Tuesday, May 18, 2010

പൂപ്പര്‍

പൂപ്പറ് ഒര്‍ലാന്‍ഡോ ബ്ലൂമിനു പകരം പല ഹോളീവുഡ് സിനിമകളിലും അഭിനയിക്കേണ്ടതായിരുന്നില്ലേ എന്ന് സംശയമുണ്ട്. ബ്ലൂമിനെക്കാള്‍, കരണ്‍ കപൂറിനെക്കാള്‍ എത്രയോ മടങ്ങു സുന്ദരന്‍. പൂപ്പറ് എന്ന പേരെങ്ങനെ കിട്ടിയെന്നാര്‍ക്കുമറിയില്ല. പൂപ്പറുടെ ചേട്ടന്റെ മകനും സ്ക്കൂളീല്‍ എന്റെ സഹബെഞ്ചനുമായ ഷൈജുക്കാനു പോലുമറിയില്ല. "അതു ചോദിച്ചാല്‍ കൊച്ചച്ഛന്‍ ചീത്ത വിളിക്കും" എന്നാണു ഷൈജുക്കാന്‍ പറഞ്ഞത്. പൂപ്പറെന്നല്ലാതെ അങ്ങോരുടെ ശരിയായ നാമവും പ്രചാരത്തിലില്ല.




സുന്ദരന്മാരില്‍ സുന്ദരനായ പൂപ്പര്‍ നാലപത്തിനാലാം വയസിലും അവിവാഹിതനായിരുന്നു. പടിഞ്ഞാറ്റു മുറി ഷാപ്പായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. "ഭാര്യ"ക്കാവശ്യമായ പണം നല്‍കാന്‍ എന്നും സന്ധ്യയോടെ പടിഞ്ഞാറ്റു മുറിയിലേക്ക് നീങ്ങാറുണ്ട്. ആ പണത്തിനു വേണ്ടി എങ്ങനെയും അധ്വാനിക്കുവാന്‍ പൂപ്പര്‍ക്കു മടിയില്ലായിരുന്നു. വെളുപ്പിനു നാലിനു തുടങ്ങുന്ന ടാപ്പിങ് മുതല്‍, കല്ലു ചുമക്കുക, തടി വെട്ടുകക, കൃഷി സ്ഥലത്തു ജോലി ചെയ്തു സഹായിക്കുക എന്നിങ്ങനെ പകലെല്ലാം പൂപ്പര്‍ ബിസിയായിരിക്കും.



അഞ്ചരക്ക് കുളിച്ച് മുടി ഒടിച്ചു ചീകി തോര്‍ത്തും തോളിലിട്ട് പടിഞ്ഞാറ്റു മുറിയിലേക്ക് പുറപ്പെടും. പിന്നെ രാത്രി പതിനൊന്നു കഴിഞ്ഞാല്‍ വലിയ പാട്ടോടും കോലാഹലത്തോടും കൂടിയാണു മടക്കം.



പഴയ നാടക ഗാനങ്ങള്‍, "നിങ്ങളാവശ്യപ്പെടാത്ത" ചലച്ചിത്ര ഗാനങ്ങള്‍ അതില്‍ തന്നെ സ്ഥിരമായി ചക്രവര്‍ത്തിനീ..., മനസിലാക്കാന്‍ പറ്റാത്ത ഏതോ ഒരു ഹിന്ദിപ്പാട്ട്, കൂടാതെ റോഡിനു ഇരു പുറവുമുള്ള വീട്ടുകാരെ കളിയാക്കിയുള്ള പാട്ടുകളും ഉണ്ടാകും. ഓരോ വീടുകളുടെയും മത പ്ശ്ചാത്തലം അനുസരിച്ച് അതതു പടി വാതിലില്‍ ഏതാനും മിനിറ്റുകള്‍ ഉത്സവം, പെരുന്നാള്‍ ഒക്കെ ഉണ്ടായിരിക്കും. അതിനിടെ തെറിപ്പാട്ടുകള്‍ പാടും എന്നാല്‍ അത് ആത്മീയ ചുവയോടെയും ട്യൂണീലുമായിരിക്കുമെന്നതിനാല്‍ വളരെ കാതു കൂര്‍പ്പിച്ചാലേ ലക്ഷ്യം മനസിലാവൂ. ഇത് കൊണ്ടാടുന്നതെല്ലാം പൂപ്പര്‍ തനിച്ചായിരിക്കുകയുമില്ല. ഷാപ്പില്‍ നിന്നു രാത്രിയില്‍ സ്ഥിരം യാത്രികരായ നാട്ടിലെ പ്രഫഷനല്‍ കുടിയന്‍ ഇതാക്ക് (ഇതാക്കാണ് കുടി മൂത്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഇലക്സ്ട്രിക് പോസ്റ്റുമായി വഴക്കുണ്ടാക്കി പോസ്റ്റില്‍ തൊഴിച്ച് കാലൊടിഞ്ഞയാള്‍), അല്ലെങ്കില്‍ പടിഞ്ഞാറ്റു മുറിയില്‍ നിന്നു കുടിക്കാന്‍ മാത്രമായി പണ്ട് കുവൈറ്റിലെ ജോലി വലിച്ചെറിഞ്ഞ ധീരനായ തോമയോ ഒപ്പമുണ്ടാകും. ഇതു നാട്ടുകാര്‍ പുലര്‍ച്ചക്കോഴി കൂവുന്നു എന്ന പോലെ ഒരു നിത്യാനുഭവമായി കണക്കാക്കി യാതൊരു എതിര്‍പ്പും കൂടാതെ കാലം കഴിച്ചു പോന്നു.



