"അടിച്ച് നിന്‍റെ തുട പൊളിച്ചുകളയും ഞാന്‍" ചിറ്റമ്മ ചീറി. നാളെ നടത്തിക്കളയുമെന്ന് എല്ലാവരും പേടിപ്പിക്കുന്ന നിലത്തെഴുത്ത് ജീവിതത്തിലെ ഭയങ്കരമായ സംഗതിയാണെന്ന് അന്ന് അറിയില്ലായിരുന്നു. പിറ്റേന്ന് ആശാന്‍ വരും എന്നൊക്കെയേ പിടി കിട്ടിയുള്ളൂ.
ആരാണീ ആശാന്‍? വിലങ്ങന്‍ തറ ആശാന്‍. മാളോരെ മുഴുവന്‍ നാരായത്തുമ്പില്‍ പിച്ചാന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ളത് വിലങ്ങന്‍ തറക്ക് മാത്രമാകുന്നു. ചിറ്റമ്മയുടെ തയ്യല്‍ മെഷീനു പുറത്തു നിന്ന് പൂക്കള്‍ തുന്നുന്ന കുന്ത്രാണ്ടം തട്ടിത്താഴെയിട്ട് ചവിട്ടി പുറത്തേക്ക് ഓടുമ്പോള്‍ "വിലങ്ങന്‍ തറയെക്കൊണ്ട് നിന്നെ ശരിയാക്കിക്കുന്നുണ്ട്" എന്ന് ചിറ്റമ്മ വീണ്ടും പറഞ്ഞപ്പോഴും ആരാണോ ഈ വല്യ വിലങ്ങന്‍ തറ എന്നേ തോന്നിയിട്ടുള്ളൂ.
കശുമാവിന്‍ ചുവട്ടില്‍ കൂട്ടിയിരുന്ന തരിമണലില്‍ നിന്ന് ഒരു മുറം നിറയെ മണലും കോരിയെടുത്ത് അതില്‍ കണ്ട ചരലുകളും മറ്റും മുത്തശ്ശി തിരഞ്ഞൊഴിവാക്കുന്നത് കണ്ടപ്പോഴാണ് ഉള്ളീല്‍ ഒരാന്തല്‍ പാഞ്ഞു പോയത്. വിലങ്ങന്‍ തറ വരുന്നു! ലോകത്തിന് എന്തോ സംഭവിക്കാന്‍ പോകുന്നു. ഈ വിലങ്ങന്‍ തറ എങ്ങനെയിരിക്കും?
വന്നെത്തുമ്പോഴേക്കും ധൈര്യമെല്ലാം ചോര്‍ന്ന് പോയിരുന്നു. ഉള്ളില്‍ ഒരു വിറ. വിലങ്ങന്‍ തറയെ കാണാന്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ഉച്ചതിരിയും വരെ ഹാജരാകാറില്ലാത്ത മുത്ത്ഛന്‍ മുതല്‍ അയലത്തെ 'വായാടി മറിയപ്പെങ്ങള്‍' വരെ. വിലങ്ങന്‍ തറയുടെ വരവറിയിച്ച് ആളുകള്‍ നിശ്ശബ്ദരാകുന്നു. രണ്ടാം മുണ്ട് അഴിക്കുന്നു. പിന്നോട്ട് മാറി നില്‍ക്കുന്നു. പെണ്ണുങ്ങള്‍ കുശുകുശുക്കുന്നു.
മല്പ്പിടുത്തത്തിലൂടെ അമ്മാവനു കീഴടങ്ങി മുത്തഛന്‍റെ മടിയിലേക്ക്. ഹൊ, ഇതാണോ ഈ വിലങ്ങന്‍ തറ. മുഖത്ത് കണ്ട ഭാവമില്ല. ഊം എന്നു മൂളുന്നുണ്ട്, മുത്തഛന്‍റെ വര്‍ത്തമാനത്തിനെല്ലാം.
മുത്തഛന്‍റെ കൈകളില്‍ അപ്പോഴേക്കും പേടിയുടെ പശവെച്ച് ഒട്ടിച്ച് വച്ചതിനാല്‍ നശിച്ച അമ്മാവന്‍ വീണ്ടും. ഇതാ വിലങ്ങന്‍ തറയുടെ മടിയില്‍. വിലങ്ങന്‍ തറയുടെ നേര്യത് തോളില്‍ നിന്ന് താഴെവീണത് അമ്മാവന്‍ എടുത്ത് പിടിച്ചിരിക്കുന്നു. വിലങ്ങന്‍ തറ നെറ്റിയില്‍ പതിച്ചിരിക്കുന്ന ചന്ദനത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഗന്ധം. നിലവീളക്ക് കത്തുന്നു. ചുറ്റുപാടും കൂടി നില്‍ക്കുന്നവരുടെ അനങ്ങുന്ന നിഴലുകള്‍ക്കിടയില്‍ വാതില്‍ പഴുതിലൂടെ പ്രകാശം. വിലങ്ങന്‍ തറ പിറുപിറുക്കുന്നു.
വീണ്ടും അമ്മാവന്‍. കൊടുത്തു ഒരു കടി വിരലില്‍. പൊട്ടിച്ചിരിയോടെ മുത്തച്ഛന്‍ സബ്സ്റ്റീറ്റ്യൂട്ടായി ഇറങ്ങി. എങ്ങനെയോ വായ തുറപ്പിച്ച്... നാവില്‍ സ്വര്‍ണത്തിന്‍റെ അരുചി. "ഹരി ശ്രീ.."
വിരല്‍ തേഞ്ഞു പോയ പോലെയായി. വിലങ്ങന്‍ തറ വിരല്‍ പിടിച്ച് പൊടി മണലില്‍ കുരുകുരാന്ന് ഉരച്ചു. ഇതാണോ, അ, ആ...
മൂന്നാം ദിവസം തന്നെ നാരായം തുടയില്‍ ക്രൂ എന്ന് കയറിയതോടെ വിലങ്ങന്‍ തറയെ ആരും കേള്‍ക്കാതെ അറിയാവുന്ന ചീത്തകള്‍ പറയാന്‍ എളുപ്പമായി. നാരായപ്പാട് നോക്കി ഗൂഡ്ഡമായി ആനന്ദിച്ച ചിറ്റയെ ചീത്ത പറഞ്ഞ് തല്ലും വാങ്ങി, ഓലകള്‍ എടുത്ത് എറിഞ്ഞതിന് മുത്തശ്ശി ആക്രമിക്കുകയും ചെയ്തു. വിലങ്ങന്‍ തറ ഒരു സംഭവം തന്നെ. എത്ര പേരാണ് ഒപ്പം.
ഇപ്പോള്‍ ആകാശത്ത് വെള്ളി മേഘങ്ങള്‍ കണ്ടൂ തുടങ്ങുമ്പോള്‍ പേടി വരും. വിലങ്ങന്‍ തറയുടെ പാറ്റ മണമുള്ള നേര്യതുകള്‍...
ആകാശത്ത് ഇരുന്ന് ഭര്‍ത്സിക്കുന്നുണ്ടാവും, വൃത്തിയായി എഴുതെടാ ബ്ലൊഗിലെന്ന്. ഓ, പിന്നേ, ഇതൊക്കെയേ കഴിയൂ.