങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ഗാംഭീര്യം കൊണ്ടുതുടങ്ങി.

അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. ഒന്നു തിരിച്ചു വിളിക്കാന്‍ പോലും തോന്നിയില്ല. മുന്‍പ് അഛന്‍ ആശുപത്രിയിലായപ്പോഴൊന്നും രാത്രിയില്‍ എത്ര നിര്‍ബന്ധിച്ചാലും അമ്മയെ ആശുപത്രിയില്‍ ഞാന്‍ കൂട്ടിനു നിര്‍ത്തിയിട്ടില്ല. ഒരു രാത്രി ഉറക്കമൊഴിഞ്ഞാല്‍ അമ്മ അടുത്ത കട്ടിലില്‍ അഡ്മിറ്റാവും. അത്രയെ ഉള്ളൂ അമ്മയുടെ ആരോഗ്യം. അതെനിക്കല്ലേ അറിവുള്ളൂ. പകല്‍ അമ്മ വന്നോട്ടെയെന്നായിരുന്നു എന്‍റെ പോളിസി.

അഛന്‍ ഒന്നനങ്ങി.

'എന്താ, എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടോ?'

'ടോയ് ലറ്റില്‍ ഒന്നു പോകണമല്ലോ' അഛന്‍ കരിമ്പടം തട്ടിമാറ്റി വലതു കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. താങ്ങിയിരുത്തേണ്ടി വന്നു.

'അതിനെന്താ, അതല്ലേ ടോയ് ലറ്റ്. ആ കിടക്കുന്ന രണ്ട് ബെഡിനപ്പുറം ടോയ് ലറ്റാണ്.' ഞാന്‍ പറഞ്ഞു. പത്തോ പന്ത്രണ്ടോ അടി മാത്രം. അഛന്‍ സാധാരണ പോലെ എഴുന്നേല്‍ക്കാന്‍ നോക്കി. പിന്നെ ശ്വാസം പിടിച്ച് ഇരുമ്പു കട്ടിലിന്‍റെ തലയില്‍ പിടിച്ചു.

'എണിക്കാന്‍ പറ്റുന്നില്ലല്ലോ, നീ ഒന്നു പീടിച്ചാല്‍ മതി'

ഞാന്‍ അഛന്‍റെ ഇടതു തോളിനടിയില്‍ എന്‍റെ വലതു തോള്‍ പീടിച്ച് അഛനെ ഉയര്‍ത്തി നിര്‍ത്തി. അപ്പോഴാണു ഞാന്‍ ഞെട്ടലോടെ അറിഞ്ഞത്, അഛന്‍റെ ഇടതു കാല്‍ ഒരു ബലവുമില്ലാതെ അങ്ങനെ..അഛനു തന്നെത്താന്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നില്ല. അഛന്‍റെ മുണ്ട് പെട്ടെന്നുരിഞ്ഞു; അഛന്‍ വലതു കൈകൊണ്ട് മുണ്ടില്‍ പിടിച്ചു.

അഛന്‍റെ ഇടതു കൈ എന്‍റെ തോളിലാണ്. അഛന്‍ ചുറ്റും നോക്കുന്നുണ്ട്; സാരമില്ല, എല്ലാവരും ഉറക്കത്തിലാണല്ലോ.

'നിക്ക്, ഞാന്‍ ഉടുപ്പിച്ചു തരാം'

ഞാന്‍ കുനിഞ്ഞു നിന്ന് അഛനെ എന്‍റെ പുറത്തേക്കു ചായ്ച്ചു നിര്‍ത്തി. ഞാന്‍ പിടിവിട്ടാല്‍ അഛന്‍ തനിയെ നില്‍ക്കില്ല എന്ന് എനിക്കു തോന്നി. അഛനെ ചുറ്റിപ്പിടിച്ചു കൊണ്ട് തന്നെ ഒരു വിധത്തില്‍ അഛന്‍റെ മൂണ്ട് ഞാന്‍ ഉടുപ്പിച്ചു. മുണ്ടില്‍ നിന്ന് കൈ സ്വതന്ത്രമായപ്പോള്‍ അഛന്‍ കട്ടില്‍തലയില്‍ വീണ്ടും പീടിച്ചു.