പൂപ്പറൊക്കെ പോയെങ്കില്‍ ഗേറ്റടച്ചേക്കൂ എന്ന് മുത്തഛന്‍മാരും , പൂപ്പറു പോയെടീ കോഴിക്കൂട് നോക്കി അടുക്കളക്കതകടക്ക് എന്ന് മുത്തശ്ശിമാരും. പൂപ്പറുടെയും കൂട്ടരുടെയും വരവില്‍ പ്രതിഷേധിച്ച് കുരച്ച് ബഹളമുണ്ടാക്കുന്ന നായ്ക്കള്‍ക്ക് ഒരു മണിക്കൂര്‍ കൂടി കുരക്കാനുമെല്ലാം നിത്യവും രാത്രി കഴിഞ്ഞിരുന്നു. ഒന്നു രണ്ട് തവണ പോലീസ് ജീപ്പ് പൂപ്പറെയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും നാട്ടാര്‍ക്കു മറ്റുശല്യമൊന്നുമില്ലാത്തതിനാല്‍ പൂപ്പറില്ലാത്ത രാത്രികള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.



കുഞ്ഞാപ്പന്റെ മകന്‍ പട്ട എന്ന ചാരായം വാറ്റ് തുടങ്ങിയതോടെ പൂപ്പറും സംഘവും ഷാപ്പില്‍ നിന്ന് അങ്ങോട്ട് മാറി. ഇതോടെ പാട്ട് വളരെ വര്‍ധിക്കുകയും ഓരോ പോയിന്റും കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരിക എന്നും ആയിത്തുടങ്ങി.



ആയിടെക്ക് പൂപ്പര്‍ ടാപ്പിങ് ചെയ്തിരുന്ന റബര്‍ തോട്ടം വേനലില്‍ ടാപ്പിങ് നിര്‍ത്തി വെച്ചു. സ്ഥിര വരുമാനത്തില്‍ ഇടിവു വന്നത് അഭിമാനിയായ പൂപ്പറെ നോവിച്ചു. തോമ ഓഫറു ചെയ്തത് ആദ്യം സ്വീകരിച്ചെങ്കിലും ആ ദിനങ്ങളില്‍ പാട്ടിനുഷാറുണ്ടായില്ല.

അന്ന് പൂപ്പര്‍ അധികം ചാരായം കുടിച്ചില്ല. ഇതാക്കായിരുന്നു ഒപ്പം. അയാളുടെ കയ്യില്‍ അധികം പണമുണ്ടായിരുന്നുമില്ല.