'എന്നെ പിടിച്ചു കൊണ്ട് നടന്നോളൂ, ആ രണ്ട് കട്ടിലിനപ്പുറം ടോയ് ലറ്റാണ്'

അഛനെ തോളില്‍ താങ്ങിക്കൊണ്ട് ഞാന്‍ നീങ്ങീ. അഛന്‍ കട്ടില്‍ത്തലയുടെ പിടി വിട്ടു. അതേ ക്ഷണത്തില്‍ ഞാന്‍ വീണ്ടും നടുങ്ങി. അഛനു ബലമേയില്ല. അഛന്‍റെ മുഴുവന്‍ ഭാരവും എന്നിലേക്കു തന്നെ. കട്ടില്‍ തല വിട്ട അഛന്‍റെ വലതു കൈ അതിവേഗത്തില്‍ വായുവില്‍ ചുറ്റിപ്പരതി; മറ്റൊരു സപ്പോറ്ട്ടിനായി. ആ കൈ തിരിച്ചു വന്ന് എന്‍റെ നെഞ്ചിനു കുറുകെ ചുറ്റി ഇടതു തോളില്‍ പിടിച്ചു. അതോടെ അഛന്‍ ഒന്നുലഞ്ഞു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചായിരിക്കണം നടുങ്ങിയത്. അഛന്‍റെ ഇടതു കാല്‍ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല എന്ന് അഛന്‍ അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ എനിക്ക് എവിടെ നിന്നോ കുറച്ചു ധൈര്യം കിട്ടി.

'സാരമില്ല, ഞാന്‍ പിടിച്ചീട്ടുണ്ട്, ഇത്ര നീങ്ങിയാല്‍ മതിയല്ലോ..' ഞാന്‍ പതിയെ പറഞ്ഞു. അഛന്‍ മിണ്ടിയില്ല. ടോയ് ലറ്റില്‍ പോകണമെന്ന് അത്യാവശ്യമുണ്ടെന്ന് മുഖം പറയുന്നു. അങ്ങറ്റത്തുള്ള കട്ടിലിലെ രോഗി ഒന്നു ചുമച്ചു. ഞങ്ങള്‍ ഒരു ചുവടു വെച്ചു. അഛന്‍റെ മുഴുവന്‍ ഭാരവും ഇപ്പോള്‍ എന്നിലാണ്. അഛന്‍റെ ഇടതു കാല്‍ തറയില്‍ വലിയുന്നത് ഞാന്‍ കണ്ടു. ഒരു ചുവടു കൂടി ഞങ്ങള്‍ വച്ചു. രണ്ട് ബെഡുകള്‍ക്കിടയിലുള്ള സ്ഥലത്തായി. അപ്പോഴേക്കും അഛന്‍ എന്നിലേക്ക് മുഴുവനായി ചെരിഞ്ഞു. വലതു കൈകൊണ്ട് എന്‍റെ തോളില്‍ പിടിച്ചത് വിയര്‍പ്പില്‍ തെന്നി പാതി എന്‍റെ കഴുത്തിന്‍റെ ഇടതു ഭാഗത്തായി പതിഞ്ഞു. വേദന ഒന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല; എങ്ങനെയും അഛനെ നേരെ നിര്‍ത്തണം; താഴെ വീണു പോവരുത്. ഇതെല്ലാം നടക്കുന്നത് നൊടി നിമിഷങ്ങള്‍ക്കുള്ളിലാണ്.

'കഴിയില്ല, മുന്‍പോട്ട് നീങ്ങാന്‍ പറ്റില്ല, നിനക്കു വയ്യ, കട്ടിലില്‍ തന്നെ ഇരിക്കാം..' അഛന്‍ എന്നോട് പറഞ്ഞു. അഛനെ ഒരു ചുവടു കൂടി വെയ്പ്പിക്കുവാന്‍ സര്‍ വശക്തിയുമെടുത്ത് ഞാന്‍ ശ്രമിച്ചു. ഒരു ചുവടു വെച്ചാല്‍ മറുവശത്ത കട്ടിലിന്‍റെ തലയില്‍ അഛനു പിടിക്കാം. പിന്നെ സാരമില്ല. എന്നാല്‍ അഛന്‍ വീണ്ടും കുഴഞ്ഞു. തീരെ കഴിയുന്നില്ല എന്ന് അഛന്‍റെ മുഖത്തെ പേശികള്‍ എന്നോട് പറയാതെ പറഞ്ഞു. പന്ത്രണ്ടടി ദൂരം എന്നെ തോല്പിക്കുകയാണ്. അഛന്‍റെ നിസാരമായ ആവശ്യത്തിനു വേണ്ടി എനിക്ക് ആ ദൂരത്തെ കാല്‍ക്കീഴാക്കാന്‍ പറ്റുന്നില്ല.

'സാരമില്ല, നീ ഒന്നുകൂടെ പീടിച്ചോ, ഞാന്‍ കട്ടിലില്‍ ഇരിക്കാം' അഛന്‍ എന്‍റെ മനസു വായിച്ചതു പോലെ പറഞ്ഞു. മുന്‍പോട്ട് വെച്ചതിലും ഇരട്ടി ആയാസപ്പെടേണ്ടി വന്നു അഛനെ തിരിച്ചു നിര്‍ത്തിയിട്ട് കട്ടിലിലേക്കു മടക്കിക്കൊണ്ടു വരാന്‍. ഞങ്ങള്‍ അത്രയും ചെയ്യാന്‍ എത്ര സമയമെടുത്തു എന്ന് ഓര്‍ക്കാനാവുന്നില്ല. ഒടുവില്‍ കട്ടിലില്‍ ഇരുന്നപ്പോഴേക്കും അഛന്‍ ആകെ ക്ഷീണിച്ചു, ഞങ്ങള്‍ രണ്ടുപേരുംവിയര്‍പ്പില്‍ കുതിര്‍ന്നു. അഛനെ കട്ടിലില്‍ കിടത്തി, ഞാന്‍ നഴ്സുമാര്‍ ഇരിക്കുന്ന റൂമിലേക്കു പോയി. റൂം അല്പം ദൂരെയാണ്. അങ്ങോട്ട് നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ജലം നിറഞ്ഞ് കാഴ്ച മങ്ങി. പാന്‍റിന്‍റെ പോക്കറ്റില്‍ കൈലേസു പോലുമില്ല.

നഴ്സ് സ്റ്റേഷന്‍ ശൂന്യമായിരുന്നു.

മനസ് ദു:ഖം കൊണ്ട് കീറിമുറിഞ്ഞു. പെട്ടെന്ന് വളവു തിരിഞ്ഞ് ഒരു ഇര്‍ക്കിലിന്‍റെ വണ്ണം പോലുമില്ലാത്ത ഒരു നഴ്സ് കയ്യില്‍ എന്തോ ഒരുപകരണവും കഷ്ടപ്പെട്ട് താങ്ങിപ്പിടിച്ച് വന്നു. ഇവരോടെങ്ങനെയാണു അഛനെ ടോയ് ലറ്റിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്നു പറയുന്നത്.

'ടോയ് ലറ്റിലേക്ക് കൊണ്ടുപോവേണ്ട ഇപ്പോള്‍..' എന്നു പറഞ്ഞു കൊണ്ട് രോഗികള്‍ക്ക് കിടക്കയില്‍ കിടന്നു കൊണ്ട് തന്നെ ഉപയോഗിക്കാവുന്ന പാത്രം അവര്‍ എടുത്തു തന്നു. അതു വൃത്തിയാക്കി അഛന്‍റെ അടുത്തു കൊണ്ടു വന്നു.