ഗവണ്മെന്റ് സ്ക്കൂളിനു മുന്‍പിലൂടെ ഇതാക്ക് ഉച്ചത്തില്‍ പാട്ടു പാടിയും പൂപ്പര്‍ അനുഗമിച്ചും അവരങ്ങനെ പോവുകയായിരുന്നു. എതിരെ ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ പൂപ്പര്‍ നിന്നു. അതറിയാതെ ഇതാക്ക് പാട്ടുമായി നീങ്ങി. അതൊരു അംബാസഡര്‍ കാറായിരുന്നു. വരവ് സാവധാനത്തില്‍. അടുത്തെത്തുകയും പൂപ്പര്‍ കാറിനു മുന്‍പിലേക്ക് ചാടി. വേഗത കുറവായിരുന്നതിനാല്‍ ഓടിച്ചിരുന്നയാളിനു കാര്‍ നിര്‍ത്താന്‍ കഴിഞ്ഞു. പൂപ്പറുടെ ഇടതു കാല്‍ മുന്‍ ചക്രത്തിനടിയില്‍ പെട്ടു, എന്നാല്‍ പെട്ടില്ല എന്ന സ്ഥിതി. അയ്യോ എന്നെ വണ്ടിയിടിച്ചേ, ഞാന്‍ ചത്തേ എന്നിങ്ങനെയുള്ള ഭയങ്കരം ആയ നിലവിളി രാത്രിയെ ഭേദിച്ചു കൊണ്ട് ഉയര്‍ന്നു. ഇതാക്ക് ക്രുദ്ധനായി കാറോടിച്ചയാളെ കോളറിനു പിടിച്ചിറക്കി തെറി ആരംഭിച്ചു. അയാള്‍ അല്പം ദൂരെയുള്ളയാളായിരുന്നു, തനിച്ചും. ആളുകള്‍ ഓടിക്കൂടി. കേസാക്കണം, പോലീസിനെ വിളിക്കാം എന്നിങ്ങനെ അഭിപ്രായം ഉണ്ടായി. ഒടുവില്‍ പൂപ്പറിനു പരുക്കു പറ്റിയതിനു ചികിത്സക്ക് പണം കൊടുക്കാം, കേസുണ്ടാകില്ല എന്ന ധാരണയില്‍ പിരിഞ്ഞു. പതിനായിരം രൂപാ പൂപ്പറിനു ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലു വെച്ചു കെട്ടിയാണെങ്കിലും പടിഞ്ഞാറ്റു മുറി ഷാപ്പില്‍ പൂപ്പര്‍ ഹാജരായി.



ജൂണ്‍ മാസത്തില്‍ മഴ ആരംഭിച്ച ആഴ്ചയില്‍ ഒരു രാത്രി പെരു മഴയത്ത് പൂപ്പറിനു വീണ്ടും അതേ സ്ഥലത്തു വെച്ച് കാറപകടമുണ്ടായി. അത്തവണ തോമയായിരുന്നു ഫുള്‍ഫിറ്റില്‍ കൂടെ. മഴയുടെ ബഹളത്തില്‍ പൂപ്പറുടെ നിലവിളി തോമ പോലും കേട്ടില്ല. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഒരു മണികൂര്‍ കഴിഞ്ഞാണ്‍ വഴിയാത്രക്കാരാരോ പൂപ്പര്‍ അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. സാമാന്യം നന്നായി പരിക്കേറ്റിരുന്നു.



"എടോ, ഇത്തവണ പണി പാളി" ആശുപത്രിയില്‍ കാണാനെത്തിയ ഇതാക്കിനോട് പൂപ്പര്‍ പറഞ്ഞു. പിന്നീട് പൂപ്പറിനു ഷാപ്പു വരെ നടന്നു പോകുന്നതിനോ, ജോലികള്‍ പഴയതു പോലെ ചെയ്യുന്നതിനോ അരോഗ്യമുണ്ടായില്ല. ഇതാക്കും തോമയും സാധനം എന്നും പൂപ്പറുടെ താമസ സ്ഥലത്തെത്തിക്കുകയും അവിടെ പാട്ടുകള്‍ പാടുകയും ചെയ്തു. അധികം താമസിയാതെ പൂപ്പര്‍ നാടിനോടും ഷാപ്പിനോടും കൂട്ടുകാരോടും എന്നേക്കുമായി വിടചൊല്ലി.



പൂപ്പറുടെ അസാന്നിധ്യത്തില്‍ ഇതാക്ക് പാട്ട് നിര്‍ത്തി, ഷാപ്പില്‍ നിന്നുള്ള മടക്കയാത്ര നിശബ്ദമായി ബസിലാക്കി. താന്‍ കാരണമാണു പൂപ്പര്‍ക്ക് രക്ഷപെടാനാവാതെ പോയതെന്നു സ്വയം വിശ്വസിച്ച് തോമ മറ്റൊരു വിസയില്‍ കുവൈറ്റിനും പോയി. അവരുടെ പാട്ടുകളും ബഹളവുമില്ലാതെ ഞങ്ങളുടെ രാത്രികള്‍ നാളുകളോളം നിദ്രാവിഹീനങ്ങളായി.