'ഓ, ഇതെനിക്കു നടക്കുമെന്ന് തോന്നുന്നില്ല' അഛന്‍ ചുറ്റുമുള്ള ബെഡുകളില്‍ കിടന്നുറങ്ങുന്നവരെ നോക്കിക്കൊണ്ട് പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ അഛന്‍ തയാറായി; പക്ഷേ അഛന്‍റെ മടി തന്നെയായിരുന്നു ശരീരത്തിനും. എന്‍റെ മനസ് ഇടിഞ്ഞു.

'ആ, ഇനി നേരം വെളുക്കട്ടെ' അഛന്‍ ബ്ലാങ്കറ്റ് വലതു കൈ കൊണ്ട് ദേഹത്തേക്കിട്ടു. കണ്ണടച്ചു കിടന്നു.

ഞാന്‍ നിശ്ചലനായി. മനസിന്‍റെ അവശേഷിച്ച കഷ്ണങ്ങള്‍ നിലത്തു വീണു ചിതറി. കണ്ണുകള്‍ തിരമാലകള്‍ പോലെ നിറഞ്ഞ് വരുന്നത് അഛന്‍ കാണാതിരിക്കാനായി തിരിഞ്ഞ് ഇരുന്നു.

പെട്ടെന്ന് മനസു മനസു മന്ത്രിച്ചു. സുഹൃത്തുക്കളില്‍ ഒരാളുടെ താമസ സ്ഥലം വളരെ അടുത്തല്ലേ. ആശുപത്രിയില്‍ നിന്ന് അധിക ദൂരമില്ല. അയാള്‍ക്ക് ബൈക്കുമുണ്ട്. വിളിച്ചാല്‍ പെട്ടെന്ന് തന്നെ വരും. ഛെ, ഇതെന്തേ ഓര്‍ത്തില്ല ഇതുവരെ. ആശുപത്രിയുടെ മുന്‍ വശത്ത് ഒരു രൂപ നാണയം ഉപയോഗിക്കുന്ന ഫോണ്‍ ഉണ്ട്.

'ഇപ്പോള്‍ വരാം' എന്നു പറഞ്ഞത് അഛന്‍ കേട്ടൊ എന്നറീയില്ല, ഓടുകയായിരുന്നു. ആശുപത്രിയുടെ മുന്‍ഭാഗം ശൂന്യമായിരുന്നു. ജീവനുള്ള മനുഷ്യജീവി പോയിട്ട് ഒന്നുമില്ല. സെക്യൂരുറ്റിക്കാരന്‍ പോലും തല്‍സ്ഥാനത്തില്ല. പഴ്സിലെ ഫോണ്‍ ബുക്കില്‍ അവന്‍റെ വീട്ടിലെ ഫോണ്‍ നമ്പറ് പെട്ടെന്നു കിട്ടി. ഉദ്വേഗത്തോടെ വീളിച്ചു. ഇവിടെ വരെ ഒന്നു വരാന്‍ പറയാം ഇപ്പോള്‍ത്തന്നെ. ഫോണ്‍ അടിക്കുന്നുണ്ട്, ആരും എടുക്കുന്നില്ല. വീണ്ടും വീണ്ടും വിളിച്ചു. ഫോണ്‍ എടുക്കുന്നേയില്ല. സമയം രണ്ട് മണിയോടടുക്കുന്നു. ഒരു പക്ഷേ നല്ല ഉറക്കമായിരിക്കും. എങ്കിലും ആരെങ്കിലും ഫോണ്‍ എടുക്കേണ്ടതാണല്ലോ. പല തവണയായി വീണ്ടും വിളിച്ചു.

എല്ലാവരാലും കൈവിടപ്പെട്ടതു പോലെ കുനിഞ്ഞ ശിരസുമായി തിരിച്ചു നടന്നു. അഛന്‍ ഉറങ്ങിയിട്ടില്ല. ഡയബറ്റിക് കൂടിയായതിനാന്‍ ടോയ് ലറ്റില്‍ പോകാന്‍ പറ്റാതെ വരിക എന്നാല്‍ അതിഭയങ്കരമാണെന്ന് അറിയാം. കൂടാതെ ആശുപത്രിയില്‍ വന്നപ്പോള്‍ എന്തെല്ലാമോ ദ്രാവകങ്ങള്‍ കുറെ നേരം കൊടുത്തതുമാണ്. ഓര്‍ക്കുന്തോറും മനസ് കൂടുതല്‍ കൂടുതല്‍ വ്രണപ്പെട്ടു. നേരം പുലര്‍ന്നാലുടനെ അഛനെ നഴ്സുമാരുടെ വശം ഏല്പിച്ചിട്ട് പോയി സുഹൃത്തിനെ വിളിച്ചു കൊണ്ട് വരാം. വാര്‍ഡില്‍ കിടക്കുന്ന ആരോടെങ്കിലും സഹായം ചോദിച്ചാലോ. മിക്കവരും വയസായവരാണ്. ഒന്നോ രണ്ടോ പേര്‍ക്കൊപ്പം ഉള്ളവരും വയസായ സ്ത്രീകള്‍. എല്ലാവരും നല്ല ഉറക്കത്തിലും. രാവിലെ ആരെങ്കിലും വരാനുള്ള സാധ്യതയുമില്ല. ബന്ദല്ലേ. റോഡ് തടസപ്പെടുത്തിയേക്കാം. ടു വീലറുകള്‍ തടഞ്ഞ് കാറ്റഴിച്ചു വിടാറൊക്കെയുണ്ടല്ലോ. അതല്ല, ആരെങ്കിലും വരും വരെ കാത്തിരിക്കാനാവില്ല. അഛനു നല്ല അവശതയുണ്ട്. എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് ടോയ് ലെറ്റില്‍ കൊണ്ടു പോകണം. ഒന്നു രണ്ട് തവണ വാര്‍ഡിനു പുറത്തിറങ്ങി നോക്കി; അറ്റന്‍ഡര്‍മാരോ മറ്റോ..ഇല്ല, ആശുപത്രി പൊതുവേ ശാന്തം. അത്യാവശ്യക്കാര്‍ മാത്രമേ ഇന്നു രാത്രി തങ്ങുന്നുള്ളൂ. നാളെ വാഹന സൗകര്യമില്ലാത്തതിനാലാവാം. നഴ്സ് സ്റ്റേഷന്‍ ശൂന്യമാണിപ്പോഴും. അവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത തിരക്കായിരിക്കാം.

എങ്ങനെയോ അഞ്ചു മണി കഴിഞ്ഞു. അഛന്‍ ഉണര്‍ന്നു കിടപ്പാണ്. സംസാരിച്ചതേയില്ല. ടൊയ് ലറ്റില്‍ പോകാന്‍ പറ്റാത്തതില്‍ നല്ല വിഷമം ഉണ്ട്. അടക്കിപ്പിടിച്ചിരിക്കുകയാണ്.

'ഞാനൊന്ന് ഫോണ്‍ ചെയ്ത് വരാം'

അഛന്‍ തല അല്പം ചരിച്ചു; സാരമില്ല, തിരക്കില്ല എന്ന മട്ടില്‍. കണ്‍ കോണുകള്‍ നനഞ്ഞിട്ടുണ്ടോ?

ഓടിപ്പോകുമ്പോള്‍ ഒന്നു കൂടി നോക്കി, അഛന്‍ അല്പ സമയം തനിച്ചാണെന്ന് നഴ്സിനോട് പറയാം; പക്ഷേ നഴ്സ് സ്റ്റേഷന്‍ ഇപ്പോഴും ആളൊഴിഞ്ഞിട്ടു തന്നെ.

ഒരു തവണ കൂടെ സുഹൃത്തിനെ ഫോണില്‍ വിളിച്ചു നോക്കാം. വിളിച്ചു. ബെല്ലടിക്കുന്നു. ആരും എടുക്കുന്നില്ല. ഇനി നോക്കി നിന്നിട്ടു കാര്യമില്ല. പോയി വിളിക്കുക തന്നെ.

സമയം അഞ്ചു പത്ത്. ആശുപത്രിയുടെ മുന്‍ വശം മരുഭൂമി പോലെയുണ്ട്. ഒരു ആംബുലന്‍സും ഒന്നോ രണ്ടോ കാറുകളും മാത്രം. ഞായറാഴ്ചയുടെ മാന്ദ്യം. പോരായെങ്കില്‍ ബന്ദും. ഗേറ്റിനു എതിരെയുള്ള ചായ മാത്രം വില്‍ക്കുന്ന കടയോ ഫോണ്‍ ബൂത്തു പോലുമോ തുറന്നിട്ടില്ല. സുഹൃത്തിന്‍റെ വീടു വരെ എങ്ങനെ പോകും? ഇപ്പോഴും നേരം ശരിക്കും വെളുത്തിട്ടില്ല. റോഡ് വിജനമാണ്. ചുറ്റുപാടുള്ള വീടുകളിലൊന്നും ആളുകള്‍ എണീറ്റു തുടങ്ങിയിട്ടില്ല. നടക്കാം; ബന്ദു ദിവസം ഓട്ടൊ കിട്ടില്ലല്ലോ.

പക്ഷെ തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആശുപത്രി ഗേറ്റിനോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്‍റില്‍ ഒരു ഓട്ടോ കിടക്കുന്നു. ഒരേയൊരു ഓട്ടോ. അതും ഇന്ന് ബന്ദു ദിവസം. അതു വെറുതെ പാര്‍ക്കു ചെയ്തിട്ടിരിക്കുകയാണോ?

ഞാന്‍ അടുത്തേക്കു ചെന്നപ്പോള്‍ എന്നെ കാത്തു നിന്നിട്ടെന്ന പോലെ ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തു. സുഹൃത്തിന്‍റെ വീട്ടിലേക്ക് ഇതില്‍... പക്ഷേ ഇന്നു ബന്ദായിട്ടും ഇയൊരു ഓട്ടോ..

പെട്ടെന്ന് എന്‍റെ മനസ് ഒന്നു കിടുങ്ങി. ഞാന്‍ ഓട്ടോയില്‍ കയറുന്നതിനു പകരം ഡ്രൈവറുടെ അടുത്തേക്കു ചെന്ന് തലേന്നു രാത്രി അഛനെ ടോയ് ലറ്റില്‍ കൊണ്ടു പോവാനാവാതെ കഷ്ടപ്പെട്ടതും മറ്റും ഒന്നോ രണ്ടോ വാചകത്തില്‍ അയാളോടൂ പറഞ്ഞു. '..ഒന്നു സഹായിക്കാമോ?' എന്നോ മറ്റൊ ആണു ഞാന്‍ ഒടുവില്‍ ചോദിച്ചത്. എങ്ങനെ അന്ന് അപ്രകാരം ചോദിച്ചുവെന്നോ, എന്തൊക്കെ പറഞ്ഞുവെന്നോ എനിക്കറിയീല്ല.

അയാള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് പുറത്തിറങ്ങി. ആറടിയിലധികം ഉയരം. തല മൊട്ടയടിച്ചിട്ട് പല നിറത്തിലുള്ള ഹെഡ് ബാന്‍ഡ് ധരിച്ചിരിക്കുന്നു. മുഖത്ത് മുറിപ്പാട്. ഓട്ടോക്കാരുടെ ഉടുപ്പല്ല, സാധാരണയിലും നീളമുള്ള കാക്കി കോട്ട്. പഴയ ഒരു ജീന്‍സ്. മുഖത്ത് ഒരു ഭാവ ഭേദവുമില്ല. അയാള്‍ എന്നെ മറികടന്ന് ആശുപത്ര്യുടെ മുന്‍ഭാഗത്തേക്കുള്ള ലിഫ്റ്റിനു നേരെ നടന്നു. എന്നെ നോക്കിയതേയില്ല.
ഞാന്‍ ഒപ്പമെത്താന്‍ ഓടുകയായിരുന്നു. അത്ര വേഗത്തിലായിരുന്നു അയാളുടെ കാല്‍ വെയ്പുകള്‍.

അയാള്‍ അഛന്‍റെ അടുത്തേക്കു വന്ന് അഛന്‍റെ ഇടതു വശത്തു നിന്നു. ഞാന്‍ താങ്ങിയെണീപ്പിച്ചപ്പോഴേക്കും അഛന്‍ വളരെ അവശനായിരുന്നു. എന്നെക്കാള്‍ ശ്രദ്ധാപൂര്‍ വം അയാള്‍ അഛനെ ഇടതു തോളിനടിയില്‍ അയാളൂടെ തോള് വെച്ച്,അഛന്‍റെ ഉയരത്തിനനുസരിച്ച് മിക്കവാറും കുനിഞ്ഞു തന്നെ നിന്നു കൊണ്ട് താങ്ങി എണീല്പ്പിച്ചു. അഛനു വളരെ ആശ്വാസം ഉള്ളതു പോലെ തോന്നി അപ്പോള്‍. വലത്തെ കൈ അഛന്‍ എന്‍റെ തോളിലും ചുറ്റി. ഒരു ശിശുവിനെ എന്നപോലെ അയാള്‍ അഛനെ സൂക്ഷിച്ചു നടത്തി. ഉറക്കമുണരാത്ത മറ്റു രോഗികള്‍ക്കു ശല്യമോ ശബ്ദമോ ഉണ്ടാക്കാതെ അയാള്‍ അഛനെ ടോയ് ലറ്റില്‍ കൊണ്ടു വന്നു. ഒരു പുഷ്പം വെയ്ക്കുന്നതു പോലെ ടോയ് ലറ്റ് സീറ്റില്‍ ഇരുത്തി. അഛന്‍ സുഖമായി ഇരുന്നോ എന്ന് ഉറപ്പാക്കി. പിന്നെ തിരിഞ്ഞു നോക്കാതെ അതിവേഗത്തില്‍ ഇറങ്ങിപ്പോയി...

------------------------------
അയാളോട് നന്ദിയെങ്കിലും പറയാന്‍ഞാന്‍ മടങ്ങി ഓട്ടോ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അവിടം ശൂന്യമായിരുന്നു.ബന്ദു ദിനമായ അന്നു തന്നെ പല പ്രാവശ്യവും, പിന്നീട് പലപ്പോഴും ആ ഓട്ടോ സ്റ്റാന്‍റിലും ടൗണില്‍ മറ്റു പലയിടത്തും ഞാന്‍ അയാളെ കാത്തു നിന്നെങ്കിലും ഒരിക്കലും കണ്ടു മുട്ടിയില്ല.

10 comments:

ഞാന്‍ ആചാര്യന്‍ said...

ഒരിക്കലും കണ്ടു മുട്ടിയില്ല

അനില്‍@ബ്ലോഗ് // anil said...

ആകപ്പാടെ ഒരു വിഷമം.

നരിക്കുന്നൻ said...

ആചാര്യൻ ഒരുപാട് ഒരുപാട് പറയണമെന്ന് തോന്നുന്നു. പക്ഷേ കണ്ണുകൾ സജലങ്ങളാണ്. അച്ചന് എന്ത് പറ്റി? സുഖമാണോ? ഇപ്പോൾ എന്താണ് അവസ്ഥ?

ആ അജ്ഞാതൻ ആരുമാവട്ടേ.. എല്ലാ വഴികളും അടയുമ്പോൾ ദൈവം ഒരു വഴിയായി അവതരിക്കും. അതെ അയാൾ എന്തിനാണ് അവിടെ ആ ബന്ദ് ദിനത്തിൽ കാത്ത് നിന്നത്. ഒന്നും മിണ്ടാതെ എന്തിനാണ് അയാൾ എല്ലാ സഹായവും നൽകി അപ്രത്യക്ഷനായത്? എന്തൊക്കെയോതോന്നുന്നു.

താങ്കളിലെ ഒരു നല്ല മകനെ ഇവിടെ കാണുന്നു. ആചാര്യൻ എനിക്ക് അഭിനന്ദിക്കാൻ വാക്കുകളില്ല.

സസ്നേഹം
നരിക്കുന്നൻ

കാപ്പിലാന്‍ said...

ആചാര്യ ,മനസ്സില്‍ തട്ടുന്ന എഴുത്ത്.അച്ഛന് ഇപ്പോള്‍ എങ്ങനെ ? ആ ഓട്ടോയില്‍ വന്ന ആളിനെ കുറിച്ച് ഞാന്‍ ചോദിക്കുന്നില്ല.ചില സമയങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കും .

420 said...

നരിക്കുന്നന്‍ പറഞ്ഞതിനു താഴെയായി ഒരൊപ്പുകൂടി ചേര്‍ക്കുന്നു.
വേട്ടയാടുന്ന വിഷയം. ആചാര്യാ, സ്‌നേഹം.

സന്തോഷ്‌ കോറോത്ത് said...

മനസ്സില്‍ തട്ടുന്ന എഴുത്ത്...!

ഞാന്‍ ആചാര്യന്‍ said...

അനില്‍, നരിക്കുന്നന്‍, കാപ്പിലാന്‍,ഹരിപ്രസാദ്,കൊറോത്ത്.. നന്ദി..

എന്താണു പറയേണ്ടത്....ഇനിയും ഒരിക്കല്‍ എഴുതാം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായ്യിച്ചു കഴിഞ്ഞപ്പോ ഒര്രൂ നോവുമാത്രം ബാക്കി...

Jayasree Lakshmy Kumar said...

വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന വാക്യം ഓർമ്മ വന്നു. പോസ്റ്റിന്റെ നീളക്കൂടുതൽ ശ്രദ്ധിച്ചതും, അത്ര നേരം ‘വായിക്കുകയായിരുന്നു‘ എന്നു തോന്നിയതും വായനക്കു ശേഷം മാത്രം. കാണുകയായിരുന്നു എല്ലാം

മനസ്സിൽ തട്ടിയ എഴുത്ത്. നന്മകൾ നേരുന്നു, അച്ഛനും ആ അച്ഛന്റെ ഈ മകനും പിന്നെ...

ഈശ്വരാ....

മാണിക്യം said...

ഇങ്ങനെ ഒരു മകനെ കിട്ടിയ അച്ഛന്‍ ഭാഗ്യവാന്‍.
ഈശ്വരാ എന്ന് മനസ്സില്‍ തട്ടിവിളിക്കുമ്പോള്‍
ഏതുരൂപത്തില്‍ മുന്നില്‍ വരുമെന്ന് അറിയില്ല,
പക്ഷെ വന്നിരിക്കും.
ആചാര്യ വായിക്കുകയല്ലയിരുന്നു
ശരിക്കും അനുഭവിക്കുകയായിരുന്നു,
അത്രക്ക് ശക്തമായി എഴുത്ത്....
നന്മകള്‍ നേരുന്നു